പഠനം തുടരാൻ എന്താണ് വഴി?

കേരളത്തിലെ ദലിത്‌, ആദിവാസി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഇ-ഗ്രാന്റ് ഫെല്ലോഷിപ്പുകളും അലവൻസുകളും നൽകുന്നതിൽ മാസങ്ങളുടെ കുടിശ്ശിക വരുന്നതിനെതിരെ പ്രത്യക്ഷ സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഗവേഷകരും, പി.ജി, യു.ജി വിദ്യാർത്ഥികളും. ഓരോ മാസത്തെയും ഫെല്ലോഷിപ്പ് അതാത് മാസങ്ങളിൽ തന്നെ നൽകുക എന്നതാണ് ഗവേഷകരുടെ പ്രധാന ആവശ്യം. ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട് എസ്.സി./എസ്.ടി വകുപ്പ് ഇറക്കിയ ഉത്തരവിൽ ഗ്രാന്റുകൾ നൽകുന്നത് വർഷത്തിൽ ഒരിക്കൽ എന്ന വ്യവസ്ഥ നീക്കം ചെയ്യുക, ഹോസ്റ്റൽ ഫീസ്, പോക്കറ്റ് മണി തുടങ്ങിയവ അലവൻസുകൾ പ്രതിമാസം നൽകുക എന്നീ ആവശ്യങ്ങൾ വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്നു. ഇ -ഗ്രാന്റ്സ് വിതരണത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഗവേഷകരുടെ കൂട്ടായ്മ ഒക്ടോബർ 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. ദലിത്‌-ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഫെലോഷിപ്പ് കാലോചിതമായ പരിഷകരിക്കാനും, സമയബന്ധിതമായി കൊടുത്ത് തീർക്കാനും ആവശ്യപ്പെട്ടുകൊണ്ട് ഇൻഡീജിനസ് പീപ്പിൾ കളക്റ്റീവിന്റെ നേതൃത്വത്തിലുള്ള ആദിശക്തി സമ്മർ സ്കൂൾ ധർണ്ണയും ധനകാര്യവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് വിദ്യാഭ്യാസ അവകാശ യാത്രയും നടത്തി.

ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച്

കടമെടുത്ത് ഗവേഷണം ചെയ്യുന്നവർ

പട്ടിക വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികൾക്ക് പ്രതിമാസം 23,250 രൂപയാണ് ഇ- ഗ്രാന്റ്സ് തുകയായി പട്ടികജാതി-പട്ടികവർഗ വകുപ്പ് നൽകേണ്ടത്. കഴിഞ്ഞ ഒരു വർഷമായി ഇ-ഗ്രാന്റ്സ് തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് നൽകുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി വിദ്യാർത്ഥികളാണ് ഫെലോഷിപ്പ് തുക ലഭിക്കാതെ കഷ്ടപ്പെടുന്നത്. 350-ഓളം ഗവേഷക വിദ്യാർത്ഥികൾക്ക് പതിനൊന്ന് മാസം ഫെല്ലോഷിപ്പ് മുടങ്ങിയതായി 2023 സെപ്റ്റംബറിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെലോഷിപ്പ് വഴി ലഭിക്കുന്ന തുകയിലൂടെ ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും, പഠനകാലത്തെ ചിലവുകളും കണ്ടെത്തേണ്ട ഇവർ വലിയ തുക കടം വാങ്ങിയാണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ജേർണലിസം വിഭാഗത്തിൽ ഗവേഷകയായ ശ്രുതി സി.ആർ ഫെലോഷിപ് മുടങ്ങി ബുദ്ധിമുട്ടിലായ ഗവേഷകരിൽ ഒരാളാണ്. ‘പയ്ക്കിഞ്ചന’ എന്ന സമരത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി ഇവർ സംസാരിച്ചിരുന്നു. അപ്പോഴാണ് ഈ പ്രശ്ങ്ങൾ ഒരാൾക്കല്ല, കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലുമുണ്ടെന്ന് മനസിലായതെന്ന് ശ്രുതി പറയുന്നു. “എല്ലാ മാസവും കൃത്യമായി തുക ലഭിച്ചാൽ മാത്രമേ നമുക്ക് ഗവേഷണം കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. ഒരു ചെടിയുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. കൃത്യസമയത്ത് വെള്ളവും, വളവും കിട്ടി വളരുന്ന ഒരു ചെടിയും, അതൊന്നും സമയത്ത് കിട്ടാതെ വളരുന്ന ഒരു ചെടിയും തമ്മിൽ അന്തരമുണ്ടല്ലോ. വെള്ളവും വളവും സമയത്ത് കിട്ടിയാൽ തഴച്ചു വളരാം. ഞങ്ങളുടെ അവസ്ഥ മറിച്ചാണ്. അധിക വായനക്കുള്ള പുസ്തകങ്ങൾ, സയൻസ് വിദ്യാർത്ഥികൾക്കാണെങ്കിൽ ലാബ് മെറ്റീരിയലുകൾ, വർക്ഷോപ്പുകൾ/സിമ്പോസിയം തുടങ്ങിയവയ്ക്കുള്ള രജിസ്‌ട്രേഷൻ ഫീസുകൾ, ഫീൽഡ് വർക്കിന്‌ വരുന്ന ചിലവുകൾ ഇവയെല്ലാം കണ്ടുപിടിക്കാൻ ഗവേഷണസമയത്ത് ഞങ്ങൾ കഷ്ടപ്പെടുകയാണ്. ഈ സ്ഥിതി ഇങ്ങനെ തുടർന്നാൽ മതിയാകില്ല.” ശ്രുതി വിശദമാക്കി.

ശ്രുതി സി.ആർ

വലിയ കടബാധ്യതയിലൂടെയാണ് ഫെലോഷിപ്പ് കിട്ടാത്ത ഗവേഷകർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. റെഗുലർ പി.എച്ച്.ഡിക്ക് ചേർന്നാൽ മറ്റ് ജോലികൾക്കോ, പഠിപ്പിക്കാനോ പോകാൻ അനുവാദമില്ലാത്തതിനാൽ ഇവർ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. തൃശൂർ പേരാമം​ഗലം സ്വദേശിയായ പി.ആർ രാഹുൽ ഈ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഗവേഷകനാണ്. തിരുവനന്തപുരം എം.ജി കോളജിൽ കോമേഴ്‌സ് വിഭാഗത്തിൽ ഗവേഷണം തുടരുന്ന രാഹുൽ തന്റെ ദയനീയാവസ്ഥ വിശദീകരിച്ചു. “എനിക്ക് വീട്ടിൽ അമ്മ മാത്രമേയുള്ളു. വീട്ടിൽ വളരെ അധികം കടബാധ്യതയുമുണ്ട്. വീട്ടിൽ പോകാൻ പോലും എന്റെ കയ്യിൽ പത്തിന്റെ പൈസയില്ല. റെഗുലർ പി.എച്ച്.ഡി ആയതിനാൽ നമുക്ക് വേറൊരു തൊഴിൽ ചെയ്യാനാകില്ല. ഫെല്ലോഷിപ്പ് മാത്രമാണ് ശരണം. ഫെലോഷിപ്പ് കുടിശിക കിട്ടുന്ന വരെ, കടമെടുത്ത് കടമെടുത്ത് ജീവിക്കേണ്ടി വരും. തിരുവനന്തപുരം പോലുള്ള ഒരു നഗരത്തിൽ മിനിമം 150 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത് കയ്യിൽ വേണം.” കഴിഞ്ഞ അക്കാദമിക വർഷം വരെ ഗവേഷകർക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിക്കാനുള്ള സൗകര്യം നൽകിയിരുന്നു. എന്നാൽ ഈ വർഷം മുതൽ ഗവേഷകർക്ക് ഈ സൗകര്യം നല്കാൻ കഴിയില്ല എന്ന് ഡിപ്പാർട്മെന്റിൽ നിന്നും പറഞ്ഞതായും രാഹുൽ കൂട്ടിച്ചേർത്തു. അതിനാൽ ഹോസ്റ്റൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്.

പി.ആർ രാഹുൽ

കോളേജ് വിദ്യാർത്ഥികളുടെ അവസ്ഥ ഇതിൽ നിന്ന് വിഭിന്നമല്ല. ഒരു വർഷം 2500 രൂപയാണ് ഇ-ഗ്രാന്റ്സ് ആയി യു.ജി, പി.ജി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. എന്നാൽ ഇതുതന്നെ ഇപ്പോൾ മുടങ്ങികിടക്കുകയാണ്‌. പി.ജി പഠന സമയത്തെ ഇ ഗ്രാന്റ്സ് തുകയും, ഹോസ്റ്റൽ ഫീയും ഇനിയും ലഭ്യമാകാത്ത ദയനീയമായ സാഹചര്യത്തിലാണ് ഇപ്പോൾ ബി.എഡ് വിദ്യാർത്ഥിനിയും ആദിശക്തി സമ്മർ സ്കൂൾ ചെയർപേഴ്സണുമായ രേഷ്മ കെ.ആർ. “ഞാൻ പി.ജിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റൽ ഫീ ഞങ്ങൾക്ക് റീഫണ്ട് ചെയ്ത് കിട്ടുമായിരുന്നു. ആദ്യത്തെ മൂന്നോ നാലോ മാസം കൃത്യമായി കിട്ടി. എന്നാൽ പിന്നീട് അത് മുടങ്ങി. ഇപ്പോൾ രണ്ടു വർഷമായിട്ടും ഈ തുക കിട്ടിയിട്ടില്ല. മലയാളം സർവകലാശാലയിൽ പി.ജി കഴിഞ്ഞ് ഞാൻ ഇപ്പോൾ ബി.എഡ് ന് ചേർന്നത്. എന്നിട്ടും എന്റെ പി.ജിയുടെ ഇ-ഗ്രാന്റ്സ് കുടിശ്ശികയും, ഹോസ്റ്റൽ ഫീയും ഇപ്പോഴും ലഭിച്ചിട്ടില്ല. രണ്ട് വർഷത്തോളമായി ഞാൻ ഇതിനുവേണ്ടി കാത്തിരിക്കുന്നു. ഇ- ഗ്രാന്റ് സൈറ്റിൽ ഈ തുക അക്കൗണ്ടിൽ വന്നു എന്നാണ് കാണിക്കുന്നത്. ഡിപ്പാർട്മെന്റിൽ അന്വേഷിക്കുമ്പോൾ തുക ഉടനെ അക്കൗണ്ടിൽ വരുമെന്നാണ് പറയുന്നത്.”

രേഷ്മ കെ.ആർ.

വിദ്യാർത്ഥികളുടെ പോക്കറ്റ് മണി, ഇ-ഗ്രാന്റ്സ്, ഹോസ്റ്റൽ ഫീ എന്നിവ നൽകുന്നതിൽ സർക്കാർ താമസം വരുത്തുകയും അതേസമയം സ്ഥാപനങ്ങൾക്ക് സർക്കാർ നൽകേണ്ട തുക ഉടനടി മടക്കിക്കൊടുക്കുകയുമാണ് സർക്കാർ. യഥാസമയം ഹോസ്റ്റൽ ഫീ ലഭിക്കാത്തതിനാൽ സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്ന ആദിവാസി-ദലിത് വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയാണ് നിലവിൽ.

ആദിശക്തി സമ്മർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന സത്യാ​ഗ്രഹ സമരം

ആദിവാസി മേഖലകളിൽ നിന്നും നഗരങ്ങളിൽ വന്ന് പഠിക്കുന്ന വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിലും കഷ്ടപ്പെടുന്നുണ്ട്. പരിമിതമായ ഒഴിവുകളും സൗകര്യങ്ങളും മാത്രമേ സർക്കാർ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ഉള്ളുവെന്നതാണ് ഇതിനു കാരണം. സർക്കാർ, കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് പ്രതിമാസം 3500 രൂപയും, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.ടി വിഭാഗക്കാർക്ക് 3000 രൂപയും, എസ്.സി. വിദ്യാർത്ഥികൾക്ക് 1500 രൂപയുമാണ് ഹോസ്റ്റൽ ഫീ ഇനത്തിൽ സർക്കാർ ഇപ്പോൾ വകയിരുത്തുന്നത്. കഴിഞ്ഞ വിദ്യാഭ്യാസ വർഷം ലഭിക്കേണ്ട തുക ഇപ്പോഴും വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. കൊച്ചിയിൽ പഠിക്കുന്ന വയനാട്, അട്ടപ്പാടി തുടങ്ങിയ മേഖലകളിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ജനുവരി മുതൽ ഹോസ്റ്റൽ ഗ്രാന്റ് ലഭ്യമായിട്ടില്ല. പ്രതിമാസം തുക കിട്ടാതെ പഠനം നിലച്ചുപോകുന്ന സാഹചര്യമാണ് ഈ വിദ്യാർഥികൾ നേരിടുന്നത്.

സംസ്ഥാന തലത്തിൽ ട്രാൻസ്‍ജൻഡർ നയം നടപ്പിലാക്കുകയും, മിക്ക സർവ്വകലാശാലകളും സ്വന്തമായി ട്രാൻസ്ജൻഡർ നയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ട്രാൻസ്ജൻഡർ വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഹോസ്റ്റൽ സൗകര്യങ്ങളും ട്രാൻസ് വിദ്യാർത്ഥികൾക്ക് മിക്കയിടങ്ങളിലും പരിമിതമാണ്. ഈ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പഠനത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്തണമെന്ന ആവശ്യവും സമരങ്ങൾക്ക് ഉന്നയിക്കുന്നുണ്ട്. പട്ടികജാതി പട്ടികവർഗ സമൂഹത്തിലെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് പ്രവേശനം, ഹോസ്റ്റൽ സൗകര്യം, സ്കോളർഷിപ്പ് എന്നിവക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആദിശക്തി സമ്മർ സ്കൂൾ ആവശ്യപ്പെടുന്നു. “ഞങ്ങളെ പോലെയുള്ളവർക്ക് ഞങ്ങളുടെ കമ്മ്യൂണിയിലുള്ളവരുമായി ഇടപഴകി നിൽക്കുവാനേ സാധിക്കുകയുള്ളു. ആൺ കുട്ടികളുടെയോ, പെൺകുട്ടികളുടെയോ ഹോസ്റ്റലുകളിൽ നിൽക്കുക എന്നത് മാനസിക പിരിമുറുക്കം തന്നെയാണ്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളെ സംബന്ധിച്ച് അവർക്ക് പ്രത്യേകം ഹോസ്റ്റലുകൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ വേണം. പഠനസൗകര്യങ്ങൾക്ക് വേണ്ട തുകയും സർക്കാർ അനുവദിച്ചു തരണം.” ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകയും ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനിയുമായ പ്രകൃതി ആവശ്യപ്പെട്ടു.

പ്രകൃതി

ഗ്രാന്റുകൾ കാലോചിതമായി വർദ്ധിപ്പിക്കുക, വകയിരുത്തുന്ന തുക പ്രതിമാസം നൽകുക, വർഷത്തിൽ ഒരിക്കൽ കൊടുത്താൽ മതി എന്ന ഉത്തരവ് തിരുത്തുക, ഗവേഷക വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക, ഇ-ഗ്രാന്റ് നൽകാനുള്ള വരുമാനപരിധി രണ്ട് ലക്ഷം എന്നത് ഒഴിവാക്കുക, എല്ലാ അംഗീകൃത കോഴ്സുകളും ഇ-ഗ്രാന്റ്സ് പരിധിയിൽ കൊണ്ടുവരിക, ലാപ്ടോപ്പ് വാങ്ങാനുള്ള ധനസഹായം നേരിട്ട് നൽകുക, ലാപ്ടോപ്പിനുള്ള തുക കഴിവില്ലാത്ത കമ്പനികൾക്ക് നൽകിയ നടപടി അന്വേഷിക്കുക, ബിരുദ-ബിരുദാനന്തര പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് വർഷാരംഭത്തിൽ ധനസഹായം നൽകുക, എല്ലാ ജില്ലകളിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുടങ്ങുക, ട്രാൻസ്ജെന്റർ കുട്ടികൾക്ക് പ്രത്യേക താമസസൗകര്യവും സാമ്പത്തിക സഹായവും നൽകുക എന്നിവയാണ് ആദിശക്തി സമ്മർ സ്കൂൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

ഗവേഷകരുടെ കൂട്ടായ്മ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച്

വ്യവസ്ഥയെ ശരിയാക്കാനുള്ള ഉദ്ദേശം ഞങ്ങളുടെ മന്ത്രിക്ക് ഇല്ല

ഒക്ടോബർ 13ന് നടന്ന സമരത്തിന്റെ ഭാഗമായി വിദ്യാർഥികൾ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ പ്രതികരണം തീർത്തും നിരാശയുണ്ടാക്കുന്നതായിരുന്നെന്ന് ഗവേഷകർ പറയുന്നു. “ഞങ്ങൾ അഞ്ച് പേരാണ് പയ്ക്കിഞ്ചന സമരത്തിന്റെ ഭാഗമായി പട്ടികജാതി/പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ കണ്ടത്. 2022 സെപ്റ്റംബർ വരെയുള്ള കുടിശ്ശിക സർക്കാർ കൊടുത്ത് തീർത്തിരുന്നു, അന്നേരം നിങ്ങളിതൊന്നും അന്വേഷിച്ചില്ലല്ലോ എന്നാണ് മന്ത്രി ഞങ്ങളോട് ചോദിച്ചത്. സർക്കാർ ഇതൊക്കെ ചെയ്തത് നല്ല കാര്യം തന്നെ, അഭിനന്ദനമർഹിക്കുന്നു. എന്നാൽ ഞങ്ങളുടെ കൂടെയുള്ള വിദ്യാർത്ഥികളിൽ തന്നെ ഈ പറഞ്ഞ മാസങ്ങളിൽ സ്കോളർഷിപ്പ് കിട്ടാത്തവരുണ്ട്. രണ്ടാമതായി നമുക്ക് കിട്ടേണ്ട തുക പതിനൊന്ന് മാസം കഴിഞ്ഞല്ലല്ലോ കിട്ടേണ്ടത് ? പിന്നീട് മന്ത്രി ഓരോരുത്തരുടെയും സാമ്പത്തിക ഭദ്രത, കുടുംബപശ്ചാത്തലം എന്നിവ ചോദിച്ചു മനസിലാക്കുകയാണ് ചെയ്തത്. എന്നാൽ ഇതെല്ലാം മനസിലാക്കി ഞങ്ങളെ ജഡ്ജ് ചെയ്യാനാണ് മന്ത്രി ശ്രമിച്ചത്. ഫെലോഷിപ് കിട്ടാത്തതിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ ഞങ്ങളോട്, ‘മാനസിക ബുദ്ധിമുട്ടോ, അങ്ങനെ ഒന്നുമില്ലെന്നന്നും’ മന്ത്രി പറഞ്ഞു. രോഹിത് വെമുലയെ കുറിച്ചും യൂണിവേഴ്‌സിറ്റികളിലെ ആത്മഹത്യാ നിരക്കുകളെക്കുറിച്ചും പ്രസംഗിക്കുന്നവരേയും, പത്ര വാർത്തകളേയും മന്ത്രി മറന്നുവെന്ന് തോന്നുന്നു. ഗവേഷക വിദ്യാർത്ഥിയായ ശ്രുതി സി.ആർ പറയുന്നു.

ഓരോരുത്തരുടെയും ജീവിത പശ്ചാത്തലം ചോദിച്ചറിഞ്ഞുകൊണ്ട്, വ്യക്തിപരമായ പരിഹാരങ്ങളാണ് കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞതെന്ന് ഗവേഷകർ പറയുന്നു. ഇതിനെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്ത മറ്റൊരു ഗവേഷകനായ വിനയൻ എൻ.ഡി ഫേസ്ബുക്കിൽ പ്രതികരിച്ചത് ഇപ്രകാരമാണ്, “ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാണ് ഞങ്ങൾക്ക് ഓരോരുത്തർക്കും അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഞങ്ങളുടെ വകുപ്പ് മന്ത്രി ചോദിച്ചു എന്നും, തിരിച്ച് എന്തുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചില്ല എന്നുമുള്ള ചോദ്യം സ്വാഭാവികം തന്നെ. ശരിയാണ് ഈ വ്യവസ്ഥയെ ചോദ്യം ചെയ്യാനും ചോദ്യങ്ങൾക്ക് മറുചോദ്യം ചോദിക്കാനുമുള്ള പക്വത ഞങ്ങൾക്ക് വന്ന് കാണില്ല എന്ന് ഞങ്ങളുടെ വകുപ്പ് മന്ത്രി വിചാരിച്ചു കാണും. ഒരു കാര്യം, ഈ വ്യവസ്ഥയെ ശരിയാക്കാനുള്ള ഉദ്ദേശം ഞങ്ങളുടെ വകുപ്പ് മന്ത്രിക്ക് ഇല്ല. ഈ ചോദ്യങ്ങളിലൂടെ എല്ലാം ഞങ്ങൾക്ക് സമയബന്ധിതമായി ഫെലാഷിപ്പ് നൽകാൻ കഴിയില്ലെന്നും ഞങ്ങൾ ഫെലോഷിപ്പ് പ്രതീക്ഷിച്ച് നിൽക്കാതെ സമാന്തര വരുമാന മാർഗ്ഗങ്ങൾ തേടണം എന്നുമല്ലേ ഞങ്ങളുടെ വകുപ്പ് മന്ത്രി പറയാതെ പറഞ്ഞ് വെച്ചത്? വർഷത്തിലൊരിക്കൽ ഫെലോഷിപ്പ് ലഭിച്ചാൽ ഞങ്ങൾ എങ്ങനെയാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തേണ്ടത്.”

വിനയൻ എൻ.ഡി

ധനപ്രതിസന്ധിയുടെ പേരിലാണ് ഇ-ഗ്രാന്റുകൾ വൈകുന്നതെന്നും എസ്.സി/എസ്.ടി വകുപ്പ് ഗ്രാന്റുകൾ വർദ്ധിപ്പിക്കാൻ നൽകിയ നിർദ്ദേശങ്ങൾ ധനകാര്യവകുപ്പ് പരിഗണിക്കുന്നില്ല എന്നുമാണ് കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ എസ്.സി/എസ്.ടി, വികസന ഫണ്ടിന്റെ മൃഗീയ ഭൂരിപക്ഷവും ഉപയോഗിക്കാറില്ല. പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിന് വേണ്ടി ചെലവഴിക്കേണ്ട കോർപ്പസ് ഫണ്ടിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് പലപ്പോഴും ചിലവാക്കുന്നത്. ഇത്തരത്തിൽ പല ഫണ്ടുകളും വിനിയോ​ഗിക്കപ്പെടാതെ പോകുന്നുണ്ട്. ഇ-ഗ്രാന്റ് നൽകുന്ന സംവിധാനങ്ങളും, വകുപ്പും തന്നെ തീരെ കാര്യക്ഷമമല്ലെന്ന പരാതി വിദ്യാർത്ഥികൾക്കുണ്ട്. ദീർഘനാൾ ഇ-ഗ്രാന്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിയ അജിത് ശേഖരൻ എന്ന ഗവേഷക വിദ്യാർത്ഥി തന്റെ അനുഭവങ്ങളിൽ നിന്നും ഈ സംവിധാനത്തിന്റെ പ്രശ്ങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

അജിത് ശേഖരൻ

“ഒരു ഗേവഷകൻ എന്ന നിലയിൽ എസ്.സി-എസ്.ടി ഡിപ്പാർട്ട്മെന്റിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറയാം. അതൊരു ബ്യൂറോക്രാറ്റിക് ശൃംഖലയാണ്. ശ്രേണീബദ്ധമായി ഫയലുകൾ കൈകാര്യം ചെയ്യുന്ന, കൃത്യമായി തെറ്റുകൾ ചൂണ്ടികാണിക്കാൻ കഴിയാത്ത ഒരിടം ഇതിനകത്തുണ്ട്. എവിടെ ആണ് തെറ്റ് ആരാണ് ഇത്തരം വിദ്യാർത്ഥികളോട് അനീതിപരമായ ഇടപെടൽ നടത്തുന്നത് എന്ന് പുറത്തുനിന്നൊരാൾക്ക് ചൂണ്ടികാണിക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്ത വിധം രൂപപ്പെടുത്തിയെടുത്തത്. അതിനാൽത്തന്നെ നമ്മൾ ഒരു സിസ്റ്റത്തെ മുഴുവൻ എതിർക്കേണ്ടിവരുന്നു. ഭരണം മാറി മാറി വന്നിട്ടും ഈ ഒരു അവസ്ഥക്ക് മാറ്റം ഉണ്ടാവാത്തത് അതിനാലാണ്. വ്യക്തിപരമായും, വിദ്യാർഥിസംഘടനകൾ, മറ്റ് സംഘടനകൾ, അധികൃതർ എല്ലാം ഇത്തരം ആവശ്യവുമായി സമീപിച്ചിട്ടും നീതിയുക്തമായ ഒരു സമീപനം ഉണ്ടാവാത്തതു മറ്റെന്ത് കൊണ്ടാവാം?”

ഈ വീഴ്ച ജാതി വിവേചനമാണ്

ആദിവാസി, ദലിത് പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ട തുകയിൽ വീഴ്ച വരുത്തുന്നത് ജാതി വിവേചനം കൂടിയാണെന്ന് പൊതുപ്രവർത്തകരും പറയുന്നു. “പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ പല ഫണ്ടുകളും (പഞ്ചായത്തീരാജ് വിഹിതം, സെൻട്രൽ അസിസ്റ്റൻസ്, കോർപ്പസ് ഫണ്ട് എന്നിവ) വിനിയോ​ഗിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ലംപ്സം ഗ്രാന്റും, സ്റ്റൈപന്റും, ഹോസ്റ്റൽ ഫീയും പിടിച്ചുവക്കുന്ന യുക്തിയെന്താണ്? തിരുവനന്തപുരത്തു ഇപ്പോൾ കേരളീയം എന്ന പേരിൽ വലിയ മഹാമഹം നടക്കാൻ പോകുകയായണ്. 22 കോടി ഇതിന് അനുവദിച്ചിട്ടുണ്ട്. അതുപോലെ ഈ കഴിഞ്ഞ വർഷം പല ലിറ്റററി ഫെസ്റ്റുകൾക്കും സർക്കാർ കോടികൾ നൽകിയിരുന്നു. ദുർബല വിഭാഗങ്ങൾക്ക് നിയമാനുസൃതമായി നൽകേണ്ട തുകയിൽ കുടിശ്ശിക വരുത്തുകയും, മറ്റ് വിനിയോഗങ്ങൾ നടത്തുകയും ചെയ്യുന്നതിൽ കടുത്ത വിവേചനമുണ്ട്. ദുർബല വിഭാഗങ്ങൾക്ക് നൽകേണ്ട വളരെ പരിമിതമായ തുക, സമയബന്ധിതമായി കൊടുക്കാതിരിക്കുകയും അത് പിടിച്ചുവയ്ക്കുന്നതിന്റെയും യുക്തി എന്താണ്? അപ്പോൾ ഇത് കൃത്യമായ ജാതി വിവേചനമാണ്. മറ്റുപ്രബല വിഭാഗങ്ങളോടോ, സർക്കാർ ജീവനക്കാർ, മന്ത്രിമാർ എന്നിവരുടെ കാര്യത്തിലോ സർക്കാർ ഈ സമീപനം എടുക്കില്ല. ആദിവാസി ഗോത്ര മഹാസഭയുടെ കൺവീനറായ എം ഗീതാനനന്ദൻ പറയുന്നു.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ എം ഗീതാനനന്ദൻ സംസാരിക്കുന്നു

ഗവേഷക വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. നിയമാനുസൃതമായ ഫെലോഷിപ്പുകളും, മറ്റ് ഫെലോഷിപ്പുകളും യഥാസമയം കൊടുക്കാതിരിക്കുക വഴി ദുർബല വിഭാഗങ്ങൾ വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളപ്പെടുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതിന് അർഹമായ തുക സമയബന്ധത്തമായി കൊടുത്തുതീർക്കുക എന്നത് അത്യാവശ്യമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read