‘നവകേരള’ത്തിൽ മത്സ്യത്തൊഴിലാളികളുടെ സ്ഥാനം എവിടെയാണ്?

സവിശേഷ സാഹചര്യത്തിൽ ജീവിക്കുന്ന ജനവിഭാഗമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ ഉയർത്തികൊണ്ടു വരുന്നതിനായി സ്റ്റേറ്റിന്റെ പ്രത്യേകമായ ശ്രദ്ധ ഉണ്ടവേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ 222 തീരദേശ മത്സ്യബന്ധനഗ്രാമങ്ങളിലും, 113 ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലുമായി ഏകദേശം 10.50 ലക്ഷം മത്സ്യത്തൊഴിലാളികൾ വസിക്കുന്നുണ്ട്. തങ്ങളുടെ ഉപജീവനത്തിനായി മത്സ്യബന്ധനത്തിൽ ഏർപ്പെടുകയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ള 2,40,867 സജീവ മത്സ്യത്തൊഴിലാളികളും 85,094 അനുബന്ധ മത്സ്യത്തൊഴിലാളികളുമുണ്ട്. (അവലംബം: കേരളാ ഫിഷർമെൻ വെൽഫെയർ ഫണ്ട്‌ ബോർഡ്, സാമ്പത്തിക അവലോകന റിപ്പോർട്ട് 2022, കേരള സംസ്ഥാന ആസൂത്രണ ബോർഡ്).

മറൈൻ പ്രൊഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ.) യുടെ കണക്കനുസരിച്ച് 2021-22വർഷം 13,69,264 മെട്രിക് ടൺ മത്സ്യം കയറ്റുമതി ചെയ്തതിലൂടെ രാജ്യത്തിന് 57,586.5 കോടി രൂപയുടെ വിദേശനാണ്യം ലഭിച്ചിട്ടുണ്ട്.ഇതിൽ കേരളത്തിന്റെ പങ്ക് യഥാക്രം 1,80,315 മെട്രിക് ടണ്ണും 6,396.2 കോടി രൂപയുമാണ്. ഇത് കൂടാതെ കേരളത്തിലെ പൊതുസമൂഹത്തിന് കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷകമൂല്യമുള്ള ആഹാരം ഉത്പാദിപ്പിച്ച് നൽകുന്നതിലൂടെ പൊതുസമൂഹത്തിന്റെ ആരോഗ്യത്തിലും, നാടിന്റെ ഭക്ഷ്യസുരക്ഷയിലും വലിയ പങ്കും മത്സ്യത്തൊഴിലാളികൾ വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും, ഭക്ഷ്യ സുരക്ഷയിലും രാജ്യ സുരക്ഷയിലും വളരെയധികം സംഭാവന നൽകുന്ന ജനവിഭാഗമെന്ന നിലയിലും, സാമൂഹ്യ-സാമ്പത്തിക അവസ്ഥ കണക്കിലെടുത്തും പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണ് മത്സ്യത്തൊഴിലാളികൾ. എന്നാൽ ആ നിലയിലുള്ള യാതൊരു പരിഗണനയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടില്ല.

മത്സ്യത്തൊഴിലാളികൾ. കടപ്പാട്:flicker

ഐക്യ രാഷ്ട്രസഭ വികസന പദ്ധതി (യു.എൻ.ഡി.പി)യുടെ മാനദണ്ഡമനുസരിച്ച് ഒരു സമൂഹം ഉദ്പാദിപ്പിക്കുന്ന ജി.ഡി.പി.യുടെ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ആ സമൂഹത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി ഒരു ക്ഷേമരാഷ്ട്രം ചെലവഴിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ മത്സ്യമേഖലയെ സംബന്ധിച്ച് ഇത് വെറും ഒരു ശതമാനം ആണെന്ന് കാണാം. 2019-20 വർഷം മത്സ്യമേഖയിൽ നിന്നുള്ള ജി.ഡി.പി. 10,73,610 ലക്ഷം രൂപ ആയിരുന്നു. മത്സ്യമേഖയിലെ സാമൂഹ്യ ക്ഷേമപദ്ധതികൾക്കായി ചെലവഴിച്ച തുകയാകട്ടെ 11,112 ലക്ഷം രൂപയും. മത്സ്യമേഖലയിലെ ജി.ഡി.പി.യുടെ 1.03 ശതമാനം മാത്രമേ സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളൂ. 8.2 ലക്ഷം ഗുണഭോക്താക്കൾക്കായാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്. അപ്പോൾ ഒരു ഗുണഭോക്താവിന് ശരാശരി ലഭിച്ചത് വെറും 1354 രൂപ മാത്രം. (അവലംബം : പതിനാലാം പഞ്ചവത്സര പദ്ധതി: മത്സ്യമേഖല വർക്കിംഗ്‌ ഗ്രൂപ്പ്‌ റിപ്പോർട്ട്. -പേജ് 38). സാമൂഹ്യ സുരക്ഷാപദ്ധതികൾ നിർലോഭം നടപ്പിലാക്കുന്നുവെന്ന് പറയുന്ന ഒരു സർക്കാറിന്റെ കാലഘട്ടത്തിലാണ് ഒരു വർഷം ഒരു മത്സ്യതൊഴിലാളിക്കായി ശരാശരി ചെലവഴിക്കുന്നത് വെറും 1354 രൂപ ആണെന്ന കാര്യം സർക്കാർ രേഖകളിലൂടെ പുറത്തുവരുന്നത്.

മറ്റേതൊരു തൊഴിൽ മേഖലയെക്കാളും ഏറെ പ്രത്യേകതകളുള്ളതാണ് കടൽ മത്സ്യ ബന്ധനമേഖല. ഏറ്റവുമധികം അപകടകരമായ തൊഴിലാണ് മത്സ്യബന്ധനം. തൊഴിലിനിടയിൽ എപ്പോൾ വേണമെങ്കിലും ജീവനും, തൊഴിലുപകരണങ്ങളും നഷ്ടപ്പെടാവുന്ന അവസ്ഥ.മത്സ്യബന്ധനത്തിനു പോകുമ്പോഴും, മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴും കടൽതിരയിൽപ്പെട്ട് അപകടം ഉണ്ടാകുന്നതും, ജീവനും, ജീവിതോപാധികളും നഷ്ടപ്പെടുന്നതും കേരളത്തിൽ നിത്യ സംഭവമായി മാറിയിട്ടുണ്ട്. അന്നന്നത്തേക്കുള്ള അന്നം തേടി പോകുന്നവരുടെ ചേതനയറ്റ ശരീരമാണ് കുടുംബാംഗങ്ങൾക്ക് പലപ്പോഴും തിരികെ ലഭിക്കുന്നത്. മരണപ്പെടുന്നവരുടെ മൃതദേഹം പോലും മിക്കപ്പോഴും കിട്ടാറില്ല. മൃതദേഹമെങ്കിലും കണ്ടെത്തി കുടുംബാംഗങ്ങൾക്ക് നൽകി അവരുടെ ദുഃഖത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് സർക്കാർ സംവിധാനങ്ങൾക്ക് പലപ്പോഴും തോന്നാറില്ല. ദുരന്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് പോകേണ്ടിവരുന്നതും, മത്സ്യത്തൊഴിലാളികളുടെ മൃതദേഹമെങ്കിലും കരയ്ക്കെത്തിക്കുന്നത് അപകടത്തിൽപെട്ടവരുടെ ബന്ധുക്കളോ, തുറക്കാരോ ആയിട്ടുള്ള മത്സ്യത്തൊഴിലാളികൾ തന്നെയാണെന്നതാണ് ഏറെ ദുഃഖകരമായ അവസ്ഥ. ഓഖി ദുരന്തത്തിൽ മരണപ്പെട്ട നിരവധി മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടുകിട്ടിയിട്ടില്ല എന്നത് ഓർക്കുക.

അതീവ പാരിസ്ഥിക ദുർബല മേഖലയായ കടലിലും, കടൽത്തീരങ്ങളിലും നടത്തുന്ന ഏതൊരു പ്രവർത്തനവും കടൽ സമ്പത്തിനേയും, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും വളരെയേറെ ബാധിക്കുന്നവയാണ്. മത്സ്യസമ്പത്തിനേയും, അതിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളിയുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതോ ഭാവിയിൽ ബാധിക്കാനിടയുള്ളതോയായ യാതൊരു നടപടികളൊന്നും സ്വീകരിക്കാതിരിക്കുക എന്ന സമീപനമായിരിക്കണം ക്ഷേമ തല്പരരായ ഏതൊരു സർക്കാരും കൈക്കൊള്ളേണ്ടത്.

ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങൾ 1990 കളിൽ രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയത്, നമ്മുടെ കടൽ തീരങ്ങളിൽ മത്സ്യബന്ധത്തിന് വിദേശ ട്രോളാറുകൾക്ക് അനുമതി നൽകികൊണ്ടായിരുന്നു. ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യവും എളുപ്പവുമായ മേഖലയെന്ന് കരുതിയാണ് സർക്കാർ മത്സ്യബന്ധനത്തിന് വിദേശ ട്രോളാറുകൾക്ക് അനുമതി നൽകിയത്. സർക്കാർ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളികളുടെ അതിശക്തമായ സമരത്തെതുടർന്ന് സർക്കാർ ഉദ്ദേശിച്ചത്ര വേഗതയിൽ ആഗോളവൽക്കരണ നടപടികൾ ഈ മേഖലയിൽ തുടർന്നുകൊണ്ടുപോകുവാൻ കഴിഞ്ഞില്ല. എന്നാൽ സമീപകാലങ്ങളിലായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യബന്ധനമേഖലയിൽ നടപ്പിലാക്കുന്ന ‘പദ്ധതികൾ’ എല്ലാം തന്നെ ആഗോളവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങളുടെ തുടർച്ചയും, അവ അതിവേഗം നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് കാണാൻ കഴിയും.

ബ്ലൂ ഇക്കണോമിയുടെ പ്രശ്നങ്ങൾ

ആഴക്കടലിന്റെ അടിത്തട്ടിലുള്ള എണ്ണയും (പെട്രോളിയം) പ്രകൃതിവാതകവും മാത്രമല്ല, തീരമെന്നോ, തീരക്കടലെന്നോ ആഴക്കടലെന്നോയുള്ള വ്യത്യാസമില്ലാതെ, പണത്തിന്റെ അടിസ്ഥാനത്തിൽ വിലപിടിപ്പുള്ള നിരവധി ഖനിജങ്ങൾ ചൂഷണം ചെയ്യാൻ പോകുന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള ബ്ലൂ ഇക്കണോമി. ഈ ബ്ലൂ ഇക്കോണമി നയത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ ആഭ്യന്തര വരുമാനം (G.D.P.) ഇരട്ടിയാക്കണം എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. കൂടുതൽ പണം മുടക്കി, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഴക്കടലിലെ മത്സ്യ ഉൽപ്പാദനം കൂട്ടുന്നതിന് സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ തീവ്രമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിക്കാനും നടപടികൾ വേണമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ സമുദ്രത്തിൽ ലഭ്യമായ മത്സ്യസമ്പത്ത് ഇപ്പോൾ തന്നെ അമിത ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നറിയേണ്ടതുണ്ട്. കടലിൽ അനിയന്ത്രിതമായി നടത്തുന്ന ഖനനം തന്നെയാണ് ബ്ലൂ ഇക്കോണമി രേഖയിലെ പ്രധാന നയം. കൂടാതെ കടൽ ടൂറിസം, തീരമേഖലയിലെ വ്യവസായങ്ങൾ, പോർട്ടുകളുടെ വികസനം എന്നീ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു വിഷയം തീരമേഖലകളിലെ ഭൂ ഉപയോഗ ആസൂത്രണമാണ് (spatial planning). മീൻപിടുത്തക്കാരെയും കടലോരത്ത് വസിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ഏറ്റവും ആപൽക്കരമായത് തീരത്തെയും കടലിലെയും ഖനനവും, പോർട്ടുകളുടെ വികസനവും, കടലോരത്ത് വരാൻ പോകുന്ന വ്യവസായങ്ങളും അത് സൃഷ്ടിക്കാൻ പോകുന്ന മലിനീകരണവുമാണ്.

മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകൾ. കടപ്പാട്:flicker

നിലവിലുള്ള തീരനിയന്ത്രണ വിജ്ഞാപനത്തിലെ (CRZ) വ്യവസ്ഥകൾ അറ്റോമിക് ധാതുക്കൾ ഒഴികെ (നമ്മുടെ ആലപ്പാട് നടക്കുന്നത്) മറ്റ് ധാതുക്കളുടെ ഖനനം നടത്തുന്നതിന് തടസ്സമാണെന്നും അതുകൊണ്ട് ഉചിതമായി തിരുത്തണമെന്നും നയരേഖയിൽ പറയുന്നു. കടലിന്റെ അടിത്തട്ടിലുള്ള നിക്കൽ, യൂറേനിയം, കോപ്പർ, തോറിയം, പോളി-മെറ്റാലിക് സൾഫൈഡുകൾ, പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, തീരത്തുള്ള ഇൽമനൈറ്റ്, ഗാമെറ്റ്, സിർക്കോൺ എന്നിവ ഇന്ത്യയുടെ കടലിന്റെ അടിത്തട്ടിൽ സുലഭമായി ലഭിക്കുമെന്നും അവ ഖനനം ചെയ്തെടുക്കണമെന്നുമാണ് ബ്ലൂ ഇക്കണോമി നയരേഖയിൽ പറയുന്നത്. ഇത് വളരെ നിർണ്ണായകമാണ്. വികസിത രാജ്യങ്ങൾ പോലും തീരക്കടലിന്റെ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് പരമാവധി ആഴക്കടലിലാണ് ഖനന പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള തീര നിയന്ത്രണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് 3 പ്രകാരം, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 1991ൽ 12 മൈൽ വരെയുള്ള കടൽ മേഖല കൂടി CRZന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്. അതാണിപ്പോൾ ബ്ലൂ ഇക്കോണമിയുടെ പേരിൽ മാറ്റണമെന്ന് ഈ കരടു രേഖയിൽ പറയുന്നത്. ഈ തീരക്കടൽ തന്നെയാണ് നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഏറ്റവും പ്രധാനം എന്നതാണ് വസ്തുത.

കടലിന്റെ അടിത്തട്ട് എന്ന് പറയുന്നത് മത്സ്യ സമ്പത്തിന്റെ ആവാസ വ്യവസ്ഥകൾ കൂടിയാണ്, തീരക്കടലിൽ പ്രത്യേകിച്ചും. ആഴക്കടലിലും തീരക്കടലിലും വ്യാപകമായ ഖനനം നടന്നാൽ അത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നത് ഉറപ്പാണ്. ഇന്ത്യയിലെ രണ്ട് പ്രധാന കോർപ്പറേറ്റുകൾക്കായി ഈ കടൽ സമ്പത്ത് വീതം വയ്ക്കാനുള്ള പദ്ധതിയാണ് യഥാർത്ഥത്തിൽ ബ്ലൂ ഇക്കോണമിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. എണ്ണ, പ്രകൃതി വാതകങ്ങൾ (പെട്രോളിയം) എന്നിവ അംബാനി ഗ്രൂപ്പിനും, ധാതു സമ്പത്തിന്റെ ഖനനം അദാനിക്കുമായാണ് വീതംവയ്പ് നടത്താൻ പോകുന്നത്. അദാനി ആസ്‌ട്രേലിയയിൽ കടലിൽ നിന്നും കൽക്കരി ഖനനം ചെയ്യാനുള്ള വലിയൊരു പദ്ധതി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരെ ആ പ്രദേശത്തെ ജനങ്ങൾ ശക്തമായ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഷിപ്പിംഗ് മന്ത്രാലയം 2015 ജൂലായിൽ അംഗീകരിച്ച ഒരു വമ്പൻ വികസന പദ്ധതിയാണ് സാഗർമാല. രാജ്യമൊട്ടാകെ നിരവധി പുതിയ തുറമുഖങ്ങൾ നിർമ്മിക്കാനും അവയുടെ അടുത്തായി കയറ്റുമതി ലക്ഷ്യത്തോടെ വൻ വ്യവസായങ്ങളുടെ സാമ്പത്തിക മേഖലകളും (Coastal Economic Zone) അവയെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ്-റെയിൽ സൗകര്യങ്ങളും അടങ്ങുന്ന ഒരു ബൃഹത് പദ്ധതിയാണത്. ഈ പദ്ധതി ഏതാണ്ട് മുഴുവനായും ബ്ലൂ ഇക്കോണമിയിൽ ഉൾപെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ ഇക്കണോമിക് സോണുകളുടെ ചുവടുപിടിച്ച് വൻ നികുതി ആനുകാല്യങ്ങളും നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതാണിത്. കേരളത്തിലെ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനിടയുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി കരടു നയരേഖ.

വിഴിഞ്ഞവും കരിമണൽ ഖനനവും

സാമ്പത്തിക-പാരിസ്ഥിതിക മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ അതേപോലെ തന്നെ പിന്തുടരുന്ന സമീപനമാണ് സംസ്ഥാന സർക്കാറിനുമുള്ളത്. ഇത് തീരദേശത്ത് നടപ്പിലാക്കുന്ന പദ്ധതികളിലൂടെ കൂടുതൽ വ്യക്തമാകുന്നുണ്ട്. കടലിന്റെയും, തീരത്തിന്റെയും അതീവ ലോല പരിസ്ഥിതിയെ മൊത്തത്തിൽ നശിപ്പിക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

നീണ്ടകര മുതൽ തോട്ടപ്പള്ളിവരെയുള്ള തീരത്ത് കരിമണൽ ഖനനം ചെയ്യുന്നതിന്റെ ഫലമായി നീണ്ടകര, പന്മന, ആലപ്പാട്, ആറാട്ടുപുഴ, പുറക്കാട് പഞ്ചായത്തുകളിലെ തീരങ്ങൾ വലിയതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്. തന്മൂലം കരയിൽ നിന്നും പ്രവർത്തിക്കുന്നതും ധാരാളം തൊഴിലവസരങ്ങൾ പ്രദാനം ചെയ്തിരുന്നതുമായിരുന്ന കമ്പാവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. താരതമ്യേന വയസ്സായവർക്കും ആരോഗ്യക്ഷമത അധികം ഇല്ലാത്തവർക്കും പോലും കമ്പാവല വലിക്കാൻ കഴിയുമായിരുന്നു എന്നതിനാൽ, കമ്പാവല പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ മത്സ്യതൊഴിലാളികളിലെ തന്നെ ഏറ്റവും ദുർബലമായ ഗ്രൂപ്പാണ് തൊഴിൽരഹിതരായതും, അവരുടെ കുടുംബങ്ങളിൽ ദാരിദ്ര്യത്തിന്റെ തീവ്രതകൂടിയതും.തീരങ്ങൾ ഇല്ലാതെയാതയോടെ കരയിൽ നിന്നും ദിവസവും മത്സ്യബന്ധനത്തിന് പോയി, തിരിച്ചുവന്ന് അതാത് കരകളിൽ അടുക്കുമായിരുന്ന താങ്ങു വള്ളം, കൊച്ചുവള്ളം എന്നിവയും പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നു. കമ്പാവല, താങ്ങുവള്ളം, കൊച്ചുവള്ളം എന്നിവ തയ്യാറാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും താരതമ്യേന കുറഞ്ഞ മുതൽ മുടക്കും, പ്രവർത്തന ചെലവും മതിയായിരുന്നു.അതുകൊണ്ട് തന്നെ മത്സ്യതൊഴിലാളികൾ തന്നെയായിരുന്നു ഈ മത്സ്യബന്ധന ഉരുക്കളുടെ ഉടമകളും. കരയിൽ നിന്നും ദിവസേന മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത സാഹചര്യം വന്നതോടെ ഹാർബറുകൾ വഴി മത്സ്യബന്ധനത്തിന് പോയി വരുന്ന ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വലിയ വള്ളങ്ങൾ ഇറക്കാൻ നിർബന്ധിതരായി. ഈ വള്ളങ്ങൾ സംഘടിപ്പിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും, വലിയ മുതൽമുടുക്കും, പ്രവർത്തനചെലവും ആവശ്യമായി വന്നു. ഇത് മത്സ്യത്തൊഴിലാളികൾക്ക് താങ്ങാൻ പറ്റുന്നതതുകൊണ്ട് മേൽപ്പറഞ്ഞ മത്സ്യബന്ധന ഉരുക്കൾ തീരപ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമാകുകയും ജീവിതാവസ്ഥ മോശമാകുകയും ചെയ്തു.

വിഴിഞ്ഞത്തെ മത്സ്യവിൽപ്പന. കടപ്പാട്:flicker

കേരളത്തിന്റെ തീരക്കടൽ, ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മത്സ്യ പ്രജനന കേന്ദ്രവും ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, കുഴികളുമൊക്കെ മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, കടലിലും തീരത്തും നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും, പ്രകൃതിദത്തമായ പാരുകളേയും കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.

കേരള വികസന റിപ്പോർട്ട് 2021(കേരള സംസ്ഥാന പ്ലാനിങ് ബോർഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം മാത്രമാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആർ. ഐ) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്.മറിച്ച് മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക-സാമൂഹിക വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. എന്നാൽ വികസനം എന്നപേരിൽ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

ഒരു ലോകകോർപ്പറേറ്റ് മുതലാളിയായ അദാനിക്ക് മാത്രം ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ നടക്കുന്നതിന്റെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നിൽ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. തുറമുഖനിർമ്മാണത്തിലെ ഒരു ഘടകം, കടൽ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിന് തെക്കുവശം കരയിൽ നിക്ഷേപിച്ച് കടൽതീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടൽ കുഴിച്ചപ്പോൾ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങൾ നഷ്ടമാകുകയും, വീടും തൊഴിൽസ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തിലെ തന്നെ ഒരു പ്രധാന മത്സ്യ പ്രജനന-ആവാസ കേന്ദ്രമാണ് വിഴിഞ്ഞം ഉൾപ്പെടുന്ന കൊല്ലം വാഡ്ജ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലിൽ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, നിർമ്മാണപ്രവർത്തനവും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും പ്രകൃതിദത്തമായ പാരുകളുടേയും, കടൽ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും. ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകർക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.

ഹാർ​ബറിൽ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ. കടപ്പാട്:mathrubhumi

വിഴിഞ്ഞം സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ പ്രധാനമായതായിരുന്നു തുറമുഖ നിർമ്മാണത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് അതിവേഗം ലഭ്യമാക്കും എന്നത്. വിഴിഞ്ഞം തുറമുഖനിർമാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിക്കാനായി എം. ഡി. കുലാഡെയുടെ നേതൃത്വത്തിൽ നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ സമര സമിതി പ്രമുഖ സമുദ്രശാസ്ത്രഞ്ജൻ ഡോക്ടർ കെ.വി തോമസ് അദ്ധ്യക്ഷനായ ഒരു ജനകീയ പഠന സമിതിയെ വിഷയം ഗൗരവമായി പഠിക്കാൻ നിയോഗിക്കുകയുണ്ടായി. ജനകീയപഠന സമിതി അടുത്തിടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയാണ് തുറമുഖ കമ്പിനി തുറമുഖനിർമ്മാണത്തിന് അനുമതി വാങ്ങിയതെന്ന് പറയുന്ന റിപ്പോർട്ട്, സമരകാലത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ആശങ്കകൾ പൂർണ്ണമായും ശരിയായിരുന്നെന്നും, വിഴിഞ്ഞം അദാനിപോർട്ട് സാമ്പത്തികമായി ലാഭകരമാകില്ലെന്നും, തുറമുഖം മൂലമുണ്ടാകാൻ പോകുന്ന നഷ്ടം വളരെവലുതാണെന്നും ചൂണ്ടികാട്ടുന്നുണ്ട്.

പുറന്തള്ളപ്പെടുന്നവർ

സവിശേഷശ്രദ്ധ വേണ്ട ജനവിഭാഗങ്ങളെ പൊതുധാരയിലെത്തിക്കുന്നതിന് വേണ്ടിയാണ് പൊതുവിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ (പ്ലാൻ വിഹിതത്തിൽ)അവർക്കായി പ്രത്യേക ഘടകപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ 65വർഷത്തെ ആസൂത്രണ-വികസന പ്രക്രിയിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിന് യാതൊരു സവിശേഷ പരിഗണനയും നൽകിയിട്ടില്ല എന്നതോ പോകട്ടെ, ജനാധിപത്യപരമായ രീതിയിൽ കിട്ടേണ്ട, പൊതുസ്വത്തിന്റെയും വിഭവങ്ങളുടെയും പങ്ക് വെപ്പിലും ഇവരെ ബോധപൂർവം അവഗണിച്ചവെന്ന് കാണാം. നാട്ടിൽ നടന്നിട്ടുള്ള വികസനത്തിന്റെ ഗുണഫലങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായിട്ടില്ല. ഭൂമിയുടെമേലുള്ള ഉടമസ്ഥാവകാശം നാമമാത്രമാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തിങ്ങിഞെരുങ്ങി ജീവിക്കേണ്ടിവരുന്നവരാണ് മത്സ്യത്തൊഴിലാളികൾ. രണ്ടും മൂന്നും സെന്റ് ഭൂമിയിൽ, ഒരു ചെറിയ വീടിനുള്ളിൽ ഒന്നിലധികം കുടുംബങ്ങൾ ഒരുമിച്ചു താമസിക്കേണ്ടി വരുന്നു. കുടിവെള്ളം, ആരോഗ്യം,ശുചിത്വ സംവിധാനങ്ങൾ എന്നിവ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾക്ക് ഇപ്പോഴും അപ്രാപ്യമാണ്.

ജനകീയസൂത്രണത്തിന്റെ 25 വർഷങ്ങൾ കഴിഞ്ഞപ്പോഴും മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളിൽ (പ്ലാൻ വിഹിതം) മത്സ്യതൊഴിലാളികളുടെ ക്ഷേമവും വികസനവും മുൻനിർത്തിയുള്ള പ്രത്യേകമായ ഒരു പദ്ധതിയും നടപ്പിലാക്കാൻ സർക്കാർ നാളിതുവരെ നിർദ്ദേശം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവർക്കും ബാധകമായതും മത്സ്യത്തൊഴിലാളികളുടെ സവിശേമായ വികസന ആവശ്യങ്ങൾക്ക് പരിഗണന നൽകാത്തതുമായ, പ്ലാനിങ് ബോർഡിന്റെ പൊതുനിർദ്ദേശങ്ങൾ അനുസരിച്ചുള്ള പദ്ധതി പ്രവർത്തനങ്ങൾ നടത്താനേ തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയുന്നുള്ളൂ. ഇതുമൂലം സവിശേഷപരിഗണന അർഹിക്കുന്ന മത്സ്യത്തൊഴിലാളികൾക്കായി തീരദേശ തദ്ദേശസ്വയംഭരണസ്ഥാപന
ങ്ങളിൽപോലും, പട്ടികജാതി ഘടക പദ്ധതി, പട്ടികവർഗ്ഗ ഘടക പദ്ധതി, വനിതാ ഘടക പദ്ധതി എന്നിവപോലെ മത്സ്യത്തൊഴിലാളികളുടെ മാത്രം ക്ഷേമം ലക്ഷ്യമിടുന്ന കോസ്റ്റൽ സബ് പ്ലാൻ എന്ന പ്രത്യേകഘടക പദ്ധതി ആവിഷ്കരിക്കാനോ അതിന്റെ അടിസ്ഥാനത്തിലുള്ള പ്രോജക്റ്റുകൾ നടപ്പിലാക്കാനോ കഴിയാറില്ല. തീരദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ മുഖ്യപങ്കു വഹിക്കേണ്ട ഫിഷറീസ് ഇൻസ്‌പെക്ടറെ, കൃഷി ഓഫീസർക്ക് പകരമായി പ്ലാൻ കോഡിനേറ്റർ ആക്കണമെന്ന നിർദ്ദേശവും, തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഒരു ‘തീരദേശഘടകപദ്ധതി’ നടപ്പിലാകണമെന്നും, അതിനുള്ള മാർഗ്ഗനിർദ്ദേശനങ്ങൾ പുറപ്പെടുവിക്കണമെന്നുള്ള ആവശ്യവും സർക്കാരും സംസ്ഥാന പ്ലാനിംഗ് ബോർഡും നാളിതുവരെ അംഗീകരിച്ചിട്ടില്ല.

ആരെയാണ് സർക്കാർ പരി​ഗണിക്കുന്നത്?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സർക്കാരും, സർക്കാർ ഏജൻസികളും വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അവസ്ഥ എന്തെന്ന് നോക്കാം.

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് 2022-23 വർഷത്തിൽ 2022 ആ​ഗസ്റ്റ് 31 വരെ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, കോവിഡ്-19 ധനസഹായം എന്നിങ്ങനെ ഇനങ്ങളിലായി, സർക്കാർ സഹായത്തോടെയുള്ള ക്ഷേമ പദ്ധതികളിൽ 60684 ഗുണഭോക്താക്കൾക്കായി 37,91,87,635 രൂപയും, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള സഹായങ്ങൾ, മാരകരോഗങ്ങൾക്കുള്ള ചികിത്സാസഹായം, മത്സ്യത്തൊഴിലാളികളുടെ പെണ്മക്കൾക്കൾക്ക് വിവാഹത്തിന് ധനസഹായം, മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴുണ്ടാകുന്ന മരണത്തിനുള്ള ധനസഹായം, ചെയർമാന്റെ ക്ഷേമനിധി ഫണ്ടിൽ നിന്നുള്ള സഹായം തുടങ്ങിയ ഇനങ്ങളിലായി ബോർഡ് നടപ്പിലാക്കിയ പദ്ധതികളിലൂടെ 140 ഗുണഭോക്താക്കൾക്കായി 40,33,522 രൂപയും, ഇൻഷ്വറൻസ് കോമ്പൻസേഷൻ-മരണം, ഇൻഷ്വറൻസ് കോമ്പൻസേഷൻ അംഗവൈകല്യം (സ്ഥിരം, താത്കാലികം), ഇൻഷ്വറൻസ് കോമ്പൻസേഷൻ-ആശുപത്രി ചെലവ് തുടങ്ങിയ ഇനങ്ങളിലായി ഗ്രൂപ്പ്‌ ഇൻഷ്വറൻസ് (കോമ്പൻസേഷൻ) പദ്ധതിയിലൂടെ 156 ഗുണഭോക്താക്കൾക്കായി 5,57,54,662 രൂപയും ഉൾപ്പെടെ ആകെ 60980 ഗുണഭോക്താക്കൾക്കായി 43,86,57,060 രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇത് 2021-22ൽ യഥാക്രമം 4,88,615 ഗുണഭോക്താക്കളും 155,27,62,971 രൂപയും 2020-21 ൽയഥാക്രമം 4,91,946 ഗുണഭോക്താക്കളും163,46,42,505 രൂപയുമായിരുന്നു. (അവലംബം: സാമ്പത്തിക അവലോകനം 2022, സാമ്പത്തിക അവലോകനം 2021 – കേരള സംസ്ഥാന ആസൂത്രണബോർഡ്).

അതായത്, കേരള ക്ഷേമനിധി ബോർഡ് നടപ്പാക്കിയ ക്ഷേമ പദ്ധതികളിലൂടെ അപേക്ഷിച്ച് അർഹതപ്പെട്ട ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരിതുക 2022-23(31.08.23വരെ)ൽ 7193.45 രൂപയാണ്. 2021-22ൽ ഇത് ശരാശരി 3177.89 രൂപയും 2020-21ൽ ഇത്ശരാശരി 3323 രൂപയുമായിരുന്നു. (2022-23വർഷത്തിൽ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ എന്നിവയുടെ വർദ്ധിപ്പിച്ച തുക വിതരണം ചെയ്തതാണ് ആളോഹരി തുക വർദ്ധിക്കാൻ കാരണം.)

അതേസമയം, കേരള സംസ്ഥാന മുന്നാക്ക വിഭാഗ ക്ഷേമ കോർപ്പറേഷൻ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി സ്കോളർഷിപ്പ്, കോച്ചിംഗ് സഹായം, ഗഡുവായ്പാ സഹായം, നൈപുണ്യ സംരംഭകത്വ വികസനം (214 കൂട്ടുത്തരവാദിത്വ സംഘങ്ങൾക്കും, 78 വ്യക്തികൾക്കും), ആഗ്രഹാരങ്ങളുടെ നവീകരണം, മംഗല്യ സമുന്നതി എന്നീ പദ്ധതികളിലായി 13696ഗുണഭോക്താക്കൾക്ക് 13,96,19,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. 2020-21 ൽ മേൽ ഇനങ്ങളിലായി 32589 ഗുണഭോക്താക്കൾക്ക് 24,56,76,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. 2022-23വാർഷിക പദ്ധതിയിൽപ്പെടുത്തി ചെലവഴിച്ച തുകയുടെ വിവരങ്ങൾ ലഭ്യമല്ല. (അവലംബം: സാമ്പത്തിക അവലോകനം 2022, സാമ്പത്തിക അവലോകനം 2021 -കേരള സംസ്ഥാന ആസൂത്രണ ബോർഡ്). 2021-22 ൽ കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷൻ വാർഷിക പദ്ധതിയിൽപ്പെടുത്തി പദ്ധതിയ്ക്ക് അപേക്ഷിച്ച ഒരു മുന്നാക്ക സമുദായ അംഗത്തിന് ശരാശരി 10194.89 രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. 2020-21ൽ ഇത് 7539 രൂപ ആയിരുന്നു.

അതായത്, 2020-21ൽ പദ്ധതി വിഹിതത്തിൽപ്പെടുത്തി ഒരു മത്സ്യത്തൊഴിലാളിക്ക് സാമൂഹ്യ ക്ഷേമത്തിന് വേണ്ടി 3,323 രൂപ മാത്രം നൽകിയപ്പോൾ അതേ മാനദണ്ഡ പ്രകാരം ഒരു മുന്നാക്കസമുദായക്കാരന് നൽകിയ ശരാശരി പദ്ധതി വിഹിതം 7,539 രൂപയായിരുന്നു. 2021-22 ൽ മത്സ്യത്തൊഴിലാളിക്ക് ശരാശരി 3177.89 രൂപ മാത്രം സാമൂഹ്യക്ഷേമത്തിന് വേണ്ടി ചെലവഴിച്ചപ്പോൾ, ഒരു മുന്നാക്ക സമുദായ അംഗത്തിന് വേണ്ടി ചെലവഴിച്ച ശരാശരിതുക 10194.89 രൂപ ആയിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമത്തിന് നൽകുന്നതിന്റെ മൂന്നിരട്ടിയിലധികം തുക മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിന് നൽകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

തീരദേശ ഹൈവേയും, പുനർഗേഹവും

സാമ്പത്തിക-സാമൂഹിക അവഗണന നേരിടുന്ന ഒരു ജനവിഭാഗത്തിന്റെ, തൊഴിലിടങ്ങളും കിടപ്പാടവും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള മറ്റൊരു ‘വികസനമാണ്’ സർക്കാർ തീരമേഖലയിൽ നടപ്പിലാക്കാൻ പോകുന്ന തീരദേശ ഹൈവേ പദ്ധതി. അതിന്റെ ആദ്യ പടിയായി തീരദേശ ഹൈവേ നിർമ്മിക്കുന്നതിനായി വ്യാപകമായ രീതിയിൽ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. കടൽതീരത്ത് വേലിയേറ്റരേഖയ്ക്ക് 50മീറ്ററിനുള്ളിൽ താമസിക്കുന്നവരെ അവിടെനിന്നു മാറ്റി താമസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. കടൽകയറി വീട് നഷ്ടപ്പെടുന്നവർക്ക് പുനർഗേഹം പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിനും, വീട് വെയ്ക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഈ തുകയ്ക്ക് സ്ഥലം വാങ്ങി വീട് വെച്ചില്ലെങ്കിൽ സർക്കാർ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 542 സ്‌ക്വയർ തറവിസ്തീർണ്ണമുള്ള ഫ്ലാറ്റ് നൽകാമെന്നുമാണ് വാഗ്ദാനം. സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകളുടെ അവസ്ഥ അറിയുന്ന ആരുംതന്നെ സർക്കാർ നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റിൽ താമസിക്കാൻ തയ്യാറാകില്ല. പൊട്ടിപൊളിഞ്ഞ ചുവരുകളും, തറകളും. ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, പൊട്ടിയൊലിക്കുന്ന ട്രെയിനേജ് സംവിധാനം, വളരെപെട്ടെന്ന് നിറഞ്ഞു കവിയുന്ന കക്കൂസുകൾ, മാറാരോഗങ്ങൾ പിടിപെടുന്ന ചുറ്റുപാടുകൾ എന്നിങ്ങനെയാണ് സുനാമി വീടുകളുടെ നിലവിലെ അവസ്ഥ. ആ വീടുകളുടെ അറ്റകുറ്റ പണികൾ നടത്തി വാസയോഗ്യമാക്കി മാറ്റാനുള്ള പദ്ധതികൾ സർക്കാരിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഇല്ല.

പുനർഗേഹം പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിർമ്മിക്കുന്നതിന് നാല് ലക്ഷം രൂപയും വിനിയോഗിക്കാം. ഒരു കുടുംബം കോർപ്പറേഷൻ പരിധിയിൽ കുറഞ്ഞത് 2സെന്റ് സ്ഥലവും, ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലവും എങ്കിലും വാങ്ങുകയും 600 സ്‌ക്വയർ ഫീറ്റിൽ അധികരിക്കാത്ത വലുപ്പമുള്ള വീട് വെയ്ക്കുകയും ചെയ്യണമെന്നുമാണ് സർക്കാർ നിർദ്ദേശം. സ്വത്തിലും, ഭൂമിയിലും ഉടമസ്ഥാവകാശം ഇല്ലാത്തതുകൊണ്ട് മകനും, മകളും, അവരുടെ കുടുംബങ്ങളും ഉൾപ്പെടെ ഒരു വീട്ടിൽ തന്നെ പല കുടുംബങ്ങളും ഒന്നിച്ചു കഴിയേണ്ടുന്ന അവസ്ഥയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടേത്. ഇപ്പോൾ താമസിക്കുന്ന പ്രദേശത്തുനിന്നും കുടിയിറങ്ങേണ്ടി വരുന്നസാഹചര്യമുണ്ടായാൽ 6 ലക്ഷം രൂപ കൊണ്ട് കോർപ്പറേഷൻ പരിധിയിലൊരിടത്ത് പോലും രണ്ട് സെന്റ് സ്ഥലം വാങ്ങാനോ, ഗ്രാമപ്രദേശങ്ങളിൽ 3സെന്റ് സ്ഥലം വാങ്ങാനോ സാധിക്കില്ലെന്നു ഈ നഷ്ടപരിഹാരവാദമുയർത്തുന്ന എല്ലാവർക്കും അറിയാം. 600 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള ഒരു വീട് നിർമ്മിക്കണമെങ്കിൽ ഇപ്പോൾ ഏറ്റവും കുറഞ്ഞത് 11ലക്ഷം രൂപ എങ്കിലും വേണം. അപ്പോൾ എങ്ങനെയാണ് 10 ലക്ഷം രൂപ കൊണ്ട് സ്ഥലം വാങ്ങി വീട് വയ്ക്കാൻ കഴിയുക? മാത്രവുമല്ല, മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് കടൽതീരം കൂടിയേ കഴിയൂ. കരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോകുന്ന ചെറിയ വള്ളങ്ങൾ, തട്ടുമടി, കമ്പാവല എന്നിവയും, ഹാർബറുകൾ,ഫിഷ് ലാൻഡിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യന്ത്രവത്കൃത വള്ളങ്ങളും ബോട്ടുകളും, എന്നിവയാണ് കേരളതീരത്ത് മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. ചുരുക്കത്തിൽ ഇപ്പോഴത്തെ വാസസ്ഥലങ്ങളിൽ നിന്നും തീരം വിട്ടുപോകേണ്ട അവസ്ഥ വന്നാൽ ഇവരെല്ലാം പൂർണ്ണമായും തൊഴിൽ രഹിതരായി മാറും. ഇപ്പോൾ തന്നെ പുറന്തള്ളപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുമെന്നതാണ് ഇതിന്റെ ഫലം.

കാലാവസ്ഥ മാറുന്നു, ഭീഷണികൾ കൂടുന്നു

തീരത്തും കടലിലും നടത്തുന്ന മനുഷ്യരുടെ വിവേചനരഹിതമായ ഇടപെടലിന്റെയും, അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഭാഗമായി പ്രതിസന്ധിയിലാകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ ദുരന്തപൂർണ്ണമാക്കുന്ന മറ്റൊരു ഘടകമാണ് കാലാവസ്ഥാ വ്യതിയാനം. കാറ്റ്, തിരമാല, മഴ എന്നിവയുടെ സ്വഭാവത്തിനെല്ലാം കാലാവസ്ഥാ വ്യതിയാനം മൂലം സമീപകാലത്ത് വലിയമാറ്റങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തിലെ ബഹുഭൂരിപക്ഷം തീരങ്ങളും ദുർബലതീരങ്ങളാണെന്നും, വലിയ തോതിൽ തീരശോഷണം നടക്കുന്ന തീരങ്ങളാണെന്നും കേന്ദ്രസർക്കാർ ഏജൻസികളുടെ പഠനറിപ്പോർട്ടുകൾ പറയുന്നു.

പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ. കടപ്പാട്:marcogphotographer.com

കേരളത്തിന്റെ 590 കിലോമീറ്റർ തീരദേശത്തിൽ 37 ശതമാനം തീരം മാത്രമാണ് തീരശോഷണത്തിന് വിധേയമാകാത്തത് എന്നുപറയാനേ കഴിയൂവെന്നും ഇതിൽ 24 ശതമാനവും കായലുകളോട് അതിർത്തി പങ്കിടുന്നവയാണെന്നും, യഥാർത്ഥത്തിൽ തീരദേശത്തിന്റെ 8 ശതമാനം മാത്രമാണ് തീരശോഷണത്തിന് വിധേയമാകാത്തതായുള്ളൂവെന്നും നാഷണൽ സെന്റർ ഫോർ സസ്ററയിനബിൾ കോസ്റ്റൽ മാനേജ്‌മെന്റിന്റെ (എൻ.സി.എസ്.സി.എം.)ന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. 1961മുതൽ 2003വരെയുള്ള കണക്കനുസരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രജലനിരപ്പ് വർഷം തോറും 1.8 മില്ലിമീറ്റർ വീതം ഉയരുന്നുണ്ടെന്ന് ഐ.പി.സി.സി യുടെ പഠനറിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും വർദ്ധിച്ചതോതിൽ ചുഴലികൊടുങ്കാറ്റ് രൂപംകൊള്ളാനുള്ള സാധ്യതയുണ്ടെന്നും പഠനറിപ്പോർട്ടുകളുണ്ട്. ഇങ്ങനെ രൂപംകൊള്ളാനിടയുള്ള ചുഴലികൊടുങ്കാറ്റ്, ശക്തമായ മഴക്കും, വലിയ തിരമാലകൾക്കും കാരണമായേക്കാം. വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുമ്പോൾ ഉള്ള തീരംകൂടി നഷ്ടപ്പെടാനുള്ള സാഹചര്യവും ഉണ്ടാകും.അങ്ങനെ,കടലിലും,കടൽ തീരത്തും നടത്തുന്ന മനുഷ്യന്റെ വിവേക രഹിതമായ പ്രവർത്തനങ്ങളും, നിർമ്മിതികളും, കാലാവസ്ഥാവ്യതിയാനവും തീരദേശനിവാസികൾക്ക് കൂടുതൽ കൂടുതൽ ദുരിതപൂർണ്ണമായ ദിനങ്ങളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇതൊന്നിനും അവരാരും കാരണക്കാരല്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി.

ഇതിനെല്ലാമുള്ള പ്രതിവിധിയായി സർക്കാർ കാണുന്നത്, കടലിൽ കല്ലിട്ട് കടൽഭിത്തി, പുലിമുട്ട് എന്നിവ നിർമ്മിക്കുകയും കടലിൽ കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ടുവന്ന് അടുക്കുക എന്നതുമാണ്. അല്ലെങ്കിൽ, മത്സ്യത്തൊഴിലാളികൾ അവരുടെ വാസസ്ഥലവും, തൊഴിലും, ഉപേക്ഷിച്ച് കുടിയിറങ്ങുക എന്നതാണ്. യഥാർത്ഥത്തിൽ കടലിലും കടൽതീരത്തും നടത്തുന്ന വിവേചന രഹിതമായ നിർമ്മാണ പ്രവർത്തനങ്ങളും, മണൽ ഖനനവും താത്കാലികമായി നിർത്തിവെച്ച്, ഇവ തീരദേശത്ത് സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ച്, തീരദേശവാസികളെകൂടി ഉൾപ്പെടുത്തി പഠിക്കുകയും, അവരെ കേൾക്കുകയും, അവരുടെ നിർദ്ദേശങ്ങളെ വിലമതിക്കുകയും, അതിനനുസരിച്ചുള്ള നടപടികൾ കൈകൊള്ളുകയുമാണ് ചെയ്യേണ്ടത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

14 minutes read December 2, 2023 1:44 pm