മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മേപ്പാടിയിൽ മെഡിക്കൽ സർവീസ് സെൻ്റർ നടത്തുന്ന മെഡിക്കൽ – മനഃശാസ്ത്ര ക്യാമ്പിൽ പ്രവർത്തിച്ചതിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്.
ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ടുപോയ മുണ്ടക്കൈയിലെയും ചൂരൽമലയിലേയും മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിൻ്റേതാണ്, അത് സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ സഹോദരങ്ങൾക്കായി എത്രയോ മനുഷ്യർ സർക്കാരിൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോടികൾസംഭാവനയായി നൽകുകയും ചെയ്തിരിക്കുന്നു. പുനരധിവാസ പ്രവർത്തനത്തെ ‘കേരളത്തിൻ്റെ പുനർനിർമ്മാണം (Rebuild Kerala)’ എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്. പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ടുപോയ മനുഷ്യനിർമ്മിതികളെല്ലാം പുനർനിർമ്മിച്ച് കേരളത്തെ വീണ്ടെടുക്കലാണ് സർക്കാരിൻ്റെ ലക്ഷ്യം. പക്ഷേ, പ്രകൃതിക്ഷോഭങ്ങൾ നിർമ്മിതികൾ മാത്രമല്ല, സംസ്കൃതിയേയും പ്രകൃതിയുടെ ഘടനയേയും താറുമാറാക്കുന്നുണ്ടെന്ന കാര്യം സർക്കാർ ഓർക്കുന്നതായി കാണുന്നില്ല.
ഉരുൾപൊട്ടലിന് മുമ്പുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഇന്ന് ഒരു അർഥത്തിലും നിലനിൽക്കുന്നില്ല. അവിടുത്തെ ഭൂഘടന പാടേ മാറിയിരിക്കുന്നു. ചെറുതും വലുതുമായ പാറകളും കടപുഴകി ഒലിച്ചെത്തിയ മരങ്ങളും മനുഷ്യനിർമ്മിതികളുടെ അവശിഷ്ടങ്ങളും നിറഞ്ഞ, മേൽമണ്ണ് പൂർണ്ണമായും ഒലിച്ചുപോയ ഈ രണ്ട് പ്രദേശങ്ങളിൽ നിന്നും അവശേഷിക്കുന്ന ജനങ്ങൾ പൂർണ്ണമായും ഒഴിഞ്ഞുപോയിരിക്കുന്നതിനാൽ അവിടങ്ങളിൽ വളർന്ന സംസ്കൃതിയും ഇനിയൊരിക്കലും പുനർനിർമ്മിക്കാൻ സാധിക്കില്ലെന്ന് തോന്നുമാറ് അസ്തമിച്ചിരിക്കുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലുമൊക്കെ പാർക്കുന്ന മനുഷ്യർക്കിടയിൽ പതിറ്റാണ്ടുകളുടെ കൊടുക്കൽ വാങ്ങലിലൂടെ സ്വാഭാവികമായി വികസിച്ച സാമൂഹ്യവും സാമ്പത്തികവുമായ ജീവിതത്തെയാണ് സംസ്കൃതിയെന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആ ജീവിതത്തിൻ്റെ ഭാഗമായിരുന്ന മിക്കവരും ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്ന മനുഷ്യർ പലയിടങ്ങളിലേക്ക് ചിതറിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ചിതറിക്കപ്പെട്ടിരിക്കുന്നു എന്ന പ്രയോഗം ബോധപൂർവമാണ്. ക്യാമ്പുകളിൽ പാർപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യർ ഇന്ന് ജില്ലയിൽ പലയിടങ്ങളിലായി വാടക വീടുകളിലാണ്. ഏകാന്തതയും നഷ്ടങ്ങളെക്കുറിച്ചുള്ള ഓർമ്മകളും സാമ്പത്തിക ക്ലേശങ്ങളും തങ്ങളെ വേട്ടയാടുന്നതായി ഇവർ പറയുന്നു. സർക്കാർ വാടകയിനത്തിൽ നൽകുന്നത് 6000 രൂപയാണ്. ആ തുകക്ക് ആർക്കും വീട് കിട്ടിയിട്ടില്ല. വീടിന് നൽകേണ്ടിവരുന്ന അധിക വാടക, അഡ്വാൻസ് തുക, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവക്ക് വേണ്ടിവരുന്ന ചിലവുകളും സ്വയം കണ്ടെത്തേണ്ട അവസ്ഥയുണ്ട്. ദൈന്യംദിന ജീവിത ചിലവുകൾക്ക് പുറമേയാണിത്. ഇവരാരും തന്നെ പുതിയ വാടക വീടുകളിലെ ഏകാന്തതയുടെ തടവറകളിൽ കഴിഞ്ഞുകൂടാൻ തയ്യാറല്ല എന്നതാണ് മറ്റൊരു വസ്തുത. അവരെല്ലാം തങ്ങളെപ്പോലെ പലയിടങ്ങളിൽ ചിതറിയ മനുഷ്യരെ കാണാനായി ദിനേന യാത്രചെയ്യുകയാണ്. പലരും കൽപ്പറ്റയിലും മറ്റുമുള്ള താത്കാലിക വാസസ്ഥലങ്ങളിൽനിന്നും പരിചിത മുഖങ്ങൾ തേടി ദിനേന ഉരുൾപൊട്ടൽ ബാധിത പ്രദേശത്തോട് ചേർന്ന മേപ്പാടി വരെയെങ്കിലും വന്നും പോയുമിരിക്കുന്നു.
ഇരകളുടെ സാമ്പത്തിക നിലനിൽപ്പിനെ തെല്ലും പരിഗണിക്കാത്ത സർക്കാരിൻ്റെ സമീപനം നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ഓർക്കാനും പറയാനുമുള്ള മനുഷ്യരെ നിസ്സഹായരാക്കുന്നു. ഉരുൾപ്പൊട്ടലിന് ഇരയായവരിൽ പലരും അതത് പ്രദേശങ്ങളിൽ എസ്റ്റേറ്റുകളിൽ തൊഴിലാളികളായിരുന്നു, പ്രത്യേകിച്ചും പഴയ തലമുറ. പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ശേഷിപ്പുകളായിരുന്നു അവരുടെ കൂരകൾ. മറ്റൊരു നീക്കിവെപ്പും ഇല്ലാത്തതിനാൽ പെൻഷനായതിന് ശേഷവും പലതരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പലരും. ആ തൊഴിലും തൊഴിലിടങ്ങളും ഇന്നില്ല, എല്ലാവരും തങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്ത ചുറ്റുപാടുകളിൽ ജീവിക്കാൻ നിർബന്ധിതരുമായിരിക്കുന്നു. ദുരന്തം നൽകിയ ഓർമ്മകളും കവർന്ന ജീവനും ജീവിതങ്ങളും സൃഷ്ടിക്കുന്ന ഉറക്കമില്ലായ്മക്കും ആധിക്കും മാനസിക സംഘർഷങ്ങൾക്കും പുറമേയാണ് ദുരന്താനന്തര ജീവിതം നൽകുന്ന ദുരിതങ്ങൾ.
ജീവിച്ച പരിസ്ഥിതിയിൽ നിന്നും, സാമൂഹ്യ – സാമ്പത്തിക സ്ഥിതിയിൽ നിന്നും വ്യത്യസ്തമായ അപരിചിത ചുറ്റുപാടുകളിലേക്ക് പറിച്ചുനടപ്പെട്ട മനുഷ്യരുടെ ഇത്തരം സംഘർഷങ്ങളും ഭരണകൂടം കാണേണ്ടതുണ്ട്. ആ മനുഷ്യർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കാൻ അവരെ കേൾക്കുകയെന്ന പ്രക്രിയയാണ് പ്രഥമം. വലിയ ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു ഉദ്ദേശത്തോടെ ഒരു യോഗം വിളിച്ചുചേർത്താൽ അവർ ഉടനടി മനസ്സ് തുറക്കുമെന്ന് അതിനർഥമില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള മനശാസ്ത്രജ്ഞരുടേയും സോഷ്യൽവർക്കർമാരുടേയും ക്ഷമയോടുകൂടിയ ഇടപെടലുകളിലൂടെയേ അവർ മനസ്സ് തുറക്കൂ. അത്തരമൊരിടത്ത് നിന്ന് കണ്ട അനുഭവത്തിൻ്റെയും മനസ്സുതുറക്കലിൻ്റെയും വെളിച്ചത്തത്തിലാണ് ഈ എഴുത്ത്. എന്നാൽ സർക്കാർ അത്തരമൊരു ശ്രമം നടത്താത്തത് ദുഃഖകരമാണ്. അതുകൊണ്ടുതന്നെ അവരുടെ വേദനകളും വ്യഥകളും അഭിലാഷങ്ങളും കൃത്യമായി മനസ്സിലാക്കുന്നതിൽ പോലും സർക്കാർ സംവിധാനം പരാജയമായിത്തീരുകയും ചെയ്യുന്നു.
ശിഷ്ടകാലം ഒന്നിച്ച് ഒരിടത്ത് ജീവിക്കണമെന്നാണ് മുണ്ടക്കൈയിലേയും ചൂരൽമലയിലേയും അവശേഷിക്കുന്ന മനുഷ്യർ ആഗ്രഹിക്കുന്നത്. തങ്ങളുടെ മനസ്സിലെ മുറിവുകൾ ഉണക്കാൻ അതാണ് പോംവഴിയെന്ന് അവർ കരുതുന്നു. മുണ്ടകൈയിലേക്കോ ചൂരൽമലയിലേക്കോ ഒരു തിരിച്ചുപോക്ക് ഈ ജീവിത കാലത്ത് സാധ്യമല്ലെന്ന് അവർക്കറിയാം. അതിന് പ്രകൃതിയും മനസ്സും ഓർമ്മകളും എതിര് നിൽക്കുന്നു. എന്നാൽ ഒന്നിച്ച് ഒരിടത്ത് ജീവിക്കാൻ കഴിയുന്നതിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സാമൂഹ്യജീവിതം ഭാഗികമായെങ്കിലും വീണ്ടെടുക്കാമെന്ന പ്രത്യാശ ആ മനുഷ്യർ കൊണ്ടുനടക്കുന്നുണ്ട്. സാമ്പത്തിക ജീവിതത്തെ സംബന്ധിച്ച ആശയങ്ങളൊന്നും അവർ പങ്കുവെക്കുന്നതായി കണ്ടില്ല. എന്നിരുന്നാലും സാമ്പത്തിക വ്യവഹാരങ്ങളില്ലാത്ത ജീവിതമില്ല. അതിൻ്റ ഘടനയും, വിദ്യാഭ്യാസ – ആരോഗ്യ സംവിധാനങ്ങളേയും തൊഴിൽ സാഹചര്യങ്ങളേയും ക്ഷേമ പ്രവർത്തനങ്ങളേയും സംബന്ധിച്ചതുമായ മൂർത്താശയങ്ങളും വിരിയേണ്ടത് ഭരണകൂടത്തിനുവേണ്ടി ചിന്തിക്കുകയും പദ്ധതികൾ വിഭാവനം ചെയ്യുകയും ചെയ്യുന്ന മസ്തിഷ്കങ്ങളിലാണ്. അത്രയും സർഗാത്മകതയെങ്കിലും ആ തലകളിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ദുരിതബാധിതരെ കേൾക്കാതെ, അവരുടെ അഭിലാഷങ്ങളറിയാതെ ഒരു ടൗൺഷിപ്പിൽ ആയിരം സ്ക്വർ ഫീറ്റ് വീടുകൾ പണിത് നൽകി കൈകഴുകാനുള്ള സർക്കാർ തീരുമാനം നിരാശപ്പെടുത്തുന്ന ഒന്നാണ്. വിയോജിപ്പ് പ്രകടിപ്പിച്ചാൽ അതുംകൂടി ഇല്ലാതാവുമോ എന്ന ഭയം കാരണമാണ് അവർ നിശബ്ദത പാലിക്കുന്നത്, അല്ലാതെ സംതൃപ്തികൊണ്ടല്ല. പുനരധിവാസമെന്നാൽ നിർമ്മാണം മാത്രമാണെന്ന മിഥ്യാധാരണ ഇല്ലാതായാൽ മാത്രമേ ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ മനസിലാക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂ. അത്രയും കാലം പുനരധിവാസവും മറ്റൊരു ദുരന്തം മാത്രമായിരിക്കും.