മകന്റെ നീതിക്ക് വേണ്ടിയുള്ള മല്ലിയമ്മയുടെ പുറപ്പെടൽ

മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവെന്ന് മുദ്രകുത്തി ആൾക്കൂട്ടം മർദ്ദിച്ചുകൊന്നിട്ട് നാല് വർഷം പിന്നിടുകയാണ്. കേരളം ഇത്രയേറെ ചർച്ച ചെയ്ത ഒരു കേസിൽ അതിവേഗം അന്വേഷണം പൂർത്തിയായിട്ടും വിചാരണ വല്ലാതെ വൈകി. സാക്ഷികളുടെ കൂട്ട കൂറുമാറ്റത്തിന് അത് കാരണമായിത്തീർന്നു. പ്രതികളുടെ സ്വാധീനശക്തിയും പ്രോസിക്യൂഷന്റെ പിൻമാറ്റവും നിയമന‌‌ട‌പടികളെ പ്രശ്നത്തിലാക്കി. അത്തരം പ്രതിസന്ധികൾക്കിടയിലും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പോരാട്ടം തുടരുകയാണ്. മധു കൊല്ലപ്പെട്ട ശേഷം നീതിക്ക് വേണ്ടി ഇത്രകാലവും നടന്ന ശ്രമങ്ങളും അതിനിടയിലുണ്ടായ തിരിച്ചടികളും അന്വേഷിക്കുന്ന കേരളീയം പരമ്പര. (ഭാ​ഗം -2)

മുക്കാലിയില്‍ നിന്നും സൈലന്റ് വാലിയിലേക്കുള്ള വഴിയിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിക്കണം മധുവിന്റെ കുടുംബം താമസിക്കുന്ന ചിണ്ടക്കി എന്ന ഊരിലെത്താന്‍. കാലങ്ങളായി പലതരം അവ​ഗണനകൾ അനുഭവിക്കുന്ന ഒരു ആദിവാസി ​ഗ്രാമം. സൈലന്റ് വാലിയിലേക്കും ചിണ്ടക്കിയിലേക്കും വഴി തിരിയുന്ന തുട്ക്കി ചെക്ക്‌പോസ്റ്റ് വരെയുള്ളത് കുണ്ടും കുഴിയും നിറഞ്ഞ, ടാറിം​ഗ് ചെയ്യാത്ത റോഡാണ്. ബസ് സൗകര്യമില്ലാത്തതിനാൽ മുക്കാലിയില്‍ നിന്നും ഓട്ടോറിക്ഷയോ ജീപ്പോ വിളിക്കണം ഊരിലേക്കെത്താൻ. വാടക വണ്ടിക്കാർ പോകാൻ മടിക്കുന്ന ദുഷ്കരമായ പാത. എന്തൊക്കെ വന്നാലും വഴി നന്നാക്കില്ലെന്ന വാശിയിലാണ് ഇവിടുത്തെ ജനപ്രതിനിധികളെന്ന് മുക്കാലിയിലെ ചില പ്രദേശവാസികൾ തമാശയോടെ പറയുന്നുണ്ടായിരുന്നു. തുട്ക്കി ചെക്ക് പോസ്റ്റ് പിന്നിട്ടാൽ ഊരിലേക്കുള്ള വഴി സാമാന്യം ഭേദപ്പെട്ടതാണ്. സൈലന്റ് വാലിയിലേക്ക് നീളുന്ന മലകൾക്ക് താഴെയുള്ള വഴിക്ക് സമാന്തരമായി ഭവാനിപ്പുഴ മഴക്കാല സമൃദ്ധിയിൽ വന്യമായി ഒഴുകുന്നുണ്ട്. കാടിനുള്ളിലൂടെ നീളുന്ന ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ ആ വഴി അവസാനിക്കുന്ന ഇടമാണ് ചിണ്ടക്കി ഊര്.

സൈലന്റ് വാലി മലനിരകൾ. മധുവിന്റെ ഊരിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ആരതി എം.ആർ

മധുവിന്റെ വീട്ടിലേക്കുള്ള തിരിവിൽ ഓട്ടോറിക്ഷ നിന്നു. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങുമ്പോൾ ആദ്യം കാണുന്നത് മാനസികാസ്വാസ്ഥ്യമുള്ള ഒരു മനുഷ്യന്‍ തനിയെ ചിരിച്ചും സംസാരിച്ചും വഴി മുറിച്ചുകടന്ന് എങ്ങോട്ടേക്കോ നടന്നു നീങ്ങുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട് കണ്ട മധുവിന്റെ മുഖം ഓർമ്മിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ‘അവസാനമായി നീ ഒന്ന് ചിരിക്കെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് അക്രമികൾ എടുത്ത സെല്‍ഫി വീഡിയോയില്‍ നിഷ്‌കളങ്കനായി ചിരിച്ചുനില്‍ക്കുന്ന മധുവിന്റെ മുഖം.

കുത്തനെയുള്ള ഒരു കയറ്റം കയറിവേണം മധുവിന്റെ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് എത്താൻ. വീട്ടിലേക്കെത്തുമ്പോൾ ആദ്യം തന്നെ കാണുന്നത് ‘ഹൃദന്യ’ എന്നും ‘ആദിഷ്’ എന്നും പേരെഴുതിയിട്ടുള്ള മഹീന്ദ്രയുടെ ഒരു ജീപ്പ് ആണ്. മധു കൊല്ലപ്പെട്ടതിനെ തുടർന്ന് സര്‍ക്കാരില്‍ നിന്നും ലഭിച്ച നഷ്ടപരിഹാര തുകയില്‍ നിന്നും മധുവിന്റെ അമ്മ മല്ലിയമ്മ വാങ്ങിയ വാഹനം. ഒരുപക്ഷെ, പതിനഞ്ച് കുടുംബങ്ങൾ താമസിക്കുന്ന ചിണ്ടക്കിയിലെ പഴയൂർ എന്ന ആ പ്രദേശത്തെ ഏക ഗതാഗത സൗകര്യവും അതുതന്നെയാകും.

മധുവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട ജീപ്പ്. സമീപം, ഊരിൽ പച്ചക്കറി വിൽക്കാൻ വന്ന ഓട്ടോറിക്ഷ. ഫോട്ടോ: ആരതി എം.ആർ

“മുമ്പ് ജീപ്പ് ഓടിക്കാനായി ഡ‍്രൈവറെ വെച്ചിരുന്നു. ഇപ്പോള്‍ ആരുമില്ലാതായി. ഇങ്ങോട്ടേക്ക് വരാന്‍ എല്ലാവര്‍ക്കും പേടിയാണ്.” മധുവിന്റെ സഹോദരി സരസു നിസഹായതയോടെ പറഞ്ഞു. മധു വധക്കേസ് കോടതിയില്‍ എത്തിയ നാൾ മുതല്‍ മധുവിന്റെ കുടുംബത്തെ സാമൂഹികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിന്റെ സാക്ഷ്യമായിരുന്നു സരസുവിന്റെ വാക്കുകള്‍. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി സ്‌പെഷ്യല്‍ കോടതിയിലേക്കും അഗളി പൊലീസ് സ്‌റ്റേഷനിലേക്കും കേസുമായി ബന്ധപ്പെട്ട് നിരന്തരം യാത്ര ചെയ്യാനുള്ളതുകൊണ്ട് കൂടിയാണ് മധുവിന്റെ അമ്മ ജീപ്പ് വാങ്ങുന്നത്. എന്നാല്‍ സ്വന്തമായി വാഹനമുണ്ടെങ്കിലും യാത്രാ സൗകര്യത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതിയാണ് ഇവര്‍ക്ക്. “എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ മുക്കാലിയിലെ പരിചയമുള്ള ഓട്ടോറിക്ഷക്കാരെ വിളിച്ച് പറയണം. എന്നാല്‍ മാത്രമേ ഓട്ടോറിക്ഷ ഇങ്ങോട്ട് വരുള്ളൂ. ഇപ്പോ മിക്ക ഓട്ടോക്കാരും വരാറില്ല. ജീപ്പ് ഓടിക്കാന്‍ അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഊരിലുള്ളത്. അവരെയാണ് ഇപ്പോള്‍ എങ്ങോട്ടെങ്കിലും പോകാനായി ആശ്രയിക്കുന്നത്.” സരസു പറഞ്ഞു.

ഊരിലെ ഒറ്റപ്പെടൽ

‘വന്തവാസികള്‍’ എന്ന് ആദിവാസികള്‍ വിളിക്കുന്ന കുടിയേറ്റക്കാരില്‍ നിന്ന് മാത്രമല്ല മധുവിന്റെ കുടുംബത്തിന് ഒറ്റപ്പെടുത്തല്‍ നേരിടേണ്ടിവരുന്നത്. ചിണ്ടക്കി ഊരിലെ ബന്ധുജനങ്ങളില്‍ നിന്നുപോലും നീതിക്കായുള്ള പോരാട്ടത്തില്‍ വേണ്ടത്ര സഹകരണം ഇവർക്ക് ലഭിക്കുന്നില്ല. മധു കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഊരുകൂട്ടം പോലും ചിണ്ടക്കിയില്‍ ഉണ്ടായിട്ടില്ല. അച്ഛനില്ലാത്തത് കൊണ്ടാകാം ബന്ധുക്കളായിരുന്നിട്ടും ഊരിലുള്ളവർ സഹകരിക്കാത്തതെന്ന് സരസു പരിഭവപ്പെട്ടു.

മുഡുഗര്‍ സമുദായത്തില്‍ നിന്നുള്ള മധുവിന്റെ അച്ഛന്‍ മല്ലന്റെ ഊരാണ് ചിണ്ടക്കി. കുറുമ്പര്‍ ​സമു​ദായ അം​ഗമായ മധുവിന്റെ അമ്മ മല്ലിയമ്മ കുറുമ്പര്‍ പരമ്പരാ​ഗതമായി താമസിക്കുന്ന കടുക്മണ്ണ എന്ന ഊരിലെ അം​ഗമായിരുന്നു. ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്താവ് മല്ലന്‍ മരണപ്പെട്ട ശേഷം മല്ലിയമ്മ മക്കളുമായി വളരെക്കാലം തന്റെ ഊരായ കടുക്മണ്ണയിലാണ് താമസിച്ചിരുന്നത്. മക്കള്‍ വളർന്ന ശേഷമാണ് മധുവിനെയും സരസുവിനെയും ചന്ദ്രികയേയും കൊണ്ട് അവർ ചിണ്ടക്കി ഊരില്‍ താമസമാക്കുന്നത്.

മധുവിന്റെ വീടിന് മുന്നിൽ സഹോദരി സരസുവും മല്ലിയമ്മയുടെ സഹോദരി മരുതിയും. ഫോട്ടോ: അരുൺ ശങ്കർ

“അച്ഛന്റെ മരണശേഷം അമ്മ ഭവാനിപ്പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് ഞങ്ങള്‍ ചെറിയ കുട്ടികളാണ്. അച്ഛനില്ലാതെ മൂന്ന് മക്കളെയും കൊണ്ട് താന്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്നായിരുന്നു അമ്മയുടെ പേടി. കടുക്മണ്ണയിലെ ജനങ്ങളാണ് അമ്മയെ അന്ന് രക്ഷിച്ചത്.” സരസു വീടിന്റെ ഉമ്മറത്തിരുന്ന് പഴയകാലം ഓർത്തെടുത്തു. കടുക്മണ്ണയില്‍ മല്ലിയമ്മയ്ക്കും മക്കള്‍ക്കും ലഭിച്ചിരുന്ന സ്‌നേഹവും പരി​ഗണനയും ചിണ്ടക്കിയില്‍ നിന്നും കിട്ടുന്നില്ല എന്നത് സരസുവിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു. മധുവിന്റെ മരണം എന്ന ദാരുണ സംഭവത്തിലൂടെ ആ കുടുംബത്തിന് കടന്നുപോകേണ്ടി വന്നിട്ടും എന്തുകൊണ്ട് ഊരിലുള്ളവർ വേണ്ടത്ര കൂടെനില്‍ക്കുന്നില്ല എന്ന ചോദ്യം സരസു ഉയര്‍ത്തുന്നു.

“മധുവിന്റെ കേസില്‍ സഹായം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നും അന്വേഷിക്കാന്‍ പോയിട്ടുമില്ല. ആരൊക്കെയോ വന്നുപോകുന്നുണ്ട്. ആരാണെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല.” ഊരിലുള്ള ചിലർക്കൊപ്പം അതിര്‍വരമ്പ് കെട്ടുന്ന പണി ചെയ്തുകൊണ്ടിരുന്ന മരുതന്‍ അത് നിർത്തിവച്ച് സംസാരിക്കാന്‍ തുടങ്ങി. മധുവിന്റെ വല്യച്ഛന്‍ മരുതനാണ് നിലവില്‍ അവിടുത്തെ ഊരുമൂപ്പന്‍. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത ഗ്രൂപ്പുകളായി പിരിഞ്ഞ് തൊഴിലുറപ്പ് പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. സരസു ഓരോരുത്തരെയും പരിചയപ്പെടുത്തി. എന്തുകൊണ്ടാണ് മധുവിന്റെ മരണശേഷം ഊരുകൂട്ടം കൂടാത്തത് എന്ന ചോദ്യത്തിന് കൂടാന്‍ ആരും ആവശ്യപ്പെട്ടില്ല എന്ന വളരെ നിസംഗമായ മറുപടിയാണ് മരുതൻ പറഞ്ഞത്. മരുതനോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് മധുവിന്റെ ചെറിയച്ഛനായ നഞ്ചന്‍ അവിടേക്ക് വരുന്നത്. കേസ് ദുര്‍ബലപ്പെട്ട് പോകുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും എന്നാല്‍ കേസില്‍ ഇടപെടണമെന്ന് ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കേസിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ കഴിയില്ല.” നഞ്ചൻ വ്യക്തമാക്കി.

തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന ആദിവാസി സ്ത്രീകൾ. ഫോട്ടോ: ആരതി എം.ആർ

കുറച്ച് അപ്പുറം പണിയെടുത്തുകൊണ്ടിരുന്ന സ്ത്രീകള്‍ ഇതിനിടയിൽ വിശ്രമത്തിനായി അടുത്തുള്ള പുൽപ്പരപ്പിലേക്ക് ഇരുന്നു. കേസിന് കൂടെപ്പോയാല്‍ പണി മുടങ്ങുമല്ലോ എന്ന ആശങ്കയാണ് അവർ പ്രധാനമായും പങ്കുവച്ചത്. “ഊരുകൂട്ടം കൂടാന്‍ ഊരുസമിതിയിലെ ആളുകളെ വിളിച്ചാലും ആരും വരില്ല. അതുകൊണ്ടുതന്നെ ഊരുകൂട്ടം വിളിക്കാറുമില്ല.” ശാന്ത പറയുന്നു. മധുവിന്റെ മരണശേഷം മധുവിന്റെ കുടുംബക്കാര്‍ക്ക് സ്‌നേഹമില്ലാതെയായി എന്ന പരാതിയായിരുന്നു എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. മകന്‍ കൊല്ലപ്പെട്ട വേദനയിൽ കഴിയുന്ന അമ്മയ്ക്ക് എത്രത്തോളം നിങ്ങളോട് സഹായം ആവശ്യപ്പെടാന്‍ കഴിയുമെന്ന് ചോദിക്കുമ്പോള്‍ ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. എന്നാലും മധു വധക്കേസ് തോറ്റ് പോകാന്‍ പാടില്ലെന്ന് അവരെല്ലാം ആഗ്രഹിക്കുന്നുണ്ട്. “ഞങ്ങള്‍ക്ക് അവരെ തള്ളിപ്പറയാന്‍ കഴിയില്ലല്ലോ. കേസ് വിജയിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ലതാണ്. എന്തായാലും ഞങ്ങള്‍ക്ക് നീതി ലഭിക്കണം.” കൂട്ടത്തില്‍ നിന്നും മിനി അഭിപ്രായപ്പെട്ടു.

“മധു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തിന് കോടികള്‍ ധനസഹായമായി ലഭിച്ചുവെന്നൊരു നുണ ഊരില്‍ പരന്നിട്ടുണ്ട്. കിട്ടിയ തുകയില്‍ നിന്ന് ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ വീതം നല്‍കിയില്ല എന്ന പരാതിയുടെ പുറത്താണ് ആരും മധുവിന്റെ കുടുംബത്തോട് സഹകരിക്കാതെയിരിക്കുന്നത്.” മധുവിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടങ്ങളെ സഹായിക്കുന്ന മധു നീതി സമരസമിതി ചെയർമാൻ വി.എം മാര്‍സന്‍ ഊരിലെ നിസ്സഹകരണത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. സഹകരിച്ചില്ലെങ്കിലും കേസ് ജയിക്കണമെന്നത് സമുദായമെന്ന നിലയില്‍ അവരുടെയും ആവശ്യമാണന്ന് ഊരിലുള്ളവർ തിരിച്ചറിയുന്നുണ്ട്. അന്നന്നുള്ള ചിലവുകള്‍ നടത്താന്‍ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തി മധുവിന്റെ നീതിക്കായി ഇറങ്ങിപ്പുറപ്പെടാന്‍ സാമ്പത്തികമായും സാമൂഹികമായും കഴിയുന്നില്ല എന്നതും ചിണ്ടക്കിയിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നു.

മധുവിന്റെ അമ്മ

വി.എം മാര്‍സന്റെ എറണാകുളത്തുള്ള വീട്ടില്‍ വെച്ചാണ് മധുവിന്റെ അമ്മ മല്ലിയമ്മയെ കാണുന്നത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് എറണാകുളം ഹൈക്കോടതിയിലേക്ക് വന്നതാണവർ. ഭര്‍ത്താവിന്റെ മരണശേഷം വളരെ കഷ്ടപ്പെട്ടാണ് മല്ലിയമ്മ മൂന്ന് മക്കളെ വളര്‍ത്തിയത്. എത്ര കഷ്ടപ്പെട്ടാലും മക്കളെ പഠിപ്പിക്കാൻ കഴിയണം എന്ന നിശ്ചയദാര്‍ഢ്യമായിരുന്നു മല്ലിയമ്മയെ മുന്നോട്ടുനയിച്ചത്. അതേ നിശ്ചയദാര്‍ഢ്യം തന്നെയാണ് മകന്റെ കൊലപാതകികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ നടത്തുന്ന പോരാട്ടത്തിലും മല്ലിയമ്മയിൽ കാണാൻ കഴിഞ്ഞത്.

മധുവിന്റെ വീട്. ഫോട്ടോ: അരുൺ ശങ്കർ

“മധു ആറാം ക്ലാസായപ്പോഴേക്കും പഠിത്തം നിര്‍ത്തിയതാണ്. അമ്മ ഊരില്‍ ഒറ്റയ്ക്കല്ലേ, ഞാന്‍ അമ്മയോടൊപ്പം നില്‍ക്കാമെന്ന് പറഞ്ഞ് അവന്‍ വീട്ടിലേക്ക് വരികയായിരുന്നു. അനിയത്തിമാര്‍ രണ്ടുപേരും ഹോസ്റ്റലില്‍ നിന്ന് പഠിക്കുമ്പോ ഊരില്‍ എനിക്ക് അവനായിരുന്നു കൂട്ട്. പക്ഷെ ഇപ്പോൾ എന്റെ മധു…” വാക്കുകള്‍ മുഴുവനാക്കാന്‍ മല്ലിയമ്മയ്ക്ക് കഴിഞ്ഞില്ല. സാരിത്തലപ്പുകൊണ്ട് കണ്ണീര്‍ തുടച്ച് അവർ പറഞ്ഞുവന്നത് പൂർത്തിയാക്കി. “ഇപ്പോള്‍ ഊരില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ അവന്‍ ഇവിടെ ഇല്ലല്ലോ എന്ന് ഞാനോര്‍ക്കും.”

മധു കൊല്ലപ്പെടുമ്പോള്‍ അംഗനവാടി ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു മല്ലിയമ്മ. മധുവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ച് മകന്റെ നീതിക്കായി ആ അമ്പത്തൊന്നുകാരി യാത്ര തുടരുകയാണ്. നഷ്ടപരിഹാരമായി കിട്ടിയ തുകയില്‍ കുറച്ച് ഭാഗം മകന്റെ ആത്മശാന്തിക്കായി ആദിവാസി യുവതികളുടെ കല്യാണം നടത്തിക്കൊടുക്കാനും അന്നദാനം നടത്താനുമായാണ് മല്ലിയമ്മ വിനിയോഗിച്ചത്. ഒരു ലക്ഷം രൂപയോളം വീടിന് സമീപമുള്ള കാവില്‍ തറ കെട്ടാനും ഉപയോഗിച്ചു. ബാക്കിയുണ്ടായിരുന്ന തുകയില്‍ നിന്നാണ് യാത്രാ സൗകര്യത്തിനായി ജീപ്പ് വാങ്ങുന്നത്. ചിണ്ടക്കി ഊരില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കും പൊലീസ് മന്ദിരങ്ങളിലേക്കും ഹൈക്കോടതിയിലേക്കുമുള്ള നിരന്തരമായ അലച്ചിലുകളിൽ‌ ആ ജീപ്പ് ഒരു സഹായമായി മാറി. സാക്ഷികള്‍ എത്ര കൂറുമാറിയാലും സത്യം ജയിക്കുമെന്നും മകന് നീതി കിട്ടുമെന്നും ആ അമ്മ ഉറച്ച് വിശ്വസിക്കുന്നു. മകന് നീതി കിട്ടാൻ വേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടം കൂടിയാണ് മധു വധക്കേസ്.

ചിണ്ടക്കി ഊരിലെ സർപ്പക്കാവ്. ഫോട്ടോ: അരുൺ ശങ്കർ

പഠിക്കാന്‍ പോകുന്നവര്‍ക്ക് സംഭവിക്കുന്നതെന്ത്?

ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയ മധു പതിനേഴാം വയസില്‍ അഗളിയിലെ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോജക്ടിന്റെ കീഴിലുള്ള കാര്‍പെന്ററി കോഴ്‌സ് ചെയ്യാനായി കടുക്മണ്ണയിലെ സുഹൃത്തുക്കളോടൊപ്പം പാലക്കാട് പുതുപ്പരിയാരം പോയി. എന്നാല്‍ അവിടെ നിന്നും തിരിച്ചുവന്ന മധുവിന് കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പല തവണ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വരെ കൊണ്ടുപോയി ചികിത്സിക്കാന്‍ ശ്രമിച്ചെങ്കിലും മധു ഒരു മരുന്നിനും പിടികൊടുത്തില്ല. അങ്ങനെ പൂര്‍ണ്ണമായും വനത്തിനുള്ളിലേക്ക് മധു താമസം മാറ്റി. ആ മധുവിനെയാണ് ഒടുവിൽ ആൾക്കൂട്ടം വനത്തിൽ വച്ച് പിടികൂടുന്നത്.

ഊരില്‍ നിന്ന് പുറത്ത് പഠിക്കാന്‍ പോയി മാനസിക നിലതെറ്റി തിരിച്ചെത്തുന്ന അവസാന ആളല്ല മധു. മധുവിന്റെ വല്യച്ഛന്റെ മകനായ രാജേന്ദ്രന്‍ ബിഫാം പഠിക്കാനായാണ് കോഴിക്കോടേക്ക് പോയത്. നന്നായി പഠിക്കുന്ന, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന രാജേന്ദ്രന്‍ പക്ഷെ തിരിച്ചെത്തുന്നത് മാനസികനില തെറ്റിയാണ്. അങ്ങനെ അവസാന വര്‍ഷ പരീക്ഷ രാജേന്ദ്രന് എഴുതാന്‍ കഴിഞ്ഞില്ല. നിലവില്‍ പാക്കുളത്ത് താമസിക്കുന്ന രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ നല്‍കാനാണ് കുടുംബക്കാര്‍ ശ്രമിക്കുന്നത്. ഊരിന് പുറത്തേക്ക് പോകുന്നവരുടെ മാനസികനില എന്തുകൊണ്ട് തെറ്റുന്നു എന്നതിന് ആർക്കും വ്യക്തമായ ഉത്തരമില്ല.

ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയ മധു. ഫയൽ ഫോട്ടോ.

ചിണ്ടക്കിയില്‍ വന്നിറങ്ങുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയും മാനസികാസ്വാസ്ഥ്യമുള്ള ഒരു മനുഷ്യന്‍ എങ്ങോട്ടോ നടന്നകലുന്നതായിരുന്നു. ഇത്തരത്തില്‍ മാനസികാസ്വാസ്ഥ്യം നേരിടുന്ന ആദിവാസി ജനതയെ സംരക്ഷിക്കേണ്ടതും അവര്‍ക്ക് വേണ്ട ചികിത്സാ സൗകര്യം നല്‍കേണ്ടതും ആരുടെ ഉത്തരവാദിത്തമാണ്? അട്ടപ്പാടിയിലെ ആദിവാസി വിഭാ​ഗങ്ങളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ക്കും സംഘടനകള്‍ക്കും ഇതില്‍ വ്യക്തത വേണ്ടതില്ലേ? മാനസിക പ്രശ്നം നേരിടുന്നവർക്ക് ഇന്നും ഭ്രഷ്‌ടുകല്‍പ്പിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഈ ചോദ്യങ്ങൾ വളരെ പ്രധാനമായി മാറുന്നു. ഒരുപക്ഷെ ഇനിയൊരു മധു ഉണ്ടാകാതിരിക്കാനെങ്കിലും അത്തരം ശ്രമങ്ങള്‍ അട്ടപ്പാടിയില്‍ തുടങ്ങേണ്ടതുണ്ട്.

മധു വധക്കേസ് നേരിട്ട അവ​​ഗണനകൾ

മധു മരിച്ച് 98ാമത്തെ ദിവസം കേസിലെ 16 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കേസിന്റെ വിചാരണ തുടങ്ങാന്‍ വീണ്ടും നാല് വര്‍ഷമാണ് വേണ്ടിവന്നത്. സര്‍ക്കാര്‍ നിയോഗിച്ച നാലാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഇപ്പോൾ കേസ് വാദിക്കുന്നത്. അഡ്വ. പി ഗോപിനാഥിനെയാണ് ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ആദ്യം നിയമിക്കുന്നത്. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി സ്‌പെഷ്യല്‍ കോടതിയില്‍ പോയിവരാനുള്ള വാഹന സൗകര്യം, മണ്ണാര്‍ക്കാട് ഒരു ഓഫീസ്, സ്റ്റാഫ് അതിന് പുറമെ കേസ് നടത്താന്‍ 25 ലക്ഷം രൂപ എന്നിവ അഡ്വ. പി ഗോപിനാഥ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് തള്ളി. പിന്നീട് മധു വധക്കേസില്‍ നിയമിതനായ അഡ്വ. രഘുനാഥ് കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി നഷ്ടപ്പെടുത്തിയത് മൂന്ന് വര്‍ഷത്തോളമാണ്. ഈ മൂന്ന് വര്‍ഷവും പ്രതികള്‍ സാക്ഷികള്‍ക്കിടയില്‍ ജീവിക്കുകയും വിസ്താരം അനന്തമായി നീളുകയും ചെയ്തു. 2022 ജനുവരിയിൽ വിസ്താരം ആരംഭിച്ചിട്ടും കോടതിയിൽ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൃത്യമായി ഹാജരായില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് കോടതിക്ക് തന്നെ ശക്തമായി ചോദിക്കേണ്ടി വന്നു. കോടതിയുടെ ആ പൊട്ടിത്തെറി സര്‍ക്കാരിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളുണ്ടാകാന്‍ കാരണമായി.

ഈ സമയത്താണ്, മധു കൊല്ലപ്പെട്ടതിന് ശേഷം മധു എന്റെ അനിയനാണ് എന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ച സിനിമാ താരം മമ്മൂട്ടി മധുവിന്റെ കേസ് നടത്താനാവശ്യമായ എല്ലാ ചെലവുകളും വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ അത്തരം സഹായങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് മല്ലിയമ്മ പറയുന്നു.

മല്ലിയമ്മയും സരസവും പങ്കുചേർന്ന മധുവിന്റെ നീതിക്ക് വേണ്ടിയുള്ള സമരത്തിൽ വി.എം മാർസൻ സംസാരിക്കുന്നു.

“മധു എന്റെ അനിയനാണെന്നൊക്കെ പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടായിരുന്നെങ്കില്‍ ഇത്രയധികം സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തില്‍ ഒരു ആശ്വാസവാക്കെങ്കിലും അദ്ദേഹം പറയുമായിരുന്നല്ലോ. അതുമല്ല, കേരള സര്‍ക്കാരിനും കേരളത്തിന്റെ നിയമമന്ത്രിക്കും ചെയ്യാനാകാത്ത എന്ത് സഹായമാണ് മമ്മൂട്ടിക്ക് ചെയ്യാനാകുക?” വി.എം മാര്‍സന്‍ ചോദിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ 21 സ്‌പെഷ്യല്‍ ഗവര്‍ണ്‍മെന്റ് പ്ലീഡര്‍മാരും 112 സീനിയര്‍ ഗവര്‍ണ്‍മെന്റ് പ്ലീഡര്‍മാരും സര്‍ക്കാരിന് വേണ്ടി കേസുകള്‍ വാദിക്കാന്‍ ഉള്ളപ്പോഴാണ് ഒരു നടന് ഇത്തരം സഹായവുമായി മുന്നോട്ടുവരേണ്ടി വന്നത്.

അഡ്വ. രഘുനാഥ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞതോടെ 2022 ഫെബ്രുവരി മാസം അഡ്വ. സി രാജേന്ദ്രനെ നിയമിക്കുകയായിരുന്നു. എന്നാല്‍ മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇദ്ദേഹത്തെ മാറ്റുകയും അസിസ്റ്റന്റ് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം. മേനോനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയുമായിരുന്നു. അഡ്വ. രാജേഷ് മേനോന്‍ കേസ് ഏറ്റെടുത്തതിന് ശേഷമാണ് 2022 ആഗസ്റ്റ് 8 ന് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ഹര്‍ജി നല്‍കിയത്.

കേസ് വിസ്താരം ആരംഭിച്ച് കഴിഞ്ഞിട്ടും നിയമിതനായിരുന്നപ്പോള്‍ കൊടുത്തിരുന്ന ബില്ലുകള്‍ക്ക് പോലും സര്‍ക്കാരില്‍ നിന്നും തുക ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടറായ അഡ്വ. രാജേഷ് എം. മേനോന്‍ പറയുന്നു. “42000 രൂപയുടെ ബില്ലാണ് സബ്മിറ്റ് ചെയ്തിരുന്നത്. എന്നാല്‍ കളക്ടറില്‍ നിന്നും ഫണ്ട് ഇല്ല എന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. സാക്ഷികളെ കാണാനും അവരുമായി സംസാരിക്കാനുമുള്ള ഓഫീസ് മുറി പോലും ഞങ്ങള്‍ക്കില്ല. ഇപ്പോള്‍ കേസ് നടത്തുന്നതിനുള്ള പ്രതിഫലമെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” അഡ്വ. രാജേഷ് മേനോന്‍ വ്യക്തമാക്കി.

2009 മുതല്‍ 2021 ഓഗസ്റ്റ് 31 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് നടത്തിപ്പിന് 6.34 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആറ് വർഷം സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായതിന് പുറത്ത് നിന്നും കൊണ്ടുവന്ന അഭിഭാഷകർക്ക് നൽ​കിയത് 8.73 കോടി രൂപ. പെരിയയിൽ യൂത്ത് കോൺ​ഗ്രസുകാർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ മുടക്കിയത് 88 ലക്ഷം രൂപ. രാഷ്ട്രീയ താത്പര്യങ്ങളുള്ള കേസിൽ 1.78 കോടി രൂപ വരെ മുടക്കി അഭിഭാഷകരെ നിയോ​ഗിക്കുന്ന സർക്കാരാണ് മധുവിന്റെ കേസ് നടത്താൻ പണമില്ല എന്ന് പറയുന്നത്. ഇത് സൃഷ്ടിച്ച കാലതാമസം പ്രതികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതില്‍ കാരണമായിത്തീർന്നു.

കൊലപാതകം ഗൂഡാലോചനയോ?

മുക്കാലിയിലെ ആദിവാസി ഇതര സമൂഹം കള്ളനായതുകൊണ്ട് മധുവിനെ മര്‍ദ്ദിച്ചുവെന്ന ന്യായമാണ് ഇപ്പോഴും പറയുന്നത്. കള്ളനാണെങ്കിൽ തല്ലിക്കൊല്ലാം എന്നതിൽ ന്യായമുള്ളതുപോലെയാണ് അവർ സംസാരിക്കുന്നത്.

“മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ്, കാടിനുള്ളില്‍ വെച്ച് രണ്ട് മൂന്ന് പേര്‍ ചേര്‍ന്ന് തനിക്ക് നേരെ തോക്ക് ചൂണ്ടിയെന്ന് മധു ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്തിനായിരുന്നു അതെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമല്ല.” മധുവിന്റെ അമ്മയുടെ സഹോദരി മരുതി ഓര്‍ത്തെടുത്തു. മരുതിയുടെ മകള്‍ സിന്ധുവിനോടും സഹോദരി സരസുവിനോടുമെല്ലാം ഇത്തരത്തില്‍ ഒരു സംഭവമുണ്ടായതായി മധു പറഞ്ഞിട്ടുണ്ട്. അട്ടപ്പാടി വനമേഖലയില്‍ വ്യാപകമായിരുന്ന കഞ്ചാവ് കൃഷി 2017-2018 കാലഘട്ടത്തില്‍ പൊലീസ് നശിപ്പിച്ചിരുന്നു. ഇതിൽ പൊലീസിന്റെ ഇന്‍ഫോര്‍മറായി മധു പ്രവര്‍ത്തിച്ചിരുന്നോ എന്ന തോന്നലായിരിക്കാം മധുവിനെ കൊല്ലാനായുണ്ടായ കാരണമെന്നും കുടുംബം സംശയിക്കുന്നു. മുക്കാലിയില്‍ നിന്ന് കുറച്ച് അകലെയുള്ള പാക്കുളത്തെ ചില വ്യാപാരികളും മധുവിനെ ആക്രമിക്കാനെത്തിയിരുന്നു എന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഭാഗം വക്കീലും കേസിലെ ഒമ്പതാം പ്രതി നജീബിന്റെ ബന്ധുവുമായ സനിനും മധു ആക്രമിക്കപ്പെടുന്ന സമയത്ത് അവിടെയുണ്ടായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതെല്ലാം മധുവിന്റെ കേസിലെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

ചിണ്ടക്കി പഴയൂരിലെ വീടുകൾ, ഒരു വിദൂരദൃശ്യം. ഫോട്ടോ: ആരതി എം.ആർ

2022 ആഗസ്റ്റ് 22ന് രാജസ്ഥാനിലെ ഭാരത്പൂരില്‍ ഒരു ദലിത് യുവാവിനെ കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ദലിതരും ആദിവാസികളും പകലിരവ് വ്യത്യാസമില്ലാതെ നടുറോഡിൽ ആക്രമിക്കപ്പെടുന്നതിന്റെ, കൊല ചെയ്യപ്പെടുന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് മധുവിന്റേത് എന്ന് ഇത്തരം പൈശാചിക സംഭവങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. 1931 ഓഗസ്റ്റ് 14ന് ബോംബെയിലെ മണിഭവനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ അംബേദ്കര്‍ ഗാന്ധിയോട് പറഞ്ഞത് പോലെ, എനിക്കൊരു മാതൃരാജ്യമില്ല. കുടിക്കാന്‍ ഒരു തുള്ളി വെള്ളം ലഭിക്കാത്ത, പട്ടികളേക്കാളും പൂച്ചകളേക്കാളും മോശമായി പരിഗണിക്കപ്പെടുന്ന ഈ നാടിനെ, ഈ മതത്തെ ഞാന്‍ എങ്ങനെ എന്റേതായി കരുതും എന്ന് പറയാനുള്ള സാഹചര്യം അധസ്ഥിത സമൂഹങ്ങള്‍ക്ക് എന്നാണ് ഇല്ലാതാകുന്നത്?

(അവസാനിച്ചു)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 1, 2022 2:44 am