മിഷൻ മൗസം: അതിതീവ്രമഴ നിയന്ത്രിക്കാൻ ശാസ്ത്രം ശ്രമിക്കുമ്പോൾ

പ്രവചനാതീതമായി മാറിയ കാലാവസ്ഥ സൃഷ്ടിക്കുന്ന ദുരന്തങ്ങളെ മറികടക്കാനുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾ വിപുലീകരിക്കുകയാണ് ഇന്ത്യ. കാലാവസ്ഥാ നിരീക്ഷണ ശൃംഖലകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഉൾപ്പെടുന്ന ‘മിഷൻ മൗസം’ എന്ന പദ്ധതിയിലൂടെ കൃത്രിമമായി മഴയെ തടഞ്ഞുനിർത്തി അതിതീവ്രമഴ സൃഷ്ടിക്കുന്ന പ്രക‍ൃതിദുരന്തങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഭൗമ മന്ത്രാലയം. 2024 സെപ്‌റ്റംബർ 11-ന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ മിഷൻ മൗസം പദ്ധതിക്കായി 2,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവച്ചിരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കുക എന്നത് കൂടാതെ മേഘങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറി കൃത്രിമമായി മഴ തടഞ്ഞുനിർത്തുന്നതിനുള്ള പദ്ധതികളും ‘മിഷൻ മൗസം’മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിയിൽ നടത്താൻ കഴിയുന്ന ഇത്തരം ഇടപെടലുകൾ ശാസ്ത്രത്തിന്റെ വികാസമായി ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ കരുതുമ്പോഴും ഇത്തരം പരീക്ഷണങ്ങൾ എത്രമാത്രം വിജയകരമാകുമെന്ന ആശങ്കയും മറുവശത്തുണ്ട്.

Representation image കടപ്പാട്: wikipedia.org

മിഷൻ മൗസവും ലക്ഷ്യങ്ങളും

അതിതീവ്രമഴയും അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും മുൻകൂട്ടി തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കുന്നതിനും കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് മിഷൻ മൗസം ലക്ഷ്യമാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. ഡോപ്ലർ റഡാറുകൾ സ്ഥാപിച്ചുകൊണ്ടുള്ള കാലാവസ്ഥാ നിരീക്ഷണ ശൃംഖലയുടെ വിപുലീകരണമാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തിൽ ഉപഗ്രഹങ്ങളും വിമാനങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടം 2024-26 കാലയളവിലാണ് നടപ്പിലാക്കുക. ഈ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് 2000 കോടി രൂപ അനുവദിച്ചിട്ടുള്ളത്.

കാലാവസ്ഥ നിരീക്ഷണ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിച്ചുകൊണ്ട് കാലാവസ്ഥാ പ്രവചനത്തിൽ രാജ്യത്തിന്റെ കഴിവുകൾ വളർത്തുവാനും, കാലാവസ്ഥാ പ്രവചനം കൃത്യവും സമയബന്ധിതവുമാക്കി മെച്ചപ്പെടുത്താനുമായി നെക്സ്റ്റ് ജനറേഷൻ റഡാറുകളും വിപുലമായ ഇൻസ്ട്രുമെന്റ് പെയ്ലോഡ്സോടുകൂടിയ സാറ്റലൈറ്റ് സംവിധാനങ്ങളും ഹൈപെർഫോമൻസ് കമ്പ്യൂട്ടറുകളും ഉപയോഗിക്കും. ഇതിനായി 50 ഡോപ്ലർ വെതർ റഡാറുകൾ (DWR), 60 Radiosonde/Radio Wind (RS/RW) സ്റ്റേഷനുകൾ, 100 ഡിസ്ട്രോമീറ്ററുകൾ,10 വിന്റ് പ്രൊഫൈലുകളും, 25 റേഡിയോ മീറ്ററുകളും സ്ഥാപിക്കും. കൂടാതെ മെച്ചപ്പെട്ട എർത്ത് സിസ്റ്റം മോഡലുകളും ഡാറ്റാധിഷ്ഠിത രീതികളും വികസിപ്പിക്കുകയും അർബൻ ടെസ്റ്റ്ബെഡ്, പ്രോസസ് ടെസ്റ്റ്ബെഡ്, ഓഷ്യൻ റിസർച്ച് സ്റ്റേഷൻ, 10 അപ്പർ എയർ ഒബ്സർവേഷനോടുകൂടിയ മറൈൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ എന്നിവ സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2026 മാർച്ചോടെ മെച്ചപ്പെട്ട സംവിധാനങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മികച്ച കാലാവസ്ഥ നിരീക്ഷണശൃംഖല രൂപീകരിക്കുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം രവിചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡൽഹിയിലെ ഭൗമശാസ്ത്ര മന്ത്രാലയത്തിൽ നടന്ന വാർത്താസമ്മേളനം കടപ്പാട്: english.publictv.in

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി, നാഷണൽ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് എന്നിവ ചേർന്നാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. കൂടാതെ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി തുടങ്ങിയ ബോഡികൾ ദൗത്യത്തെ പിന്തുണയ്ക്കും.

അതിതീവ്രമഴയെ നിയന്ത്രിക്കുന്നതിനുള്ള ക്ലൗഡ് സീഡിങ് പരീക്ഷണങ്ങളും മിഷൻ മൗസം പദ്ധതിയുടെ ഭാഗമാണ്. കൃത്രിമമായി മഴ പെയ്യിക്കുന്നത് പോലെ കൃത്രിമമായി മഴയെ തടയാനും പരീക്ഷണങ്ങൾ നടത്തും. ഇതിനായി പൂണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി (I.I.T.M) ൽ ക്ലൗ‍ഡ് ചേംബർ സ്ഥാപിക്കും. ലബോറട്ടറിയിൽ കൃത്രിമമായി നിർമ്മിക്കുന്ന മേഘങ്ങളിലാണ് പരീക്ഷണങ്ങൾ നടത്തുക. മേഘങ്ങളിലെ ചൂട് വർധിക്കുന്നത് തടഞ്ഞ്, മഴയുടെ രൂപീകരണത്തെ തടയുന്നതിനുള്ള പരീക്ഷണങ്ങളാണ് പ്രധാനമായും നടത്തുക. കൂടാതെ ഇടിമിന്നൽ നിയന്ത്രിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഈ പരീക്ഷണങ്ങൾ വിജയിച്ചാൽ അതിതീവ്രമഴ കാരണമുണ്ടാകുന്ന ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ക്ലൗഡ് സീഡിങ്ങിന്റെയും സപ്രഷന്റെയും സാധ്യതകൾ

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർച്ചയായി രൂപംകൊള്ളുന്ന ന്യൂനമർദ്ദങ്ങൾ ഇന്ത്യയുടെ കാലാവസ്ഥയുടെ ക്രമം പാടെ മാറ്റിമറിച്ചിരിക്കുന്നു. കാലം തെറ്റി പെയ്യുന്ന അതിതീവ്ര മഴയും ഉഷ്ണതരംഗങ്ങളുമാണ് ഇതിന് മുഖ്യ തെളിവ്. 2023 ൽ മുൻവർഷങ്ങളെ അപേക്ഷിച്ച് അതിതീവ്ര മഴ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തവണ രേഖപ്പെടുത്തുകയുണ്ടായി. ഇതു മൂലമുണ്ടായ പ്രകൃതിക്ഷോഭങ്ങൾ ഇന്ത്യയുടെ ഭൂപ്രകൃതിയെയും സാമ്പത്തിക സാഹചര്യങ്ങളേയും പാടേ മാറ്റിമറിച്ചു. മഴ കുറയുന്ന സാഹചര്യങ്ങളിൽ കൃത്രിമമായി മഴ പെയ്യിക്കുവാൻ പല രാജ്യങ്ങളും ക്ലൗഡ് സീഡിംങ് പരീക്ഷണങ്ങൾ നടത്താറുണ്ട്. ക്ലൗഡ് സീഡിംങ് പ്രക്രിയയിലൂടെ മഴയോ മഞ്ഞോ ഉത്പാദിപ്പിക്കാനുള്ള മേഘങ്ങളുടെ കഴിവിനെ വികസിപ്പിക്കാൻ സാധിക്കും. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യയിലും ക്ലൗഡ് സീഡിംങ് പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. അതീവ വരൾച്ചയെ തുടർന്ന് 1983,1984-87, 1993-94 വർഷങ്ങളിൽ തമിഴ്നാട് സർക്കാർ ക്ലൗഡ് ഡീഡിംങ് നടത്തിയിരുന്നു. 2003 ൽ കർണാടക സർക്കാർ വിമാനങ്ങൾ, റഡാറുകൾ തുടങ്ങിയ ആധുനിക ഗ്രാഡ്ജെറ്റുകൾ ഉപയോഗിച്ച് ക്ലൗഡ് സീഡിംങ് പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരും അതേ കാലയളവിൽ തന്നെ പരീക്ഷണങ്ങൾ നടത്തി. 2003-2009 കാലയളവിൽ ആന്ധ്രപ്രദേശ് സർക്കാർ നടത്തിയ ക്ലൗഡ് സീഡിംങ് പരീക്ഷണം തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ പരീക്ഷണമാണ്.

ഏഞ്ചൽ അനീറ്റ ക്രിസ്റ്റി

മഴയുടെ കുറവ് പോലെ തന്നെ ഇപ്പോൾ ഇന്ത്യ നേരിടുന്ന മുഖ്യ പ്രശ്നം അപ്രതീക്ഷിതമായി പെയ്യുന്ന അതിതീവ്രമഴയാണ്. ഇത് തടയുന്നതിനുള്ള പദ്ധതി ആദ്യമായാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത്. എന്നാൽ ട്രോപ്പിക്കൽ കാലാവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ ഈ പരീക്ഷണത്തിന് പരിമിതിയുണ്ടെന്ന് ശാസ്ത്രലോകം തന്നെ പറയുന്നു. അതുകൊണ്ട് തുടർച്ചയായ പരീക്ഷണ നിരീക്ഷണങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തേണ്ടി വരുമെന്ന് കുസാറ്റ് അഡ്വാൻസ്ഡ് അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് സെന്ററിലെ ഗവേഷകയായ ഏഞ്ചൽ അനീറ്റ ക്രിസ്റ്റി പറഞ്ഞു.

“അതിവികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കാലാവസ്ഥാ പ്രവചനങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം ഇന്ത്യ ഒരു ട്രോപ്പിക്കൽ രാജ്യമാണ് എന്നതാണ്. ഇന്ത്യയുടെ കാലാവസ്ഥയിൽ ചൂട്, ആർദ്രത, കാറ്റ് തുടങ്ങിയ മൂന്ന് ഘടകങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്. രാജ്യത്തിന്റെ മൂന്ന് ഭാഗങ്ങളും ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയാൽ‌ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിൽ അറബിക്കടലും ബംഗാൾ ഉൾക്കടലും ചൂടിനെ ആഗിരണം ചെയ്യുന്ന രീതി വ്യത്യസ്തമാണ്. മുമ്പ് ബംഗാൾ ഉൾക്കടലായിരുന്നു ഏറ്റവും കൂടുതൽ ചൂട് പിടിച്ചിരുന്നത്. എന്നാൽ ഇന്ന് അറബിക്കടലാണ്. സമുദ്രം കൂടുതലായി ചൂടാകുന്നത് കൂടുതൽ മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു. രൂപീകരിക്കപ്പെട്ടാൽ സ്വാഭാവികമായും സാച്ചുറേഷൻ ലെവൽ കഴിയുമ്പോൾ മേഘങ്ങൾക്ക് പെയ്തേ പറ്റൂ. ഇവിടെ കാറ്റിന്റെ ഇംപാക്ട് മേഘത്തിന്റെ സഞ്ചാരത്തെ നിയന്ത്രിക്കും. എന്നാൽ കാറ്റില്ലാത്ത സാഹചര്യമാണെങ്കിൽ മേഘം നിൽക്കുന്നിടത്ത് നിന്ന് തന്നെ പെയ്യും. നിന്ന് പെയ്യുന്ന മഴവെള്ളത്തെ മുഴുവനായി ഉൾക്കൊള്ളാൻ മണ്ണിനാകണമെന്നില്ല, അതിന് സമയമെടുക്കും. ഒരേ സ്ഥലത്ത് കുറേ നേരത്തേക്ക് നിന്ന് പെയ്യുന്ന മഴയാണ് സാധാരണഗതിയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ക്ലൗഡ് സപ്രഷൻ സംവിധാനങ്ങൾ ഉപയോഗിക്കാം. ഇവിടെ മേഘത്തിന്റെ സാച്ചുറേഷൻ കുറച്ചാൽ അതിന് പെയ്യാൻ കഴിയില്ല.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി,പുണെ കടപ്പാട്: tropmet.res.in

ഇന്ത്യയിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് ഐ.ഐ.ടി.എം ആണ്. ക്ലൗഡ് സീഡിംങ് ആണെങ്കിലും ക്ലൗഡ് സപ്രഷൻ ആണെങ്കിലും ഐ.ഐ.ടി.എം ക്ലൗഡ് ചേംബറിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ പ്രാവർത്തികമാക്കുകയുള്ളൂ. ക്ലൗഡ് ചേംബറിൽ കൃത്രിമമായി മേഘങ്ങളെ ഉണ്ടാക്കുകയും ക്ലൗഡ് സപ്രഷനുവേണ്ടി ചെയ്യാനുദ്ദേശിക്കുന്ന പ്രക്രിയകൾ ക്ലൗഡ് ചേംബറിൽ പരീക്ഷിക്കുകയും ചെയ്യും. മേഘങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടർച്ചയായ മോണിറ്ററിങ്ങിലൂടെ മനസിലാക്കി അതിൽ നമുക്കാവശ്യമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് വിലയിരുത്തും. ഇതിനെല്ലാം ആവശ്യമായിട്ടുള്ള പ്രധാന ഘടകം ഏറ്റവും മികച്ച ഒബ്സർവേഷൻസാണ്. മികച്ച ഒബ്സർവേഷൻ കിട്ടിയാൽ മാത്രമേ ക്ലൗഡ് ചേംബറിലെ പ്രക്രിയകൾ സൂക്ഷ്മവും കൃത്യവുമായി മനസിലാക്കാൻ സാധിക്കൂ. അതിനാൽ നിരീക്ഷണങ്ങൾക്കാവശ്യമായ ആധുനിക സംവിധാനങ്ങൾ ഇന്ത്യയിൽ ആവശ്യമാണ്. ഇവിടെയാണ് റഡാർ, മൈക്രോവേവ് റേഡിയോ മീറ്റർ, റേഡിയോ സോണ്ടേസ്റ്റേഷൻ തുടങ്ങിയ ഉപകരണങ്ങളുടെ ആവശ്യം വരുന്നത്. റഡാർ തുടർച്ചയായ കാലാവസ്ഥ നിരീക്ഷണം സാധ്യമാക്കുന്നു. റേഡിയോ മീറ്റേഴ്സ് ഒരു നിശ്ചിത സർഫസിൽ നിന്ന് 10 കിലോമീറ്റർ വരെയുള്ള ഒബ്സർവേഷൻ സാധ്യമാക്കും. ഇത് റഡാറുകളുടെ പരിമിതി കുറയ്ക്കുന്നു. റേഡിയോ സോണ്ടേ റിയൽ ടൈം ഡാറ്റ നൽകുന്നു. പക്ഷേ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വ്യത്യാസത്തിലാണ് ഡാറ്റ ലഭിക്കുക. അത് മേഘങ്ങളുടെ മൂവ്മെന്റിനനുസരിച്ചുള്ള ഡാറ്റയാണ് നൽകുക. സ്ഥിരമായി ഒരു പ്രത്യേക പോയിന്റിനെ തുടർച്ചയായി നിരീക്ഷിക്കണമെന്നുണ്ടെങ്കിൽ ഈ സൗകര്യങ്ങൾ മതിയാകില്ല. ഇത് സൂചിപ്പിക്കുന്നത് കൃത്യമായ നിരീക്ഷണ സൗകര്യങ്ങൾ നമുക്ക് കുറവാണെന്നാണ്. ഇന്ത്യയിൽ റഡാറുകൾ കുറവാണ്. കേരളത്തിൽ ഒന്ന് കൊച്ചിയിലും മറ്റൊന്ന് തിരുവനന്തപുരത്തുമാണുള്ളത്. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർ‍ട്ട്മെന്റിന് ഡോപ്ലർ വെതർ റഡാറുകൾ മാത്രമാണുള്ളത്, വിന്റ് റഡാറുകളില്ല. വിന്റിന്റെ പാറ്റേൺ പരിശോധിക്കണമെങ്കിൽ വിന്റ് പ്രൊഫൈൽ റഡാറുകൾ ആവശ്യമാണ്. സാറ്റലൈറ്റ് സൗകര്യങ്ങളുണ്ടെങ്കിലും ഗ്രൗണ്ട് ബേയ്സ്ഡ് ആയിട്ടുള്ള ഡയറക്ട് ഒബ്സർവേഷൻസ് കുറവാണ്.”

ക്ലൗഡ് സപ്രഷൻ ഉയർത്തുന്ന ആശങ്കകൾ

നിലവിലെ സാഹചര്യത്തിൽ, ഇടവേളകളില്ലാതെ നിന്ന് പെയ്യുന്ന മഴയാണ് മിക്ക പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നത്. ഈ മഴയെ നിയന്ത്രിക്കുന്നതിലൂടെ ദുരന്തങ്ങളുടെ തോത് കുറയ്ക്കാമെന്ന ധാരണയിലാണ് ക്ലൗഡ് സപ്രഷൻ അല്ലെങ്കിൽ കൃത്രിമമായ മഴ തടയൽ എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെടുന്നത്. 1946 ൽ അമേരിക്കൻ രസതന്ത്ര‍ജ്ഞനും കാലാവസ്ഥ ശാസ്ത്രജ്ഞനുമായ വിൻസെന്റ് ജെ ഷെഫറാണ് ആദ്യമായി ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾ നടത്തുന്നത്. പിന്നീട് പല രാജ്യങ്ങളും ക്ലൗഡ് സീഡിങ്ങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മേഘത്തെ കൃത്രിമമായി ചില രാസപദാർത്ഥങ്ങളുടെ സഹായത്തോടെ മഴയായി പെയ്യിക്കുകയാണ് ക്ലൗഡ് സീഡിംഗ് ചെയ്യുന്നത്. അതേ രീതി തന്നെയാണ് ക്ലൗഡ് സപ്രഷനും ഉപയോഗപ്പെടുത്തുക. എന്നാൽ ഇത്തരം പ്രക്രിയകൾ ചെലവേറിയവയായതിനാൽ സ്വാഭാവികമായും ഉയർന്നുവരുന്ന ആശങ്കകൾക്കുള്ള ഉത്തരം പ്രക്രിയ നടപ്പിലാക്കുന്നതിലൂടെ മാത്രമേ അറിയാൻ കഴിയൂ എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. മനോജ് എം.ജി പറയുന്നത്.

ഡോ. മനോജ് എം.ജി

“സാധാരണയായി ക്ലൗഡ് സീഡിങ്ങിനായാലും ക്ലൗഡ് സപ്രഷനായാലും ഉപയോഗിക്കുന്നത് സോൾട്ട് പാർട്ടിക്കിൾ ആയിട്ടുള്ള സിൽവർ അയഡൈഡ്, ഡ്രൈഡ് ഐസ് എന്നിവയാണ്. മഴയെ തടഞ്ഞുനിർത്തുക എന്ന് പറയുമ്പോൾ മേഘങ്ങളിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പാർട്ടിക്കിൾ സീഡ് ചെയ്യുകയും, നിലനിൽക്കുന്ന ജലകണികകൾ കൂടുതലായി ചെല്ലുന്ന പാർട്ടിക്കിളുകളിൽ പറ്റിപിടിക്കുകയും ചെയ്യുന്നു. സാധാരണരീതിയിൽ വലുപ്പം കുറഞ്ഞ മേഘങ്ങളിലെ ജലകണികകൾ കൂടുതൽ പാർട്ടിക്കിളുകളിൽ പറ്റിപിടിക്കുമ്പോൾ അവയുടെ വലുപ്പം ഒന്നുകൂടി കുറയുകയും അതുവഴി മഴ പെയ്യുന്നതിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ക്ലൗഡ് സീഡിങ്ങ് വഴി പെയ്യുന്നത് അമ്ലമഴയാണെന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നുവരാറുണ്ട്. എന്നാൽ അവയെല്ലാം വെറും അനുമാനങ്ങളാണ്, അല്ലെങ്കിൽ അതിശയോക്തികലർന്ന വാദങ്ങളാണ്. കാരണം ഇവിടെ ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി സോൾട്ട് പാർട്ടിക്കിൾസ് സാധാരണയായി അന്തരീക്ഷത്തിലുണ്ട്. കൂടാതെ മലിനീകരണം മൂലവും ഒരുപാട് രാസപദാർത്ഥങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്നുണ്ട്. ക്ലൗഡ് സീഡിങ്ങിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം ഒരു സംസ്ഥാനത്തോ ജില്ലയിലോ പെയ്യേണ്ട മഴയെ ബലമായി മറ്റൊരു സ്ഥലത്ത് പെയ്യാൻ വേണ്ടി പ്രേരിപ്പിക്കുന്നു എന്നതാണ്. ഇതൊരു പ്രശ്നമാണ്. കൂടാതെ ക്ലൗഡ് സീഡിംങ്ങായാലും ക്ലൗഡ് സപ്രഷനായാലും വലിയ ചിലവേറിയ പ്രക്രിയയാണ്. ഇവിടെ കോസ്റ്റ് ബെനിഫിറ്റ് റേഷ്യോ എത്രമാത്രം കൂടുതലായിരിക്കും എന്നെല്ലാം പ്രക്രിയയുടെ നടത്തിപ്പിന് ശേഷമേ പറയാൻ കഴിയൂ. പലയിടത്തും ഈ പ്രക്രിയ അനിശ്ചിതത്വത്തിലാണ്.”

മേഘത്തിന്റെ സഞ്ചാരവും അതിന്റെ നിരീക്ഷണങ്ങളും ക്ലൗഡ് സപ്രഷനിലായാലും സീഡിങ്ങിലായാലും പ്രധാനഘടകങ്ങളാണെന്നും നിരീക്ഷണങ്ങളിൽ ഉണ്ടാകുന്ന പിഴവുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഏഞ്ചൽ അനീറ്റ ക്രിസ്റ്റി കൂട്ടിച്ചേർത്തു. “പരീക്ഷണങ്ങൾക്കപ്പുറം മേഘങ്ങളെ മനുഷ്യർക്ക് നിയന്ത്രിക്കാനാകില്ല എന്നത് ഒരു ഘടകമാണ്. ക്ലൗഡ് സീഡിങ്ങ് നടത്തേണ്ട മേഘത്തിന്റെ സഞ്ചാരത്തിന് സമാന്തരമായി കാറ്റോ മറ്റ് ഘടകങ്ങളോ വന്നാൽ മറ്റേതെങ്കിലും പ്രദേശത്തേക്ക് മേഘങ്ങളെത്തിപ്പെടാനും അവിടെ മഴ പെയ്യാനും കാരണമാകാം. ഇതുതന്നെ സപ്രഷനിലും സംഭവിക്കാം കാറ്റിന്റെയും മറ്റ് ഘടകങ്ങളുടെയും സ്വാധീനത്താൽ മേഘം, പ്രക്രിയ നടത്തേണ്ട പ്രദേശത്ത് നിന്ന് മാറ്റൊരിടത്തേക്ക് സഞ്ചരിച്ച് ആ പ്രദേശത്ത് ക്ലൗഡ് സപ്രഷൻ സംഭവിക്കുകയാണെങ്കിൽ അത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ആവശ്യമുള്ള പ്രദേശങ്ങളിൽ പരീക്ഷണങ്ങളുടെ റിസൾട്ട് ഉണ്ടാക്കുക എന്നത് ഇവിടെ വലിയ വെല്ലുവിളിയാണ്.”

സാങ്കേതികവിദ്യകൾക്ക് കാലാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുമോ?

ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തിന്റെ എല്ലാതലങ്ങളെയും നിയന്ത്രിക്കുന്ന കാലമാണ്. നൂതന സംവിധാനങ്ങളോടുകൂടിയ യന്ത്രങ്ങളും നിർമ്മിത ബുദ്ധിയുമെല്ലാം ശാസ്ത്രസാങ്കേതിക രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നു. എന്നാൽ കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന ആശങ്കകൾക്ക് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾകൊണ്ട് മാത്രം പരിഹാരം കാണാൻ കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്. കൃത്രിമമായി മഴയെ തടയുക എന്ന ആശയം എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും ആശങ്ക സ്വാഭാവികമായും ഉയർന്നുവരാം. എന്നാൽ കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന സാഹചര്യം മനുഷ്യർക്ക് നഷ്ടമായ സ്ഥിതിക്ക് ശാസ്ത്രത്തെ സമീപിക്കുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് കേരള വന ഗവേഷണ പഠനകേന്ദ്രത്തിന്റെ ശാസ്ത്രജ്ഞനായ ഡോ. ടി.വി സജീവ് അഭിപ്രായപ്പെടുന്നത്.

ഡോ. ടി.വി സജീവ്

“ഭൂമിയിൽ മനുഷ്യനേക്കാൾ കൂടുതൽ കാലം ജീവിച്ച ധാരാളം ജീവജാലങ്ങളുണ്ട്. അവർ മനുഷ്യൻ അനുഭവിച്ചതിനേക്കാൾ കൂടുതൽ വ്യത്യസ്തമായ കാലാവസ്ഥ മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ട്. അവർക്ക് കുറച്ചുകൂടി കൃത്യമായി അതിനെ മനസിലാക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവുണ്ടായിരുന്നു. മനുഷ്യനെ സംബന്ധിച്ച് ആദിമനിവാസികളൊഴിച്ച് ബാക്കി എല്ലാ മനുഷ്യർക്കും കാലാവസ്ഥ സ്വന്തമായി പ്രവചിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളോട് പ്രതികരിക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അതിനെല്ലാം നമ്മൾ ആശ്രയിക്കുന്നത് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയുമാണ്. മഴ, വെയിൽ, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിയുടെ പല പ്രതിഭാസങ്ങളെയും മനുഷ്യർ നിയന്ത്രിച്ചിട്ടുണ്ട്. അത്തരത്തിൽ അവയെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ മനുഷ്യർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കാലങ്ങളായി മാറ്റമില്ലാതെ തുടർന്ന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുയർത്തുന്നത് നിരവധി ആശങ്കകളാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നേരത്തേ പ്രവചിക്കാൻ കഴിയുമോ എന്നതാണ്. എന്നാൽ ശാസ്ത്രത്തെ മുൻനിർത്തിയുള്ള കാലാവസ്ഥാ പ്രവചന പ്രക്രിയയ്ക്ക് ഇപ്പോഴുള്ള പ്രവചന സംവിധാനം മതിയാകില്ല. അതിന് കുറച്ചുകൂടി മെച്ചപ്പെട്ട പ്രവചന സംവിധാനം ഉണ്ടാക്കുകയാണ് വേണ്ടത്. രണ്ടാമത്തെ ആശങ്ക, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ തടയാനും നിയന്ത്രിക്കാനും കഴിയുമോ എന്നതാണ്. കാരണം ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ പൂർണ്ണമായും മാറ്റിക്കൊണ്ട് മനുഷ്യനാഗ്രഹിക്കുന്ന കാലാവസ്ഥ കൃത്രിമമായി നിർമ്മിക്കാൻ കഴിയുന്ന സാഹചര്യം നിലവിൽ എവിടെയും സാധ്യമല്ല. എന്നാൽ നിലവിൽ സാധ്യമാകുന്ന പ്രക്രിയ, ഏതെങ്കിലുമൊരു പ്രദേശത്ത് മഴപെയ്യിക്കാൻ സാധ്യതയുള്ള മേഘത്തെ കാറ്റടിച്ച് പറന്നുപോകുന്നതിന് മുന്നേ സീഡ് ചെയ്യിപ്പിച്ച് ആ പ്രദേശത്ത് മഴപെയ്യിക്കാൻ കഴിയും എന്നതാണ്. അല്ലെങ്കിൽ ഓരോ മേഘങ്ങളും ഒന്നിച്ച് ചേർന്ന് ഒരു പ്രത്യേക സമയത്ത് ഒന്നിച്ച് പെയ്യാനുള്ള സാഹചര്യത്തെ നിയന്ത്രിക്കാൻ കഴിയും എന്നത് മാത്രമാണ്.”

മിഷൻ മൗസം പദ്ധതി കൃഷി, ദുരന്ത നിവാരണം, പ്രതിരോധം, പരിസ്ഥിതി, ഗതാഗതം, വ്യോമയാനം, ടൂറിസം, ജലവിഭവം, വൈദ്യുതി, ആരോഗ്യം തുടങ്ങി നിരവധി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എന്നാൽ, കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു രാജ്യം വിജയസാധ്യത ഉറപ്പിക്കാൻ കഴിയാത്ത പരീക്ഷണങ്ങൾക്ക് വേണ്ടി ഇത്രയും വലിയ തുക നീക്കിവയ്ക്കണോ എന്ന ചോദ്യം രാഷ്ട്രീയമായി ഉന്നയിക്കപ്പെടേണ്ടതാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

8 minutes read September 26, 2024 1:21 pm