മറ്റൊരു വായനദിനം/വാരം നമുക്ക് മുന്നിലെത്തിയിരിക്കുന്ന ഈ സന്ദർഭത്തിൽ ബംഗാളി എഴുത്തുകാരനായ വനഫൂലിന്റെ (1899-1979) ‘മരിച്ച വായനക്കാരൻ’ എന്ന കഥ കേരളീയം പുനഃപ്രസിദ്ധീകരിക്കുന്നു. വനപുഷ്പം എന്നർത്ഥമുള്ള തൂലികാ നാമത്തിലെഴുതിയിരുന്ന വനഫൂലിന്റെ യഥാർഥ പേര് ബാലൈ ചന്ദ് മുഖോപാധ്യായ എന്നായിരുന്നു. ചെറിയ കഥകളിലൂടെ കൃത്യമായ ഒരാശയ ലോകം അവതരിപ്പിക്കുന്ന കഥകളാണ് വനഫൂൽ പ്രധാനമായും എഴുതിയിരുന്നത്. ഈ കഥ മനുഷ്യരിലെ വായനക്കാരനേയും ആ വായനക്കാരന്റെ ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള മരണത്തേയും അഭിസംബോധന ചെയ്യുന്നു. കെ.എ കൊടുങ്ങല്ലൂരാണ് (1921-1989) ഈ കഥ 1987ൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. കെ.എ കൊടുങ്ങല്ലൂർ അനുസ്മരണ സമിതി പ്രസിദ്ധീകരിച്ച ‘അൽഭുതങ്ങൾ വിൽപ്പനക്ക്’ എന്ന അദ്ദേഹത്തിന്റെ വിവർത്തന കഥകളുടെ സമാഹരത്തിലാണ് ഈ കഥയുള്ളത്. വായനയെക്കുറിച്ച് കേരളമെങ്ങും പരിപാടികൾ നടക്കുമ്പോൾ ഈ കഥ ഒരു സംവാദമുഖം തുറക്കുന്നുണ്ട് എന്ന തിരിച്ചറിവിൽ കൂടിയാണ് കേരളീയം ‘മരിച്ച വായനക്കാരൻ’ പുനഃപ്രസിദ്ധീകരിക്കുന്നത്.
മരിച്ച വായനക്കാരൻ
വനഫൂൽ
വിവ: കെ.എ കൊടുങ്ങല്ലൂർ
വര: നാസർ ബഷീർ
പത്തുകൊല്ലം മുമ്പാണ്. അസൻസോൾ സ്റ്റേഷനിൽ വണ്ടിയും കാത്ത് ഞാനിരിക്കുന്നു. സമീപം വേറൊരാളും. അയാളുടെ കയ്യിൽ തടിച്ച ഒരു പുസ്തകം. നോവലാണെന്ന് തോന്നി. ഔപചാരികമായി ഞങ്ങൾ പരിചയപ്പെട്ടു. അയാൾക്ക് വളരെ മണിക്കൂറുകൾ കാത്തിരിക്കേണ്ടതുണ്ടായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. മൂന്നു മണിക്കൂർ കഴിഞ്ഞേ എന്റെ വണ്ടി വരൂ.
ഞങ്ങൾ ഇരുവരും ബംഗാളികൾ.
അതിനാൽ ഞാനയാളോട് മടിക്കാതെ ചോദിച്ചു. “ആ പുസ്തകം ഒന്നു നോക്കട്ടെ.”
“സന്തോഷത്തോടെ തരാമല്ലോ.”
ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ, ഒട്ടും താമസിയാതെ ആ പുസ്തകം എന്റെ കയ്യിൽ.
ചുട്ടുപൊള്ളുന്ന നട്ടുച്ച. സ്റ്റേഷന്റെ മേൽപ്പുരയാണെങ്കിൽ തകരം കൊണ്ട്. എങ്കിലും പരിസരം തെല്ലുമെന്നെ അലട്ടിയില്ല. ഞാൻ വായനയിൽ മുഴുകി. രസികൻ നോവലായിരുന്നു.
ഇടങ്കണ്ണിട്ട് എന്നെ നോക്കി ബുക്കിന്റെ ഉടമസ്ഥൻ കണ്ണുകൾ കൂർപ്പിച്ച് തന്റെ അറ്റാച്ചെ-കെയ്സിൽ നിന്ന് ഒരു ടൈം ടേബിളെടുത്തു വായനയിൽ മുഴുകി.
ഞാൻ ശ്വാസം വിടാതെ വായന തുടർന്നു.
അൽഭുതകരമായ പുസ്തകം! ഇത്ര നല്ലൊരു പുസ്തകം അതു വരെ ഞാൻ വായിച്ചിട്ടില്ല. ധീരനായ ഗ്രന്ഥകർത്താവിന്റെ തൂലിക. കരുത്തുള്ള തൂലിക.
രണ്ടു മണിക്കൂർ പറന്നു പോയി.
സമയവിവരപ്പട്ടിക പല വട്ടം വായിച്ച് അവസാനം എന്നോട് പറഞ്ഞു. “താങ്കളുടെ വണ്ടി വരാറായി പ്ലീസ്.”- ഇത് പറഞ്ഞ് അയാൾ ചെറുതായൊന്ന് ചുമച്ചു.
ഞാനപ്പോൾ പൂർണ്ണമായും പുസ്തകത്തിൽ ലയിച്ചു കഴിഞ്ഞിരുന്നു. ഞാനെന്റെ വാച്ചിൽ ചുമ്മാ ഒന്ന് നോക്കി. ഒരു മണിക്കൂർ കൂടിയുണ്ട്. പക്ഷെ, പുസ്തകത്തിന്റെ പകുതിയിലേറെ ഭാഗം പിന്നേയും ബാക്കി. അതുകൊണ്ട് ഞാനനാവശ്യ സംസാരത്തിന് മുതിർന്നില്ല. ആർത്തിയോടെ ഞാൻ വായിച്ചു കൊണ്ടേയിരുന്നു.
രസികൻ ബുക്ക് തന്നെ. സംശയമില്ല!
അവശേഷിച്ച മണിക്കൂർ പായുകയായിരുന്നുവെന്ന് തോന്നി.
അവസാനം അതാ ബെല്ലടിച്ചു. എനിക്കുള്ള വണ്ടിയുടെ വരവായി. കഥയുടെ നല്ലൊരു ഭാഗം അപ്പോഴും വായിക്കാൻ ബാക്കി.
എന്റെ മർക്കട മുഷ്ടി കലശലായി. ഞാൻ പ്രഖ്യാപിച്ചു. “ഞാൻ അടുത്ത വണ്ടിക്കേ പോകുന്നുള്ളൂ. ഈ പുസ്തകം തീരാതെ ഞാൻ വിടില്ല.”
ഉടമസ്ഥൻ ഒന്ന് ചുമച്ചു മിണ്ടാതിരുന്നു. എനിക്കു പോകേണ്ട വണ്ടി പോയി. ഞാൻ വായന തുടർന്നു.
പക്ഷെ, എനിക്കാ ബുക്ക് മുഴുമിപ്പിക്കാനായില്ല. അവസാനത്തെ കുറേ പേജുകൾ ഇല്ലായിരുന്നു.
കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ഞാനയാളോട് പറഞ്ഞു. “ഛേ ഒടുവിലെ എമ്പാടും പേജുകൾ കാണാനില്ലല്ലോ, മുമ്പേ നിങ്ങൾക്കിത് എന്നോട് പറയാമായിരുന്നു. കഷ്ടം!”
പ്രതികരണമെന്ന നിലയിൽ അയാൾ എന്നെ തുറിച്ചു നോക്കി. അയാളുടെ കാഴ്ച്ച ഞരമ്പുകൾ വീർത്തതായി ഞാൻ കണ്ടു.
പത്തു വർഷം കഴിഞ്ഞ് ആ പുസ്തകം വീണ്ടും കാണാൻ എനിക്കവസരമുണ്ടായി. എന്റെ മരുമകളുടെ ശ്വശൂരന്റെ വീട്ടിൽ വെച്ചാണത്. അവളെ അവിടെക്കൊണ്ടു ചെന്നാക്കാൻ പോയതായിരുന്നു ഞാൻ. പക്ഷെ, ആ പുസ്തകത്തിന്റെ പ്രലോഭനം എന്നെ തടഞ്ഞു. മടക്ക യാത്രി നീട്ടിവെച്ച് ഞാനവിടെ തങ്ങാൻ നിർബദ്ധിതനായി.
പുസ്തകം ഞാൻ വീണ്ടും വായിക്കാൻ തുടങ്ങി. ആദ്യം തൊട്ടു തന്നെ. ബഹു താൽപര്യത്തോടെ, മുമ്പ് വായിക്കാൻ കഴിയാത്ത പേജുകൾ മാത്രമല്ല.
കുറച്ചു പേജുകളിലൂടെ കടന്നുപോയപ്പോൾ മനസ്സിലൊരു ആശങ്ക: അതേ ബുക്കു തന്നെയോ ഇത്? ഉറപ്പു വരുത്താൻ വീണ്ടും പുറംചട്ട പരിശോധിച്ചു. അതെ, നിസ്സംശയമായും അതേ ഗ്രന്ഥകാരന്റെ അതേ നോവൽ തന്നെ.
കുറേ താളുകൾ കൂടി വായിച്ചു. അല്ലല്ല; എവിടെയോ എന്തോ തകരാറുണ്ട്.
ഈ വിചാരമുണ്ടായിട്ടും വായന ഞാൻ നിർത്തിയില്ല.
തെല്ലു കഴിഞ്ഞപ്പോൾ, അത് തുടർന്ന് വായിക്കാൻ വയ്യേ വയ്യ എന്നു തോന്നി.
അസൻസോൾ സ്റ്റേഷനിലിരുന്ന് ആകെയതിൽ ലയിച്ച് വീർപ്പില്ലാ വേഗത്തിൽ നട്ടുച്ചച്ചൂടു പോലും വക വെക്കാതെ ഞാനന്നു വായിച്ചു രസിച്ച ആ പുസ്തകം തന്നെയായിരിക്കുമോ ഇത്?
ഒരാൾക്കെങ്ങിനെ ഇത്തരം ചവറു പടച്ചുവിടാൻ കഴിയും? ഈ പുസ്തകം മുഴുമിക്കുക തീരെ അസാധ്യം.
അപ്പോൾ ഞാനറിഞ്ഞില്ല. പത്തു കൊല്ലം മുമ്പത്തെ അത്യുൽസുകനായ ആ വായനക്കാരൻ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്.
ആ നോവൽ എനിക്ക് ഇത്തവണയും പൂർണ്ണമായി വായിക്കാൻ കഴിഞ്ഞില്ല.