‘തോട്ടിപ്പണിക്കാരുടെ ജീവിതരേഖകൾ: ജാതി, ക്യാമറ, ആർക്കൈവ്’ എന്ന വിഷയത്തില്‍ എം പളനികുമാർ 15-ാമത് ബിജു. എസ് ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി സായ്നാഥിന്റെ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (PARI) എന്ന വെബ് പോർട്ടലിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറും തോട്ടിപ്പണി ചെയ്യുന്നതിനിടയിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന നിലയിൽ ദേശീയശ്രദ്ധ നേടുകയും ചെയ്ത എം പളനികുമാർ ആയിരുന്നു ഈ വര്‍ഷത്തെ മുഖ്യാതിഥി.
“തോട്ടിപ്പണി ചെയ്യുമ്പോൾ മരണപ്പെടുന്നവരുടെ ബന്ധുക്കൾ കരയുന്നത് പകർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ എനിക്ക് വേറെ സാധ്യതകളില്ല. യാഥാർത്ഥ്യത്തെ ചിത്രീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. 62 തോട്ടിപ്പണിക്കാരുടെ മരണമാണ് കഴിഞ്ഞ ഏഴു വർഷങ്ങളിലായി ഞാൻ പകർത്തിയത്. ആരെങ്കിലും ഒരാൾ തുടർച്ചയായി ഈ കാര്യങ്ങൾ പറയേണ്ടതുണ്ട്. ഫോട്ടോഗ്രഫിക്ക് ലോകത്തെ മാറ്റിമറിക്കാൻ സാധിക്കും എന്ന് ഞാൻ ഫോട്ടോഗ്രാഫി തുടങ്ങിയ കാലത്ത് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അത് സാധ്യമല്ല. ഇവിടെ നിരന്തരമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തെരുവിൽ പോരാടുകയും ചെയ്താൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഇന്ത്യയിലെ ജാതിവ്യവസ്ഥയാണ് ഇതിന് കാരണം. ഒരു മരണവാർത്ത കൈകാര്യം ചെയ്യുമ്പോൾ ഇതെന്റെ അച്ഛനാണ്, അമ്മയാണ് എന്ന് കരുതിയാണ് ഞാൻ ചെയ്യുന്നത്. ഈ കരച്ചിലുകൾ ഒരു ദിവസം അവസാനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാലാണ് നിരന്തരം ഈ ജോലി തുടരുന്നത്.” പളനികുമാർ പറഞ്ഞു.
“സുധാരക് ഓൾവെ എന്ന മുതിർന്ന ഫോട്ടോഗ്രാഫർ 25 വർഷമായി ബോംബെയിൽ നിന്നും തോട്ടിപ്പണി ചെയ്യുന്നവരുടെ ഫോട്ടോകൾ പകർത്തുന്നുണ്ട്. ഞങ്ങൾ രണ്ട് പേരുടെയും ഫോട്ടോകൾ ഒരു ഗ്യാലറിയിൽ പ്രദർശനത്തിന് വരുമ്പോൾ വർഷങ്ങൾക്ക് ഇപ്പുറം ഒന്നും മാറിയിട്ടില്ല എന്ന് കാണുന്നു. നമ്മുടെ കൈയിൽ ടെക്നോളജിയുണ്ട് പക്ഷെ ഈ പ്രശ്നത്തിന് പരിഹാരമില്ല.” അദ്ദേഹം സൂചിപ്പിച്ചു.
കേരളീയം ഏര്‍പ്പെടുത്തുന്ന 15-ാമത് ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് കെ.എം ആതിരയ്ക്ക് എം പളനികുമാർ കൈമാറി. ‘മനുഷ്യ-വന്യജീവി സംഘർഷം: കേരളം അന്വേഷിക്കേണ്ട പരിഹാരങ്ങൾ’ എന്നതാണ് ഈ വര്‍ഷം ഫെലോഷിപ്പിനായി നല്‍കിയ വിഷയം. 10,015 രൂപയാണ് ഫെല്ലോഷിപ്പ് തുക. കേരള പ്രസ് അക്കാദമിയിൽ മാധ്യമ പഠന വിദ്യാര്‍ത്ഥിനിയാണ് പാലക്കാട് പട്ടാമ്പി സ്വദേശിയായ കെ.എം ആതിര. കെ. രാജഗോപാല്‍ ചെയര്‍പേഴ്‌സണും (മാധ്യമപ്രവര്‍ത്തകന്‍), ഡോ. എസ്. ശങ്കര്‍ (പരിസ്ഥിതി ശാസ്ത്രജ്ഞന്‍), സി.ആര്‍. നീലകണ്ഠന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), എസ്. ഉഷ (ഡയറക്ടര്‍, തണല്‍, തിരുവനന്തപുരം) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ആതിരയെ ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തത്. പ്ലാച്ചിമട സമര സമിതി പ്രതിനിധികളായ എം തങ്കവേൽ, കന്നിയമ്മ എന്നിവർ ആശംസ പ്രസംഗം നടത്തി.