ജീവിതം എന്നും ചെല്ലാനം സ്വദേശി ഫിലോമിനക്ക് ഒഴുക്കിനെതിരെ ഉള്ള തുഴച്ചിലാണ്. ദുരിതവും ദാരിദ്ര്യവുമല്ലാതെ മറ്റൊന്നും സ്വരുക്കൂട്ടാനില്ലെങ്കിലും അതിജീവനമാണ് നാലര പതിറ്റാണ്ട് കാലം ചെല്ലാനം അവരെ പഠിപ്പിച്ചത്. കടലിന്റെ കലി ഒരുപാട് കണ്ട ആ എഴുപത്തിരണ്ടുകാരിക്ക് പക്ഷെ 2017 ഡിസംബർ ഒന്നിലെ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല. “നാല് വീടുകൾ കടൽ കൊണ്ടുപോവുന്നത് കണ്ടാണ് ഇവിടെ വരെ എത്തിയത്. പക്ഷെ ഓഖിയെ പോലെ മറ്റൊന്നും എന്നെ ഇത്രയും ഭയപ്പെടുത്തിയിട്ടില്ല. കടൽ വന്ന് കേറുമ്പോ വീട്ടിൽ ഞാനും മൂന്ന് കുട്ടികളും മാത്രം. ഇവിടെല്ലാരും ഉറങ്ങുകയായിരുന്നു. കടൽ കയറിയത് ആരും അറിഞ്ഞില്ലായിരുന്നു. പായലും, ചെളിയും, വെള്ളവും കുത്തിയൊലിക്കുന്നതിനിടയിൽ ഞാൻ അവരേം കൊണ്ടോടി. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാവുമോ എന്നുപോലും ഉറപ്പില്ല.” ഫിലോമിന പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട കഥയല്ല. ഓരോ മഴക്കാലത്തും വാർത്തകളിൽ ചെല്ലാനത്തെ ഓരോ നിവാസിയും കടന്നുപോയ ജീവിതങ്ങളാണ്. “തീരെ അപ്രതീക്ഷിതമായാണ് ഓഖിയെത്തിയത്. ഉടുതുണി ഒഴിച്ച് ഒരു ജീവിതകാലത്തെ സമ്പാദ്യമെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടു.” ചെല്ലാനം ബസാർ സ്വദേശി സോളി ആ രാത്രി ഓർത്തെടുത്തു. രണ്ടു വർഷം മുമ്പടിച്ച ടൗട്ടേ ചുഴലിക്കാറ്റും സമാനമായ നാശനഷ്ടങ്ങളാണ് ചെല്ലാനം കടൽതീരത്ത് ഉണ്ടാക്കിയത്. “കോവിഡിനിടയിൽ എത്തിയ ചുഴലിക്കാറ്റിൽ എല്ലാരും വലഞ്ഞു. എല്ലാം നഷ്ടപ്പെട്ടതിന് പുറമെ കോവിഡ് വരുമോ എന്നുള്ള പേടി വേറെ. ദുരിതാശ്വാസ ക്യാമ്പിലെ ജീവിതവും ദുരിത പൂർണമായിരുന്നു.” സോളി പറഞ്ഞു.
നഷ്ടത്തേക്കാൾ ചെല്ലാനംകാരെ വലയ്ക്കുന്നത് ഓരോ തവണയും വേണ്ടിവരുന്ന വീണ്ടെടുപ്പാണ്. “എല്ലാ കടൽക്കയറ്റവും വീടുകളിൽ ചളിയും, ഇഴജന്തുക്കളും കൊണ്ട് നിറയ്ക്കും. അതെല്ലാം ഒന്ന് കഴുകി വൃത്തിയാക്കി എടുക്കാൻ ചുരുക്കം ഒന്ന് രണ്ടു മാസം എടുക്കും. നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടും വാങ്ങാനുള്ള ചിലവ് വേറെ.” സന്നദ്ധ സംഘടന പ്രവർത്തകയും സിപിഎം അംഗവുമായ ടി.വി അനിത സാക്ഷ്യപെടുത്തുന്നു.
മണൽ ഖനനവും അശാസ്ത്രീയമായ നിർമ്മാണങ്ങളും
17.5 കിലോമീറ്ററോളം വരുന്ന ചെല്ലാനം കടൽത്തീരം മണാശ്ശേരിയിൽ നിന്ന് സെന്റ് ജോർജ്സ് പള്ളി വരെ നീണ്ടു കിടക്കുന്നു. കേരളത്തിൽ ഏറ്റവുമധികം തീരശോഷണം നേരിടുന്ന കടലോരങ്ങളിൽ ഒന്ന്. മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയുടെ (കുഫോസ്) പഠനമനുസരിച്ച് ചെറിയകടവ്, കമ്പനിപ്പടി, കണ്ണമാലി, പുത്തൻതോട് , വേളാങ്കണ്ണി, ബസാർ, ചാളക്കടവ്, മാലാഖപ്പടി എന്നിവ ഗുരുതരമായി തീരശോഷണം ബാധിക്കാറുള്ള ചെല്ലാനം പ്രദേശങ്ങളാണ്.
കൊച്ചി പ്രദേശത്തെ അറബിക്കടലിന്റെ നിലവിലുള്ള സമുദ്രജല ചലനങ്ങളുടെ പ്രത്യേക സ്വഭാവമാണ് ചെല്ലാനത്തെ തീരശോഷണത്തിന് കാരണം എന്ന് കുഫോസിന്റെ പഠനം സൂചിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന് സമർപ്പിച്ച കുഫോസിന്റെ ഇടക്കാല പഠനത്തിൽ പറയുന്നത് കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ മണൽ ഖനനം തീരശോഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ്. കൂടാതെ ഖനന മാലിന്യങ്ങൾ കടലിൽ നിക്ഷേപിക്കുന്നത് കടൽക്ഷോഭം തീവ്രമാക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
“പഠനത്തിന്റെ ഭാഗമായി സംസാരിച്ച മത്സ്യത്തൊഴിലാളികൾ പറയുന്നത് ഈ തീരശോഷണം മനുഷ്യനിർമ്മിതമാണെന്നാണ്. തുറമുഖം നിർമ്മാണം അവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇത് ശാസ്ത്രിയമായി ശരിയാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. കുഫോസ് പഠനത്തിൽ തീരസംരക്ഷണം കൂടാതെ കൃഷി, ആരോഗ്യം, വെള്ളം, വൈദ്യുതി ഉൾപടെ ചെല്ലാനത്തിന്റെ സമഗ്രമായ വികസനത്തിനുള്ള ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.” കുഫോസ് പഠനത്തിന്റെ ഭാഗമായിരുന്ന പ്രൊഫ. ഡേയ്‌സി സി കാപ്പൻ പറയുന്നു.
വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിന്റെ നിർമ്മാണ രീതിക്കെതിരെയും പ്രദേശവാസികൾ വിരൽ ചൂണ്ടുന്നുണ്ട്. വെസ്റ്റ് കൊച്ചി കോസ്റ്റ് പ്രൊട്ടക്ഷൻ കമ്മിറ്റി കൺവീനർ ടി.എ ഡാൽഫിൻ പറയുന്നത് ടെർമിനലിന്റെ അശാസ്ത്രീയമായ നിർമ്മാണരീതികളാണ് ചെല്ലാനത്തെ ഇന്നത്തെ അവസ്ഥക്ക് മുഖ്യ കാരണം എന്നാണ്.
പോർട്ട് ട്രസ്റ്റിന്റെ ആഴംകൂട്ടൽ
ചെല്ലാനത്തെ തീരശോഷണത്തിനെതിരെ നാളുകളായി സമരം ചെയ്യുന്ന ചെല്ലാനം ജനകീയവേദി അഭിപ്രായപ്പെടുന്നത് ചെല്ലാനം-കൊച്ചി തീരത്തെ തീരശോഷണത്തിന്റെ ഉത്തരവാദി കൊച്ചിൻ പോർട്ട് ആണെന്നാണ്. “1928ൽ ആണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് പ്രവർത്തനം തുടങ്ങുന്നത്. അന്ന് കപ്പൽ ചാലിന്റെ (ഷിപ്പിംഗ് ചാനലിന്റെ) ആഴം 3 മുതൽ 5 മീറ്റർ വരെ ആയിരുന്നു. എന്നാൽ ഇന്നതിന്റെ ആഴം 14 മുതൽ 15 മീറ്റർ വരെ ആണ്. നവംബർ 2022 ൽ കേന്ദ്ര സർക്കാർ ഇതിന്റെ ആഴം 16 മീറ്ററോളം കൂട്ടാൻ 380 കോടി നീക്കിവച്ചു. ആഴം കൂട്ടുവോളം, കടൽത്തീരത്തെ മണ്ണൊലിക്കുന്നതിന് ആനുപാതികമായ ശക്തിയുള്ള തിരമാല കരയിൽ വന്നടിക്കും.” ചെല്ലാനം ജനകീയവേദി കൺവീനർ വി.ടി സെബാസ്റ്റ്യൻ വിശദീകരിക്കുന്നു.
പ്രതിരോധങ്ങൾ പലവിധം
ചാക്കുകളിൽ മണൽ നിറച്ച് താൽക്കാലിക കടൽഭിത്തി ഉണ്ടാക്കിയാണ് ഇതുവരെ ഇവിടുള്ളവർ കടലാക്രമണങ്ങളെ നേരിട്ടത്. തീവ്രത കൂടിവരുന്ന കടൽക്ഷോഭത്തിനെതിരെ അതൊരിക്കലും ഫലപ്രദമായിരുന്നില്ല. കുഫോസ് പഠനം ബീച്ചിന്റെ പോഷണം കൂട്ടാൻ വേണ്ടി ഹോളണ്ടിലേത് പോലെ മണൽ ഭിത്തികൊണ്ട് തീരം ശക്തിപ്പെടുത്താനും കണ്ടൽക്കാടിന്റെ ജൈവ കവചം തീർക്കാനും നിർദേശിച്ചിരുന്നു.
ഓഖിക്ക് ശേഷം, 2019 ൽ സംസ്ഥാന സർക്കാർ ജിയോട്യൂബ് കടൽഭിത്തി നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങി. പക്ഷേ മണൽക്ഷാമം അടക്കമുള്ള പല കാരണങ്ങളാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ജിയോട്യൂബുകളിൽ നിറയ്ക്കാനുള്ള മണൽ കടലോരത്ത് നിന്നുതന്നെയായിരുന്നു ശേഖരിച്ചിരുന്നത്. “പദ്ധതിയുടെ തുടക്കം മുതലേ തടസ്സങ്ങളായിരുന്നു. ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാർ ശ്രമമായിരുന്നു അത്. ജിയോട്യൂബുകൾക്കു ചെല്ലാനത്തെ ശക്തിയുള്ള തിരമാലകളെ പ്രതിരോധിക്കാൻ കഴിയുമായിരുന്നില്ല. ക്രമേണ ട്യൂബ് കടൽ വെള്ളത്തിൽ ഒലിച്ചുപോവുന്ന സ്ഥിതിയായി. കൂടാതെ, ഒരുപാട് നേരം സൂര്യപ്രകാശവും വെള്ളവും കൊണ്ടാൽ അവ നാശമാകുമെന്നും പിന്നീട് അറിഞ്ഞു.” പ്രദേശവാസിയായ നെൽസൻ പറഞ്ഞു. പ്രശ്നത്തിൽ സർക്കാർ കാണിച്ച അനാസ്ഥയിൽ പ്രതിഷേധിച്ച് ചെല്ലാനം നിവാസികൾ 2020-ൽ 300 ദിവസത്തോളം നിരാഹാര സമരം നടത്തി.
ടെട്രാപോഡ് പദ്ധതി
തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം 2021 ജൂൺ 10 ന് സംസ്ഥാന സർക്കാർ ചെല്ലാനം തീരസംരക്ഷണ പദ്ധതി ആവിഷ്കരിച്ചു. പദ്ധതി പ്രകാരം 344 കോടി രൂപ മുതൽ മുടക്കി ടെട്രാപോഡ് കടൽഭിത്തി ചെല്ലാനം ഹാർബർ മുതൽ ഫോർട്ട് കൊച്ചി വരെ (17.9 കിലോമീറ്റർ) നിർമ്മിക്കാൻ തീരുമാനിച്ചു. 7.5 കി.മീ ദൂരമുള്ള ചെല്ലാനം ഹാർബർ മുതൽ പുത്തൻത്തോട് ബീച്ച് വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാവാറായി. പ്രശ്നരഹിതമായി കഴിഞ്ഞ മഴക്കാലം കടന്നുപോയതോടെ പ്രദേശവാസികൾക്കും ടെട്രാപോഡ് ശാശ്വത പരിഹാരം ആവുമെന്ന പ്രതീക്ഷയുണ്ട്.
“ഇതു വന്നതിൽ പിന്നെ മഴക്കാലത്തും പേടികൂടാതെ ഉറങ്ങാൻ പറ്റുന്ന സാഹചര്യം ആയിട്ടുണ്ട്. കുറേ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും ടെട്രാപോഡ് ഞങ്ങളുടെ എല്ലാ പ്രശനങ്ങൾക്കും പരിഹാരമാവും എന്ന് തന്നെയാണ് പ്രതീക്ഷ. ഒരുതരത്തിൽ ഇത് ചെല്ലാനത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ്.”ചെല്ലാനം നിവാസി രാജമ്മ പറയുന്നു.
ചെല്ലാനം 2022 സെപ്റ്റംബറിൽ വീണ്ടും മനുഷ്യച്ചങ്ങല തീർത്തു. ടെട്രാപോഡ് കടൽഭിത്തി ചെല്ലാനത്തെ കടൽ തീരം മുഴുവനായും നിർമ്മിക്കാൻ വേണ്ടിയായിരുന്നു ഇത്തവണത്തെ പ്രക്ഷോഭം. “ഇപ്പോഴുള്ള ടെട്രാപോഡ് കടൽഭിത്തി ഏകദേശം 7.5 കി.മീ മാത്രമേ പൂർത്തിയായിട്ടുള്ളു. ബാക്കിയുള്ള പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെ പൂർത്തിയാക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.” ഡാൽഫിൻ പറഞ്ഞു.
ചെല്ലാനം ജനകീയവേദിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ടെട്രാപോഡ് പദ്ധതിയുടെ വിസ്തൃതി കൂട്ടണം എന്നതാണ്. “ഇത് മൊത്തം തീരപ്രദേശത്തേക്കും വികസിപ്പിക്കണം. കൂടാതെ, നിശ്ചിത ദൂരത്തിൽ പുലിമുട്ടുകളും സ്ഥാപിക്കണം.” സെബാറ്റ്യൻ ആവശ്യപ്പെടുന്നു. കടൽത്തീരം സുരക്ഷിതമാകാനുള്ള ശ്രമങ്ങൾ ഒരിടത്ത് നടക്കുമ്പോൾ, പുനർഗേഹം പദ്ധതിയുടെ മറവിൽ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള സമ്മർദ്ദങ്ങളും മറുപുറത്ത് നടക്കുന്നു. “ഇതെന്തിനാണെന്നാണ് മനസിലാവാത്തത്.” സെബാസ്റ്റ്യൻ കൂട്ടിച്ചേർക്കുന്നു.
മാറിത്താമസിക്കണം എന്ന് പറഞ്ഞ് രണ്ട് മൂന്ന് തവണ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വന്നിരുന്നു എന്ന് ചെല്ലാനം കാട്ടിപ്പറമ്പ് സ്വദേശി മരിയ മൈക്കൽ പറയുന്നു. “അവർ പറയുന്നത് പുലിമുട്ടൊന്നും എല്ലായിടത്തും എത്തില്ല എന്നാണ്. ഇനി വല്ലതും സംഭവിച്ചാൽ, സർക്കാർ സഹായം ഒന്നും കിട്ടില്ല. മറിച്ച്, ഇപ്പോൾ മാറിത്താമസിക്കുകയാണെങ്കിൽ 10 ലക്ഷം എങ്കിലും കിട്ടും എന്നാണ് അവരുടെ വാദം. രണ്ടാമത്തെ തവണ അവർ വന്നപ്പോൾ സെൻസസ്സിന്റെ ഭാഗമായിട്ട് എന്നാണ് പറഞ്ഞത്. പക്ഷെ അവർ റേഷൻ കാർഡ് നമ്പറൊക്കെ ചോദിച്ചു.” പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന ഇടപെടലുകളെക്കുറിച്ച് മരിയ വിശദീകരിച്ചു.
എന്നാൽ, മാറി താമസിക്കുന്നതിനെ കുറിച്ച് മരിയക്ക് ചിന്തിക്കാൻ കൂടെ കഴിയില്ല. “എന്ത് വന്നാലും, ഞങ്ങൾ ഇവിടെ വിട്ട് എങ്ങോട്ടും പോവില്ല. ഇത് ഞങ്ങൾ ജനിച്ചുവീണ മണ്ണാണ്.” മരിയ ഉറക്കെ പറയുന്നു.
ടെട്രാപോഡ് ശാശ്വത പരിഹാരമോ?
750-800 കിലോഗ്രാം ഭാരമുള്ള കല്ലുകൾ കൊണ്ടുപോയി കടൽത്തീരത്ത് നിക്ഷേപിക്കുന്നു. അതിന്റെ മുകളിലായാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 17 മീറ്റർ നീളത്തിൽ ഏകദേശം 6 മീറ്റർ പൊക്കത്തിൽ ആണ് നിർമ്മാണം. 2.5 ടൺ മുതൽ 3.5 ടൺ വരെ ഭാരം വരുന്ന ടെട്രാപോഡുകൾ എന്ന നിർമ്മിതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ പദ്ധതി ചെല്ലാനത്ത് നടപ്പിലാക്കുന്നത്.
“സാധാരണ കല്ലുകൾക്ക് കാലക്രമേണ തേയ്മാനം സംഭവിക്കുന്നു. പക്ഷെ ഇവിടെ കല്ലും ടെട്രാപോഡും കൂടിയാകുമ്പോൾ ആ പ്രശ്നം വരുന്നില്ല. അത്രേം ഭാരമുള്ളതുകൊണ്ട് അതിനെ എടുത്ത് കളയാനുള്ള ശക്തി ഈ തിരമാലകൾക്കുണ്ടാവില്ല.” ഊരാളുങ്കൽ സൊസൈറ്റിയിലെ സേഫ്റ്റി ഓഫീസർ സുബിൻ പറയുന്നു.
ടെട്രാപോഡുകളുടെ വലിയ ഗുണമായി കണക്കാക്കുന്നത് അവ ശക്തമായി അടിക്കുന്ന തിരമാലകളുടെ ശക്തി ചിതറിപ്പിക്കും വിധം പ്രതിരോധം തീർക്കുന്നു എന്നതാണ്. അതിന്റെ ഭാരവും രൂപവും കാരണം അതിനെ പെട്ടന്നൊന്നും ഇളക്കി മറിക്കാൻ കഴിയില്ല എന്ന് പഠനങ്ങൾ പറയുന്നു. “കടൽ കയറുമ്പോൾ കല്ലിടുന്നതാണ് കേരളത്തിൽ പൊതുവേ കണ്ടു വരുന്ന ഉടനടിയുള്ള പരിഹാരം. കല്ലിട്ടു കഴിഞ്ഞ് ആദ്യത്തെ ഒരു വർഷം വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെങ്കിലും രണ്ടാമത്തെ വർഷം മുതൽ കടലേറ്റത്തിന്റെ ശക്തി കാരണം, അടിയിലെ മണ്ണൊലിച്ച് കല്ലിളകി വീടുകളിലെത്തും. പല വഴികളും പരാജയപ്പെട്ടിട്ടാണ് ടെട്രാപോഡാണ് താരതമ്യേന ഫലപ്രദം എന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.” ബ്രിങ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ പരിസ്ഥിതി സംഘടനയുടെ ഡയറക്ടറും കാലാവസ്ഥ പ്രവർത്തകനുമായ അഖിലേഷ് അനിൽ കുമാർ പറയുന്നു.
ടെട്രാപോഡുകളുടെ ആകൃതി തന്നെയാണ് അവരുടെ പ്രധാനപ്പെട്ട വിശേഷത. ത്രികോണാകൃതിയുള്ള പിരമിഡ് അഥവാ ടെട്രാഹൈഡ്രോൺ ആകൃതിയിലാണ് ടെട്രാപോഡുകൾ നിർമ്മിക്കുന്നത്. ടെട്രാപോടുകൾ പരസ്പരം ഇൻറ്റർലോക്ക് ചെയ്താണ് നിക്ഷേപിക്കുന്നത്. ഈ ഇൻറ്റർലോക്കിങ് സംവിധാനം കാരണം തിരമാലകൾക്ക് അവയെ ഇളക്കി മാറ്റാൻ കഴിയില്ല.
തീരദേശ സംരക്ഷണത്തിനുള്ള ദീർഘകാല പരിഹാരമാണ് ടെട്രാപോഡുകൾ എന്ന് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിലെ (എൻ.സി.സി.ആർ) ശാസ്ത്രജ്ഞനായ ഡോ. എം.വി രമണമൂർത്തി പറയുന്നു. “ടെട്രാപോഡുകൾ കാലങ്ങളോളം നിലനിൽക്കുന്നവയാണ്. സാധാരണയായി, ഉയർന്ന തിരമാലകൾ ഉണ്ടാകുമ്പോൾ, കടൽഭിത്തിക്ക് താഴെയുള്ള മണലിൽ തിരമാലകൾ അടിച്ചാൽ മതിൽ ചെറുതായി കുലുങ്ങും. ഇവിടെ മൊത്തത്തിലുള്ള മണൽ നിലനിർത്തുകയാണെങ്കിൽ, ടെട്രാപോഡിന് വളരെ കുറച്ച് അറ്റകുറ്റപ്പണി മാത്രമേ ആവശ്യമായി വരൂ.” ഡോ. രമണമൂർത്തി പറഞ്ഞു.
ഈ വർഷം ചെല്ലാനത്ത് 70 മുതൽ 80 ശതമാനം വരെ തിരമാലകളുണ്ടായതായി രമണമൂർത്തി ചൂണ്ടിക്കാട്ടുന്നു. “മുൻ വർഷത്തേക്കാൾ വെറും 20 ശതമാനം കുറവേ ഇത്തവണ ഉണ്ടായുള്ളൂ. കൂടാതെ മുൻപ് കടൽഭിത്തികൾക്ക് ഉയരം കുറവായിരുന്നതിനാൽ കവിഞ്ഞൊഴുകാനുള്ള സാധ്യതയും കൂടുതലായിരുന്നു. തിരമാലയുടെ തീവ്രതയും പരമാവധി ഉയരവും കണക്കാക്കിയിട്ടാണ് ടെട്രാപോഡിന്റെ ഉയരം തീരുമാനിച്ചത്. ടെട്രാപോഡുകൾ മഴക്കാലത്തെ വെള്ളപ്പൊക്കം പൂർണ്ണമായും ഒഴിവാക്കി. അടുത്ത വർഷം ഉയർന്ന തിരമാലകൾ വന്നാലും ചെല്ലാനത്തെ ബാധിക്കില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” ഡോ. മൂർത്തി ആത്മവിശ്വാസത്തോടെ പറഞ്ഞു.
മുന്നോട്ടുള്ള ജീവിതം
കടൽഭിത്തി മുഴുവൻ തീരപ്രദേശത്തേക്ക് വ്യാപിപ്പിച്ചാലും ചെല്ലാനത്ത് മത്സ്യബന്ധന ഹാർബർ ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തെ ബാധിക്കില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. “പുനർഗേഹം പോലുള്ള സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പദ്ധതികളേക്കാളും മത്സ്യത്തൊഴിലാളികൾ അവരുടെ തൊഴിൽ സംരക്ഷിക്കുന്ന തരത്തിലുള്ള ഇത്തരം പദ്ധതികളിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. സുരക്ഷ ഒരുക്കുന്നതിനൊപ്പം സ്വതന്ത്രമായി ജീവിക്കാനും ടെട്രാപോഡ് കടൽഭിത്തി അവരെ പ്രാപ്തരാക്കുന്നു.” അഖിലേഷ് പറഞ്ഞു.
2019ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുനർഗേഹം പദ്ധതി തീരപ്രദേശത്ത് നിന്നും മാറി താമസിക്കാൻ തയ്യാറാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ സഹായ ധനം നൽകുന്നു. അതിൽ 6 ലക്ഷം ഭൂമി വാങ്ങാനും 4 ലക്ഷം വീട് പണിയാനുമാണ് ചിലവഴിക്കേണ്ടത്.
“ചിലർ മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ തയ്യാറാണ്. പക്ഷെ സർക്കാർ പദ്ധതി പ്രകാരം തരുന്ന തുക അവരുടെ ജീവിതം പുനർനിർമ്മിക്കാൻ മതിയാവുന്നതല്ല. മറ്റു ചിലർ അവരുടെ തൊഴിലും ജീവിതരീതിയും തന്നെ മാറുമോ എന്ന ഭയത്തിൽ മാറി താമസിക്കാൻ വിസമ്മതിക്കുന്നു. കൂടുതൽ ചർച്ചകളിലൂടെ ഓരോ കടൽത്തീരത്തിന്റെയും സവിശേഷതകളും വെല്ലുവിളികളും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളും പരിഗണിച്ചുള്ള പരിഹാരങ്ങളാണ് സർക്കാരിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്.” അഖിലേഷ് കൂട്ടി ചേർക്കുന്നു.
അതെ, തീരത്തിന്റെ സവിശേഷതകളും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളും പരിഗണിച്ചുള്ള പരിഹാരങ്ങളാണ് ഓരോ പ്രദേശത്തും വേണ്ടതെന്ന് ചെല്ലാനത്തെ ഈ അനുഭവങ്ങൾ ഉറപ്പിക്കുന്നു.
(നിമിഷ എസ് പ്രദീപ്: മാധ്യമ പ്രവർത്തക, 2021ലെ കേരളീയം ബിജു എസ്. ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിജയി.)