കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമ്മിച്ച ഡിവോഴ്സ് എന്ന സിനിമയുടെ സംവിധായിക മിനി ഐ.ജി സംസാരിക്കുന്നു.
ഒരു കുടുംബ കോടതിയിൽ സമാന്തരമായി കടന്നു പോകുന്ന ആറു സ്ത്രീകളുടെ കഥകളാണല്ലോ സിനിമയുടെ പ്രമേയം. ഇങ്ങനെയൊരു ആഖ്യാന ഘടന സ്വീകരിക്കുവാനുള്ള പ്രേരണയെന്താണ് ? പല സാമൂഹികാവസ്ഥകളിലും മാനസികാവസ്ഥകളിലും മുന്നോട്ടുപോകുന്ന ഈ വ്യത്യസ്ത കഥാപാത്രങ്ങളെ ആഖ്യാനത്തിൽ ഒന്നിച്ചുകൊണ്ടുപോയ എഴുത്ത് എത്രമാത്രം ശ്രമകരമായിരുന്നു ?
ഡിവോർസ് വിഷയമായി വരുമ്പോൾ അതിന്റെ പശ്ചാത്തലം കുടുംബ കോടതിയാകുമ്പോൾ തന്നെയും പലതരം ആളുകളുടെ വ്യത്യസ്ത സാഹചര്യങ്ങളാണ് എന്നെ ആകർഷിച്ചിട്ടുള്ളത്. രണ്ട് മണിക്കൂറിനുള്ളിൽ ഈ വിഷയത്തിൽ നമുക്ക് പലരെ കുറിച്ചും പറയാമെന്നിരിക്കെ ഒരാളെ കുറിച്ച് മാത്രം പറഞ്ഞ് അവരുടെ ഇമോഷൻസിൽ മുഴുകിപ്പോകേണ്ടതില്ല എന്ന് എനിക്കു തോന്നി. പലതരം സ്ത്രീകളാണ് ഈ ഒരു ചങ്ങലയിൽ കിടന്ന് വീർപ്പുമുട്ടുന്നത്. അത്തരത്തിൽ പലതരം വ്യക്തികളെ കൊണ്ടുവരിക എന്നത് ശ്രമകരം തന്നെയായിരുന്നു.
എന്നാൽ എഴുത്ത്, പ്രതേകിച്ച് തിരക്കഥ എനിക്ക് എളുപ്പത്തിൽ സംഭവിക്കാറുള്ളതാണ്. പലയാളുകളും എന്നോട് കഥകൾ പറയാറുണ്ട്. ഓരോരുത്തർക്കും ഓരോ രീതികളാണ്. ചിലയാളുകൾ കഥയായിട്ട് ടോട്ടാലിറ്റിയിൽ എഴുതിയിട്ടാണ് സ്ക്രിപ്റ്റ് ചെയ്യാറുള്ളത്. എനിക്കെന്തോ സീനുകളായിട്ട് തിരക്കഥ എന്റെ മനസ്സിൽ രൂപപ്പെടാറാണ്. എഴുത്തിനേക്കാൾ എനിക്ക് ചാലഞ്ചിങ് ആയിട്ടുള്ളത് അതെങ്ങനെ ചിത്രീകരിക്കും എന്നുള്ളതാണ്.
കുടുംബം എന്ന സംവിധാനം അതിന്റെ അനിവാര്യമായ തകർച്ചയെ നേരിടുന്നതിന്റെ പരിണാമഘട്ടത്തെയാണോ ഡിവോഴ്സ് എന്ന സിനിമ അടയാളപ്പെടുത്തുന്നത് ? പുരുഷാധിപത്യം നിലനിൽക്കുന്ന സാമൂഹത്തിന്റെ ഘടന എന്ന നിലയ്ക്ക് കുടുംബം എന്ന സംവിധാനത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നില്ലെ സിനിമയിലെ സ്ത്രീകളുടെ തിരിച്ചറിവുകൾ ?
കുടുംബത്തിന്റെ നിലനിൽപ്പിനെയല്ല ചോദ്യം ചെയ്യുന്നത്. ആ സംവിധാനത്തിൽ നിലനിൽക്കുന്ന പരിമിതികൾ അല്ലെങ്കിൽ ജനാധിപത്യമില്ലായ്മയെയാണ് അഭിമുഖീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്. കാരണം പുതിയ തലമുറയിൽ പോലും നമുക്ക് ഒരു അൾട്ടർനേറ്റീവ് സാധ്യമായിട്ടുണ്ടോ ? ലിവിങ് ടുഗതർ പോലും ക്രമേണ കുടുംബത്തിന്റെ സ്ട്രെക്ച്ചറിലേക്കു മാറുകയാണ് ചെയ്യുന്നത്. അതിനാൽ ഈ സംവിധാനത്തിലെ പോരയാമകൾ, അതിൽ സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളും അവരുടെ പോരാട്ടങ്ങളുമാണ് ഡിവോർസ് എന്ന സിനിമ.
ഈ ആധിപത്യങ്ങളെ തിരിച്ചറിയുന്നതും ചോദ്യം ചെയ്യുന്നതും പതിയെയുള്ള ഒരു പ്രോസസ് ആയിരിക്കും. നിലനിൽക്കുന്ന ഒരു വ്യവസ്ഥയോടുള്ള പോരാട്ടവും അതിലൂടെയുണ്ടാകുന്ന മാറ്റവും വളരെ പതിയെ സംഭവിക്കുന്ന ഒന്നാണ്. നിലനിൽക്കുന്ന ഒന്നിനെയാണ് നമുക്ക് അഭിമുഖീകരിക്കാനും ചിത്രീകരിക്കുവാനും കഴിയുകയുള്ളൂ. ഒരു ബദൽ ഇപ്പോഴും മുന്നോട്ടുവെക്കാനാവുന്നുമില്ല. അതെന്താണെന്ന് അറിയുന്നില്ല, അതിനിയും കണ്ടെത്തേണ്ടതാണ്.
വ്യക്തിസ്വാതന്ത്രത്തിന്റെ വളർച്ചയാണ് വിവാഹമോചനങ്ങളുടെ വർദ്ധനവിന് കാരണമായി തീരുന്നത് എന്ന വിലയിരുത്തൽ സിനിമയിൽ കാണാം. എന്നാൽ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾക്ക് പൂർണ്ണമായും വ്യക്തിജീവിതം സാധ്യമായിട്ടുണ്ടോ ?
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ നഗരങ്ങളിൽ പോലും സ്ത്രീകൾക്ക് വ്യക്തിജീവിതം സാധ്യമായിട്ടില്ല. അത് തിരിച്ചറിയുമ്പോഴും എത്തിപ്പിടിക്കാൻ ആവാത്തതിന്റെ ഒരു സംഘട്ടനത്തിലൂടെയാണ് സ്ത്രീസമൂഹം കടന്നുപോവുന്നത്. പെൺകുട്ടികളായാലും യുവതികളായാലും ചിന്താശേഷിയുള്ള സ്ത്രീസമൂഹം അതിഭീകരമായ ഡിലെമയിലൂടെയാണ് കടന്നുപോവുന്നത്. ഇതിനെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് ? ഇതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് ? എത്രത്തോളം പോരാടാനാവും ? എത്രത്തോളം തുറന്നു പറയാനാവും ? എത്രത്തോളം ആളുകൾ അതിനു ചെവി തരും ? നമ്മുടെ വ്യക്തിജീവിതവും, നമ്മുടെ സ്വതന്ത്ര്യവും, നമ്മുടെ താത്പര്യങ്ങളും എല്ലാം വളരെ സ്വകാര്യമായി കൊണ്ടുനടക്കേണ്ട ഒന്നായി വരുമ്പോൾ അതിന്റെ ഫ്രസ്ട്രേഷനും അതുണ്ടാക്കുന്ന പ്രശ്നങ്ങളും വലുതാണ്. അതിനെ സ്വയം അഭിമൂഖീകരിക്കാനോ മറ്റൊരാളോട് സംവദിക്കാനോ കഴിയാത്ത ഒരു സാഹചര്യമാണുള്ളത്.
സിനിമയിലെ ഡിവോർസുകൾ ശ്രദ്ധിച്ചാൽ അറിയാം അവയോരോന്നും അക്രമാസക്തവും പ്രതികാരപരവുമാണ്, ശത്രുതാപരമല്ലാത്ത സൗഹാർദ്രപരമായ വേർപിരിയലുകൾക്ക് മലയാളികൾ ഇനിയും പ്രാപ്തരായിട്ടില്ലേ ? ആരോഗ്യകരമായ മനുഷ്യബന്ധങ്ങൾ സാധ്യമാക്കുന്നതിനും അനാരോഗ്യകരമായ ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനും ആവശ്യമായ വിദ്യഭ്യാസം നമ്മുടെ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കിട്ടാതെ പോകുന്നുണ്ടോ ?
തീർച്ചയായും, ഞാൻ പലയിടങ്ങളിലും സംസാരിക്കുന്ന ഒരു കാര്യമാണ്. ജെന്റർ സെൻസിറ്റിവിറ്റിയെ കുറിച്ചും ഇക്വാലിറ്റിയെ കുറിച്ചുമുള്ള ഡിസ്ക്കഷൻസ് നമ്മുടെ സ്കൂളുകളിലും നമ്മുടെ തൊഴിലിടങ്ങളിലും വളരെ വ്യാപകമായി നടക്കേണ്ടതുണ്ട്. അത് വളരെ അത്യാവശ്യമാണ്. നമ്മൾ ഒരു വിഷയം പഠിക്കുന്നതിനോളം തന്നെ പ്രധാനമാണിത്. ഞാൻ നേരത്തെ പറഞ്ഞതിന്റെ തുടർച്ചയായിട്ട് ഇതിനെ കാണണം. സമൂഹം ഒരു ട്രാൻസിഷണൽ പിരീഡിലാണ്. പക്ഷെ ഒരു വിഭാഗം ആളുകൾ മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുകയും തയ്യാറാവുകയും ചെയ്യുമ്പോൾ മറ്റൊരു വിഭാഗം ഇതുവരെ അനുഭവിച്ച പ്രിവിലേജുകളിൽ കിടന്ന് ഉറങ്ങുകയും ഉണരാൻ തയ്യാറാവാതിരിക്കുകയുമാണ്.
ഈ ട്രാൻസിഷണൽ പിരീഡിൽ സ്കൂളുകളിലും, കോളേജുകളിലും, തൊഴിലിടങ്ങളിലും അവെയർനെസ് കൊണ്ടുവരേണ്ടതുണ്ട്. കാരണം ആദ്യമൊക്കെ ഫെമിനിസം.. ഫെമിനിസം… എന്ന് കളിയാക്കിക്കൊണ്ടിരുന്ന പല കാര്യങ്ങളും ഇപ്പോൾ നോർമലായിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ അവരുടെ അവകാശങ്ങളും ആഗ്രഹങ്ങളും പറയുമ്പോൾ അത് നോർമലാവാൻ തുടങ്ങിയിട്ടുണ്ട്. അത് കാലങ്ങൾ എടുത്തുകൊണ്ട് നടക്കുന്ന ഒരു സമരപ്രക്രിയയാണ്. അതുകൊണ്ടുതന്നെ എങ്ങനെ നമുക്ക് മറ്റൊരു വ്യക്തിയെ റെസ്പെക്റ്റ് ചെയ്യാം, അയാളുടെ സ്പെയ്സിനെ മാനിക്കാം എന്നൊക്കെയുള്ള ലേണിങ് നടക്കേണ്ടതുണ്ട്. സമൂഹത്തെ റീ-സ്ട്രക്ചർ ചെയ്യേണ്ടതിന്റെ ആവശ്യകത കൂടിയിരിക്കുകയാണ്.
ഈ റെസ്പെക്റ്റ് ഇല്ലായ്മയും മറ്റൊരാളുടെ സ്പെയ്സിനെ അംഗീകരിക്കാത്തതിനാലുമാണ് ഇവിടെ ഡിവോഴ്സുകളിൽ ആളുകൾ ശത്രുക്കളായി നിലനിൽക്കുന്നത്. മറ്റൊരാളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ രൂപപ്പെടുത്തേണ്ടതുണ്ട്. അത് വർക്ക് ചെയ്യുന്നില്ല എന്നു മനസ്സിലാക്കുമ്പോൾ അതുവരെ പങ്കുവെച്ചിരുന്ന നിമിഷങ്ങൾ ഇല്ലാതാവുന്നില്ലെന്നും, സ്നേഹത്തിന്റെ ഫലമായി ഉണ്ടായ കുഞ്ഞുങ്ങൾ ഈഗോയ്ക്ക് ഫൈറ്റ് ചെയ്യാനും മാനിപുലേറ്റ് ചെയ്യാനുമുള്ള പാവകളല്ല എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ പ്രണയത്തിലായിരുന്നു ഇനിയങ്ങോട്ട് ശത്രുക്കളാണ് എന്ന നിലയ്ക്കുള്ള ചിന്താഗതി മാറേണ്ടിയിരിക്കുന്നു.
കോടതികളിലെ കൗൺസിലിങ് രീതിയിലും മാറ്റംവരേണ്ടിയിരിക്കുന്നു. ഇപ്പൊ നടക്കുന്ന കൗൺസിലിങ് എന്നു പറഞ്ഞാൽ ഒരു നടപടി മാത്രമാണ്. അതല്ലാതെ ഒരാൾ വ്യക്തിപരമായി നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും കൂടെ ജീവിച്ചിരുന്ന ആളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന ഇതിനൊരു പരിഹാരം കാണാനാകുമോ എന്ന് അന്വേഷിക്കുന്ന തരത്തിൽ വിശദമായുള്ള കൗൺസിലിങ്ങുകൾ വേണം. വളരെ മെക്കാനിക്കലായിട്ടുള്ള പ്രോസസുകളാണ് ഇപ്പോൾ കോടതികളിൽ നടക്കുന്നത്.
വിവാഹേതര ബന്ധങ്ങൾ അസാന്മാർഗികവും, സദാചാര വിരുദ്ധവും ആണെന്നുള്ള മനോഭാവം നമ്മുടെ നിയമ സംവിധാനങ്ങളും പുലർത്തുന്നുണ്ട് എന്നു സിനിമ തുറന്നു കാണിക്കുന്നുണ്ടല്ലോ, അത്തരം സദാചാര വിചാരണ തന്നെയല്ലെ സിനിമയിലെ കോടതി വിധിയിലും പ്രതിഫലിക്കുന്നത് ?
അതെ, ഇപ്പോഴും നിലനിൽക്കുന്ന ഒരു സദാചാര വിചാരണ തന്നെയാണ് കാണിക്കുന്നത്, എന്തിനു വേണ്ടിയാണോ ആ സ്ത്രീ അത്രയും കാലം ഡെഡിക്കേറ്റഡായി ജീവിച്ചത്, അതു പാടെ മായ്ച്ചു കളയുന്നതാണത്. ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ അതിലൂടെ ഒരാളെ പൂർണ്ണമായും ജഡ്ജ് ചെയ്ത് അതുവരെ കുടുംബത്തിനുവേണ്ടി അവർ കണ്ടെത്തുകയും ഇൻവെസ്റ്റ് ചെയ്യുകയും ചെയ്ത സമയത്തെയെല്ലാം ക്യാൻസൽ ചെയ്തുകൊണ്ട് ഒരു വിധി വരുമ്പോൾ യഥാർത്ഥത്തിൽ ഒരു സ്ത്രീ തകർന്നു പോവുകയാണ്.
അതൊരു ഇമോഷണൽ ആയിട്ടുള്ള സിറ്റുവേഷനാണ്, ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ പ്രയോരിറ്റി തന്നെയായിരിക്കും അവരുടെ കുഞ്ഞുങ്ങൾ. ശരീരത്തിന്റെ ഒരു എക്സ്റ്റെൻഷൻ പോലെയാണ് കുഞ്ഞുങ്ങൾ. ചിലയാളുകൾക്ക് എങ്കിലും അവർ ഇല്ലാതെ ഒരു നിലനിൽപ്പ് ഉണ്ടാവുകയില്ല. അതിനെ എങ്ങനെയാണ് പൊതുസമൂഹവും കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്ത് മാറ്റുന്നത് എന്നാണ് കാണിച്ചിരിക്കുന്നത്.
സ്ത്രീ സംവിധായകർക്ക് സിനിമ നിർമിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായാണല്ലോ ഡിവോർസ് എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്, എന്നാൽ ഈ പദ്ധതിയുടെ പരിമിതികൾ സിനിമയുടെ ആവിഷ്ക്കാരത്തെ ബാധിച്ചിട്ടുണ്ടോ ?
സിനിമയുടെ ചില കാര്യങ്ങൾക്ക് ചില പരിമിതികൾ ഉണ്ടായിട്ടുണ്ട്. പല പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പ്രതേകിച്ചും കോവിഡ് സമയത്താണ് ഇതു ചെയ്തത്. വളരെ ലിമിറ്റഡ് ടൈമിലാണ് ഇതു പൂർത്തിയാക്കിയത്. പിന്നെ ചിത്രാഞ്ജലി സ്റ്റുഡിയോവിൽ തന്നെ ചെയ്യേണ്ടതുകൊണ്ട് എസ്തെറ്റിക്കലി കോംപ്രമൈസ് ചെയ്ത ചില ഭാഗങ്ങളുണ്ട്, അതൊക്കെ പരിമിതികളാണ് എങ്കിലും ആ പരിമിതികളെ പലതരത്തിൽ മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. ആർട്ട് ഡയറക്ടറായാലും ക്യാമറാമാനായാലും പരമാവധി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
സർക്കാർ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങുന്ന ഇത്തരം സിനിമകൾ ഐ.എഫ്.എഫ്.കെ പോലെയുള്ള വേദികളിൽ അഭിമാനത്തോടെ പ്രദർശിപ്പിക്കേണ്ടതല്ലെ ? എന്തുകൊണ്ടാവാം മാറ്റിനിർത്തൽ ഉണ്ടായത് ?
തീർച്ചായയും. ഇത് ഗവർൺമെന്റിന്റെ പദ്ധതികളാണ്. ഇനി അങ്ങോട്ട് നാലു സിനിമകളാണ് ഉണ്ടാവുക, അത് എപ്പോൾ കംപ്ലീറ്റ് ചെയ്യും എന്നൊന്നും അറിയില്ല. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒരുമിച്ചുണ്ടാകുന്ന നാലു സിനിമകൾ. ആ നാലു സിനിമകൾക്കും സെലക്ഷൻ ഉണ്ടാവുക എന്നു പറയുന്നത് എളുപ്പമല്ല. പക്ഷെ അതിൽ ഒന്നിനു മാത്രം സെലക്ഷൻ ലഭിക്കുകയും മറ്റുള്ളവ കാണിക്കാതിരിക്കുകയും ചെയ്യുന്നത് നീതിയല്ല. സർക്കാറിന്റെ പദ്ധതിയാണ്, അതു ജനങ്ങളിൽ എത്തണം, അതിന് പ്രധാനപ്പെട്ട ഒരു ഫെസ്റ്റിവലിൽ ഒരു പ്രദർശനം എല്ലാവർക്കും കൊടുക്കേണ്ടതാണ്. അതിന്അതിന് സർക്കാർ തന്നെ നടപടി സ്വീകരിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.