ക്വാറികളെ നിയന്ത്രിക്കാനുള്ള വിദ​ഗ്ധ സമിതി റിപ്പോർട്ട് സർക്കാർ മറികടക്കുമോ?

കേരളത്തിലെ കരിങ്കൽ ക്വാറികൾ കെട്ടിടങ്ങൾക്കും താമസസ്ഥലങ്ങൾക്കും 150 മീറ്റർ അകലെ ആയിരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ (എൻ.ജി.ടി) നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുകയാണ്. 2021 ഡിസംബറിൽ നിയോഗിച്ച വിദ​ഗ്ധ സമിതിയാണ് സ്ഫോടന മേഖല (ബ്ലാസ്റ്റ് സോൺ) ജനവാസ മേഖലയിൽ നിന്നും 150 മീറ്റർ അകലെ ആയിരിക്കണം എന്ന് 2023 മാർച്ച് 7ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയത്. വിദഗ്ധ സമിതി റിപ്പോർട്ടിന്മേലുള്ള ഹിയറിം​ഗ് ഏപ്രിൽ 14 ന് ദേശീയ ഹരിത ട്രിബ്യൂണൽ നടത്താനിരിക്കെ ഈ റിപ്പോർട്ടിനെ മറികടക്കാൻ കേരള സർക്കാർ വീണ്ടും ശ്രമിക്കുമോ എന്ന ആശങ്കയിലാണ് ഖനനം സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കെതിരെ പ്രതികരിക്കുന്നവർ.

“ഈ റിപ്പോർട്ട് മറികടക്കാൻ സാധ്യത കുറവാണ്, കാരണം അത്രത്തോളം പ്രാധാന്യമുണ്ട് ഈ റിപ്പോർട്ടിന്.” വിദഗ്ധ സമിതി റിപ്പോർട്ടിനെക്കുറിച്ച് പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എം ഹരിദാസൻ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. 2019ൽ എം ഹരിദാസൻ നൽകിയ ഹർജി ഹരിത ട്രിബ്യൂണൽ പരി​ഗണിച്ചതിന്റെ തുടർച്ചയായാണ് ഈ വിദ​ഗ്ധ സമിതി രൂപീകരിക്കപ്പെട്ടത്. കിഴക്കഞ്ചേരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാറികൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹരിദാസൻ നൽകിയ ഹർജി പരിഗണിച്ച ഹരിത ട്രിബ്യൂണൽ ദൂരപരിധി ആദ്യം 200 മീറ്ററാക്കി വർധിപ്പിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് 50 മീറ്റർ ദൂരപരിധി എന്ന അപ്പോഴത്തെ സ്ഥിതി തന്നെ തുടരാൻ സുപ്രീംകോടതി അനുവദിച്ചത്. ഒപ്പം, വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിക്കാനും കോടതി നിർദേശിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം 2021 ഡിസംബറിൽ ഹരിത ട്രിബ്യൂണൽ നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി കേരളത്തിലെ ഖനന മേഖലകൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.

എം ഹരിദാസൻ

“കിഴക്കഞ്ചേരിയിലെ മലയോര മേഖലയിലാണ് നമ്മൾ താമസിക്കുന്നത്. അവിടെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കർഷകർക്കും താമസിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം ഉൾപ്പെടുത്തിയ പരാതിയാണ് 2019ൽ ഇന്ത്യൻ പ്രധാനമന്ത്രി മുതൽ പാലക്കാട് ജില്ലാ കളക്ടർ വരെയുള്ളവർക്ക് കൊടുത്തത്. അതിലൊന്ന് എൻ.ജി.ടിക്കായിരുന്നു. എൻ.ജി.ടി അത് ഹർജിയായിട്ട് പരിഗണിക്കുകയായിരുന്നു”. കേസിന്റെ നാൾ വഴികൾ ഹരിദാസൻ വിശദീകരിച്ചു. പരാതി ഹർജിയായി പരിഗണിച്ച ട്രിബ്യൂണൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടു. 50 മീറ്റർ ദൂരപരിധി തന്നെ തുടരാനായിരുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ട്രിബ്യൂണലിനെ അറയിച്ചത്. എന്നാൽ 50 മീറ്റർ പരിധി തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ട ഹരിത ട്രിബ്യൂണൽ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദൂരപരിധി കൂട്ടണം എന്ന റിപ്പോർട്ടാണ് ട്രിബ്യൂണലിന് കൈമാറിയത്. തുടർന്നാണ് ദൂരപരിധി 200 മീറ്ററാക്കിക്കൊണ്ട് 2020 ജൂലൈ 21ന് ഹരിത ട്രിബ്യൂണൽ ഉത്തരവിടുന്നത്. എന്നാൽ ഉത്തരവ് വന്നതോടെ കേരളത്തിലെ ക്വാറി ഉടമകൾക്കൊപ്പം ചേർന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. തങ്ങളെ കേൾക്കാതെയാണ് ഈ വിധി പറഞ്ഞത്, എൻ.ജി.ടിക്ക് ഇങ്ങനെയൊരു വിധി പറയാൻ അധികാരമില്ല, ഇതുപോലൊരു പരാതി കേസായി പരിഗണിക്കാൻ പോലും എൻ.ജി.ടിക്ക് അധികാരമില്ല തുടങ്ങിയ വാദങ്ങളായിരുന്നു സർക്കാർ ഹൈക്കോടതിയിൽ ഉയർ‍ത്തിയത്. ഹരിത ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി ദൂരപരിധി 50 മീറ്ററാക്കിയ സർക്കാർ തീരുമാനം അംഗീകരിച്ചു. പുതുതായി തുടങ്ങുന്ന ക്വാറികൾ, ലൈസൻസ് പുതുക്കുന്ന ക്വാറികൾ എന്നിവ 200 മീറ്റർ ദൂരപരിധി പാലിക്കണമെന്നും, 2020 ജൂലൈ 21 വരെ പ്രവർത്തിച്ച് കൊണ്ടിരുന്ന ക്വാറികൾക്ക് അവരുടെ കാലാവധി തീരുന്നത് വരെ അതേ നിലയിൽ തുടരാമെന്നും ഒരു ഇടക്കാല ഉത്തരവിട്ടു. കേസിന്റെ അന്തിമ വിധി വരുന്നത് വരെ ഈ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലാണെന്നും ഹൈക്കോടതി പറഞ്ഞു.

തുടർന്ന് സർക്കാരും ക്വാറി ഉടമകളും സുപ്രീംകോടതിയിൽ ഹർജി നൽകി. സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തുവെങ്കിലും എൻ.ജി.ടിയുടെ അധികാരത്തെ ചോദ്യം ചെയ്ത വാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകി. എൻ.ജി.ടിക്ക് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരമുണ്ടെന്നും, കത്ത്/പരാതി/പത്രവാർത്ത അടിസ്ഥാനമാക്കി എൻ.ജി.ടിക്ക് കേസെടുക്കാമെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ക്വാറി ഉ‍ടമകളുടെയും സർക്കാരിന്റെയും വാദം കേട്ടില്ല എന്ന പരാതി അംഗീകരിക്കുകയും ചെയ്തു.

“എൻ.ജി.ടി വിധി റദ്ദ് ചെയ്തുവെന്നൊരു സെന്റൻസ് കൂടി സുപ്രീംകോടതി ഓർഡറിൽ വന്നിരുന്നു. ഈ വിധി നിലവിൽ ഇല്ല എന്നുള്ളതുകൊണ്ട് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിൽ പോയി ക്വാറി ഉടമകൾ 50 മീറ്റർ പാലിക്കണം എന്ന് പറഞ്ഞൊരു കേസ് നമ്മളെ ആരേയും കക്ഷി ചേർക്കാതെ ഫയൽ ചെയ്തു. ആ കേസിന്റെ വാദത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ നിശബ്ദത പാലിച്ചു. അങ്ങനെ ക്വാറിക്കാർക്ക് അനുകൂലമായ ഒരു വിധി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് വന്നു. അതുപ്രകാരമാണ് 50 മീറ്റർ പരിധി തുടർന്ന് കൊണ്ടുപോകാൻ കേരള സർക്കാരിന് കഴിഞ്ഞത്.” ഹരിദാസൻ കേരളീയത്തോട് പറഞ്ഞു.

കാസർ​ഗോഡ് ജില്ലയിലെ പ​ര​പ്പ​യി​ലെ ക്വാ​റിയിൽ 2021ൽ നടന്ന സ്​​ഫോ​ട​നം. കടപ്പാട്:madhyamam

1967 മുതൽ സംസ്ഥാനത്ത് ക്വാറികൾക്കുള്ള ദൂരപരിധി 50 മീറ്ററായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ദൂരപരിധി 100 മീറ്ററായി വർധിപ്പിച്ചത് (കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടം 2015 പ്രകാരം). 2017ലാണ് എൽ.ഡി.എഫ് ഈ ദൂരപരിധി 50 മീറ്ററാക്കി പുനഃസ്ഥാപിച്ച് ഖനനനിയമം ഭേദഗതി ചെയ്യുന്നത്. മൂന്ന് വർഷമായിരുന്ന ക്വാറി പെർമിറ്റ് കാലാവധി അഞ്ചാക്കി വർധിപ്പിക്കുകയും ചെയ്തു.

എന്നാൽ ദൂരപരിധി വീടുകളിൽ നിന്ന് 150 മീറ്ററിൽ കുറയരുതെന്നും 300 മീറ്ററോളം ദൂരപരിധി അപകട സാധ്യതയുള്ള പ്രദേശമായി കണക്കാക്കണമെന്നുമാണ് ഇപ്പോൾ പുറത്തുവന്ന വിദ​ഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. സ്ഫോടനം നടക്കുമ്പോഴുള്ള പ്രകമ്പനം, സ്ഫോടനം മൂലമുള്ള പൊടിപടലം, ശബ്ദം, സ്ഫോടനമുണ്ടാവുമ്പോൾ പാറ കഷണങ്ങൾ തെറിച്ചുവീണുണ്ടാകുന്ന അപകട സാധ്യത എന്നിവയെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ക്രോഡീകരിച്ചാണ് വിദഗ്ധ സമിതി 1138 പേജുള്ള സമഗ്ര റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാനിധ്യത്തിൽ 2022 ആഗസ്റ്റ് 23, 24 ,25 തീയതികളിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ വെച്ച് വിദ​ഗ്ധ സമിതി തെളിവെടുപ്പ് നടത്തിയിരുന്നു. അതിൽ പരിസ്ഥിതി പ്രവർത്തകർക്കും പങ്കെടുക്കാൻ കഴിഞ്ഞു. സംഘം വിവിധ ജില്ലകളിലെ 10 ഖനന യൂണിറ്റുകൾ സന്ദർശിച്ചു. ശബ്ദം, പ്രകമ്പനം, പാെടിപടലം, ജല മലിനീകരണം മുതലായവയുടെ തോത് കണ്ടെത്തുന്നതിനാണ് സമിതി മുഖ്യമായും ശ്രമിച്ചത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈൻസ് (ധൻബാദ് ഐ.ഐ.ടി), ധൻബാദ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈൻസ് ആൻഡ് ഫ്യൂവൽ റിസർച്ച് (സി.ഐ.എം.എഫ്.ആർ), റൂർകെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റൂർകെ ഐ.ഐ.ടി, ഡെറാഡൂൺ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻ സേഫ്റ്റി, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് പഠന സംഘത്തിൽ ഉണ്ടായിരുന്നത്. സമിതി ക്വാറികളുടെ പാരിസ്ഥിതിക ആഘാതം വിശദമായി പഠിച്ചപ്പോഴാണ് പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന സ്‌ഫോടനം 300 മീറ്റർ പരിധിയിൽ ആഘാതമുണ്ടാക്കുന്നതായി കണ്ടെത്തിയത്. 2015 ൽ സംസ്ഥാനം ഖനന ചട്ടം തയ്യാറാക്കുമ്പോൾ നടത്തേണ്ട പഠനമാണ് ഏഴ് വർഷങ്ങൾക്ക് ശേഷം കോടതി ഇടപെടലിനെ തുടർന്ന് നടക്കുന്നത്. ഒരു പഠനവും നടത്താതെയാണ് സംസ്ഥാന സർക്കാർ 100 മീറ്റർ പരിധി 50 മീറ്ററാക്കി കുറച്ചത്.

ആഴത്തിലുള്ള ഖനനം. കടപ്പാട്:new​indianexpress

“ദേശീയ തലത്തിലുള്ള ഒരു വിദ്ഗ്ദ സമിതിയുടെ പഠന റിപ്പോർട്ട് വന്ന സ്ഥിതിക്ക് സ്വമേധയാ ഖനന ചട്ടം ഭേദഗതി ചെയ്യുകയെന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വം. ഒരു കോടതി വിധി വന്നാൽ അനുസരിക്കുക എന്നത് പോലെയാണ് വിദ​ഗ്ധ സമിതി റിപ്പോർട്ട് വന്നാൽ ചട്ടം ഭേദഗതി ചെയ്യുക എന്നുള്ളത്. സർക്കാർ അത് ചെയ്യാതെ മുന്നോട്ട് പോകുകയാണെങ്കിൽ സർക്കാർ ഒരു കക്ഷിയെ സഹായിക്കുന്നു എന്നാണ് അർത്ഥം. കേസില് ഒരു കക്ഷിയായി സർക്കാർ മാറുന്നു, അങ്ങനെയേ കണക്കാക്കാൻ കഴിയൂ.” ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. റോയൽറ്റി മൂന്ന് വർഷം കൂടുമ്പോൾ പരിഷ്കരിക്കാമെന്ന് 2015ലെ കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റോയൽറ്റി സർക്കാരിന് കിട്ടുന്ന ഏക വരുമാനമാണ്. കർണ്ണാടകയെയും തമിഴ്നാടിനെയും അപേക്ഷിച്ച് റോയൽറ്റി തുക പകുതിയിൽ താഴെയാണ്. 2015 ന് ശേഷം ഇതുവരെ അത് വർധിപ്പിച്ചിട്ടില്ല. 2024 വർധിപ്പിക്കാനായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടുണ്ട്. ആരെ സഹായിക്കാനാണ് ഈ ഒമ്പത് കൊല്ലം ഇത് നീട്ടികൊണ്ടുപോയതെന്നും ഹരീഷ് ചോദിക്കുന്നു. “ഇങ്ങനെ ഒരു റിപ്പോർട്ട് വന്നിട്ടും സർക്കാരിന് ഒരു നാണവും തോന്നുന്നില്ല. അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം അവർ നിർവ്വഹിക്കുന്നില്ല. അവർ അവിടെ സെക്രട്ടറിയേറ്റിലിരുന്ന് തീരുമാനിക്കേണ്ടതല്ല ദൂരപരിധി. ഇത് പഠനം നടത്തി തീരുമാനിക്കേണ്ട ഒരു സംഗതിയാണ്. പഠനം നടത്താതെ അത് ചെയ്തു എന്നതുതന്നെ അവരുടെ വലിയ വീഴ്ചയായിട്ട് സർക്കാർ ഇപ്പോഴും മനസിലാക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ഒരു മൗനം ഇതിൽ വളരെ പ്രധാനമാണ്. പ്രതിപക്ഷം ഒരക്ഷരം മിണ്ടിയിട്ടില്ല.” ഹരീഷ് വാസുദേവൻ പറഞ്ഞു.

ഹരീഷ് വാസുദേവൻ

എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അത്ര ത‍ൃപിതികരമല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകനായ ഇ.പി അനിൽ പറയുന്നത്. “മുമ്പ് 200 മീറ്റർ എന്നത് 150 ആയതെങ്ങനെ? സ്ഫോടനം നടത്തുമ്പോഴുള്ള കല്ല് 25 മീറ്ററിനപ്പുറത്തേക്ക് വീഴില്ല എന്ന് എങ്ങനെ പറയുന്നു? വിദ​ഗ്ധ സമിതി നടത്തിയ പരീക്ഷണ സ്ഫോടനം സ്വകാര്യ ക്വാറികൾ‌ സ്ഫോടനത്തിനായി ഉപയോഗിക്കുന്ന രാസ വസ്തുക്കൾ ഉപയോഗിച്ചല്ല. വിദ​ഗ്ധ സമിതിക്ക് ശാസ്ത്രീയമായല്ലേ ചെയ്യാൻ പറ്റൂ. അനുമതിയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് അവർ സ്ഫോടനം നടത്തിയത്. എന്നാൽ സ്വകാര്യ ക്വാറികൾ‌ സ്ഫോടനം നടത്തുമ്പോൾ കല്ല് 200-300 മീറ്ററിന് അപ്പുറം പോകും. ക്വാറിക്കാർ സ്ഫോടനത്തിനായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായ വസ്തുക്കളാണ്.” അനിൽ ആരോപിക്കുന്നു.

ഇ.പി അനിൽ

“അപ്രതീക്ഷിതമായി പരിശോധന നടത്തണമായിരുന്നു. സ്ഫോടന സമയത്ത് നടക്കുന്ന നിയമ ലംഘനങ്ങളെ പറ്റി പഠനങ്ങളോ അന്വേഷണമോ നടന്നില്ല. ഇതൊക്കെ റിപ്പോർട്ടിന്റെ പോരായ്മയാണ്. എന്നാൽ 150 എന്ന ദൂരപരിധിയെ കുറച്ച് കാണുന്നില്ല. ഇത് ജനകീയമായ പഠനമല്ല. ഇക്കാര്യത്തിലെ കേരള നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോർട്ട് (https://niyamasabha.nic.in/images/KLA14_Evnt_19-04-07-2019.pdf) എന്തുകൊണ്ട് പരിഗണിച്ചില്ല?” അനിൽ ചോദിക്കുന്നു. ക്വാറികൾ സർക്കാർ ഏറ്റെടുത്ത് സൂപ്പർ ക്വാറിയിങ്ങിലേക്ക് മാറണം. വളരെ ഉൾപ്രദേശങ്ങളിൽ പാരിസ്ഥിക ആഘാതം കുറവുള്ള സ്ഥലത്ത് നിയന്ത്രിത സ്ഫോടനം വഴി സർക്കാർ ക്വാറി മേഖല കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും അനിൽ കേരളീയത്തോട് പറഞ്ഞു.

സമിതി നിർദ്ദേശങ്ങൾ

1. ക്വാറികളിലെ സ്ഫോടന മേഖല (ബ്ലാസ്റ്റ് സോൺ) വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും 150 മീറ്റർ അകലെയായിരിക്കണം. (ഉടമയുടെ കെട്ടിടങ്ങളാണെങ്കിൽ ഇളവുണ്ട്).

2. ക്വാറിക്കു ചുറ്റുമുള്ള അപകടമേഖലാപരിധി 300 മീറ്ററായി തുടരും.

3. സ്ഫോടനങ്ങൾ ശാസ്ത്രീയമാക്കാൻ മൈനിങ് എൻജിനീയർമാരുടെ സേവനം ഉടമ ഉറപ്പാക്കണം.

4. ഖനന നിയന്ത്രണ അധികാരികൾ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണം.

ഇതാണ് വിദ​ഗ്ധ സമിതി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ. ദേശീയ ഹരിത ട്രിബ്യൂണൽ ഈ കേസ് പരി​ഗണിച്ച കാലം മുതലുള്ള അനുഭവം പരിശോധിച്ചാൽ കേരള സർക്കാർ ​ദൂരപരിധി കൂട്ടാനുള്ള തീരുമാനത്തെ ഏതുവിധത്തിലും മറികടക്കാൻ ശ്രമിക്കും എന്ന് ഉറപ്പാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടി ഖനന മേഖലയിൽ കോടതി നടപ്പിലാക്കാൻ പറഞ്ഞ നിയന്ത്രണങ്ങളെയെല്ലാം സർക്കാർ മറികടക്കുകയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് വിദ​ഗ്ധ സമിതി റിപ്പോർട്ടിന്റെ ഭാവിയും എന്താകുമെന്ന് ഇപ്പോൾ ഉറപ്പില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read