ഊരിയെറിഞ്ഞ് കടലിലേക്ക് കുതിക്കുന്ന പുരുഷൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മനുഷ്യജീവിതം എന്നത് ഒരുതരം എടുത്തെറിയപ്പെടലാണ്. സംഭവങ്ങളുടെ തോരാമഴയിലേക്കുള്ള എടുത്തെറിയപ്പെടൽ. എന്നാൽ പുരുഷന് അവിടെയും സാമൂഹികാധികാരങ്ങളുടെ നിയന്ത്രണം കൈയ്യാളാനുള്ള സ്വാതന്ത്ര്യവും അവകാശവും ലഭിക്കുന്നു. പുരുഷന് അവന്റെ അധികാരം പ്രയോഗിക്കാനുള്ള ഇടമായും പണിയാനുള്ള ആലയായും സ്ത്രീ മാറുന്നു. അതിനെ അംഗീകരിക്കുന്നതാണ് നിലവിലുള്ള എല്ലാ സാമ്പ്രദായിക സാമൂഹ്യക്രമങ്ങളും ആശയസംഹിതകളും. ലൈംഗികതയുടെ അധികാരഘടന സ്ത്രീ നിശ്ചയിക്കുന്നതല്ല. അത് പുരുഷസൂക്തമാണ്. മായാ ആഞ്ജലൊ ഇങ്ങനെ എഴുതുന്നുണ്ട്: “നിങ്ങൾക്ക് സംഭവിക്കുന്ന എല്ലാത്തിനെയും നിങ്ങൾക്ക് നിയന്ത്രിക്കാനാകാതെ വന്നേക്കാം. എന്നാൽ അവ മൂലം ഒന്നുമല്ലാതായി പോകാതിരിക്കാനുള്ള തീരുമാനം നിങ്ങൾക്കെടുക്കാം.”

മനുഷ്യനെ നശിപ്പിക്കാം; പക്ഷേ, പരാജയപ്പെടുത്താനാവില്ല എന്ന ഹെമിങ്‌വേ വചനം പോലെ ജീവിതത്തെ ദൃഢീകരിക്കുന്നതും പ്രത്യാശാഭരിതമാക്കുന്നതുമാണ് മായാ ആഞ്ജലൊയുടെ വാക്കുകൾ. മണിലാൽ സാക്ഷാൽക്കരിച്ച ഭാരതപുഴ എന്ന സിനിമ നമ്മുടെ വടിവൊത്ത കാഴ്ചകളിൽ നിന്നുള്ള വേറിട്ട കാഴ്ചയാകുന്നത് അദ്ദേഹം ഒരു പുരുഷനാകുന്നതുകൊണ്ടല്ല, മനുഷ്യബന്ധങ്ങളെയും അതിന്റെ ആധാരമായ സ്നേഹത്തെയും ഏറ്റവും സുന്ദരമായി വ്യാഖ്യാനിക്കാനും ആവിഷ്ക്കരിക്കാനും സാധിക്കുന്ന ഒരു ഉത്തമ മനുഷ്യനാകുന്നതുകൊണ്ടാണ്. സംവിധായകൻ കാണുന്ന ലോകത്തെ പ്രേക്ഷകന് കാണിച്ചുതരുന്നു ഈ സിനിമ. മനുഷ്യൻ എന്നത് എത്ര സുന്ദരപദമാണെന്ന് മാക്സിം ഗോർക്കിയിലൂടെ നമ്മൾ അഭിമാനം കൊള്ളുന്നുണ്ടെങ്കിലും മനുഷ്യന്റെ ചെരിവ് ചരിത്രപരമായും പരമ്പരാഗതമായും നമ്മൾ ആർജ്ജിച്ച മൂല്യങ്ങളുടെ വിരുദ്ധദിശയിലേക്കാണ്, ഹിംസയിലേക്കാണ്, വെട്ടിപ്പിടിക്കലിലേക്കാണ്. അങ്ങനെ ചെരിഞ്ഞുപോകുന്ന മനുഷ്യനൈസർഗികതയെ കമ്പികെട്ടി വലിച്ചുപിടിക്കുന്ന ഏറ്റവും ശ്രമകരവും അപകടകരവുമായ പ്രവൃത്തിയാണ് നമ്മുടെ ധാർമ്മിക ജീവിതം. അതിനെ സാമൂഹിക മര്യാദ എന്നു നമ്മൾ വിളിക്കുന്നു.

ഭാരതപുഴ സിനിമയുടെ പോസ്റ്റർ

പുരുഷന്റെ കാഴ്ച്ചകളാണ് സ്ത്രീയുടെ ലോകത്തെ കവർന്നെടുക്കുന്നത്. ലോകത്തെ സംബന്ധിച്ച സ്ത്രീയുടെ കാഴ്ച്ചകളെയും നിർണയിക്കുന്നത് ആൺകണ്ണടകൾ തന്നെ. തുല്യതയെ പറ്റിയും ലിംഗനീതിയെ പറ്റിയും നമ്മൾ സംസാരിക്കുമ്പോൾ പോലും സ്ത്രീപുരുഷ സാമൂഹ്യബന്ധങ്ങളിൽ പലതും പുരുഷൻ ഉദാരമായി നൽകുന്ന സൗജന്യങ്ങളായി മാറുന്നുണ്ട്. തന്റെ ഭർത്താവ് തനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം തരുന്നുണ്ട് എന്ന് സംതൃപ്തരാകുന്ന ഒരുപാട് സ്ത്രീകളെ നമുക്ക് കാണാനാകും. അവരിൽ തന്നെ പൊതുപ്രവർത്തകരും കുറവല്ല. പുരുഷൻ നിർവചിക്കുന്നതാണ് ലോകമെന്നും അവന്റെ ഔദാര്യമാണ് തന്റെ സ്വാതന്ത്ര്യമെന്നും വിശ്വസിക്കുന്ന സ്ത്രീയാണ് നമ്മുടെ സമൂഹത്തിന് മാതൃകാ വനിത. വളരെ അടിസ്ഥാനപരമായ ഈ ചിന്തയിൽ നിന്നുതന്നെ മണിലാലിന്റെ ഭാരതപുഴ എന്ന മറ്റൊരു ജീവിതത്തെ കുറിച്ച് പറഞ്ഞുതുടങ്ങാമെന്ന് കരുതുന്നു. സാമൂഹ്യ സ്വീകാര്യത (Social Acceptance) ഇല്ലാത്തതെല്ലാം അധാർമ്മികമോ, സദാചാരവിരുദ്ധമോ ആണെന്ന ധാരണയാണ് നമ്മുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന ഒരു ഘടകം.

ഒരു സിനിമയുടെ ആസ്വാദനത്തിന് വേണ്ടത്ര വൈവിദ്ധ്യം നിറഞ്ഞ ശീർഷകങ്ങൾ കൊടുക്കാൻ പാകത്തിൽ ദൃശ്യങ്ങളാലും സംഭാഷണങ്ങളാലും സമ്പന്നമാണ് ഭാരതപുഴ. ചിത്രീകരിക്കുന്ന പ്രമേയത്തിന്റെ ആഴമുള്ള ധ്വനികൾ ദൃശ്യങ്ങളിലും കുറഞ്ഞ സംഭാഷണങ്ങളിലും നമുക്ക് അനുഭവിക്കാൻ സാധിക്കുണ്ട്. അവിടെയൊക്കെ സിനിമയെ വിശേഷിപ്പിക്കാനുള്ള നിരവധി സങ്കൽപ്പങ്ങൾ ഉയർന്നുവരുന്നു.

കടലിലേക്ക് ഹർഷോന്മാദത്തോടെ കുതിക്കുന്ന പുരുഷൻ ഊരിയെറിഞ്ഞ് തീരത്ത് കുമിഞ്ഞുകൂടുന്ന വസ്ത്രങ്ങളായി പരിഗണിക്കപ്പെട്ടു എല്ലാ കാലത്തും സ്ത്രീകൾ. പുതിയ കാലവും ബോധവും അത്തരം വാർപ്പുമാതൃകകളെ തച്ചുടക്കുകയാണ്. നിലനിൽക്കുന്ന സദാചാരബോധത്തിന്റെ, പൊലീസിങ്ങിന്റെ എതിർദിശയിൽ ഓട്ടോറിക്ഷയോടിക്കുന്ന സ്ത്രീ പുതിയ സാമൂഹികഗതാഗതം ഉദ്ഘാടനം ചെയ്യുന്നുണ്ട് സിനിമയിൽ. എല്ലാ നിയമങ്ങളും പുരുഷതാല്പര്യമാണ്. എല്ലാ ആഘോഷങ്ങളും പുരുഷോന്മാദങ്ങളാണ്. ഭാരതപുഴയിൽ അവതരിപ്പിക്കുന്ന പുലിക്കളിയും അങ്ങനെയാണ്. പുരുഷന്റെ അണ്ടർ വെയറാണ് പുലിക്കളിയിൽ വലിയൊരു മാറ്റം കൊണ്ടുവന്നതെന്ന് ജയരാജ് വാര്യർ സിനിമയിൽ പറയുന്നുണ്ട്. സിനിമയിൽ പറയുന്ന പോലെ ഒരുകാലത്ത് താഴ്ന്ന ജാതിയിൽ പെട്ടവർ മാത്രം കെട്ടിയിരുന്ന പുലിവേഷം കെട്ടാൻ മേനോന്മാർ വരെ വരുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഈ അടുത്ത കാലത്ത് സ്ത്രീകളും പുലിവേഷം കെട്ടാൻ വരുന്നുണ്ട്. പക്ഷേ, ഈ സ്വാതന്ത്ര്യവും തുല്യതയും പോലും പുരുഷന്റെ ആട്ടപ്രകാരമാണ് എന്നതും കാഴ്ചയാണ് എന്നതും അതിന്റെ മാധ്യമപ്രചാരവേലയിൽ നിന്ന് മനസ്സിലാക്കാം.

മണിലാൽ

ഭാരതപുഴയുടെ കാഴ്ച അമേരിക്ക-ജമൈക്കൻ കവിയായ ക്ലോഡ് മാക്കേയുടെ ഹാലം ഷാഡോസ് എന്ന കവിതയെ ഇടക്കിടെ ഓർമ്മിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ന്യൂയോർക് സിറ്റിയിലെ കറുത്തവരുടെ അധിവാസ പ്രദേശമായ ഹാലത്തിലെ തെരുവിലൂടെ രാത്രിയിലുടനീളം നടക്കുന്ന പെൺകുട്ടിയുടെ രേഖാചിത്രമാണ് ആ കവിത. ഭൂമിയിൽ വീണ ഇരുട്ടിന്റെ മൂടുപടത്തിലൂടെ ആകാശത്ത് വെള്ളി കീറുവോളം തെരുവിൽ നിന്ന് തെരുവിലേക്ക് നടക്കുന്ന അവൾ ആസക്തിയുടെ മുന്നിലേക്ക് ചായുകയും സ്വന്തം ശരീരം കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. ഭാരത പുഴയിൽ പലപ്പോഴും നഗരത്തിലെ തെരുവിലൂടെയുള്ള ഈ നടത്തമുണ്ട്. കവിതയിൽ നിന്ന്:

I hear the halting footsteps of a lass
In Negro Harlem when the night lets fall
Its veil. I see the shapes of girls who pass
To bend and barter at desire’s call.

മറ്റൊരിടത്ത് ദാരിദ്ര്യം, അപമാനം, നാണക്കേട് എന്നിവയിലൂടെ അവളുടെ ഭയം പുരണ്ട കളിമൺകാലുകളെ അതിപരുഷലോകം ദുരിതത്തിലേക്ക് തള്ളിവിട്ടതിനെ കുറിച്ചും കവി പറയുന്നുണ്ട്.

Ah, stern harsh world, that in the wretched way
Of poverty, dishonor and disgrace,
Has pushed the timid little feet of clay,
The sacred brown feet of my fallen race!

വാസ്തവത്തിൽ ലൈംഗിക സുഖം വിൽക്കുന്ന ഏത് സ്ത്രീയുടെ ജീവിതത്തിനും ഇങ്ങനെ ഒരു പിന്നാമ്പുറമുണ്ട്. അത് സാർവലൗകികവും സാർവകാലികവുമായി നിലകൊള്ളുന്നു. ഒരു സിനിമ ലോകത്തെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം പങ്കുവയ്ക്കുമ്പോൾ അത് രാഷ്ട്രീയമായി മാറുന്നു. Yet another river എന്നത് ഈ സമാന്തര പ്രവാഹത്തിന്റെ ജീവിതവിവരണമാണ്.

ജീവിതത്തിന്റെ സുഗന്ധമാണ് ലൈംഗികത. സുഗന്ധി അത് പുരുഷരിൽ പൂശുന്നു. അതിന്റെ യാത്ര തുടങ്ങുന്ന ഓട്ടുകമ്പനിയിലേക്ക് അവൾ സുഹൃത്തായ ഷാബുവിനെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കളിമണ്ണിൽ നിന്ന് അച്ചിൽ വാർത്തെടുത്ത് ചുട്ടെടുക്കുന്ന ഓടുകൾ. അവളുടെ ജീവിതത്തെയും അങ്ങനെ പരുവപ്പെടുത്തിയെടുത്തതാണ്. ഓട് കുഴച്ചെടുക്കുന്ന കളിമണ്ണിന്റെ ചെളി അവൾക്ക് ആദ്യമൊക്കെ അറപ്പായിരുന്നു. കാലം അവളെ അതിൽ കിടന്നുരുളുന്ന ഉന്മാദിയാക്കി. സിനിമ പറയുന്ന ആ അനുഭവം അവൾ സ്വയം തിരഞ്ഞെടുത്തതല്ല. അവളുടെ ആഘോഷവുമല്ല. മറിച്ച് അവളുടെ ഉള്ളിലെ ചത്ത മീനിന്റെ കണ്ണുകൾക്കുമേൽ മുഖംമൂടിയായി സ്വപ്നനൃത്തം ചെയ്യുന്ന മുറിവുകളുടെ ആഘോഷമാണ്. ചത്ത മീനിന്റെ കണ്ണുകൾ ഷാബുവിന്റെ പെങ്ങളുടെ കൈകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഭാരതപുഴ സിനിമയിൽ നിന്നുള്ള ദൃശ്യം

‘പ്രേതങ്ങൾ ഞങ്ങളെപ്പോലാ.’ എന്ന് സുഗന്ധി ഓട്ടുകമ്പനിയിൽ വെച്ച് ഷാബുവിനോട് പറയുന്നു. അതെ, അവർക്ക് ജാതിയും മതവും ഒന്നുമില്ല. ലൈംഗിക സംതൃപ്തിക്കായി സ്ത്രീകളെ സമീപിക്കുന്ന പുരുഷൻ അവളുടെ ജാതിയും മതവും ആരായുന്നില്ല. പക്ഷേ, എല്ലാ മതങ്ങളും ജാതികളും അവളുടെ പിറകിൽ കല്ലുമായി പായുന്നുണ്ട്.

ദൃശ്യങ്ങൾ കൊണ്ട് സംവദിക്കുന്ന സിനിമയാണ് ഭാരതപുഴ. തൃശൂർ നഗരവും അവിടന്ന് നീളുന്ന വഴികളും അത് ചെന്ന് അവസാനിക്കുന്ന ഇടങ്ങളും സിനിമയുടെ ഭാഷയായും ചിഹ്നങ്ങളായും മാറുന്നുണ്ട്. ഒപ്പം ഭാഷയുടെ ദർശനവും വ്യത്യസ്തമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതദർശനത്തിന്റെ ഭാഷ പലപ്പോഴും സിനിമയിൽ കടന്നുവരുന്നു. അതിന്റെ ഏറ്റവും മൂർത്തമായ അനുഭവം കുമ്പസാരക്കൂട്ടിൽ നമുക്ക് കേൾക്കാം. അച്ചനും സുഗന്ധിയും ജീവിതത്തെയും പാപപുണ്യങ്ങളെയും വ്യാഖ്യാനിക്കുന്നതിൽ ആ ഭാഷയുടെ ആത്മാവുണ്ട്. സിനിമയുടെ അവസാനത്തിൽ കായലിലെ പച്ചത്തുരുത്തുകൾക്ക് മുകളിൽ പ്രേക്ഷകന്റെ നോട്ടം വന്നുനിൽക്കുമ്പോൾ സുഗന്ധി ചോദിക്കുന്നുണ്ട്,
‘ഈ പുരുഷ‌ന്ന് വെച്ചാ എന്താ?’
‘ഈ ലോകം.’
‘ഈ ലോകംന്ന് വെച്ചാ എന്താ?’
‘ഈ ലോകംന്ന് വെച്ചാ എനിക്കെന്താ?’
അവിടെ തെളിയുന്നത് ഭാരതപുഴ എന്നാണ്. Yet another river.
മറ്റൊരു പുഴ. നമ്മൾ കണ്ട ഭാരതപ്പുഴയല്ല. നഗരത്തിൽക്കൂടി ഒഴുകുന്ന മറ്റൊരു പുഴ. സുഗന്ധിയാണ് ആ യാത്രയുടെ ശകടം നിയന്ത്രിക്കുന്നത്. രാത്രി ഈ ജീവിതമാണ്. ഓട്ടോറിക്ഷ ഈ ജീവിതത്തിന്റെ വാഹനമാണ്. അംഗീകൃത ഗതാഗതദിശയുടെ എതിർദിശയിലാണ് അവൾ ഓട്ടോറിക്ഷ ഓട്ടുന്നത്. അങ്ങനെ നമ്മൾ നിർമ്മിച്ചുവെച്ച ഗതാഗതനിയമങ്ങൾ തെറ്റിക്കുന്നവരെല്ലാം പിടിക്കപ്പെടുമെന്ന് ഭാരത പുഴ അടിവരയിടുന്നു.

സുനിൽകുമാർ പി.കെയുടെ സംഗീതം, ജോമോൻ തോമസിന്റെ ഛായാഗ്രഹണം ഇവ രണ്ടും സിനിമയെ മുന്നിൽ നിർത്തുന്നു. മൗനത്തിനിടയിൽ സംഗീതത്തിന്റെ നൂലിഴയുമ്പോൾ ദൃശ്യങ്ങൾക്ക് കൂടുതൽ തീക്ഷ്ണതയുണ്ടാകുന്നു. ചതുപ്പുകൾ എന്തിന് എന്ന് നഗരവൽകൃത വികസനപുരുഷൻ ചോദിക്കുമ്പോൾ ഓരോ നഗരത്തിന്റെയും ശ്വാസകോശങ്ങളാണ് അവയുടെ ചതുപ്പുകൾ എന്ന് ജോമോന്റെ ക്യാമറ കണ്ടൽക്കാടുകൾക്കിടയിലൂടെ കാണിച്ചുതരുന്നു. ജീവിതത്തെ അതിജീവനസമരമായി മാറ്റുന്നതിന്റെ പ്രതീകമായി ദൃശ്യങ്ങൾ മാറുന്നു. മണിലാലിന്റെ ഭാരതപുഴ പുതിയ കാലത്തിന്റെ സാമൂഹ്യമാറ്റത്തിന്റെ വ്യാഖ്യാനത്തിന്റെയും ദൃശ്യരേഖയായിട്ടാണ് പ്രേക്ഷകന് അനുഭവപ്പെടുക. സിനിമയുടെ മുന്നൊരുക്കങ്ങളിൽ തന്നെ പങ്കാളിയായിട്ടുള്ള നളിനി ജമീലയുടെ ജീവിതത്തിന്റെ കണ്ണാടിയാണ് ഭാരതപുഴ എന്നുകൂടി പറയാം.

ഭാരതപുഴ സിനിമയിൽ നിന്നുള്ള ദൃശ്യം

എന്തുകൊണ്ട് ഇത്തരം സിനിമകൾ ഒരു പ്രേക്ഷകവലയത്തിനപ്പുറത്ത് കൂടുതൽ ചർച്ചയാകുന്നില്ല എന്നു ചോദിച്ചാൽ സിനിമ എന്നത് ഒരു വ്യവസായമാണെന്നും അതിന് അതിന്റെ വാണിഭതന്ത്രങ്ങളുണ്ടെന്നും മാത്രമാണ് ഉത്തരം. ഏത് വിപ്ലവവും നമുക്ക് ഈ മൂലധനകലയിലൂടെ പറയാൻ സാധിക്കും. എന്നാൽ അത് കൂടുതൽ ആളുകളിൽ എത്താൻ ജനപ്രിയ കലാകാരന്മാർ വേണം. കമ്പോള പരസ്യങ്ങൾ വേണം.

ഭാരതപുഴയുടെ അകക്കാമ്പിൽ തൊട്ടുകൊണ്ടുതന്നെ പറയാം. മായാ ആഞ്ജലൊയുടെ ‘പ്രാതിഭാസിക സ്ത്രീ’ എന്ന കവിതയിൽ അവർ എഴുതുന്നുണ്ട്,

‘പ്രാതിഭാസിക സ്ത്രീ; അതാണ് ഞാൻ.’
Men themselves have wondered  
What they see in me.
They try so much
But they can’t touch
My inner mystery.

മായാ പറയുന്നത് തന്നെയാണ് പുരുഷന്റെ സ്ത്രീ. മണിലാൽ ദൃശ്യവൽക്കരിക്കുന്നതും മറ്റൊന്നല്ല.

Also Read

5 minutes read December 4, 2023 11:33 am