ഹിന്ദുത്വത്തോട് സന്ധി ചെയ്ത് ക്വിയർ വിമോചനം സാധ്യമല്ല!

“There is no thing as a single-issue struggle because we do not live single-issue lives.”- Audre Lorde

ഹിന്ദുത്വ ഭരണകൂടം വിവാഹതുല്യതയ്ക്കായുള്ള നിയമപോരാട്ടത്തോട് മുഖം തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലായി ഭരണകൂടം സ്വീകരിച്ചുപോരുന്ന ക്വിയർ സൗഹാർദ്ധപരമായ മുഖംമൂടി പല സന്ദർഭങ്ങളിലായി അഴിഞ്ഞുവീണിട്ടുണ്ട്. ഇന്ത്യയിൽ മുഖ്യധാരാ ക്വിയർ പ്രസ്ഥാനങ്ങൾ എങ്ങനെയാണ് ഭരണകൂടവുമായി സന്ധിയിലേർപ്പെട്ട് ഹിന്ദുത്വ ദേശഭാവനയിലെ ‘നല്ല’ പ്രജകളായി തീരുന്നതെന്നും ഈ ഉൾച്ചേരലിനകത്തെ വൈരുധ്യങ്ങളും വിശദമായ പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യൻ സാഹചര്യത്തിൽ ക്വിയർ മുന്നേറ്റങ്ങളെ എപ്രകാരമാണ് ഹിന്ദുത്വം സ്വാംശീകരിക്കുന്നതെന്ന വായനകളുണ്ടായിട്ടുണ്ട്. ഹിന്ദുത്വത്തോടും മുതലാളിത്തത്തോടും കൂറുകാട്ടിയാണ് ‘മുഖ്യധാര’ ക്വിയർ മുന്നേറ്റം നീങ്ങിയിട്ടുള്ളത്. പല ഘട്ടങ്ങളിലും അങ്ങേയറ്റം അരാഷ്ട്രീയവും വലതുപക്ഷ സ്വഭാവമുള്ളതുമായ നിലപാടുകളുടെ പേരിൽ ക്വിയർ മുന്നേറ്റം വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ജീവശാസ്ത്രപരമായ സത്താവാദമാണ് ക്വിയർ മൂവ്മെന്റ് പലപ്പോഴും പിൻപറ്റിക്കൊണ്ടിരിക്കുന്നത്. ഇത് LGBTIQA+ സ്പെക്ട്രത്തിലെ വ്യക്തികളുടെ സവിശേഷമായ പ്രശ്‌നങ്ങളെ വിശദീകരിക്കാൻ പര്യാപ്‌തമായിരുന്നില്ല. ജാതി, വർഗ്ഗനില, മതം തുടങ്ങിയ സാമൂഹിക സ്വാധീനങ്ങളെ ചർച്ചയിൽ നിന്ന് ഒഴിച്ചുനിർത്താനാണ് സത്താവാദം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത്. ഇതിന്റെ ഫലമായി ക്വിയർ മുന്നേറ്റം മേൽ ജാതി ഹിന്ദു-സിസ്-ഏബ്ളിസ്റ്റ് പുരുഷന് മേൽക്കൈയുള്ള സ്ഥലമായി ചുരുങ്ങുകയുമുണ്ടായി. ഇന്ത്യയിൽ ക്വിയർ മുന്നേറ്റത്തിന്റെ മുഖമായി പ്രത്യക്ഷപ്പെടുന്നത് ഹിന്ദുത്വ ഭരണകൂടത്തിനേറെ പ്രിയപ്പെട്ട അശോക് റോ കവിയും ലക്ഷ്മി നാരായൺ ത്രിപാഠിയുമൊക്കെയാണ്.

2018 ലെ ഡൽഹി ക്വിയർ പ്രൈഡിൽ നിന്നും കടപ്പാട് : swarajyamag.com

ഈ ലേഖനത്തിലൂടെ പ്രധാനമായും ക്വിയർ മുന്നേറ്റത്തിനകത്തെ അരാഷ്ട്രീയതയും കാവിവത്കരണവും ചർച്ചയ്ക്കെടുക്കുന്നു. ചില പ്രത്യേക സന്ദർഭങ്ങളെ മുൻനിർത്തിയാണ് ലേഖനം അതിന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. വളരെ ഏകപക്ഷീയമായ ഒരു വായനയായി ഇത് മാറാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദുത്വവത്കരണത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ തീർച്ചയായും ക്വിയർ കമ്യൂണിറ്റിയ്ക്കകത്ത് നിന്നും ഉയരുന്നുണ്ട്. ക്വിയർ കമ്യൂണിറ്റി ഒറ്റ സ്വഭാവമുള്ളതല്ല. അതിനകമേ പല കൈവഴികളുമുണ്ട്. വിശാലമായ അർത്ഥത്തിൽ, ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാരയോടും ക്വിയർ മുന്നേറ്റത്തിന്റെ മുഖമായി ഇന്ത്യൻ സാഹചര്യത്തിൽ ഉയർന്നുവരുന്ന മേൽ ജാതി ഹിന്ദു-വലതുപക്ഷ നേതൃത്വത്തോടും അവരുടെ വംശീയ-ജാതിഹിന്ദുബോധത്തോടുമുള്ള വിമർശനമായി ഈ ലേഖനം നിലനിൽക്കുന്നു.

ക്വിയർ ഹിന്ദുത്വവും ‘ഹിന്ദു’ സ്വാഭിമാനവും

ക്വിയർ വളരെ രാഷ്ട്രീയ മൂല്യമുള്ള ഒരു പദമായാണ് മനസ്സിലാക്കപ്പെടുന്നത്. ഒരുതരം അനിശ്ചിതത്വം നിരന്തരം ഉൽപ്പാദിപ്പിക്കുകയും ഭിന്നവർഗ്ഗലൈംഗികകേന്ദ്രിതമായ അധീശ ഘടനകളെ പ്രശ്നവത്കരിക്കുകയും ചെയ്യുന്ന ഒരു സാന്നിധ്യമാണ് ക്വിയർ. പലപ്പോഴും കൃത്യമായ ഒരു നിർവചനത്തിന് വഴങ്ങാത്ത സംഗതിയുമാണ് അത്. പൊതുവേ LGBTIQA+ വിഭാഗങ്ങളെയാകെ കുറിക്കുന്ന ഒരു കുടവാക്കായാണ് ക്വിയറിനെ വിശദീകരിക്കാറുള്ളത്. ഇത് വളരെ പരിമിതമായ ഒരു നിർവചനമാണ്. വ്യാപകമായ അർത്ഥത്തിൽ ഭിന്നവർഗ്ഗലൈംഗികാധീശത്വത്തെ ചോദ്യം ചെയ്യുന്ന എന്തിനെയും, ഏതിനെയും ക്വിയറായി തിരിച്ചറിയാവുന്നതാണ്. യൂറോപ്പിൽ ലിംഗത്വ-ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളുടെ ആദ്യ ഘട്ടങ്ങളിൽ GLBT തുടങ്ങിയ ഐഡന്റിറ്റികളെ മാത്രമാണ് പരിഗണിച്ചിരുന്നത്. തൊണ്ണൂറുകളോടെ കുറേക്കൂടി ശക്തവും രാഷ്ട്രീയവത്കരിക്കപ്പെട്ടതുമായ ആലോചനകൾ രൂപപ്പെടുകയുണ്ടായി. ഇതോടെയാണ് ‘ക്വിയർ’ എന്ന ഒരു സംജ്ഞ രാഷ്ട്രീയമായ ഊന്നലുകളോടെ ഏറ്റെടുക്കപ്പെടുന്നത്. മറ്റൊരർത്ഥത്തിൽ  LGBTIQ+ ലേബലുകളോടുള്ള വിമർശനമാണ് ‘ക്വിയർ’ എന്ന ആശയത്തെ രൂപപ്പെടുത്തുന്നത്.

2017 ലെ ഡൽഹി ക്വിയർ പ്രൈഡിൽ നിന്നും. കടപ്പാട് : scroll.in

‘ക്വിയർ’ ജീവശാസ്ത്രപരമായ വർഗ്ഗീകരണ യുക്തികളോടും സത്താവാദത്തോടും ഒരു തരത്തിലും യോജിപ്പിലല്ല.  ഇന്ത്യയിലാകട്ടെ ആദ്യ ഘട്ടം മുതൽക്കേ സത്താവാദത്തെയാണ് ക്വിയർ മുന്നേറ്റം പിൻപറ്റിയത്. ഇതിന്റെ സ്വാഭാവിക പരിണിതിയെന്നോണം ലിംഗത്വ-ലൈംഗിക ന്യൂനപക്ഷങ്ങളെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ ഒറ്റപ്പെട്ടതും ജീവശാസ്ത്രപരമായ വിശദീകരണങ്ങളിൽ തളച്ചിടേണ്ടതുമാണെന്ന ധാരണ പരക്കെ വ്യാപിക്കുകയുണ്ടായി. ഇന്ത്യയിൽ ജാതിയെയും മറ്റും പുറത്ത് നിർത്തിയാണ് ഈ ചർച്ചകൾ വികസിച്ചത്. ആദ്യ ഘട്ടം മുതൽക്കേ ഐ.പി.സി 377-നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളടക്കം വർഗ്ഗനിലയിലും ജാതിപദവിയിലും ഉയർന്ന ക്വിയർ വ്യക്തികൾക്ക് മാത്രം ഉപകാരപ്പെടുന്ന തരത്തിലായിരുന്നു മുന്നോട്ടുപോയത്.

ഈയിടെ ട്രാൻസ് വ്യക്തികളുടെ സംവരണവുമായി ഉയർന്നുവന്ന ചർച്ച ‘ജാതി’ സങ്കീർണ്ണതകളെ എത്ര വിദഗ്ധമായി ഒളിച്ചുവെച്ചാണ് ഹിന്ദുഭരണകൂടം ട്രാൻസ്ജെൻഡർ സൗഹാർദ്ദ അന്തരീക്ഷമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്നതെന്ന് വെളിപ്പെടുത്തുകയുണ്ടായി. ട്രാൻസ് വ്യക്തികൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള നടപടി ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് ഗ്രെസ് ബാനുവിനെപ്പോലെയുള്ള ദളിത് ട്രാൻസ് വ്യക്തികൾ വ്യക്തമാക്കി; “ഞങ്ങൾ എല്ലാവരും ഒ.ബി.സി വിഭാഗക്കാരല്ല. ഞങ്ങൾക്ക് വ്യത്യസ്ത ജാതി പശ്ചാത്തലങ്ങളുണ്ട്, ഞങ്ങളിൽ പലരും സ്വന്തം കമ്മ്യൂണിറ്റിയ്ക്കകത്തും ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾ നേരിടുന്നുണ്ട്”, ട്രാൻസ് റൈറ്റ്‌സ് നൗ കളക്ടീവിന്റെ സ്ഥാപകയും ഡയറക്ടറുമായ ഗ്രേസ് ബാനു പറയുന്നു. ട്രാൻസ് റൈറ്റ്‌സ് നൗ കളക്റ്റീവ് പോലുള്ള സംഘടനകൾ സ്ത്രീകൾക്കും ഡിസേബിൾഡ് മനുഷ്യർക്കും നൽകിവരുന്ന തരത്തിലുള്ള തിരശ്ചീനമായ സംവരണമാണ് ട്രാൻസ് വ്യക്തികൾക്കും വേണ്ടതെന്ന അഭിപ്രായമാണ് മുന്നോട്ട് വെയ്ക്കുന്നത്.

ഗ്രെസ് ബാനു. കടപ്പാട് : decentermag.com

സ്വവർഗ്ഗ ലൈംഗികതയുൾപ്പടെയുള്ള വിഷയങ്ങളിൽ ഹിന്ദുത്വ വലതുപക്ഷം സ്വീകരിച്ചുപോരുന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ പല രീതിയിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ സ്വവർഗ്ഗ ലൈംഗികത ഹിന്ദു സംസ്ക്കാരത്തിന് പുറമെയുള്ള ഒന്നാണെന്നും പാശ്ചാത്യ ഇറക്കുമതിയാണ് എന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. 2018-ലെ ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്തുവന്ന സുപ്രീംകോടതി വിധിയെ തുടർന്ന് നിലപാടുകൾക്ക് ചില അയവുകളുണ്ടായി. ഈ മാറ്റങ്ങളൊന്നും പെട്ടന്ന് സംഭവിക്കുന്നതല്ല. രണ്ടായിരത്തി പതിനെട്ടിന് മുന്നേ തന്നെ ക്വിയർ വിഷയങ്ങളെ പല രീതിയിൽ ഏറ്റെടുക്കാൻ ഹിന്ദുത്വ വലതുപക്ഷം ശ്രമിക്കുന്നുണ്ട്. ഈ ഇടപെടലുകൾക്ക് പിന്നിൽ ക്വിയർ മുന്നേറ്റത്തിലെ മേൽ ജാതി ഹിന്ദു ക്വിയർ വ്യക്തികളുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. ഐ.പി.സി 377 റദ്ദ് ചെയപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്വിയർ വിമോചകനെന്ന മട്ടിൽ പല സവർണ്ണ ക്വിയർ വ്യക്തികളും കൊണ്ടാടുക പോലുമുണ്ടായി. ക്വിയർ മുന്നേറ്റത്തിന്റെ ഹിന്ദുത്വവത്കരണത്തെ സ്വാധീനിച്ച ചില ഘടകങ്ങൾ വിശദമായ വിശകലനം അർഹിക്കുന്നുണ്ട്. സാമാന്യമായി അവയെ സംഗ്രഹിക്കാൻ ശ്രമിക്കാം;

1) ജീവശാസ്ത്രപരമായ സത്താവാദം /പുരോഗമനപരത

സത്താവാദത്തോട് ചേർന്നുനിൽക്കുന്ന നിലപാടുകളാണ് ക്വിയർ രാഷ്ട്രീയം സ്വീകരിച്ചുപോരുന്നത്. ജീവശാസ്ത്രപരമായ സത്താവാദത്തോട് ചേർന്നുനിൽക്കാൻ നിർബന്ധിതമായതിനാൽ തന്നെ ശരീര സംബന്ധിയായ ചർച്ചകൾ അടഞ്ഞ സ്വഭാവം സൂക്ഷിക്കുന്നുണ്ട്. ശാസ്ത്രത്തെ കേന്ദ്രത്തിൽ നിർത്തിയുള്ള വാദങ്ങളാണ് പൊതുവേ ഈ വിഷയത്തിൽ അവതരിപ്പിക്കപ്പെടാറുള്ളത്. ശാസ്‌ത്രീയമായ വിശദീകരണങ്ങൾ നൽകുക, തെളിവുകൾ ഹാജരാക്കുക, തന്മകളെ സ്ഥിരവും നിശ്ചലവുമായി മനസ്സിലാക്കുക തുടങ്ങിയ പ്രവണതകളാണ് ഈ സമീപനത്തിൽ മുന്തി നിൽക്കുന്നത്. മനുഷ്യ കാമനകൾ കേവലമായ ശാസ്ത്ര യുക്തികളിൽ വിശദീകരിക്കാനാകുന്നതല്ല. സാമൂഹികവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ സ്വാധീനങ്ങൾ ഈ ചർച്ചകളിൽ നിന്നും പാടെ അവഗണിക്കപ്പെടുന്നു. എല്ലാ ക്വിയർ ശരീരങ്ങളും ഒരേ സ്വഭാവത്തിലുള്ള ചൂഷണം നേരിടുന്നുവെന്ന ന്യൂനീകരണം ഈ ചർച്ചകളുടെ ഫലമായി ഉയരുന്നത് സ്വാഭാവികമാണ്. ജാതീയവും മതപരവുമായ ചിതറിയ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ കേവലമായ സത്താവാദം ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും.

സത്താവാദത്തോട് ചേർന്ന് തന്നെ ക്വിയർ വിഷയത്തെ പുരോഗമനപരമായി അവതരിപ്പിക്കുന്ന രീതിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു പുരോഗമന വിഷയമെന്ന മട്ടിലാണ് ക്വിയർ വിഷയങ്ങൾ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. രണ്ട് പ്രശ്‌നങ്ങളാണ് ഈ സമീപനത്തിലുള്ളത്. ഒന്നാമതായി, ‘പുരോഗമനപരത’ ജാതി-മത-വർഗ്ഗ രഹിത വിഷയമായി ഈ ചർച്ചകളെ സ്ഥാപിച്ചെടുക്കുന്നു. രണ്ടാമതായി, ഹിന്ദുത്വ രാഷ്ട്രീയം പുരോഗമനപരത എന്ന ആശയത്തെ കൂടി ഉപയോഗപ്പെടുത്തിയാണ് അപര ശരീരങ്ങളെ ഉന്മൂലനം ചെയ്യുന്നത്. 370, മുതലാഖ്, ഹിജാബ് നിരോധനം തുടങ്ങി യൂണിഫോം സിവിൽ കോഡ് വരെയുള്ള ചർച്ചകളിൽ ഈ രീതി പ്രകടമാണ്. പുരോഗമനപരം ഒരു യാഥാസ്ഥിക പ്രതിപക്ഷത്തെ നിർമ്മിച്ചെടുക്കുന്നുണ്ട്. പുരോഗമന ചിന്തയെന്ന നിലയിൽ വിഷയത്തെ മനസ്സിലാക്കുന്നതിനോട് അനുബന്ധമായി പല മട്ടിലുള്ള പുറന്തള്ളൽ യുക്തികളും സന്നിഹിതമാകുന്നുണ്ട്. പ്രതി(ശത്രു)പക്ഷത്ത് ‘ഇസ്ലാ’മിനെ നിർത്താനൊക്കുന്നുവെന്നത് ഹിന്ദുത്വത്തിന് അവരുടെ പൊതുശത്രുവിനോടുള്ള വെറുപ്പിന് കുറേക്കൂടി സമ്മതി ക്വിയർ മനുഷ്യർക്കിടയിലാകമാനം നേടിയെടുക്കാൻ സഹായകരമാകുന്നുവെന്നതാണ് ഇതിലെയേറ്റവും വലിയ അപകടം.

2) അരാഷ്ട്രീയവത്കരണം + ആഘോഷപരത

രാഷ്ട്രീയമായി നിർവീര്യമാക്കപ്പെട്ട ഒരു കൂട്ടമായി ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാര ഇന്ത്യയിൽ മാറിക്കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം വേണ്ട എന്ന നിലപാട് ‘പുതിയ’ നേതൃത്വങ്ങൾ ശക്തമായി ഉയർത്തുന്നുണ്ട്.  ഈ അരാഷ്ട്രീയത ഹിന്ദുത്വത്തിന് വളക്കൂറുള്ള മണ്ണാണ്. ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാര എത്രത്തോളം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി 2020-ൽ Queer Azaadi Mumbai സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിനെയും, അതിനെ തുടർന്നുണ്ടായ സംഭവങ്ങളെയും മനസ്സിലാക്കാവുന്നതാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വലിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 2020-ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന മുംബൈ പ്രൈഡ് മാർച്ചിനുള്ള അനുമതി പൊലീസ് നിഷേധിച്ചതോടെയാണ് QAM ഒരു ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്.  പരിപാടിയിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും ട്രാൻസ് ബില്ലിനും എതിരെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. ശേഷം, QAM സംഘാടക സമിതി ഏതു വിധത്തിലാണ് ക്വിയർ മനുഷ്യരെ ഹിന്ദുത്വ ഭരണകൂടത്തിന് ഒറ്റികൊടുക്കുന്നതെന്ന കാഴ്ച്ച പലരെയും ഞെട്ടിച്ചുകളഞ്ഞു. ഷർജിൽ ഇമാമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്ന പേരിൽ ട്രാൻസായ ക്രിസ് ചുഡ്വാലയെ വളരെ എളുപ്പത്തിൽ തള്ളിപ്പറയാൻ QAM ന് സാധിച്ചു. ക്വിയർ പ്രൈഡ്  രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ലെന്ന വാദമാണ് സംഘാടകർ പ്രധാനമായും ഉന്നയിച്ചത്.

2020 ലെ മുംബൈ പ്രൈഡിൽ നിന്നും കടപ്പാട്: dreamstime.com

എല്ലാ വിധത്തിലും ഒപ്രസീവായ ഒരു ഭരണകൂടത്തിന്റെ ഒട്ടും നിഷ്‌കളങ്കമല്ലാത്ത പിന്തുണയ്ക്ക് വേണ്ടി ക്രിസുൾപ്പടെ അമ്പത് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള എല്ലാ പിന്തുണയുമവർ നൽകി. പ്രൈഡ് രാഷ്ട്രീയം കളിക്കേണ്ട ഇടമല്ലെന്ന വാദമാണ് സംഘാടകർ ഉയർത്തിയത്. രാഷ്ട്രീയം വേണ്ട എന്നതിലൂടെ ക്വിയർ മുന്നേറ്റം വലതുപക്ഷ രാഷ്ട്രീയം തന്നെയാണ് കൃത്യമായി ഒളിച്ചുകടത്തുന്നത്

3) വ്യക്തി / പ്രസ്ഥാനം

ക്വിയർ മുന്നേറ്റത്തിന്റെ അരാഷ്ട്രീയവത്കരണത്തിൽ വ്യക്തി കേന്ദ്ര വാദങ്ങൾക്ക് പങ്കുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവം കൈവിട്ട് വ്യക്തികളുടെ താൽപ്പര്യം സംരക്ഷിക്കുന്ന മട്ടിൽ ക്വിയർ രാഷ്ട്രീയം തരംതാണിട്ടുണ്ട്. ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിന്റെ മുഖമായി പ്രത്യക്ഷപ്പെടുന്നത് അശോക് റോ കവി, ലക്ഷ്മി നാരായൺ ത്രിപാഠി, മാനവെന്ദ്ര സിങ് ഗോയൽ, ഹരീഷ് അയ്യർ തുടങ്ങിയ ഒരു നീണ്ട നിരയാണ്. വലതുപക്ഷ ഹിന്ദുത്വതിനേറെ പ്രിയപ്പെട്ട പേരുകളാണ് ഇവയെല്ലാം.

വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള മഹത്വവത്കരണങ്ങളും ആഘോഷങ്ങളും ഒരുപാട് സങ്കീർണ്ണതകളെ ഉള്ളിൽ ഒളിപ്പിക്കുന്നുണ്ട്. വ്യക്തി ഒരു അടഞ്ഞ കാറ്റഗറിയാണ്. ഏത് വ്യക്തിയാണ് പൊതുബോധത്തിന് സ്വീകര്യമാകുന്നത് എന്ന ചോദ്യവും അഭിമുഖീകരിക്കേണ്ടതുണ്ട്. വ്യക്തി എന്ന പദവി എല്ലാ മനുഷ്യർക്കും ലഭ്യമല്ല. ക്വിയർ വ്യവഹാരമാകട്ടെ പൊതുബോധത്തിനും ഭൂരിപക്ഷ സദാചാരത്തിനും പ്രിയമുള്ള വ്യക്തികളെയാണ് പലപ്പോഴും കേന്ദ്രത്തിൽ നിർത്തുന്നത്. ഇതിന്റെ ഭാഗമായി പുതിയ മേൽ കീഴ് ബന്ധങ്ങൾ ഉണ്ടാകുന്നു. ഐ.പി.സി 377 നെ ചുറ്റിപ്പറ്റിയുള്ള ചർച്ചയും വിവാഹ തുല്യതയെ മുൻനിർത്തിയുള്ള ചർച്ചയും എങ്ങനെയാണ് നവ് തേജ് ജോഹറിലും മേനക ഗുരുസ്വാമിയിലും അരുന്ധതി കട്ജുവിലും കുടുങ്ങിക്കിടന്നതെന്നത് ഒരു ഉദാഹരണമാണ്.

ഒട്ടും ‘ആകർഷകമല്ലാത്ത’ എച്ച്.ഐ.വി.ബാധിതരായ മനുഷ്യരുടെയും ലൈംഗികതൊഴിലാളികളുടെയും പോരാട്ടങ്ങളെ ഒളിപ്പിച്ചുവെച്ച് മാന്യവും സ്വീകാര്യവുമായ ഒരു ചരിത്രം നിർമ്മിക്കാൻ ഈ വ്യവഹാരത്തിനായി. വ്യക്തിപരമായ നേട്ടങ്ങളും പ്രതീകാത്മകമായ ഉൾകൊള്ളലും ഒരു സമുദായമെന്ന നിലയിൽ ക്വിയർ മനുഷ്യരെ മൊത്തത്തിൽ രക്ഷിക്കുമെന്നത് ഒരു നുണയാണ്. ഇത്തരം മനസ്സിലാക്കലുകൾ സ്വത്വ രാഷ്ട്രീയത്തിന്റെ വലിയ പരിമിതികളിലൊന്നാണ്. ഒരു ആദിവാസി സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്നു. പക്ഷെ ആദിവാസികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു പഞ്ഞവുമില്ല. വ്യക്തികൾ നേടുന്ന നേട്ടങ്ങളെ അവമതിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. വ്യക്തികളുടെ കേവലമായ നേട്ടങ്ങളെ കവിയുന്ന ഉദ്ദേശങ്ങൾ പ്രസ്ഥാനത്തിനുണ്ടാകേണ്ടതുണ്ട്.

4) പുതിയ തരം ക്വിയർ കർതൃത്വങ്ങളുടെ പിറവി

പുതിയ ക്വിയർ കർതൃത്വങ്ങൾ ഹിന്ദുത്വ രാജ്യത്തെ പ്രജകളാകാൻ മൂല്യമുള്ള ശരീരങ്ങളാണ്. മുതലാളിത്തവും ഹിന്ദുത്വവും തമ്മിലുള്ള വിട്ടുവീഴ്ചകളെല്ലാം പുതിയ ക്വിയർ കർതൃത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിൽ ലൈംഗികതന്മയും ലിംഗതന്മയും തുറന്നുപറഞ്ഞ് മുഖ്യധാരയിൽ ഇടം പിടിക്കുന്ന ക്വിയർ മനുഷ്യർക്ക് ലഭ്യമായിട്ടുള്ള സാംസ്കാരിക മൂലധനത്തിന്റെ സ്വഭാവമെന്താണ് എന്ന് പരിശോധിക്കേണ്ടതാണ്. ജാതീയവും സാമ്പത്തികവുമായ സവിശേഷ അധികാരങ്ങൾ ഉള്ളവരാണ് ഏറെയും. ഈ ഉപരിവർഗ്ഗമാകട്ടെ ഹിന്ദുത്വം അനുവദിച്ചു കൊടുക്കുന്ന എല്ലാ തരം പ്രിവിലേജുകളുടെയും ഉപഭോക്താക്കളായിരിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.

2018 ലെ ഡൽഹി ക്വിയർ പ്രൈഡിൽ നിന്നും കടപ്പാട്: reddit.com

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന അർബനും വരേണ്യവുമായ ഒരു ക്വിയർ കർതൃത്വമാണ് ആദർശവത്കരിക്കപ്പെടുന്നത്. ഡിസേബിൾഡ്-ദലിത്-ആദിവാസി-ബഹുജൻ ശരീരങ്ങളെയെല്ലാം ഈ വ്യവഹാരം അദൃശ്യതയിൽ നിർത്തുന്നു. പ്രതിനിധാനത്തിന് വേണ്ടിയുള്ള ക്വിയർ മനുഷ്യരുടെ വാദം ഫലത്തിൽ നിർമ്മിച്ചെടുക്കുന്നത് പുതിയ തരം വാർപ്പുമാതൃകകളെയാണ്. ക്വിയർ ശരീരം എന്ന നിലയിൽ മുഖ്യധാരാ മാധ്യമങ്ങളിൽ യോഗ്യത നേടുന്ന ശരീരങ്ങൾ പുതിയ ക്വിയർ കർതൃത്വങ്ങളെ കുറിച്ചുള്ള സൂചന നൽകുന്നുണ്ട്.

മേൽ സൂചിപ്പിച്ച ഓരോന്നും പരസ്പരം പല നിലകളിൽ ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുത്വത്തിന് എപ്രകാരമാണ് ക്വിയർ മുന്നേറ്റത്തോട് വിനിമയങ്ങളിൽ ഏർപ്പെടാനാകുന്നതെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചത്.

ഹിന്ദു രാജ്യം | പ്രജ

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ പടുത്തിരിക്കുന്നത് അപര വിദ്വേഷത്തിലാണ്. മുസ്ലീങ്ങളും ദലിത് ആദിവാസി ബഹുജൻ മനുഷ്യരുമെല്ലാം ഹിന്ദുത്വത്തിന്റെ അപരന്മാരാകാൻ യോഗ്യതയുള്ളവരാണ്. ഒരു പ്രത്യേക അപരത്തെ നിർമ്മിച്ചെടുക്കുക, വാർപ്പുമാതൃകകളും മുൻവിധികളും പ്രചരിപ്പിക്കുക, വാർപ്പുമാതൃകകൾ വഴി രൂപപ്പെടുത്തിയ വിദ്വേഷത്തെ മുതലെടുത്ത് അപരത്തെ ഉന്മൂലനം ചെയ്യുക എന്നിങ്ങനെയാണ് ഹിന്ദുത്വത്തിന്റെ പ്രവർത്തനം. ചില നേരങ്ങളിൽ പ്രതീകാത്മകമായി അപരത്തെ ഉൾക്കൊള്ളാനും ഹിന്ദുത്വം തയ്യാറാകാറുണ്ട്. ഈ ഉൾക്കൊള്ളൽ എല്ലാവർക്കും പ്രാപ്യമാകണമെന്നില്ല. ഹിന്ദുരാഷ്ട്രത്തിന്റെ വ്യവസ്ഥകൾ പാലിക്കാമെന്ന ഉറപ്പുള്ള ശരീരങ്ങൾക്ക് മാത്രമേ ഈ രാഷ്ട്രഭാവനയിലേക്ക് പ്രവേശനമുള്ളൂ. ഈ ഉൾക്കൊള്ളൽ സമീപനം ദലിത്-ആദിവാസി-ബഹുജൻ മനുഷ്യരുടെ കാര്യത്തിൽ ഹിന്ദുത്വം പലപ്പോഴും പയറ്റിയിട്ടുണ്ട്. വ്യവസ്ഥയെ ചോദ്യം ചെയ്യാൻ സാധ്യതയുള്ള ശരീരങ്ങളെ വരുതിയിലാക്കേണ്ടത് അത്യാവശ്യമാണ്. ‘ക്വിയർ’ ശരീരങ്ങളെ ഉൾക്കൊള്ളാനുള്ള ഹിന്ദുത്വത്തിന്റെ തന്ത്രങ്ങളും സമാന സ്വഭാവം സൂക്ഷിക്കുന്നുണ്ട്.

ആദ്യ കാലത്തെ ക്വിയർ വിരുദ്ധമായ സമീപനനങ്ങളിൽ മയം വരുത്താൻ ഹിന്ദുത്വ രാഷ്ട്രീയം ശ്രമിക്കുന്നുണ്ട്. ഹിന്ദു സംസ്കാരത്തിനും പവിത്രമായ കുടുംബ സങ്കല്പത്തിനും വിമത ജീവിതങ്ങൾ ഭീഷണിയാണെന്ന പഴയ നയം ഹിന്ദുത്വം ഏറെക്കുറെ കൈയൊഴിഞ്ഞിട്ടുണ്ട്. ഹിന്ദുത്വം ക്വിയർ സൗഹാർദ്ദപരമാണെന്ന ഒരു പ്രതീതി സൃഷ്ടിക്കുന്നുവെന്നേ ഇതിന് അർഥമുള്ളൂ. ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ നിയമവും വിവാഹ തുല്യതയെ മുൻനിർത്തിയുള്ള ചർച്ചകളും ഹിന്ദുത്വ വലതുപക്ഷത്തിന്റെ ഇരട്ടത്താപ്പുകളെ തുറന്നുകാട്ടിയിട്ടുമുണ്ട്.

ഹിന്ദുരാഷ്ട്ര നിർമ്മിതി എന്ന വിശാലമായ രാഷ്ട്രീയ ലക്ഷ്യത്തിനായി ഹിന്ദുത്വത്തിന് ന്യൂനപക്ഷങ്ങളുമായി ചില കൂട്ടുകെട്ടുകൾ വേണം. ഇതിനായി ഹിന്ദുത്വം സ്വയം നിരന്തരം പുതുക്കുന്നുണ്ട്. ചില പ്രത്യേക മനുഷ്യരുടെ സ്ഥിരമായ പുറന്തള്ളലുകളിലൂടെയാണ് ഈ കൂട്ടുകെട്ടുകളെല്ലാം ഉണ്ടാകുന്നത്. ഇന്ത്യൻ പൗരത്വത്തിലേക്കുള്ള വഴി ഹിന്ദുത്വം മാത്രമാകുന്നതിലൂടെ ദലിത് ആദിവാസി ബഹുജൻ മുസ്ലീം പശ്ചാത്തലമുള്ള വിമത ശരീരങ്ങൾക്ക് ദേശം നഷ്ടമാകുന്നു. വലതുപക്ഷാഭിമുഖ്യമുള്ള സവർണ്ണ-ക്വിയർ മനുഷ്യർക്ക് ഹിന്ദുരാഷ്ട്രത്തിലേക്ക് എളുപ്പം പ്രവേശനം സാധ്യമാണ്.

2017 ലെ ലഖ്‌നൗ ക്വിയർ പ്രൈഡിൽ നിന്നും കടപ്പാട്: Darvesh Singh Yadavendra / FACEBOOK

ഭൂരിപക്ഷ ഹിന്ദു ദേശീയതയിലേക്ക് ഉൾച്ചേർക്കപ്പെടുന്നതിലൂടെ അവർക്ക് ഭരണകൂടത്തോടും രാഷ്ട്രത്തോടും കൂറു കാണിക്കാനാകുന്നു. ഹിന്ദുരാഷ്ട്രത്തിലെ നല്ല പ്രജകളായി തിരിച്ചറിയേണ്ടത്  ഇക്കൂട്ടരുടെ ഉത്തരവാദിത്തമാണ്. ദേശത്തിന്റെ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാനാകാത്ത ശരീരങ്ങളാകട്ടെ രാഷ്ട്രത്തിന്റെ അപ്രീതി പിടിച്ചുപറ്റുന്നു. ഈ ശരീരങ്ങൾക്ക് മേൽ വളരെ ഹിംസാത്മകമായി പെരുമാറാൻ ഭരണകൂടത്തിനാകുന്നു. കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ശേഷമുണ്ടായ സൈനികവൽക്കരണവും, ഇന്റർനെറ്റ് ഉപരോധവും, ട്രാൻസ്‌ജെൻഡർ (അവകാശ സംരക്ഷണം) ബിൽ 2019 പാസാക്കിയതിലൂടെ ക്വിയർ ശരീരങ്ങളുടെ സ്വയം നിർണ്ണയാവകാശത്തിന്റെ ലംഘനവും തിരശ്ചീന സംവരണത്തോടുള്ള വിമുഖതയും വരെ ഇത് വ്യക്തമാക്കുന്നുണ്ട്. അസം സർക്കാർ പുറത്തുവിട്ട അന്തിമ പട്ടിക പ്രകാരം രണ്ടായിരത്തോളം ട്രാൻസ്‌ജെൻഡർ മനുഷ്യരുൾപ്പെടെ 19 ലക്ഷം പേരെ പൗരത്വ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹിന്ദുത്വം+ഹോമോനാഷണലിസം

ദേശത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ശരീരങ്ങൾക്ക് മൂല്യമുണ്ടാകുന്നത്; ദേശം പുറന്തള്ളിയവയ്ക്ക് അതില്ലെന്ന് സാരം. ദേശത്തിനകമേ മാത്രം സാധ്യമാകുന്ന നിയമ സാധുതയുള്ള ജീവിതത്തെയാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. കൃത്യമായ അതിരുകളും അരുതുകളുമുറപ്പിച്ച് നിലനിൽക്കുന്ന ദേശത്തിനൊരു പ്രവർജക സ്വഭാവമുണ്ട്. ദേശത്തിന് അകവും പുറവുമുണ്ട്, അകത്തുള്ളവരെ എളുപ്പം പുറത്താക്കാനുള്ള അധികാരവുമുണ്ട്.

ഇന്ത്യൻ ദേശീയതയുടെയും ആധുനികതയുടെയും സന്ദർഭത്തിൽ ദേശത്തെ സ്ത്രൈണവത്കരിക്കുന്ന ബിംബങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ടാകുന്നുണ്ട്. ഭിന്നവർഗ്ഗലൈംഗികതയെ സാധൂകരിക്കുന്ന ശ്രമങ്ങളായാണ് ദേശത്തെ സ്ത്രൈണവത്കരിക്കുന്ന ഇത്തരം ദേശീയതാല്പര്യങ്ങളെ തിരിച്ചറിയേണ്ടത്. ഇതു വഴി ദേശവും സ്ത്രീശരീരവും ഭിന്നവർഗ്ഗലൈംഗിക പുരുഷന്റെ ഉടമസ്ഥതയിലാകുന്നു. ഹിന്ദുത്വത്തിന്റെ ലിംഗമൂല്യങ്ങളെ പേറുന്ന വിശുദ്ധ ശരീരങ്ങളായി രാമൻ-സീത സങ്കൽപ്പം മാറിക്കഴിഞ്ഞിട്ടുണ്ട്. ഹിന്ദുപുരുഷത്വം രാമനെ മാതൃകയാക്കിയാണ് രൂപപ്പെടുന്നത്. പ്രജകൾക്ക് വേണ്ടി ഭാര്യയെ പരിത്യജിച്ച രാമൻ ഹിന്ദുപുരുഷത്വത്തിന് പ്രചോദനം നൽകുമ്പോൾ ‘സീത’യാകട്ടെ പാതിവ്രത്യത്തിന്റെ ഉദാത്ത മാതൃകയാകുന്നു. 1905-ൽ അബനീന്ദ്രനാഥ് ടാഗോർ വരച്ച ‛ഭാരത മാതാവ്’ എന്ന ചിത്രവും ഇന്ത്യൻ ഭാവനയെ വലിയ തോതിൽ സ്വാധീനിച്ച സീത-രാമൻ തുടങ്ങിയ ആദർശ കഥാപാത്രങ്ങളുമുൾപ്പെടുന്ന പ്രതീകവ്യവസ്ഥയ്ക്ക് മുകളിലാണ് ആധുനിക ദേശരാഷ്ട്രഘടന അതിന്റെ അടിത്തറ പടുത്തുയർത്തിയിരിക്കുന്നത്.

ഭാരത മാതാവ് കടപ്പാട്: അബനീന്ദ്രനാഥ് ടാഗോർ

ഈ മാതൃകകളെ മുൻനിർത്തി ഭിന്നവർഗ്ഗലൈംഗികതയിൽ അധിഷ്ഠിതമായ കുടുംബഘടനയ്ക്ക് കന്യകാത്വം, പാതിവ്രത്യം, മാതൃത്വം തുടങ്ങിയ മൂല്യങ്ങളെ സ്വാംശീകരിക്കാനും എളുപ്പമുണ്ടായിരുന്നു.

ശരീരങ്ങളെ പുറന്തള്ളുന്ന ദേശത്തിന്റെ പതിവു യുക്തികളാണ് ഐ.പി.സി 377-ലും പ്രവർത്തിക്കുന്നതെന്ന് കരുതാം. ദേശരാഷ്ട്രനിർമ്മിതിയുടെ പ്രധാന ചേരുവ പ്രാത്യുൽപ്പാദനത്തെ അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്ന കുടുംബഘടനയാണ്. ഇന്ത്യൻ ദേശീയതാ വ്യവഹാരങ്ങൾ തുടക്കം മുതൽ ‛ക്വിയർ’ ജീവിതങ്ങളെ ദേശബാഹ്യമെന്ന നിലയിലാണ് പരിഗണിച്ചത്. അതിരുകൾക്ക് പുറമേയുള്ള ഒരു ശത്രുവിന്റെ സ്വഭാവമായാണ് സ്വവർഗ്ഗലൈംഗികത പരിചരിക്കപ്പെട്ടത്. ആരോപിത സ്വഭാവം എന്ന മട്ടിലുള്ള സ്വവർഗ്ഗലൈംഗികതയുടെ പരിചരണത്തിന് വലിയ ചരിത്രമുണ്ട്.

ഭിന്നവർഗ്ഗലൈംഗികമാനകമായ ദേശരാഷ്ട്ര സങ്കല്പം ശരീരങ്ങളുടെയും കാമനകളുടെയും വഴക്കങ്ങളെ പ്രതിരോധിക്കുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. ‘വിമതത്വം’ സ്വാഭാവികമായും ദേശത്താൽ പുറന്തള്ളപ്പെടുന്നു. ദേശത്തിന്റെ ഭിന്നവർഗ്ഗലൈംഗിക സ്വഭാവത്തെ മുൻനിർത്തിയുള്ള പരമ്പരാഗതമായ മനസ്സിലാക്കൽ നിയോലിബറൽ കാലഘട്ടത്തോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട് . ദേശവിരുദ്ധവും ദേശബാഹ്യവുമായി മനസ്സിലാക്കിയ ഭിന്നവർഗ്ഗലൈംഗികേതരമായ കാമനകൾ പിൽക്കാലത്ത് ദേശത്തിന്റെ അംഗീകാരം മുൻകൂറായി ചിട്ടപ്പെടുത്തിയ ചില വ്യവസ്ഥകളെ അടിസ്ഥാനമാക്കി നേടിയെടുക്കുന്നുണ്ട്. വിമതത്വം ദേശത്താൽ സ്വീകരിക്കപ്പെടുകയും ദേശത്തിന്റെ പുരോഗതിയുടെ മാനദണ്ഡമായിത്തീരുകയും ചെയ്യുന്നത് ഈ മാറ്റത്തിന്റെ സൂചനയാണ്. LGBTQI+ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നത് ഒരു പുരോഗമന രാഷ്ട്രത്തിന്റെ അടയാളമാണ്; ആധുനികമാണെന്ന് അവകാശപ്പെടാൻ ഒരു രാഷ്ട്രം LGBTQI+ അവകാശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.

ഒരു സമൂഹത്തിന്റെ ‘ക്വിയർ’ വിഷയങ്ങളോടുള്ള സമീപനം ദേശരാഷ്ട്രത്തിനകത്തേക്കുള്ള ആ സമൂഹത്തിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡമായി മാറുന്ന രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ജസ്‌ബിർ.കെ പുവർ വിശദീകരിക്കുന്നുണ്ട്. 2007-ൽ പ്രസിദ്ധീകരിച്ച ‘ടെററിസ്റ്റ് അസംബ്ലേജ്സ്: ഹോമോണേഷണലിസം ഇൻ ക്വീർ ടൈംസ്’ എന്ന പുസ്തകത്തിലാണ് പുവാർ ‘ഹോമോനാഷണലിസം’ എന്ന ആശയം  ആദ്യമായി  പരിചയപ്പെടുത്തുന്നത്.

ജസ്‌ബിർ. കെ പുവർ. കടപ്പാട് : onassis.org

ലിംഗ ലൈംഗിക വൈവിധ്യങ്ങൾക്കുള്ള സ്വീകാര്യതയെ മുൻനിർത്തി മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരായി പാശ്ചാത്യ രാജ്യങ്ങൾ സ്വയം ചിത്രീകരിക്കപ്പെടുന്നതിന്റെ പ്രത്യയശാസ്ത്രം വിശദമായി പുവാർ ചർച്ചയ്ക്കെടുക്കുന്നു. 9/11-ന് ശേഷം രൂപപ്പെടുന്ന സവിശേഷമായ രാഷ്ട്രീയാന്തരീക്ഷം ഹോമോനാഷണലിസ്റ്റ്‌ വ്യവഹാരങ്ങളെ സഹായിക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ സ്വവർഗ്ഗവിരുദ്ധരായി സ്ഥാപിക്കുകയും യൂറോപ്യൻ അധിനിവേശങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കുകയുമാണ് ഹോമോനാഷണലിസം ചെയ്യുന്നത്.

ഹോമോണേഷണലിസം ഇൻ ക്വീർ ടൈംസ്

യൂറോപ്പിന് പുറമെയുള്ളവരെ പ്രാകൃതരെന്നും കുറ്റവാളികളെന്നും സ്ഥാപിച്ചെടുക്കുന്ന വാർപ്പുമാതൃകകളും തെറ്റായ പ്രതിനിധാനങ്ങളും ഹോമോനാഷണലിസ്റ്റ് വ്യവഹാരങ്ങൾ ഉറപ്പിച്ചെടുക്കുന്നു. LGBTIQ+ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായല്ല ഈ തന്ത്രം പടിഞ്ഞാറ് പയറ്റുന്നത്. മറിച്ച്, കറുത്ത വംശജരേയും കുടിയേറ്റക്കാരെയും മുസ്ലിങ്ങളെയും സ്വവർഗ്ഗഭീതിയുടെ വക്താക്കളായി ഉറപ്പിച്ചെടുക്കാനും ആധുനിക ദേശത്തിന്റെ അതിരുകൾകക്കുള്ളിൽ നിന്ന് പുറന്തള്ളാനുമാണ്.

പാലസ്തീൻ അധിനിവേശത്തെ ന്യായീകരിക്കാൻ ഇസ്രായേൽ ‘ക്വിയർ സൗഹാർദ്ദ സ്ഥലമാണെന്ന’ നരേറ്റിവാണ് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത്. പിങ്ക് വാഷിങ് എന്ന് വിശേഷിപ്പിക്കുന്ന ഈ അജണ്ടയ്ക്കെതിരെയുള്ള ശക്തമായ വിമർശനങ്ങൾ പല രീതിയിൽ ഉയർന്നുകേൾക്കുന്നുണ്ട്. ഇന്ത്യയിൽ കശ്മീരിന്റെ പ്രത്യേക പദവി ഹിന്ദു ഭരണകൂടം എടുത്തുകളഞ്ഞപ്പോഴുണ്ടായ വിചിത്രമായ പ്രതികരണങ്ങളെ പലസ്തീൻ-ഇസ്രായേൽ വിഷയവുമായി ചേർത്തുവെയ്ക്കാമെന്ന് തോന്നുന്നു. ആഗോള തലത്തിൽ സംഭവിക്കുന്ന സവിശേഷമായ ഈ മാറ്റം ഇന്ത്യയുടെ സാഹചര്യത്തിലും ബാധകമാകുന്നത് യാദൃശ്ചികമായല്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രവർത്തന രീതികൾ ആഗോള മുതലാളിത്ത വലതുപക്ഷ യുക്തികളുമായി പല നിലകളിൽ കണ്ണി ചേരുന്നതിന്റെ സൂചനകളായാണിവ സംഭവിക്കുന്നത്.

377 / 370; കശ്മീരും ഹിന്ദുത്വത്തിന്റെ ‘സ്വവർഗ്ഗ’ ദേശീയതന്ത്രങ്ങളും

കശ്മീരീന്റെ പ്രത്യേക പദവികൾ റദ്ദാക്കുന്ന നീക്കവും ഐ.പി.സി 377 നെ മുൻനിർത്തിയുണ്ടായ സുപ്രീംകോടതിയുടെ വിധിയും തമ്മിൽ എന്ത് ബന്ധമാണുള്ളത്? പ്രത്യക്ഷത്തിൽ ബന്ധമൊന്നും തിരിച്ചറിയാനാനായില്ലെങ്കിലും ഇവ രണ്ടും ഫലത്തിൽ ഹിന്ദുത്വ ഭരണകൂടത്തിനേറെ ഗുണം ചെയ്തിട്ടുണ്ട് .

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ആം വകുപ്പ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് 2018-ൽ ഭാഗികമായി റദ്ദ് ചെയ്യുകയുണ്ടായി. സ്വവർഗ്ഗ ലൈംഗികത ഇനി മുതൽ ഇന്ത്യയിൽ  കുറ്റകരമല്ലെന്ന രീതിയിൽ ആഗോളമാധ്യമങ്ങൾ ഉൾപ്പടെ സുപ്രീംകോടതിയുടെ വിധിയെ ആഘോഷിക്കുകയുണ്ടായി. ഐ.പി.സി 377-നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ  സങ്കീർണ്ണതകളേറെ ഉള്ളടങ്ങിയതാണ്.

സ്വവർഗ്ഗലൈംഗികതയെ കുറിച്ചുള്ള നേരിട്ടുള്ള പരാമർശങ്ങൾ വകുപ്പിന്റെ പരിധിയിലില്ല. പ്രത്യുൽപ്പാദനത്തിലേക്ക് നയിക്കാത്ത എല്ലാ ലൈംഗികബന്ധങ്ങളും ഈ വകുപ്പിൻമേൽ കുറ്റകരമാണ്. ഇതിനാൽ തന്നെ 377 പല രീതിലാണ് അക്കാദമിക് ഇടങ്ങളിൽ പരിചരിക്കപ്പെട്ടത്. ഹിന്ദുത്വ ഭരണകൂടം അധികാരത്തിലിരിക്കേ ഈ  വിധി തീർത്തും അപ്രതീക്ഷിതമായിരുന്നു. 2018-ലെ വിധി സവർണ്ണ ഹിന്ദു ക്വിയർ മനുഷ്യർക്ക് ഹിന്ദുത്വഭരണകൂടത്തോട് കൂറ് കാണിക്കാൻ അവസരം നൽകി. ഹിന്ദുത്വ ഭരണകൂടമാകട്ടെ ഈ വിഷയത്തിൽ ഏറെക്കുറെ മൗനം പാലിക്കുകയാണുണ്ടായത്.

കശ്മീരിനെ ചുറ്റിപ്പറ്റിയുള്ള നിരവധി ആഖ്യാനങ്ങൾ ഹിന്ദുത്വ ഭരണകൂടം ഇതോടകം നിർമ്മിച്ചുകഴിഞ്ഞിട്ടുണ്ട്. കാശ്മീരിനെ കുറിച്ച് വലിയ നിശബ്ദതയാണ് പൊതുബോധത്തിലുള്ളത്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള  370 -ാം വകുപ്പുള്ളത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശം, മൗലികാവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം വേണമായിരുന്നു.

2019 ഓഗസ്റ്റ് 5-ന്, ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ, ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ നീക്കം ദേശീയതലത്തിലും അന്തർദേശീയ തലത്തിലും കാര്യമായ ചർച്ചകൾക്കും വഴിതെളിച്ചു. ജമ്മു കശ്മീരിന്റെ വികസനത്തിനും പുരോഗതിയ്ക്കും 370 തടസ്സമാണെന്നും ഈ നീക്കം സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ അവസരങ്ങൾക്കും വഴി തെളിക്കുമെന്നും നടപടിയെ അനുകൂലിക്കുന്നവർ വാദിച്ചു. വിഘടനവാദവും തീവ്രവാദവും തടയാൻ ഈ തീരുമാനം സഹായിക്കുമെന്നും വാദം ഉയർന്നു.

 “Resisting Fascism building Solidarities: India, Kashmir and beyond” എന്ന പേരിൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനെതിരെ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ഒക്ടോബർ 5 ന് സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിൽ SOAS University of London-ൽ വെച്ച് നടത്തിയ  പരിപാടിയെ മുഖംമൂടി ധരിച്ച ചിലർ തടസ്സപ്പെടുത്തുകയുണ്ടായി. ‘ഗേ ഫോർ ജെ ആൻഡ് കെ’ എന്ന് മുദ്രാവാക്യമാണ് ഇക്കൂട്ടർ വിളിച്ചത്. സ്വവർഗ്ഗാനുരാഗികളുടെ അവകാശത്തെ എതിർക്കുന്നവരാണ് കശ്‌മീരിനായി വാദിക്കുന്നതെന്ന് ഉറപ്പിക്കാനായിരുന്നു ഇങ്ങനെയൊരു നീക്കം.

ഗേ ഫോർ ജെ ആൻഡ് കെ. കടപ്പാട് : indiatoday.in

370 റദ്ദാക്കുന്നതോടെ ഇന്ത്യൻ ദേശഭൂപടത്തിലേക്ക് ജമ്മുകശ്മീരും ഉൾപ്പെടുമെന്നും ഐ.പി.സി 377 വകുപ്പിന്മേലുണ്ടായ വിധി കശ്മീരിനും ഇനി ബാധകമാകുമെന്നുമുള്ള അവകാശവാദമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. കശ്മീർ ജനതയും 370 ഉം സ്വവർഗ്ഗാനുരാഗവിരുദ്ധമാണെന്നും അതിനാൽ തന്നെ 370 നെ പിന്തുണയ്‌ക്കുന്നത് തെറ്റായ നീക്കമാണെന്നും വാദിക്കുന്നതിലൂടെ തെറ്റിദ്ധാരണകളും ആശങ്കകളും പടർത്തുകയായിരുന്നു ഇക്കൂട്ടർ. കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ അപ്പാടെ മറച്ചുവെച്ചാണ് ഈ ആഖ്യാനം രൂപമെടുക്കുന്നത്. പുരോഗമന ലിബറൽ ഇടങ്ങളിൽപോലും എളുപ്പം സ്വീകാര്യത നേടിയെടുക്കാൻ ഈ വാദങ്ങൾക്കായേക്കും. ഇതുവഴി കശ്മീർ ജനതയ്ക്ക് മേൽ നടക്കുന്ന അനീതികളെല്ലാം ‘പിങ്ക് വാഷ്’ ചെയ്യപ്പെടുകയും പ്രതിനായകസ്ഥാനത്തേക്ക് അവരെ സ്ഥാപിച്ചെടുക്കാൻ കഴിയുകയും ചെയ്യുന്നു.

ഗേ ഫോർ ജെ ആൻഡ് കെ. കടപ്പാട് : indiatoday.in

ക്വിയർ ഹിന്ദു അലയൻസ് പോലെയുള്ള വലതുപക്ഷാഭിമുഖ്യമുള്ള സംഘടനകൾ 370-നെതിരെ നിരന്തരം നിലപാടെടുത്തിരുന്നു. ഇതിലൂടെ 370 നിലനിൽക്കുന്നത് സ്വവർഗ്ഗാനുരാഗികൾക്ക് മേലുള്ള ഭീഷണിയാണെന്ന ഹിന്ദുത്വം നിർമ്മിച്ച നുണയ്ക്ക് സ്വീകാര്യതയേറി. കാശ്മീർ വിഷയത്തിലെ ഭരണകൂടത്തിന്റെ നീക്കം ന്യായീകരിക്കാനായി ‘കശ്മീരിലെ ക്വിയർ മനുഷ്യരുടെ വിമോചനം’ എന്ന ലേബൽ ഗുണം ചെയ്തു. കശ്മീരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് ഉപരോധം ഉൾപ്പടെ കശ്മീരി ക്വിയർ മനുഷ്യരെയും കൂടിയാണ് പ്രതികൂലമായി ബാധിച്ചത്. ഇസ്രായേൽ ക്വിയർ സൗഹാർദ്ധപരമെന്ന് തന്നെയിരിക്കട്ടെ, പക്ഷെ പലസ്തീനിലെ വീടുകൾക്ക് മേൽ ബോംബ് ഇടുന്നതിന് മുന്നേ ഇസ്രായേലി സൈനികർ കതകിൽ മുട്ടി “നിങ്ങൾ സ്വവർഗ്ഗാനുരാഗികളാണോ, അങ്ങനെയെങ്കിൽ കൊല്ലാതിരിക്കാം” എന്ന ഉറപ്പൊന്നും പറയാറില്ല. കശ്മീരിൽ സംഭവിക്കുന്നതും സമാനമാണ്.

രാജ്യസ്നേഹികൾ / രാജ്യദ്രോഹികൾ

ഹിന്ദുത്വ വലതുപക്ഷത്തോട് സന്ധിയില്ലാതെ സമരം ചെയ്യേണ്ടത് തീർച്ചയായും ഒരു ജനാധിപത്യ ഉത്തരവാദിത്തമാണ്. ഹിന്ദുത്വം നിർമ്മിച്ചെടുക്കുന്ന സുവർണ്ണ ഭൂതകാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നുണകളാണ്. ക്വിയർ ഹിന്ദു അലയൻസ് പോലുള്ള സംഘടനകൾ ലൈംഗിക സ്വാഭിമാനത്തോടൊപ്പം ഹിന്ദു സ്വാഭിമാനവും ഉയർത്തിപ്പിടിക്കാൻ മടിക്കാറില്ല. രാജ്യസ്നേഹികളായ ഇക്കൂട്ടർക്ക് ദേശത്തിന്റെയും ഭരണകൂടത്തിന്റെയും ഇഷ്ടം പിടിച്ചുപറ്റാനാകും. ജാതീയവും വർഗ്ഗപരവുമായ സവിശേഷാധികാരങ്ങളുടെ പിൻബലത്തിൽ ഹിന്ദുരാജ്യത്തിലെ നല്ല പ്രജയായി പേരെടുക്കാനും സാധിക്കും. പക്ഷെ തെരുവിൽ കഴിയുന്ന ട്രാൻസ് മനുഷ്യർക്ക് എന്ത് സംഭവിക്കും? ലക്ഷ്മി നാരായൺ ത്രിപാഠി എന്ന സവർണ്ണ ട്രാൻസ് ശരീരത്തിന് ദേശത്തിന്റെ അംഗീകാരം പിടിച്ചുപറ്റാനായേക്കും. പാകിസ്താന് എതിരെ യുദ്ധം ചെയ്യാൻ ഒരു കിന്നർ ബറ്റാലിയൻ സംഘടിപ്പിക്കണമെന്ന് അവർക്ക് പ്രഖ്യാപിക്കാൻ കഴിയുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

ലക്ഷ്മി നാരായൺ ത്രിപാഠി. കടപ്പാട് : starsunfolded.com

ലക്ഷ്മി നാരായൺ ത്രിപാഠിയുടെ രാമക്ഷേത്രത്തിനായുള്ള പിന്തുണയും പരക്കെ വിമർശിക്കപ്പെട്ടിരുന്നു. സ്വന്തം ശരീരം ഹിന്ദുരാഷ്ട്രത്തിനായി സമർപ്പിക്കുന്നതിലൂടെ ലക്ഷ്മിയ്ക്ക് രാമരാജ്യത്തിലേക്ക് എളുപ്പം പ്രവേശനം സാധ്യമായേക്കും. തെരുവിൽ പൊലീസിനാൽ കൊല്ലപ്പെടുന്ന, പൗരത്വം പോലും തെളിയിക്കാൻ കെൽപ്പില്ലാത്ത കീഴാള-ട്രാൻസ് ശരീരങ്ങൾക്ക് ഈ ദേശം പക്ഷെ പ്രാപ്യമാകണമെന്നില്ല. സാമൂഹ്യമാറ്റത്തിനായുള്ള സമരങ്ങളിൽ വിമുഖതയുള്ള രാജ്യസ്നേഹികളായ ക്വിയർ പ്രജകൾ നിലനിൽക്കുന്ന കെട്ട വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. വ്യവസ്ഥ വെച്ചുനീട്ടുന്ന സവിശേഷാധികാരങ്ങളെ നഷ്ടപ്പെടാൻ ഇക്കൂട്ടർ ഒരിക്കലും ആഗ്രഹിച്ചേക്കില്ല. സാമൂഹ്യമാറ്റം വ്യവസ്ഥയ്ക്കകത്തെ സ്വന്തം പദവിയെയും ചോദ്യം ചെയ്യുമെന്നതിനാലാണ് ഹിന്ദുത്വ വലതുപക്ഷത്തെ ഇവർ കൂട്ടുപിടിക്കുന്നത്. തെരുവിലെ സമരങ്ങളോടും വ്യവസ്ഥയെ ചോദ്യംചെയ്യുന്ന ആഖ്യാനങ്ങളോടും ഒട്ടും താൽപ്പര്യമില്ല. വ്യവസ്ഥയുടെ ആനുകൂല്യങ്ങളുടെയെല്ലാം ഗുണഭോക്താക്കളായിരിക്കുന്നവരാണ് ഇവർ. 

ഹിന്ദുത്വ രാഷ്ട്രീയത്തെയും അത് ഉയർത്തിപ്പിടിക്കുന്ന വംശീയ പ്രത്യയശാസ്ത്രത്തെയും പ്രതിരോധിക്കേണ്ടത് ജനാധിപത്യ ഉത്തരവാദിത്വമാണ്. മുഖ്യധാരാ ക്വിയർ രാഷ്ട്രീയം ഈ  സാഹസത്തിനൊന്നും മുതിരുന്നില്ല. മറിച്ച്, രാമരാജ്യത്തിലെ നല്ല പ്രജകളാകാനാണ് താൽപ്പര്യപ്പെടുന്നത്. മുഖ്യധാര ക്വിയർ മുന്നേറ്റത്തിനകത്തെ വലതുപക്ഷ ചായ്വുകളെ ചോദ്യം ചെയ്യുന്ന ഒരു ബദൽ മുന്നേറ്റം ക്വിയർ രാഷ്ട്രീയത്തിനകമേ രൂപപ്പെടുന്നുണ്ട്. ജാതി വർഗ്ഗ ഏബ്ലിസ്റ്റ് ധാരണകളെ ഉൾക്കൊള്ളുന്ന ഇന്റർസെക്ഷണലായ ഈ കാഴ്ചകൾ നമ്മുടെ മുന്നോട്ടുപോക്കിനെ ഏറെ സഹായിക്കും. ഹിന്ദുത്വത്തോട് സന്ധി ചെയ്ത് ക്വിയർ വിമോചനം സാധ്യമല്ലെന്ന് ആവർത്തിച്ചുപറയേണ്ട സന്ദർഭമാണിത്.

“എന്റെ മനുഷ്യരുടെ പൗരത്വം നിഷേധിക്കപ്പെടുമ്പോൾ, തെരുവുകളിൽ അവരുടെ സമരങ്ങൾ പൊലീസിനാൽ അടിച്ചമർത്തപ്പെടുമ്പോൾ, രാജ്യമാകെ ദലിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ, കുഞ്ഞുങ്ങളെ ചുട്ടെരിക്കുമ്പോൾ, മുസ്ലീങ്ങളെ വംശഹത്യയ്ക്ക് ഇരയാക്കുമ്പോൾ, ഭരണകൂടം അനീതിയ്ക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം ജയിലിലടയ്ക്കുകയും ക്രൂരമായി കൊല്ലുകയും ചെയ്യുമ്പോൾ എന്റെ ലൈംഗികതയിൽ അഭിമാനിക്കാനായി യാതൊന്നുമില്ല.”

Reference

Ammaturo, Francesca Romana. 2015. “The ‘Pink Agenda’: Questioning and Challenging European Homonationalist Sexual Citizenship.”

Bracke, Sarah. 2012. “From ‘Saving Women’ to ‘Saving Gays’: Rescue Narratives and Their Dis/Continuities.” European Journal of Women’s Studies

Mridu Rai; Kashmiris in the Hindu Rashtra

Paola Bacchetta ; Queer Presence in/and Hindu Nationalism

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 10, 2023 2:19 pm