വധിക്കപ്പെട്ട ദിവസം ഗാന്ധി

1948 ജനുവരി 30 വെള്ളിയാഴ്ച.

ബിർള ഹൗസിൽ, ആ ദിവസം ഒരു സാധാരണ ശൈത്യകാല ദിനമായി തന്നെ തുടങ്ങി. അന്തേവാസികൾ ദിനചര്യകൾ തുടങ്ങി. ഇന്ത്യയിലെ പ്രമുഖ വ്യാവസായിക കുടുംബങ്ങളിലൊന്നായ ബിർള കുടുംബമാണ്​ ആ വീടിന്റെ ഒരു പ്രധാന ഭാഗത്ത് താമസിച്ചിരുന്നത്​. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആ പരമ്പരാഗത മാർവാഡി കുടുംബം എല്ലാ ദിവസവും രാവിലെ ഉണർന്നത് ചർക്ക കറങ്ങുന്ന ഒച്ചകേട്ടുകൊണ്ടാണ്​. സേത്ത് ഘനശ്യാംദാസിനും ബിർള കുടുംബത്തിനും അവരുടെ കുടുംബ വീട്ടിൽ ചരിത്രപരമായ നിരവധി സംഭവങ്ങൾ അരങ്ങേറുന്നത്​ കാണുക ശീലമായി മാറിയിരുന്നു.

എല്ലാവരുടെയും ശ്രദ്ധയുടെ വിഷയമായ മോഹൻദാസ് ഗാന്ധിക്ക്​ തന്റെ എഴുപത്തെട്ട് വർഷവും മൂന്ന് മാസവും ഇരുപത്തിയെട്ട് ദിവസവും പിന്നിട്ട ജീവിതത്തിൽ മറ്റെല്ലാ ദിവസത്തെയും പോലെ മറ്റൊരു ദിവസമായിരുന്നു അത്. ബായുടെ മരണത്തി​നുശേഷം അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങൾ ബന്ധത്തിലെ കൊച്ചനന്തരവളായ അഭയും കൊച്ചനന്തരവളായ മനുവുമാണ്​ നോക്കി നടത്തിയിരുന്നത്​. ചുമ മാറാൻ ബാപുവിനു ശർക്കരയും ഗ്രാമ്പൂ പൊടിയും വേണം. അതിന്​ കുറച്ച് ഗ്രാമ്പൂ പൊടിക്കാൻ ആഗ്രഹിച്ചതിനാൽ, പ്രഭാത നടത്തത്തിൽ അനുഗമിക്കുന്നതിൽ നിന്ന് മാറിനിൽക്കാൻ മനു അപേക്ഷ നടത്തി. അജ്ഞാതമായ ഭാവി മുൻകൂട്ടി കാണാൻ കഴിയാത്ത വർത്തമാനകാലത്ത് ആരും തങ്ങളുടെ കടമ ചെയ്യാതിരിക്കുന്നതിനെ അംഗീകരിക്കാത്ത ഗാന്ധി, മനുവിനെ ഉപദേശിച്ചു. ‘രാത്രിക്ക് മുമ്പ് എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ, ഞാൻ ജീവിച്ചിരിക്കുമോ എന്നോ ആർക്കറിയാം? രാത്രിയിൽ ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നിങ്ങൾക്ക് അത്​ കുറച്ച് എളുപ്പത്തിൽ തയ്യാറാക്കാം’’.

ലെറ്റ്സ് കിൽ ഗാന്ധി, ബുക്ക് കവർ

കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയുള്ള പുതിയ ഭരണഘടനയുടെ കരടിന് ഗാന്ധിജിക്ക് അന്തിമരൂപം നൽകേണ്ടിയിരുന്നു. താൻ ഇന്ത്യക്കുവേണ്ടി സ്വപ്നം കണ്ട കാഴ്​ചപ്പാടിന്​ അദ്ദേഹത്തിന് അവസാന മിനുക്കുപണികൾ നൽകേണ്ടിയിരുന്നു. തന്റെ പ്രിയപ്പെട്ട രാജ്യത്തിനായുള്ള അവസാന വിൽപ്പത്രവും സാക്ഷ്യ പത്രവുമായിരുന്നു അത്​. മഹാദേവ് ദേശായിയുടെ മരണം മുതൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന പ്യാരേലാൽ നയ്യാർ, പ്രഭാത നടത്തത്തിന് ശേഷം ഗാന്ധി പൂർത്തിയാക്കുന്ന അവസാന കരട് പരിശോധിച്ച് ശരിയാക്കണം. പാർട്ടി പിരിച്ചുവിട്ട് ഗ്രാമവികസനത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സന്നദ്ധ പ്രവർത്തകരുടെ ഒരു ശക്തിയായ ലോക് സേവക് സംഘ് രൂപീകരിക്കാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം കോൺഗ്രസുകാർക്ക് ഇഷ്ടപ്പെടാൻ പോകുന്നില്ല. അനുദിനം വർദ്ധിച്ചുവരുന്ന കത്തിടപാടുകളുടെ കൂമ്പാരങ്ങൾക്ക് ഉത്തരം നൽകേണ്ടതുമുണ്ട്.

ലൈഫ് മാസികയുടെ ഫോട്ടോഗ്രാഫർ മാർഗരറ്റ് ബോർക്ക് വൈറ്റ് ഗാന്ധിയുടെ ഒരു ഫോട്ടോ ഫീച്ചർ ഷൂട്ട് ചെയ്യാൻ ആഗ്രഹിച്ചു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസ്സൻ തന്റെ ക്യാമറ ഉപയോഗിച്ച് ഗാന്ധിയെ തുടർച്ചയായി പതിയിരുന്ന് ആക്രമിച്ചുകൊണ്ടിരുന്നു; സർദാർ പട്ടേലിനെയും പിന്നീട് പണ്ഡിറ്റ് നെഹ്‌റുവിനെയും കാണാൻ പോകുമ്പോൾ അകന്നു നിൽക്കാൻ ഗാന്ധി അദ്ദേഹത്തോട് പറഞ്ഞിരുന്നു-അതിൽ നിന്ന്​ ശ്രദ്ധ തിരിക്കാനോ ശല്യപ്പെടുത്താനോ ഗാന്ധി ആഗ്രഹിച്ചില്ല. മധ്യാഹ്നത്തിന് തൊട്ടുമുമ്പ്, ഗാന്ധി തന്റെ പതിവ് രീതിയിൽ, ശീതകാല സൂര്യന്റെ കുളിർ നനഞ്ഞ് തന്റെ മുറിക്ക് പുറത്ത് ഒരു കട്ടിലിൽ അൽപ്പനേരം ഉറങ്ങി. ഗാന്ധിയും പരിവാരങ്ങളും താമസിക്കുന്ന മുറികളിൽ ഒരു ചെറുപ്പക്കാരൻ കറങ്ങുന്നത് മനു കണ്ടു. മനു അയാളെ അത്ര ശ്രദ്ധിച്ചില്ല, പക്ഷേ ഗാന്ധിയുടെ ദർശനമല്ലാതെ മറ്റെന്തെങ്കിലും കാരണമാണ്​ അയാൾ അവിടെ നിൽക്കാൻ കാരണമെന്ന്​ സംശയം തോന്നി.

കൊല്ലപ്പെട്ടതിന്റെ തലേന്നാൾ ഗാന്ധി ബിർളാ ഹൗസിൽ കടപ്പാട്: നാഷണൽ ഗാന്ധി മ്യൂസിയം

ഗാന്ധി എവിടെ ഇരുന്നു, എവിടെ ജോലി ചെയ്യുന്നു, എപ്പോൾ ഭക്ഷണം കഴിച്ചു, എപ്പോൾ ഉറങ്ങുന്നു എന്നൊക്കെ അദ്ദേഹം മനുവിനോട് ചോദിക്കാൻ തുടങ്ങി. ഒടുവിൽ, മനു ക്ഷമ ചോദിച്ച്​ ഒഴിഞ്ഞുമാറി. ഗാന്ധി എങ്ങനെ ജീവിച്ചു എന്നും മറ്റും കാണാൻ ആളുകൾ പലപ്പോഴും വന്നിരുന്നു, അതിനാൽ ഇതൊന്നും അസാധാരണ കാര്യമല്ല എന്ന്​ മനു സ്വയം ബോധ്യപ്പെടുത്തി. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഗാന്ധി ഉണർന്നോ എന്നറിയാൻ മനു പുറത്തേക്ക് നോക്കി. ഗാന്ധി അപ്പോഴും ഉറങ്ങുകയാണെന്ന് മനുകണ്ടു. ഗാന്ധിക്ക് അടുത്തു നിന്ന്​, കറങ്ങുന്ന അതേ പരുന്ത് കണ്ണുള്ള ചെറുപ്പക്കാരൻ, ഗാന്ധിയെ ഉറ്റുനോക്കി നിൽക്കുന്നു. അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, മനുവിന് നട്ടെല്ലിൽ ഒരു കുളിര്​ അനുഭവപ്പെട്ടു; അയാൾ ഒരു ​മോഹനി​ദ്രയിലാണ്​ എന്ന് തോന്നുന്നു. അയാളുടെ മുഖത്ത് മരവിച്ച വിചിത്രവും ഭയാനകവുമായ ഒരു ഭാവം. ഗാന്ധിയുടെ ഉറക്കം കെടുത്തുമെന്ന് ഭയന്ന് മനു അയാളുടെ അടുത്തേക്ക് നടന്ന് മന്ത്രിച്ചു, ‘ഭായ്, ബാപ്പു വിശ്രമിക്കുന്നു, ദയവായി പിന്നീട് വരൂ.’ യുവാവ് മയക്കത്തിൽ നിന്ന് കരകയറുന്നത് പോലെ തോന്നി, ഒരുവാക്കും ഉച്ചരിക്കാതെ അയാൾ തിരിഞ്ഞു നിന്നു. പിന്നെ നടന്നകന്നു. തിടുക്കത്തിൽ കണ്ടതാണെങ്കിലും അയാളുടെ കണ്ണുകളും മുഖത്തെ ഭാവവും മനു ഒരിക്കലും മറക്കാൻ പോകുന്നില്ല: അത് അവളെ കൊത്താൻ തയ്യാറായ മൂർഖനെ ഓർമ്മിപ്പിച്ചു.

ഉണർന്നതിനുശേഷം, നവഖാലിയിലെ സ്ഥിതിഗതികൾ അവിടെ സമാധാനപാലകനായി സന്നദ്ധപ്രവർത്തകർക്കൊപ്പം താമസിച്ചിരുന്ന പ്യാരേലാലുമായി ഗാന്ധി ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം, കേന്ദ്രമന്ത്രിസഭയിലെ മന്ത്രി കൂടിയായ ആർ.എസ്‌.എസ്​ സൈദ്ധാന്തികരിലൊരാളായ ഡോ.ശ്യാമ പ്രസാദ് മുഖർജിയോട്​ അ​ദ്ദേഹത്തിന്റെ പാർട്ടിയിലെ കൂടുതൽ മതഭ്രാന്തരിൽ അദ്ദേഹത്തി​ന്റെ സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് ഗാന്ധി ഒരു സന്ദേശം അയച്ചിരുന്നു. ഈ മതഭ്രാന്തന്മാരിൽ പലരും അവരുടെ പൊതു പ്രസംഗങ്ങളിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന, തീവ്രമായ വിദ്വേഷം നിറഞ്ഞ വർഗീയ പരാമർശങ്ങൾ നടത്തുന്നുണ്ടെന്ന് ഗാന്ധിയോട് അടുത്ത മാധ്യമങ്ങളും ഉറവിടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളെ കൊല്ലുമെന്ന് ഇവർ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. അവരുടെ ആവലാതികൾ പ്രകടിപ്പിക്കാൻ മറ്റ് വഴികളുണ്ടെന്ന് ഗാന്ധിക്ക് തോന്നി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റിലെ അംഗമെന്ന നിലയിൽ ഡോ. മുഖർജി ദേശീയ ഐക്യത്തിന്റെ താൽപ്പര്യത്തിനുവേണ്ടിയും വെറുപ്പ് കൊണ്ട്. കീറിമുറിക്കുന്ന ഒരു രാജ്യത്ത് സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിനുവേണ്ടിയും ആ മതഭ്രാന്തന്മാരെ നിശ്ശബ്ദമാക്കണം. ഡോ. മുഖർജി മടിച്ചുനിൽക്കുകയും ഈ വിഷയത്തിൽ തന്റെ താൽപ്പര്യമില്ലായ്മ കാണിക്കുകയും ചെയ്തു. തീവ്രവാദികൾ പാർട്ടിയെ ഹൈജാക്ക് ചെയ്തു, നടന്നു​കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണത്തിൽ മിതവാദികൾക്ക് എന്തെങ്കിലും പറയാനോ നിയന്ത്രിക്കാനോ കഴിയുമായിരുന്നില്ല.

ഇ​തി​നെ​ല്ലാം ഇ​ട​യി​ൽ, 1930-ൽ ​ദ​ണ്ഡി യാത്രക്കു പോ​കു​മ്പോ​ൾ ഉ​പേ​ക്ഷി​ച്ച സ​ബ​ർ​മ​തി ആ​ശ്ര​മം സ​ന്ദ​ർ​ശി​ക്കാ​നും ഗാ​ന്ധി പ​ദ്ധ​തി​യി​ട്ടി​രു​ന്നു. സേ​വാ​ഗ്രാം അ​വ​രു​ടെ വീ​ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നാ​ഡീ​കേ​ന്ദ്ര​വു​മാ​യി മാ​റിയിരുന്നു. ഡോ. ​പ്ര​സാ​ദും സി.​ഡബ്ല്യു.​സി.​യി​ലെ ചി​ല അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​ടു​ത്ത ദി​വ​സം വാ​ർ​ധ​യി​ലേ​ക്ക് പോ​കാ​ൻ ഗാന്ധി പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​തി​നു​മു​മ്പ്, അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ദൗത്യം ഉ​ണ്ടാ​യി​രുന്നു. പ​ട്ടേ​ലി​നും നെ​ഹ്‌​റു​വി​നും ഇ​ട​യി​ൽ വ​ള​ർ​ന്നു​ വ​രു​ന്ന ഭി​ന്ന​ത​യെ​ക്കു​റി​ച്ച് മൗ​ണ്ട് ബാ​റ്റ​ൺ പ്ര​ഭു ഗാന്ധിയോട്​ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. അ​വ​രു​ടെ ഈ​ഗോ സം​ഘ​ർ​ഷ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നെ പി​ള​ർ​ത്തു​മെ​ന്നും ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ ആ​കെ താ​റു​മാ​റാ​ക്കു​മെ​ന്നും ഭയപ്പെടുത്തുന്നു. ഒ​രു അ​നു​ര​ഞ്ജ​നം കൊ​ണ്ടു​വ​രാ​ൻ ഗാ​ന്ധി​ക്ക് മാ​ത്ര​മേ ക​ഴി​യൂ, മൗണ്ട്​ബാറ്റൺ പ​റ​ഞ്ഞു. പ​ട്ടേ​ലി​നെ കാ​ണാ​നും നെ​ഹ്‌​റു​വി​നോ​ട് യോജിച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ഹാ​മ​ന​സ്ക​നാ​യി​രി​ക്കാനും പ​ട്ടേലിനോട്​ അ​ഭ്യ​ർ​ത്ഥി​ക്കു​മെ​ന്ന് ഗാ​ന്ധി മൗ​ണ്ട് ബാ​റ്റ​ണിന്​ ഉ​റ​പ്പു​ന​ൽ​കി. പ​ട്ടേ​ൽ ദുർവാശിക്കാരനാണ്​. എ​ന്നാ​ൽ, ഇ​രു​വ​രേക്കാളും മു​തി​ർ​ന്ന രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​ൻ എ​ന്ന നി​ല​യി​ലും കൂ​ടു​ത​ൽ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഒ​രാ​ളെ​ന്ന നി​ല​യി​ലും, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ ര​ണ്ട് നേ​താ​ക്ക​ൾ ഐ​ക്യ​ത്തോ​ടെ തു​ട​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഗാന്ധിജിക്ക്​ മനസിലായിരുന്നു.

വിമർശനങ്ങളോടും വ്യത്യസ്‌ത വീക്ഷണങ്ങളോടും ആവേശഭരിതനും അക്ഷമനും ആയിരുന്നു നെഹ്‌റു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണ്​, പക്ഷേ ഈ ശ്രമകരമായ സമയങ്ങളിൽ പട്ടേൽ അദ്ദേഹത്തെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും സർക്കാരിൽ സ്ഥിരതയുള്ള സ്വാധീനം ചെലുത്തുകയും വേണം. മറ്റെല്ലാം പരാജയപ്പെട്ടാൽ, സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിനും ഐക്യത്തിനും വേണ്ടി അവരിൽ ഒരാൾ രാജിവയ്​ക്കണം. തന്റെ പ്രാർത്ഥനയ്ക്ക് മുമ്പ് ഇരുവരുമായി സംസാരിക്കാൻ ഗാന്ധി തീരുമാനിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നെഹ്‌റുവിനൊപ്പം നിന്നത് പട്ടേലിന്റെ സാമർത്​ഥ്യമാണെന്ന്​ ഗാന്ധിജിക്ക് അറിയാമായിരുന്നു. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ ഗാന്ധി ചെലുത്തിയ സ്വാധീനത്തിൽ പട്ടേൽ തന്റെ അതൃപ്തി സമീപകാലത്ത് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നാൽ സർദാർ പട്ടേൽ തന്നെ വിശ്വാസത്തിൽ എടുക്കുമെന്ന്​ ഗാന്ധി ഉറച്ചു വിശ്വസിച്ചിരുന്നു, അതിനാൽ അദ്ദേഹം ത​ന്റെ ഉച്ചക്ക്​ ശേഷമുള്ള സമയം സർദാറിനായി ഒഴിച്ചിട്ടിരുന്നു.

മനുവിനും ആഭയ്ക്കുമൊപ്പം ഗാന്ധി കടപ്പാട്:

സമയം അഞ്ച് കഴിഞ്ഞ് പതിനഞ്ച് മിനിറ്റായിരുന്നു. പെട്ടെന്ന്, ഒരു പിറുപിറുപ്പ്; ബിർള ഹൗസിന്റെ മൂലയിൽ ഗാന്ധിജിയെ കാണാനായി. അദ്ദേഹം പതുക്കെ പ്രാർത്ഥനയ്ക്കായി പുൽത്തകിടിയിലേക്ക് നീങ്ങുകയായിരുന്നു. ഗാന്ധി ചവിട്ടുപടിക്ക്​ സമീപം എത്തി. ജനക്കൂട്ടം അദ്ദേഹത്തി​ന്റെ നേരെ കുതിച്ചു. അവർ അദ്ദേഹത്തെ മൂടുമെന്ന്​ തോന്നിപ്പിച്ചു. അവർ ഭാഗ്യവാന്മാരായിരുന്നു: സാധാരണ എപ്പോഴും ഗാന്ധിജിക്ക് മുൻപേ പോകുകയും, കാക്കക്കൂട്ടത്തിനിടയിലൂടെ അദ്ദേഹത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്ന, ഗാന്ധിയുടെ വലിയ സിഖ് സഹയാത്രികൻ, അന്ന് ആ സ്​ഥാനത്ത്​ ഉണ്ടായിരുന്നില്ല. പിടിക്കാൻ ശ്രമിച്ചുകൊണ്ട് അദ്ദേഹം ഗാന്ധിയെ പിന്തുടരുകയായിരുന്നു. ജനക്കൂട്ടം അച്ചടക്കമുള്ളവരായിരുന്നു: ഗാന്ധിക്ക് നടക്കാൻ അവർ ഒരു പാത തുറന്നു.

ആഭയുടെയും മനുവിന്റെയും തോളിൽ നിന്ന് കൈകൾ എടുത്ത് ഗാന്ധി വേദിയിലേക്ക് പോകുന്നതിനിടയിൽ കൂപ്പുകൈകളോടെ ജനക്കൂട്ടത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. നാഥുറാം തന്റെ ചടുല നീക്കം നടത്തി. വലതുവശത്ത് നിന്ന് അകത്തേക്ക് നീങ്ങിയ അദ്ദേഹം ഗാന്ധിയുടെ പാതയിലേക്ക് നേരിട്ട് ചുവടുവച്ചു. തങ്ങളുടെ വഴി തടയുന്ന യുവാവിനെ മനു കണ്ടു. നാഥുറാം കൂപ്പുകൈകളോടെ നിന്നുകൊണ്ട് പറഞ്ഞു, ‘നമസ്തേ, ബാപ്പുജി.’ മനു യുവാവിനോട് മാറാൻ അഭ്യർത്ഥിച്ചു, ‘സഹോദരാ, ബാപ്പു പ്രാർത്ഥനയ്ക്ക് വൈകി…’ അവൾ വാചകം പൂർത്തിയാക്കും മുമ്പ്, യുവാവ് അവളെ തള്ളി മാറ്റി; മനുവിന്​ ഇടറി; അവളുടെ കൈകളിൽ നിന്ന് കോളാമ്പിയും ജപമാലയും താഴെ വീണു; അവളും നിലത്തു വീണു. വീഴു​മ്പോൾ അവൾ നാഥുറാമിനെ തിരിച്ചറിഞ്ഞു. അന്നു നട്ടുച്ചയ്ക്ക് അവൾ അയാളെ കണ്ടിരുന്നു. മോഹനി​ദ്രയിലായിരുന്ന, ഭയാനകമായ ഭാവത്തോടെ കണ്ട അതേ മനുഷ്യൻ .

അടുത്ത നിമിഷത്തിൽ, ഗോഡ്‌സെ ഒരു തോക്ക് പുറത്തേക്ക്​ എടുത്തു. അത് ഗാന്ധിക്ക് നേരെ ചൂണ്ടി, മൂന്ന് വെടിയുണ്ടകൾ ഒന്നിന് പുറകെ ഒന്നായി പായിച്ചു.
മൂന്ന് വെടിയൊച്ചകൾ മുഴങ്ങി. ‘റാം… റാം… റാ..…,’ എന്ന് ഗാന്ധി പറയുന്നത് മനു കേട്ടു, പിന്നെ അദ്ദേഹം വീഴുന്നത് മനുകണ്ടു. അപ്പോൾ, 1948 ജനുവരി 30-ന് വൈകുന്നേരം അഞ്ച് കഴിഞ്ഞ് പതിനേഴു മിനിറ്റായിരുന്നു. ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതപ്പെട്ടു. ലോകം ഇനി ഒരിക്കലും പഴതുപോലായിരിക്കില്ല.

മൊഴിമാറ്റം: ആർ.കെ ബിജുരാജ്​
Let’s Kill Gandhi എന്ന പുസ്​തകത്തി​ലെ ചില ഭാഗങ്ങളാണ്​ ഇത്​. ഗാന്ധിജിയുട പ്ര പൗത്രനാണ്​ ​ലേഖകൻ. പുസ്​തകത്തിന്റെ മലയാള പരിഭാഷ വൈകാതെ പ്രണത ബുക്​സ്​ പുറത്തിറക്കും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read