മൂന്ന് ദൃശ്യങ്ങളിൽ ഒരു ക്രിസ്തുമസ് സന്ദേശം

അടുത്തിടെ കണ്ട മൂന്ന് ദൃശ്യങ്ങൾ ക്രിസ്തുമസിനെക്കുറിച്ച് വ്യത്യസ്തമായ ചില ആലോചനകൾ നമുക്ക് മുന്നിൽ തുറന്നിടുന്നു, കലുഷിതമായ കാലത്ത് അവഗണിക്കാൻ കഴിയാത്ത ചില ചിന്തകൾ. മണിപ്പൂരിൽ മെയ് മാസം ആരംഭിച്ച കുക്കി-മെയ്‌തെയ് സംഘർഷം പിന്നീട് കുക്കി വിഭാഗത്തെ കൂട്ടക്കൊല ചെയ്യുന്ന വിധത്തിലുള്ള ഒരു വംശഹത്യയായി മാറുകയായിരുന്നല്ലോ. കലാപം തുടങ്ങി മാസങ്ങൾക്ക് ശേഷം, ഡിസംബർ 20 ന് ആണ് ഇംഫാലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 87-ഓളം മൃതദേഹങ്ങൾ ചുരാചന്ദ്പൂർ, കാംഗ്പോക്പി പ്രദേശങ്ങളിൽ കൂട്ടമായി സംസ്കരിച്ചത്. കലാപത്തെ തുടർന്ന് കുക്കി-മെയ്തെയ് മേഖലകൾ വിഭജിക്കപ്പെട്ടതിനാലാണ് മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറാൻ കഴിയാതെ പോയത്. മാസങ്ങളോളം നീണ്ടുനിന്ന കലാപത്തിന്റെ ഭീകരത വെളിവാക്കുന്നതായിരുന്നു കൂട്ട ശവസംസ്കാരത്തിന്റെ ഫോട്ടോഗ്രാഫുകൾ. കലാപത്തിൽ ഉറ്റവരെയും, ഉടയവരെയും നഷ്ടപ്പെട്ട് അഭയാർത്ഥികളാക്കപ്പെട്ട മണിപ്പൂരികൾ ഇത്തവണ ചടങ്ങുകൾ മാത്രം നടത്തിയാണ്  ക്രിസ്തുമസ് ആചരിക്കുന്നത്.

ഡിസംബർ 20ന് മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നടന്ന കൂട്ട ശവസംസ്കാര ചടങ്ങ്. കടപ്പാട്: quint

ഇസ്രായേൽ ബോംബിംഗിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കൊണ്ട് തയ്യാറാക്കിയ പുൽക്കൂട്ടിൽ ഉണ്ണീശോയെ കിടത്തിയിരിക്കുന്ന ഫോട്ടോയാണ് മറ്റൊന്ന്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെതലഹേമിലുള്ള ഒരു പള്ളിയിൽ നിന്നാണ് ഈ ഫോട്ടോ. പലസ്തീൻ വസ്ത്രമായ കഫിയ പുതപ്പിച്ചുകൊണ്ടാണ് ഉണ്ണീശോ കിടക്കുന്നത്. ഗാസയിലും, യേശു ജനിച്ചതായി വിശ്വസിക്കുന്ന ബെതലഹേം ഉൾക്കൊള്ളുന്ന വെസ്റ്റ് ബാങ്കിലും ഇത്തവണ ക്രിസ്മസ് ആഘോഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് ക്രിസ്ത്യൻ സഭകൾ.

ബെതലഹേമിലെ ലൂഥറൻ പള്ളിയിൽ സ്ഥാപിച്ച പുൽക്കൂട്.

മൂന്നാമത്തെ ദൃശ്യം കേരളത്തിൽ, തൃശൂർ നഗരമധ്യത്തിൽ നിന്നുള്ളതാണ്. ബി.ജെ.പി പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ച സ്ഥാപിച്ചിരിക്കുന്ന വലിയ പോസ്റ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൈകോർത്ത് പിടിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഇരു രാജ്യങ്ങളും വംശീയ സംഘർഷങ്ങളുടെയും കലാപത്തിന്റെയും ഭൂമികയായി മാറുകയും, ഇരു നേതാക്കളും അവരുടെ പ്രത്യശാസ്ത്രങ്ങളും ഭൂരിപക്ഷ മതവികാരങ്ങളെയും, അക്രമണോത്സുകതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളുടെ പേരിലുള്ള ഒരു സംഘടന ഇത്തരത്തിൽ ഒരു വലിയ പോസ്റ്റർ സ്ഥാപിക്കുന്നത്, അതും ക്രിസ്തുമസ് ആഘോഷങ്ങളുടെ ഇടയിൽ.

ബി.ജെ.പി ന്യൂനപക്ഷ മോർച്ച തൃശൂർ ന​ഗരമധ്യത്തിൽ സ്ഥാപിച്ച പോസ്റ്റർ.

ക്രിസ്തുമസില്ലാതെ ക്രിസ്തു ജനിച്ച സ്ഥലം

നസറായനായ ജോസഫും മേരിയും അഗസ്റ്റസ് സീസറിന്റെ കാലഘട്ടത്തിൽ നടന്ന കണക്കെടുപ്പിൽ പേര് ചേർക്കുന്നതിനായി പോകുകയായിരുന്നു. ഗർഭിണിയായിരുന്ന മേരിക്ക് യാത്രയിൽ വച്ച് പ്രസവവേദന തുടങ്ങി. കൈയിൽ അധികം പണമില്ലാത്തതിനാൽ അവർക്ക് സത്രങ്ങളൊന്നും ലഭിച്ചില്ല. ഒടുവിൽ ബെതലഹെമിലെ ഒരു പുൽക്കൂട്ടിൽ അവർ അഭയം പ്രാപിച്ചു. അവിടെ വച്ച് മേരി ക്രിസ്തുവിനു ജന്മം നൽകിയെന്നാണ് വിശ്വാസം. ഈ ഓർമ്മകളിലാണ് ബെതലഹേം ഓരോ ക്രിസ്തുമസിനെയും വരവേൽക്കുക. എന്നാൽ ഇത്തവണ ബെതലഹേം തെരുവുകളിൽ നക്ഷത്രങ്ങൾ തിളങ്ങുകയില്ല. സാധാരണ ക്രിസ്തുമസ് രാവുകളെപ്പോലെ തീർത്ഥാടകർ എത്തിയിട്ടുമില്ല. ക്രിസ്തുമസ് ട്രീകളോ അലങ്കാരങ്ങളോ ഒന്നുമില്ലാതെ ശൂന്യമാണ് തെരുവുകൾ. അലങ്കാരങ്ങളൊന്നുമില്ലാത്ത ബതലഹേമിലെ പാതകളിൽ ദുഖവും, വേദനയും തളംകെട്ടി നിൽക്കുന്നു.

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ദാരിദ്ര്യ-ക്ലേശങ്ങളുടെ പ്രതീകമായി പുൽക്കൂട്ടിലാണ് ഉണ്ണി പിറന്നതെങ്കിൽ, ബെതലഹേമിലെ ലൂഥറൻ പള്ളിയിൽ ഒരുക്കിയ പുൽക്കൂട്ടിൽ, ഗാസയിലെ ബോംബിംഗിൽ തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് ഉണ്ണിയേശുവിനെ ഇത്തവണ ഒരുക്കിയിട്ടുള്ളത്. ‘തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഞാൻ ദൈവത്തെ കണ്ടു’വെന്നാണ് പള്ളി വികാരിയായ മുന്തർ ഐസക്ക് പറയുന്നത്. ഗാസയിൽ തുടരുന്ന ഇസ്രായേൽ സൈനിക ആക്രമണത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഐസക്കും അദ്ദേഹത്തിന്റെ ലൂഥറൻ സഭയും ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബെതലഹേം ലൂഥറൻ പള്ളി വികാരിയായ മുന്തർ ഐസക്ക്.

“ആർക്കും ആഘോഷിക്കാൻ തോന്നുന്നില്ല.” അദ്ദേഹം പറഞ്ഞു. “എല്ലാ ക്രിസ്തുമസ്സിലും  ഞങ്ങൾ ഒരു കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നു, പക്ഷേ ഇപ്പോൾ ഗാസയിൽ കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെടുന്നു.” അദ്ദേഹം പറയുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരിൽ 8000 ത്തോളം പേർ കുട്ടികളാണ്. ഗാസയിലെ ആയിരത്തോളം വരുന്ന ക്രിസ്ത്യൻ സമൂഹവും ഇസ്രേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുകയാണ്. ഇപ്പോഴത്തെ വെസ്റ്റ് ബാങ്കിലുള്ള നിരവധിപേരുടെ ബന്ധുക്കളും ഗാസയിലുണ്ട്. ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ മനം നൊന്തുകൊണ്ടാണ് ബെതലഹേമിലെ ക്രിസ്ത്യൻ സഭകൾ ഇത്തവണ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് തീരുമാനിക്കുന്നത്.

2023 ഒക്ടോബർ 19 ന്, ക്രിസ്ത്യാനികളും മുസ്ലീങ്ങളും അഭയം പ്രാപിച്ച ഗാസ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്രായേൽ സൈന്യം (IDF) ആക്രമണം നടത്തുകയും18 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. “ഇസ്രയേലിലും പലസ്തീനിലും നടക്കുന്ന കാര്യങ്ങൾ ഞാൻ പിന്തുടരുന്നുണ്ട്. ഞാൻ എന്റെ വേദനയും ആശങ്കയും പ്രകടിപ്പിക്കുന്നു, പ്രാർത്ഥിക്കുന്നു. ബന്ദികൾ, ഇരകൾ, അവരുടെ കുടുംബങ്ങൾ എന്നിവരോടൊപ്പം നിൽക്കുകയും ചെയ്യുന്നു. ഗാസയിലെ ഗുരുതരമായ മാനുഷിക സാഹചര്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. ആംഗ്ലിക്കൻ ആശുപത്രിയും ഗ്രീക്ക് ഓർത്തഡോക്‌സ് ഇടവകയും കഴിഞ്ഞ ദിവസങ്ങളിൽ തകർത്തത് എന്നെ വേദനിപ്പിക്കുന്നു.” പോപ്പ്  ഫ്രാൻസിസ് പറഞ്ഞു.

ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി പള്ളിയിലേക്ക് എത്തുന്ന അഭയാർത്ഥികൾ.

ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി പള്ളിയിൽ ഇസ്രായേലി ഡിഫൻസ് ഫോഴ്സ് നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. പള്ളിയോട് ചേർന്നുള്ള മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിന് നേരെ IDF തൊടുത്തുവിട്ട റോക്കറ്റ് പതിച്ചതായി ഗാസയിലെ ലാറ്റിൻ പാട്രിയാർക്കാറ്റ് പറയുന്നു. “ചർച്ച് കോമ്പൗണ്ടിന്റെ ഭാഗമാണ് അമ്പത്തിനാലിൽ അധികം ഡിസേബിൾഡ് ആയവർക്ക് അഭയം നൽകുന്ന കോൺവെന്റ്. യുദ്ധത്തിന്റെ തുടക്കം മുതൽ ഇത് ഒരു ആരാധനാലയമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. കെട്ടിടത്തിന്റെ ജനറേറ്ററും (ഏക വൈദ്യുത സ്രോതസ്സ്), അവശേഷിച്ചിരുന്ന ഇന്ധനവും ആക്രമണത്തിൽ നശിച്ചു. സ്‌ഫോടനത്തിലും വൻ തീപിടുത്തത്തിലും കോൺവന്റിന് കേടുപാടുകൾ സംഭവിച്ചു. കോൺവന്റിനെ ലക്ഷ്യമാക്കി ഒരു IDF ടാങ്കിൽ നിന്ന് തൊടുത്ത രണ്ട് റോക്കറ്റുകൾ കോൺവന്റ് വാസയോഗ്യമല്ലാതാക്കി. വികലാംഗരായ 54 പേർ  ജീവിതം നിലനിർത്താൻ ആവശ്യമായ ശ്വസന ഉപകരണങ്ങൾ പോലുമില്ലാതെ അനാഥരായി.” ലാറ്റിൻ പാട്രിയാർക്കാറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഭയാർത്ഥി ക്യാമ്പുകളിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന മണിപ്പൂർ

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ 50,000 ത്തിലധികം ആളുകളാണ്  വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നത്, 200 ഓളം പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. കുക്കി ഗോത്ര വിഭാഗങ്ങളാണ് കൂടുതൽ ആക്രമിക്കപ്പെട്ടത്. വിവിധ വിഭാഗങ്ങളുടെ 300 ഓളം പള്ളികൾ മണിപ്പൂർ കലാപത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. കുക്കി ആദിവാസി വിഭാഗങ്ങളാണ് ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്നവരിൽ കൂടുതലും. മണിപ്പൂരിലെ, കലാപം ഏറ്റവുമധികം ബാധിച്ച ചുരാചന്ദ്പൂർ ജില്ലയിൽ, പ്രാദേശിക ഗോത്രങ്ങളുടെ ഫോറമായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ITLF) ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ചെറിയ രീതിയിൽ നടത്താൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 13-ന് ഫോറം, “പരസ്യമായി ആഘോഷങ്ങൾ നടത്താതിരിക്കാൻ” സമുദായ അംഗങ്ങളോട് അഭ്യർത്ഥിച്ചു.  സാധാരണ ചർച്ച് സേവനങ്ങൾ മാത്രമായി നടത്താനും വിരുന്നുകളും കൂട്ടായ്മകളും ഒഴിവാക്കാനും എല്ലാ പള്ളികളോടും അഭ്യർത്ഥിച്ചു.

ബന്ധുക്കൾക്ക് കൈമാറാൻ കഴിയാത്ത മൃതദേഹങ്ങൾ, മണിപ്പൂരിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:quint

“വംശീയ അതിക്രമം കാരണം ഈ വർഷം ഞങ്ങളുടെ അതിരൂപതയിലെ പല ഇടവകകൾക്കും ക്രിസ്തുമസ് ശുശ്രൂഷകളോ, കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ഇടയിൽ ഒത്തുചേരലുകളോ നടത്താൻ കഴിയില്ല” എന്ന് ഇംഫാൽ അതിരൂപത ആർച്ച് ബിഷപ്പ് ലീനസ് നെലി പറഞ്ഞു. ക്രിസ്തുമസ്-പുതുവത്സര വേളയിൽ ആർഭാടമായ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഡിസംബർ 14-ന് ആർച്ച് ബിഷപ്പ് നെലി ഇടയലേഖനത്തിലൂടെ അഭ്യർത്ഥിച്ചു. കലാപങ്ങളുടെ മുറിവുണങ്ങാതെ, സ്വന്തമായി ഭവനങ്ങളില്ലാതെ വേദനിക്കുന്ന മണിപ്പൂരിലും ഇത്തവണ ക്രിസ്തുമസിന് ആഘോഷമില്ല. കലാപത്തിന് മുൻപ് തന്നെ, ബി.ജെ.പി മുഖ്യമന്ത്രി ബീരേൻ സിങ് കുക്കി വിഭാഗത്തെ പോപ്പി കർഷകരെന്നും അനധികൃത കുടിയേറ്റക്കാരെന്നും ചിത്രീകരിച്ച് അവഹേളിച്ചിരുന്നു. കലാപത്തിൽ അരംബോയ് തെങ്ഗോൽ, മെയ്തെയ് ലിപുൺ തുടങ്ങിയ മെയ്തെയ് അനുകൂല തീവ്രവാദ സംഘടനകൾ സംസ്ഥാന പൊലീസിനെ കൂട്ടുപിടിച്ചും, പൊലീസ് സേനയുടെ ആയുധങ്ങൾ മോഷ്ടിച്ചുമാണ് കലാപപ്രവത്തങ്ങൾ നടത്തിയതെന്ന് നിരവധി റിപ്പോർട്ടുകളും, മാധ്യമ വാർത്തകളും ചൂണ്ടിക്കാട്ടിയിരുന്നു. കലാപം തുടങ്ങി 78 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കാൻ സന്നദ്ധമായത്. മണിപ്പൂർ കലാപത്തിൽ ഇടപെടാനോ സമാധാനം കൊണ്ടുവരാനോ ശ്രമിക്കാത്ത, ഭൂരിപക്ഷ മെയ്തെയ് വികാരത്തിനൊപ്പം നിന്ന ബി.ജെ.പി സർക്കാറിന്റെ നടപടി വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

നെതന്യാഹു നൽകുന്ന സൂചന

ഇതിനിടയിലാണ്, നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാന ബെഞ്ചമിൻ നെതന്യാഹുവും കൈകോർത്ത് നിൽക്കുന്ന വലിയ പോസ്റ്റർ ബി.ജെ.പി പോഷകസംഘടനായ ന്യൂനപക്ഷ മോർച്ച ക്രിസ്തുമസ് ദിനങ്ങൾക്കിടയിൽ നഗരമധ്യത്തിൽ സ്ഥാപിച്ചത്. എന്താണ് ഈ പോസ്റ്ററിലൂടെ ന്യൂനപക്ഷ മോർച്ച നൽകാൻ ശ്രമിക്കുന്ന സന്ദേശം? ക്രിസ്തുമസിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ ക്രിസ്ത്യൻ പള്ളികളും, ഭവനങ്ങളും സന്ദർശിച്ചുകൊണ്ടുള്ള സ്നേഹയാത്ര നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുകയുണ്ടായി. ഇതിന്റെ തുടക്കമെന്നോണം സുരേന്ദ്രന്റെ നേതൃത്വത്തിൽ സിറോ മലബാർ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടും, വരാപ്പുഴ ആഴ്ച്ച ബിഷപ്പിന്റെ വസതിയും ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. എന്ത് സന്ദേശമായിരിക്കും ബി.ജെ.പി യുടെ സ്നേഹയാത്ര ക്രിസ്ത്യൻ സ്ഥാപനങ്ങളിലും, പള്ളികളിലും നൽകുന്നത്? മണിപ്പുരിൽ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും, കുക്കികൾ വ്യാപകമായി അക്രമിക്കപ്പെട്ടപ്പോളും പ്രതിരോധിക്കാൻ സാധിക്കാത്ത ബീരേന് സിങിനെപോലുള്ള ഒരു  മുഖ്യമന്ത്രിയെ ഇപ്പോഴും അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് എന്ത് സ്നേഹസന്ദേശമാണ് ക്രിസ്ത്യൻ സഭകൾക്ക് നൽകാനുള്ളത്? ഇപ്പോഴും ക്യാമ്പുകളിൽ തുടരുന്ന ജനങ്ങളുടെ അടുത്തേക്ക് ഇതേ ബി.ജെ.പി നേതൃത്വത്തിന് ആശ്വാസവുമായി ചെല്ലാൻ കഴിയുമോ? അവർക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ കഴിയുമോ? സ്വന്തം ഭവനങ്ങളിൽ ക്രിസ്തുമസിനെ വരവേൽക്കാനും, സ്വന്തം ആരാധനാലയങ്ങൾ പുതുക്കിപ്പണിയാനും ആ മനുഷ്യർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ലത്തീൻ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ സന്ദർശിക്കുന്ന കെ സുരേന്ദ്രൻ.

കേരളത്തിലെ സഭകൾ, പ്രത്യേകിച് കാത്തലിക് സഭ അടുത്തകാലത്ത് നടത്തിയ സംഘപരിവാർ അനുകൂല അഭിപ്രായ പ്രകടനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. റബറിന്റെ വില 300 രൂപയായി ഉയർത്തുകയാണെങ്കിൽ ബി.ജെ.പിക്ക് എം.പി യെ നല്കാമെന്നുള്ള തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ദിവസങ്ങളോളം ചർച്ചകളിൽ ഇടം നേടി. എന്നാൽ മണിപ്പൂർ കലാപത്തിന് ശേഷം സംഘപരിവാറിനോടുള്ള ആ മൃദു സമീപനം സഭ പതിയെ ഉപേക്ഷിക്കുന്നതായാണ് കണ്ടത്. എന്നാൽ ഇപ്പോഴും മണിപ്പൂരിലെ സഹോദരങ്ങളോട് ഐക്യപ്പെടാനോ അവർക്ക് വേണ്ടി സംസാരിക്കാനോ വേണ്ടത്ര ആർജവം കേരളത്തിലെ സഭകൾ കാണിക്കാത്തതെന്തുകൊണ്ടാണ്? ഈ ക്രിസ്തുമസ്സ് ദിനത്തിൽ മണിപ്പൂരിലും, ക്രിസ്തു ജനിച്ചെന്ന് വിശ്വസിക്കുന്ന ബെതലഹേമിലും ക്രിസ്തുമസ് ആഘോഷിക്കപ്പെടുന്നില്ല എന്നത് എന്തുകൊണ്ടാണ് കേരളത്തിലെ സഭകൾക്ക് ചിന്തനീയമായി തോന്നാത്തത്?

ന്യൂനപക്ഷ മോർച്ചയുടെ മോദി-നെതന്യാഹു പോസ്റ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് സന്ദേശമാണ് നൽകുന്നത്? അതിക്രൂരമായി ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിന്റെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഈ സാന്നിധ്യം സമാധാനവും, പ്രതീക്ഷയും, രക്ഷയും വാഗ്ദാനം ചെയുന്ന ക്രിസ്തുമസ് സന്ദേശങ്ങൾക്ക് ഒരപവാദമാണ്. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് യു.എൻ അടക്കം ആവർത്തിച്ച് പറഞ്ഞിട്ടും അഭയാർത്ഥി ക്യാമ്പുകളിലും, യു.എൻ സന്നദ്ധ സ്ഥാപനങ്ങൾ വരെയും ബോംബിടുകയാണ് ഇസ്രായേൽ സൈന്യം. ഇരുപതിനായിരത്തോളം സാധാരണ പൗരന്മാരെ കൊലപ്പെടുത്തിയും, ലക്ഷകണക്കിന് ജനങ്ങളെ  അഭയാർത്ഥികളാക്കിയും ഇസ്രായേൽ അധിനിവേശം തുടരുകയും ചെയ്യുന്നു. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തെ തകർക്കുന്ന നെതന്യാഹുവും, അതിനെ പരസ്യമായി പിന്തുണയ്ക്കുന്ന നരേന്ദ്ര മോദിയും ഒരു ന്യൂനപക്ഷ സമൂഹത്തിനും ആശ്വാസം നൽകുന്ന പ്രതീകങ്ങളല്ല എന്നത് തീർച്ച.

മണിപ്പൂരിൽ കൊല്ലപ്പെട്ട ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കല്ലറ. കടപ്പാട്:quint

രക്ഷയുടെ, പ്രതീക്ഷയുടെ സദ്വാർത്തയാണ് ക്രിസ്ത്യൻ സമൂഹത്തിന് ക്രിസ്തുമസ്സ്. എന്നാൽ ക്രിസ്തു ജനിച്ച ബെതലഹേം, ഏറ്റവും ക്രൂരമായ വാർത്തകളാൽ കലുഷിതമായ സാഹചര്യമായതിനാൽ ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്  ജറുസലേം ദേവാലയത്തിലെ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ സംസാരിച്ച ക്രിസ്തുവിനെ വിശ്വസിക്കുന്ന മണിപ്പൂരിലെ കുക്കി ആദിമ ജനതക്കും ഇത്തവണ ക്രിസ്തുമസ് ആഘോഷമല്ല. ഗാസയിലും, വെസ്റ്റ് ബാങ്കിലും, മണിപ്പൂരിലും സമാധാനം പുലരാൻ മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ, പരസ്പരം കൈകോർത്തുകൊണ്ട് അടിച്ചമർത്തലുകൾക്ക് കൂട്ടുനിൽക്കുന്ന കാലത്തെ ക്രിസ്തുമസ് സന്ദേശം എന്തായിരിക്കണം? ബെതലഹേമിലെ ലൂഥറൻ പള്ളിയിലെ വികാരി മുന്തർ ഐസക് തന്നെ അത് ഇപ്രകാരം വ്യക്തമാക്കുന്നു.

“ഇത് ക്രിസ്തുമസിന്റെ അർത്ഥത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനുള്ള അവസരമാണ്. സാന്റ, ക്രിസ്മസ് ട്രീ, കരോൾ എന്നീ വാക്കുകളാണ് ആളുകൾ ക്രിസ്തുമസുമായി ബന്ധിപ്പിച്ച് ആദ്യം കാണുന്നത്. എന്നാൽ ഇതെല്ലം പടിഞ്ഞാറിന്റെ കാല്പനിക ചിന്തകളാണ്. ബൈബിളിലെ ക്രിസ്തുമസ് കഥയെ അടയാളപ്പെടുത്തുന്ന വാക്കുകളാണ് – സീസർ, സെൻസസ്, കൂട്ടക്കൊല, ഈജിപ്തിലെ അഭയാർത്ഥികൾ – വെസ്റ്റ് ബാങ്കിൽ നിന്നും പുറത്തുകടക്കാൻ രജിസ്റ്റർ ചെയ്യേണ്ടി വരുന്ന, ഈജിപ്തിൽ അഭയം പ്രാപിക്കേണ്ടിവരുന്ന പലസ്തിനികളെ സംബന്ധിച്ച് പ്രധാനം. ക്രിസ്തുമസിന്റെ കഥ ജനങ്ങളുടെ സഹനങ്ങൾക്കൊപ്പം നിൽക്കുന്ന മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റേതാണ്.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read