എം.എസ്.സി-അദാനി ​ഗൂഢാലോചനയിൽ മുങ്ങുമോ കപ്പലപകടക്കേസ്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2019 ജൂൺ 19 ന് അമേരിക്കയിലെ ഫിലാഡൽഫിയ തുറമുഖത്തെത്തിയ ഒരു ചരക്ക് കപ്പലിൽ നിന്നും 100 കോടി യുഎസ് ഡോളർ (8562 കോടി രൂപ) വിലവരുന്ന 20 ടൺ കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്ത സംഭവമുണ്ടായി. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര മയക്കുമരുന്ന് കടത്ത് വേട്ടയായിരുന്നു U.S Customs and Border Protection’s (CBP) അന്ന് നടത്തിയത്. കൊക്കെയ്ൻ പിടിച്ചെടുത്ത Gayane എന്ന പേരുള്ള ആ ചരക്ക് കപ്പലിന്റെ ഉടമസ്ഥത ജെ പി മോർ​ഗനുമായി ബന്ധമുള്ള Meridian 7 എന്ന ​ഗ്രൂപ്പിനായിരുന്നു. എന്നാൽ ആ ചരക്ക് കപ്പൽ പാട്ടത്തിനെടുത്ത് പ്രവർത്തനം നിയന്ത്രിച്ചിരുന്ന കമ്പനിയുടെ പേര് നമുക്കിന്ന് വളരെ പരിചതമാണ്. എം.എസ്.സി Gayane എന്നായിരുന്നു ആ കപ്പലിന്റെ മുഴുവൻ പേര്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) ഓപ്പറേറ്റ് ചെയ്തിരുന്ന ഒരു ചരക്ക് കപ്പൽ.

“പേരു കേട്ട കമ്പനിയായ എം.എസ്‍.സി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനപ്പെട്ട ഇടപാടുകാരാണ്. ഇവിടത്തെ പ്രവർത്തനത്തിന് കമ്പനിക്ക് കേരളത്തിന്റെ സഹകരണം വേണം. ഇൻഷുറൻസ് ഏജൻസി വഴി ക്ലെയിം തീർപ്പാക്കുന്നതിൽ കേരളവുമായി സഹകരിക്കേണ്ടത് അവരുടെ കൂടി ആവശ്യമാണ്. അതുകൊണ്ടു ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നാം ക്ലെയിം ഉന്നയിക്കണം.”

കേരള തീരത്ത് കപ്പലപകടം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷം, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യോ​ഗത്തിലെ തീരുമാനമാണിത്. 2025 മെയ് 29 ന് നടന്ന യോ​ഗത്തെ തുടർന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് തയ്യാറാക്കിയ കുറിപ്പിലൂടെയാണ് ഷിപ്പിങ് കമ്പനിയെ ക്രിമിനൽ കേസ് എടുത്ത് ബുദ്ധിമുട്ടിക്കാതെ ഇൻഷുറൻസ് ക്ലെയിം വഴി നഷ്ടപരിഹാരം വാങ്ങിയെടുക്കുകയാണ് വേണ്ടത് എന്ന സർക്കാർ നിലപാട് പുറത്തുവരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ പേര് പറഞ്ഞാണ് സർക്കാർ കമ്പനിക്ക് സുരക്ഷയൊരുക്കാൻ ശ്രമിച്ചത്. എന്നാൽ പ്രതിഷേധവും സമ്മ‍ർദ്ദവും ശക്തമായതോടെ കപ്പലപകടം നടന്ന് 17 ദിവസത്തിന് ശേഷം കമ്പനിക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

എം.എസ്.സി എന്ന ആ​ഗോള ഷിപ്പിങ് ഭീമനെക്കുറിച്ചും അദാനി-എം.എസ്.സി ബന്ധത്തെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട് സ‍ർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും അന്വേഷിക്കുകയാണ് പരമ്പരയുടെ മൂന്നാം ഭാ​ഗം.

ഫിലാഡൽഫിയയിൽ വച്ച് എം‌.എസ്‌.സി ഗയാനെ എന്ന കപ്പലിൽ നിന്നും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പിടിച്ചെടുത്ത കൊക്കെയ്ൻ. കടപ്പാട്:wsj

എം.എസ്.സി കമ്പനിയുടെ അധോലോക ബന്ധങ്ങൾ

മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) ലോകത്തെ ഏറ്റവും വലിയ കാർ​ഗോ ഷിപ്പിങ് കമ്പനിയാണ്. ആ​ഗോള ചരക്ക് നീക്കത്തിന്റെ 20% മാണ് എം.എസ്.സി കൈകാര്യം ചെയ്യുന്നത്. 900 ചരക്ക് കപ്പലാണ് ഇവരുടെ ഉടമസ്ഥയിലുള്ളത്. 1970 ൽ Gianluigi Aponte എന്ന വ്യവസായി സ്ഥാപിച്ച കമ്പനി Aponte എന്ന ഇറ്റാലിയൻ കുടുംബമാണ് ഇപ്പോൾ നോക്കി നടത്തുന്നത്. കപ്പൽ ​ഗതാ​ഗതം അതുവരെ ഇല്ലാതിരുന്ന റൂട്ടുകളിൽ ആദ്യമായി പ്രവേശിച്ചുകൊണ്ടും സെക്കൻഡ് ഹാൻഡ് കണ്ടെയ്നർ കപ്പലുകൾ സ്ക്രാപ്പ് യാർഡുകളിൽ നിന്ന് വാങ്ങി അത് പുതുക്കിയുമാണ് എം.എസ്.എസി തങ്ങളുടെ ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തത്. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് കമ്പനിയുടെ ആസ്ഥാനം. ഫെറി ഓപ്പറേഷൻ, സ്പീഡ് ബോട്ട് നിർമ്മാണം, ഷിപ്പിംഗ് ടെർമിനലുകൾ, ബഹാമാസിലെ സ്വകാര്യ ദ്വീപ് ഉൾപ്പടെ നൂറുകണക്കിന് അനുബന്ധ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ Aponte കുടുംബത്തിന് സ്വന്തമായുണ്ട്.

എം.എസ്.സിയുടെ ഒരു ചരക്ക് കപ്പൽ. കടപ്പാട്:fb

എം.എസ്.സി Gayane യിലെ കൊക്കെയ്ൻ വേട്ടയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ഇവരുടെ ചില കപ്പൽ ജീവനക്കാർ കൊക്കെയ്ൻ കടത്താൻ സഹായിച്ചതായി കണ്ടെത്തിയിരുന്നു. യുഎസിലെ ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) അന്ന് നടത്തിയ അന്വേഷണം എത്തിയത് ബാൾക്കൻ ലഹരി കാർട്ടലിലാണെന്ന് ബ്ലൂംബർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കൊക്കെയ്ൻ വേട്ടയ്ക്ക് മുന്നേതന്നെ ഒന്നിലധികം രാജ്യങ്ങളിലെ നിയമ സംവിധാനങ്ങൾ‌ എം.എസ്‌.സി കപ്പലുകളെയും ജീവനക്കാരെയും നിരീക്ഷിച്ചുകൊണ്ടിരുന്നതായി ബ്ലൂംബെർഗ് ബിസിനസ് വീക്കിന്റെ അന്വേഷണാത്മക റിപ്പോർട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ കപ്പലിൽ നിന്ന് വലിയ അളവിൽ കൊക്കെയ്ൻ കണ്ടെത്തിയതായി എം‌.എസ്‌.സി സമ്മതിക്കുന്നുണ്ടെങ്കിലും, സംഭവങ്ങളെക്കുറിച്ചുള്ള യു.എസ് സർക്കാരിന്റെ ആരോപണങ്ങളെ നിഷേധിക്കുകയും മയക്കുമരുന്ന് കടത്തിന് കൂട്ട് നിന്നിട്ടില്ലെന്നും കടത്തുകാരുടെ ഇരയാണ് തങ്ങളെന്ന് വാദിക്കുകയുമാണ് എം.എസ്.സി ചെയ്തത്. ക്രൂവിൽ മയക്കുമരുന്ന് സംഘം നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് യൂറോപ്യൻ പൊലീസ് ഓഫീഷ്യൽസ് എം.എസ്.എസിക്ക് വളരെ മുന്നേ താക്കീത് നൽകിയിരുന്നതായി ബ്ലൂംബർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എം.എസ്.സി യുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണെന്നും, പരസ്യമായി വ്യാപാരം നടത്താത്ത ചുരുക്കം ചില പ്രധാന ഷിപ്പിംഗ് കമ്പനികളിൽ ഒന്നാണിതെന്നും, കാർഗോ ബിസിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രസ്താവനകൾ ഇവർ പുറത്തുവിടാറില്ലെന്നും ബ്ലൂംബർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് പറയുന്നു.

ബ്ലൂംബർഗ് ബിസിനസ് വീക്ക് റിപ്പോർട്ടിന്റെ കവർ ഇമേജ്

ബ്ലൂംബർഗ് ബിസിനസ് വീക്ക് പ്രസിദ്ധീകരിച്ച് ഈ ഇൻവെസ്റ്റി​ഗേഷനിൽ പറയുന്ന വിവരങ്ങൾ ശരിവയ്ക്കുകയാണ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI) പ്രസിഡന്റ് ചാൾസ് ജോർജ്. ലോകത്തിലെ ഏറ്റവും വലിയ മാഫിയയും അണ്ടർവേൾഡുമാണ് എം.എസ്.സി എന്നും അവർക്ക് ബാൾ‌ക്കൻ ഗ്യാങ് എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും ചാൾസ് ജോർജ് പറയുന്നു.

“ബാൾ‌ക്കൻ ഗ്യാങ്ങുമായി സഹകരിക്കുന്ന ഒരു കമ്പനിയാണ് ഇവർ. ബാൾക്കൻ ​ഗ്യാങ്ങിന്റെ പ്രധാന തൊഴിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊക്കെ കൊക്കെയ്ൻ കിടത്തിക്കൊണ്ട് വരികയാണ്. പസഫിക്കിൽ നിന്നും പനാമ കനാൽ വഴി അത് മെഡിറ്ററേനിയനിലേക്കും അറ്റ്ലാന്റിക്കിലേക്കും വരും. അവിടെ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഏർപ്പാടാണ് ഇവർ നടത്തുന്നത്. അഞ്ച് കപ്പലാണ് അമേരിക്ക ഇവരുടെ പിടിച്ചത്. ആ കുടുംബത്തിന്റെ ആളുകൾ വന്ന് സെറ്റിൽ ചെയ്തു എന്നാണ് പറയുന്നത്. അത്ര ദുരൂഹമായ ഇടപാടുകൾ ഉള്ള കമ്പനിയാണ്. മറ്റ് രാജ്യങ്ങളിൽ നിന്നും തള്ളാൻ കൊണ്ടുവന്നിരിക്കുന്ന മുൻസിപ്പൽ വേസ്റ്റ് അടക്കം പല സാധനങ്ങളും ആ കണ്ടെയ്നറുകളിലുണ്ട്. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ തള്ളാനാണിത്. അത്തരം കാര്യങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല, അതൊക്കെയാണ് പുറത്തുവരേണ്ടത്.”

2019-ൽ ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ എം.എസ്.സി Carlotta എന്ന കപ്പലിൽ നിന്ന് 1.6 ടൺ കൊക്കെയ്ൻ, ഫിലാഡൽഫിയയിലെ എം.എസ്.സി Desiree എന്ന കപ്പലിൽ നിന്ന് 537 കിലോഗ്രാം കൊക്കെയ്ൻ, പെറുവിയൻ അധികൃതർ എം.എസ്.സി Carlotta എന്ന കപ്പലിൽ നിന്ന് 2.4 ടൺ കൊക്കെയ്ൻ, പനാമൻ അധികൃതർ എം.എസ്.സി Avni എന്ന കപ്പലിൽ നിന്ന് 1.3 ടൺ കൊക്കെയ്ൻ കണ്ടെത്തിയതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.

ചാൾസ് ജോർജ്

എം.എസ്.സി – അദാനി ബന്ധം

എം.എസ്.സിയുടെ കപ്പലുകൾ മാത്രമാണ് വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയിട്ടുള്ളത്. എന്നാൽ അദാനിയുടെ തുറമുഖത്ത് എം.എസ്.എസിയുടെ കപ്പൽ കൂടുതലായി ട്രാൻഷിപ്പ്മെന്റ് നടത്തുന്നു എന്ന ബന്ധം മാത്രമല്ല ഇവർ തമ്മിലുള്ളത്. അദാനി ​ഗ്രൂപ്പിന്റെ പ്രധാന പങ്കാളിയാണ് എം.എസ്.സി. 2013 ൽ, ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ ഉടമസ്ഥത വഹിക്കുന്ന അദാനി ഇന്റർനാഷനൽ കണ്ടെയ്നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് (എഐസിടിപിഎൽ) കമ്പനിയിൽ 50% ഓ​ഹരി വാങ്ങികൊണ്ട് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം. എം.എസ്‍.സി കമ്പനിയുടെ നിക്ഷേപക കമ്പനിയായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിനാണ് (TiL) എഐസിടിപിഎലിൽ നിക്ഷേപം. 2023 ൽ വീണ്ടും ചെന്നൈയിലെ എന്നൂർ കണ്ടെയ്‌നർ ടെർമിനലിന്റെ 49 ശതമാനം ഓഹരികൾക്കായി 247 കോടി രൂപയ്ക്ക് തത്തുല്യമായ നിക്ഷേപം ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് നടത്തി.

​ഗതികെട്ട് കേസെടുത്ത് സർക്കാർ

കപ്പലപകടത്തിൽ കേസെടുക്കില്ല എന്നായിരുന്നു തുറമുഖ വകുപ്പ് മന്ത്രിയടക്കം ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ, വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിക്കും എന്നതിനാൽ കേസെടുക്കേണ്ടതില്ല എന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ സർക്കാർ സമ്മർദ്ദത്തിലായി. എം.എസ്.സി എൽസ കപ്പൽ മുങ്ങി 17 ദിവസങ്ങൾക്കിപ്പുറം ജൂൺ 11 നാണ് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. ശ്യാംജിയുടെ പരാതിയിൽ ഫോർട്ടുകൊച്ചി തീരദേശ പൊലീസ് കേസ് എടുക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ ജാമ്യം ലഭിക്കുന്ന 282, 285, 286, 287, 288, 3(5) ചുമത്തിയാണ് കപ്പൽ കമ്പനിക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കപ്പലുടമയായ എംഎസ്‌സി എൽസ 3 എന്ന കമ്പനി ഒന്നാം പ്രതിയാണ്. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി. ക്രൂ അംഗങ്ങൾ മൂന്നാം പ്രതിയും.

കോടതി ശക്തമായി വിമർശിച്ചപ്പോൾ മാത്രമാണ് സർക്കാർ കേസെടുക്കാൻ തയ്യാറായതെന്ന് ചാൾസ് ജോർജ് കേരളീയത്തോട് പറഞ്ഞു. “രണ്ട് മന്ത്രിമാരും പ്രഖ്യാപിച്ചത്, സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്താണ് എന്നും സംസ്ഥാനത്തിന് കേസെടുക്കാൻ അവകാശമില്ലെന്നുമായിരുന്നു. 2016ൽ ഇന്ത്യാ ഗവൺമെന്റ് ഒരു ഓർഡർ ഇറക്കിയിരുന്നു. ഞാൻ കൂടി കക്ഷി ചേർന്ന കടൽക്കൊല കേസിലാണ്. അത് നമ്മൾ വാദിച്ചു. ഇന്റർനാഷണൽ കോടതിയിൽ ആ വിഷയം ചർച്ച ചെയ്യപ്പെട്ടു. ആ വിഷയത്തിലാണ് കേന്ദ്ര സർക്കാർ ഒരു നോട്ടീസ് ഇറക്കിയത്. 200 നോട്ടിക്കൽ മൈലിനകത്ത് എവിടെ എന്ത് സംഭവം ഉണ്ടായാലും അതാത് സംസ്ഥാനത്തെ പോലീസിന് അതായത് കോസ്റ്റൽ പോലീസിന് കേസ് എടുക്കാൻ പറ്റും. കൊച്ചിയിലെ പോലീസിന് കേസ് എടുക്കാൻ കഴിഞ്ഞത് അങ്ങനെയാണ്. ആ ഓർഡർ ഇപ്പോൾ ഞങ്ങൾ വെളിയിൽ കൊണ്ടുവന്നു, അപ്പോൾ സർക്കാർ പൂർണ്ണമായും ഡിഫൻസിലായി. അവർ ഈ വിഷയത്തെ വിദ​ഗ്ദമായി അവഗണിക്കാനാണ് ശ്രമിച്ചത്. എറണാകുളത്ത് സംയുക്തമായി യോ​ഗം വിളിച്ച് ചേർത്ത് ഞാൻ തന്നെ കേസ് കൊടുക്കാൻ തീരുമാനിച്ചു. ആദ്യം ടി.എൻ പ്രതാപൻ കേസ് കൊടുത്തു, അടുത്ത ദിവസം ഉമ്മർ ഒട്ടുമൽ കൊടുത്തു, പിന്നെ ഞാനും കൊടുത്തു. ആ കേസിൽ കോടതി ശക്തമായി വിമർശിച്ചപ്പോഴാണ് സർക്കാർ‌ എം.എസ്.സിക്കെതിരെ കേസെടുക്കാൻ തയ്യറായത്.”

എം.എസ്.സി എൽസ 3 മുങ്ങുന്നു. കടപ്പാട്:newindianexpress

200 നോട്ടിക്കൽ മൈലിനുള്ളിൽ നടക്കുന്ന സംഭവങ്ങളിൽ തീരദേശ സംസ്ഥാനങ്ങൾക്ക് കേസെടുക്കാം എന്ന് കേന്ദ്രസർക്കാർ 2016 ജൂണിൽ‌ പ്രത്യേക ​ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. കടൽക്കൊല കേസിനോടനുബന്ധിച്ചായിരുന്നു ഈ വി‍‍ജ്ഞാപനം (2012 ഫെബ്രുവരി 15ന് കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ രണ്ട് തൊഴിലാളികൾ കടലിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവമാണ് കടൽക്കൊല കേസ്. എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്നുമാണ് ഇവ‍ർക്ക് വെടിയേറ്റത്). എം.എസ്.സി കപ്പൽ അപകടവുമായി ബന്ധപ്പെട്ട് മുൻ എം.പിയും മത്സ്യത്തൊഴിലാളി കോൺ​ഗ്രസ് നേതാവുമായ ടി.എൻ പ്രതാപൻ നൽകിയ ഹർജി പരി​ഗണിച്ച ഹൈക്കോടതി ഉടമസ്ഥർക്കെതിരെ പഴുതടച്ച് നടപടി വേണമെന്നും എം.എസ്.സിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നടപടികൾ സ്വീകരിക്കാൻ ഒട്ടേറെ നിയമങ്ങളുണ്ടെന്ന് പറഞ്ഞ കോടതി അഡ്മിറാലിറ്റി നിയമത്തിന്റെ സാധ്യതയും ചൂണ്ടിക്കാട്ടി. അതിനെ തുടർന്നാണ് ജൂലൈ ഏഴിന് കേരള സർക്കാർ 9531 കോടിയുടെ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്. അഡ്മിറാലിറ്റി സ്യൂട്ടിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തുണ്ടായിരുന്ന എം.എസ്‍.സി അകിറ്റേറ്റ – II തുറമുഖം വിടുന്നത് തടയണമെന്നും ഇത് വിൽപന നടത്തി സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം ഈടാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരിന്നു. തുടർന്ന് കപ്പൽ തുറമുഖം വിടുന്നത് കോടതി തടഞ്ഞു.

അഡ്മിറാലിറ്റി സ്യൂട്ട് പ്രകാരം മലിനീകരണം മൂലമുണ്ടായ നഷ്ടം 8,626.12 കോടി രൂപ, പാരിസ്ഥിതിക പുനരുദ്ധാരണത്തിനും മലിനീകരണ തോത് കുറയ്ക്കാനും 378.48 കോടി രൂപ, മത്സ്യബന്ധന മേഖലയ്ക്കുണ്ടായ നഷ്ടം 526.51 കോടി രൂപ എന്നിങ്ങനെ ആകെ 9531 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി സമർപ്പിച്ച സമയം മുതൽ ഇതിന്റെ വിധി വരുന്നതുവരെ ആറ് ശതമാനവും അതിന് ശേഷം ഈ തുക ലഭിക്കുന്നതുവരെ 12 ശതമാനവും പലിശ നൽകണമെന്നും സ്പെഷ്യൽ സെക്രട്ടറി എൺവിയോൺമെന്റ് തയ്യാറാക്കിയ 384 പേജുള്ള പെറ്റിഷനിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്ര തുക നൽകാനാകില്ല എന്നും ഇന്ധനം ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു എം.എസ്.സിയുടെ ആദ്യ മറുപടി. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കോടതി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആരോപിക്കുന്നതുപോലെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം ഉണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാൻ അധികാരമില്ലെന്നും കാണിച്ച് കപ്പൽക്കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. അപകടം നടന്നത് കേരളത്തിന്റെ തീരത്ത് നിന്ന് 14.5 നോട്ടിക്കൽ മൈലിന് പുറത്തായതിനാൽ കേന്ദ്ര സർക്കാരിനേ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാനാകൂ എന്നാണ് കമ്പനിയുടെ വാദം. മുങ്ങിയ കപ്പലിന്റെയും വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റെറ്റ- II എന്ന കപ്പലിന്റെയും ഉടമകൾ ഒന്നല്ല എന്നും അറസ്റ്റ് ഉത്തരവ് നീക്കം ചെയ്യണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടയിൽ, ജൂൺ 9 ന് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 78 നോട്ടിക്കല്‍ മൈല്‍ അകലെ എൻ.വി വാൻ ഹായ് എന്ന സിം​ഗപ്പൂർ കപ്പലിന് തീ പിടിക്കുക കൂടി ചെയ്തോടെ അതിനെതിരെ കേസ് എടുക്കുമ്പോൾ എന്തുകൊണ്ട് എം.എസ്.സിക്കെതിരെ കേസ് എടുത്തില്ലെന്ന ചോദ്യം വരുമെന്നതുകൊണ്ട് കൂടിയാണ് സർക്കാർ പെട്ടെന്ന് കേസെടുക്കാൻ തയ്യാറായതെന്നും ആരോപണമുണ്ട്.

എൻ.വി വാൻ ഹായ് കപ്പലിലെ തീ അണയ്ക്കാൻ നടക്കുന്ന ശ്രമം. കടപ്പാട്:bbc

സർക്കാർ ഏജൻസികളുടെ വീഴ്ചകൾ

എം.എസ്.എസി എൽ‌സ കപ്പലപകടം നടന്ന ശേഷം സാങ്കേതികമായും നിയമപരമായും ചെയ്യേണ്ട പല കാര്യങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകളോ ബന്ധപ്പെട്ട ഏജൻസികളോ കൃത്യസമയത്ത് ചെയ്തില്ലെന്നും പല കാര്യങ്ങളും വൈകിപ്പിച്ചെന്നും ആരോപണങ്ങളുയർന്നിരുന്നു. കപ്പലപകടം ഉണ്ടായാൽ‌ ആർക്കാണ് അതിന്റെ ഉത്തരവാദിത്തം, അപകടം ഉണ്ടാക്കുന്ന മാലിന്യങ്ങൾ ആരാണ് നീക്കം ചെയ്യേണ്ടത്? കണ്ടെയ്നറിനുള്ളിലെ വസ്തുക്കളുടെ വിവരങ്ങൾ ആരാണ് പുറത്ത് വിടേണ്ടത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത ഉണ്ടായിരുന്നില്ല.

ഒരു കപ്പൽ മുങ്ങിയാൽ‌ ഉത്തരവാദിത്തം കപ്പലുടമക്ക് തന്നെയാണ് എന്ന് പറയുന്നു ഹൈക്കോടതി അഭിഭാഷകനും മാരിടൈം നിയമവിദഗ്ധനും സംസ്ഥാന മാരിടൈം ബോർഡ് മുൻ ചെയർമാനും ഇന്ത്യൻ മാരിടൈം ലോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ. വി.ജെ മാത്യു. “കപ്പലപകടം ഉണ്ടായാൽ അത് ഉടനെ നീക്കം ചെയ്യാനും അതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്കുമെല്ലാം കപ്പലുടമയ്ക്കും ആ കപ്പലോടിച്ചിരുന്ന മാസ്റ്റർക്കുമാണ് ഫസ്റ്റ് ലയബിലിറ്റി വരുന്നത്. ഇതിനെ കുറിച്ചൊന്നും ഒരു പ്രോപ്പർ അന്വേഷണം അന്നും ഇന്നും നടന്നിട്ടില്ല. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കൗണ്ടർ പാർട്ട് എംഎം‍ഡി എന്ന് പറയുന്ന മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് കൊച്ചിയിലുണ്ട്, ഓരോ പോർട്ടിലുമുണ്ട്. അവരാണ് ആദ്യം തന്നെ അത് ഇൻസ്പെക്റ്റ് ചെയ്ത് അതിന്റെ എക്സ്റ്റന്റ് ഓഫ് ഡാമേജ് വേ​ഗം വിലയിരുത്തേണ്ടത്. എന്നിട്ട് വെസലിൽ എന്തൊക്കെ കാർ​ഗോ ഉണ്ട്, ഹസാർഡസ് എത്രയുണ്ട്, എന്താണ് കോസ് ഓഫ് ആക്സിഡന്റ് എങ്ങനെയാണ് ഈ കാർ​ഗോ ലോഡ് ചെയ്തത്, അദാനി പോർട്ടിൽ നിന്ന് പ്രോപ്പറായിട്ടാണോ ലോഡ് ചെയ്തത് എന്ന് വിലയിരുത്തണം. വെയിറ്റുള്ള കണ്ടെയ്നർ അടിയിലും, വെയിറ്റ് കുറഞ്ഞത് മുകളിലുമായി കണ്ടെയ്നർ എല്ലാം തമ്മിൽ കൂട്ടി കെട്ടുന്നതിനാണ് Lashing എന്ന് പറയുന്നത്. അത് പ്രോപ്പറാണോ, അതുപോലെ തന്നെ അവിടെ നിന്ന് പുറപ്പെടുന്നതിന് മുൻപ് കപ്പലിന്റെ സെന്റർ ഓഫ് ​ഗ്രാവിറ്റി കറക്റ്റായിരുന്നോ, ballast tank പ്രോപ്പറായിട്ട് പ്രവർത്തിച്ചിരുന്നോ അതിന്റെ വാൽവ് ഫംക്ഷൻ ചെയ്യുന്നുണ്ടായിരുന്നോ എന്നെല്ലാം നോക്കണം. ഇതൊന്നും നോക്കിയതായി ഇവിടെ കണുന്നില്ല. അന്നേ ദിവസം പുറം കടലിൽ കടൽ ക്ഷോഭമോ കാറ്റോ കണ്ടെയ്നർ തെറിച്ച് പോകുന്ന സാഹചര്യമോ ഉണ്ടായിട്ടില്ല. തീർത്തും കപ്പലിന്റെ ഇൻഹെറന്റ് ഡിഫക്ടും അതിന്റെ ഓപ്പറേഷനും കൊണ്ടാണ് അപകടമുണ്ടായത്. രണ്ട് ദിവസത്തിന് ശേഷം എംഎംഡി പ്രസ് കോൺഫറൻസിൽ‌ പറഞ്ഞതും അതാണ് ടെക്നിക്കൽ ആന്റ് ഓപ്പറേഷണൽ റീസൺസ്, എന്നാൽ അതിനെ കുറിച്ച് ഒരു ഏജൻസിയും പിന്നീട് അന്വേഷിച്ചതായി റിപ്പോർട്ടില്ല.” അഡ്വ. വി.ജെ മാത്യു വിശദമാക്കി.

അഡ്വ. വി.ജെ മാത്യു

സമാന അഭിപ്രായമാണ് മറൈൻ എഞ്ചിനീയറായി പ്രവർത്തിച്ചിരുന്ന അധ്യാപകനും ബിസിനസ് കൺസൾട്ടന്റുമായ ജോർജ് തോമസും പങ്കുവെച്ചത്.

“ഒരു മാൻമേഡ് റീസൺ ആണ് ഈ കപ്പലപകടത്തിന്റെ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. പല റീസൺസ് ഉണ്ട്. കപ്പലിന്റെയും പ്ലെയിനിന്റെയും ഒക്കെ turn around ടൈം വളരെ ചെറുതാണ്. ഇത് ഭയങ്കര കോമ്പറ്റിറ്റീവ് മേഖലയാണ്. ഒരു പോർട്ടിൽ ഒരു കപ്പൽ വന്ന് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അവി‍ടെ നിന്ന് പോകാൻ ശ്രമിക്കും. കാരണം, ഓരോ മിനിറ്റും ഓരോ മണിക്കൂറും ഓരോ സെക്കന്റും വാടക കൊടുക്കേണ്ടിവരും. പറയുന്ന ഡെസ്റ്റിനേഷനിൽ പറയുന്ന സമയത്ത് കാർഗോ എത്തിയില്ലെങ്കിൽ ഫൈൻ അടക്കേണ്ടി വരും. കണ്ടെയ്നർ ഷിപ്പ് ബാലൻസ്ഡ് ആയിരിക്കണം. വെയിറ്റ് ഉള്ള കണ്ടെയ്നറുകൾ അടിയിലും വെയ്റ്റ് കുറഞ്ഞവ മുകളിലും വരണം. അല്ലെങ്കിൽ ആ ഷിപ്പ് അൺസ്റ്റേബിൾ ആകും. വെയിറ്റ് ഉള്ള സാധനങ്ങൾ അടിയിൽ വരുമ്പോഴേക്കും ആ കപ്പലിനെ കടലിൽ പ്രോപ്പർ ആയിട്ട് ഗ്രൗണ്ട് ചെയ്യാൻ പറ്റും, പിടിച്ചുനിർത്താൻ പറ്റും. കണ്ടെയ്നർ സ്റ്റാക്ക് ചെയ്യുന്ന സമയത്ത് എന്തെങ്കിലും വിഷയം വരാനുള്ള ചാൻസ് ഉണ്ട്. ഈ ഷിപ്പ് 28 വർഷം പഴയ ഷിപ്പാണ്. വാർത്തകൾ കേട്ടതിൽ നിന്നും വായിച്ചതിൽ നിന്നും എനിക്ക് തോന്നിയത് ഇത് ​ഗ്രാജുവലായി മുങ്ങി എന്നാണ്. അല്ലാതെ പെട്ടെന്ന് മുങ്ങിയതല്ല. ഇത് കുറച്ച് സമയമെടുത്ത്, രണ്ടുമൂന്ന് ദിവസത്തിനകം ചരിഞ്ഞ്, ചരിഞ്ഞ് മുങ്ങിയ കപ്പൽ ആണ്. മെയിന്റനൻസ് ഇഷ്യു കൊണ്ട് ഇങ്ങനെ സംഭവിക്കാം. ഷിപ്പ് പ്രായമാകുമ്പോൾ ഷിപ്പിങ് കമ്പനികൾ അതിനെ പൂർണ്ണമായും അവോയ്ഡ് ചെയ്യും. അങ്ങനെ അവോയ്ഡ് ചെയ്യാൻ തീരുമാനിച്ചാൽ കൃത്യമായ maintenance നടക്കില്ല. കപ്പലിന്റെ അടിയിൽ എഞ്ചിൻ റൂമിനകത്ത് വലിയ powerful പമ്പുകൾ ഉണ്ട്. കപ്പലിനകത്തോട്ട് വെള്ളം കയറിയാൽ ആ കേറുന്നതിലും സ്പീഡിൽ അത് തിരിച്ചടിച്ച് കളയാനുള്ള പമ്പുകൾ. ഇത് ചിലപ്പോൾ പ്രോപ്പർ ആയിട്ടൊന്നും വർക്ക് ചെയ്തില്ലായിരിക്കാം. 28 വർഷമായ ഷിപ്പ് ആണിത്. 30 വർഷം കഴിഞ്ഞാൽ കപ്പൽ ഒന്നും ഓടിക്കാൻ പറ്റില്ല. ഇപ്പോഴത്തെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ റെഗുലേഷൻ അനുസരിച്ച് 30 വർഷം കഴിഞ്ഞ കപ്പലിനെ സ്ക്രാപ്പ് ചെയ്യണം. അപ്പോൾ ഇത്രയും പഴയ ഷിപ്പിനൊന്നും ആരും കോടിക്കണക്കിന് രൂപ ചിലവാക്കി മെയിന്റനൻസ് ഒന്നും നടത്തത്തില്ല. അങ്ങനെയുള്ള കപ്പലിനെ വിളിക്കുന്നത് sailing coffins എന്നാണ്. ഷിപ്പിംഗ് ഏരിയയിലുള്ള ആൾക്കാരുടെ ഇടയിൽ ഇതിനെ പറയുന്നത് ‘ഒഴുകി നടക്കുന്ന ശവപ്പെട്ടികൾ’ എന്നാണ്. സ്ക്രാപ്പിന് വിടുന്നത് അവർക്ക് വലിയ ലാഭമുള്ള കാര്യമൊന്നുമല്ല. കപ്പലിന്റെ ഇരുമ്പിന്റെ വെയിറ്റിന് അനുസരിച്ചുള്ള കാശ് മാത്രമേ അവർക്ക് കിട്ടുകയുള്ളൂ. ഒരുപക്ഷേ ഇങ്ങനെ മുങ്ങുന്ന സിറ്റുവേഷൻ ചിലപ്പോൾ അവർക്ക് അറിഞ്ഞിരിക്കാം. അങ്ങനെ മുങ്ങിക്കഴിഞ്ഞാലും കപ്പൽ കമ്പനിക്ക് വലിയ വിഷയമില്ല, അവർക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാമായിരിക്കും.” ജോർജ് തോമസ് വിശദമാക്കി.

ജോർജ് തോമസ്

തുടരുന്ന ഭീഷണികൾ

കപ്പലപകടം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ട്രോളിങ് നിരോധനം കഴിഞ്ഞതോടെ നിരവധി മത്സ്യബന്ധന യാനങ്ങൾക്കും വലകൾക്കും കണ്ടെയ്നർ അവശിഷ്ടങ്ങൾ കുടുങ്ങി ദിനം പ്രതി നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. “നിയമപരമായി ഓണർ ഇത് പെട്ടെന്ന് തന്നെ മാറ്റണമെന്നാണ്, മാറ്റിയില്ലെങ്കിൽ‌ സംസ്ഥാന സർ‌ക്കാരിന് ഉത്തരവാദിത്തമുണ്ട്. നമ്മുടെ പരിധിയിലാണ് ഈ കണ്ടെയ്നറുകൾ വന്നേക്കുന്നത്. സെൻട്രൽ ​ഗവൺമെന്റ് അവരോട് നീക്കാൻ പറയാത്ത സ്ഥിതിക്ക് സംസ്ഥാന സർക്കാര് അടിയന്തരമായിട്ട് അത് നീക്കാൻ പറയണം. പൊട്ടിയ കണ്ടെയ്നറിന്റെ ഭാ​ഗങ്ങൾ നമ്മുടെ വീട്ടിലെത്തി കഴിഞ്ഞു. സർക്കാർ അതനുസരിച്ച് ഇതെടുത്ത് മാറ്റണമെന്ന് പറ‍ഞ്ഞ് എം.എസ്.സി ക്ക് നോട്ടീസ് കൊടുക്കണം. ഇല്ലെങ്കിൽ ഞങ്ങൽ നിങ്ങളുടെ ചെലവിൽ മാറ്റമെന്ന് പറഞ്ഞ് ഇന്റർ‌നാഷണൽ മാർക്കറ്റിൽ കൊട്ടേഷൻ പ്രകാരമുള്ള തുക കെട്ടി വെക്കാൻ അവരോട് ആവശ്യപ്പെടണമായിരുന്നു.” അഡ്വ. വി.ജെ മാത്യു കേരളീയത്തോട് പറഞ്ഞു

“കപ്പല് മുങ്ങിയ സമയത്ത് നമ്മുടെ ഗവൺമെന്റ് എന്താണ് ചെയ്തത്? അവരുടെ ക്രൂവിനെ രക്ഷപ്പെടുത്തിയ ശേഷം മാലയിട്ട് ഹോട്ടലിൽ താമസിപ്പിച്ച് ബൈ ബൈ പറഞ്ഞു. അങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്. ഇവിടെ ബ്യൂറോക്രസിയിലുള്ളവ‍ർക്ക് പോലും ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ല. ഏറ്റവും വലിയ പ്രശ്നം അടിയിൽ കിടക്കുന്ന കപ്പലിനകത്ത് ഫ്യൂവൽ ഓയിൽ ഉണ്ട് എന്നതാണ്. കപ്പൽ ഓടിക്കാൻ ഉപയോഗിക്കുന്നത് ക്രൂഡോയിൽ പോലത്തെ വളരെ കട്ടിയുള്ള സാധനമാണ്. കുറേക്കഴിഞ്ഞ് കപ്പലിന്റെ ബാക്കി ഭാഗങ്ങൾ തുരുമ്പെടുക്കുമ്പോൾ ഈ ഫ്യുവൽ ഓയിൽ മുഴുവൻ ചാടും. ടൺ കണക്കിന് ഓയിലാണ് അതിനകത്ത് കിടക്കുന്നത്. പൊലൂഷൻ എന്ന് പറഞ്ഞാൽ അത് അങ്ങേയറ്റം ആയിരിക്കും.” ജോർജ് തോമസ് പറയുന്നു.

തീരത്ത് അടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യാനുള്ള ശ്രമം. കടപ്പാട്:ani

കണ്ടെയ്നറിനുള്ളിലെ വസ്തുക്കളെ സംബന്ധിച്ച് നിരവധി ദുരൂഹതകൾ പരന്നിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് സർക്കാർ ആ വിവരങ്ങൾ പുറത്ത് വിട്ടത്.

“ആദ്യം ഓയിൽ സ്പിൽ നന്നായിട്ടുണ്ടായിരുന്നു, നമ്മളൊക്കെ ടിവിയിൽ കണ്ടതാണ്. കോസ്റ്റ്​ഗാർഡും നേവിയും എല്ലാം ഓയിൽ സ്പിൽ കർട്ടെയിൽ‌ ചെയ്യാൻ നടപടി എടുക്കുന്നു എന്ന് ടിവിയിൽ വാർത്തയുണ്ടായിരുന്നു. ആർക്കും അത് പോയി നോക്കാൻ സംവിധാനം ഇല്ല. എം.എസ്.സി തന്നെ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ഒരു നോട്ടിക്കൽ മൈൽ ദൂരത്ത് ഈ ഓയിൽ പോയിട്ടുണ്ടെന്ന് പറയുന്നു. ഒരു നോട്ടിക്കൽ മൈൽ എന്നത് അത്യാവശ്യം ദൂരം ഉണ്ട്. അതിന് ഓണറുടെ പേരിൽ കേസ് എടുക്കാവുന്നതാണ്. അത് ചെയ്തിട്ടില്ല. ഏതൊക്കെ കണ്ടെയ്നറാണ് മുങ്ങിയതെന്നുള്ളതിന് വ്യക്തത അന്നും ഇല്ല ഇന്നും ഇല്ല. കാർ​ഗോ മാനിഫെസ്റ്റ് എന്ന് പറഞ്ഞ് എക്സൽ ഷീറ്റിലടിച്ച ലിസ്റ്റ് പ്രോപ്പർ അതോറിറ്റിയായിട്ട് ആരും ചെയ്തിട്ടില്ല. കാർ​ഗോ മാനിഫെസ്റ്റ് എന്ന് പറഞ്ഞ് ലെറ്റർ പാടിലല്ലാത്ത ഒരു സാധാരണ പേപ്പറിൽ, ഒരു റൗണ്ട് സീൽ വെച്ച് എം.എസ്.സി തന്നെ പുറത്തുവിട്ടത് ഓതന്റിക്കല്ല. പ്രതി തന്നെ പുറത്തുവിട്ടിട്ട് കാര്യമില്ലല്ലോ. കപ്പൽ പോർ‌ട്ടിൽ വന്നപ്പോൾ തന്നെ കാർ​ഗോ മാനിഫെസ്റ്റ് എംസ്.സി ഷിപ്പിങ്ങ് കമ്പനി കസ്റ്റംസിൽ ഓൺലൈൻ ആയി ഫയൽ ചെയ്തിട്ടുണ്ടാകും. ഇപ്പോൾ ഇ-ഫയലിങ് ആണ്. അങ്ങനെ ഇ ഫയൽ ചെയ്തതിന്റെ ഓഫിഷ്യൽ സൈൻ‍ഡ് കോപ്പി കസ്റ്റംസാണ് പുറത്തുവിടേണ്ടത്. അത് പുറത്ത് വിട്ടില്ലില്ല ഇത് വരെ. അത് പുറത്ത് വിടാൻ സർക്കാരും ഒരു ​ഗവൺമെന്റ് ഏജൻസിയും ആവശ്യപ്പെടുന്നില്ല.” അഡ്വ. വി.ജെ മാത്യൂ ചൂണ്ടിക്കാട്ടി.”

സമാന അഭിപ്രായം തന്നെയാണ് ജോർജ് തോമസും പങ്കുവെച്ചത്. “കണ്ടെയ്നറിൽ എന്തുണ്ട് എന്നുള്ളതിന്റെ വിശദ വിവരം പോർട്ടിലുള്ള പോർട്ട് കസ്റ്റംസാണ് അറിഞ്ഞിരിക്കേണ്ടത്. അതിനകത്തെ പമ്പ് വർക്ക് ചെയ്യുന്നുണ്ടോ, അതിലുള്ള ആൾക്കാർ കറക്ട് ആയിട്ട് ട്രെയിൻഡ് ആണോ, അവർക്ക് പ്രോപ്പർ റസ്റ്റ് കിട്ടുന്നുണ്ടോ, day today running maintenance operations എങ്ങനെ എന്നതെല്ലാം ഡി.ജി ഷിപ്പിങിന്റെ കീഴിൽ വരുന്ന കാര്യങ്ങളാണ്.”

കോർപ്പറേറ്റ് സർക്കാർ ​ഗൂഢാലോചനയാണ് കപ്പലപകടത്തിന് കാരണമായതെന്നാണ് ചാൾസ് ജോർജ് അഭിപ്രായപ്പെടുന്നത്.

“സംസ്ഥാനപരിധി 12 നോട്ടിക്കൽ മൈൽ ആണല്ലോ. ഇന്ത്യ ഗവൺമെന്റ് 2000-ൽ മർച്ചൻ ഷിപ്പിംഗ് ആക്ട് പ്രകാരം കേരളത്തിലെ കപ്പൽ പാതയെ സംബന്ധിച്ച് ഒരു നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. അത് പ്രകാരം വർക്കലയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് പാത നിശ്ചയിച്ചിരുന്നത്. അന്നുതന്നെ അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി ഞങ്ങളുടെ യോഗം വിളിച്ചുചേർത്തിരുന്നു. 50 കിലോമീറ്റർ എന്ന് പറയുന്നത് പറ്റില്ല, പ്രത്യേകിച്ച് കൊല്ലം വാഡ്ജ് ബാങ്കിന്റെ നടുവിലൂടെ പോകുന്നതിനാൽ എന്ന് ഞങ്ങൾ പറഞ്ഞു. അത് മത്സ്യബന്ധന കേന്ദ്രമാണ്. എൻട്രിക്ക ലക്‌സി ഉൾപ്പെടെ അഞ്ച് കപ്പലപകടങ്ങൾ അടുപ്പിച്ച് ഉണ്ടായ സമയമായിരുന്നു അത്. കപ്പലുകൾ തെക്ക് വടക്ക് പോകുന്നു. നമ്മുടെ മത്സ്യബന്ധനം കിഴക്ക് പടിഞ്ഞാറാണ്. ആയിരത്തോളം ട്രോൾ ബോട്ടുകൾ കൊല്ലത്ത് മാത്രം ഉണ്ട്. 600 ഓളം ഫൈബർ വള്ളങ്ങളും ഉണ്ട്. നൂറോളം ഇൻബോർഡ് വള്ളങ്ങളുണ്ട്. ഈ കപ്പലൊന്നും ഇന്റർനാഷണൽ മാരിടൈം നിയമങ്ങൾ പാലിക്കാറില്ല. ഇന്ത്യയിൽ അതുകൊണ്ടുതന്നെ കപ്പലിടിച്ചുള്ള അപകടങ്ങൾ കൂടുതലാണ്. പലതും നിർത്താതെ പോകും. കേന്ദ്ര ഗവൺമെന്റ് അദാനിക്ക് വേണ്ടി നിലകൊള്ളുന്ന ഗവൺമെന്റാണ്. വിഴിഞ്ഞം പോർട്ടിന് വേണ്ടിയിട്ടാണ് അവർ ഇങ്ങനെ ചെയ്തത്. 2020 ആഗസ്റ്റ് ഒന്നാം തീയതി പ്രതിഷേധിച്ചുകൊണ്ട് കൊച്ചിയിൽ ഞങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കോവിഡ് കാലമായിരുന്നു. ഞങ്ങളുടെ പ്രതിഷേധങ്ങളൊക്കെ അവഗണിക്കപ്പെട്ടു. ഇപ്പോഴും 50 കിലോമീറ്ററിനുള്ളിൽ കൂടിയാണ് കപ്പൽ പോകുന്നത്. എളുപ്പത്തിൽ കൊച്ചിയിൽ എത്താൻ വേണ്ടിയിട്ടാണ് കപ്പൽ പാത മാറ്റിയതെന്നാണ് പറയുന്നത്. സംസ്ഥാന ഗവൺമെന്റും തീരദേശപാത നിർണയിച്ചിട്ടുണ്ട്. നമ്മളോട് ചർച്ച പോലും ചെയ്തിട്ടില്ല. ആ പാത പോലും ലംഘിച്ചുകൊണ്ടാണ് ഈ കപ്പൽ മറിഞ്ഞിരിക്കുന്നത്. 27.5 കിലോമീറ്ററിലാണ് കപ്പൽ മറഞ്ഞിരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റ് മാറ്റി നിർണയിച്ചിരിക്കുന്ന കപ്പൽ പാത ലംഘിച്ചാണ് കപ്പൽ മറഞ്ഞിരിക്കുന്നത്. എന്നിട്ടും സർക്കാർ അവരുമായി ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്.”

കപ്പലപകടത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനം. കടപ്പാട്:X

കപ്പൽ കമ്പനി നൽകിയ സത്യവാങ്മൂലത്തിന് സർക്കാർ മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. കപ്പലപകടവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയിൽ വിശ​ദമായി വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഹർജി സെപ്റ്റംബർ 16-ന് വീണ്ടും പരിഗണിക്കും. എന്നാൽ അഡ്മിറാലിറ്റി സ്യൂട്ടിൽ പ്രതീക്ഷ വെയ്ക്കെണ്ടന്നാണ് അഡ്വ. വി.ജെ മാത്യു പറയുന്നത്. “അഡ്മിറാലിറ്റി ഫയൽ ചെയ്യണമെന്ന് ഓർഡർ ഇട്ടപ്പോൾ കോടതി ഒരു കാര്യം കൂടി പറ‍ഞ്ഞു, അഡ്വക്കേറ്റ് ജനറലിന് ഇതിനെ പറ്റി ​ഗ്രാഹ്യമില്ലെങ്കിൽ‌ മാരിടൈം നി‌യമം അറിയാവുന്ന ആളുകളോട് ഉപദേശം തേടണം എന്ന്. ‌‌ഷിപ്പിങ് നിയമങ്ങൾ സംബന്ധിച്ച് ​ഗ്രാഹ്യമില്ലാതെയാണ് അഡ്മിറാലിറ്റി സ്യൂട്ട് ഇപ്പോൾ ഫയൽ ചെയ്തിരിക്കുന്നത്. ഒരു പൊല്യൂഷനും ഇല്ല എന്ന് ​ഗവൺമെന്റ്‍ ഏജൻസിയായ പൊലൂഷ്യൻ കൺട്രോൾ ബോർഡ് ഉൾപ്പടെ പറഞ്ഞ സ്ഥിതിക്ക് 9531 കോടിയുടെ അ‍ഡ്മിറാലിറ്റി സ്യൂട്ട് അത് നിൽക്കില്ല. ഒരു രേഖയുടെയും അടിസ്ഥാനത്തിലല്ല അത് ഫയൽ‌ ചെയ്തത്, കണ്ണിൽ പൊടി ഇടാൻ വേണ്ടി മാത്രം ചെയ്ത പണിയാണത്.”

കപ്പലപകടം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും മുങ്ങിയ കപ്പൽ അവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല. മുങ്ങിയ സമയത്ത് കപ്പലിലുണ്ടായിരുന്ന മാരക വിഷവസ്തുക്കൾക്കും ഇന്ധന എണ്ണയ്ക്കും എന്ത് സംഭവിച്ചെന്ന് ആർക്കും വ്യക്തതയില്ല. വ്യക്തത തരേണ്ട സർക്കാരകട്ടെ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തതോടെ ഉത്തരവാദിത്തം അവസാനിച്ചു എന്ന നിലപാടിലാണ്. എന്നാൽ കടലോരത്ത് ജീവിക്കുന്നവരും കടൽപ്പണിക്കാരും കപ്പലപകടമുണ്ടാക്കിയ പ്രതിസന്ധികൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ വ‍ൃത്തിയാക്കിയെന്ന് പറയുമ്പോഴും പ്ലാസ്റ്റിക്ക് പെല്ലറ്റുകൾ‌ കടലോരത്തെ മണ്ണിൽ ഇന്നും ആഴ്ന്നു കിടക്കുന്നു. മുങ്ങിയ കപ്പലിലെ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറിലുണ്ടായിരുന്ന വസ്തുക്കളും കടൽപ്പണിക്കാരുടെ വലകളെയും വള്ളങ്ങളേയും നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

(പരമ്പര അവസാനിച്ചു).

Also Read

13 minutes read August 24, 2025 12:05 pm