തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സമുദ്രഗവേഷകനാണ് കുമാർ സഹായരാജു. കരുകുളത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗമായ കുമാർ ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിംഗ് സ്കോളർഷിപ്പോടെ സ്കോട്ലന്റിലെ സ്റ്റെർലിംഗ് സർവ്വകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിന്റെ തെക്കൻ തീരത്ത് ഗവേഷണങ്ങൾ തുടരുന്നു. നഷ്ടപ്പെടുന്ന സമുദ്ര ജെവവൈധ്യവും ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലുണ്ടാക്കുന്ന ആഘാതവുമാണ് മുഖ്യ പഠനമേഖല. കോസ്റ്റൽ സ്റ്റുഡൻ്റ്സ് കൾച്ചറൽ ഫോറത്തിൻ്റെ സഹസ്ഥാപകനായ കുമാർ ഇപ്പോൾ യൂണിവേഴ്സ്റ്റി ഓഫ് സസക്സിൽ ഗവേഷക സഹായിയായി പ്രവർത്തിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജൈവവൈവിധ്യത്തിൻ്റെ നാശം, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നഷ്ടപെടുന്ന തൊഴിലിടങ്ങൾ, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ പരിമിതി, വിഴിഞ്ഞം അന്താരാഷ്ട തുറമുഖ പദ്ധതിയുടെ വിനാശങ്ങൾ… കുമാർ സഹായരാജു സംസാരിക്കുന്നു.
കടൽപ്പണിക്കാരൻ എന്നാണല്ലോ കുമാർ സഹായരാജു സ്വയം പരിചയപ്പെടുത്താറുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ കുമാർ ഇന്ന് ഒരു കടൽ ശാസ്ത്രജ്ഞൻ കൂടിയാണ്. കടലിനെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചുതുടങ്ങുന്നതിന് മുമ്പ് അച്ഛനോടൊപ്പം പതിവായി മത്സ്യബന്ധനത്തിന് പോയിരുന്ന ഒരാൾ. സ്കോട്ലാൻഡിലെ പി.ജി പഠനം കഴിഞ്ഞ് മടങ്ങിയെത്തി ജനിച്ചുവളർന്ന തീരത്ത് പ്രവൃത്തിക്കുമ്പോൾ എന്താണ് അനുഭവപ്പെടുന്നത്? കരയും കടലും വല്ലാതെ മാറിപ്പോയതായി തോന്നുന്നുണ്ടോ?
ഞാൻ കണ്ടു തുടങ്ങുന്ന കാലത്ത് സൗഭാഗ്യവും സന്തോഷവും തരുന്ന ഓർമ്മകളായിരുന്നു കടൽ നൽകിയിരുന്നത്. അന്ന് കടലിന് ഒരു പ്രീ-സെറ്റ് പാറ്റേൺ ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ കണക്കുകൾക്കനുസരിച്ചുള്ള സീസണുകൾ ഉണ്ടായിരുന്നു. ഓരോ സീസണിനും അനുസരിച്ചുള്ള മീനുകളും ലഭ്യമായിരുന്നു. വല നിറയെ വലിയ മീൻ കിട്ടിയിരുന്ന കാലം. ചെറുപ്പകാലത്ത് അച്ഛനെ സഹായിക്കുന്നതിലൂടെയാണ് എല്ലാവരും കടൽപ്പണിയുടെ ബാലപാഠങ്ങൾ പഠിക്കുക. തീരത്തു നിന്നുകൊണ്ടുള്ള മീൻപിടുത്തമാണ് ആദ്യ പടി. കട്ടമരം, വള്ളം എന്നിവയിൽ എങ്ങനെയാണ് പായോടിക്കുന്നത്, തടി കെട്ടുന്നത്, കാറ്റിനെ എങ്ങനെ നിയന്ത്രിക്കാം, കാറ്റിന് എതിർദിശയിൽ എങ്ങനെ സഞ്ചരിക്കാം ഇതെല്ലാം കരയിൽ നിന്നുകൊണ്ടാണ് ആദ്യം മനസ്സിലാക്കുന്നത്. അതേസമയം തന്നെയാണ് വിവിധ ജീവിവർഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ആദ്യമായി ലഭിക്കുന്നത്. ഓരോ മീനുകളുടെ സീസണും, അവക്ക് വേണ്ട വലകളും അപ്പോൾ മനസ്സിലാകും. ഉദാഹരണത്തിന് ക്ലാത്തി പിടിക്കുന്നത് കച്ചാൽ എന്ന മൽസ്യബന്ധനരീതി വഴിയാണ്. അതുപോലെ കണവ പിടിക്കുന്നത് ഡിസ്കോ എന്ന രീതിയിലാണ്. പിന്നീടാണ് വലിയ ആളുകളോടൊപ്പം ‘കരമടി വളക്കൽ’ എന്ന, തീരത്ത് നിന്നുകൊണ്ടുള്ള മൽസ്യബന്ധന രീതിയിൽ പങ്കുചേരുന്നത്. നീന്തൽ നന്നായി വശമായതിന് ശേഷമാണ് കടലിനുള്ളിലോട്ട് പോകുന്നത്. കട്ടമരത്തിലാണ് ആദ്യമായി ഞാൻ കടലിൽ പോകുന്നത്. കട്ടമരം പെട്ടെന്ന് വലിയ തിരകളിൽ പെട്ട് മറിയും. എന്നാൽ അതിൽ വീണ്ടും തിരിച്ചു കയറാൻ എളുപ്പമാണ്. ആദ്യമായി കടലിൽ പോയ ദിവസം കട്ടമരം മറിഞ്ഞു. കടലിനകത്തു വച്ച് അച്ഛൻ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു. അങ്ങനെ അച്ഛനോട് ചേർന്ന് കിടന്നാണ് കടലിനടിയിലെ എന്റെ ആദ്യ കാഴ്ച. അന്ന് അൽപ്പം ഭയത്തോടെയാണ് കടൽ കണ്ടതെങ്കിൽ പിന്നീട് നിരവധി തവണ പഠനത്തിന്റെ ഭാഗമായി കൗതുകത്തോടെ കടലിന്റെ അടിത്തട്ട് കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഇവിടുത്തെ തീരങ്ങൾ കാണുമ്പോൾ അന്ന് കണ്ടിരുന്ന പല മീനുകളും ഇല്ലാതായി എന്നതാണ് യാഥാർഥ്യം. കടലിനെ സുസ്ഥിരമായി ഉപയോഗിച്ചിരുന്ന കാലത്തെ മൽസ്യബന്ധന രീതികളും അന്നത്തെ ആവാസവ്യവസ്ഥയുടെ സവിശേഷതകളും ചെറുപ്പത്തിലേ കാണാൻ കഴിഞ്ഞു. എന്നാൽ അവയെപ്പറ്റി ശാസ്ത്രീയമായ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ കടൽ എല്ലാത്തരത്തിലും മാറിപ്പോയിരിക്കുന്നു. ഈ മാറ്റത്തിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരമല്ലാത്ത വികസന പ്രവർത്തനങ്ങളും മനുഷ്യനിർമ്മിതമായ കാരണങ്ങളുമൊക്കെയുണ്ട്.
തിരുവനന്തപുരത്തെ മൽസ്യത്തൊഴിലാളികൾ പരമ്പരാഗതമായി ശീലിച്ചുവരുന്ന മീൻപിടുത്ത രീതികൾ ഏറെ പ്രത്യേകതകൾ ഉള്ളതാണല്ലോ. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
പ്രധാനമായും ഇവർ കടലിൽ പോയി മീൻ പിടിക്കുന്നത് വല ഉപയോഗിച്ചും മറ്റൊന്ന് ചൂണ്ട ഉപയോഗിച്ചുമാണ്. കടലിലെ ഉപരിതല മത്സ്യങ്ങളെയും ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന മത്സ്യങ്ങളെയും പിടിക്കാനാണ് വല ഉപയോഗിക്കുന്നത്. ഒഴുക്കൻ വല, തെളിവൻ വല, അടക്കം വല, ഡിസ്കോ വല, നൊത്തൊലി വല തുടങ്ങി ഓരോ മീനുകൾക്കും വ്യത്യസ്ത തരം വലകളുണ്ട്. വലയിലെ കണ്ണികളുടെ വലുപ്പത്തിനനുസരിച്ചുള്ള മീനുകൾ മാത്രമേ ഈ വലയിൽ പെടുകയുള്ളൂ. ചെറുമത്സ്യങ്ങളൊന്നും പെടാറില്ല. മറ്റൊന്ന് ചൂണ്ട ഉപയോഗിച്ച് പാരുകളിൽ (റീഫ് എക്കോസിസ്റ്റം) നിന്നും മീൻപിടിക്കുന്ന രീതിയാണ്. കടലിന്റെ അടിത്തട്ടിൽ പാരുകളിൽ ജീവിക്കുന്ന മറ്റ് ജീവികൾക്ക് ഒരു കോട്ടവും വരുത്തുന്നില്ല എന്നതാണ് ചൂണ്ടപ്പണിയുടെ പ്രത്യേകത. ഓരോ മീനിന്റെയും പ്രത്യേകത അനുസരിച്ച് വിവിധതരം കൊളുത്തുകളുണ്ട്. ആ മീനുകളെ മാത്രം ലക്ഷ്യമാക്കിയുള്ള മീൻപിടുത്തമാണിത്. തട്ടുമടി പണിയാണ് പമ്പരാഗതമായി തുടർന്നുവരുന്ന മറ്റൊരു മീൻപിടിത്ത രീതി. കരമടിവളക്കൽ മുതൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എല്ലാ മത്സ്യബന്ധന രീതികളും സുസ്ഥിരമാണ്. എന്നാൽ ഈ അടുത്തകാലത്തായി അടിത്തട്ടിനെ സാരമായ രീതിയിൽ ബാധിക്കുന്ന മത്സ്യബന്ധനരീതികൾ തിരുവനന്തപുരത്തിന്റെ വടക്കൻ തീരം മുതൽ കണ്ടുവരുന്നുണ്ട്. പാരുകളിൽ അടിഞ്ഞുകൂടുന്ന പ്രേതവലകളും കടലടിത്തട്ടിലെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നുണ്ട്.
പാരുകളും മത്സ്യത്തൊഴിലാളികളുടെ ജീവിതവും എങ്ങനെയാണ് ഇഴചേർന്ന് കിടക്കുന്നതെന്ന് വിശദീകരിക്കാമോ?
കടലിനടിയിലെ മൽസ്യങ്ങളുടെയും കടൽ ജീവികളുടെയും ആവാസകേന്ദ്രത്തെയാണ് മത്സ്യത്തൊഴിലാളികൾ പാരുകൾ എന്ന് വിളിക്കുന്നത്. ഓരോ പാരുകളുടെയും അവിടെ നിന്ന് ലഭിക്കുന്ന മീനുകളുടെയും പ്രത്യേകതകൾ അനുസരിച്ചാണ് മൽസ്യത്തൊഴിലാളികൾ ഇവക്ക് പേരിട്ടിരിക്കുന്നത്. പെരുമാക്കല്ല്, പോളക്കെട്ട്, പൂട്ടളമട എന്നിങ്ങനെയാണ് വിവിധ പാരുകളുടെ പേരുകൾ. കരുംകുളത്തിന്റെ കാര്യമെടുത്താൽ ഇവിടെ തീരത്തിന് നേരെയുള്ള പാര് ക്ലാത്തി മീനുകൾ നിറഞ്ഞതാണ്. ക്ലാത്തി പിടിക്കുന്നത് വളയം രൂപത്തിലുള്ള കച്ചാൽ എന്ന നെറ്റ് ഉപയോഗിച്ചാണ്. ഈ നാട്ടിലുള്ളവരെല്ലാം അതിൽ വൈദഗ്ധ്യം നേടിയവരാണ്. ഇവരുടെ സംസ്കാരവും, സാമ്പത്തിക സ്രോതസ്സും പാരുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. തിരുവനന്തപുരത്തെ ഓരോ മീൻപിടുത്ത ഗ്രാമങ്ങളിലും പാരുകൾക്ക് അനുസരിച്ച് മത്സ്യബന്ധനരീതികളും വ്യത്യസ്തമാണ്. വള്ളവും, വലയും, ചൂണ്ടയും നിർമ്മിക്കപ്പെട്ടിട്ടുള്ളത് പാരുകളുമായി ബന്ധപ്പെട്ടാണ്. ഈ പാരുകളെല്ലാം തന്നെ മത്സ്യത്തൊഴിലാളികൾ അവരുടെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്. പാരുകൾ മത്സ്യത്തൊഴിലാളികളുടെ തൊഴിലിടമായതിനാൽ, അവ സംരക്ഷിക്കപ്പെടേണ്ടത് തങ്ങളുടെ ഉപജീവനത്തിനും നിലനിൽപ്പിനും അത്യാവശ്യമാണെന്ന് അവർ മനസിലാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് പാരുകളെ ബാധിക്കുന്നത്?
കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിലും പ്രാദേശികതലത്തിലും കടലിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്. സമുദ്രങ്ങളിലെ ചൂട് കൂടുന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള ജൈവഘടന ഇല്ലാത്ത കടൽജീവികളുടെ നാശത്തിന് കാരണമാകുന്നു. തീരക്കടലിൽ ചൂട് കൂടുന്ന ഇടങ്ങളിൽ നിന്നും കൂടുതൽ ഉള്ളിലേക്ക് മീനുകൾ സഞ്ചരിക്കുന്നു. കേരളത്തിൽ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന മത്തി/ചാള എന്ന മത്സ്യ ഇനം കുറഞ്ഞുവരുന്നത് ഇത്തരത്തിലുള്ള പാലായനം മൂലമാണെന്ന് മത്സ്യത്തൊഴിലാളികളും പഠനങ്ങളും പറയുന്നു. ഭൂമിയുടെ താപനത്തിന് കാരണമാകുന്ന വാതകങ്ങളെ സമുദ്രം വലിച്ചെടുക്കുന്നതിനാൽ സമുദ്രം കൂടുതൽ അസിഡിക് ആവുകയും അത് കടലിലെ ജൈവവൈവിധ്യം ഇല്ലാതാവാൻ കാരണമാവുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ചൂടിന് കാരണമായ കാർബണിനെ ആഗിരണം ചെയ്യുമ്പോൾ സമുദ്രജലം കാർബോണിക്ക് ആസിഡിനെ ഉത്പാദിപ്പിക്കുന്നു. ഇത് സമുദ്രത്തിന്റെ അമ്ല ഗുണം കൂട്ടുകയും ഓഷ്യൻ അസിഡിഫിക്കേഷന് കാരണമാവുകയും ചെയ്യുന്നു. സമുദ്രം കൂടുതൽ അസിഡിക് ആവുന്നത് ജീവജാലങ്ങളെ ഇല്ലാതാക്കുന്നു. പവിഴപ്പുറ്റുകൾ ബ്ലീച്ചാവും. കാത്സ്യം നിർമ്മിത പുറന്തോടുള്ള ജീവജാലങ്ങൾ പാടെ നശിക്കുന്നു. ഇത് കടലിലെ ആവാസവ്യവസ്ഥകളായ പാരുകളുടെ നാശത്തിനും പവിഴപ്പുറ്റുകളുടെ ദ്രവീകരണത്തിനും കാരണമാകുന്നു. 2017ൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് നടത്തിയ പഠനത്തിൽ കന്യാകുമാരിയിലെ ഇനയം മേഖലയിലെ കടലിൽ ഇത്തരത്തിൽ പവിഴപ്പുറ്റുകൾ നശിച്ചുതുടങ്ങിയതായി കണ്ടെത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം പൊതുവെ ആഴക്കടലിനെ ബാധിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ ആഴക്കടലിലെ ജൈവവൈവിധ്യം കൂടുതലും സ്ഥിരതയുള്ള താപനിലയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിൽ മാറ്റം സംഭവിക്കുമ്പോൾ ആഴമേറിയ കടലിലെ ജൈവവൈവിധ്യത്തിന് അതിനോട് പൊരുത്തപ്പെടാൻ കൂടുതൽ കഴിയാതെ വരും. കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മീനുകളുടെ വിവിധ വംശങ്ങൾ തന്നെ ഇല്ലാതായിട്ടുണ്ട്. പന്ത്രണ്ടോളം തദ്ദേശീയ സ്പിഷീസുകൾ ഇതിനകം തന്നെ ഇല്ലാതായി. മത്സ്യത്തൊഴിലാളികളുടെ അറിവുകൾക്കപ്പുറം ഈ ജീവജാലങ്ങളുടെയൊന്നും ഡോക്യുമെന്റുകൾ നമ്മുടെ കയ്യിൽ ഇല്ല എന്നത് ശാസ്ത്ര സമൂഹം ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിൻറെ പ്രാധാന്യം വ്യക്തമാക്കുന്നു.
പാരുകളുടെ നാശം തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഏത് വിധത്തിലാണ് ബാധിക്കുന്നത്?
ആഗോളവ്യാപകമായി പാരുകളെ പവിഴപ്പുറ്റുകളായി കണ്ട് സംരക്ഷിക്കുക എന്ന ആശയത്തിനാണ് പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്. എന്നാൽ റീഫ് അസോസിയേറ്റഡ് ജീവിവർഗങ്ങളുടെ സംരക്ഷണത്തെ നാം ഇനിയും പരിഗണിച്ചിട്ടില്ല. എന്നാൽ നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് റീഫും അതിനോട് ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യങ്ങളും ഉപജീവനമാർഗം (വരുമാന സ്രോതസ്സ്) എന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണ്. അപ്പോൾ പാരുകളുടെ നാശം നേരിട്ട് തന്നെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നു. മറ്റൊന്ന് ഇത്തരത്തിൽ മീനുകളുടെ സ്രോതസ്സുകൾ ഇല്ലാതാവുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ദൂരങ്ങളിലേക്ക് പോകേണ്ടിവരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ദൂരങ്ങളിലേക്ക് പോകേണ്ടിവരുന്നത് അപായ സാധ്യത കൂട്ടുന്നു. അതുപോലെ മത്സ്യത്തൊഴിലാളികൾ പിൻതുടർന്നിരുന്ന വിഭവങ്ങളുടെ പങ്കുവെക്കൽ എന്ന തത്വത്തിൽ നിന്നും അവർക്കു പിൻവാങ്ങേണ്ടി വരുന്നു. ആദ്യകാലങ്ങളിൽ ഇവർ മീൻ ആവശ്യത്തിന് മാത്രം ശേഖരിച്ച്, ബാക്കിയുള്ളവ അടുത്ത തവണയിലേക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കായോ കരുതി ഉപേക്ഷിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ മത്സ്യങ്ങളുടെ ലഭ്യത കുറയുകയും മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. അതിനൊപ്പം തന്നെ ഈ പാരുകളിൽ ട്രോളിങ് അടക്കമുള്ള കടൽ സൗഹൃദമല്ലാത്ത മത്സ്യബന്ധന രീതികളിലൂടെ മീനുകളെയെല്ലാം പിടിച്ചുകൊണ്ടുപോകുമ്പോൾ തദ്ദേശീയരായ കടൽപ്പണിക്കാർക്ക് മീനുകൾ കിട്ടാതെ വരുന്നു. അതോടെ മത്സ്യത്തൊഴിലാളികൾ കൂടുതൽ സ്വാർത്ഥരാവുകയും മത്സരബുദ്ധി ഉടലെടുക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യമേ തുടർന്നുപോന്ന സുസ്ഥിര നയങ്ങളിൽ ഇവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. ഏതുവിധേനയും മീൻ കണ്ടെത്തിയാലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്ന അവസ്ഥ വരുന്നതോടെ പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങളെയും നശീകരണ സ്വഭാവമുള്ള രീതികൾ പിന്തുടരാൻ നിർബന്ധിതരായിത്തീരുന്നു.
കടലുമായി നേരിട്ട് ബന്ധം പുലർത്തുന്നവർ എന്ന നിലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന മാറ്റങ്ങളെ മത്സ്യത്തൊഴിലാളികൾ എങ്ങനെയാണ് മനസിലാക്കുന്നത്?
മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ വ്യതിയാനത്തെ മനസ്സിലാക്കുന്നത് മീനുകളുടെ എണ്ണത്തിലും വൈവിധ്യത്തിലും വന്ന മാറ്റവുമായി ബന്ധപ്പെട്ടാണ്. മീനിന്റെ കുറവ് മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ അത് കടലിലെ മലിനീകരണം മൂലമാകാം എന്നാണ് ഇവർ ധരിച്ചിരുന്നത്. പക്ഷെ ഓഖി സംഭവിച്ചതോടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുന്നതായി ഇവർ തിരിച്ചറിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകൾക്ക് വിരുദ്ധമായി സീസണുകളും കാറ്റുകളുമെല്ലാം മാറുന്നത് അവരെ ചിന്തിപ്പിച്ചു. ആനിയാടി (മൺസൂൺ), തെളിവുനാൾ (പ്രീ-മൺസൂൺ, പോസ്റ്റ്- മൺസൂൺ) എന്നിങ്ങനെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന സീസണുകൾ. ഈ സീസണുകളിലെല്ലാം തിരമാലയുടെ ഉയരവും വലിവും നീരോട്ടവും കാറ്റിന്റെ ദിശയും വേഗതയുമെല്ലാം വ്യത്യസ്തമായിരിക്കും. ഇവയെല്ലാം കണക്കിലെടുത്താണ് ഓരോ സീസണിലും തൊഴിൽ ചെയ്യുന്നത്. സീസണുകൾക്കനുസരിച്ചുള്ള മീനുകളുടെ വരവ്, കാറ്റിന്റെ ഗതി ഇവയിലെല്ലാം മാറ്റം ഉണ്ടായി. ഉദാഹരണത്തിന് തമിഴ് മാസത്തിലെ ചിത്തിരപത്തു, വൈകാശിപ്പത്തു എന്നിങ്ങനെയുള്ള ദിവസങ്ങളിൽ പ്രക്ഷുബ്ധമായ കടൽ ഉണ്ടാകേണ്ടതാണ്. എന്നാൽ അത് ഇപ്പോൾ സംഭവിക്കുന്നില്ല. നക്ഷത്രങ്ങളുമായും പള്ളികളിലെ തിരുനാളുകളുമായും ബന്ധിപ്പിച്ച് ഇവർ കടലിന്റെ വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തിയിരുന്നു. അത്തരത്തിൽ മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി ആർജിച്ച അറിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പ്രീ-സെറ്റ് പാറ്റേൺ ഇവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിലെല്ലാം മാറ്റങ്ങൾ ഉണ്ടായി. കടൽ അവരുടെ പ്രവചനങ്ങളിൽ നിൽക്കാതായി. അതിനോടൊപ്പം മീനുകളുടെ വരവിലും, ലഭ്യതയിലും മാറ്റങ്ങൾ ഉണ്ടായി. ഈ രീതിയിലാണ് മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ വ്യതിയാനത്തെ മനസിലാക്കുന്നത്.
അതുപോലെ തന്നെ ‘കുളുത്തി’, ‘കറനീര്’ തുടങ്ങിയ പ്രതിഭാസങ്ങൾ അപ്രത്യക്ഷമായതും മൽസ്യത്തൊഴിലാളികൾ മനസിലാക്കിയിട്ടുണ്ട്. കടലിൽ തണുപ്പ് കൂടുന്ന അവസ്ഥക്കാണ് ഇവർ ‘കുളുത്തി’ എന്ന് പറയുന്നത്. മുൻ കാലങ്ങളിൽ രണ്ടും മൂന്നും കോട്ടെല്ലാം ധരിച്ചാണ് ഇവർ കടലിൽ പോയിരുന്നത്. എന്നാൽ ഇന്ന് ഷർട്ടിടാതെ പോലും കടലിൽ പോകുന്നവരുണ്ട്. അതിനുകാരണം കഴിഞ്ഞ കുറെ കാലങ്ങളായി ‘കുളുത്തി’ എന്ന പ്രതിഭാസം ഉണ്ടായിട്ടില്ല എന്നതാണ്. കടലിലെ ജൈവസമ്പത്തിന്റെ വളർച്ചക്ക് ഈ തണുപ്പും മഴയും അത്യാവശ്യ ഘടകമാണ്. കടലിൽ ചൂട് കൂടുന്നതും നേരത്തെയുള്ള സമയങ്ങളിൽ നിന്ന് വ്യത്യസ്തമായി പെയ്യുന്ന മഴയുമെല്ലാം ഈ ജൈവസമ്പത്തിൻറെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കിയിട്ടുണ്ട് വർഷകാലത്ത് മഴയും, കാറ്റും കടലിലേക്ക് കൂടുതൽ ജൈവവസ്തുക്കളെ എത്തിക്കുന്ന പ്രക്രിയയെ ഇവർ കറനീരിളക്കം എന്നാണ് പറയുന്നത്. ഇത് കടലിലെ ജൈവസമ്പത്തിന്റെ പ്രജനന പ്രക്രിയക്ക് മുഖ്യമായ ഘടകമാണ്. എന്നാൽ ഓഖിക്കു ശേഷം ശക്തമായ കറനീരോ, മൺസൂണോ ലഭ്യമായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
തീരശോഷണം തിരുവനന്തപുരം തീരത്തെ സംബന്ധിച്ച് വളരെ ഗുരുതര പ്രശ്‌നമായി മാറിയിരിക്കുകയാണല്ലോ. പൊതുവെ മാധ്യമങ്ങളും, ശാസ്ത്ര സമൂഹവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിച്ചാണ് ഈ വിഷയത്തെ സമീപിക്കാറുള്ളത്. എന്നാൽ കടലിനോട് ചേർന്നുള്ള നിർമ്മിതികൾ എങ്ങനെയാണ് തീരശോഷണത്തിൽ പങ്കുവഹിക്കുന്നത്?
എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണമായി കാലാവസ്ഥാ വ്യതിയാനത്തെ ബന്ധിപ്പിച്ച് യഥാർത്ഥ പ്രശ്നത്തെ മൂടിവെക്കുകയാണ് മാധ്യമങ്ങളും, ശാസ്ത്രസമൂഹവും ചെയ്യുന്നത്. സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രശ്നമാണെങ്കിൽ അത് ബാധിക്കേണ്ടത് പൂന്തുറയിലും, ചെല്ലാനത്തും, ആലപ്പാടും മാത്രമല്ലല്ലോ? സമുദ്രനിരപ്പ് ഉയർന്നാൽ അത് ആദ്യം ബാധിക്കുന്നത് സമുദ്ര നിരപ്പിനേക്കാൾ താഴെയുള്ള പ്രദേശങ്ങളെയാണ്. എന്നാൽ എന്തുകൊണ്ടാണ് ചിലയിടങ്ങളിൽ മാത്രം വളരെ വ്യാപകമായി കടൽനിരപ്പ് ഉയരുന്നതെന്ന് പരിശോധിക്കണം. അപ്പോൾ ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല പ്രശ്‌നം. തിരുവനന്തപുരത്തെ കാര്യം എടുത്താൽ വിഴിഞ്ഞം, പെരുമാതുറ ഹാർബറുകൾക്ക് വടക്കു ഭാഗത്താണ് അതിരൂക്ഷമായ തീരശോഷണം സംഭവിക്കുന്നത്. അതുപോലെ തമിഴ്നാട്ടിലെ തേങ്ങാപട്ടണം പോർട്ടിന്റെ വടക്കുഭാഗം ആയതിനാൽ പൊഴിയൂരിലും തീരശോഷണം ഉണ്ടാകുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ പുലിമുട്ടുകൾക്ക് വടക്ക് ഭാഗത്ത് കൃത്യമായി തീരം ഇല്ലാതാകുന്നതായി കാണാം. പുലിമുട്ടുകളുടെ നിർമ്മാണം കടലിലെ മണലിന്റെ സഞ്ചാരത്തെ തടയുമെന്നും ഇത് തീരശോഷണത്തിന് വഴിവെക്കുമെന്നതും തെളിയിക്കപ്പെട്ടതാണ്. സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതം കുറയ്ക്കുന്നതിന് തീരങ്ങൾ ആവശ്യമാണ്. യഥാർത്ഥത്തിൽ കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങളുടെ ആവൃത്തി കൂട്ടുകയാണ് നമ്മുടെ സുസ്ഥിരമല്ലാത്ത വികസനപ്രവർത്തങ്ങൾ ചെയ്യുന്നത്. തീരങ്ങൾ ഉണ്ടായിരുന്നെങ്കിൽ സമുദ്രനിരപ്പ് ഉയർന്നാലും മത്സ്യത്തൊഴിലാളികൾ ജീവിക്കുന്ന സ്ഥലങ്ങൾ സംരക്ഷിക്കാമായിരുന്നു. ഈ വികസനരീതികൾ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുവാനുള്ള നമ്മുടെ ശേഷിയെ ഇല്ലാതാക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.
കടലുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്ന നമ്മുടെ ശാസ്ത്ര സമൂഹത്തിന് ഇക്കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നുണ്ടോ? എന്താണ് കുമാറിന്റെ നിരീക്ഷണം?
കരയിൽ പഠനം നടത്തുക എളുപ്പമാണ്. ശാസ്ത്രജ്ഞർക്ക് അവിടെ നേരിട്ട് പോയി പഠിക്കാനുള്ള സൗകര്യം ഉണ്ട്. എന്നാൽ കടലിന്റെ ഉള്ളിലോട്ടും അടിത്തട്ടിലോട്ടും പോകുക എന്നത് നിലവിലെ സംവിധാനങ്ങൾക്ക് പ്രയാസകരമാണ്. നമ്മുടെ നാട്ടിൽ സമുദ്ര ഗവേഷണ സ്ഥാപനങ്ങളിൽ പോലും കടലിനടിയിൽ പോയി ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾ വളരെ കുറവാണ്. മിക്ക സ്ഥാപനങ്ങളിലും സാമ്പിൾ ശേഖരിക്കുന്നത് മത്സ്യത്തൊഴിലാളികൾ നിന്നുമാണ്. അവർ കടലിൽ നിന്നും കരയിലേക്ക് എന്താണോ കൊണ്ടുവരുന്നത് അതിലാണ് പഠനം നടക്കുന്നത്. അതല്ലാതെ കടലിനടിയിൽ ഡൈവ് ചെയ്ത് പഠനങ്ങൾ വലിയതോതിൽ ഇവിടെ നടക്കുന്നില്ല. അതാണ് ഇവിടുത്തെ പഠനങ്ങളുടെ ആദ്യ പ്രശ്നം. രണ്ടാമതായി നമ്മുടെ കടലിലെ ബയോഡൈവേഴ്സിറ്റിയടക്കമുള്ള അടിസ്ഥാന കാര്യങ്ങൾ പോലും ഇവിടെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മറ്റ് രാജ്യങ്ങൾ ആകട്ടെ ഈ അടിസ്ഥാന പഠനങ്ങളും സ്പീഷ്യസ് സ്റ്റഡിയും നടത്തിക്കഴിഞ്ഞ് മൈക്രോ ലെവൽ പഠനം നടത്തുമ്പോഴാണ് നാമിവിടെ നമ്മുടെ കടലിൽ എന്താണുള്ളതെന്ന് പോലും പഠിക്കാൻ തുടങ്ങുന്നത് . ലോകം മൈക്രോ ലെവലിൽ ചിന്തിക്കുമ്പോൾ നമ്മൾ ബേസിക് ലെവലിൽ എത്തിയതേയുള്ളൂ . പുറം രാജ്യങ്ങളിലെല്ലാം സമുദ്ര ഗവേഷകർ സ്കൂബ ഡൈവേഴ്‌സ് കൂടിയാണ്. അവർ തന്നെ കടലിലും കടലിന്റെ അടിത്തട്ടിലും പോയി പഠനം നടത്തുന്ന രീതിയാണ് അവിടുത്തേത്. അതിനാൽ തന്നെ പല ഗവേഷണങ്ങളിലും പ്രായോഗികമായ അറിവിന്റെ കുറവുണ്ട്. ഉദാഹരണത്തിന് വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തിന്റെ മൗത്തിൽ ശക്തമായ തിരയിളക്കം ഉണ്ടാകുന്നതിനെ പറ്റി National Institute of Ocean Technology (NIOT) നടത്തിയ പഠനത്തിൻറെ കാര്യമെടുക്കാം. കടലിനടിയിൽ നടക്കുന്ന അവസാദനീക്കം (sediment transport) പരിഗണിക്കാതെയാണ് ഈ പഠനം നടന്നിരിക്കുന്നത്. NIOT കടലിന്റെ ഒരു മോഡൽ ലാബിൽ ഉണ്ടാക്കി ആണ് പഠിച്ചത്. ഈ സാംപിൾ മോഡലിൽ പരിഗണിച്ചിട്ടുള്ള ഘടകങ്ങൾ പൂർണ്ണമല്ല. കടലിനടിയിൽ നടക്കുന്ന മണലിന്റെ സഞ്ചാരം പരിഗണിക്കാതെയാണ് ഈ മോഡൽ നിർമ്മിച്ചിട്ടുള്ളത്. ഈ മണൽ നീക്കത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികൾ ബോധവാന്മാരാണെങ്കിലും, ശാസ്ത്രസമൂഹം ഇത് ചെവിക്കൊള്ളാൻ തയ്യാറല്ല. ഐക്യരാഷ്ട്രസഭയും ലോക സമുദ്രഗവേഷകരുമൊക്കെ ഇത്തരം തദ്ദേശീയമായ അറിവുകളെ ഉൾക്കൊള്ളുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും സമുദ്ര സംരക്ഷണത്തിനുവേണ്ടിയും ഇത്തരം അറിവുകളുടെ സ്രോതസുകളെ പരസ്പരം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നമ്മുടെ ശാസ്ത്ര സമൂഹം ഈ വിമുഖത തുടരുന്നത്. നമ്മുടെ ശാസ്ത്ര സമൂഹം മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളാൻ തയ്യാറല്ല. ഈയിടെയായി ചില ഉൾക്കൊള്ളൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പങ്കാളിത്ത രീതിയിൽ, തദ്ദേശീയരായ ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച്, ഇൻക്ലൂസിവ് ആയി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാർക്ക് പലപ്പോഴും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ ഇന്ന് നിലവിലുണ്ട്. ഈ ശാസ്ത്രജ്ഞർക്ക് നാം നമ്മുടെ പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്.
ഓഖി, ടൗട്ടേ തുടങ്ങിയ ചുഴലിക്കാറ്റുകൾ പ്രവചിക്കുന്നതിൽ നമ്മുടെ ഔദ്യോദിക സ്ഥാപനങ്ങൾക്ക് പരിമിതികൾ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നമ്മുടെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നുണ്ടോ? എന്തെല്ലാമാണ് ഇക്കാര്യത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രശ്ങ്ങൾ?
നമ്മളുടെ സ്ഥാപനങ്ങൾ അനാവശ്യമായി പലപ്പോഴും അപായ മുന്നറിയിപ്പുകൾ കൊടുക്കുന്നുണ്ട്. ഓഖിക്കു ശേഷം സംഭവിച്ചത് എവിടെ കാറ്റടിച്ചാലും നമ്മുടെ മത്സ്യത്തൊഴിലാളികൾ കരയിലിരിക്കേണ്ട അവസ്ഥയിലായി എന്നതാണ്. IMD യുടെ പ്രവചനം കേരളത്തെ മൊത്തം ഒരു യൂണിറ്റായി എടുത്തുകൊണ്ടുള്ളതാണ്. എന്നാൽ കേരളത്തിൽ മൊത്തമായല്ല പ്രവചനം ബാധിക്കുക. ഒരു വെതർ ഇവന്റ് സംഭവിക്കുന്നത് ഒരു പ്രദേശത്തു മാത്രമാണ്. ഒരു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ അവിടെ നിന്ന് കടലിനുള്ളിലോട്ട് 60 കിലോമീറ്ററും, കടലിന് സമാന്തരമായി 60 കിലോമീറ്ററുമാണ് സഞ്ചരിക്കുന്നത് എന്ന് വയ്ക്കുക. അവിടെ എന്ത് സംഭവിക്കും എന്നതാണ് അവരെ സംബന്ധിച്ച് പ്രധാനം. അവിടെ പ്രശ്നമുണ്ടെങ്കിൽ മാത്രം അവർ കരയിലിരുന്നാൽ മതിയല്ലോ. കേരളത്തെ മൊത്തം ഒരു യൂണിറ്റായി പ്രവചനം നടത്തുമ്പോൾ കാസർഗോഡ് കാറ്റുണ്ടെങ്കിലും തിരുവനന്തപുരത്തുള്ളവരും കരയിൽ ഇരിക്കേണ്ടി വരുന്നു. അതിനാൽ നമുക്കിവിടെ വേണ്ടത് ലൊക്കേഷൻ സ്പെസിഫിക് ആയ ഒരു പ്രവചന സംവിധാനമാണ്. അല്ലാതെയുള്ള പ്രവചനങ്ങൾ പലപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നില്ല. അതുപോലെ, ആവർത്തിച്ചുള്ള അപായ മുന്നറിയിപ്പുകൾ കേട്ട് പണിക്കു പോകാതിരുന്ന അതേദിവസം തന്നെ കടലിൽ ശാന്തമായ കാലാവസ്ഥ കാണുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് പ്രവചന സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. പ്രവചനത്തിന്റെ ഉപയോഗം എന്താണെന്ന് അടിസ്ഥാനപ്പെടുത്തിയാവണം അത് രൂപകൽപന ചെയ്യേണ്ടത്. കാലാവസ്ഥ മത്സ്യത്തൊഴിലാളികളെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് പ്രവചനം കൂടുതൽ ഉപയോഗപ്രദമാകുക. കട്ടമരം, വള്ളം, ഔട്‍ബോർഡ് എഞ്ചിൻ എന്നിങ്ങനെ യാനത്തിന്റെ സവിശേഷത അനുസരിച്ചാണ് ഓരോ കാറ്റുകളുടെയും വേഗം പ്രശ്നമാകുക. ഉദാഹരണത്തിന് കച്ചാൻ കാറ്റ് എന്ന് മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന നോർത്ത്-വെസ്റ്റ് ദിശയിൽ നിന്ന് വരുന്ന കാറ്റ് മണിക്കൂറിൽ മുപ്പത്തഞ്ചു മുതൽ നാൽപതു വരെ വേഗത്തിൽ വന്നാലും മത്സ്യത്തൊഴിലാളികൾക്ക് പ്രശനമാകുന്നില്ല. എന്നാൽ വാട കാറ്റെന്ന് പറയുന്ന, തെക്ക് ഭാഗത്ത് നിന്നും വീശുന്ന കാറ്റ് 20 കിലോമീറ്ററിനപ്പുറം വീശിയാലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. യാനങ്ങളുടെ പ്രത്യേകത അനുസരിച്ചും, കാറ്റുകളുടെ ദിശ അനുസരിച്ചുമാണ് മത്സ്യബന്ധനം സാധ്യമാണോ, അപകടത്തിന് സാധ്യതതയുണ്ടോ എന്നെല്ലാം തീരുമാനിക്കാനാകുക. വിവരങ്ങളുടെ കൃത്യതക്കൊപ്പം തന്നെ കാലാവസ്ഥാ വിവരങ്ങൾ കടൽപ്പണിക്കാരിലേക്ക് എത്തുന്ന സ്രോതസുകളും സമയവും കൂടി അവർക്ക് അതിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലാവണം. ഓരോ മത്സ്യ ഗ്രാമങ്ങളിലും അവരുടെ പ്രദേശത്തിന് അനുയോജ്യമായ, കൃത്യമായി കാലാവസ്ഥ വിവരങ്ങൾ നൽകുന്ന സ്റ്റേഷനുകൾ ഉണ്ടാവണം. കടുകട്ടി ഭാഷയ്ക്കപ്പുറം അവർക്ക് മനസിലാകുന്ന തരത്തിൽ ഉള്ളതാവണം അറിയിപ്പുകൾ. നമ്മുടെ കാലാവസ്ഥാ പ്രവചനസംവിധാനങ്ങൾ അപായ സാഹചര്യങ്ങൾ ഇല്ലെങ്കിൽ പോലും മത്സ്യത്തൊഴിലാളികളെ പലപ്പോഴും നിർബന്ധിച്ച് കരയിലിരുത്തുകയാണ്. ഞങ്ങൾ ഇനി പറഞ്ഞില്ലെന്ന് പറയരുതല്ലോ എന്ന മട്ടിൽ. എന്നാലോ അപകട സാഹചര്യങ്ങൾ ഉള്ളപ്പോൾ അത് കൃത്യമായി അറിയിക്കാനും അവർക്ക് കഴിയുന്നില്ല . ടൗട്ടെ ചുഴലിക്കാറ്റ് സംഭവിക്കുമ്പോൾ കേരളത്തെ ബാധിക്കില്ല സുരക്ഷിതമായി കടൽപ്പണിയ്ക്ക് പോകാം എന്ന് അറിയിപ്പ് നൽകിയ ദിവസങ്ങളിൽ തന്നെയാണ് വിഴിഞ്ഞത്തെ കടൽപ്പണിക്കാർക്ക് ചുഴലിക്കാറ്റിൽപ്പെട്ട് അപകടം സംഭവിക്കുന്നത്. കാലാവസ്ഥാ പ്രവചനം മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് പിന്തുണ കൊടുക്കുന്ന തരത്തിലായിരിക്കണം.
ഇത്രയും ലൊക്കേഷൻ സ്പെസിഫിക് ആയി പ്രവചന സംവിധാനങ്ങൾ മാറ്റുക എന്നത് സാധ്യമാണോ?
അതിന് വേണ്ടത് പങ്കാളിത്ത മനോഭാവമാണ്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും സസക്സ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തുന്ന പഠനത്തിൽ -“കോ-പ്രൊഡക്ഷൻ ഓഫ് വെതർ നോളജ്”, മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് പ്രവചനം നടത്തുകയാണ് ഞങ്ങൾ ചെയ്യുന്നത്. അത് താഴെനിന്നും മുകളിലേക്കുള്ള ഒരു സമീപനമാണ് മുന്നോട്ടുവക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് എന്ത് തരത്തിലുള്ള വിവരങ്ങളാണോ വേണ്ടത് അത് നമ്മൾ നൽകുന്നു. നമുക്ക് വലിയൊരു വെതർ ഫോർകാസ്റ്റിംഗ് പാറ്റേൺ ലഭിച്ചാൽ, അത് ഓരോ പ്രദേശത്തിനും അനുസരിച്ച് ഫ്രാഗ്മെന്റ് ആയി ഉപവിഭജനം നടത്തി താഴെക്കിടയിലുള്ള മത്സ്യത്തൊഴിലാളികളിൽ എത്തിക്കുന്നു. ഒപ്പം അവരുടെ അറിവും പ്രതികരണങ്ങളും ശേഖരിച്ച് ഈ പ്രവചനരീതി കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. അതുപോലെ മൽസ്യത്തൊഴിലാളികൾക്കും പ്രവചന സംവിധാനങ്ങൾക്കും ഇടയിൽനിന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗത്തിന്റെ കുറവ് ഇന്നുണ്ട്. സാങ്കേതികപദങ്ങൾ, കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവ മൽസ്യത്തൊഴിലാളികൾക്ക് വിശദീകരിച്ചു നൽകുന്ന ചെറു യൂണിറ്റുകൾ ഇവിടെ ഉണ്ടാകണം. ഇതിൽ മത-സാമുദായിക കൂട്ടായ്‌മകൾ, തൊഴിലാളി കൂട്ടായ്മകൾ,തുടങ്ങി പ്രാദേശിക സമൂഹങ്ങളുടെ സഹായം കിട്ടേണ്ടതുണ്ട്.
സാങ്കേതികമായി എന്തൊക്കെ മാറ്റങ്ങളാണ് കാലാവസ്ഥാ പ്രവചന സംവിധാനത്തിൽ ഉണ്ടാകേണ്ടത്?
നിലവിൽ നമ്മുടെ ഔദ്യോഗിക കാലാവസ്ഥ പ്രവചനത്തിന്റെ ഫീഡർ ഡാറ്റകളെല്ലാം ശേഖരിക്കുന്നത് കരയിൽ നിന്നുമാണ്. കടലിൽ നമുക്ക് ഒരു വെതർ സ്റ്റേഷൻ പോലും ഇല്ല. കടലിൽ എത്ര കാറ്റ് ലഭിച്ചു, മഴ ലഭിച്ചു എന്നിവയൊന്നും അറിയുക സാധ്യമല്ല. കടലിൽനിന്നുമുള്ള ഡാറ്റകളും നമുക്ക് ആവശ്യമാണ്. നമ്മൾ പ്രവചിച്ച ഇവന്റ് കടലിൽ സംഭവിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയണം. പ്രവചനങ്ങളും റിയൽ ഇവന്റുകളും തമ്മിൽ എത്രത്തോളം വ്യത്യാസം ഉണ്ടെന്ന് മനസിലാക്കണം . അങ്ങനെ ചെയ്യുകയാണെങ്കിൽ പ്രവചനത്തിലെ പിഴവ് പരിഹരിക്കാൻ നമുക്ക് സാധിക്കും. വിദേശരാജ്യങ്ങളിലെല്ലാം തന്നെ വിൻഡ് മെഷീനുകളും, കടലിൽ വെതർ സ്റ്റേഷനുകളും ഉണ്ട്. ഇവിടെ നമുക്ക് അത്തരം സംവിധാനങ്ങൾ ഇല്ല. കടലിൽ നിന്നും ഡാറ്റ ലഭിക്കുന്ന രീതിയിൽ ഫീഡർ ടവറുകളും നിർമ്മിക്കേണ്ടതുണ്ട്. അതോടൊപ്പം കടലിൽ പോകുന്നവരുടെ അനുഭവസമ്പത്തു പരിഗണിക്കുകയും അവരുടെ അറിവുകൾ കൂടി ഉൾപ്പെടുത്തി സംവിധാനങ്ങളിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടാകണം.
വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന്റെ നിർമ്മാണം കടലിലെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ടല്ലോ. താങ്കൾ ഉൾപ്പെടുന്ന പഠനസംഘം ഇത് കൃത്യമായി വിലയിരുത്തിയിട്ടുമുണ്ട്. എന്താണ് അദാനി പോർട്ട് അവശേഷിപ്പിക്കുന്ന നാശം?
ഏഷ്യയിലെ തന്നെ ഏറ്റവും ജൈവവൈവിധ്യസമ്പന്നമായ ഒരു പ്രദേശത്താണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മിക്കുന്നത്. മുല്ലൂർ മുതൽ കോവളം വരെയുള്ള കടലിന്റെ ഭാഗം അതീവ പ്രാധാന്യം നിറഞ്ഞതാണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിൽ ഈ പ്രദേശത്ത് മതിയായ ജൈവവൈവിധ്യം ഇല്ല എന്നാണ് എഴുതി വച്ചിരിക്കുന്നത്. എന്നാൽ കാലങ്ങളായി അവിടെ മീൻപിടുത്തം നടത്തുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത് ഇത്രയും സമ്പന്നമായ പ്രദേശം വേറെയില്ല എന്നാണ്. അവിടെ കടലിന്റെ അടിത്തട്ടിൽ (under -water) നടത്തിയ പഠനങ്ങളിൽ അപൂർവ്വ ജീവജാലങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി മത്സ്യത്തൊഴിലാളികൾ ചിപ്പികൾ ശേഖരിക്കുന്ന, പാരുകളിൽ ജീവിക്കുന്ന, അതുപോലെതന്നെ റോക്കി-റീഫ് നോട് ചേർന്ന് ജീവിക്കുന്ന, ചലിക്കാൻ കഴിയാത്തതടക്കമുള്ള ജീവികൾ അധിവസിക്കുന്ന വലിയൊരു വിഭാഗം സ്ഥലം മുഴുവനായും ഇടിച്ചു നിരത്തിക്കൊണ്ടാണ് പദ്ധതിയുടെ നിർമാണം നടക്കുന്നത്.
2013 ഏപ്രിലിൽ ഇന്ത്യൻ ജേർണൽ ഓഫ് ജിയോ മറൈൻ സയൻസിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തിൽ ഗവേഷകരായ എ. ബിജുകുമാർ, ആർ. രവിനേഷ് എന്നിവരുടെ പഠനങ്ങൾ ഈ പ്രദേശത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്. വിഴിഞ്ഞത്തുള്ളത് (ഇന്റർ ടൈഡൽ) വേലിത്തട്ട് മേഖലയാണ്. ഈ പഠനത്തിൽ പ്രദേശത്തുനിന്ന് 147 സ്പീഷീസുകളെ രേഖപ്പെടുത്തി. അവയിൽ 32 തരം കടൽസസ്യങ്ങൾ (sea weeds), 11 തരം സ്പോഞ്ചുകൾ (ചലനശേഷിയില്ലാത്ത കടൽജീവികൾ), ആറുതരം സൈലൻററേറ്റ്സ് (celenteates), 2 തരം ബ്രയോസോവൻസ് (bryozoans ), 31 തരം കടൽ ഒച്ചുകൾ (molluses), ഏഴു കടൽ വിരകൾ (annelids), ചളിയിൽ കാണുന്ന രണ്ടുതരം വിരകൾ (sipunculids), ഐസോപൊഡുകൾ (Isopods), ആംഫി പോഡ്സ് എന്നറിയപ്പെടുന്ന കൊഞ്ചിനു സമാനമായ ശരീര പ്രകൃതിയുള്ള 12 ഇനം ജീവികൾ (ആംഫിപോഡ്സ് ), ഒച്ചിനെപ്പോലെ പുറന്തോടുള്ള തരം ഞണ്ട് ഒരിനം (hermit crab), മറ്റു 12 തരം കടൽ ഞണ്ടുകൾ (brachyuran crabs), 12 ഇനം കൊഞ്ചുകൾ (alpheid shrimps) തുടങ്ങിയവയുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി മുല്ലൂർ കടൽ തുരക്കൽ ആരംഭിച്ചപ്പോൾ ആ ഭാഗത്തുണ്ടായിരുന്ന കക്കവർഗത്തിലെ മുഴുവൻ ജീവിവർഗവും ചത്തടിഞ്ഞതായും ഈ പഠനം പറയുന്നു. ഒരു വർഷം കൊണ്ട് മുല്ലൂരിലെ കടലിൽ നിന്നും ഡ്രഡ്ജിംഗ് മൂലം അപ്രത്യക്ഷമായത് സെബല്ലാരിഡേ വർഗ്ഗത്തിൽപ്പെട്ട അപൂർവ്വയിനം കടൽജീവികളുടെ കോളനിയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവിന്റെ പശ്ചാത്തലത്തിൽ ഈ പാരുകളിൽ നിന്ന് ഇന്ത്യയിലെ തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കടലൊച്ചുകൾ അടക്കമുള്ള അപൂർവയിനം ജീവജാലങ്ങളെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് 2016 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
കോഴിപ്പാറ പാര്, മാടൻ പാര്, പനവിളക്കോട് കല്ല്, പറയൻ കല്ല്, നെരുവ് കല്ല്, കുളത്തുകൽപാര്, ചാരുപാറ കല്ല്, ആവണങ്ക്, ആനക്കല്ല്, നെടിയ കല്ല്, കുരങ്ങു കല്ല്,പെരുങ്കല്ല്, വലയിടിച്ചാൻ കല്ല്, ആഴിമല പാര് എന്നിങ്ങനെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി നികത്തപ്പെട്ടത് കടലിലെ ഒട്ടനവധി പാരുകളാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഡ്രഡ്ജിംഗ് ആരംഭിച്ച ശേഷം ഈ മേഖലയിൽ പതിവായി ലഭിച്ചുകൊണ്ടിരുന്ന കിളിമീൻ, കലവ പോലുള്ള മത്സ്യങ്ങൾ കാണാനില്ലെന്നും മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. നിരവധി തൊഴിലാളികളുടെ വരുമാന മാർഗം കൂടിയായിരുന്നു ചിപ്പി ശേഖരിക്കലും വിപണനവും. കേരളത്തിലെ തന്നെ ഏറ്റവും വലിയ ചിപ്പി പ്രദേശങ്ങളെ ചാവുനിലങ്ങളായി മാറ്റിക്കൊണ്ടാണ് ഇപ്പോൾ തുറമുഖ നിർമ്മാണം നടക്കുന്നത്. മറ്റൊരു പ്രശനം പദ്ധതിയുടെ തെക്കുഭാഗം കപ്പൽ ചാലുകളായി മാറുന്നതിനാൽ, ട്രോളിങ്ങ് ബോട്ടുകൾക്ക് സമാനമായി ഇവ കടലിന്റെ അടിത്തട്ട് ഇളക്കി മറിക്കുമെന്നതാണ്. ഈ പ്രവർത്തനവും ഈ ജീവജാലങ്ങളുടെ നാശത്തിനു വഴിവക്കും. മറ്റൊരു കാര്യം പദ്ധതിക്ക് തെക്കു ഭാഗത്തു ഉണ്ടാകുന്ന തീരനഷ്ടമാണ്. ഈ തീരനഷ്ടം മൂലവും ജൈവസമ്പത്തിന് നാശം ഉണ്ടാകുന്നു.
നഷ്ടമാകുന്ന ഈ ജൈവവൈവിധ്യം നമ്മുടെ ഔദ്യോദിക സംവിധാനങ്ങൾ ഡോക്യുമെന്റ് ചെയ്യാനെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
ഈ ജൈവവൈവിധ്യം വേണ്ടത്ര റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ചില പഠനങ്ങൾ നടന്നിട്ടുണ്ട്. റോക്കി റീഫ്മായി ബന്ധപ്പെട്ട ജീവജാലങ്ങളെ പറ്റി CMFRI ഒരു പഠനം നടത്തിയിട്ടുണ്ട്. ഇവിടെ ഇത്രയും സമ്പന്നമായ ജൈവവൈവിധ്യമുണ്ടെന്ന് കണ്ടെത്തിയത് ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് ആണ്. കേരളാ യൂണിവേഴ്‌സിറ്റി അക്വാട്ടിക് ആൻഡ് ഫിഷറീസ് വിഭാഗത്തിൻറെ നേതൃത്വത്തിലും ഈ മേഖലയിൽ പഠനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇവയെല്ലാം ഇപ്പോഴും പൂർണ്ണമല്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി നടത്തിയ EIA റിപ്പോർട്ട് ആണെങ്കിൽ പദ്ധതിക്ക് തടസമുണ്ടാകാതിരിക്കാൻ വേണ്ടി കൃത്യമായി ജൈവവൈവിധ്യം റിപ്പോർട്ട് ചെയ്യാതെ നിർമ്മിച്ചെടുത്തിട്ടുള്ളതാണ്. ഇവിടെയാണ് ഞാൻ നേരത്തെ സൂചിപ്പിച്ച അടിസ്ഥാന പഠനങ്ങളുടെ അഭാവം പ്രശ്‌നമാകുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഭരണാധികാരികൾക്കും നയരൂപീകരണത്തിൽ പങ്കുവഹിക്കുന്നവർക്കും എളുപ്പമാണ്. കൃത്യമായ വിവരങ്ങൾ (ഡാറ്റ ) ഇല്ലാത്തതിനാൽ, വികസനത്തിന് അനുകൂലമായ പഠനങ്ങൾ എളുപ്പത്തിൽ സൃഷ്ടിച്ചെടുക്കാൻ സാധിക്കും. അതിനാൽ തന്നെ പദ്ധതിക്ക് ശേഷം ആ ആവാസവ്യവസ്ഥയിൽ വന്ന മാറ്റങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കാനുള്ള സാധ്യതയും നമുക്കില്ലാതാകുന്നു.
വിഴിഞ്ഞം വെഡ്ജ് ബാങ്കിനെയും ഈ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു? എന്തൊക്കെയാണ് ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ?
ഈ മേഖലയിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്ന പ്രധാന ഇടമാണ് വിഴിഞ്ഞം കടൽ പ്രദേശത്തെ വെഡ്ജ് ബാങ്ക്. അതിൽ നിന്ന് വരുന്ന പോഷകങ്ങൾ, ഫൈറ്റോപ്ലാങ്ക്റ്റൻസ്, മറ്റു ജീവജാലങ്ങൾ എന്നിവയാണ് ഈ മേഖലയെ സമ്പന്നമാക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ബ്രേക് വാട്ടർ നിർമ്മാണ സ്ഥലത്ത് നിന്നും 45 മുതൽ 60 കിലോമീറ്റർ ദൂരത്തിലും വിസ്തൃതിയിലും സ്ഥിതി ചെയ്യുന്ന പവിഴപുറ്റുകളുടെയും, മറ്റു ആഴക്കടൽ മത്സ്യജീവികളുടെയും ഒടുങ്ങാത്ത കലവറയാണ് വിഴിഞ്ഞം വെഡ്ജ് ബാങ്ക്. 200 ൽ അധികം അപൂർവമായ മത്സ്യങ്ങളുടെയും 60 ൽ അധികം സമുദ്ര അലങ്കാര മത്സ്യങ്ങളുടെയും ആവാസ സ്ഥലവും പ്രജനന കേന്ദ്രവുമാണിത്. സമുദ്ര ജീവജാല സമ്പത്തിന്റെ, ജൈവവൈവിധ്യത്തിന്റെ അപൂർവ്വതകളിൽ ഒന്നായ ഇത്തരം മേഖലകൾ ഭൂമിയിലാകെ ഉള്ളത് 20 എണ്ണം മാത്രമാണ്. വെഡ്ജ് ബാങ്കിന്റെ സ്വാധീനം കാരണമാണ് കേരളത്തിന്റെ പടിഞ്ഞാറൻ തീരം മത്തി, ചൂര, സ്രാവ് തുടങ്ങിയ നിരവധി മത്സ്യങ്ങളുടെ വറ്റാത്ത കലവറയായി ഇത്രകാലം നിലകൊണ്ടത്. നമ്മുടെ പടിഞ്ഞാറൻ തീരത്തെ മത്സ്യസമ്പത്തും വരുംകാലങ്ങളിലെ അതിന്റെ ലഭ്യതയും ഈ വെഡ്ജ് ബാങ്കിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് വേണ്ടി നാം നൽകുന്ന അതേ ഊർജവും സമയവും ഈ വെഡ്ജ് ബാങ്കിന്റെ സംരക്ഷണത്തിനും നൽകേണ്ടതുണ്ട്.