ചാവിമൂർത്തിക്ക് കണ്ണു വരയ്ക്കുന്ന രുദ്ര

മനുഷ്യരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരുവളും ദൈവങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരുവനും കണ്ടുമുട്ടുന്ന ‘നിഷിദ്ധോ’, കേരളത്തിലെ പ്രവാസ ജീവിതത്തിന്റെ വെളിമ്പുറങ്ങളെ ദൃശ്യപ്പെടുത്തുന്ന ചലച്ചിത്രമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നേരിടുന്ന അപരവത്കരണവും സ്വത്വസംഘർഷങ്ങളും പ്രമേയമാക്കുന്ന സിനിമ, സമകാല മലയാളി മനോഭാവങ്ങളുടെ പ്രതിഫലനമാണ്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും വിചാരത്തെ ഭരിക്കുന്ന മനസ്സിന്റെ ചുഴികളെ പക‍‍‍‍‍‍‍ർത്തുന്ന ‘നിഷിദ്ധോ’, മലയാള സിനിമയിലെ ഇതര സംസ്ഥാന തൊഴിലാളി മാതൃകകളെ പുനരാവിഷ്ക്കരിക്കുന്നു. മികച്ച രണ്ടാമത്തെ മലയാള ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘നിഷിദ്ധോ’യുടെ സംവിധായിക താര രാമാനുജൻ സംസാരിക്കുന്നു.

ഏറെക്കാലമായി ഒരു പ്രവാസിയായി ജീവിക്കുകയാണല്ലോ. നാടുവിട്ടുള്ള ജീവിതാനുഭവങ്ങൾ നിഷിദ്ധോ എന്ന ഈ സിനിമ കണ്ടെത്താനും രൂപപ്പെടുത്താനും സഹായകരമായിട്ടുണ്ടോ ?

ഒന്നു രണ്ടു തരത്തിൽ ഉണ്ട്. നാടുവിട്ടിട്ട് നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കാണുന്ന കാര്യങ്ങൾക്ക് മറ്റൊരു നോട്ടനില കൈവരും, പുതുമ തോന്നും. സാധാരണ കാണുന്ന, എന്നും കണ്ട് മരവിച്ചിരിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് വേറൊരാൾ കാണുമ്പോൾ അങ്ങനെ തോന്നാം. എനിക്ക് അങ്ങനെ ചില അനുഭവങ്ങളുണ്ട്. അതിലൊന്നാണ് ദുർഗ്ഗാപൂജ. കൽക്കട്ടയിൽ ജീവിക്കുന്നവർക്ക് അത് എല്ലാക്കൊല്ലവും ഉള്ളതാണ്. അതു കഴിഞ്ഞും അതിനു മുമ്പും അവർക്ക് പൂജകളുണ്ട്. കാളി പൂജ വരും, സരസ്വതി പൂജ വരും. ഓരോന്നും ഓരോ എലമെന്റ്സ് എടുത്ത് ചെയ്യുന്നതാണ്. എന്നും കാണുന്ന ഒരു കാര്യവും അത്രയ്ക്ക് ഒരു ഷോക്ക് അല്ലെങ്കിൽ റിയാക്ഷൻ ഉണ്ടാക്കില്ല. ദുർഗാ പൂജയുടെ കാര്യത്തിൽ എനിക്കതുണ്ടായി.

ഇതര സംസ്ഥാന തൊഴിലാളികൾ മലയാള സിനിമയിൽ കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും തികച്ചും വ്യത്യസ്തരാണ് നിഷിദ്ധോയിലെ ചാവിയും രുദ്രയും. ഒരു എഴുത്തുകാരി എന്ന നിലയ്ക്ക് ഈ കഥാപാത്രങ്ങളോട് അനുതാപപൂർണ്ണമായ ഒരു സമീപനം സ്വീകരിച്ചതായി തോന്നുന്നുണ്ടോ ?

തീർച്ചയായും. വേറൊരു നാട്ടിൽ ജീവിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ നമ്മളെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്നൊക്കെയുള്ള എന്റെ ചിന്തകൾ അവരിൽ പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ അവരെ പോലെ സ്വയം കാണുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. ഞാൻ ആ ഒരവസ്ഥയിൽ ചെന്നുപെട്ട ആളല്ല. ഇതര സംസ്ഥാന തൊഴിലാളികൾ എന്നു പറഞ്ഞാലും നമ്മൾ തന്നെയാണത്. നമ്മൾ ഇപ്പോൾ ബാംഗ്ലൂരിലോ, ദുബായിലോ, അമേരിക്കയിലോ, കാനഡയിലോ എവിടെയാണ്  പോകുന്നത് എന്നുവെച്ചാൽ നമ്മളും അതാണല്ലോ. അതിന് ഒരു ക്ലാസ്സ് വ്യത്യാസം വരുന്നത് നമ്മുടെ നാട്ടിൽ ആണെന്ന് തോന്നുന്നു. തൊഴിലാളി എന്നു പറയുമ്പോൾ ആ ഒരു കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതിന്റെ വ്യത്യാസം മാത്രമേയുള്ളു.

ബംഗാളിൽ നിന്നു വരുന്ന രുദ്ര ഒരു ശിൽപ്പിയാണ്. ഒരു കെട്ടിടം പണിക്കാരനായി ഇവിടെ കാണപ്പെടുന്നയാൾ തന്റെ നാട്ടിൽ ഒരു ശിൽപ്പിയായിരുന്നു. തന്മയ് ധനാന്യ അവതരിപ്പിച്ച ഈ കഥാപാത്രം വളരെ സവിശേഷമായി തോന്നി. അത് മലയാളിയുടെ ബംഗാളി കാഴ്ച്പ്പാടുകളെ തിരുത്തുന്നതുമാണ്. രുദ്രയുടെ പാത്രസൃഷ്ടിയെ കുറിച്ച് പറയാമോ ?

സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന, നമ്മൾ ബംഗാളി ഭായ് എന്ന് വിളിക്കുന്നവർക്ക് എന്തൊക്കെ ബാക്ക്ഗ്രൗണ്ട് ഉണ്ടെന്ന് ചിന്തിക്കാറുണ്ടോ? അവർക്ക് ഒരു ജീവിതമുണ്ട്, നാടുണ്ട്, അവർക്ക് അവരുടെ പാട്ടുണ്ട് എന്നൊക്കെ ചിന്തിക്കാറുണ്ടോ? അതിന്റെ ആവിശ്യമില്ലായിരിക്കാം, പക്ഷെ അതുണ്ട്. അവർക്ക് ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നു പറയുന്നു. എപ്പോഴും ഇയർഫോൺ വെച്ചു നടക്കുന്നതായി കാണാം, മിക്കവാറും അവരുടെ പാട്ടായിരിക്കാം കേൾക്കുന്നത്! ഞാൻ ഇത് വളരെ പാരലൽ ആയി കാണുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പ്രവാസി മലയാളികൾ താമസിക്കുന്നത് എങ്ങനെയായിരിക്കും? എന്തുതരം ജോലി ചെയ്യുന്ന ആളുകളാണെങ്കിലും അവർക്ക് ഒരു കലാസംസ്കാരം ഇല്ല എന്ന് ആ നാട്ടിലെ ആളുകൾ വിശ്വസിച്ചാൽ എങ്ങനെയിരിക്കും? രുദ്ര കുമാർടുളി പോലെ ഉള്ള സ്ഥലത്ത് ജനിച്ചു വളർന്ന ആളാണെങ്കിൽ അയാൾക്ക് ഒരു ഡീപ്പ് ബാക്ക്ഗ്രൗണ്ട് ഉണ്ടാവും. രബീന്ദ്രസംഗീതം, അല്ലെങ്കിൽ നസ്രുഗീതം, ടാഗോറിന്റെ തന്നെ എഴുത്ത് ഇതെല്ലാം അവരുടെ രക്തത്തിൽ തന്നെയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ അവൻ പാടുന്ന പാട്ടുണ്ട്. അത് ജീബനാനന്ദോ ദാസ് എന്ന കവിയുടേതാണ്. ഇങ്ങനത്തെ ഒരാൾ ആയിരിക്കുമോ, പാട്ടിനെയും കവിതയെയും കുറിച്ച് പറയുന്ന ഒരാളായിരിക്കുമോ രുദ്ര ? ഇത്രയ്ക്ക ആഴം ഉണ്ടാവുമോ ? ഒരു ആർട്ടിസ്റ്റ് തന്നെ എന്നോടു ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു, അതെ, എന്തുകൊണ്ട് ആയിക്കൂട? എല്ലാവർക്കും ഉണ്ട് ചിന്തയും സ്വപ്നവും. ഏതു ഭാഷയിലാണെങ്കിലും ഭാഷ അറിയില്ലെങ്കിലും പാട്ടിനോട് ഇഷ്ടം ഉണ്ടായിക്കൂടെ? സാധാരണ കാണുന്ന ഒരാളെക്കാളും കുറച്ചൂടെ സോഫ്റ്റ്, സെൻസിറ്റീവ്, ഓപ്പൺ മൈന്റഡ്.. കുറച്ചൊരു ഗ്രീഡും ഉണ്ടായിരുന്നു, അതിന്റെ ഒരു കുറ്റബോധവും ഉണ്ട്. അതെല്ലാം കൂടെ ചേർന്ന ഒരാളായിരിക്കണം എന്റെ രുദ്ര എന്നായിരുന്നു ആഗ്രഹം. അതു പലരെയും കണ്ടും സംസാരിച്ചും ഉണ്ടാക്കിയെടുത്തതാണ്.

ദുർഗ്ഗയുടെ കണ്ണു വരയ്ക്കുന്ന രുദ്ര (തന്മയ് ധനാന്യ). കടപ്പാട്:indiatoday.in

കനി കുസൃതി അവതരിപ്പിച്ച ചാവിയും അതുപോലെ തിരശ്ശീലയിൽ കണ്ടു ശീലിച്ച നായികമാരിൽ നിന്നും സ്ത്രീകഥാപാത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. വയറ്റാട്ടിയായും, മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നവളായും, ചാവി പണിയെടുക്കുന്നു. ചാവിയെ പോലെ മുൻ മാതൃകകളില്ലാത്ത ഒരു കഥാപാത്രത്തെ കണ്ടെത്തിയത്, രൂപപ്പെടുത്തിയത് എങ്ങനെയാണ്?

ജനനവും മരണവും കാണുന്നവർക്ക് ഒരു പ്രത്യേകതരം കരുത്തുണ്ടാവും. അവർക്ക് ജീവിതത്തോട് ഒരു നിസ്സംഗത വരും, ഒരു സമചിത്തത, ജീവിതം എന്നാൽ ഇത്രെ ഉള്ളൂ. അതു ഭയങ്കരമായിട്ട് ആഘോഷിക്കുകയോ, സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത ഒരു കാര്യമാണെന്ന തിരിച്ചറിവ് ചാവിക്കുണ്ട്. എനിക്കും ചുറ്റും, അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഞാൻ കണ്ടിട്ടുള്ള ഒരുപാട് സ്ത്രീകൾക്ക് ഉള്ള ഒരു ക്വയറ്റ് സ്ട്രെങ്ത്ത് ആണത്. ഒരുപാട് അഗ്രഷൻ കാണിച്ച് അല്ലെങ്കിൽ വളരെ വോക്കൽ ആയിട്ട് ചെറുത്തു നിൽക്കാതെ ഒരു സ്റ്റീൽ സ്ട്രെങ്ത്ത് അകത്തുള്ളവർ. അത് ഒരു ഇന്നർ സ്ട്രെങ്ത്ത് ആണ്. എതിർത്തു നിൽക്കാനും ചെറുത്തു നിൽക്കാനും ഒക്കെയുള്ള കഴിവുണ്ട്, പക്ഷെ അതു ചെയ്യുന്നത് വളര നിശബ്ദമായിട്ടാവും. അതെനിക്ക് ചാവിയിൽ കാണാൻ പറ്റുന്നുണ്ട്. പിന്നെ ചാവിക്ക് ഒരു ഇരുണ്ടവശം ഉണ്ട്. ചാവിക്ക് ചാവിയുടെതായിട്ടുള്ള ഒരു വിശ്വാസ സംവിധാനമുണ്ട്. ചാവി ചെയ്യുന്നത് ശരിയാണോ, എന്താണ് ചെയ്തത് എന്നു പോലും നമ്മൾ പറയുന്നില്ല. ചാവി ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ചാവിക്ക് അതിനകത്ത് ഒരു കറേജ്യെസ് കൺവെൻഷൻ ഉണ്ട്. അത് കൈവന്ന ആളാണ് ചാവി.

അതുപോലെ ചൈനാദി എന്നൊരാളെ ഞാൻ പരിചയപ്പെട്ടു. ചൈനാദി മൂർത്തികളെ ഉണ്ടാക്കുന്ന ഒരുവളാണ്. ആണുങ്ങൾ മാത്രം പണിയെടുക്കുന്ന ഒരിടത്ത് ആദ്യത്തെ മൂന്നാല് സ്ത്രീകളിൽ ഒരാളാണ് ചൈനാദി. ചൈനാദി മൂർത്തികളെ ഉണ്ടാക്കുന്നവളാണെങ്കിലും ചാവിയിൽ എനിക്കത് കാണാൻ പറ്റുന്നുണ്ട്. നമ്മൾ നോക്കുമ്പോൾ ഒരു കൊച്ചുമുറിക്കകത്ത് ഇരുന്ന് അവർ മൂർത്തികളെ ഉണ്ടാക്കുന്നു. അവരാണ് ആദ്യത്തെ ട്രാൻസ്ജെന്റെർ മൂർത്തിയെ ഉണ്ടാക്കിയത്. അതൊക്കെ വായിക്കുമ്പോൾ എനിക്ക് ചാവിയെ കാണാൻ പറ്റുന്നുണ്ട്.

അതുപോലെതന്നെ പ്രവീണ സോളമൻ എന്നൊരാളുണ്ട് ചെന്നൈയിൽ. അവർ ഒരു ശ്മശാന സൂക്ഷിപ്പുകാരിയാണ്. ഇങ്ങനെ ഞാൻ എപ്പോഴൊക്കെയോ വായിച്ചതും കണ്ടതും എല്ലാ കൂട്ടിക്കൂഴച്ച് ഈ ദുർഗ്ഗാമൂർത്തി ഉണ്ടാക്കിയതുപോലെ തന്നെയാണ് എന്റെ ചാവീ മൂർത്തിയും. അവിടുന്നും ഇവിടുന്നും ഒക്കെ പല കാര്യങ്ങൾ വരുന്നുണ്ട്. അതിനകത്ത് കുറച്ച് നിഷിദ്ധോ പള്ളിയിലെ മണ്ണുമുണ്ട്. കൊല്ലേണ്ടപ്പോൾ കൊല്ലുകയും രക്ഷിക്കേണ്ടപ്പോൾ രക്ഷിക്കുകയും ചെയ്യുന്ന ഒരു ദുർഗ്ഗാമൂർത്തി തന്നെയാണ് എന്റെ ചാവി.

പെരിയാച്ചി അമ്മനോട് പ്രാർത്ഥിക്കുന്നവളാണ് ചാവി. പെരിയാച്ചി അമ്മൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്ന് ഐതിഹ്യം. ദുർഗ്ഗാശിൽപ്പിയാണ് രുദ്ര. ദുർഗ്ഗ നിഗ്രഹത്തിന്റെ ദേവിയാണ്. ഈ രണ്ടു ദേവിമാരും അവരുടെ മിത്തുകളും കഥാപാത്രങ്ങളുടെ മനോനിലയിൽ പ്രതിഫലിക്കുന്നുണ്ടോ?  ഇത്തരം മിത്തുകൾ ജീവിതത്തിൽ ഇടപെടുന്നത് ഏതെല്ലാം തലത്തിലാണ് ? പ്രതേകിച്ചും സ്വന്തം സംസ്കാരത്തിന്റെ പുറത്ത് ജീവിക്കുന്നവരിൽ ?

വെളിയിൽ താമസിക്കുന്നവർക്ക് അങ്ങനെ ഒരു വ്യത്യാസം ഉണ്ടോ എന്ന് എനിക്കറിയില്ല. ചില്ലപ്പോ കൂടുതൽ വിശ്വാസം വരാം എന്നേ ഉള്ളു. പെരിയാച്ചി അമ്മൻ ഒരു തമിഴ് ഫോക്ക് ഗോഡസ് ആണ്. തമിഴ്നാട്ടിൽ ഇപ്പോ ഇല്ലാതായിക്കൊണ്ടിരിക്കുന്ന അമ്മൻമാരിൽ ഒരാളായിട്ടാണ് വായിച്ചതിൽ നിന്നും മനസ്സിലായത്. ശ്രീവീരമഹാകാളിയമ്മൻ ആണ് പെരിയാച്ചി അമ്മൻ എന്ന് അറിയപ്പെടുന്നത്. ഒരു മോസ്റ്റ് ഫെറോഷ്യസ് ഫോമിൽ ആണ് നിൽക്കുന്നത്. അതായത് ഒരാളെ കിടത്തി, നരസിംഹത്തെ പോലെ വലിച്ചു കീറി  കുടലുമാല വെളിയിലെടുത്ത്…  അവരുടെ കാലിന് അടിയിലും വേറെ ഒരു മനുഷ്യൻ ഉണ്ട്. പക്ഷെ കയ്യില് ഒരു കുഞ്ഞ്! രക്ഷയും ശിക്ഷയും നൽകുന്ന ഒരു ദേവി, അമ്മ, അതുതന്നെയാണ് എനിക്ക് ചാവി. വേണ്ടപ്പോൾ ആരെയാണെങ്കിലും കൊല്ലുന്നവൾ, അത് ആ കുഞ്ഞിനെയാണെങ്കിലും. കൊന്നിട്ടുണ്ടെങ്കിലോ എന്ന ഒരു ചോദ്യം വരുന്നത് അതിൽ നിന്നാണ്.

പെരിയാച്ചി അമ്മൻ. കടപ്പാട് : wikipedia.org

ദുർഗ്ഗ കുറേക്കുടി എല്ലാവരും അറിയുന്നതും മനസ്സിലാക്കിയിട്ടുള്ളതുമാണ്. ഒരു അസുരനെ കൊല്ലാൻ വേണ്ടി എല്ലാ ദൈവങ്ങളും അവരവരുടെ ശക്തി പകർന്ന സ്വരൂപമാണ് ദുർഗ്ഗാ ദേവി. മഹിഷാസുരന്റെ കഥ പറയുണകയാണെങ്കിൽ , വരം ചോദിക്കുമ്പോൾ ഒരാണിനും ഒരു ദൈവത്തിനും ഒരു മനുഷ്യനും എന്നെ കൊല്ലാൻ പാടില്ല എന്നു പറയുമ്പോൾ അതിനകത്ത് ഉൾച്ചേർന്നിരിക്കുന്നത്, ഒരു പെണ്ണിന് അത് ചെയ്യാൻ കഴിയില്ല എന്നാണ്. അതുകൊണ്ട് കൊല്ലാനായിട്ട് ദുർഗ്ഗയെ സൃഷ്ടിച്ചു. അതായത് നമ്മുടെ മനസ്സിലെ അന്ധകാരത്തെ ഇല്ലായ്മ ചെയ്യുന്നവളാണ് ദുർഗ്ഗ എന്നാണ് കൺസെപ്റ്റ്.  ദുർഗ്ഗാ പൂജ ഉള്ളവരുടെ മനസ്സിൽ വളരെ ശക്തമായിട്ട് ഉള്ളതാണ് ദുർഗ്ഗാമാ.ദുർഗ്ഗാമൂർത്തി എന്നുള്ളത് കലാകാരന്മാർക്ക് വലിയ വിശ്വാസമുള്ളതാണ്. ഞാൻ കുമാർടുളിയിൽ സംസാരിക്കുമ്പോൾ ആദ്യം എനിക്ക് ഒരു ആശയമുണ്ടായിരുന്നു. ദേവിയുടെ കണ്ണ് വരയ്ക്കുമ്പോൾ ഇത്തിരി തെറ്റി വരയ്ക്കാം എന്ന്. പക്ഷെ അതു ചെയ്യുന്നവർ തീർത്തു പറഞ്ഞു അത് ഒരിക്കലും ചെയ്യില്ല, ദേവിയാണെന്ന്. മൂർത്തിയെ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയാലും കൽക്കട്ടയിലെ കുമാർടുളിയിലെ ഒരു തെരുവിന്റെ ഓരത്ത് ഇരിക്കുകയാണെങ്കിലും ദേവിയാണ്. ഒരാൾക്ക് മാത്രം നടക്കാൻ ഇടമുള്ള കുമാർടുളിയിലെ വഴികൾക്ക് ഇരുവശും മുഴുവൻ മൂർത്തികളാണ്, അവിടെ ചവറ് കൂട്ടയിരിക്കയാണെങ്കിലും ദേവി അവർക്കു ദേവിയാണ്. ചവറിന്റെയടുത്ത് ഇരിക്കുന്നതിനാൽ ചവറായിട്ടല്ല അവർ കാണുന്നത്. കണ്ണുകൂടെ വരച്ചു കഴിയുമ്പോഴത്തേക്കാണ് ദേവി പൂർണ്ണയാവുന്നത്. കണ്ണ് അവർ മഹാലയുടെ ദിവസമെ വരക്കുകയുള്ളു. ദുർഗ്ഗാപൂജയുടെ ഞാൻ ആദ്യം കാണിക്കുന്ന ആ വിഷ്വൽ പുലർച്ചെ ഒരു നാല് നാലരയ്ക്കാണ്. ആ സമയത്ത് കണ്ണ് വരയ്ക്കുന്ന മുഹൂർതത്തിൽ റേഡിയോയിൽ അവരുടെ പാട്ടുണ്ട്. മഹിഷാസുര മർദിനി…. എന്നു പറഞ്ഞ ആ പാട്ടിലേക്ക് ഇന്നും ബംഗാൾ ഉണരുന്നു.    

കുമാർടുളിയിലെ തെരുവ്. കടപ്പാട് : caleidoscope.in

നിഷിദ്ധോ എന്നു സിനിമയ്ക്ക് പേരു വരുന്നത് ദുർഗ്ഗാ ശിൽപ്പ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ആചാരത്തിൽ നിന്നാണല്ലോ ? ശിൽപ്പം നിർമ്മിക്കുവാനായി നിഷിദ്ധോ പള്ളിയിൽ നിന്നുള്ള മണ്ണു വേണമെന്ന് രുദ്ര പലവട്ടം പറയുന്നുമുണ്ട്. ഈ ആചാരം രൂപപ്പെടാൻ പല കാരണങ്ങളും പറയപ്പെടുന്നു. വ്യക്തിപരമായി എങ്ങനെയാണ് അതിനെ വായിക്കുന്നത് ?

കൽക്കത്തയിലെ വേശ്യാതെരുവിനെയാണ് നിഷിദ്ധോ പള്ളി എന്നു പറയുന്നത്.ദുർഗ്ഗാശിൽപ്പ നിർമ്മാണത്തിനായി നിഷിദ്ധോപള്ളിയിൽ നിന്നുള്ള മണ്ണുവേണം.ഇതിന്റെ പിന്നിൽ പറയപ്പെടുന്ന പല കാരണങ്ങളും ഉണ്ട്.ദുർഗ്ഗാപൂജയുടെ ആചാരത്തിന്റെ സാമൂഹിക പ്രസക്തി പല നിലകളിലാണ്. പൂജാരിയായ‍ ഒരാൾ ഒരു വേശ്യാലയത്തിന് മുന്നിൽ ചെന്നു നിന്ന് മണ്ണ് തരൂ എന്ന് യാചിച്ച്  മണ്ണു വാങ്ങിച്ച് അനുഗ്രഹിക്കുക എന്നുള്ളത് ഒരു തലം. മറ്റൊന്ന് എല്ലാ തരത്തിലും ഉള്ള സ്ത്രീകളെ ദുർഗ്ഗാദേവി ഉൾക്കൊള്ളുന്നു എന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു.

ചാവിയും രുദ്രയും തമ്മിലുള്ള സംഭാഷണങ്ങൾ  സിനിമയുടെ ശ്രദ്ധേയ മുഹൂർത്തങ്ങളാണ്. ബംഗാളിയും, മലയാളവും, തമിഴും, ആംഗ്യങ്ങളും ഇടകലർത്തി പരസ്പരം വിനിമയം സാധ്യമാക്കുന്നു ഇരുവരും. വളരെ സ്വാഭാവികമായാണ് ഈ രംഗങ്ങളൊക്കെ ആവിഷ്ക്കരിച്ചിട്ടുള്ളത്. ഒരു എഴുത്തുകാരി എന്ന നിലയ്ക്ക് ഈ സംഭാഷണങ്ങളുടെ രചന എത്രമാത്രം ശ്രമകരമായിരുന്നു ?

ഞാൻ ഇപ്പോൾ സംസാരിക്കുന്നതു തന്നെയും പകുതി ഇംഗ്ലീഷിലും പകുതി മലയാളത്തിലും ആയാണ്. എനിക്ക് ഒരു വാചകം പോലും ഇംഗ്ലീഷ് വാക്ക് ഇല്ലാതെ പറയാൻ കഴിയാത്ത സ്ഥിതി വന്നിരിക്കയാണ്. രണ്ടു ഭാഷകൾ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. എനിക്ക് അത് വളരെ സ്വാഭാവികമാണ്. കേരളത്തിന് വെളിയിലുള്ള കുറച്ചു കസിൻസ് എനിക്കുണ്ട്. അവർ സംസാരിക്കുമ്പോൾ മലയാളം വാക്കു വരും. ഹിന്ദി വാക്കു വരും, ഇംഗ്ലീഷ് വാക്കു വരും. അതിന്റെ സെന്റെൻസ് ഫോർമേഷൻ ശരിയായിരിക്കില്ല. ഒന്നുമാത്രം എന്നതിന് പകരം ‘മാത്രം ഒന്ന്’എന്ന് പറയുന്ന ഒരു കസിൻ എനിക്കുണ്ട്.

സംഭാഷണങ്ങളോളം തന്നെ ശ്രദ്ധേയമാണ് സിനിമ ഉടനീളം സ്വാംശീകരിച്ചിട്ടുള്ള മൗനവും. നഗരത്തിന്റെ ഒച്ചകൾക്കും സംഭാഷണങ്ങൾക്കും ഇടയിൽ മുഴങ്ങി കേൾക്കാവുന്ന മൗനം, എന്തുകൊണ്ടാണ് ബാക്ഗ്രൗണ്ട് മ്യൂസിക്കിന് പകരം പലയിടങ്ങളിലും നിശബ്ദത ഉപയോഗപ്പെടുത്തിയത് ?

അതൊരു പെർസണൽ പ്രിഫറൻസ് ആയിരുന്നു. എനിക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് അധികം യൂസ് ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല. കാരണം വാക്കുകൾക്ക് പരിമിതിയുണ്ട്, മൗനത്തിന് അനിർവചനീയമായ സാധ്യതയും. ശബ്ദമില്ലാതെയിരിക്കലല്ല മൗനം. ശബ്ദങ്ങളുടെ അതിപ്രസരമുള്ള ഒരിടത്ത് മൗനത്തിനാണ് കൂടുതൽ മൂല്യം.

മെട്രോ നഗരത്തിന്റെ പുറമ്പോക്കുകളിലാണ് ചാവിയും രുദ്രയും ഒഴിവു നേരങ്ങൾ ചിലവിടുന്നത്. ചാവി വന്നിരിക്കാറുള്ള കുളക്കരയിലും രുദ്രയുടെ റെയിൽവെ ട്രാക്കിലും മറുദേശത്തും അവർ സ്വന്തം ഇടം കണ്ടെത്തുന്നു. നഗരം പണിയുന്നവർ നഗരത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുകയാണോ? എന്തുകൊണ്ടാണ് പാർക്കുകളിലും, മാളുകളിലും ഈ കഥാപാത്രങ്ങളെ കാണാനാവാത്തത് ?

ചാവിക്ക് അവളുടേതായ സ്ഥലം കിട്ടുന്നത് ഒരു പൊട്ടക്കുളത്തിന്റെ വക്കിലാണ്. അതിന് അതിന്റേതായ നിഗൂഢതയുണ്ട്, അതല്ലാതെ തന്നെ ചാവിക്ക് കുളമാണ് ഇഷ്ടം. ചാവിയെ കുളത്തിൽ മുക്കി കൊല്ലാൻ നോക്കി എന്ന് പാട്ടി പറയുന്നിടത്തുതൊട്ട് ആ കുളത്തിനകത്ത് കറുത്ത വെള്ളമാണ്. അതിൽ പായലു വന്ന് മൂടാറുണ്ട്. ആ പായൽ മൂടുന്നത് അവളുടെ അകത്താണ്. അതുപോലെ ചാവി പുനർജനിച്ചു വരുന്നതും മറ്റൊരു കുളത്തിൽ നിന്നാണ്, തെളിവെള്ളമുള്ള ഒരു കുളത്തിൽ നിന്ന്.

ഒരു ഇതരദേശ തൊഴിലാളി റെയിൽവെ പാലം കാണുന്നത് അവന്റെ വീട്ടിലേക്ക് പോകാനുള്ള വഴിയായിട്ടാണ്. ട്രെയിൻ എന്ന മെറ്റഫർ എനിക്ക് ഇഷ്ടമാണ്. ഒരു സ്റ്റേഷനിൽ നിന്നും കുറച്ചുപേർ കേറും, കുറച്ചു ദൂരം ഒന്നിച്ചു പോകും, മറ്റൊരു സ്റ്റേഷനിൽ ഇറങ്ങും. അതുപോലെയുള്ളതാണ് ചാവിയുടെയും രുദ്രയുടെയും കഥ. അവൻ ഏറ്റവും കൂടുതൽ നടക്കുന്നത് പാളങ്ങളിലൂടെയാണ്. അവൻ പറയുന്നുണ്ട്, രണ്ട് പാളങ്ങളാണ്, അല്ലെങ്കിൽ രണ്ടു പേരുടെ പാട്ടു പോലെയാണ് നമ്മൾ എന്ന്. ഒരുമിച്ചാണ് പോകുന്നത്, പക്ഷെ കൂട്ടിമുട്ടില്ല. അല്ല ഇടയ്ക്കെല്ലാം കൂട്ടിമുട്ടുന്നുണ്ട്, പിന്നെയും വേറിട്ടു പോകുന്നുണ്ട്. പക്ഷെ നമ്മൾ ഇവിടെ നിന്നു നോക്കുമ്പോൾ വിദൂരതയിൽ അവ കൂട്ടിമുട്ടുന്നതായി കാണാം. പക്ഷെ അവിടെ വരെ യാത്ര ചെയ്യുമ്പോൾ അത്രയും ദൂരം കൂടെ പോയാലേ കൂട്ടുമുട്ടു എന്ന തോന്നൽ വരും.

ചാവിയുടെ ഇടം. കടപ്പാട്: ottplay.com

കേരളത്തിൽ ഇന്നു നഗരങ്ങളിൽ മാത്രമല്ല നാട്ടുമ്പുറങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏറെയാണ്. എന്നിട്ടും കേരളത്തിലെ ഒരേയൊരു മെട്രോ നഗരമായ കൊച്ചി സിനിമയുടെ പശ്ചാത്തലമാക്കിയത് എന്തുകൊണ്ടാണ്?

കൊച്ചി, കൊച്ചി ആയതുകൊണ്ടുതന്നെ.  പണ്ടു തൊട്ട് ഇന്നു വരെയും ഇന്ത്യയിൽ നിന്നു മാത്രമല്ല വെളിയിൽ നിന്നുള്ള ആളുകളും, ആരാണെങ്കിലും വന്നുകേറുന്ന ഒരു പോയന്റ് ഓഫ് എന്റ്ട്രി ആണ് കൊച്ചി. കൊച്ചിയിൽ ജീവിക്കുന്നവർക്ക് രണ്ട് തരത്തിലുള്ള ജീവിതമുണ്ട്. അതായത് വെളിയിൽ നിന്നു വന്നവർക്ക് അവരുടെ ജീവിതവും, കൊച്ചിക്കാർക്ക് കൊച്ചിക്കാരുടെ ജീവിതവും. മൈഗ്രന്റ്സ് എല്ലായിടത്തും ഉണ്ട്, പക്ഷെ കൊച്ചിയുടെ ഒരു തു‌ടിപ്പ് മറ്റൊരിടത്തും കണ്ടിട്ടില്ല. അതുകൊണ്ട് കൊച്ചി.

കുടുംബത്തിനു പുറത്തു നിൽക്കുന്നവരാണ് ചാവിയും രുദ്രയും. ഇരുവരും അനാഥരുമാണ്. എന്നാൽ കുടുംബമാവുന്നതിനെക്കുറിച്ചുള്ള സംസാരത്തിൽ എത്തുമ്പോൾ ചാവി അത് ചിരിച്ചു തള്ളുകയാണ്. ബംഗാളിലേക്ക് പോവാനുള്ള ക്ഷണവും ചാവി നിരസിക്കുന്നു. വ്യത്യസ്തമായ സംസ്കാരത്തിൽ നിന്നുള്ളവരുടെ ഒരു കുടുംബത്തെ കുറിച്ച് രചനാവേളയിൽ ആലോചിച്ചിരുന്നോ ? ‘ജലാംഘി’ എന്നു പേരിട്ടു വിളിക്കുന്ന കുഞ്ഞിനെ താരാട്ടുന്ന ചാവിയിൽ സിനിമ അവസാനിക്കുന്നത് എന്തുകൊണ്ടാവാം ?‌

അല്ല, അനാഥർ ആയിട്ട് ആരും തന്നെയില്ല. സോഷ്യലി അക്സപ്റ്റബിൾ ആയി ആരൊക്കെ നമ്മുടെ കൂടെയുണ്ട് എന്നേയുള്ളൂ. ചാവിക്ക് ചാവിയുടെ താത്തയും പാട്ടിയും ഉണ്ടായിരുന്നു. അമ്മ,അച്ഛൻ എന്ന കൺസപ്റ്റ് ഇല്ല. കുഞ്ഞും ഇല്ല ഭർത്താവും ഇല്ല. പക്ഷെ ചാവിയുടെ ജീവിതത്തിൽ ആരോ ഉണ്ടായിരുന്നു എന്ന തോന്നൽ നമുക്ക് തരുന്നുണ്ട്. എനിക്കു കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നു പറയുന്നുണ്ട്. ആ ഒരു സ്റ്റേറ്റ്മെന്റ് മാത്രമെ ഉള്ളു. പാട്ടി പറയുന്നുണ്ട്, ഒരു കുഞ്ഞുണ്ടായില്ല എങ്കിൽ എന്താ, അതല്ല ഒരു സ്ത്രീയെ നിർവചിക്കുന്നത്. എന്നാൽ പല സംസ്കാരങ്ങളിലും അത്തരം വിചാരങ്ങളുണ്ട്. ബാരൺ എന്ന ഇംഗ്ലീഷ് വാക്കിൽ അതുണ്ട്, അതായത് കുട്ടികൾ ഇല്ലാത്ത സ്ത്രീ അപശകുനമാണ് എന്ന് പറയുന്നത് പല സംസ്കാരങ്ങളിലുമുണ്ട്. ചാവി നിരസിക്കുന്ന ആ ക്ഷണം, അത് എന്തുകൊണ്ടാണെന്ന് ചാവിക്കെ അറിയാവൂ. ചാവിക്ക് അതല്ലാതെ വേറെ ഒരു ജീവിതം ഇവിടെ ഉണ്ടാവും.ചാവി പോകാതിരുന്നത് കോംപ്രമൈസ് ആയി ഞാൻ കാണുന്നില്ല, സാക്രിഫൈസ് ആയി കാണാനും ഇഷ്ടമല്ല. അവരുടെ കുടുംബത്തെ കുറിച്ച് രചനാവേളയിൽ അങ്ങനെ ആലോചിച്ചിരുന്നോ എന്നു ചോദിച്ചാൽ ഇല്ല. ഇനി എന്നെങ്കിലും ഈ രണ്ടു പാളങ്ങൾ കൂട്ടിമുട്ടില്ല എന്ന് ആരു കണ്ടു. എനിക്കറിയില്ല, അതങ്ങ് വിട്ടേക്കുക. അങ്ങു ദൂരെ അവിടെ കൂട്ടിമുട്ടും എന്ന് അവൾ പറയുന്നുണ്ടല്ലോ.

ചാവി – കനി കുസൃതി

ജനനവും മരണവും സിനിമയിൽ ഇടപെടുന്ന വിധം സിനിമയുടെ ആഖ്യാനത്തെ നിർണ്ണയിക്കുന്ന രീതി കൂടി പറയാമോ?
സിനിമയുടെ തുടക്കത്തിൽ ഒരു ജനനവും സിനിമയുടെ ഒടുക്കത്തിൽ മറ്റൊരു ജനനവും, അതായത് മരണത്തിൽ നിന്നുള്ള ഒരു ജനനം. ചാവി എന്നുള്ള ഒരു ജന്മം തീർന്ന് പുതിയ ഒരു ചാവിയുടെ പിറവി.താരാട്ടിൽ തുടങ്ങി താരാട്ടിൽ അവസാനിക്കുക, ജനനത്തിൽ തുടങ്ങി ജനനത്തിൽ അവസാനിക്കുക എന്നുള്ളതായിരുന്നു കൺസപ്റ്റ്. മനുഷ്യരെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന ഒരുവളും ദൈവങ്ങളെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന ഒരുവനും, അവർക്കിടയിൽ ഒരു മരണം അവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്.

താര രാമാനുജൻ. കടപ്പാട്: biffes.org

കെ.എസ്.എഫ്.ഡി.സിയുടെ ആദ്യത്തെ ചലിച്ചിത്ര നിർമ്മാണ സംരഭം കൂടിയാണല്ലോ നിഷിദ്ധോ. സിനിമയുടെ നിർമ്മാണത്തിലും വിതരണത്തിലുമുള്ള കെ.എസ്.എഫ്.ഡി.സിയുടെ പങ്കാളിതത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്. കൂടുതൽ സിനിമ സംവിധായികമാർക്ക് അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?

ഇന്ത്യയിൽ ഇത് ആദ്യമായാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വളരെ നല്ല കാര്യമാണ്. ഒരു വിഭാഗത്തിന് അവരുടെ ആവിഷ്ക്കാരത്തിനുള്ള ഇടം കൊടുക്കുകയാണ്.ഈ പ്രോജക്ടിന്റെ ഭാഗമായി എന്റെയും മിനിയുടെയും സിനിമകളാണ്  ആദ്യവർഷം വന്നത്. അതു ചെയ്തുതീർക്കാൻ രണ്ടു പേർക്കും കഴിഞ്ഞു.ആദ്യത്തെ സിനിമയാണ്, എന്റെയും മിനിയുടെയും ആദ്യത്തെയാണ് . കെ.എഫ്.ഡി.സിയുടെയും ആദ്യത്തെയാണ്.ആദ്യമായി ഒരു പ്രോജക്ക്ട് ചെയ്യുന്നതിന്റെ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഒരു ഗവൺമെന്റ് പ്രോജക്ക്റ്റ് ആയതിനാൽ അതിന്റേതായിട്ടുള്ള ഒരു രീതിയുണ്ട്, ഗവൺമെന്റ് കാര്യങ്ങളിൽ ഉള്ളതു പോലെ പേപ്പർ വർക്കുണ്ട്.സമയമെടുത്തുകൊണ്ടല്ലാതെ അതു ചെയ്തു തീർക്കാനാവില്ല.ഇങ്ങനത്തെ കുറച്ചു ബുദ്ധിമുട്ടുകൾ ആദ്യത്തെ കുറച്ചു പേർക്കുണ്ടായാലും ഇനി വരുന്നവർക്ക് അത് എളുപ്പമായിരിക്കും എന്നാണ് എന്റെ വിശ്വാസം. പിന്നെ സിനിമയുടെ വിജയം ഇതു ചെയ്യാൻ പറ്റിയോ ഇല്ലയോ എന്നതാണ്, അല്ലാതെ ഈ പ്രോജക്ടിലൂടെ വന്ന സിനിമ എത്ര ദിവസങ്ങൾ ഓടി, എത്ര പ്രോഫിറ്റ് നേടി എന്നുള്ളതല്ല. , പ്രതേകിച്ചും കോവിഡിന്റെ സമയമായിട്ടും ഞങ്ങൾ സിനിമ പൂർത്തിയാക്കി . സമയത്തിന്, ബഡ്ജറ്റിനകത്ത് ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ വിജയം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 28, 2022 2:27 pm