ചലച്ചിത്രമേളയിൽ സ്വതന്ത്ര സിനിമകളുടെ ഇടം എവിടെയാണ്?

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സ്വതന്ത്ര സിനിമകൾ തുടർച്ചയായി അവ​ഗണിക്കപ്പെടുന്നതിനെതിരെ കോഴിക്കോട് നിന്നും സൈക്കിൾ യാത്ര നടത്തി തിരുവനന്തപുരം ഐ.എഫ്.എഫ്.കെ വേദിയിൽ എത്തിച്ചേർന്ന ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് സംസാരിക്കുന്നു. മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്), മിനിമൽ സിനിമ തുടങ്ങിയ സ്വതന്ത്ര സിനിമാ പ്ലാറ്റ്‌ഫോമുകളിൽ ഒന്നിച്ചു പ്രവർത്തിക്കുന്ന ശ്രീലേഷ് ശ്രീധരനോടൊപ്പമായിരുന്നു യാത്ര. ചലച്ചിത്രമേളയിൽ സ്വതന്ത്ര സിനിമകൾക്ക് ഇടം നഷ്ടമാകുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും പ്രതാപ്. (തയ്യാറാക്കിയത്: റംസീന ഉമൈബ)

26-ാമത് IFFK യിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട് നിന്നും സൈക്കിളിൽ തിരുവനന്തപുരത്തേക്ക് ഒരു യാത്ര. സ്വതന്ത്ര സിനിമകളോട് ചലച്ചിത്ര അക്കാദമി തുടരുന്ന അവ​ഗണനയോടുള്ള പ്രതിഷേധം കൂടിയാണ് ഈ സൈക്കിൾ യാത്ര എന്ന് താങ്കൾ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഫെസ്റ്റിവൽ വേദിക്ക് അകത്തും പുറത്തുമായി ഉന്നയിക്കുന്ന വിഷയമാണിത്. സ്വതന്ത്ര സിനിമകൾ ഇത്തവണയും പടിക്ക് പുറത്ത് തന്നെയാണ് എന്നാണോ അനുഭവപ്പെടുന്നത് ?

താരതമ്യേന ഈ ഫെസ്റ്റിവലിൽ സ്വതന്ത്ര സിനിമകളുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷെ അത് വളരെ യാദൃശ്ചികമായി സംഭവിച്ചതായാണ് ഞാൻ മനസ്സിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് രൂക്ഷമായതിനാൽ കച്ചവട സിനിമകൾ അധികം നിർമ്മിക്കപ്പെട്ടിട്ടില്ല. ഇനി നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ പലതും തിയ്യേറ്ററുകളിൽ എത്തിയിട്ടുമില്ല. തീയേറ്ററിൽ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുന്നതിനാൽ പല കച്ചവട സിനിമകളും ഫെസ്റ്റിവൽ വേ​ദിയിൽ സ്ക്രീൻ ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചതും ആകാം. ഇൻഡിപെൻഡന്റ് സിനിമകളാണ് കോവിഡ് കാലയളവിൽ കൂടുതൽ നിർമ്മിക്കപ്പെട്ടത്. സെലക്ഷൻ കമ്മിറ്റിയുടെ മുമ്പാകെ വന്നതിൽ കൂടുതലും സ്വതന്ത്ര സിനിമകളായിരുന്നു. ഇക്കാരണം കൊണ്ടാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്വതന്ത്ര സിനിമകൾ കൂടുതൽ ഇടം പിടിച്ചിരിക്കുന്നത്. പക്ഷെ ഈ പ്രവണത എല്ലാക്കാലത്തേക്കും നിലനിൽക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം, സർക്കാരിനും ചലച്ചിത്ര അക്കാദമിക്കും സ്വതന്ത്ര സിനിമകളോടുള്ള സമീപനം വളരെ വ്യക്തമാണ്. മലയാളത്തിലെ ഏറ്റവും പ്രതിലോമകരമായ സിനിമകൾ രചിച്ചിട്ടുള്ള രഞ്ജിത്തിനെ പോലുള്ള ഒരാളെയാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിച്ചിരിക്കുന്നത്. മാത്രവുമല്ല കച്ചവടസിനിമകളുടെ ഭാഗമായിരുന്ന പ്രേംകുമാറിനെപ്പോലുള്ള ഒരു നടനെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. സർക്കാരിന് സ്വതന്ത്ര സിനിമകളോ‌ടും ചലച്ചിത്ര അക്കാദമിയോടുമുള്ള നയം എന്താണ് എന്ന് ഈ രണ്ടു നിയമനങ്ങൾ വ്യക്തമാകുന്നുണ്ട്. കച്ചവട സിനിമകൾ ഐ.എഫ്.എഫ്.കെ വേദിയിൽ പിടിമുറുക്കാൻ തുടങ്ങുന്നത് ഇത്തരം കച്ചവട സിനിമാക്കാർ അക്കാദമിയുടെ തലപ്പത്ത് കയറിക്കൂടിയ ശേഷമാണ്. രഞ്ജിത്തിന്റെയും പ്രേംകുമാറിന്റെയും നിയമനങ്ങൾ ആ പ്രവണത കൂടുതൽ ശക്തിപ്പെടുത്തും.

26-ാമത് ഐ.എഫ്.എഫ്.കെയുടെ ഫെസ്റ്റിവൽ ഓഫീസ് കവാടം

തീയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലുമെല്ലാം റിലീസ് ചെയ്ത കച്ചവട സിനിമകളെ മാറ്റി നിർത്തുന്നതിനുള്ള മാർ​ഗമായി ​IFFK യിൽ കേരള പ്രീമിയർ നടപ്പിലാക്കണം എന്നതാണല്ലോ സ്വതന്ത്ര സിനിമ പ്രവർത്തകർ ഉന്നയിക്കുന്ന മുഖ്യ ആവശ്യം. 2019ൽ മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ എന്ന കള​ക്ടീവ് രൂപീകരിക്കുകയും ഈ ആവശ്യം സമരരൂപത്തിൽ തന്നെ IFFK വേദിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ ആവശ്യം പൂർണ്ണമായും തഴയപ്പെട്ടു എന്ന് തോന്നുന്നില്ലേ. ഇപ്പോഴും തീയറ്റർ റിലീസ് ചെയ്ത കച്ചവട സിനിമകളും ​IFFK യിൽ പ്രദർശിപ്പിക്കും എന്ന ഉറച്ച നിലപാടിലാണല്ലോ അക്കാദമി? കേരള പ്രീമിയർ എന്ന ആവശ്യം നടപ്പിലാക്കപ്പെടുമോ? കാര്യക്ഷമമായ ഒരു ഫിലിം മാർക്കറ്റ് എങ്കിലും പ്രതീക്ഷിക്കാമോ?

കേരള പ്രീമിയർ, ഫിലിം മാർക്കറ്റ് എന്നീ ആവശ്യങ്ങൾ വർഷങ്ങളായി സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഉയർന്നുവന്നിട്ടുള്ളതാണ്. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ ഫെസ്റ്റിവലുകളിലും നടപ്പാക്കുന്ന ഒരു കാര്യമാണ് പ്രദർശിപ്പിക്കുന്ന സിനിമകൾ അതാത് പ്രദേശത്തെങ്കിലും പ്രീമിയറായിരിക്കുക എന്നുള്ളത്. അതായത് ആ സിനിമയുടെ ആദ്യ പ്രദർശനം ആയിരിക്കണം ആ ഫെസ്റ്റിവലിൽ നടക്കേണ്ടത്. ഐ.എഫ്.എഫ്.കെയുടെ കാര്യത്തിൽ ഇന്ത്യൻ സിനിമകൾക്കും ലോക സിനിമകൾക്കും കേരള പ്രീമിയർ നിർബന്ധമാണ്. പക്ഷെ മലയാള സിനിമയുടെ കാര്യത്തിൽ കേരള പ്രീമിയർ എന്ന സംഗതി അവരെടുത്തു കളയുന്നു. അതിനൊരൊറ്റ കാരണമേയുള്ളൂ. കേരളത്തിൽ റിലീസ് ചെയ്ത കച്ചവട സിനിമകൾ ഉൾപ്പെടുത്താൻ വേണ്ടി മാത്രമാണ് ആ നിബന്ധന എടുത്തുക്കളയുന്നത്. 2019ൽ അതിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മൾ കണ്ട‌താണ്. അന്ന് 14 മലയാള സിനിമകളുടെ പട്ടികയിൽ ഉണ്ടായിരുന്ന 8 സിനിമകളും തീയേറ്ററിൽ റിലീസ് ചെയ്ത ബോക്സ്ഓഫീസ് സിനിമകളായിരുന്നു. അതിൽത്തന്നെ പല സിനിമകളും IFFK യിൽ പ്രദർശിപ്പിക്കുന്നതിന് മുന്നേതന്നെ ടെലിവിഷനുകളിൽ ആവർത്തിച്ച് കാണിക്കുന്നതും നെറ്റ്ഫ്ലിക്സ്, ആമസോൺ പോലെയുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായവയും ആയിരുന്നു. അതുകൊണ്ടുതന്നെ ആളൊഴിഞ്ഞ തീയേറ്ററുകളിലായിരുന്നു ഈ സിനിമകൾ മിക്കതും പ്രദർശിപ്പിച്ചത്. തീയേറ്റർ പ്രദർശനങ്ങൾക്ക് വേദികൾ കിട്ടാൻ ഇടയില്ലാത്ത എത്രയോ സ്വതന്ത്ര സിനിമകളെ തഴഞ്ഞുകൊണ്ടാണ് ഈ സ്ക്രീനിം​ഗുകൾ നടന്നത് എന്നതുകൂടി ആലോചിക്കണം. മാത്രമല്ല, ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾക്കുള്ള രണ്ട് ലക്ഷം രൂപയുടെ ​ഗ്രാൻഡും കോടികൾ കളക്ഷൻ നേടിയ ഈ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ഈ സെലക്ഷൻ വഴി കിട്ടുന്നു. അവിടെയും നഷ്ടം സ്വതന്ത്ര സിനിമകൾക്കാണ്. അഞ്ചാറു വർഷങ്ങൾക്കു മുമ്പ് മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര സംവിധായകരുൾക്കൊള്ളുന്ന ഐ.എഫ്.എഫ്.കെ പരിഷ്കരണ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ആ കമ്മിറ്റി ഇവിടെ കേരള പ്രീമിയർ നടപ്പാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. ആ കമ്മിറ്റി മുന്നോട്ടുവെച്ച മറ്റെല്ലാ നിർദ്ദേശങ്ങളും നടപ്പാക്കിയെങ്കിലും കേരള പ്രീമിയർ എന്ന നിർദ്ദേശം മാത്രം നടപ്പാക്കിയില്ല. ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ ഒരു വർഷം മുമ്പെങ്കിലും നൽകേണ്ടതുണ്ട്, അതുകൊണ്ട് ആ വർഷം അതു നടപ്പാക്കാൻ കഴിയില്ല എന്നും അടുത്ത വർഷം നോക്കാമെന്നുമാണ് ചെയർമാനായിരുന്ന കമൽ അന്നു പറഞ്ഞത്. കമലിന്റെ കാലാവധി കഴിഞ്ഞ് രഞ്ജിത്ത് ചെയർമാനായിട്ടും കേരള പ്രീമിയർ എന്ന ഡിമാന്റ് മാത്രം ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. കേരള പ്രീമിയർ നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് 2019-20 കാലത്ത് സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ എം.ഐ.സി(മൈക്ക്)യുടെ നേതൃത്വത്തിൽ പ്രത്യക്ഷമായ സമരപരിപാടികൾ തന്നെ ഐ.എഫ്.എഫ്.കെ വേദിയിൽ നടന്നിരുന്നു. എന്നിട്ടും അക്കാദമി ഭാരവാഹികളുടെ ഭാ​ഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. മലയാള സിനിമയെ സമഗ്രമായി പരിഷ്കരിക്കുന്ന രീതിയിലുള്ള നിർദ്ദേശങ്ങളടങ്ങിയ അടൂർ കമ്മിറ്റി റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. പക്ഷെ ആ റിപ്പോർട്ട് ഒന്ന് തുറന്നുനോക്കാൻ പോലും ഗവൺമെന്റോ ചലച്ചിത്ര അക്കാദമിയോ ശ്രമിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. കച്ചവട സിനിമയ്ക്ക് വിരുദ്ധമായതും കച്ചവട സിനിമകളെ നെഗറ്റീവായി ബാധിക്കുന്നതുമായ നിർദ്ദേശങ്ങളെ തഴയുകയും അതല്ലാത്ത നിർദ്ദേശങ്ങളെ സ്വീകരിക്കുകയുമാണ് സർക്കാരും അ​ക്കാദമിയും ചെയ്യുന്നത്. സിനിമ കാണുന്നതിനുള്ള ഒരു വേദിയായി മാത്രമാണ് 26 വർഷം കഴിഞ്ഞിട്ടും ഐ.എഫ്.എഫ്.കെ പരി​ഗണിക്കപ്പെടുന്നത്. എന്നാൽ ഒരു ചലച്ചിത്ര മേള എന്നു പറയുന്നത് അതതു ദേശത്തുണ്ടാകുന്ന സിനിമകളെ വിദൂര ദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയായി കൂടി മാറണം. നിർഭാഗ്യവശാൽ 26 വർഷത്തെ ചരിത്രമുണ്ടായിട്ടും മലയാള സിനിമയെ ലോക വേദിയിലെത്തിക്കാനുള്ള യാതൊരു ശ്രമങ്ങളും ഈ മേളയിൽ ഉണ്ടായിട്ടില്ല. ഒരു പ്രഹസനം എന്ന രീതിയിൽ രണ്ടു മൂന്നു തവണ ഫിലിം മാർക്കറ്റ് നടപ്പാക്കിയെങ്കിലും മലയാള സിനിമയ്ക്കോ അല്ലെങ്കിൽ ഇവിടുത്തെ സ്വതന്ത്ര സിനിമ പ്രവർത്തകർക്കോ എന്തെങ്കിലും ഗുണമുണ്ടാകുന്ന രീതിയിലുള്ള വിപുലമായൊരു ഫിലിം മാർക്കറ്റിനെക്കുറിച്ച് എന്തുകൊണ്ടോ ഇതുവരെയും ആലോചനകളുണ്ടായിട്ടില്ല. അതിന്റെ കാരണങ്ങളിപ്പോഴും അജ്ഞാതമാണ്.

അക്കാദമി ചെയർമാൻ രഞ്ജിത്തും വൈസ് ചെയർമാൻ പ്രേംകുമാറും ഫെസ്റ്റിവൽ ഓഫീസിന് മുന്നിൽ

കമലിന്റെ കാലം കഴിഞ്ഞതോടെ മലയാളത്തിലെ ആൺ മാടമ്പി സിനിമകളുടെ സൃഷ്ടാവായ രഞ്ജിത്തിനാണ് അക്കാദമി ചെയർമാൻ സ്ഥാനം നൽകിയത് എന്ന പ്രശ്നം താങ്കൾ ചൂണ്ടിക്കാണിച്ചല്ലോ. നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായി. ചലച്ചിത്ര അക്കാദമി എന്നത് പൂർണ്ണമായും കച്ചവട സിനിമാ സംഘടത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമായി മാറുകയാണോ? സിനിമയുടെ കച്ചവടവത്കരണത്തെ ചെറുക്കുക എന്നതാണ് 1998 ആ​ഗസ്റ്റിൽ രൂപീകൃതമാകുമ്പോൾ ചലച്ചിത്ര അക്കാദമിയിലൂടെ ലക്ഷ്യമാക്കിയിരുന്നത് എന്ന് വായിച്ചിട്ടുണ്ട്. ഇപ്പോൾ ആ വാചകം വളരെ വിചിത്രമായി തോന്നുന്നു. നിങ്ങൾക്ക് എവിടെയാണ് പ്രതീക്ഷയുള്ളത്?

സിനിമയുടെ കച്ചവടവത്കരണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി രൂപീകരിക്കപ്പെട്ടതെങ്കിലും ഇപ്പോൾ സിനിമയുടെ കച്ചവടവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് അക്കാദമി പ്രവർത്തിക്കുന്നത് എന്നു പറയാം. പ്രിയദർശൻ, കമൽ, ര‍ഞ്ജിത്ത് എന്നിവരാണ് തുടർച്ചയായി ചലച്ചിത്ര അക്കാദമി ചെയർമാനായി വരുന്നത്. ഒരുപക്ഷെ അടൂർ ഗോപാലകൃഷ്ണനെ പോലെയോ ഷാജി എൻ കരുണിനെ പോലെയോ ഉള്ള പ്രഗത്ഭരായ സംവിധായകർ വിവിധ കാലങ്ങളിൽ അക്കാദമിയുടെ തലപ്പത്തേക്ക് വന്നിട്ടുണ്ട്. പുതിയ തലമുറയിലും ഇതുപോലെ പ്രഗത്ഭരായ സംവിധായകരുണ്ട്. എന്നാൽ വളരെ പ്രതിലോമകരമായ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന, സാമൂഹ്യവിരുദ്ധമായ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന രഞ്ജിത്തിനെപ്പോലുള്ള ഒരാളെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുമ്പോൾ സർക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്. ഇവിടെ എവിടെയാണ് ഒരു പ്രതീക്ഷ എന്നു ചോദിച്ചാൽ ഞാൻ നിശബ്ദനാകും. എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമായിട്ടാണ് കഴിഞ്ഞ കുറേ കാലത്തെ പ്രഖ്യാപനങ്ങളും സർക്കാരിന്റെ സമീപനങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത്. സ്വതന്ത്ര സിനിമയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതേയില്ല. വനിതകൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും സിനിമ ചെയ്യാനായി ഒരു നിശ്ചിത തുക സർക്കാർ ബഡ്ജറ്റിൽ നീക്കിവെക്കുന്നുണ്ട് എന്നതു ശരിതന്നെ. പ്രത്യക്ഷത്തിൽ അത് നമുക്ക് വളരെ പോസിറ്റീവായി തോന്നുമെങ്കിലും വാസ്തവത്തിൽ നാലു പേർക്ക് ഒന്നര കോടി രൂപ വീതമാണ് ഈ പാക്കേജിൽ കൊടുക്കുന്നത്. അതുപോലും ഗവൺമെന്റിന്റെ ഒരു തെരെഞ്ഞെടുപ്പ് പ്രചരണം എന്നതിനപ്പുറത്തേക്ക് സിനിമയെ നന്നാക്കാനാണ് എന്നു തോന്നുന്നില്ല. സിനിമ നന്നാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ അടൂർ കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചതുപോലെ ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന മികച്ച പത്തു സിനിമകൾക്ക് കുറഞ്ഞത് പത്തു ലക്ഷം രൂപയെങ്കിലും ഗ്രാന്റായി നൽകുക എന്നതുപോലുള്ള നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കുമായിരുന്നു. ഈ ആറു കോടി രൂപയുണ്ടായിരുന്നുവെങ്കിൽ എത്രയോ സംവിധായകർക്ക് അവരുടെ ആദ്യ സിനിമയോ രണ്ടാമത്തെ സിനിമയോ ഒക്കെ ചെയ്യുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിയുമായിരുന്നു. കേരളത്തിൽ കലാമൂല്യമുള്ള സിനിമകൾ ഉണ്ടാകുക എന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് സഹായമാകുന്ന തരത്തിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുകയും അത് വോട്ടാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ആഗ്രഹം.

മൈക്ക് ‘ 2019ൽ നടത്തിയ പ്രതിഷേധം

സിനിമകൾ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ അക്കാദമിയുടെ ഇടപെടൽ കുറഞ്ഞതായി തോന്നുന്നുണ്ടോ? 2019ൽ അങ്ങനെയൊരു പ്രശ്നം ‘മൈക്ക്’ അടക്കം ചൂണ്ടിക്കാണിച്ചിരുന്നു. എന്താണ് ഇത്തവണത്തെ ഇന്ത്യൻ-മലയാള സിനികളുടെ തെരഞ്ഞെടുപ്പിൽ നിന്നും തോന്നുന്നത്?

സിനിമകളുടെ തെരെഞ്ഞെടുപ്പിൽ അക്കാദമിയുടെ ഇടപ്പെടൽ എങ്ങിനെയാണ് നടക്കുന്നത് എന്ന് നമുക്ക് പ്രത്യക്ഷത്തിൽ പറയാൻ കഴിയില്ല. കഴിഞ്ഞ വർഷം വരെയുള്ള ജൂറിയിൽ അക്കാദമി അംഗമായുള്ള ഒരാൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ വർഷത്തെ ജൂറിയിൽ അതില്ല എന്നതാണ് പ്രകടമായി കാണുന്ന ഒരു മാറ്റം. ‘മൈക്ക്’ കഴിഞ്ഞ വർഷം അതിനെതിരെ നിയമനടപടികൾ സ്വീകരിച്ച് കോടതിയിൽ പോയിരുന്നു. 2019ൽ പല സിനിമകളും ജൂറി കണ്ടിട്ടുപോലുമില്ല എന്ന് മനസ്സിലായ സാഹചര്യത്തിൽ ‘മൈക്ക്’ ആ വിഷയം ഉയർത്തിക്കാണിച്ചിരുന്നു. അന്ന് അതിന് മറുപടിയായി ജൂറിയിലുണ്ടായിരുന്ന, ചലച്ചിത്ര അക്കാദമിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞത് ജൂറിക്ക് സിനിമകൾ മുഴുവനായി കാണേണ്ട ആവശ്യമില്ല എന്നാണ്. സിനിമ കാണാതെ തന്നെ സിനിമകളുടെ സെലക്ഷൻ നടത്താൻ കഴിയുന്ന തരത്തിലുള്ള ‘വിദഗ്ധരായ’ ജൂറികളാണ് നമുക്കുള്ളത്. ഇപ്പോൾ അക്കാദമി അം​ഗങ്ങൾ ജൂറിയിൽ നിന്നും ഒഴിവായി എന്നത് വളരെ പോസിറ്റീവായൊരു മാറ്റമായി തന്നെയാണ് തോന്നുന്നത്. ഒരു അക്കാദമി അംഗം ജൂറിയിൽ ഇല്ലാതിരിക്കുക എന്നത് മറ്റ് ജൂറി അംഗങ്ങൾക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നൽകുന്ന കാര്യമാണ്. എന്നാൽ അതുകൊണ്ടുമാത്രം ജൂറികളെ അക്കാദമിക്ക് സ്വാധീനിക്കാൻ കഴിയില്ല എന്ന് നമുക്ക് പറയാനാകില്ല. ഓരോ തവണയും നിയമിക്കപ്പെടുന്ന ജൂറിയും അവരുടെ നിലവാരവും അനുസരിച്ചായിരിക്കും സിനിമകളുടെ തെരെഞ്ഞെടുപ്പ്. ജൂറിയെ നിയമിക്കുന്നത് അക്കാദമിയാണ് എന്നതുകൊണ്ടുതന്നെ അക്കാദമിക്ക് അവർക്ക് താത്പ്പര്യമുള്ള ജൂറിയെ നിയമിക്കാം. സിനിമകളുടെ സെലക്ഷൻ സുതാര്യമായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. എങ്കിലും ആത്യന്തികമായി സിനിമകളുടെ സെലക്ഷന്റെ ഉത്തരവാദിത്തം എന്നത് അക്കാദമിയേക്കാൾ ജൂറികൾക്ക് തന്നെയായിരിക്കും. ഒരു ആരോപണം എന്ന നിലയ്ക്ക് അത് ഉന്നയിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. എങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളിലെ തെരെഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചുക്കഴിഞ്ഞാൽ പലവിധ താത്പര്യങ്ങൾ അതിനെ ഭരിക്കുന്നതായി നമുക്ക് മനസ്സിലാകും. അതിലൊരാൾക്കും സംശയമുണ്ടാകാൻ സാധ്യതയില്ല.

പ്രതാപ് ജോസഫും ശ്രീലേഷും സൈക്കിൾ യാത്രയ്ക്കിടയിൽ

ചലച്ചിത്ര അക്കാദമിയുടെ സ്വഭാവത്തിലുണ്ടായിരിക്കുന്ന മാറ്റം ചലച്ചിത്ര മേളയുടെ സ്വഭാവത്തിലും പ്രതിഫലിച്ചതായി തോന്നുന്നുണ്ടോ? സ്വതന്ത്ര സിനിമ അല്ലെങ്കിൽ കലാമൂല്യമുള്ള സിനിമ എന്ന ഒരു സങ്കൽപ്പം പോലും പുതിയ തലമുറയ്ക്ക് പരിചയപ്പെടാൻ കഴിയാത്ത ഇടമായി മേള മാറിപ്പോയിട്ടുണ്ടോ? ഇപ്പോൾ ഭാവനയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കുക എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. പ്രത്യേകിച്ച് രഞ്ജിത്തിന് തന്നെ അത് ചെയ്യേണ്ടിവരുമ്പോൾ ഉള്ള വിരോധാഭാസം. എന്നാൽ ചലച്ചിത്രമേളയുടെ ലക്ഷ്യം തന്നെ ഇത്തരം ഇവന്റുകളായി മാറുന്ന അവസ്ഥ ദുഃഖകരമല്ലേ? സ്വതന്ത്ര സിനിമകൾ പടിക്ക് പുറത്തായതിനെക്കുറിച്ച് ഒരു സംവാദം പോലും ഇല്ലാത്ത കാലത്ത് എന്താണ് തോന്നുന്നത് ?

തീർച്ചയായും ചലച്ചിത്ര മേളകളുടെ സ്വഭാവം കഴിഞ്ഞ കുറേവർഷങ്ങളായി മാറുന്നുണ്ട് എന്നത് നിരന്തരം ഈ ഫെസ്റ്റിവലുകളിൽ വരികയും അതിനെ നിരീക്ഷിക്കുകയും ചെയ്യുന്ന ആളുകൾക്ക് വ്യക്തമാകും. ഓരോ മേളയിലും ഇത്തരം ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇപ്പോൾത്തന്നെ നടി ഭാവനയെ ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിന് കൊണ്ടുവരുന്നു എന്നത് പ്രത്യക്ഷത്തിൽ വളരെ പോസിറ്റീവായ കാര്യമാണ് എന്നതിൽ ഒരു സംശയവുമില്ല. പക്ഷെ ദിലീപിന് വളരെ പെട്ടെന്നു തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച ആളുകളിൽ ഒരാളാണ് രഞ്ജിത്ത്. രഞ്ജിത്തിനെ പോലൊരാൾ ചെയർമാനായിരിക്കുന്ന സമയത്ത് ഭാവന മുഖ്യാതിഥിയായി എത്തുന്നതിൽ നമുക്ക് സന്തോഷിക്കാമെങ്കിലും അതിനകത്ത് വിരോധാഭാസം ഉണ്ട് താനും. പക്ഷെ ഇതൊക്കെ നമ്മൾ മുമ്പ് പറഞ്ഞതുപോലെ, സർക്കാരിന്റെയോ സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയോ ഒരു ഇമേജ് മേക്കിംഗ് മെക്കാനിസമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അതല്ലാതെ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ, പ്രത്യേകിച്ച് സിനിമയിലെ തൊഴിലിടങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ എന്തെങ്കിലും താത്പ്പര്യങ്ങൾ സർക്കാരിനുണ്ടായിരുന്നുവെങ്കിൽ ഇതല്ല ചെയ്യേണ്ടത്. സർക്കാരു തന്നെ കോടികൾ ചിലവഴിച്ച് ഹേമ കമ്മീഷൻ എന്നൊരു കമ്മിറ്റിയെ നിയമിച്ചു. അതു കമ്മീഷൻ ആണെന്നാണ് പറഞ്ഞിരുന്നതെങ്കിലും കമ്മിറ്റിയാണെന്ന് പിന്നീട് തിരുത്തുകയുണ്ടായി. ഹേമ കമ്മിറ്റി ഒരുപാട് നിർദ്ദേശങ്ങൾ സർക്കാരിനു മുന്നിൽ വെച്ചിട്ടുണ്ട്. പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ. ഒരുപാട് സിനിമ പ്രവർത്തകരായ സ്ത്രീകൾ അവരുടെ സമയവും അധ്വാനവും വൈകാരിക പ്രശ്നങ്ങളും മാറ്റിവെച്ചുക്കൊണ്ട് അവർക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ കമ്മിറ്റിക്കു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാര്യത്തിലൊക്കെ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിനുപകരം ഇവന്റുകൾ മാത്രം സൃഷ്ടിച്ചിട്ട് എന്താണ് കാര്യം. എല്ലാ സിനിമ യൂണിറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ (ഐ.സി.സി) നിർബന്ധമായും ഉണ്ടാകണമെന്ന് ഇപ്പോൾ ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. അല്ലാതെ സർക്കാർ ഇടപെട്ടിട്ട് സംഭവിച്ചതല്ല. കേരളത്തിലെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര പ്രവർത്തക ആക്രമിക്കപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഡബ്യു.സി.സി പോലുള്ള സംഘടനകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഒരു നിയമ നിർമ്മാണമോ നടപടിയോ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തിൽ ഭാവനയെപ്പോലൊരാളെ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയിലേക്ക് കൊണ്ടുവരുന്നത് ഒട്ടും ആത്മാർത്ഥമായ ഒരു ശ്രമമായി തോന്നുന്നില്ല. മുന്നിലിരിക്കുന്ന ആളുകളുടെ കയ്യടി കിട്ടാനുള്ള ശ്രമം മാത്രമാണത്. ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ ആയിരുന്ന ബീന പോളിനെ മാറ്റിയിട്ടാണ് പ്രേംകുമാറിനെ പോലൊരാളെ നിയമിച്ചിരിക്കുന്നത്. ഒരു വനിത കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങളെ കൂടിയാണ് അവർ റീപ്ലേസ് ചെയ്തത് എന്നോർക്കണം.

പിന്നെ വളരെ ഗൗരവമുള്ള ഒരുകാര്യം, ഏതു തരം കാണികളെയാണ് നമ്മൾ വളർത്തിക്കൊണ്ടുവരുന്നത് എന്നുള്ളതാണ്. തീർച്ചയായും
കാർണിവൽ സ്വഭാവമാണ് ചലച്ചിത്രമേള എല്ലാക്കാലത്തും നിലനിർത്താൻ ശ്രമിച്ചിട്ടുള്ളത്. അത്തരം കാർണിവൽ സ്വഭാവം ഇഷ്ടപ്പെടുന്ന ഒരു ആൾക്കൂട്ടത്തെയാണ് ഐ.എഫ്.എഫ്.കെ നിർ‍മ്മിച്ചുക്കൊണ്ടിരിക്കുന്നത്. ഒരുപാട് യുവജനങ്ങൾ സിനിമകൾ കാണാനായി ഇവിടെ വരുന്നുണ്ട്. പക്ഷെ ആ യുവതയുടെ അഭിരുചിയെ ഏത് രീതിയിലാണ് നമ്മൾ നിർണ്ണയിക്കുന്നത്, അല്ലെങ്കിൽ വളർത്തിക്കൊണ്ടുവരുന്നത് എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്. തിയേറ്ററുകളിൽ നിറയുന്ന ആൾക്കൂട്ടത്തിന് പാരലലായി, സിനിമയ്ക്ക് ഒട്ടും ഗുണം ചെയ്യാത്ത തരത്തിലുള്ള മറ്റൊരാൾക്കൂട്ടത്തെയാണ് ഐ.എഫ്.എഫ്.കെ നിർമ്മിച്ചുക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലുള്ള തിയ്യേറ്ററുകളി‍ൽ റിലീസ് ചെയ്യുന്ന ആർട്ട് സിനിമകൾ കാണാൻ പലരും തിയേറ്ററുകളിൽ എത്താറില്ല. വളരെ കുറഞ്ഞ കാണികളേ ഉണ്ടാകാറുള്ളൂ. വർഷാവർഷം പതിനായിരത്തിലേറെ ആളുകൾ ഐ.എഫ്.എഫ്.കെയിൽ വന്ന് സിനിമ കണ്ട് പോകുന്നുണ്ട്. ഈ കാണികൾ മലയാള സിനിമയ്ക്ക് ഏതെങ്കിലും രീതിയിൽ ഗുണം ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരവും.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നു

IFFK തിരിച്ചുപിടിക്കാനായില്ലെങ്കിൽ എവിടെയാണ് ഇനി സ്വതന്ത്ര സിനിമകളുടെ സാധ്യത? സമാന്തര വേദികൾക്ക് എത്രത്തോളം ശക്തിയുണ്ട്. പ്രതാപെല്ലാം അതിനായി പല കാലങ്ങളിലും ശ്രമിച്ചിട്ടുണ്ടല്ലോ? നേരിട്ടുള്ള സ്ക്രീനികളും ഒ.ടി.ടി/വി.ഒ.ഡി പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. എന്താണ് തോന്നിയിട്ടുള്ളത്?

സ്വതന്ത്ര സിനിമകൾ എല്ലാ കാലവും നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്യും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. സർക്കാരിന്റെയോ ചലച്ചിത്ര അക്കാദമിയുടെയോ പിന്തുണ ഇല്ലെങ്കിൽ പോലും. കാരണം ഈ പറയുന്നതിൽ തന്നെ നാം ‘സ്വതന്ത്ര’ എന്നൊരു വാക്ക് ഉപയോഗിക്കുന്നുണ്ട്. തീർച്ചയായും ‘സ്വതന്ത്ര’ സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത സർക്കാരിനും ചലച്ചിത്ര അക്കാദമിക്കും ഉണ്ടെങ്കിൽ പോലും, അവരുടെ പ്രോത്സാഹനങ്ങൾ ഇല്ലെങ്കിലും സ്വതന്ത്ര സിനിമകൾ അതിജീവിക്കുക തന്നെ ചെയ്യും. ഇത്തരം പരിമിതികളെ മറികടക്കാനുള്ള സർഗാത്മക ശേഷി അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ട് എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സ്വതന്ത്ര സിനിമകൾക്ക് അതിജീവിച്ചേ പറ്റൂ എന്നാണെനിക്ക് തോന്നുന്നത്. ഐ.എഫ്.എഫ്.ടി എന്ന പേരിൽ തൃശൂർ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂർ കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളത്തിലെ ഏറ്റവും മികച്ച സ്വതന്ത്ര സിനിമകൾ അവതരിപ്പിക്കുന്നുണ്ട്. പലപ്പോഴും ഒരു കച്ചവട സിനിമ പോലും ഉൾപ്പെടുത്താതെയാണ് ഐ.എഫ്.എഫ്.ടി സംഘടിപ്പിക്കപ്പെടുന്നതും രാജ്യാന്തര നിലവാരമുള്ള ഫെസ്റ്റിവലായി മാറുന്നതും. സമാന്തരമായിട്ടുള്ള ഫെസ്റ്റിവലുകൾ കേരളത്തിൽ തന്നെ ഉണ്ടാകുന്നുണ്ട് എന്നുള്ളത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. മുൻ വർഷങ്ങളി‍ൽ ഐ.എഫ്.എഫ്.കെയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുക്കൊണ്ട് ‘കാഴ്ച്ച’ഫെസ്റ്റിവലുകളും ‘മിനിമൽ’ സിനിമയുടെ ഫെസ്റ്റിവലുകളും വി.ഒ.ഡി പ്ലാറ്റ്ഫോമും ഉണ്ടായിട്ടുണ്ട്. അതും തുടരാനുള്ള സാധ്യതകൾ നമ്മുടെ മുന്നിലുണ്ട്. സ്വതന്ത്ര സിനിമകളുടെ കാണികളെ കൂടുതലായി വളർത്തിക്കൊണ്ടുവരാൻ ഇത്തരം പ്ലാറ്റ്ഫോമുകൾ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. സ്വതന്ത്ര സിനിമകളുടെ അസ്തിത്വം ഒരു രീതിയിലും നഷ്ടപ്പെടാൻ പോകുന്നില്ല. അത് ഇൻഡിപെൻഡന്റ് ആണ്. ഇൻഡിപെൻഡന്റ് ആയിരിക്കുകയും ചെയ്യണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read