അധികാരത്തോട് കലഹിക്കുന്ന സർഗാത്മകത

1990 മുതൽ ഇന്നുവരെ കെ അരവിന്ദാക്ഷൻ എഴുതിയ ലേഖനങ്ങൾ കോർത്തിണക്കി ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഹിന്ദു രാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ’. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ജനാധിപത്യം കടന്നുപോയ ഗതിവിഗതികളെ ഗാന്ധിയൻ ആശയങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുന്ന ഈ പുസ്തകം അധികാരത്തോടും അതുൽപ്പാദിപ്പിക്കുന്ന അനീതിയോടും ഹിംസയോടുമുള്ള നിശിത വിമർശനമായി കണക്കാക്കാം. അതിനോട് എഴുത്തിലൂടെ സർഗാത്മകമായി ഇടപെടുകയും പ്രതിരോധരൂപങ്ങൾ തീർക്കുകയും ചെയ്യുന്ന എഴുപത്തഞ്ചോളം ലേഖനങ്ങൾ മൂന്ന് ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഗാന്ധി എന്നും ഉയർത്തിപ്പിടിച്ച സ്വരാജ്, മതസാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങൾ, മാർക്സിസ്റ്റ് സമഗ്രാധിപത്യം, കോൺഗ്രസിന്റെ അധികാര കേന്ദ്രീകരണം, അഴിമതി, ജനാധിപത്യ വിരുദ്ധത, ഇതര മതതീവ്രവാദങ്ങൾ എന്നിവയുടെ നേരെയുള്ള പ്രതികരണങ്ങളും ഉണ്ട്. വളരെ സൂക്ഷ്മതയോടും കണിശതയോടും കൂടി വാക്കുകൾ ചേർത്തുവച്ച, മനുഷ്യ സംസ്ക്കാരത്തിന് നേരെ തുറന്നുവച്ച കണ്ണാടി കൂടിയാണ് ഈ പുസ്തകം. കേവലം ഇന്ത്യൻ യാഥാർഥ്യങ്ങളോടുള്ള ഒരു ഗാന്ധിയൻ പ്രതികരണം എന്നതിനപ്പുറം ഈ ഭൂമണ്ഡലവും ജീവിതവ്യവസ്ഥയും ഒരൊറ്റ സത്യമാണെന്നുള്ള ദർശനമാണ് ഈ പുസ്തകത്തിന്റെ അന്തഃസത്ത എന്ന് പറയാം.

പിണറായി വിജയനും ഇന്ദിര ഗാന്ധിയും നരേന്ദ്രമോദിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വിമർശന വിധേയമാക്കുമ്പോഴും അത് അവരെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങളല്ല എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ അരവിന്ദാക്ഷൻ പറയുന്നുണ്ട്. താനടങ്ങുന്ന മനുഷ്യ സമൂഹത്തിനും മറ്റ് സർവ്വ ചാരാചരങ്ങൾക്കും വേണ്ടി പ്രാർത്ഥനയോടെ നിലകൊള്ളുന്ന ഒരു സത്യാന്വേഷിയെ ഈ പുസ്തകത്തിലുടനീളം കാണാൻ കഴിയും. അഹം ബോധത്തെ സർഗാത്മകമായി നേരിടുന്ന ഒരെഴുത്തുകാരന്റെ ദർശനങ്ങൾ എന്ന നിലയിൽ കൂടിയായിരിക്കും അത് ഓരോ വായനക്കാരനോടും സംവദിക്കുക. “ആരെയും വെറുക്കുവാനോ ശത്രുക്കളായി കാണാനോ തുനിഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാൽ അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങൾ, അധാർമ്മികതകൾ, അസത്യങ്ങൾ, അനീതികൾ, അധികാര വ്യവസ്ഥകൾ എന്നിവയോടാണ് പരുഷമായ പ്രതികരണം. “എന്റെ അപൂർണ്ണമായ ധ്യാന നിമിഷങ്ങളിൽ ഞാൻ അവർക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്. കാരണം അവരും എന്റെ ആത്മാംശങ്ങളാണെന്ന ബോധം എന്നിലുണ്ട്. മണ്ണും പുഴുവും മേഘവും പാമ്പും എന്റെ ജനിതക ഘടനയുടെ ചേരുവകളാവുന്നതുപോലെ.” ഈ വാക്കുകൾ അരവിന്ദാക്ഷൻ എന്ന എഴുത്തുകാരന്റെ ജീവിത ദർശനം വെളിവാക്കുന്നു.

ഗാന്ധി

ജീവിതത്തിലുടനീളം സത്യാന്വേഷിയായി അലഞ്ഞ ഗാന്ധി ധാർമ്മിക മൂല്യങ്ങളിലൂന്നി ജീവിതത്തിന്റെ ഉണ്മയെ തിരയുമ്പോൾ ഹിംസാത്മകയുടെ പ്രതിരൂപമായാണ് സ്റ്റേറ്റിനെയും കോടതിയടക്കമുള്ള അതിന്റെ ശാഖകളേയും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ ഒന്നിനെയും ഗാന്ധി അന്ധമായി വിശ്വസിച്ചില്ല. റെയിൽവെയും പോസ്റ്റോഫീസും പോലും ജീവിതത്തിന്റെ അനർ​ഗള പ്രവാഹത്തിന് തടസ്സമാവുമെന്ന് ഗാന്ധി വിലയിരുത്തുന്നത് അതുകൊണ്ടാണ്. ആധുനിക രാഷ്ട്രീയ സ്റ്റേറ്റിന്റെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, എന്നീ മഹത്തായ മൂല്യങ്ങളെപ്പറ്റിയും ആധുനിക സ്റ്റേറ്റ് പൗരന് നൽകുന്ന മനുഷ്യാവകാശങ്ങളെപ്പറ്റിയുമെല്ലാം ഗാന്ധി ബോധവാനാവുമ്പോൾ തന്നെ അതിനോടൊപ്പമുള്ള അധികാരത്തിന്റെയും ആർത്തിയുടെയും ഹിംസയുടെയും ചുരുളുകളെപ്പറ്റിയും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ധാർമ്മികതയിൽ നിന്ന് ഉരുവം കൊള്ളുന്ന സ്വാതന്ത്ര്യമായിരുന്നു ഗാന്ധിയുടെ എന്നത്തേയും ആസക്തി. ഈ സ്വാതന്ത്ര്യ ദാഹം തന്റെ ജീവകോശങ്ങളിൽ പേറുന്നതുകൊണ്ടായിരിക്കാം അരവിന്ദാക്ഷൻ എന്ന മനുഷ്യന് അധികാരത്തോടും അടങ്ങാത്ത ഉപഭോഗത്തോടും അകലം പാലിച്ചുകൊണ്ട് നീതിക്കുവേണ്ടിയുള്ള പ്രതിരോധങ്ങൾ തീർക്കാൻ കഴിയുന്നത്. അല്ലെങ്കിൽ അനീതി, ഹിംസ, അസമത്വം, വർഗീയത തുടങ്ങിയ ജീവിത നിരാസങ്ങളോടുള്ള പ്രതികരണങ്ങൾ ഉപരിപ്ലവമായി പോയേനെ. ഗാന്ധിയൻ മൂല്യങ്ങളിൽ ഊന്നി നിന്നുള്ള അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് തെളിവും മിഴിവും നൽകുന്നത് ഗാന്ധി നൽകിയ സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിബോധത്തിന്റെയും എക്കാലത്തെയും പ്രൗഢമായ ദാർശനിക പരിസരങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് 2002 ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ ഏഴുതിയ ‘സ്റ്റേറ്റ് എന്ന ടെററിസ്റ്റ്’ എന്ന ലേഖനം കേവല ഭരണകൂട വിമർശനം മാത്രമാകാതെ നമ്മുടെ ജനായത്ത വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ പരിശോധിക്കുന്ന ഒന്നാവുന്നത്.

ഗുജറാത്ത് വംശഹത്യയുടെ ഇരകൾ. കടപ്പാട്:bbc

ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷത്തുനിന്നല്ല അരവിന്ദാക്ഷന്റെ വിയോജിപ്പുകൾ ഉയരുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയം തുറന്നുകാട്ടുമ്പോൾ തന്നെ മതം ആയുധമായി ഉപയോഗപ്പെടുത്തിയാണ് സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് അധികാരത്തിൽ നീണ്ടകാലം നിന്നത് എന്ന് അദ്ദേഹം എഴുതുന്നുണ്ട്. നെഹ്‌റുവിൽ നിന്ന് തുടങ്ങുന്ന മതപ്രീണന-വോട്ടുബാങ്ക് രാഷ്ട്രീയം ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹറാവുവും അധികാര ലാഭങ്ങൾക്കായി ക്രിമിനലൈസ് ചെയ്തു. ആ പശ്ചാത്തലം പ്രയോജനപ്പെടുത്തിയാണ് ഇന്ത്യൻ ഭരണഘടനയെ വെറും ജാനാധിപത്യ സ്ഥാപനങ്ങളുടെ അന്തസത്ത ചോർത്തിക്കളഞ്ഞ്, കോർപ്പറേറ്റുകളുടെയും ഹിന്ദു മധ്യവർഗികളുടെയും ഒത്താശയോടെ ഇന്ത്യയെ സംഘപരിവാർ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ആധുനിക നാഗരികതയുടെ മൂല്യങ്ങൾ പുലരുന്നത് ഹിംസയിലാണ് എന്നതായിരുന്നു ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജ്’ എന്ന കൃതിയുടെ അന്തഃസത്ത. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പാരിസ്ഥിതികവും സാമൂഹ്യവുമായ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ അതിന്റെ അടിസ്ഥാന കാരണങ്ങളെ ഏറെ മുൻപേ തന്നെ തന്റെ ധ്യാനാത്മകമായ ചേതനയാൽ തിരിച്ചറിഞ്ഞ ഗാന്ധിയെ പല ലേഖനങ്ങളിലും അരവിന്ദാക്ഷൻ പരാമർശിക്കുന്നുണ്ട്. മനുഷ്യന്റെ ജീവിത മേഖലകളിൽ നിന്ന് തിന്മകളെ, സത്യ-അസത്യങ്ങളെ പിഴുതുമാറ്റി തൽസ്ഥാനങ്ങളിൽ ഉപയോഗജന്യം, ഉപയോഗശൂന്യം എന്നിവയെ പ്രതിഷ്ഠിക്കുകയാണ് ആധുനിക നാഗരികത ചെയ്യുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആധുനിക നാഗരികത സത്ത നഷ്ടപ്പെട്ട മതവുമായി കൈകോർത്ത് ഭൂമിയിലെ എല്ലാ പച്ചപ്പും നക്കിത്തോർത്തുന്ന ചരിത്രമാണ് കൊളോണിയലിസത്തിലൂടെയും നവ കൊളോണിയലിസത്തിലൂടെയും ആഫ്രോ-ഏഷ്യൻ ഭൂഖണ്ഡങ്ങളിലും ലാറ്റിനമേരിക്കയിലും അരങ്ങേറിയത്; അരങ്ങേറുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും തദ്ദേശീയ ജനതകളെ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റാൻ ബൈബിളും വെടിമരുന്നും ഒരുമിച്ചാണ് ആധുനിക നാഗരികത പ്രയോഗിച്ചത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് ശഠിക്കുന്നവരും ആധുനിക നാഗരികതയുടെ നെടുംതൂണുകളിലൊന്നായ ആധുനിക-ശാസ്ത്ര-സാങ്കേതികത നൽകുന്ന വിദ്യകൾ കൊണ്ട് തന്നെയാണ് അതിന് ശ്രമിക്കുന്നത്. ഇങ്ങനെ പോകുന്ന നിരീക്ഷണങ്ങൾ ആഗോള മുതലാളിത്തത്തിന്റെ ചെയ്തികളെ ചരിത്രപരമായി വിശകലനം ചെയ്തുകൊണ്ട് ഇന്നത്തെ ഇന്ത്യ നേരിടുന്ന വെല്ലുവിളികളിലേക്ക് പ്രവേശിക്കുന്നു. അങ്ങനെ അടുത്ത കാലത്ത് ഹിന്ദു മഹാസഭയും ആർ.എസ്.എസ്സും ബി.ജെ.പിയും വി.എച്ച്.പിയുമെല്ലാം രാമനെ എങ്ങനെ സമർത്ഥമായി വിറ്റ് കാശാക്കാവുന്ന ഉൽപ്പന്നമാക്കി അധികാരവും അഴിമതിയും തുടരുന്നു എന്ന് വിശദമാക്കുന്ന പല ലേഖനങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്.

ഹിന്ദു രാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ, കവർ

ആധുനികതയെ (Modernity) പ്രശ്നവൽക്കരിക്കാതെ ആഗോള സമൂഹം ഇന്ന് നേരിടുന്ന മൃത്യുസന്ധിയെ വിലയിരുത്തുക സാധ്യമല്ല. കൊളോണിയൽ ശക്തികളുടെ കടന്നുവരവോടെ ഇന്ത്യയുടെ മണ്ണിൽ സമസ്ത മേഖലകളിലും അന്യവൽക്കരണത്തിന്റെ വിത്ത് പാവുകയായിരുന്നു. ‘ചരിത്രപഠനത്തിലെ ഭാരതീയധാര’ എന്ന ലേഖനം ധരംപാലിന്റെ അന്വേഷണങ്ങളെ പറ്റിയുള്ളതാണ്. അദ്ദേഹം വാദിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യ പൊതുവെ കരുത്തപ്പെടുന്നപോലെ അപരിഷ്കൃതവും പിന്നോക്കാവസ്ഥയിലുള്ളതുമായിരുന്നില്ല എന്നാണ്. അതേസമയം അത് സമത്വത്തിന്റെയും നീതിയുടെയും സുവർണ്ണ കാലവുമായിരുന്നില്ല. പല മേഖലയിലും ബ്രിട്ടണേക്കാൾ മികച്ചതായിരുന്നു. ഇത് ധരംപാലിനെ പോലെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ കാർഷിക വ്യവസ്ഥയെക്കുറിച്ച് പഠിച്ച്, ആധുനികവൽക്കരണത്തെക്കുറിച്ച് നിർദ്ദേശങ്ങൾ പറയാൻ അയച്ച ആൽബർട്ട് ഹൊവാഡ് എന്ന ശാസ്ത്രജ്ഞനും സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്ന് ഓർക്കാം.

ആധുനികതയെ വിമർശനാത്മകമായി നോക്കിക്കാണുമ്പോൾ മാത്രമേ ആധുനിക ശാസ്ത്രത്തെയും അതിന്റെ ഹിംസാത്മക ഇടപെടലുകളെയും തിരിച്ചറിയാൻ കഴിയൂ. ധാർമ്മികതയുടെയും വൈകാരികതയുടെയും മണ്ഡലങ്ങളിൽ നിന്നും അറിവിനെ അടർത്തിമാറ്റുന്നതിലൂടെയാണ് ആധുനിക ശാസ്ത്രത്തിന്റെ ‘സത്യസന്ധമായ’ അറിവ് വെളിവാകുന്നത് എന്ന് അരവിന്ദാക്ഷൻ നിരീക്ഷിക്കുന്നു. യൂറോപ്യൻ ജ്ഞാനോദയകാലത്തിൽ നിന്നാണ് ആധുനിക നാഗരികതയുടെ പരിസരം തിടം വയ്ക്കുന്നത്. ആസക്തിയാണ് അതിന്റെ ചാലകശക്തി. ഹിംസയാണ് അതിന്റെ മുഖ്യഭാവം. സ്വന്തം പരിസരവുമായുള്ള ജൈവബന്ധം മുറിച്ചുമാറ്റുന്ന ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം നിർമൂല്യത്തിന്റേതാണ് (amoral). ഗാന്ധിയെ സംബന്ധിച്ചിടത്തോളം ധാർമ്മികതയുടെ സ്ഫുലിംഗമില്ലാത്ത ഒന്നിനും സ്ഥായിത്വം ഇല്ലായിരുന്നു. അത് ശാസ്ത്രത്തിനായാലും.

‘മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ജീവിതരേഖ’ എന്ന ലേഖനത്തിൽ പ്രശസ്‌ത മനുഷ്യാവകാശ പ്രവർത്തകനായിരുന്ന കെ ബാലഗോപാലിന്റെ ജീവിതം കടന്നുവരുന്നു. ‘നാം അധികാരത്തിന്റെ കൂടെയോ നീതിയുടെ കൂടെയോ’ എന്ന ലേഖനത്തിൽ മഹേശ്വതാദേവി ജീവിതത്തിന്റെ ഒരു സന്ദർഭത്തിലും അധികാരവുമായി രാജിയായില്ല എന്ന് പറയുന്നുണ്ട്. അധികാരവുമായി ചേർന്ന് നിൽക്കുന്ന കേരളത്തിലെ ചില പ്രമുഖരെ പരാമർശിക്കുമ്പോൾ ആക്ടിവിസത്തിന്റെയും എഴുത്തിന്റെയും ഉജ്വല മാതൃകകൾ ചരിത്രത്തിൽ വല്ലപ്പോഴുമേ സംഭവിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. മുരുകനും പ്രവാചകനും, വിലക്കപ്പെടുന്ന വാക്ക്, സ്വാതന്ത്ര്യത്തിലേക്കുള്ള ദലിത് വിസ്ഫോടനങ്ങൾ, കശ്മീരിന്റെ ആത്മീയ ധാരകൾ, സത്യാനന്തര കാലത്തെ ദൈവധാതു, മാറാട് ആവർത്തിക്കാതിരിക്കാൻ തുടങ്ങി ഒട്ടേറെ വൈവിധ്യമുള്ള ലേഖനങ്ങളിലൂടെ മൗലികമായ നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവയ്ക്കപ്പെടുന്നു.

കെ അരവിന്ദാക്ഷൻ

തൊണ്ണൂറുകൾ മുതലുള്ള ലേഖനങ്ങൾ ചേർത്തൊരുക്കിയ ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങളിൽ ആശയങ്ങളുടെ ആവർത്തനം കാണാൻ കഴിയും. അത് ഓരോ ലേഖനത്തിന്റെയും സ്വതന്ത്രമായ നിലനിൽപ്പിനെ ഉറപ്പാക്കാൻ അനിവാര്യമാണ് താനും. എന്നാൽ ഈ ആവർത്തനങ്ങൾ വായനയെ അലോസരപ്പെടുത്തുന്നില്ല. ആനുകാലിക സംഭവങ്ങളോടുള്ള ഉപരിപ്ലവമായ പ്രതികരണം അല്ലാത്തതിനാൽ അരവിന്ദാക്ഷൻ മുന്നോട്ടുവയ്ക്കുന്ന ദാർശനിക അടിത്തറ വായനക്കാരന്റെ ആത്മാംശമായി മാറാൻ ഈ ആവർത്തനം സഹായകമായേക്കാം. സംഘപരിവാർ രാഷ്ട്രീയം ഇന്ത്യയിൽ ഇന്ന് കാണുന്ന രീതിയിൽ അതിന്റെ നൃശംസതകൾ പ്രകടമാക്കിയിട്ടില്ലാത്ത കാലത്ത് തന്നെ അരവിന്ദാക്ഷൻ ഇന്ത്യയെ കാത്തിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് വ്യാകുലനായിരുന്നു എന്ന് തൊണ്ണൂറുകൾ മുതലുള്ള ഓരോ ലേഖനവും വെളിപ്പെടുത്തുന്നു.

ഗാന്ധിയുടെ സ്വരാജിൽ മനുഷ്യ വംശത്തോളം നീളുന്ന ദിശാബോധമുണ്ട് എന്ന് അരവിന്ദാക്ഷൻ ഈ പുസ്തകത്തിലുടനീളം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വയം ഭരിക്കണമെങ്കിൽ, രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കുമ്പോൾ തന്നെ തന്റെ അസ്തിത്വത്തെപ്പറ്റിയുള്ള തീവ്രമായ ബോധ്യം വേണമെന്നും. അതുകൊണ്ട് മനുഷ്യൻ തന്റെ അർത്ഥവത്തായ അസ്തിത്വത്തെ അന്വേഷിക്കുന്ന കാലത്തോളം കെ അരവിന്ദാക്ഷന്റെ എഴുത്തുകളും പ്രസക്തമാണ് എന്ന് ഉറപ്പിച്ച് പറയാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 23, 2024 10:20 am