“2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങൾക്ക് സാക്ഷിയായി. എല്ലാമേഖലകളെയും ഉൾക്കൊള്ളുന്ന വികസനത്തിനായാണ് സർക്കാർ ശ്രമിക്കുന്നത്. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കർഷകരെയും കേന്ദ്രീകരിച്ചായിരുന്നു വികസന പ്രവർത്തനങ്ങൾ, 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി.” രണ്ടാം മോദി സർക്കാരിൻറെ അവസാന ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇപ്രകാരം പറയുകയുണ്ടായി. മോദി സർക്കാരിൻറെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായി എന്ന് ധനമന്ത്രി അഭിമാനത്തോടെ പറയുന്നതിന്റെ അടിസ്ഥാനം നീതി ആയോഗിന്റെ കണക്കുകളാണ്. എന്നാൽ 2011 ന് ശേഷം സെൻസസ് പോലും നടന്നിട്ടില്ലാത്ത, കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്കനുസരിച്ച് വിവിധ ഏജൻസികൾ കണക്കുകളിൽ കൃത്രിമത്വം കാണിക്കുന്നതായി തെളിഞ്ഞിട്ടുള്ള സാഹചര്യത്തിൽ ധനമന്ത്രിയുടെ ഈ വാക്കുകൾ എത്രത്തോളം വിശ്വസനീയമാണ്? തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരു നിറം നൽകലിന് അപ്പുറം എന്താണ് രാജ്യത്തെ ദാരിദ്ര്യത്തിന്റെ യഥാർത്ഥ അവസ്ഥ.
ദാരിദ്ര്യത്തിൽ നിന്ന് മുക്തി: എന്താണ് യാഥാർത്ഥ്യം?
2024 ജനുവരി 15 ന് നീതി ആയോഗ് പുറത്തുവിട്ട ‘Multidimensional Poverty in India since 2005-06’ എന്ന ഡിസ്കഷൻ പേപ്പർ പ്രകാരം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ 24.82 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയതായി പറയുന്നു. 2005-06 മുതൽ ബഹുമുഖ ദാരിദ്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന പേപ്പർ, ബഹുമുഖ ദാരിദ്ര്യം 2013-14ലെ 29.17 ശതമാനത്തിൽ നിന്നും 2022-23 ൽ 11.28 ശതമാനത്തിലേക്ക് എത്തിയതായി പറയുന്നു. അതായത് 17.89 ശതമാനത്തിൻ്റെ കുറവുണ്ടായതായും ദരിദ്ര സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ബഹുമുഖ ദാരിദ്ര്യം ഏറ്റവും കുറഞ്ഞതായും പേപ്പർ വിശദീകരിക്കുന്നു.
ഈ പേപ്പറിന് ആധാരമായ 2023 ജൂലൈ 18ന് നീതി ആയോഗ് പുറത്തിറക്കിയ ‘ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പുരോഗതി അവലോകന റിപ്പോർട്ട് 2023′ പ്രകാരം 2015-16 നും 2019-21 നും ഇടയിൽ 13.5 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായിയെന്നും 2015-16നു 2019നും ഇടയിൽ ബഹുമുഖ ദാരിദ്ര്യം 24.85 ശതമാനത്തിൽ നിന്നും 14.96 ശതമാനമായി കുറഞ്ഞുവെന്നും ദരിദ്ര സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലാണ് ബഹുമുഖ ദാരിദ്ര്യം ഏറ്റവും കുറഞ്ഞതെന്നും പറയുന്നു.
“നമ്മുടെ സമ്പദ്‌ഘടനയുടെ നവമാറ്റങ്ങളിലും സമഗ്ര വളർച്ചയിലും ശ്രദ്ധകേന്ദ്രീകരിച്ച നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന വളരെ പ്രോത്സാഹജനകമായ വാർത്തയാണിത്. എല്ലാ ഇന്ത്യക്കാർക്കും സമഗ്രമായ വികസനവും സമ്പന്നമായ ഭാവിയും ഉറപ്പാക്കാൻ ഞങ്ങൾ പ്രയത്നം തുടരും.” നീതി ആയോഗ് ഡിസ്കഷൻ പേപ്പർ പുറത്തുവന്നതിന് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമമായ എക്സിൽ കുറിച്ച വാക്കുകളാണിത്.
എന്നാൽ നീതി ആയോഗിന്റെ റിപ്പോർട്ട് അനുസരിച്ച് ദാരിദ്ര്യം കുറഞ്ഞുവെന്ന് കേന്ദ്ര സർക്കാർ അവകാശ വാദമുന്നയിക്കുമ്പോഴും ദാരിദ്ര്യവുമായി ബന്ധപ്പെട്ട ആഗോള സൂചികകളിലെല്ലാം ഇന്ത്യയുടെ സ്ഥാനം നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോർട്ടിനെ സംശയ മുനയിൽ നിർത്തുന്നതാണ്. 2023 ഒക്ടോബറിൽ പുറത്തുവന്ന ആഗോള പട്ടിണി സൂചിക റിപ്പോർട്ടിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്താണ്. പാക്കിസ്ഥാനും ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. ആഗോള പട്ടിണി സൂചികയുടെ മാനദണ്ഡങ്ങളെ രൂക്ഷമായി വിമർശിച്ച കേന്ദ്ര സർക്കാർ ആഗോള പട്ടിണി സൂചിക തള്ളിക്കളയുന്നതായാണ് പ്രതികരിച്ചത്. 2023 ലെ ആഗോള വിശപ്പ് സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) 107 രാജ്യങ്ങളുടെ പട്ടികയിൽ 94–ാം സ്ഥാനത്താണ് ഇന്ത്യ. ‘ഗുരുതര’ വിഭാഗത്തിലാണ് രാജ്യം ഉൾപ്പെടുന്നതെന്നതും ഓർക്കേണ്ടതുണ്ട്.
ബഹുമുഖ ദാരിദ്ര്യം ഇന്ത്യയിൽ കുറഞ്ഞെന്ന കേന്ദ്ര സർക്കാരിന്റെ വാദവും ബഹുമുഖ ദാരിദ്ര്യ സൂചികക്കായി വിവര ശേഖരണം നടത്തിയതിലെ പിഴവുകളും സംബന്ധിച്ച് സാമ്പത്തിക മേഖലയിൽ നിന്ന് വിമർശനങ്ങളുയരുന്നുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞരായ സാബിന അൽകിരെ, ജെയിംസ് ഫോസ്റ്റർ എന്നിവർ വികസിപ്പിച്ചെടുത്തതാണ് ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index). ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (Global Multidimensional Poverty Index) മാനദണ്ഡങ്ങൾക്ക് സമാനമായ രീതി അവലംബിച്ചുകൊണ്ട് ഇന്ത്യക്ക് പ്രത്യേകമായി ഒരു ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചകം (National Multidimensional Poverty Index) രൂപപ്പെടുത്തിയെടുത്തത് നീതി ആയോഗും യു.എൻ ഡവലപ്മെന്റ് പ്രോഗ്രാമും, ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് ഇനിഷ്യേറ്റീവും സംയുക്തമായാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മൂന്ന് മുഖ്യ സൂചകങ്ങളെ പ്രതിനിധീകരിക്കുന്ന 12 ബഹുമുഖ ദാരിദ്ര്യ മാനദണ്ഡങ്ങൾ ഒരേസമയം പരിഗണിച്ചാണ് ദേശീയ എം.പി.ഐ നിർണയിക്കുന്നത്. ആരോഗ്യത്തിൽ പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്കും, മാതൃ ആരോഗ്യം എന്നിവയും വിദ്യാഭ്യാസത്തിൽ സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർനില എന്നിവയും ഉപ സൂചകങ്ങളായി വരുന്നു. ജീവിതനിലവാര സൂചകത്തിന് കീഴിൽ പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വീട്, വൈദ്യുതി, ആസ്തികൾ, ബാങ്ക് അക്കൗണ്ട് എന്നിവയുൾപ്പെടുന്നു. ഈ പന്ത്രണ്ട് ഉപ സൂചകങ്ങൾക്കും കൊടുത്തിട്ടുള്ള നിശ്ചിത സ്കോറുകൾ കൂട്ടി നോക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും ദാരിദ്ര്യനില കണക്കാക്കുക.12 സൂചകങ്ങളിലും പ്രകടമായ പുരോഗതി ദൃശ്യമാണെന്നാണ് 2023 ലെ അവലോകന റിപ്പോർട്ടും 2024 ലെ ഡിസ്കഷൻ പേപ്പറും സമർത്ഥിക്കുന്നത്. ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന 10 സൂചകങ്ങളാണുളളത്.
കോവിഡിന് മുമ്പുള്ള കണക്കുകൾ
ദേശീയ കുടുംബാരോഗ്യ സർവ്വേ (National Health & Family Survey- NHFS)യുടെ വിവരങ്ങൾ തമ്മിലുള്ള താരതമ്യ പഠനത്തിലൂടെയാണ് ബഹുമുഖ ദാരിദ്ര്യത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നത്. ദേശീയ കുടുംബാരോഗ്യ സർവേ-4 (2015-16), ദേശീയ കുടുംബാരോഗ്യ സർവേ-5 (2019-21) എന്നിവ അടിസ്ഥാനമാക്കിയാണ് ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഡിസ്കഷൻ പേപ്പറിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ 70 ശതമാനവും കോവിഡിന് മുൻപും ബാക്കി കോവിഡ് കാലഘട്ടത്തിലുമാണ് നടന്നത്. 2020-21 വർഷത്തേക്കുള്ള ഡാറ്റ 2020 ജനുവരി മുതൽ 2021 ഏപ്രിൽ വരെ ശേഖരിക്കപ്പെട്ടവയാണ്. അതായത് ഭൂരിഭാഗവും കോവിഡിന് മുമ്പുള്ള കണക്കുകളെയാണ് അടിസ്ഥാനമാക്കിയാണ് അഞ്ചാം കുടുംബാരോഗ്യ സർവ്വേയെന്ന് ചുരുക്കം. 2015–16ലെ നാലാം ദേശീയ കുടുംബാരോഗ്യ കണക്കുമായി താരതമ്യം ചെയ്താണ് ദാരിദ്ര്യത്തിലുള്ള കുറവ് കണക്കാക്കിയിരിക്കുന്നത്.
2019-20 മുതലുള്ള ഡാറ്റ, 2020-21 എന്ന കോവിഡ് വ്യാപനവും ലോക്ക്ഡൗണും ഉണ്ടായ വർഷത്തെ പ്രതിനിധീകരിക്കാൻ പര്യാപ്തമല്ലെന്നതിനാൽ ഈ രണ്ട് വ്യത്യസ്ത വർഷങ്ങളിലെ ശരാശരികൾ കണക്കാക്കുന്നതിൽ യാതൊരർത്ഥവുമില്ല. മഹാമാരി സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനിൽക്കുന്നതിനാൽ, തുടർന്നുള്ള വർഷങ്ങളെ, പ്രത്യേകിച്ച് 2021-22 വർഷത്തെ പ്രതിനിധീകരിക്കാൻ പോലും ഇതിന് കഴിയില്ല എന്നുമാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ സാമ്പത്തിക ശാസ്ത്ര അധ്യാപകനും ഇക്കണോമിസ്റ്റുമായി അരുൺ കുമാർ Is the decline in multidimensional poverty in India real? എന്ന തന്റെ ലേഖനത്തിൽ പറയുന്നത്.
കോവിഡ് കാലത്ത് രോഗബാധ, തൊഴിലില്ലായ്മ, രോഗബാധ മൂലമുള്ള മരണങ്ങൾ എന്നിവ രൂക്ഷമാവുകയും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുകയും സ്‌കൂളുകൾ അടച്ചിടുകയും ചെയ്തു. ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും സ്മാർട്ട്ഫോണും ലാപ്ടോപ്പുകളും അതിന് ആവശ്യമായിരുന്നതിനാൽതന്നെ ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസം താങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. ചുരുക്കത്തിൽ, 2020-21 എന്ന മഹാമാരി വർഷം ദരിദ്രരുടെ വരുമാനം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വലിയ തിരിച്ചടി നേരിട്ട കാലമായിരുന്നു. ഈ സാഹചര്യത്തിൽ, 2015-2016നെ അപേക്ഷിച്ച് ബഹുമുഖ ദാരിദ്ര്യം കുറഞ്ഞുവെന്ന വാദം സംശയാസ്പദമാണെന്ന് അരുൺ കുമാർ ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ദാരിദ്ര്യരേഖയെ ആസ്പദമാക്കിയാണ് ദരിദ്രരുടെ എണ്ണം കണക്കാക്കിയിരുന്നത്. മിനിമം വേണ്ടുന്ന കലോറി ഭക്ഷണത്തിന് ശരാശരി വേണ്ടുന്ന പ്രതിശീർഷ ഉപഭോഗമായിരുന്നു ദാരിദ്ര്യരേഖയെ നിർണ്ണയിച്ചിരുന്നതെങ്കിൽ 1990 കളിൽ നവലിബറൽ പരിഷ്കരണങ്ങൾ ആരംഭിച്ചപ്പോൾ മിനിമം കലോറി ഭക്ഷണം പരിഗണിക്കുന്നത് അവസാനിപ്പിക്കുകയും ഉപഭോക്തൃ സർവ്വേയെ ആസ്പദമാക്കി ദരിദ്രരുടെ എണ്ണം കണക്കാക്കുന്ന സമ്പ്രദായം തുടരുകയും ചെയ്തു. എന്നാൽ മോദി ഭരണ കാലത്ത് ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തിൽ ദരിദ്രരുടെ എണ്ണം കണക്കുകൂട്ടുന്ന രീതിതന്നെ ഉപേക്ഷിച്ചു. പകരം ദാരിദ്ര്യം കണക്കാക്കാൻ പുതിയൊരു മാർഗ്ഗമെന്ന രീതിയിൽ ബഹുമുഖ ദാരിദ്ര്യ സൂചിക അവതരിപ്പിക്കുകയായിരുന്നു. ഈ പുതിയ രീതി പ്രകാരം കുടുംബത്തിന്റെ വരുമാനം കണക്കിലെടുക്കുന്നില്ല. അതിനാൽ തന്നെ ബഹുമുഖ ദാരിദ്ര്യ സൂചികയെ മുൻകാലത്തെ ദാരിദ്ര്യരേഖയ്ക്കു് താഴെയുണ്ടായിരുന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്താനാവില്ല. പണ്ട് ഉണ്ടായിരുന്ന ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള ദരിദ്രരുടെ എണ്ണത്തേക്കാൾ വളരെ കുറവാണ് പുതിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള ദരിദ്രരുടെ എണ്ണം. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വിനോദം എന്നിവയ്‌ക്കായി ഒരു കുടുംബം എത്ര പണം ചെലവഴിച്ചുവെന്നതായിരുന്നു മുമ്പ് വിശകലനം ചെയ്തിരുന്നത്. എന്നാൽ ബഹുമുഖ ദാരിദ്ര സൂചികയിലാകട്ടെ വിദ്യാഭ്യാസമെന്ന സൂചകമെടുക്കുമ്പോൾ കുട്ടികൾ സ്‌കൂളിൽ പോകാത്ത വീട്, ജീവിത നിലവാരത്തിന്റെ കാര്യത്തിൽ ശൗചാലയം ഇല്ലാത്ത വീടുകൾ, വൈദ്യുതി ഇല്ലാത്ത അവസ്ഥ ഒക്കെയാണ് ദാരിദ്ര്യ സൂചകങ്ങളായി കണക്കാക്കപ്പെടുന്നത്.
ഉപഭോക്തൃ ചെലവ് സർവ്വേ
മുൻപ് ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കുന്നതിന് ആശ്രയിച്ചിരുന്ന സുപ്രധാന ഡാറ്റാകളിൽ ഒന്നാണ് ഉപഭോക്തൃ ചെലവ് സർവ്വേ (Consumer Exprentiture Survey- CES). എന്നാൽ 2011-12 കാലയളവിന് ശേഷം ഉപഭോക്തൃ ചെലവ് സംബന്ധിച്ച സർവ്വേ വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) 2017 ജൂലൈ മുതൽ 2018 ജൂൺ വരെയുള്ള കാലയളവിൽ ഗാർഹിക ഉപഭോഗ ചെലവ് സർവേ അഖിലേന്ത്യാ തലത്തിൽ നടത്തിയെങ്കിലും ഡാറ്റ ഗുണനിലവാര പ്രശ്നങ്ങൾ കണക്കിലെടുത്ത് സർവേ ഫലങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മന്ത്രാലയം 2019 നവംബർ 15 ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ ചോർന്ന സർവ്വേയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും അത് പ്രകാരം രാജ്യത്തെ ഗാർഹിക ഉപഭോഗച്ചെലവ് കുറഞ്ഞതിനാലാണെന്ന് റിപ്പോർട്ട് ചെയ്യുകയും സംഭവം വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഓരോ കുടുംബവും ഉപയോഗിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും (ഭക്ഷണവും ഭക്ഷ്യേതരവും) ഉപഭോഗം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഉപഭോക്തൃ ചെലവ് സർവ്വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സർക്കാർ നൽകുന്ന അല്ലെങ്കിൽ ജനങ്ങൾക്ക് ലഭ്യമായതോ ആയ ചില സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത ആളുകളുടെ ശതമാനമാണ് ബഹുമുഖ ദാരിദ്ര്യ സൂചിക. ആസൂത്രണത്തിനും നയരൂപീകരണത്തിനുമുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ഇത് മതിയാകില്ല. ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കണക്കുകളായി ഇത് ഉപയോഗിക്കാനാകില്ല. ചുരുക്കത്തിൽ, എം.പി.ഐ ദാരിദ്ര്യത്തെ പ്രതിനിധീകരിക്കുന്നില്ല. ദാരിദ്ര്യ അനുപാതത്തിന് പകരമായി ബഹുമുഖ ദാരിദ്ര്യ സൂചികയെ അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ശരിയല്ല എന്നാണ് ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് പ്ലാനിംഗ് ഇൻ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവും മുൻ ഇന്ത്യൻ ഇക്കണോമിക് സർവീസസിൽ ഉദ്യോഗസ്ഥനുമായ കെ.എൽ ദത്ത പറയുന്നത്.
ബഹുമുഖ ദാരിദ്ര്യ സൂചികയുടെ മാനദണ്ഡങ്ങളൊക്കെ കഴിഞ്ഞ 20 വർഷമായി പുരോഗതിയുടെ പാതയിൽ തന്നെയായിരുന്നു. എന്നാൽ ദാരിദ്ര്യം കുറഞ്ഞുവെന്ന് മാത്രമല്ല കേന്ദ്ര സർക്കാർ വാദം. ഇപ്പോഴത്തെ സർക്കാരിൻ്റെ രണ്ട് കാലയളവിലും അത് അതിവേഗത്തിൽ കുറഞ്ഞുവെന്നാണ് സർക്കാർ ബഹുമുഖ ദാരിദ്ര്യ സൂചികയുടെ അടിസ്ഥാനത്തിൽ അവകാശപ്പെടുന്നത്. 2030ന് മുമ്പ് തന്നെ ഇന്ത്യ ദാരിദ്ര്യം കുറയ്ക്കുമെന്നും യു.എൻ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) കൈവരിക്കുമെന്നും നിതി ആയോഗ് അവകാശപ്പെടുന്നു.
ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികം ജനങ്ങളുടെ അതിജീവനം സർക്കാർ ഉറപ്പാക്കേണ്ടിവരുമ്പോൾ ഒരു രാജ്യത്തിന് എങ്ങനെയാണ് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ കഴിയുക എന്നാണ് എ.എൻ സിൻഹ ഇൻസ്റ്റിറ്റ്യൂട്ട്, പട്നയുടെ മുൻ ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ സുനിൽ റേ ചോദിക്കുന്നത്. ജനങ്ങൾ സ്വയം പര്യാപതമല്ലാത്തതിനാലാണ് സർക്കാർ ഈ സൗജന്യം നൽകുന്നതെന്ന് പറഞ്ഞ സുനിൽ റേ, സർക്കാരിനെ ആശ്രയിക്കുന്നതിനുപകരം ആളുകൾ അവരുടെ ആവശ്യങ്ങൾ സ്വയം നിർവഹിക്കുമ്പോൾ മാത്രമേ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ എന്നും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഭക്ഷ്യ സബ്‌സിഡി പദ്ധതി സർക്കാർ ഇപ്പോഴും തുടരുകയാണെന്നും ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും അതിന്റെ പ്രയോജനം കൈക്കൊള്ളുന്നവരാണെന്നും ചൂണ്ടിക്കാട്ടി.
സ്റ്റാറ്റിസ്റ്റിക്കൽ ശൂന്യത
ആഗോളതലത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ വൈദഗ്ധ്യത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ ഇന്ന് സ്റ്റാറ്റിസ്റ്റിക്കൽ ശൂന്യതയെന്ന ലജ്ജാകരമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് സെന്റർ ഫോർ പോളിസി റിസർച്ചിലെ സി.ഇ.ഒ യാമിനി അയ്യർ, 2023 ഏപ്രിൽ 30ന്, ഡെക്കാൻ ഹെറാൾഡ് പത്രത്തിലെഴുതിയത്.
യാമിനി അയ്യരുടെ വാക്കുകളെ ശരിവെക്കുന്ന തരത്തിലാണ് ഇന്ത്യയിലെ സ്ഥിതി വിവര കണക്കുകളുടെ അവസ്ഥ. 1881ലാണ് കാനേഷുമാരി (censuss) കണക്കെടുപ്പ് ആരംഭിച്ചത്. ഇന്ത്യ പോലെ ഇത്രത്തോളം ജനസംഖ്യാ വർധനവുള്ള രാജ്യത്ത് 2011 ന് ശേഷം സെൻസസ് നടന്നിട്ടില്ല എന്ന് മാത്രമല്ല ജനസംഖ്യാ കണക്കെടുപ്പ് നീണ്ടുപോകുന്നതിന് ഔദ്യോഗികമായ ഒരു ഉത്തരവും സർക്കാരിന്റെ ഭാഗത്ത് ഇത് വരെ ഉണ്ടായിട്ടില്ല. സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് (SECC) അവസാനമായി നടത്തിയത് 2011-12 ലാണ്.
2018 ഡിസംബറിൽ, ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO) നടത്തിയ തൊഴിൽ സർവേ റിപ്പോർട്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗീകരിച്ചുവെങ്കിലും ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ ആ റിപ്പോർട്ട് തടഞ്ഞുവെക്കുയും ഇതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ആക്ടിങ് ചെയർമാനും മലയാളിയുമായ പി.സി മോഹനൻ, കമ്മിഷൻ അംഗം ജെ.വി മീനാക്ഷി എന്നിവർ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ നിർണ്ണായക കണ്ടെത്തലുകൾ മാധ്യമങ്ങൾക്ക് ലഭിക്കുകയും ബിസിനസ് സ്റ്റാൻഡേർഡ് (2019 ജനുവരി 30) അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ 2019ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭ അധികാരം ഏറ്റെടുത്ത ദിവസം തൊഴിൽമന്ത്രാലയം ഈ ഡാറ്റ പുറത്തുവിട്ടപ്പോൾ 2017-2018 വർഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായിരുന്നു. ഇത് 45 വർഷത്തിനിടയിലെ ഏറ്റവും വർധിച്ച നിരക്കാണ്. മാധ്യമങ്ങൾ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തൊഴിലില്ലായ്മ രൂക്ഷമായത് പൂഴ്ത്തിവെക്കുക തന്നെയായിരുന്നു സർക്കാർ ലക്ഷ്യമെന്ന് വ്യക്തം.
ഇന്ത്യ, യു.കെ, യു.എസ് ഇന്തോനേഷ്യ, മെക്‌സിക്കോ, പാകിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ മൂന്ന് ബില്യണിനടുത്ത് ആളുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാൽ തെറ്റായ വിവരങ്ങളുടെ പ്രചരണം എന്ന വെല്ലുവിളിയെ നേരിടുന്നതായി ചൂണ്ടിക്കാണിക്കുന്നു വേൾഡ് ഇക്ണോമിക് ഫോറത്തിന്റെ 2024 ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട്. ജനുവരി 10ന് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനമാണ്. ഡേറ്റാ പൂഴ്ത്തിവെയ്പ്പിനപ്പുറം തെരഞ്ഞെടുപ്പ് അടുത്തിരുക്കുന്നതിനാൽ തെറ്റായ ഡേറ്റകളും റിപ്പോർട്ടുകളും ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കാൻ ശേഷിയുള്ള ഭരണകൂടമാണ് ഇന്ത്യയിലേതെന്നാണ് വ്യക്തമാക്കുകയാണ് ബഹുമുഖ ദാരിദ്ര്യ സൂചകവുമായി ബന്ധപ്പെട്ട് വരുന്ന ചർച്ചകൾ.