“അന്നൊക്കെ അടിപൊളി സ്ഥലായിരുന്നു. നല്ല കാട്, മുളയൊക്കെയായിട്ട്… മുള പോയതാണ് പറ്റിയത്. നല്ല മുളക്കാടായിരുന്നു… അന്നൊക്കെ നടക്കുമ്പോ അഞ്ചാറ് സ്ഥലത്ത് ആനയെ കാണാൻ പറ്റും. ഇപ്പോ വല്ലപ്പോഴും ആനയെ കണ്ടാലായി.” വയനാട് ജില്ലയിലെ തോൽപ്പെട്ടി റേഞ്ചിൽ മുപ്പതിലധികം കൊല്ലമായി വാച്ചറായി ജോലി ചെയ്യുന്ന വാച്ചർ ഗോപാലൻ ചേട്ടൻറെ വാക്കുകളാണിത്. ‘മഞ്ഞക്കൊന്ന’ എന്നും ‘സെന്ന’ എന്നും അറിയപ്പെടുന്ന രാക്ഷസക്കൊന്ന വയനാടൻ കാടുകളിൽ പടർന്ന് പിടിച്ചതിന് മുൻപും പിൻപുമുള്ള കാലങ്ങളെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക വനവല്‍ക്കരണത്തിന്‍റെ ഭാഗമായി വനംവകുപ്പ് തന്നെ നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്ന ഇന്ന് വയനാടൻ കാടുകളെ ക്യാൻസർ പോലെ കാർന്നുതിന്നുകയാണ്. വളരുന്ന പ്രദേശത്തെ പുൽനാമ്പുകളെപ്പോലും നശിപ്പിച്ചും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും ഭക്ഷ്യസമ്പത്തും തകർത്തും പടർന്നുപിടിക്കുന്ന ഈ അധിനിവേശച്ചെടിയുടെ വ്യാപനം കണ്ട് പകച്ച് നിൽക്കുകയാണ് വനം വകുപ്പ് പോലും.
“ഇത് കൊണ്ട് ഞങ്ങൾക്കൊരു ഉപകാരവുമില്ല. വിറകിന് ബുദ്ധിമുട്ട് വരുമ്പോ വിറകിനുപയോഗിക്കുമെന്നല്ലാതെ… മുളക്കാടായിരുന്നു നല്ലത്. മുളക്കാമ്പ് നമ്മള് തിന്നും. ആനയും തിന്നും. ഉപ്പേരിയും കറിയുമൊക്കെ ഉണ്ടാക്കി തിന്നുമ്പോ വയറിനൊക്കെ നല്ല സുഖമാ… ഇപ്പോ ഇല്ല. കാട്ടിക്കുളം ഭാഗത്തുണ്ട്. പക്ഷേ ഇവിടെ കുറവാണ്. എല്ലാം പോയി. കാട്ട്കിഴങ്ങ് പോലുമില്ല. പണ്ടൊക്കെ ഞങ്ങള് തിന്നുമായിരുന്നു. നാരക്കിഴങ്ങുണ്ടായിരുന്നു. അതും ഇപ്പോ ഇല്ല. അതൊക്കെ നല്ല മരുന്നാ…” മൺമറഞ്ഞ് പോയ രുചിവൈവിധ്യങ്ങളെ അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞുകൊണ്ടിരുന്നു. മഞ്ഞക്കൊന്ന വ്യാപകമായി പടരുന്ന തോൽപ്പട്ടിയിലെ ആത്താട്ട്കുന്ന് കോളനിയിലെ കാട്ടുനായ്ക്ക ആദിവാസി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ് അമ്പത്തെട്ടുകാരനായ ഗോപാലൻ ചേട്ടൻ.
വയനാട് വന്യജീവിസങ്കേതത്തിലെ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന മഞ്ഞക്കൊന്ന എന്ന അധിനിവേശ സസ്യത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള കോടികളുടെ പ്രവൃത്തികൾ സർക്കാർ ആരംഭിച്ചെങ്കിലും അത് ഫലപ്രദമാകുമോ എന്ന സംശയം ബാക്കിവച്ചുകൊണ്ട് മഞ്ഞക്കൊന്ന വീണ്ടും പടരുകയാണ്. പത്ത് സെന്റീമീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ പത്തടി ഉയരത്തിൽ തൊലി നീക്കംചെയ്ത് ഉണക്കിക്കളയുകയും പത്ത് സെന്റീ മീറ്ററിൽ താഴെ വണ്ണമുള്ളവ പിഴുതുകളയുമാണ് ചെയ്യുന്നത്. ചെടിയുടെ വേരടക്കം പൂർണ്ണമായും പിഴുതെടുക്കുന്നില്ലെങ്കിൽ പൊട്ടിയ വേരിൽനിന്ന് പുതിയ തൈകൾ മുളയ്ക്കാൻ സാധ്യതയുണ്ട്. ഒരു മരം വിതറുന്നത് ഏകദേശം 7,20,000 വിത്തുകളാണ്. ഇതിൽ 95 ശതമാനം വിത്തുകളും മുളയ്ക്കും. പത്ത് വർഷത്തിനു ശേഷവും ഈ വിത്തുകൾ മുളയ്ക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഈ പ്രത്യേകതകൾ മഞ്ഞക്കൊന്ന നശീകരണ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നു.
1980കളിൽ വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം വന-സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് വയനാടൻ കാടുകളിൽ മഞ്ഞക്കൊന്നത്തൈകൾ നട്ടുപ്പിടിപ്പിച്ചത്. ഗോൾഡൻ ഷവറെന്നും, സെന്നയെന്നുമെന്നൊക്കെ അറിയപ്പെടുന്ന ഈ അലങ്കാര സസ്യം നട്ടുപിടിപ്പിക്കുമ്പോൾ കാടിന് ഒരു വിപത്തായി ഇത് മാറുമെന്ന് വനംവകുപ്പും വിചാരിച്ചിട്ടുണ്ടാകില്ല. “ഇതിനെ എങ്ങനെ നശിപ്പിക്കാനാ… ഒരു വഴിയും കാണുന്നില്ല. അതിനെങ്ങനെ നശിപ്പിക്കണമെന്ന് നമുക്ക് മനസിലാകണില്ല. അത് വന്നതോടെ കാട് പോയി. ഇപ്പോ നിലത്ത് സൂര്യപ്രകാശം കിട്ടാത്തത് പോലെ പടർന്നാണ് സെന്നയുള്ളത്. ഇപ്പോൾ കുറെ മരത്തിന്റെ തോൽചെത്തിയിട്ടുണ്ട്. നൂറോളം ആളുകൾ നിന്ന് ചെത്തിയതാണ്. പക്ഷേ അതിൻറെ ചോട്ടിൽ വീണ്ടും ചെടി വന്ന്. ഉദ്യോഗസ്ഥന്മാർ വന്ന് വീണ്ടും കണക്കെടുത്ത് പോയിട്ടുണ്ട്.” ഗോപാലൻ ചേട്ടൻ നെടുവീർപ്പിട്ടു.
“കർണാടകത്തിൽ നിന്നാണ് സെന്നയുടെ വിത്തുകൾ കൊണ്ടുവന്നത്. റോഡ് സൈഡിൽ വെച്ച് പിടിപ്പിക്കാനായിരുന്നു സോഷ്യൽ ഫോറസ്ട്രിയുടെ ഉദ്ദേശം. കണിക്കൊന്ന നടാനാണ് അവർ തീരുമാനിച്ചിരുന്നത്. സെന്നയുടെ തൈയും കണിക്കൊന്നയുടെ തൈയും കണ്ടാൽ ഏകദേശം ഒന്നുപോലിരിക്കും. അത് തിരിച്ചറിയാൻ പറ്റില്ല. അങ്ങനെ തൈ മാറിപ്പോയതാണ്.” അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവ് മഞ്ഞക്കൊന്ന വന്ന വഴി വിശദീകരിച്ചു.
മഞ്ഞക്കൊന്ന വളരുന്നതിന്റെ ചുറ്റുപാടും പുല്ലോ മറ്റു ചെടികളോ വളരില്ല എന്നത് മണ്ണിന്റെ ജൈവസമ്പന്നത നഷ്ടമാകുന്നു. സസ്യഭുക്കുകളായ മൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ പല മൃഗങ്ങൾക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
“മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ഓഫീസിന് അടുത്തുള്ള മരങ്ങളാണ് ഇന്ന് വയനാടുള്ളതിൽ ഏറ്റവും പ്രായം ചെന്ന സെന്ന മരങ്ങൾ. ഏകദേശം ഇതിന്റെ വ്യാപനം തുടങ്ങുന്ന സമയത്താണ് അവിടെയുള്ള മുളകൾ പൂത്ത് നശിക്കുന്നതും. അതോടെ ധാരാളം സൂര്യപ്രകാശം ഈ ചെടിക്ക് ലഭിക്കുകയും ഇതിന്റെ വ്യാപനത്തിന്റെ വേഗത കൂടുകയും ചെയ്തു.” ഡോ. സജീവ് വിശദമാക്കി.
മുത്തങ്ങ റേഞ്ച് ഓഫീസിനടുത്തെ മഞ്ഞക്കൊന്നകൾ കടപ്പാട് : india.wcs.org
“ഞാൻ പഠിക്കുന്ന സമയത്ത് ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന ആളാണ്. അന്ന് സെന്ന എന്ന് പറയുന്ന മരം എന്റെ ഓർമ്മയിൽ ഒരൊറ്റ മരമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ പൂക്കൾ ദൂരെ നിന്ന് തന്നെ സഞ്ചാരികൾ ഫോട്ടോ എടുക്കുന്നത് ഓർമ്മയുണ്ട്. പക്ഷേ കാടിനുള്ളിലെ പ്ലാന്റ് ഡൈവേഴ്സിറ്റിക്ക് ഇന്നത്തേതിൽ നിന്നും വലിയ വ്യത്യാസമുണ്ടായിരുന്നു. അന്ന് ലന്റാനയും യുപൊടോറിയവുമാണ് കാടിനെ ഏറ്റവും ബാധിക്കുന്ന അധിനിവേശ സസ്യങ്ങളെന്ന് തോന്നിയിരുന്നു. പക്ഷേ ഇന്ന് ലന്റാനയൊന്നും ഒന്നുമല്ല എന്നാണ് സെന്നയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ തോന്നുന്നത്. സെന്ന ഏൽപ്പിച്ച ആഘാതത്തോളം ലന്റാന ഒന്നും ചെയ്തിട്ടില്ല.” തോൽപ്പട്ടി നിവാസിയും പരിസ്ഥിതി സ്നേഹിയുമായ മുനീർ പറയുന്നു.
വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേൺസ് എന്ന നേച്ചർ കൺസർവേഷൻ സൊസൈറ്റിയുടെ സമീപകാലത്തെ പഠന റിപ്പോർട്ട് പ്രകാരം 2013-14 കാലഘട്ടത്തിൽ 14.6 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചിരുന്ന മഞ്ഞക്കൊന്ന 2019-20 ആയതോടെ 78.9 സ്ക്വയർ കിലോമീറ്ററോളം പടർന്നു. 2020-23 ആയപ്പോഴേക്കും 123.86 സ്ക്വയർ കിലോമീറ്ററോളമാണ് മഞ്ഞക്കൊന്ന വ്യാപിച്ചത്. വർഷത്തിൽ 13.15 സ്ക്വയർ കിലോമീറ്ററാണ് മഞ്ഞക്കൊന്നയുടെ വ്യാപനനിരക്കെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്ഷയിക്കുന്ന ജൈവസമ്പത്ത്
“മുഴുവനായും സെന്ന നിറഞ്ഞ പ്രദേശങ്ങളിൽ നേറ്റീവ് സ്പീഷിസുകളൊന്നും വളരുന്നില്ല. പുല്ലുകളില്ല, ഔഷധസസ്യങ്ങളോ, കുറ്റിച്ചെടികളോ ഇല്ല. സസ്യഭുക്കുകളായ മൃഗങ്ങൾക്ക് കഴിക്കാനാകുന്ന ഒരു ചെടികളും സെന്നയുടെ കനോപിയുടെ അടിയിൽ വളരുന്നില്ല. ഇല പൊഴിഞ്ഞ് വീഴുമ്പോൾ മണ്ണിന്റെ കെമിക്കൽ കോംപോസിഷൻ (രാസഘടന) മാറി നേറ്റീവ് പ്ലാന്റ്സിന് വളരാൻ പറ്റാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്. ചിത്രശലഭങ്ങളെയും പക്ഷികളെയും ഒക്കെ ഇത് ബാധിക്കുന്നുണ്ട്. മണ്ണിന്റെ പ്രൈമറി പ്രൊഡക്ടിവിറ്റി ഇല്ലാതാക്കുന്നുണ്ട്.” ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയുടെ പ്രവർത്തകൻ വിനയൻ വിശദീകരിച്ചു.
വയനാട്ടിലെ മുത്തങ്ങ ഭാഗത്ത് മുമ്പ് മുളങ്കാടുകൾ ഉണ്ടായിരുന്നു. ഒരുമിച്ച് പൂക്കുന്ന മുളകൾ ഒരുമിച്ച് നശിക്കുകയും അവയിൽ നിന്ന് വീഴുന്ന വിത്തുകൾ പുതിയ മുളകളുണ്ടാകുന്നതിന് കാരണമാകുകയും ചെയ്തിരുന്നു. സസ്യഭുക്കുകളായ പല മൃഗങ്ങളും ഈ മുളങ്കൂട്ടങ്ങൾ ഭക്ഷിച്ചിരുന്നു. എന്നാൽ മഞ്ഞക്കൊന്ന ഈ പ്രദേശത്ത് എത്തിയതോടെ മുളങ്കാടുകൾ ഇല്ലാതായി. വേരിലൂടെയും തണ്ടിലൂടെയും ഇലകളിലൂടെയും ചില രാസ വസ്തുക്കൾ മഞ്ഞക്കൊന്ന ഡിസ്ചാർജ് ചെയ്യുന്നതാണ് ഇതിന് കാരണം. ഇത് മറ്റുള്ള ചെടികളുടെ വിത്തുകൾ മുളപൊട്ടുന്നതിനെ ബാധിക്കും. മഞ്ഞക്കൊന്ന കോളനിയായി വളർന്ന് കഴിഞ്ഞാൽ വേറെ ചെടി വളരാനുള്ള സാധ്യത തന്നെ ആ പ്രദേശത്തുണ്ടാകില്ല.
സസ്യഭുക്കുകളായ മൃഗങ്ങൾ മഞ്ഞക്കൊന്നയെ ഭക്ഷണത്തിനായി ആശ്രയിക്കാത്തതു കാരണം മഞ്ഞക്കൊന്നകളുടെ അതിയായ പ്രജനനം വന്യജീവികളുടെ ആഹാരവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. സസ്യഭുക്കുകളായ മൃഗങ്ങളുടെ ഭക്ഷണം തേടലും അവയെ മാംസഭുക്കുകളായ മൃഗങ്ങളുടെ ഇരപിടുത്തവും സാധ്യമാകാതെയായി. ഇപ്പോൾ വയനാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇതൊരു പ്രധാന കാരണമായി അനുമാനിക്കുന്നുണ്ട്. മഞ്ഞക്കൊന്ന നിർമ്മാർജനം വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ദീർഘകാല പരിഹാരമാർഗങ്ങളിലൊന്നാണ്.
“മഞ്ഞക്കൊന്ന നിർമ്മാർജനം ചെയ്ത പ്രദേശങ്ങൾ ഒരു വർഷമെങ്കിലും വേറെ ചെടികളൊന്നും വരാതെ നിർത്തേണ്ടതുണ്ട്. മണ്ണിൽ ബാക്കിയുള്ള കെമിക്കൽസ് മഴയത്ത് പൂർണമായി ഒലിച്ചുപോയതിന് ശേഷം മാത്രമേ അവിടെ എന്തെങ്കിലും വിത്തിട്ടിട്ടോ ചെടി വെച്ചിട്ടോ കാര്യമുള്ളൂ.” സസ്യശാസ്ത്രജ്ഞനും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഡോ. ടി.കെ ഹൃദ്വിക് അഭിപ്രായപ്പെട്ടു.
വയനാട് വന്യജീവി സാങ്ച്വറിയുടെ മുത്തങ്ങ, തോൽപ്പെട്ടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞക്കൊന്ന വ്യാപനമുള്ളത്. മഞ്ഞക്കൊന്ന നിർമ്മാർജനത്തിനായി 46 കോടി രൂപയാണ് വനം വകുപ്പിന് അനുവദിച്ചിട്ടുള്ളത്. റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി 40 കോടിയും നബാർഡിൽ നിന്ന് 6 കോടിയുമാണ് ഇതിനായി വകമാറ്റിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 2.72 കോടി രൂപയാണ് വനംവകുപ്പ് ടെൻഡർ അനുവദിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
നിർമ്മാർജനത്തിലെ വെല്ലുവിളികൾ
“അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതാണ് അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജനം. ലന്റാന (അരിപ്പൂ) നീക്കം ചെയ്യുന്നത് പോലും വെല്ലുവിളിയാണ്. സെന്ന നിർമ്മാർജനം ചെയ്യാൻ കെ.എഫ്.ആർ.ഐ പല രീതികൾ പരീക്ഷിച്ചിട്ടുണ്ട്. അതിലൊന്നാണ് മരങ്ങളുടെ തോൽ ഉരിയൽ.” വിനയൻ പറയുന്നു.
പെരിയാർ ടൈഗർ റിസർവിൽ സെന്നയുടെ തോൽ ചെത്തി സെന്ന നീക്കം ചെയ്തത് വിജയകരമായിരുന്നു. 64ഓളം മരങ്ങളാണ് അവിടെയുണ്ടായിരുന്നത്. എല്ലാ മാസവും പതിവായി തൊലി ചെത്തി കളഞ്ഞ മരങ്ങളെ നിരീക്ഷിക്കുകയും പുതിയ മുളകളെ പറിച്ചു കളയുകയും ചെയ്തതുകൊണ്ടാണ് പെരിയാറിലെ ഉദ്യമം വിജയകരമായതെന്ന് കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവ് അഭിപ്രായപ്പെട്ടു. “സെന്ന മരത്തെ മുഴുവനായി പിഴുതു കളയുന്ന ഒരു രീതി സെന്ന നിർമ്മാർജനത്തിനായി നടത്തിയിരുന്നു. എന്നാൽ ഇത് മണ്ണൊലിപ്പ് സാധ്യത ഉണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ രീതി ഉത്തമമല്ല.” അദ്ദേഹം പറഞ്ഞു.
ഏത് അധിനിവേശ സസ്യങ്ങളെയും പൂർണമായും നിർമ്മാർജനം ചെയ്യുക അസാധ്യമാണ് എന്നാണ് മുൻ അനുഭവങ്ങൾ. അതുകൊണ്ടുതന്നെ ഒരുപരിധി വരെ എങ്ങനെ ഒതുക്കി നിർത്താം എന്നാണ് ശാസ്ത്രലോകവും ചിന്തിക്കുന്നത്. എന്നാൽ മഞ്ഞക്കൊന്നയെ സംബന്ധിച്ച് പുനരുത്പാദന തോത് വളരെ കൂടുതലായതിനാൽ ഒതുക്കി നിർത്തലും പ്രയാസമായിത്തീരുന്നു.
“2012ലാണ് മഞ്ഞക്കൊന്ന നിർമാർജനത്തിനായി പല പരീക്ഷണങ്ങളും നടത്തിയിരുന്നത്. ഒരു സ്ക്വയർ മീറ്ററിലും 10 സെൻീമീറ്റർ ആഴത്തിലും മണ്ണെടുത്ത് നോക്കിയപ്പോ 5000ത്തിനടുത്ത് വിത്തുകൾ കിട്ടിയിരുന്നു. ലോകത്തുള്ള 10 ശതമാനം വിത്തുകൾ മാത്രേ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുകള്ളൂ. അതിൽ 10 ശതമാനം മാത്രേ എസ്റ്റാബ്ലിഷ് ചെയ്യപ്പെടുകയുള്ളൂ. അങ്ങനെ എത്തുന്നതുകൊണ്ട് തന്നെ ഏത് കാലാവസ്ഥയിലും അത് അതിജീവിക്കും. മറ്റുള്ള മരങ്ങളെ പോലെ എല്ലാ ന്യൂട്രീഷനും ഇതിന് ആവശ്യമില്ല. അത്രയേറെ ഫിൽട്ടറേഷൻ നടന്നാണ് ഈ സ്പീഷിസ് ഉണ്ടായിരിക്കുന്നത്.” ഹൃദ്വിക് മഞ്ഞക്കൊന്നയുടെ വ്യാപന കാരണങ്ങൾ വിശദീകരിച്ചു.
“മറ്റ് മരങ്ങളെ പോലെ വെട്ടിമാറ്റാൻ സാധിക്കില്ല എന്നതാണ് മഞ്ഞക്കൊന്ന നിർമ്മാർജനത്തിലെ മറ്റൊരു പ്രധാന വെല്ലുവിളി. വെട്ടുന്ന ഭാഗത്ത് നിന്ന് വീണ്ടും പുതിയ മുളകൾ ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ ഒരു രീതിശാസ്ത്രം വികസിപ്പിക്കേണ്ടതായി വന്നു.” ഹൃദ്വിക് പറഞ്ഞു. അതിനായി ഡോ. ഹൃദ്വിക്കും സംഘവും എഴുപത്തഞ്ചോളം രീതികൾ പരീക്ഷിച്ചു. അതിൽ വിജയം കണ്ട രീതികളിലൊന്നാണ് മഞ്ഞക്കൊന്ന മരങ്ങളുടെ പുറംതൊലി ഒരു മീറ്റർ നീളത്തിൽ നീക്കം ചെയ്ത് വേരിൽ മണ്ണിടുക എന്നത്. പുറംതൊലി നീക്കം ചെയ്ത മരങ്ങളുടെ താഴെ സൂര്യപ്രകാശം കിട്ടാത്ത വിധം മൂടിവെക്കണം. 30-32 മാസങ്ങൾക്കുള്ളിൽ മരം ഉണങ്ങിവീഴും. എന്നാൽ സൂര്യപ്രകാശം തട്ടിയാൽ ഹോർമോൺ അക്യുമലേഷൻ ഉണ്ടായി പുതിയ മുളപൊട്ടും. ഡിസംബർ-ജനുവരി സമയമാകുമ്പോൾ വിത്തുകൾ മുളപൊട്ടും, അപ്പോൾ അവ കൈകൊണ്ട് പിഴുത് കളയാം.
“ചെയ്തതിൽ ഏറ്റവും എഫക്ടീവായിരുന്ന രീതി കൺട്രോൾഡ് കണ്ടീഷനിൽ കെമിക്കൽ ഉപയോഗിക്കുക എന്നതായിരുന്നു. മരത്തിൽ ‘V’ ആകൃതിയിൽ കട്ടുണ്ടാക്കി അതിലേക്ക് കെമിക്കൽ ഇഞ്ചക്ട് ചെയ്യുന്ന രീതിയാണിത്. അതിൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ കട്ടുണ്ടാക്കി 30 സെക്കൻറിന് ഉള്ളിൽ കെമിക്കൽ ഇഞ്ചക്ട് ചെയ്തിരിക്കണം. ഇല്ലെങ്കിൽ മരം പ്രതിരോധിച്ച് തുടങ്ങും. കൃത്യമായി കെമിക്കൽ ഇഞ്ചക്ട് ചെയ്താൽ വെറും മൂന്ന് മാസം കൊണ്ട് മരം ഉണങ്ങി വീഴും. പക്ഷേ ഈ രീതിയോട് വ്യാപക എതിർപ്പാണുണ്ടായത്. കെമിക്കൽ ഉപയോഗിക്കരുതെന്നായിരുന്നു പലരുടെയും വാദം. പക്ഷേ മഞ്ഞക്കൊന്ന കാടിനെ ബാധിച്ചിരിക്കുന്ന കാൻസറാണ്. അതിനെ ആ രീതിയിലാണ് കാണേണ്ടിയിരുന്നത്. വളരെ ശാസ്ത്രീയമായി വേണം ഇത് ചെയ്യാൻ.” ഹൃദ്വിക് അഭിപ്രായപ്പെട്ടു.
“കെമിക്കൽ ഉപയോഗിച്ച് സെന്ന ഇറാഡിക്കേറ്റ് ചെയ്യാമെന്ന് ഞാൻ മനസിലാക്കുന്നത് 25-30 സ്ക്വയർ കിലോമീറ്ററിൽ സെന്ന പടർന്ന് കൊണ്ടിരിക്കുമ്പോഴാണ്. അന്ന് നല്ല ഫലപ്രദമായി ചെയ്തിരുന്നതാണ്. അന്ന് അത് തുടർന്നിരുന്നെങ്കിൽ സെന്ന ഇത്ര നിയന്ത്രണാതീതമായി തീരില്ലായിരുന്നു.”
2000 മീറ്ററിലധികം ഉയരമുള്ള മലകളുള്ളതും തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിര് പങ്കിടുന്നതുമായ ജൈവവൈവിധ്യ സമ്പന്ന മേഖലയായ നീലഗിരി ബയോസ്ഫിയറിന്റെ നല്ലൊരു ശതമാനം പ്രദേശത്ത് മഞ്ഞക്കൊന്ന പടർന്ന് പിടിച്ചിട്ടുണ്ട്. വയനാട്, മുതുമല, ബന്ധിപ്പൂർ, നാഗർഹോള തുടങ്ങിയ ദേശീയോദ്യാനങ്ങളുടെ മിക്ക പ്രദേശങ്ങളിലെല്ലാം ഇവയുടെ സാന്നിധ്യം ശക്തമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ മാത്രമായി മഞ്ഞക്കൊന്ന നിർമ്മാർജനം ചെയ്തിട്ട് കാര്യമില്ലെന്നും അന്തർ സംസ്ഥാന പദ്ധതിയായി മാറ്റണമെന്നുമാണ് ശാസ്ത്രസമൂഹം അഭിപ്രായപ്പെടുന്നത്.
“തീവ്രപരിസ്ഥിതിവാദികൾ മഞ്ഞക്കൊന്ന നിർമാർജന പദ്ധതിക്കെതിരെ എതിർവാദം ഉയർത്തുന്നുണ്ട്. വനനശീകരണമാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് അവരുടെ പ്രധാന വാദം. എന്നാൽ മറ്റൊരു പരിഹാര നിർദ്ദേശവും ഇവർ മുന്നോട്ട് വെക്കുന്നുമില്ല.” പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഒരു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥൻ അഭിപ്രായം പങ്കുവെച്ചു.
മഞ്ഞക്കൊന്ന നിർമ്മാർജന പദ്ധതിയിൽ തദ്ദേശീയരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യം വയനാട്ടിൽ ഉയർന്നുവരുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഇത് ഉൾപ്പെടുത്തി തൊഴിലവസരങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. നിലവിൽ സ്വകാര്യ കോൺട്രാക്ടർമാർക്കാണ് ടെണ്ടർ നൽകിയിരിക്കുന്നത്. ഇത് അഴിമതിക്ക് വഴിവെക്കുമെന്നാണ് തദ്ദേശവാസികളുടെ അഭിപ്രായം.
“2013 മുതൽ തന്നെ വനംവകുപ്പിന്റെ നേതൃത്വത്തിൽ മരങ്ങളുടെ തോല് ചെത്തി (ഡീബാർക്ക്) ഉണക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അതിൽ നിന്ന് പുതിയ മുളപ്പുകൾ വന്ന് അതിന്റെ സാന്ദ്രത കൂടി. സാധാരണ വനംവകുപ്പ് ചെയ്യുന്നത് ഈ വർഷം 10 ലക്ഷം രൂപ ലഭിച്ചാൽ ആ കാശ് കൊണ്ട് ഒരു സ്ഥലം ഡീബാർക്ക് ചെയ്യും. അടുത്ത വർഷം 10 ലക്ഷം രൂപ കിട്ടിയാൽ ആദ്യം ഡീബാർക്കിങ് ചെയ്ത് കൊണ്ടിരുന്ന സ്ഥലം വിട്ടിട്ട് പുതിയൊരു സ്ഥലത്ത് ചെയ്യും. അത് ഫലപ്രദമല്ല. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇതിൽ നിന്ന് ലാഭമുണ്ടാക്കുക എന്നൊരു കാഴ്ചപ്പാട് മാത്രമാണുള്ളത്. ആദ്യ വർഷം ചെയ്തിടത്ത് രണ്ടാം വർഷവും വർക്ക് ചെയ്താലേ ഇത് പരിശ്രമം വിജയിക്കുകയുള്ളൂ. വനംവകുപ്പ് ആ ഒരു സമീപനത്തിലേക്ക് ഇനിയെങ്കിലും മാറണം.” വിനയൻ അഭിപ്രായപ്പെട്ടു.
“നിലവിൽ ഈ ജോലികൾ ടെണ്ടർ നൽകുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല. സെന്ന നിർമ്മാർജനം ചെയ്യാൻ പത്ത് വർഷം മുന്നിൽ കണ്ട് വേണം പ്രവർത്തിക്കാൻ.” അദ്ദേഹം കൂട്ടിച്ചേർത്തു. “വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തം അല്ലാതെ സർക്കാരിന്റെ പൊതു ഉത്തരവാദിത്തമായി ഇത് മാറണം. അപ്പോൾ ഇതിലേക്ക് തൊഴിലുറപ്പ് പദ്ധതിയെയും മറ്റ് സന്നദ്ധസംഘടനകളുടെ ആളുകളെയും ഉൾപ്പെടുത്താൻ കഴിയും. എല്ലാത്തരത്തിലുമുള്ള റിസോഴ്സും ഉപയോഗിച്ച് പൊതുലക്ഷ്യമായി കണ്ടാൽ മാത്രമേ ഇത് വിജയകരമാകൂ.” ദീർഘകാലമായി ഈ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന അനുഭവത്തിൽ നിന്നും വിനയൻ പറഞ്ഞു.
10-12 വർഷം കൊണ്ട് രൂപപ്പെട്ടുവന്ന ഒരു പ്രശ്നമായതിനാൽ തന്നെ പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് നിർമാർജനത്തിനായി പ്രവർത്തിക്കുന്നവർ ഒരുപോലെ പറയുന്നത്.
കേരളത്തിലൊതുങ്ങരുത് നിർമ്മാർജനം !
വയനാടുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂരിലും നാഗർഹോളയിലും സെന്ന വ്യാപിച്ചുകഴിഞ്ഞതിനാൽ ഇവിടെ മാത്രം നടക്കുന്ന നിർമ്മാർജന പ്രവർത്തനങ്ങൾ കൊണ്ട് ഫലമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. “വയനാട്ടിലുള്ള മുഴുവൻ മരങ്ങളെയും നീക്കം ചെയ്ത് കഴിഞ്ഞാൽ പോലും, ബന്ദിപ്പൂരിൽ നിന്നും നാഗർഹോളയിൽ നിന്നുമുള്ള വിത്തുകൾ ഇങ്ങോട്ട് വരും. അവിടെയുള്ള മരങ്ങളെ നീക്കം ചെയ്തില്ലെങ്കിൽ നമ്മളിത് വീണ്ടും ചെയ്തുകൊണ്ടിരിക്കേണ്ടിവരും.” വിനയൻ അഭിപ്രായപ്പെട്ടു.
അട്ടപ്പാടി ആനക്കട്ടിയിലും നിലവിൽ മഞ്ഞക്കൊന്ന അതിൻറെ അധിനിവേശം ആരംഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അവയെ നിർമാർജനം ചെയ്താൽ മാത്രമേ വയനാട് ഇപ്പോൾ നേരിടുന്നപോലെയുള്ള പാരിസ്ഥിതിക പ്രതിസന്ധിയിൽ നിന്നും മറ്റ് പ്രദേശങ്ങളെ രക്ഷപ്പെടുത്താൻ കഴിയൂ. കോടികളുടെ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും മറ്റെല്ലാ ചെടികളെയും നശിപ്പിച്ചുകൊണ്ട്, ക്യാൻസർ പോലെ പടരുന്ന മഞ്ഞക്കൊന്നയുടെ വ്യാപനം പൂർണ്ണമായും തടയാൻ കഴിയുമോ എന്ന ആശങ്ക തുടരുകയാണ്. തമിഴ്നാടും കർണ്ണാടകയും കൂടി പങ്കുചേരുന്ന സമഗ്രമായ ഒരു പദ്ധതിയില്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നതെല്ലാം വിഫലമാകുമെന്ന അഭിപ്രായവും ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.