കേരളത്തിന്റെ തനത് തുണിത്തരങ്ങളിലൊന്നാണ് കുത്താമ്പുള്ളിയിലെ കൈത്തറി കസവുസാരികൾ. ഗുണനിലവാരമളന്ന് മെച്ചപ്പെട്ടെതെന്ന് ഭൗമസൂചിക പദവിയാൽ അടയാളപ്പെടുത്തപ്പെട്ടവയാണ് ഇവ. പക്ഷേ, ഈ പദവി നിലനിർത്താനും നെയ്ത്തുകാരെ സംരക്ഷിക്കാനും പര്യാപ്തമായ സഹായമൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്ന പരാതി വ്യാപകമാണ്. വസ്ത്രങ്ങൾ ശേഖരിക്കുന്ന അപെക്സ് സംഘമായ ഹാൻടെക്സ് വരുത്തിയ കോടിയിലധികം രൂപയുടെ കുടിശിക മൂലം നെയ്ത്തുകാർ പ്രവർത്തനമൂലധനമില്ലാതെ വലയുന്നു.
വീട്ടിലേക്ക് ചെല്ലുമ്പോൾ ചർക്കയിൽ നൂൽ നൂൽക്കുകയായിരുന്നു കലാവതി. ഭർത്താവ് സുന്ദരരാജൻ, അടുക്കളയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉമ്മറത്ത്, സൈക്കിൾ ചക്രം ഉപയോഗിച്ച് നിർമ്മിച്ച ചർക്കയിൽ ഊട് നെയ്യാനുള്ള നൂലുകളാണ് തയാറാക്കുന്നത്. നേരിട്ട് പഞ്ഞിയിൽ നിന്ന് നൂലുണ്ടാക്കുകയല്ല, മറിച്ച് നൂലിന്റെ വലിയ ബണ്ടിലിൽ നിന്ന് തറിയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രയിമിലേക്ക് നൂൽ ചുറ്റിയെടുക്കുകയാണ്. ഇതിനെ പൊതുവെ ഊട് എന്നാണ് വിളിക്കുന്നത്. ഇവ കഞ്ഞിപ്പശയിലൂടെ കടത്തിവിടുകയും നാലുദിവസം ഈ പശയിൽ സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. നൂലിന് പശിമ വരാനാണ് ഈ പ്രയോഗം. എങ്കിലേ നെയ്ത്ത് സമയത്ത് തുണിത്തരങ്ങൾ ബലത്തോടെ നിൽക്കൂവെന്ന് കലാവതി വിശദീകരിച്ചു. ഈ നൂലുണ്ടകൾ പിന്നീട് തറിയിൽ വിലങ്ങനെ ഓടുന്ന മരത്തിന്റെ പ്രത്യേക ഉപകരണമായ നാടാവിനകത്ത് ഇട്ടുവെക്കും.
”ഭാര്യയാണ് ഈ വീട്ടിലെ പ്രധാന നെയ്ത്തുകാരി. നിങ്ങൾക്കറിയാനുള്ളതെല്ലാം അവർ പറഞ്ഞു തരും.” ഇതുംപറഞ്ഞ് സുന്ദരരാജൻ ധൃതിയോടെ പുറത്തുപോയി. നിലത്ത് കാൽ നീട്ടിവെച്ചാണ് കാലാവതിയുടെ ഇരിപ്പ്. ഏറെ മണിക്കൂറുകൾ ഇത്തരത്തിലിരുന്ന് ജോലിചെയ്യണം. ഇങ്ങനെ നൂലുകൾ ഒരുക്കാതെ നെയ്ത്ത് തുടങ്ങാനാകില്ല. ഇത്തരം ബണ്ടിലുകൾ അവർക്ക് നൽകിയത് പ്രദേശത്തെ ഒരേയൊരു സഹകരണ സംഘമായ കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘമാണ്. നെയ്ത് കഴിഞ്ഞാൽ സാരിയും മുണ്ടുകളും ഇതേ സഹകരണസംഘത്തിന് തിരികെ നൽകണം. സംഘം വഴിയാണ് വിൽപ്പന. മുറ്റത്ത് നിറയെ ഓണപ്പൂക്കൾ പൂവിട്ടിരിക്കുന്നു. കുത്താമ്പുള്ളിയിലെ നെയ്ത്തുവസ്ത്രങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സമയം ഇതേ ഓണക്കാലമാണ്. എന്നാൽ, ആവശ്യക്കാർക്കുള്ളത്രയും ഓണക്കോടികൾ നെയ്തെടുക്കാനുള്ള മനുഷ്യവിഭവവും അസംസ്കൃതവസ്തുക്കളും ഇവിടില്ലെന്ന് കണക്കുകൾ നിരത്തി നെയ്ത്തുകാർ പറയുന്നു.
തൃശൂർ ജില്ലയിൽ പാലക്കാട് ജില്ലയുടെ അതിർത്തിയിൽ, ഭാരതപ്പുഴയും ഗായത്രി പുഴയും സംഗമിച്ച് ഒന്നായാഴുകുന്ന കുത്താമ്പുള്ളിയിൽ വർഷങ്ങൾക്കു മുൻപ് ആയിരക്കണക്കിന് പരമ്പരാഗത കൈത്തറി നെയ്ത്തുകാരുണ്ടായിരുന്നു. സൊസൈറ്റിയുടെ കണക്കുപ്രകാരം 1500 തറികളുണ്ടായിരുന്നു ഇവിടെ. 652 അംഗങ്ങളാണ് സൊസൈറ്റിയിൽ ഇപ്പോൾ ഉള്ളത്. കൊറോണ കാലത്തിന് മുൻപ് 185 അംഗങ്ങൾ തുണി നെയ്തിരുന്നു. ഇപ്പോഴത് അമ്പതിലേക്ക് കുറഞ്ഞു. അങ്ങനെ കുറയാൻ പലവിധ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാരണം പ്രവർത്തനമൂലധനം ഇല്ലാത്തതുതന്നെ.
ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കൾ നെയ്ത്തുകാർക്ക് വാങ്ങിനൽകാൻ കഴിയാത്ത വിധം പ്രദേശത്തെ ഒരേയൊരു കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘം സാമ്പത്തികമായി വലയുകയാണ്. നൂൽ വാങ്ങാനും മറ്റ് കാര്യങ്ങൾക്കുമായി പലപ്പോഴും ബാങ്കിൽ നിന്ന് വായ്പയെടുക്കേണ്ടി വരുന്നു. ഇങ്ങനെ കടം വാങ്ങിയെത്തിക്കുന്ന അസംസ്കൃതവസ്തുക്കൾ നെയ്ത്തുകാർക്ക് കൈമാറും. ഈ നൂലുകൾ കൊണ്ട് നെയ്ത്തുകാർ നൂറ്റെടുക്കുന്ന സാരികളും മുണ്ടുകളും പ്രധാനമായും അപെക്സ് സഹകരണ സംഘമായ ഹാൻടെക്സിനാണ് കൈമാറുന്നത്. ഹാൻടെക്സ്, പക്ഷേ കുത്താമ്പുള്ളിയിലെ സഹകരണസംഘത്തിന് റൊക്കം വില നൽകുന്നില്ല. സാരികൾ വിറ്റുപോയാൽ മാത്രമേ വില നൽകൂ. എന്നാൽ, അതുവരെ മറ്റൊരു സാരി നെയ്യാതിരുന്നാൽ ബിസിനസ് തകരും. അതിനാൽ കേരള ബാങ്കിൽനിന്ന് കുത്താമ്പുള്ളി കൈത്തറി സംഘം കാഷ് ക്രെഡിറ്റ് വാങ്ങുന്നു. ഒരു കോടി രൂപക്ക് പത്തുശതമാനം പലിശ വീതം ബാങ്കിന് നൽകണം. അതിനാൽ, ഹാൻടെക്സ് പണമെത്തിയാലുടൻ പലിശ സഹിതം മുതൽ ബാങ്കിലേക്ക് പോകും. ചുരുക്കത്തിൽ പലിശ കൊടുത്ത് തീർക്കാൻ മാത്രമായി ഇവരുടെ അധ്വാനം പാഴായിപ്പോകുന്നു.
ഹാൻടെക്സ് തുണിത്തരങ്ങൾ നിർമിക്കുന്നില്ല. കേരളത്തിൽ 800 ലധികം കൈത്തറി സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങളിൽനിന്നും ശേഖരിക്കുന്ന വസ്ത്രങ്ങൾ വിറ്റാണ് ഈ അപ്പെക്സ് സംഘം നിലനിന്ന് പോകുന്നത്. യഥാർത്ഥത്തിൽ ചെറുകിട സഹകരണ സംഘങ്ങളെ സഹായിക്കണമെന്ന നല്ല ഉദ്ദേശത്തോടെയാണ് അപെക്സ് സംഘം രൂപീകരിച്ചത്. എന്നാലിപ്പോൾ, പാവപ്പെട്ട നെയ്ത്തുകാരുടെ അധ്വാനം കൊണ്ടാണ് ഹാൻടെക്സിലെ ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതെന്നും നെയ്ത്തുകാർ പട്ടിണിയിലാണെന്നും കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം സെക്രട്ടറി എ ശരവണൻ പറയുന്നു. മൂന്ന് വർഷം കൊണ്ട് ഏതാണ്ട് ഒരു കോടി രൂപ ഹാൻടെക്സ് കുത്താമ്പുള്ളി സഹകരണ സംഘത്തിന് നൽകാനുണ്ട്. ലോട്ടറി വിൽക്കുമ്പോൾ ‘നാളെ, നാളെ’ എന്ന് പറയുന്നതുപോലെയാണ് പൈസയുടെ കാര്യത്തിൽ ഹാൻടെക്സിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു. ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ റിബേറ്റ് നൽകുന്നുണ്ട്. ഇത് സർക്കാരാണ് നികത്തിക്കൊടുക്കുക. എന്നാൽ, അത് തിരികെ ലഭിക്കാനും സമയമെടുക്കും. അങ്ങനെ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലാണ് ഈ സംഘം.
ഏതാനും വർഷങ്ങളായി കുത്താമ്പുള്ളിയിൽ വസ്ത്ര വിപണി വളർന്നുവരുന്നുണ്ട്. നേരത്തെ നെയ്ത്തുകാരായിരുന്നവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഇത്തരം വസ്ത്രവ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ചത്. സോഷ്യൽ മീഡിയയുടെ വളർച്ചയും ഇൻഫ്ലുവൻസർമാരുടെ വീഡിയോകളും വഴി കുത്താമ്പുള്ളി ഇപ്പോൾ വലിയ വിപണിയായി മാറി. കോവിഡ് കാലത്തോടെ ഓൺലൈൻ വിപണി കൊഴുത്തു. ഇത്തരത്തിൽ, നെയ്ത്തുകാർക്ക് നേരിട്ട് വസ്ത്രം വിൽക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സഹായമെത്തിച്ച് കൊടുക്കാനും സർക്കാർ സംവിധാനങ്ങൾക്ക് വിമുഖതയുണ്ട്. സൊസൈറ്റി അവരുടെ നിലയിൽ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചെങ്കിലും, അത് തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. നെയ്ത്തിൽ അവർ വിദഗ്ദരാണെങ്കിലും സാങ്കേതിക, ഇന്റർനെറ്റ് പരിജ്ഞാനം ഈ തലമുറക്ക് അന്യമാണ്.
കേരളത്തിനകത്തും പുറത്തും നിന്നും കുടുംബങ്ങളും വ്യക്തികളും ചെറുകിട കച്ചവടക്കാരും ഓൺലൈൻ കച്ചവടക്കാരും കുത്താമ്പുള്ളിയിൽ നേരിട്ടെത്തി വസ്ത്രം വാങ്ങുന്നു. ചിലയിടങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോരാൻ കഴിയാത്ത വിധം റോഡിൽ വലിയ തിരക്ക് കാണാം. എന്നാൽ, ഇത്രയധികം വസ്ത്രങ്ങൾ എന്തായാലും കുത്താമ്പുള്ളിയിലെ കൈത്തറി നെയ്ത്തുകാർ നെയ്തെടുക്കുന്നതല്ലെന്ന് അവിടെയെത്തുന്നവർക്ക് മനസിലാകും. കാരണം, അമ്പതും അതിനുമുകളിലും വയസുള്ള തലമുറയാണ് നിലവിൽ നെയ്ത്തുപണിയിൽ തുടരുന്നത്. ചെറുപ്പക്കാരൊന്നും നെയ്യുന്നില്ല. കൈത്തറി സംഘത്തിന്റെ കീഴിൽ പണിയെടുക്കുന്ന അമ്പതിലധികം പേരെ മാറ്റി നിർത്തിയാൽ, ചിലർ കച്ചവട സ്ഥാപനങ്ങളിൽ സോദോഹരണ നെയ്ത്തുമായി ഉപജീവനം കഴിക്കുന്നവരാണ്. എന്നാൽ, അവരുടെ എണ്ണവും വളരെ കുറവാണ്. ഒന്നോ രണ്ടോ നെയ്ത്തുകാരുടെ സേവനം കൊണ്ട് മാത്രം വസ്ത്രം അട്ടിയട്ടിയായി ഇട്ടിരിക്കുന്ന തുണിക്കടകൾ നിറക്കാൻ കഴിയില്ല. പകരം ഇതൊക്കെ സേലത്തുനിന്നും, സൂറത്തിൽ നിന്നുമൊക്കെയാണ് ഇവിടെയെത്തുന്നത്. ഉത്തരേന്ത്യയിൽ നിന്ന് സാരിയിൽ കല്ല് പതിപ്പിക്കുന്ന ധാരാളം തൊഴിലാളികൾ അത്തരം വസ്ത്രവ്യാപാര കേന്ദ്രങ്ങളിലുണ്ട്. അതിനാൽ ട്രെൻഡ് സെറ്റ് ചെയ്യാനും വിവിധ മൂല്യവർധിത വസ്ത്രങ്ങൾ തയ്ക്കാനും കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഇവിടെ വലിയ ഡിമാൻഡാണ്.
സഹകരണസംഘത്തിന് പക്ഷേ, ഒരേയൊരു വിപണനശാലയെ ഉള്ളൂ. ഇത് കുത്താമ്പുള്ളിയിൽ തന്നെയാണ്. ഇവിടെ റാക്കുകളിൽ സൂക്ഷിക്കുന്ന തുണിത്തരങ്ങൾ വലിയ ചെലവില്ലാതെ അവിടെ തന്നെയിരിക്കും. ആരെങ്കിലും വഴിതെറ്റി കടന്നുവന്നാലെന്ന പോലെയാണ് ഇവിടെയെത്തുക. വില കേട്ടാലുടൻ അവർ തിരികെ പോകും. മറ്റ് വസ്ത്ര വ്യാപാരസ്ഥാപങ്ങളിൽ തീരെ കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ ലഭിക്കും. സൊസൈറ്റിയുടെ തുണികൾക്ക് രണ്ടോ മൂന്നോ ഇരട്ടി വിലകൊടുക്കണം. യഥാർത്ഥത്തിൽ, ഗുണവും ഈടും താരതമ്യം ചെയ്‌താൽ കൈത്തറി നെയ്ത്തുകാരുടെ തുണിത്തരങ്ങൾ ഏറെ മൂല്യമുള്ളതാണ്. പുറത്തുള്ള സ്ഥാപനങ്ങളിൽ പവർ ലൂം തുണിത്തരങ്ങളാണ് കൂടുതലും വിൽക്കുന്നത്. സൊസൈറ്റിയിൽ വരുന്ന തുണികൾ പൂർണമായും കോട്ടൺ നൂലുകളാണ്. അവ നെയ്യുമ്പോൾ പൊട്ടിപ്പോകാം. വിദഗ്ദ തൊഴിലാളിക്ക് അത് മനോഹരമായി കൂട്ടിച്ചേർക്കാൻ നിമിഷങ്ങൾ മതി. എന്നാൽ, യന്ത്രം നെയ്യുന്ന തുണികളിൽ ഈ കോട്ടൺ നൂലുകൾ ഉപയോഗിക്കാനാകില്ല. ഒരിക്കൽ പൊട്ടിയാൽ, മനുഷ്യനെ പോലെ യന്ത്രം അവ കൂട്ടിചേർക്കില്ല. അപ്പോൾ, പൊട്ടാത്ത നൂലുവേണം. അതിനാൽ പോളിസ്റ്റർ മിക്സ് വരുന്ന നൂലുകളാണ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്. മനുഷ്യന് ഒരു സാരി നെയ്യാൻ കുറഞ്ഞത് മൂന്ന് ദിവസം വേണം. യന്ത്രത്തിന് ഒരു ദിവസം അനേകം സാരികൾ നെയ്യാൻ പറ്റും. ഈ വക കാര്യങ്ങളൊക്കെകൊണ്ട് കൈത്തറി സാരികൾക്ക് സ്വാഭാവികമായും വില കൂടും.
പക്ഷേ, പൂർണത കൊണ്ടും വർഷങ്ങളുടെ ഈടുകൊണ്ടും കൈത്തറി വസ്ത്രങ്ങൾ മുന്നിട്ടുനിൽക്കും. ഉപയോഗിക്കുന്നവർക്കും തുണിയുടെ ഗുണം എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. എന്നാൽ, ഈ തൊഴിൽ കൊണ്ട് മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് നെയ്ത്തുകാർക്കു ബോധ്യമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ വേറെ.
“മിക്കവാറും ദിവസം രാവിലെ അഞ്ചുമണിക്ക് നെയ്ത്തു ജോലികൾ ആരംഭിക്കും. ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ട്. കൈ വേദന, കാൽ വേദന, ഇടുപ്പ് വേദന ഒക്കെയാണ്. പക്ഷേ, ജീവിക്കണമല്ലോ, അതിനാൽ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകുകയാണ്.” കലാവതി പറയുന്നു. മകൾ സുധയെ നെയ്‌ത്തുപണി പഠിപ്പിച്ചില്ല, സ്‌കൂളിലയച്ചു. ഈ മകളെ പിന്നീട് തമിഴ്‌നാട്ടിലേക്ക് വിവാഹം ചെയ്തയച്ചു. ഇപ്പോൾ കലാവതിയും സുന്ദർരാജനും മാത്രമാണ് വീട്ടിലുള്ളത്. കലാവതി പാലക്കാട്ടുകാരിയാണ്. ചിറ്റൂർ ആണ് ജന്മദേശം. കുട്ടിക്കാലം മുതൽ കുലത്തൊഴിലിൽ മുത്തച്ഛനൊപ്പം പ്രാവീണ്യം നേടി.
ചെറുപ്പക്കാരൊന്നും ഇപ്പോൾ ഈ തൊഴിലിലേക്കു വരുന്നില്ല. കൂലിപ്പണിക്ക് ഹെൽപ്പർ ആയി പോകുന്നയാൾക്കും കുറഞ്ഞത് 600 രൂപകിട്ടും. എന്നാൽ ഒരു സാരി നെയ്താൽ ആകെ 600 രൂപയാണ് കിട്ടുക. ഒരു സാരി നെയ്യാൻ മൂന്ന് ദിവസമെടുക്കും. മാത്രമല്ല, ഒരു സാരി നെയ്യാൻ ഒരാളുടെ അധ്വാനം മാത്രമല്ല വരുന്നത്. അഞ്ച് പേരുടെ സഹായം കൊണ്ടാണ് തറിയിലെ പാവ് തയ്യാറാക്കുന്നത്. ഓരോ നെയ്ത്തുകാരനും രാവിലെ അഞ്ചു മണിക്ക് ജോലി ആരംഭിച്ചാൽ രാത്രിയാകുവോളം തൊഴിലെടുക്കും. അങ്ങനെ വരുമ്പോൾ തുച്ഛമായ തുകയാണ് ഓരോ സാരി നെയ്തെടുക്കുമ്പോഴും നെയ്ത്തുകാരന് കിട്ടുന്നത്. എന്നാൽ, മറ്റൊരു തൊഴിലിൽ വൈദഗ്ദ്യമില്ലെന്നതും ഈ പ്രായത്തിൽ മറ്റൊരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കൊണ്ട് മാത്രമാണ് പലരും ഇവിടെ തുടരുന്നത്.
ഒരു പാവിൽ ആറ് സാരികളാണ് നെയ്തെടുക്കാൻ കഴിയുക. ഓരോ സാരിയും ബ്ലൗസിനുള്ള തുണിയുൾപ്പടെ ആറര മീറ്റർ ഉണ്ടാകും. സാധാ സാരിയാണെങ്കിൽ ഒരു പാവ് ആറ് ദിവസം കൊണ്ട് നെയ്യും. ഡിസൈൻ പ്രതീകമായി ചേർക്കണമെങ്കിൽ ഒരു സാരിക്ക് മാത്രം മൂന്നുദിവമെടുക്കും. സൊസൈറ്റി നൽകുന്ന ഡിസൈനുകളാണ് ഉപയോഗിക്കുന്നത്. ഡിസൈനുകൾ ഉണ്ടാക്കാൻ കട്ടി കടലാസ്സിൽ തുളകൾ കുത്തിയാണ് ഉപയോഗിക്കുന്നത്, ഇവ കമ്പ്യൂട്ടറിൽ സെറ്റ് ചെയ്ത് കൊടുക്കുന്ന ആളുകളുണ്ട്. ഇത് തറിയുടെ മേലെ സ്ഥാപിച്ച സിലിണ്ടറുകളിൽ ഘടിപ്പിക്കും.
ഭാരതപ്പുഴയുടെ തീരത്തുള്ള വീട്ടിൽ പ്രത്യേകമായി പണിത നെയ്ത്തുശാലയിൽ സാരികൾ നെയ്യുന്ന വസന്തമണിയും സൗന്ദർരാജും സഹോദരങ്ങളാണ്. ഇരുവർക്കും ഇതേ വിഷമതകളാണ് പറയാനുള്ളത്. പകലന്തിയോളം പണിയെടുത്താലും തുച്ഛം പൈസയാണ് ഇവർക്ക് കിട്ടുന്നത്.
പണ്ടുപണ്ട്, ഏതാണ്ട് 500 വർഷങ്ങൾക്കുമുൻപ് കൊച്ചി മഹാരാജാവിന്റെ കുടുംബത്തിനുള്ള വസ്ത്രം നെയ്യാൻ കർണാടകയിലെ മൈസൂരിൽ നിന്നുള്ള ബ്രാഹ്‌മണ വിഭാഗത്തിലെ ദേവാംഗ സമുദായത്തിൽപ്പെട്ട കുറച്ചുപേരെ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു കുത്താമ്പുള്ളിയിൽ. ഇപ്പോഴിത് ഭൗമ സൂചികാ പദവിയുള്ള വസ്ത്രമാണ്. ഈ പദവി ലഭിച്ചാൽ അത്തരം ഉൽപ്പന്നങ്ങളെ സംരക്ഷിക്കാനും വിപണനം ചെയ്യാനും സർക്കാർ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വേണ്ട രീതിയിൽ പരസ്യം ചെയ്യുക, ഓൺലൈൻ വിപണി സാദ്ധ്യതകൾ കണ്ടെത്തുക, അതിനുള്ള സാങ്കേതിക സഹായം നൽകുക, വൈകിക്കാതെ ജൗളിയുടെ കുടിശിക തീർക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാതെ കുത്താമ്പുള്ളി അടക്കമുള്ള പാരമ്പരാഗത കൈത്തറി തൊഴിലാളികളെ സംരക്ഷിക്കാനാകില്ല. ഫലത്തിൽ, ഈ തലമുറ കഴിയുന്നതോടെ അപൂർവ്വവും പൂർണതയുമുള്ള ഒരു കുലത്തൊഴിൽ അന്യം നിന്നുപോയേക്കാം.
ഫോട്ടോസ്: ജിഷ എലിസബത്ത്