തയ്യാറാക്കിയത്: മൃദുല ഭവാനി
യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ നിന്നും പിൻവലിച്ച് കീഴ്ക്കോടതിയിലേക്ക് മാറ്റാനുള്ള അഭിഭാഷകരുടെ തീരുമാനം സുപ്രീം കോടതിയിൽ കേസുകളുടെ ലിസ്റ്റിങ് സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങളെ തുറന്നുകാണിക്കുന്നു എന്ന് സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി ലോകൂർ. കേസിന്റെ വിധിയെന്തായിരിക്കും എന്ന് മനസിലാക്കിയതുകൊണ്ടാണ് ഉമർ ഖാലിദിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ നിന്ന് കേസ് പിൻവലിച്ചതെന്നും മദൻ ബി ലോകൂർ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയിൽ തീരുമാനിക്കപ്പെടുന്ന കേസ് ലിസ്റ്റിങ് സമ്പ്രദായത്തിന്റെ പ്രത്യാഘാതങ്ങളെയും രാഷ്ട്രീയത്തെയും കുറിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. Supreme Court Judicial Administration & Management- Issues & Concerns; The Supreme Court’s recent trend on cases involving Civil Liberties & Political Rights എന്ന വിഷയത്തിൽ 2024 ഫെബ്രുവരി 24ന് ക്യാംപയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന കൂട്ടായ്മ നടത്തിയ സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഭാഷണം.
യു.എ.പി.എ, പി.എം.എൽ.എ കേസുകളിൽ ജാമ്യം കിട്ടുക പ്രയാസമായി മാറിയ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും അതീവ പ്രാധാന്യമുള്ള പല കേസുകളും പരിഗണിക്കുന്നത് ചില പ്രത്യേക ബെഞ്ചുകൾ മാത്രമാണെന്നും, അത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ലോകൂർ നിരീക്ഷിച്ചു. കേസുകൾ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ കംപ്യൂട്ടർ വഴി ആക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീം കോടതി സംവിധാനത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചില്ല എന്നും മദൻ ബി ലോകൂർ ഓർമ്മിച്ചു.
മദൻ ബി ലോകൂർ നടത്തിയ പ്രഭാഷണത്തിൽ നിന്നും
“കേസ് ലിസ്റ്റിങ്ങിന്റെ പ്രശ്‌നം പുതിയതല്ല. വളരെക്കാലമായി ഇത് നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസ് ഭഗവതി ആണ് ലിസ്റ്റിങ് സംവിധാനം അവതരിപ്പിച്ചത്. മുതിർന്ന ജഡ്ജ് ജസ്റ്റിസ് ‘എ’ ഇല്ലെങ്കിൽ, റിട്ടയർ ചെയ്തിട്ടുണ്ടെങ്കിൽ കേസ് ജസ്റ്റിസ് ‘ബി’യുടെ അടുത്തേക്ക് പോകും. അതിലൊരു തുടർച്ച ഉണ്ടായിരിക്കും. ആ രീതി ഇപ്പോൾ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. ജസ്റ്റിസ് ‘എ’യുടെയും ജസ്റ്റിസ് ‘ബി’യുടെയും ബെഞ്ചിൽ നിന്നും കേസ് അടുത്ത തവണ എത്തുന്നത് ജസ്റ്റിസ് ‘സി’യുടെയും ജസ്റ്റിസ് ‘ഡി’യുടേയും അടുത്തേക്കായിരിക്കും. ലിസ്റ്റിങ് പ്രൊഫോർമ സിസ്റ്റം നിലനിന്നിരുന്ന സമയത്ത് ഇങ്ങനെയായിരുന്നില്ല. പക്ഷേ, എല്ലാ സമയത്തും ചീഫ് ജസ്റ്റിസിന് കേസുകളുടെ ലിസ്റ്റിങ്ങിൽ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഉണ്ടായിരുന്നു. ഉദാഹരണത്തിന് നമുക്ക് പ്രോ ടെനന്റ് എന്നറിയപ്പെടുന്ന ജഡ്ജ് ഉണ്ടായിരുന്നു. ടെനന്റിനെ പ്രതിനിധീകരിക്കുന്ന കേസുകൾ ആ ജഡ്ജിക്കടുത്ത് എത്തിക്കാൻ അഭിഭാഷകർ പരമാവധി ശ്രമിക്കുമായിരുന്നു. തൊഴിൽ സംബന്ധിച്ച കേസുകളിൽ നീതിനടപ്പിലാക്കുന്ന ജഡ്ജിമാർ ഉണ്ടായിരുന്നു. ഈ ജഡ്ജിമാരെല്ലാം വിശ്വസനീയരായിരുന്നു. നിയമത്തിന് അനുസരിച്ചുള്ള തീരുമാനങ്ങൾ അവർ കൈക്കൊള്ളുമെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ ‘പ്രോ ടെനന്റ് ബയസ്’, ‘പ്രോ ലേബർ ബയസ്’ ഇതെല്ലാം തുടരും. അവരുടെ തീരുമാനങ്ങളെല്ലാം തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഇതേക്കുറിച്ചൊന്നും ഇത്രയധികം ചർച്ചകൾ അന്ന് ആവശ്യമായിരുന്നില്ല. ബെഞ്ച് തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ് ആണ്. 1984-85 കാലത്ത് അഭിഭാഷകനായിരുന്ന എനിക്ക് ഇതേക്കുറിച്ചറിയില്ല.
ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് രജീന്ദ്ര സച്ചാർ, പ്രധാനമന്ത്രിയുടെ കൊലപാതകത്തെ തുടർന്ന് 1984ൽ സിഖ് കൂട്ടക്കൊല നടക്കുമ്പോൾ നേരിട്ട ഒരു പ്രതിസന്ധിയുണ്ട്. അക്രമകാരികൾ സിഖുകാരെ തിരഞ്ഞുപിടിച്ച് പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്ന സമയത്ത് ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെട്ടു. ജസ്റ്റിസ് സച്ചാറിന്റെ ആത്മകഥയിൽ അദ്ദേഹം ഇത് എഴുതുന്നുണ്ട്. ഹിയറിങ്ങിനിടെ ജസ്റ്റിസ് സച്ചാർ സർക്കാരിന് സഹായകമല്ലാത്ത നിലപാട് കൈക്കൊള്ളുന്നു. സർക്കാർ ഈ ആക്രമണങ്ങളെ തടയുന്നതിൽ പരാജയപ്പെട്ടു എന്ന നിലപാടാണത്. ഡിസംബറിൽ ആയിരുന്നു കേസ് പരിഗണിച്ചത്. കോടതി അവധി കഴിഞ്ഞ് ജനുവരിയിൽ ജസ്റ്റിസ് സച്ചാർ മനസ്സിലാക്കിയത്, സ്വന്തം പരിധിയിൽ നിന്നും ഈ കേസ് ചീഫ് ജസ്റ്റിസിന്റെ പരിധിയിലേക്ക് മാറ്റിയ കാര്യമാണ്. കാര്യമറിഞ്ഞ ജസ്റ്റിസ് സച്ചാർ ഇതൊരു പ്രശ്‌നമായി ഉന്നയിച്ചു. പക്ഷേ, അതുകൊണ്ടൊന്നും മാറ്റമുണ്ടായില്ല. എന്റെ അറിവിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റോസ്റ്റർ സംവിധാനത്തിന്റെ പരമാധികാരി എന്ന നിലയിൽ, ഒരു പ്രത്യേക കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്നതിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കേസാണിത്.
ഡൽഹി ഹൈകോടതിയുടെ കംപ്യൂട്ടർ കമ്മിറ്റിയുടെ ഇൻ ചാർജ് ആയിരിക്കെ ഇങ്ങനെ കേസുകൾ മറ്റ് ബെഞ്ചുകളിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്നുണ്ടായിരുന്നു. അന്ന് ലിസ്റ്റിങ് പ്രൊഫോർമ സിസ്റ്റം ഉണ്ടായിരുന്നില്ല. ഏഴ് പേർ ജാമ്യത്തിന് അപേക്ഷിക്കുന്ന ഒരു കേസ് ഉണ്ടെന്നിരിക്കട്ടെ, ഈ കേസ് ബെഞ്ച് ‘എ’യിലേക്കാണ് പോകുക. ഇതേ കേസിൽ തന്നെ കുറ്റാരോപിതരായ ഓരോരുത്തരും ജാമ്യത്തിന് അപേക്ഷിക്കുമ്പോൾ വ്യത്യസ്ത ബെഞ്ചുകളിലേക്കാണ് പോകുക. ക്രിമിനൽ റോസ്റ്ററിലെ വിവിധ ബെഞ്ചുകളിലേക്കാണ് ജാമ്യാപേക്ഷകൾ പോകുന്നത്. കംപ്യൂട്ടർ വഴിയുള്ള, എഫ്.ഐ.ആർ നമ്പർ ഉപയോഗിച്ചുള്ള ലിസ്റ്റിങ്- ഇതുവഴി ഏത് ബെഞ്ചിലേക്കാണ് ഒരു കേസ് പോകേണ്ടത് എന്ന് ലിസ്റ്റ് ചെയ്യപ്പെടുന്നത് ഈ കാര്യത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തെ ഇല്ലാതാക്കുന്നതാണ്. വിവിധ ബെഞ്ചുകളിലേക്ക് കേസുകൾ പോയി അവിടെനിന്നും വിവിധ വിധികൾ വരുന്നത് പരാതിക്കാരെ വൈകാരികമായി ബാധിക്കാൻ ഇടയുണ്ട് എന്നതിനാലാണ് എഫ്.ഐ.ആർ നമ്പർ ഉപയോഗിച്ചുള്ള ലിസ്റ്റിങ് ചെയ്യുന്നത്. ഇതിലൂടെ കേസ് ലിസ്റ്റ് ചെയ്യുന്ന പ്രക്രിയയിൽ ഒരു ക്രമം കൊണ്ടുവരാൻ കഴിഞ്ഞിരുന്നു.
ജില്ലാ കോടതിയിൽ പരിഗണിച്ച ഒരു ക്രിമിനൽ കേസ്, അതിലെ അപ്പീൽ പരിഗണിക്കുന്ന ക്രിമിനൽ ബെഞ്ചിലെ ഒരു ജഡ്ജി ആ കേസ് പരിഗണിക്കുന്നതിൽനിന്നും പിൻവാങ്ങുന്നതായി അറിയിച്ചു. കാരണം എനിക്കറിയില്ല. “ഈ കേസിൽ അപ്പീൽ ഫയൽ ചെയ്യുകയാണെങ്കിൽ അത് എനിക്ക് ലിസ്റ്റ് ചെയ്യരുത്” എന്ന് ഈ ജഡ്ജി രജിസ്ട്രിയിലേക്ക് കത്തയച്ചു. കംപ്യൂട്ടർ സിസ്റ്റം മേലധികാരം പ്രയോഗിച്ചു റദ്ദ് ചെയ്യപ്പെടുന്നത് അവിടെയാണ്. ഇത് മറ്റൊരു ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് മാറ്റും. അങ്ങനെ മേലധികാരം പ്രയോഗിച്ചു റദ്ദ് ചെയ്യാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാം. ഹൈക്കോടതിയിൽ ആണെങ്കിലും ഒരു സെൻസിറ്റീവ് കേസ് ഉണ്ടെന്ന് രജിസ്ട്രി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ചീഫ് ജസ്റ്റിസിന് കംപ്യൂട്ടറിനെ മറികടന്ന് ‘മാസ്റ്റർ ഓഫ് ദ റോസ്റ്റർ’ എന്ന അധികാരമുപയോഗിച്ച് അവരുടെ താൽപര്യമനുസരിച്ച് ഒരു ബെഞ്ചിലേക്ക് ലിസ്റ്റ് ചെയ്യാൻ കഴിയും, ജസ്റ്റിസ് സച്ചാറിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ.
സുപ്രീം കോടതിയിൽ ഇ-കമ്മിറ്റിയുടെ ഭാഗമായിരിക്കെ എനിക്ക് കേസ് ലിസ്റ്റിങ് കംപ്യൂട്ടറൈസ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. കാരണം സുപ്രീം കോടതിയിൽ ഹൈക്കോടതിയിലേതുപോലുള്ള റോസ്റ്റർ സംവിധാനമല്ല. ഡൽഹി ഹൈക്കോടതിയിൽ സെഷൻ തുടങ്ങുന്നതിന് മുമ്പായി റോസ്റ്റർ പുറത്തുവിടും. ഏതൊക്കെ ബെഞ്ചുകളിൽ എന്തൊക്കെ കേസുകളാണ് വരിക എന്ന് അതിൽ വ്യക്തമാകും. ലിസ്റ്റ് തയ്യാറാക്കുന്നത് ചീഫ് ജസ്റ്റിസ് ആണ്. ഈ സിസ്റ്റം അല്ല സുപ്രീം കോടതിയിൽ ഉള്ളത്. ക്രിമിനൽ കേസുകൾ ഏത് ബെഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകാം. പല സാഹചര്യങ്ങളിലും അങ്ങനെ ഉണ്ടായിട്ടുണ്ട്. 2014ലോ 15ലോ കംപ്യൂട്ടറൈസ് ചെയ്ത ലിസ്റ്റിങ് സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കാനുള്ള തീരുമാനമെടുത്തപ്പോൾ സുപ്രീം കോടതി രജിസ്ട്രി എന്നോട് പറഞ്ഞത് നമുക്ക് ലിസ്റ്റിങ് കംപ്യൂട്ടറൈസ് ചെയ്യാൻ കഴിയില്ല എന്നാണ്. കാരണം, ആ സമയത്ത് കേസുകൾ എങ്ങനെ ലിസ്റ്റ് ചെയ്യണം എന്നതിനെ സംബന്ധിച്ച് മുൻ ചീഫ് ജസ്റ്റിസുമാർ നൽകിയ 36ഓളം നിർദ്ദേശങ്ങൾ നിലവിലുണ്ട് എന്നതാണ്.
ആരെങ്കിലും ലിസ്റ്റിങ്ങിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് ആവശ്യമാണ്. റോസ്റ്റർ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചും തീരുമാനമെടുക്കേണ്ടതാണ്. അതിനുള്ള അധികാരം ചീഫ് ജസ്റ്റിസിന് നൽകുക എന്നതാണ് ഒരു വഴി. മറ്റൊന്ന് അത് കംപ്യൂട്ടറിനെക്കൊണ്ട് ചെയ്യിക്കുക എന്നതാണ്. ഏകപക്ഷീയമായ ഇടപെടലിന്റെ ചോദ്യം അവിടെ ഉയരില്ല. പക്ഷേ, അത് ചെയ്യുന്നില്ല. ഞാനും ജസ്റ്റിസ് കുര്യനും മറ്റുള്ളവരുമെല്ലാം അതിന്റെ ബുദ്ധിമുട്ട് നേരിട്ടു. തെരഞ്ഞെടുക്കപ്പെട്ട കേസുകൾ ഒരു പ്രത്യേക ബെഞ്ചിലേക്ക് പോകുന്നു, സെൻസിറ്റീവ് ആയ കേസുകൾ. ആ ബെഞ്ചിലെ പ്രിസൈഡിങ് ജഡ്ജ് അത്ര മുതിർന്ന ജഡ്ജുമല്ല. അന്ന് നമ്പർ 10, നമ്പർ 12 ഒക്കെ ആയിരുന്നു. ഈ സെൻസിറ്റീവ് കേസുകൾ ലിസ്റ്റ് ചെയ്യുമ്പോൾ ചീഫ് ജസ്റ്റിസ് മുതൽ നമ്പർ 9 വരെയോ നമ്പർ11 വരെയോ ഉള്ള മുതിർന്ന ജഡ്ജിമാരെ പരിഗണിക്കപ്പെടാതെ പോകുകയാണ്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? അതാണ് ചോദ്യം.
ഇന്ന് ഈ ചോദ്യം ഉന്നയിക്കുമ്പോൾ മറ്റു ചില ചോദ്യങ്ങൾ കൂടെ ഉയരുകയാണ്. ഒരു ജേണലിസ്റ്റ് ജാമ്യാപേക്ഷ നൽകുമ്പോൾ അതിൽ അന്നുതന്നെ കേസ് ലിസ്റ്റ് ചെയ്യപ്പെടുകയാണ്, അന്ന് വൈകുന്നേരം തന്നെ. മറ്റൊരാളുടെ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നു. ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത് തെറ്റാണ് എന്ന് പ്രൊസിക്യൂഷൻ പറയുന്നു. അതുകൊണ്ട് ഒരു ശനിയാഴ്ച പ്രത്യേക ബെഞ്ച് ഈ കേസ് പരിഗണിക്കുന്നു. ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യുന്നു. അത് തീർത്തും അസാധാരണമാണ്. ഈ വ്യക്തി ജയിലിന് പുറത്തിറങ്ങാൻ പാടില്ല എന്നതുപോലെയാണത്. അർണബ് ഗോസ്വാമിയുടെയും സായിബാബയുടെയും കേസുകളെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
ചില കാര്യങ്ങളിൽ കേസിന്റെ ലിസ്റ്റിങ് നടക്കുന്ന സമയം വളരെ പ്രധാനമാണ്. നോട്ട് നിരോധനത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ട പരാതികൾ ലിസ്റ്റ് ചെയ്യപ്പെട്ടത് നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷമാണ്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ആർട്ടിക്കിൾ 370നെക്കുറിച്ചുള്ള കേസുകൾ കുറേ വർഷങ്ങളോളം ലിസ്റ്റ് ചെയ്യപ്പെട്ടില്ല. ഉമർ ഖാലിദിന്റെ ജാമ്യ ഹർജി രണ്ട് വർഷങ്ങളിലേറെയായി ലിസ്റ്റ് ചെയ്യപ്പെടാതെ കിടക്കുകയായിരുന്നു. 13 തവണയാണ് കേസ് പരിഗണിക്കുന്നത് അടുത്ത തീയ്യതിയിലേക്ക് മാറ്റിവെച്ചത്. ഒടുവിൽ, ഈ ഹർജി കോടതിയിൽനിന്നും പിൻവലിക്കുന്നതിന് ഉമറിന്റെ അഭിഭാഷകർ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്? ജസ്റ്റിസ് കുര്യൻ പറയുന്നതുപോലെ അതിന്റെ വിധി എന്തായിരിക്കും എന്നവർക്ക് അറിയാമായിരുന്നു. കാരണം ഈ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത് ഒരു പ്രത്യേക ബെഞ്ചിൽ ആയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ജീവിതവുമായി ബന്ധപ്പെട്ടതാണ്. നീതിയുടെ ഗുണനിലവാരത്തെയും ഇത് ബാധിക്കുന്നു. ചില മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയുന്ന അധികാര പദവിയിലുള്ള ആളുകൾ എന്തുകൊണ്ട് തുല്യതയിൽ ഊന്നിയ സമീപനം കൈക്കൊള്ളുന്നില്ല?
എവിടെയാണ് ഈ കേസുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നത് എന്നാണ് മറ്റൊരു പ്രശ്‌നം. 2018ലെ ഒരു കേസ് സൂചിപ്പിക്കട്ടെ. എന്തുകൊണ്ടാണ് മറ്റനേകം ബെഞ്ചുകൾ നിലവിലുള്ളപ്പോൾ ഒരു പ്രത്യേക ബെഞ്ചിലേക്ക് കേസുകൾ വരുന്നത്? അതിന് എന്തെങ്കിലും കാരണമുണ്ടോ? കാരണമുണ്ടെങ്കിൽ അതേക്കുറിച്ച് ജനങ്ങൾ അറിയേണ്ടതല്ലേ? ഒരു പ്രത്യേക ബെഞ്ചിലേക്ക് കേസ് പോകുമ്പോൾ ഇതാകും അതിന്റെ ഫലം എന്നാണ് ഉമർ ഖാലിദിന്റെ കേസ് വ്യക്തമാക്കുന്നത്. ഇത്തരം കേസുകളിൽ സംഭവിക്കുന്നത് എന്താണ് എന്ന് എല്ലാവർക്കും വ്യക്തമാകുകയാണ്. ഈ കേസിൽ ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത വളരെ വിദൂരമാണ്. ജാമ്യം നിഷേധിക്കുമ്പോൾ ജഡ്ജി കോടതിയിൽ ചില നിരീക്ഷണങ്ങൾ നടത്തും. സമാനമായ കേസുകളിലുള്ള ആളുകൾക്ക് ഭാവിയിൽ ജാമ്യം കിട്ടുവാൻ ഇത് ബുദ്ധിമുട്ടുണ്ടാക്കും. യു.എ.പി.എ കേസുകളിലും പി.എം.എൽ.എ (Prevention of Money Laundering Act) കേസുകളിലും അതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. യു.എ.പി.എ – പി.എം.എൽ.എ കേസുകളിൽ ജാമ്യം കിട്ടുക എന്നത് അസാധ്യമായിരിക്കുന്നു. ചില ബെഞ്ചുകൾ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഫലമാണിത്. ഇത് രണ്ടും ചർച്ചചെയ്യപ്പെടേണ്ട പ്രശ്‌നങ്ങളാണ്. ഇതിനെ എങ്ങനെ മറികടക്കാം എന്നും നമ്മൾ അന്വേഷിക്കണം. കേസ് ഫയൽ ചെയ്താൽ അധികം വൈകാതെ അത് ലിസ്റ്റ് ചെയ്യപ്പെടണം.
മറ്റ് കേസുകളെ കുറിച്ച് പരാമർശിക്കുന്ന രീതിയും ഇല്ലാതാക്കപ്പെട്ടു. വാദങ്ങളിൽ അതൊരു പതിവ് രീതിയായിരുന്നു. തെറ്റുകളുടെ ആവർത്തനം എന്ന് വേണമെങ്കിൽ പറയാം, തെറ്റുകൾ എന്ന് വിളിക്കാൻ കഴിയുമോ എന്നും എനിക്കറിയില്ല. എങ്കിലും, തെറ്റുകളുടെ ആവർത്തനം കൂടിയിട്ടുണ്ട്. എന്താണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം? ഇതേക്കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് ഒന്ന്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 145 സുപ്രീം കോടതിയുടെ നടത്തിപ്പിന്മേൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം പാർലമെന്റിന് നൽകുന്നുണ്ട്. പാർലമെന്റ് ഇനി സുപ്രീം കോടതി ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് പറയുന്ന ഒരു നിയമനിർമാണം നടത്തിയാൽ എന്താകും സ്ഥിതി? തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു കേസ് ഉണ്ടായിട്ടുണ്ട്. കൊളീജിയം സംവിധാനത്തിൽ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ക്യാബിനറ്റ് മന്ത്രിയെ നിയമിക്കുകയാണ് ചെയ്തത്. ഭരണഘടനയിൽ ലഭ്യമായ ‘ഭയാനകമായ’ ഒരു പരിഹാരമാണ് നിയമനിർമ്മാണം. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പായി നമുക്ക് ചെയ്യാനുള്ളത് ചെയ്യണം. സമയത്തിന്റെ കാര്യത്തിലും, ഏത് ബെഞ്ചിലേക്കാണ് കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നതെന്ന കാര്യത്തിലും നീതി ഉറപ്പാക്കാൻ നമുക്ക് കഴിയണം.”
കേസ് പിൻവലിക്കുന്നതിലേക്ക് നയിച്ചത്
നാല് വർഷങ്ങൾക്കിടെ 14 തവണയാണ് ഉമർ ഖാലിദിന്റെ ജാമ്യ ഹർജി വാദത്തിന് പരിഗണിക്കുന്നത് മാറ്റിവെച്ചത്. 2022 മാർച്ചിൽ ഉമറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഡൽഹി സെഷൻസ് കോർട്ട് പുറപ്പെടുവിച്ചു. തുടർന്ന് ഉമർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 2022 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഉമറിനെതിരായ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ ശരിയാണ് എന്നായിരുന്നു കോടതി ഉത്തരവ്. ഡിസംബർ 2022ൽ കർകദൂമ കോടതി ഒരു കേസിൽ ഉമറിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കി. എങ്കിലും ഡൽഹിയിൽ കലാപ ഗൂഢാലോചന നടത്തി എന്ന കേസിൽ ജയിലിൽ തുടർന്നു. 2023 ഏപ്രിലിൽ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഉമർ സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്‌തു. 2023 ജൂലായിൽ ഡൽഹി പൊലീസ് തങ്ങളുടെ വാദത്തിന് തയ്യാറെടുക്കുന്നതിനായി അധിക സമയം ആവശ്യപ്പെട്ടു. ആഗസ്റ്റ് 2023ൽ ഉമർ ഖാലിദിന്റെ ജാമ്യ അപേക്ഷ പരിഗണിക്കാനിരുന്ന ജസ്റ്റിസ് പി.കെ മിശ്ര കേസ് പരിഗണിക്കുന്നതിൽ നിന്നും വിട്ടുനിന്നു. 2023 ആഗസ്റ്റിൽ, ഉമറിന്റെ കേസ് സുപ്രീം കോടതി കേസ് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ജസ്റ്റിസ് ബേള എം ത്രിവേദിയുടെ ബെഞ്ചിൽ നിന്നാണ് ഫെബ്രുവരി 14ന് ഉമർ ഖാലിദിന്റെ ഹർജി പിൻവലിച്ചത്. ‘മാറിയ സാഹചര്യങ്ങൾ’ പരാമർശിച്ചുകൊണ്ടാണ് ഉമറിന്റെ അഭിഭാഷകൻ കപിൽ സിബൽ ഹർജി പിൻവലിക്കാനുള്ള അനുവാദം തേടിയത്.
“അടിസ്ഥാനപരമായി പറയുമ്പോൾ ജുഡീഷ്യറി ഇന്നത്തെ സാഹചര്യങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നൊരു സ്ഥാപനവുമല്ല. ജുഡീഷ്യറിയുടെ കാര്യത്തിൽ വളരെയധികം സ്വതന്ത്രമായൊരു സംവിധാനമാണ് നമുക്ക് വേണ്ടത്. എക്‌സിക്യൂട്ടീവിന്റെയും ലെജിസ്ലേറ്റീവിന്റെയും ഇടപെടലുകൾ നിങ്ങൾക്കുമേൽ ഉണ്ടായാൽ നിങ്ങൾ ജുഡീഷ്യറിയെയാണ് സമീപിക്കുക. അവിടെ നിന്ന് നീതി കിട്ടുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുക. ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിലും ജനാധിപത്യ സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കും” 2023 ആഗസ്റ്റിൽ, കേസിനെ കുറിച്ച് സംസാരിച്ച അഭിമുഖത്തിൽ ഉമർ ഖാലിദിന്റെ പിതാവും വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റുമായ എസ്.ക്യൂ.ആർ ഇല്യാസ് നിയമവ്യവസ്ഥയെക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്.
കടപ്പാട്: LiveLaw