മറവിയും മായലും: പ്രവാസ സഹനത്തിന്റെ രണ്ട് പെണ്ണധ്യായങ്ങൾ

ഓഫ്റോഡ്-4

ഒരു കെട്ട് പെൺ കത്തുകളെക്കുറിച്ചാണ് വി.ജെ ആന്റണി എഴുതിയത് (കർമ്മഫലം തടുക്കാനാവുമോ?/കലാപൂർണ്ണ മാസിക/ 2020 ഒക്ടോബർ). ഭർത്താവിന്റെ തൊഴിൽ പ്രവാസത്തിന്റെ ഭാഗമായി ഒരു മലയാളി സ്ത്രീ അനുഭവിച്ച അവഗണനയുടേയും സഹനത്തിന്റേയും ചരിത്രം ആ കത്തുകളിലുണ്ടായിരുന്നു. സംഭവം നടക്കുന്നത് 46 വർഷം മുമ്പ്, 1975ൽ തെക്കനാഫ്രിക്കയിലെ സാംബ്യയിൽ. വി.ജെ ആന്റണിയുടെ പ്രവാസ അനുഭവ ലേഖനം ഇങ്ങിനെ തുടങ്ങുന്നു:

“ആഫ്രിക്കയിലെ ഒരു സമ്പന്ന രാജ്യമായ സാംബ്യയിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ മാത്തമറ്റിക്സ് അധ്യാപകനായി എനിക്ക് 1975ൽ നിയമനം ലഭിച്ചപ്പോൾ ഞാൻ വളരെ ആഹ്ലാദിച്ചു. സാൻസിബാറിലെ എന്റെ അധ്യാപക ജോലിയേക്കാൾ കൂടിയ വേതനവും ഫാമിലി എയർ പാസേജും മറ്റുള്ള ആനുകൂല്യങ്ങളും എന്നെ ആ രാജ്യത്തേക്ക് ആകർഷിച്ചു. ആ കാലഘട്ടത്തിൽ സാംബ്യയിലെ കറൻസിയായ ക്വാച്ചയുടെ മൂല്യം പതിനാറ് ഇന്ത്യൻ രൂപയായിരുന്നു. ചെമ്പ് കയറ്റുമതിയിൽ നിന്നായിരുന്നു അവിടുത്തെ പ്രധാന വരുമാനം. കോപ്പർ ഖനികൾ കൊണ്ട് സമ്പന്നമായ ‘കോപ്പർ ബെൽറ്റ്’ പ്രദേശത്താണ് സാംബ്യയിലെ എൻഡോളാ, കിറ്റവേ തുടങ്ങിയ പ്രസിദ്ധ നഗരങ്ങൾ”.

ആന്റണി സാംബ്യയിൽ അധ്യാപകനായി എത്തുന്നത് അവിടെ ജോലി ചെയ്തിരുന്ന കണ്ണൂർ കൂടാളി സ്വദേശി ജയദേവൻ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ്. ജയദേവന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്വദേശിനിയായ ആലീസ് കൗണ്ടാമിയുമായി പ്രണയ ബന്ധമുണ്ടായിരുന്നു. ആലീസിനെ സാംബ്യയുടെ അന്നത്തെ പ്രസിഡന്റ് കെന്നത്ത് കൗണ്ട പൊതുജനസേവനം സുഗമമാക്കാൻ രൂപീകരിച്ച 21 അംഗ കേന്ദ്ര സമിതിയിൽ അംഗമാക്കി. അവർ രാജ്യതലസ്ഥാനമായ ലുസാക്കയിലേക്ക് പോയി. ആലീസിനെ 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിൽ തന്റെ കാറിൽ കൊണ്ടുപോയി വിട്ട് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ ജയദേവനും സഹപ്രവർത്തകനായ തമിഴ്നാട്ടുകാരൻ വിക്ടറും മരിച്ചു.

അതിനെക്കുറിച്ച് ആന്റണി എഴുതുന്നു: “സ്കൂൾ കുട്ടികളേയും അധ്യാപകരേയും കദനക്കടലിൽ ആഴ്ത്തിയ സംഭവമായിരുന്നു അത്. ഹിന്ദുവായ ജയദേവന്റേയും ക്രിസ്ത്യാനിയായ വിക്ടറിന്റേയും മൃതസംസ്കാര പ്രാർഥന ഒന്നിച്ച് വയോവൃദ്ധനായ വെള്ളക്കാരൻ ബിഷപ്പ് നടത്തി. സാംബ്യയിലെ ജനസംഖ്യയിൽ 99 ശതമാനവും ക്രിസ്ത്യാനികളാണ്. അവിടുത്തെ ഗ്രാമവാസികൾക്ക് ഹിന്ദുമതത്തെപ്പറ്റിയുള്ള അറിവ് പരിമിതമാണ്. സ്കൂൾ ചിലവിൽ രണ്ടു കല്ലറകൾ നിർമ്മിച്ചു. കല്ലറയിൽ അവരുടെ പേരും ജനന മരണ തീയതികളും രേഖപ്പെടുത്തി. നല്ല തടിയിൽ പണിത രണ്ടു കുരിശുകളും കല്ലറകളുടെ സമീപം സ്ഥാപിക്കാനും സ്കൂൾ അധികാരികൾ മറന്നില്ല. റോഡ് സൈഡിൽ വിശാലമായ രണ്ട് കിലോമീറ്റർ സ്ക്വയർ സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. മൂന്നു മീറ്റർ വീതിയുള്ള ഒരു വഴി സെമിത്തേരിയുടെ മധ്യത്തിലൂടെ അതിനെ രണ്ടായി ഭാഗിച്ചുകൊണ്ട് കടന്നുപോകുന്നു. ഒരു ഭാഗത്ത് ബിഷപ്പുമാർ, പുരോഹിതൻമാർ, കന്യാസ്ത്രീകൾ തുടങ്ങിയവരുടെ കല്ലറകൾ കാണാം. അവരുടെ സമീപം ജയദേവനും വിക്ടറും അന്ത്യവിശ്രമം കൊള്ളുന്നു”.

ചിത്രീകരണം: നാസർ ബഷീർ

ഇത്രയും എഴുതിയ ശേഷം തുടർന്ന് കാര്യങ്ങൾ വിശദീകരിക്കുന്നിടത്താണ് ഈ ലേഖനം സ്ത്രീ സഹനത്തിന്റെ ഒരധ്യായത്തിലേക്ക് വെളിച്ചം വീശുന്നത്. അതിങ്ങനെയാണ്: “ഗണിതവിഭാഗം മേധാവിയായിരുന്ന ജയദേവൻ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയുടെ താക്കോൽ, ആലീസ് കൗണ്ടാമിയുടെ പിൻഗാമിയായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റെജീനാ വളരെ സന്തോഷത്തോടെ എനിക്ക് കൈമാറി. ആ മുറിയിലേക്ക് പോകാൻ എനിക്ക് എന്തോ നിസ്സംഗത തോന്നിയതിനാൽ ഞാൻ ഏതാണ്ട് ഒരാഴ്ച്ചയോളം സ്റ്റാഫ് റൂമിലെ ഒരു സീറ്റാണ് ഉപയോഗിച്ചത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ജയദേവൻ ഉപയോഗിച്ചിരുന്ന മുറി തുറന്ന്, ഞാൻ ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. തുറന്നുകിടന്ന ഒരു അലമാരയിൽ മാത്തമറ്റിക്സിന്റെ ഏകദേശം അമ്പത് പാഠപുസ്തകങ്ങൾ, അടച്ചിട്ടിരുന്ന വേറൊരു അലമാര, പിന്നൊരു മേശയും നാല് കസേരകളും ഒക്കെ അവിടെ ഞാൻ കണ്ടു. രണ്ട് സ്കൂൾ കുട്ടികളുടെ സഹായത്തോടെ മുറിയും അലമാരകളും മേശയും ഞാൻ ക്ലീൻ ചെയ്തു. അടച്ചിട്ടിരുന്ന അലമാരയിലെ ഫയലുകൾ അടുക്കിവയ്ക്കുന്ന കൂട്ടത്തിൽ, റബ്ബർ ബാൻഡിട്ട് വച്ചിരുന്ന ഒരു കെട്ട് കത്തുകൾ സ്കൂൾ കുട്ടികൾ എന്നെ ഏൽപ്പിച്ചു. ആദ്യത്തെ രണ്ട് എഴുത്തുകൾ അലക്ഷ്യമായി ഞാനൊന്നു വായിച്ചു നോക്കി. ‘കൂടാളി’ എന്ന സ്ഥലത്തു നിന്നും ശ്രീദേവിയെന്ന ഒരു സ്ത്രീ ജയദേവന് മലയാളത്തിൽ എഴുതിയ കത്തുകളായിരുന്നു അവയെല്ലാം. ശോകത്തിൽ മുങ്ങിയ പരിഭവങ്ങളും പരാതികളും കുറ്റപ്പെടുത്തലുകളും യാചനകളും നിറഞ്ഞ എഴുത്തുകൾ! അയാളുടെ ഭാര്യയാണ് ശ്രീദേവിയെന്ന് എനിക്ക് മനസ്സിലായി. ഇണയെ നഷ്ടപ്പെട്ടു പോയതിലുള്ള വേവലാതിയോടെ ഉഴറുന്ന കിളിയെപോലെ, കണ്ണീർക്കയത്തിൽ മുങ്ങിത്താഴുന്ന, നിസ്സഹായയായ ആ സ്ത്രീയുടെ ചിത്രം എന്റെ ഭാവനയിൽ വിടർന്നുവന്നു.

അടുത്ത മൂന്ന് എഴുത്തുകൾ ആകാംക്ഷയോടും ജിജ്ഞാസയോടും കൂടി ഞാൻ വായിച്ചു. സെൻട്രൽ കമ്മിറ്റി അംഗമായ ആലീസ് കൗണ്ടാമിയുടെ കാമുകനും സാംബ്യയിൽ പരക്കെ അവിവാഹിതനെന്ന് അറിയപ്പെട്ടിരുന്നവനുമായ ജയദേവന് ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി കത്തുകൾ! അവയെല്ലാം മറ്റുള്ള മലയാളികളുടെ കൈകളിലെത്തിയാൽ അയാളുടെ കീർത്തിക്കും യശസ്സിനും മങ്ങലേൽക്കും. ഭാര്യയും കുട്ടിയും അനാഥരായി, അഗതികളായി ഭർത്താവിന്റെ വീട്ടിൽ കഴിയുമ്പോൾ അയാൾ സാംബ്യയിൽ ജീവിതം ആസ്വദിക്കുകയായിരുന്നു. ശ്രീദേവിയേയും കുട്ടിയേയും കാണാനോ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനോ, സാംബ്യയിലെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നാട്ടിൽ പോകാൻ ഫ്രീ പാസേജ് ഉണ്ടായിട്ടും, ഒരിക്കൽ പോലും അയാൾ നാട്ടിൽ പോകാനോ തയ്യാറായിട്ടില്ല. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തിയ ദിനങ്ങളും നിദ്രാവിഹീനങ്ങളായ പലരാത്രികളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. ഞാൻ കണ്ടിട്ടില്ലാത്ത, അപകടത്തിൽ മരണപ്പെട്ട അധ്യാപകനായ ജയദേവന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ എനിക്ക് ഒട്ടും താൽപര്യമില്ലാതിരുന്നതിനാൽ ആ എഴുത്തുകളെല്ലാം നശിപ്പിച്ചു കളയുവാൻ തന്നെ ഞാൻ തീരുമാനിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം അവയെല്ലാം കത്തിച്ചാമ്പലാകുന്നത് ഞാൻ നിർവ്വികാരനായി നോക്കി നിന്നു.”

ചിത്രീകരണം: നാസർ ബഷീർ

മലയാളിയുടെ തൊഴിൽ പ്രവാസത്തിലൂടെ കേരളം നേടിയ വിദേശ കറൻസിയുടെ കണക്കുകളാണ് എത്രയോ കാലമായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ‘ബാച്ചിലർ’ പ്രവാസമുണ്ടാക്കിയ മുറിവുകൾ, ഡിപ്രഷൻ, അവഗണനകൾ തുടങ്ങിയ കാര്യങ്ങൾ ഇനിയും വേണ്ട വിധത്തിൽ പഠിക്കപ്പെട്ടിട്ടില്ല. എസ്.എ ജമീലിന്റെ ദുബായ് കത്തു പാട്ടിൽ കേട്ട വൈകാരിക വിക്ഷോഭങ്ങൾ പോലും സാംസ്ക്കാരിക പഠനങ്ങളിൽ കടന്നുവന്നിട്ടില്ല. അത്തരമൊരു സന്ദർഭത്തിലേക്കാണ് ഒരു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനം പ്രവേശിച്ചിരിക്കുന്നത്. മലയാളി കുടുംബജീവിതത്തിൽ എക്കാലത്തും കഠിന സഹനത്താൽ ഇരയാക്കപ്പെട്ടത് സ്ത്രീ മാത്രമാണ്. നിവാസി/പ്രവാസി കുടുംബ ചരിത്രം എടുത്തു നോക്കിയാൽ ഇക്കാര്യം മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നിത്യജീവിതം കടന്നുപോകാനുള്ള ഒരു വഴിയെന്ന നിലയിലാണ് മലയാളിയുടെ കുടുംബ സങ്കൽപ്പം പുലർന്നു പോരുന്നത്. ആ കുടുംബത്തിന്റെ വെളിമ്പറമ്പിലാണ് സ്ത്രീയുടെ നിൽപ്പ്. 46 വർഷം മുമ്പുള്ള ആ നിൽപ്പ് ശ്രീദേവിയുടെ കത്തുകളിലൂടെ ചുരുൾ നിവരുന്നു. ഇതിന് പല മാറ്റങ്ങളുമുണ്ടായി എന്ന് വാദിക്കാമെങ്കിലും ഉള്ളടക്കത്തിന് ഇന്നും ചോരലൊന്നും സംഭവിച്ചിട്ടില്ലെന്ന് പല സംഭവങ്ങളിലൂടെ വർത്തമാന കാലത്തും എളുപ്പത്തിൽ മനസ്സിലാക്കാനാവും. പ്രവാസിയുടെ ദാമ്പത്യം, പ്രത്യേകിച്ചും ഭാര്യയും ഭർത്താവും രണ്ടിടങ്ങളിലായി ജീവിക്കേണ്ടി വരുന്നത് മലയാളി ജീവിതത്തിന്റെ മുഖമുദ്രകളിൽ പ്രധാനപ്പെട്ടതാണ്. അതിന്നും അവസാനിച്ചിട്ടില്ല. എം ഗോവിന്ദൻ വിദൂര ഭർതൃത്വം എന്നു വിളിച്ച, ശശി തരൂർ അസന്തുലിതമായ കേരള വളർച്ച എന്ന് വിമർശിച്ച പ്രതിഭാസമാണ് ബാച്ചിലർ (വിവാഹിതരായിട്ടും അന്യനാടുകളിൽ ഒറ്റക്കൊറ്റക്ക് ദമ്പതികൾ ജീവിക്കേണ്ടി വരുന്നത്) പ്രവാസം.

മലയാളിയുടെ തൊഴിൽ പ്രവാസമുയർത്തിയ നിരവധി സങ്കീർണ്ണതകളെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും വലിയ മാധ്യമം കത്തുകളാണ്. പക്ഷെ ഇവ സ്വകാര്യ വിനിമയങ്ങൾ എന്ന നിലയിൽ പഠിതാക്കൾക്ക് ലഭിക്കാൻ സാധ്യതയില്ലാത്തതുമാണ്. അത്തരം ഒരു പറ്റം കത്തുകളാണ് (അവ വായിക്കാൻ പാടുണ്ടായിരുന്നോ എന്ന ചോദ്യം തീർച്ചയായും ഉയർന്നേക്കാം) വി.ജെ ആന്റണി ഈ ചെറുലേഖനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതിലൂടെ അവഗണിക്കപ്പെട്ട, സഹനത്താൽ മാത്രം അതിജീവിക്കേണ്ടി വന്ന ഒരു മലയാളി സ്ത്രീയുടെ ജീവിതം ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഫിക്ഷനേക്കാൾ ഫിക്ഷനായ യഥാർത്ഥ ആഖ്യാനം. പല തരത്തിൽ സ്വന്തം പുരുഷനാൽ അവഗണിക്കപ്പെട്ട മലയാളി സ്ത്രീയുടെ ജീവചരിത്രത്തിലേക്കു കൂടിയാണ് ഈ കത്തുകൾ ഇപ്പോൾ കണ്ണിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇതെല്ലാം ഒറ്റപ്പെട്ടവ, സാമാന്യവൽക്കരിക്കാൻ പറ്റാത്തവ എന്ന പ്രതികരണങ്ങളും ഉയർന്നേക്കാം. എന്നാൽ ഇത്തരം സന്ദർഭങ്ങൾ സൂക്ഷ്മവൽക്കരിക്കുന്നതിലൂടെ മാത്രമേ മലയാളിയുടെ ദാമ്പത്യ ചരിത്രത്തിൽ പല നിലയിൽ അവഗണിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്ത സ്ത്രീ എന്ന അനുഭവത്തെ നമുക്ക് കണ്ടെത്താൻ സാധിക്കൂ. അതിനു മുതിരാതിരിക്കുന്നതിന്റെ ഏക കാരണം ആൺകോയ്മയല്ലാതെ മറ്റൊന്നുമല്ല താനും.

മറ്റൊരു സ്ത്രീ ജീവിതം ‘രവീന്ദ്രന്റെ എന്റെ കേരള’ത്തിൽ (പേജ് 48) നിന്നുള്ളതാണ്. അദ്ദേഹം എഴുതുന്നു: “ഓർമ്മകളും കേട്ടുകേഴ്വികളും എന്നതുപോലെ എല്ലാ പ്രദേശങ്ങൾക്കും അവയുടെ വിചിത്ര വ്യക്തിത്വങ്ങളുമുണ്ട്. പകലന്തിയോളം പാണ്ടിക്കാട്ടങ്ങാടിയിൽ കാണുന്ന മറിയുമ്മ, അത്തരം വിചിത്ര സ്വഭാവക്കാരിയായ ഒരു മധ്യവയസ്ക്കയാണ്. കല്ല്യാണപ്പന്തലുകളിലും മറ്റു നാട്ടുകൂട്ടങ്ങളിലും സ്വന്തമായി പാട്ടുകൾ കെട്ടിപ്പാടുന്ന അവർ പാട്ടുകാരിയും നാടൻ കവയിത്രിയുമാണ്. നാടൻ പാട്ടുകളുടെ അനന്തഖനിയാണ് മറിയുമ്മ. ദുർഘടങ്ങളായ ഇടവഴികൾ താണ്ടി ഞങ്ങൾ വീട്ടിൽ ചെന്ന രാത്രി, അവർ ഞങ്ങൾക്കായി അനേകം പാട്ടുകൾ പാടി. ഗൾഫിൽ പോയി പിന്നീടൊരിക്കലും തിരിച്ചു വന്നിട്ടില്ലാത്ത തന്റെ ഭർത്താവിനെ ഉദ്ദേശിച്ച് മറിയുമ്മ കെട്ടിയ പാട്ട് ഏതാണ്ട് ഹൃദയ സ്പർശിയാണ്. ബിംബങ്ങളുടേയും രൂപകങ്ങളുടേയും തനി നാട്ടുരീതികളാലും ആവേദനത്തിന്റെ ശുദ്ധ നിഷ്ക്കളങ്കതയാലും അവർ കെട്ടിയുണ്ടാക്കുന്ന പദ്യങ്ങൾ കൗതുകകരങ്ങളാണെന്നു തീർച്ച.”

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടാണ് മറിയുമ്മയുണ്ടായിരുന്നത്. 1994ലാണ് രവീന്ദ്രൻ അവരെ കാണുന്നതും അദ്ദേഹത്തിന്റെ ടി.വി യാത്രാ വിവരണമായ ഏഷ്യാനെറ്റിന്റെ എന്റെ കേരളത്തിനായി പകർത്തുന്നതും. ആ എപ്പിസോഡ് ഞാൻ കണ്ടത് സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്യുന്ന കാലത്താണ്. അവർ അന്ന് പാടിയ വരികൾ സ്വാഭാവികമായും മറന്നു പോയി. ഭർത്താവിനോടുള്ള സ്നേഹത്തെക്കുറിച്ചു പറയുമ്പോൾ ഒരു ഹൽവ പ്രയോഗമുണ്ട്. അതു മാത്രമേ ഓർമ്മയിലുള്ളൂ. അവർ മരിച്ചിട്ട് വർഷങ്ങളായി. ഗൾഫുകാരുടെ കത്തുകളേയും കത്തുപാട്ടുകളേയും കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ മറിയുമ്മ താത്തയുടെ പാട്ടിനെക്കുറിച്ചും അന്വേഷിച്ചിരുന്നു. എന്നാൽ ആ പാട്ടിലെ വരികൾ ആർക്കും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവരുടെ ഭർത്താവിനെ ഗൾഫിൽ എവിടെ വെച്ച് എങ്ങിനെ കാണാതായി എന്നുള്ളതിനെക്കുറിച്ചും ഒരു വിവരവും കിട്ടിയില്ല. രവീന്ദ്രൻ രേഖപ്പെടുത്തിയ ഗൾഫ് പ്രവാസിയുടെ മിസ്സിംഗ് എന്നൊരു പരാമർശം മാത്രമേ ഇന്നുള്ളൂ. അവർ കല്ല്യാണ വീടുകളിൽ അവതരിപ്പിച്ചിരുന്നത് പാടിപ്പതിഞ്ഞ ‘പുതുക്ക’ (വധു വരന്റെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ പാടുന്ന പാട്ടുകൾ) പാട്ടുകളാണ്. അതിനെക്കുറിച്ച് പാണ്ടിക്കാട്ടുള്ള പലരും ഓർക്കുന്നുണ്ട്. 1990കളിൽ മലപ്പുറത്ത് ഇത്തരത്തിൽ പാട്ടുപാടി വധുവിനെ വരന്റെ വീട്ടിലേക്ക് യാത്രയാക്കുന്ന രീതി കുറയുകയും പിന്നീട് മാഞ്ഞുപോവുകയും ചെയ്തു. മറിയുമ്മ ഒറ്റക്കാണ് ജീവിച്ചത്. അങ്ങാടിയിൽ നിന്നും അരി വാങ്ങി ഉൾനാടുകളിലെ വീടുകളിൽ കൊണ്ടു പോയി വിറ്റ് അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ലാഭം കൊണ്ടാണ് അവർ ജീവിച്ചത്. അങ്ങിനെയൊരു കാലത്താണ് രവീന്ദ്രനും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സംഘവും അവരുടെ പാട്ടുകൾ പകർത്താനായി പാണ്ടിക്കാട്ടെ വീട്ടിലെത്തുന്നത്.

ചിത്രീകരണം: നാസർ ബഷീർ

രവീന്ദ്രനെ മറിയമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് പാണ്ടിക്കാട്ടുകാരനും കവിയുമായ വി.പി ഷൗക്കത്തലിയാണ്. നിലമ്പൂരിൽ നിന്നും വരുമ്പോൾ തികച്ചും യാദൃശ്ചികമായി പാണ്ടിക്കാട്ട് അങ്ങാടിയിൽ നിന്നും ഷൗക്കത്തിനെ കാണുന്നതും അത് മറിയമ്മയുടെ പാട്ടു ലോകത്തേക്ക് നയിച്ചതും രവീന്ദ്രൻ എന്റെ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലിന്ന് അവർ സ്വന്തമായി കെട്ടിയുണ്ടാക്കി പാടിയ പാട്ടിന്റെ വരികൾ എവിടെ നിന്നും കിട്ടാനില്ല. ഷൗക്കത്തിനോട് ചോദിച്ചപ്പോൾ എത്രയോ വർഷങ്ങൾ കടന്നുപോയി, ഒരു വരിപോലും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ തലമുറയിലുള്ളവർ, സമകാലികർ-ആ തലമുറ തന്നെ അവസാനിച്ചിരിക്കുന്നു. അതിനാൽ ആ വരികൾ ഏഷ്യാനെറ്റിന്റെ ആർക്കൈവ്സിലേ ഉണ്ടാകൂ-ഷൗക്കത്ത് പറഞ്ഞു. അവിടെ നടത്തിയ അന്വേഷണത്തിലും ആ ടേപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. 90കളിൽ ഷൂട്ട് ചെയ്ത ഫോർമാറ്റിലുള്ളവ ഇന്നത്തെ ഫോർമാറ്റിലേക്ക് മാറ്റാതെ കാണാനും കേൾക്കാനും കഴിയുകയുമില്ല എന്ന സാങ്കേതിക പ്രശ്നവും ബന്ധപ്പെട്ടവർ പങ്കുവെച്ചു. മറിയുമ്മയുടെ ഗൾഫിൽ കാണാതായ ഭർത്താവിനെക്കുറിച്ചുള്ള പാട്ടും ഇപ്പോൾ കാണാതായിരിക്കുന്നുവെന്ന് പറയാം. 200 എപ്പിസോഡുകളിലായാണ് രവീന്ദ്രൻ എന്റെ കേരളം പകർത്തിയത്. അതിൽ നിന്നും മറിയുമ്മയുടെ ശബ്ദമുള്ള എപ്പിസോഡ് കണ്ടെത്തണമെങ്കിൽ ഒരു പക്ഷെ അത് മുഴുവനായും കാണുക തന്നെ വേണ്ടി വരും. അത് പുറത്തുനിന്നുള്ള ഒരാൾക്ക് ഏറെക്കുറെ അസാധ്യമാണെന്നാണ് ഇതിനായി നടത്തിയ അന്വേഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.

1994ൽ ഷൂട്ടിംഗിന് പോയ സമയത്തെ ഓർമ്മകൾ പങ്കുവെച്ച് ഷൗക്കത്ത് ഇങ്ങിനെ പറഞ്ഞു: “അവർ ആദ്യം ക്യാമറക്കു മുന്നിൽ വരാൻ മടിച്ചു. പിന്നീട് കല്ല്യാണപ്പാട്ടുകൾ പാടിത്തുടങ്ങി. തുടർന്ന് എന്റെ ഭർത്താവിനെക്കുറിച്ചുള്ള പാട്ട്, സ്നേഹത്തെക്കുറിച്ചുള്ള പാട്ട് എന്നു പറഞ്ഞുകൊണ്ട് പാടാൻ തുടങ്ങി. ആ പാട്ടിനെക്കുറിച്ചാണ് രവീന്ദ്രൻ എഴുതിയിരിക്കുന്നത്.”

പാണ്ടിക്കാട്ടുകാരനും കവിയും ഫോട്ടോഗ്രഫറും ജിദ്ദയിൽ മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ സ്വന്തം സ്റ്റുഡിയോ നടത്തുകയും ചെയ്യുന്ന കെ.സി അലവിക്കുട്ടിയോട് മറിയുമ്മയുടെ പടമുണ്ടോ എന്നന്വേഷിച്ചപ്പോൾ ഉണ്ട് ഇപ്പോൾ അയച്ചു തരാമെന്ന് പറഞ്ഞു. ആ കളർ ചിത്രത്തിൽ അവരുടെ മുഖം ഏറെക്കുറെ മാഞ്ഞുപോയിരുന്നു. തലയിൽ തട്ടവും മുഷിഞ്ഞ ചുകപ്പു നിറത്തിലുള്ള പെങ്കുപ്പായവും പുള്ളിത്തുണിയുമാണ് അവരുടെ വേഷം. അലവിക്കുട്ടി പറഞ്ഞു: “സ്റ്റുഡിയോയുടെ പ്രചാരണത്തിന് വെച്ചിരുന്ന ഫ്ലക്സ് ബോർഡിൽ ഉപയോഗിച്ച പടമാണ്. മഴയും വെയിലും കൊണ്ട് ഫ്ലക്സ് ബോർഡിൽ നിന്നും അവരുടെ മുഖം മാഞ്ഞുപോയി. ഒറിജിനൽ ഫോട്ടോ എവിടെ വെച്ചു എന്നോർമ്മയുമില്ല”. സ്ത്രീ ചരിത്രത്തെക്കുറിച്ച് പറയാനുള്ള രണ്ടു രൂപകങ്ങളും, മറവിയും മായലും ഞങ്ങളുടെ സംഭാഷണങ്ങളിലൂടെ പുറത്തുവന്നുകൊണ്ടേയിരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read