അടങ്ങാത്ത വിശപ്പുകളുടെ ദീർഘനിശ്വാസം

വൈകാരിക മൂല്യമുള്ള, സാന്ദ്രമായ കവിതകൾ. വളരെ സാധാരണവും ജീവചരിത്രപരവുമായ സന്ദർഭങ്ങളുടെ വൈകാരികമൂല്യം അവ ഉയർത്തിപ്പിടിക്കുന്നു. ഓർമ്മയുടെ ഇന്ധനത്തിൽ നിന്നു പടർന്നു പിടിക്കുന്ന തീയ് മനസ്സിൻ്റെ മരവിപ്പിലേക്കു പടർന്നു കയറുന്ന ഒട്ടേറെക്കവിതകൾ ലൂയിസ് ​ഗ്ലിക്ക് എഴുതിയിട്ടുണ്ട്. കാലത്തിൻ്റെ ക്രമികതയെ പൊളിക്കുന്ന ആത്മകഥകളാണ് കവിതകൾ എന്ന് ഒരിടത്ത് (ദ ബെസ്റ്റ് അമേരിക്കൻ പോയട്രി 1993 – ആമുഖം) അവർ നിർവചിക്കുന്നതുപോലുമുണ്ട്. സാധാരണമായത് സങ്കീർണ്ണവും കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്നു ഈ കവി വായനക്കാരെ എപ്പൊഴും. അടങ്ങാത്ത വിശപ്പുകളുടെ ദീർഘനിശ്വാസം കേൾക്കുന്നു എന്നതാണ് ഈ കവിതകളിലെ സാധാരണ ജീവിതസന്ദർഭങ്ങളെ അസാധാരണമാക്കുന്ന മറ്റൊരു ഘടകം.

The Best American Poetry-1993

സ്നേഹത്തിന്, കാമനകൾക്ക്, ആശയ വിനിമയത്തിന്, സംഭാഷണത്തിന്, പരമമായ വിമോചനത്തിന് എല്ലാമുള്ള അടങ്ങാത്ത വിശപ്പ്, ഒരു പക്ഷേ ആത്മീയമായ വിശപ്പ്, 1968-ൽ പുറത്തിറങ്ങിയ ആദ്യസമാഹാരം തൊട്ടേ ലൂയിസ് ​ഗ്ലിക്കിന്റെ കവിതകളിലുണ്ട്. രാത്രി നിലാവിൽ വിരിഞ്ഞു നിൽക്കുന്ന വെള്ളി ലില്ലിയെക്കുറിച്ചുള്ള കവിത ഭൗതികവും ആത്മീയവുമായ വിശപ്പിൻ്റെ തീക്ഷ്ണതയാൽ പൊള്ളിക്കും – മഞ്ഞും തണുപ്പുമാണതിൻ്റെ പശ്ചാത്തലമെങ്കിലും. ദൈവത്തെ നേരിട്ടു സംബോധന ചെയ്യുകയാണ് സ്വർണ്ണ ലില്ലി എന്ന കവിത. മണ്ണിലൊടുങ്ങും മുമ്പുള്ള അവസാനത്തെ ഭയന്ന നിലവിളി കേൾക്കാത്ത ആ ദൈവം യഥാർത്ഥത്തിൽ തൻ്റെ പിതാവു തന്നെയോ എന്ന ചോദ്യം സ്വർണ്ണ ലില്ലി ഉയർത്തുന്നു. വിശപ്പ് ആത്മീയമായി മാറുന്നത് ഈ കവിതയിൽ അനുഭവിക്കാം. (ഈ കവിതകളടങ്ങുന്ന ‘ദ വൈൽഡ് ഐറിസി’ ലെ മിക്കവാറും കവിതകൾ പൂക്കളെക്കുറിച്ചാണ്.)

The Wild Iris

വാചാലമല്ലാത്ത, അടക്കിപ്പിടിച്ച ഭാഷയാണ് ഈ കവിയുടേത്. കുട്ടിക്കാലത്ത് വീട്ടിൽ ഒരിക്കലും പൂർണ്ണമാകാത്ത, ശുഷ്കമായ സംഭാഷണങ്ങൾ ശീലിച്ചു വളർന്നയാളാണ് കവി. സംഭാഷണത്തിനു വേണ്ടിയുള്ള ദാഹത്തിന് ഈ ശീലം വഴിവെച്ചതായി കവിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊരിക്കലും സാക്ഷാൽക്കരിക്കപ്പെടാതെ പാതിയിൽ മുറിഞ്ഞു വീഴുന്നതായും. (പ്രൂഫ്സ് ആൻറ് തിയറീസ്) അതിനാൽ മൗനം, ഒഴിഞ്ഞിടങ്ങൾ എല്ലാം അനിവാര്യമാകുന്നു. കവിതകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ ‘പ്രൂഫ്സ് ആൻറ് തിയറീസി’ൽ കവി തുറന്നു പറയുന്നു, “I love white space” എന്ന്.

Proofs and Theories: Essays on Poetry

ഗ്രീക്ക് പുരാണങ്ങളിലേയും ബൈബിളിലേയും കഥാ സന്ദർഭങ്ങളിലേക്ക് പുതിയ നോട്ടങ്ങളയക്കുന്ന ഗ്ലീക്ക് കവിതകളെപ്പറ്റി സ്വീഡീഷ് അക്കാദമി എടുത്തു പറഞ്ഞിട്ടുണ്ട്. ആഖ്യാനാത്മകമായിരിക്കേത്തന്നെ ഭാവഗീതാത്മകത ഉടനീളം പുലർത്തുകയും ചെയ്യുന്നു ഇവരുടെ കവിതകൾ.

ലൂയിസ് ​ഗ്ലിക്ക്. കടപ്പാട്: boktugg.se

സ്വർണ്ണ ലില്ലി

മരിക്കയാണിപ്പോ, ളറിയുന്നേൻ,ഇനി –
യൊരിക്കലും മിണ്ടി,ല്ലതുമറിയുന്നേൻ.
വിളിച്ചിരിക്കുന്നൂ തിരിച്ച്, ഭൂമിയി-
ലൊരിക്കലും വാഴില്ലിനി,യറിയുന്നേൻ.
ഒരു പൂവല്ലിപ്പോൾ വെറും തണ്ട്, ചെളി
പുരണ്ടവയെൻ്റെയിതൾഞെരമ്പുകൾ
പ്രഭോ,പിതാവേ, ഞാൻ വിളിപ്പു കൂട്ടുകാ-
രെനിക്കു ചുറ്റിലും കൊഴിയുമ്പോൾ നിന്നെ.
കരുതുന്നൂ കാൺമീലവരെ നീയെന്ന്.
കരുതലോടെ വന്നടിയരെ രക്ഷി-
ച്ചിടാതെയെങ്ങനെയറിയും നിൻ നോട്ടം?
അരികിൽ നീ വന്നോ? ഭയന്ന കുഞ്ഞിൻ്റെ
കരച്ചിൽ കേൾക്കുമാറരികിൽ, വേനലിൻ
തുടുത്ത മൂവന്തിയിളംവെളിച്ചത്തിൽ?
അതോ, വളർത്തി നീയുയർത്തിയെങ്കിലു-
മെനിക്കു നീ സ്വന്തം പിതാവല്ലെന്നാമോ?

Louise Glück Poems 1962-2020

കുളം

ചിറകുകളാൽ രാവ് കുളത്തെപ്പൊതിയുന്നു.
പ്രഭാവലയമണിഞ്ഞ ചന്ദ്രനു താഴെ
കുഞ്ഞുമീനുകൾക്കും
പ്രതിദ്ധ്വനിക്കും ചെറുതാരകങ്ങൾക്കുമിടയിലൂടെ,
നീന്തുന്ന നിൻ മുഖം ഞാൻ തിരിച്ചറിയുന്നു.
രാത്രിയിലെ വായുവിൽ
കുളത്തിൻ മുകൾത്തടം
ലോഹമാകുന്നു.

അതിനുള്ളിൽ
തുറന്ന്,
നിൻ കണ്ണുകൾ.
ഞാൻ തിരിച്ചറിയുമൊരോർമ്മയുണ്ടവയിൽ.
നാം കുഞ്ഞുങ്ങളായിരുന്നപ്പൊഴത്തേത്.
കുന്നത്തു മേഞ്ഞിരുന്നൂ
നമ്മുടെ കുട്ടിക്കുതിരകൾ
വെള്ളപ്പാണ്ടുള്ള നരയൻ കുതിരകൾ.
അവയിപ്പൊഴും മേയുന്നു,
ഗ്രാനൈറ്റു മാർച്ചട്ടകൾക്കടിയിൽ
കുഞ്ഞുങ്ങളെപ്പോലെ കാത്തിരിക്കുന്ന
മരിച്ചവർക്കൊപ്പം,
സ്വച്ഛം
നിസ്സഹായം.

Firstborn

കുന്നുകളെത്രയോ ദൂരെ.
അവയുയരുന്നു,
കുട്ടിക്കാലത്തേക്കാൾ കറുത്തിരുണ്ട്.
വെള്ളത്തിനരികേ ശാന്തം കിടന്നു നീ
യെന്തു ചിന്തിക്കുന്നു?
നീ അങ്ങനെ നോക്കവേ,
മറ്റൊരു ജന്മത്തിൽ
നമ്മളൊരേ ചോരയായിരുന്നെന്നപോൽ
നിന്നെ ഞാൻ കാണവേ,
ഒന്നു തൊടാൻ കൊതി.
എങ്കിലും, ഇല്ല, തൊടേണ്ട, പാടില്ലത്.

ലൂയിസ് ഗ്ലിക്ക്. കടപ്പാട്: nyt.com.

വെള്ളി ലില്ലി

തണുത്തു പിന്നെയും വളർന്നു രാത്രികൾ
വസന്താരംഭത്തിന്നിരവുകൾ പോലെ
പ്രശാന്തമായവയടങ്ങുന്നൂ പിന്നെ.
നിനക്കു സംസാരമൊരു സ്വൈരക്കേടോ?
തനിച്ചിപ്പോൾ നമ്മൾ; ഒരൊറ്റക്കാരണം
നമുക്കില്ലീ നേരം നിശബ്ദരാകുവാൻ.

നിനക്കു കാണാമോ – ഉദിക്കയാകുന്നൂ
മുഴുച്ചന്ദ്രൻ പൂന്തോപ്പിനു മേൽ, കാണുകി –
ല്ലടുത്ത പൗർണ്ണമിയിനിയൊരിക്കൽ ഞാൻ.

The house on marshland

വസന്തത്തിൽ ചന്ദ്രനുദിച്ചപ്പോൾ കാല-
മനന്തമെന്നതു കുറിച്ചപോലെ.
തുറന്നടഞ്ഞു മഞ്ഞുതുള്ളികൾ,
മേപ്പിളിൻ കുലഞ്ഞ വിത്തുകൾ
വിളർത്ത കൂനയിൽ പതിച്ചു.
വെളുപ്പിന്മേൽ വെളുപ്പായ്
ബിർച്ച് മരത്തിനു മേലേ ചന്ദ്രനുദിച്ചു
അടിമരം രണ്ടായ് പിരിയുന്നേടത്തു
പൊടിച്ചൊരാദ്യത്തെ ഡഫോഡിൽ നാമ്പിന്മേ-
ലിലകൾ പച്ചപ്പു പുരണ്ട വെള്ളിയായ്.

ഒടുക്കത്തിൻ നേർക്കു കുറേ ദൂ രം പോന്നൂ
ഒടുക്കത്തെപ്പറ്റിബ്ഭയക്കാൻ നാമൊപ്പം.
ഈ രാത്രികളിൽ
എനിക്കറിയാമെന്നുറപ്പില്ലാ
ഒടുക്കമെന്നതിൻ വിവക്ഷകൾ
പിന്നെ
ഒരു പുരുഷനുണ്ടരികിൽ നിൻ കൂടെ.

ആനന്ദം
ഭയം പോലെത്തന്നെ
ആദ്യത്തെക്കരച്ചിലുകൾക്കു പിറകെ
ശബ്ദങ്ങളുയർത്തുകില്ല, അല്ലേ?

ലൂയിസ് ഗ്ലിക്ക് നോബേൽ സമ്മാനം സ്വീകരിക്കുന്നു. കടപ്പാട്: nobelprize.org

ഒരു വിഭ്രമദൃശ്യം

ചിലതു നിന്നോടു ഞാൻ പറയാം: മരിക്കുന്നു
ദിവസവുമാൾക്കാർ, തുടങ്ങിയതേയുള്ളു,
എന്നും പുതിയ വിധവകൾ പിറക്കുന്നു
പുത്തനനാഥരും മരണവീട്ടിൽ, പുതിയ
ജീവിതമുൾക്കൊള്ളുവാൻ തുനിഞ്ഞുംകൊണ്ടു
കൈകൾ മടക്കിയിരിക്കുകയാണവർ

പിന്നെയവർ സെമിത്തേരിയിലെത്തുന്നു
ആദ്യം വരികയാണങ്ങവരിൽച്ചിലർ
പൊട്ടിക്കരയാൻ, കരയാതിരിക്കാനു-
മൊപ്പം ഭയന്നു നിൽക്കുന്നോരവരോടു
ചേർന്നു നിന്നാരോ പറയുന്നു ചെയ്യേണ്ട
കാര്യങ്ങൾ – ചില വാക്കു മിണ്ടാൻ, ഒരു പിടി
മണ്ണു ശവക്കുഴിക്കുള്ളിലെറിയുവാൻ.

Ararat

പിന്നെയെല്ലാരും മടങ്ങുന്നു വീട്ടിലേ-
ക്കങ്ങു പെട്ടെന്നു നിറച്ചു സന്ദർശകർ
ചെന്നു കാണുന്നൂ വരിയായ്, കിടക്കയിൽ
പ്രൗഢമിരിക്കുമിവളെയെല്ലാവരും.
കൈ പിടിക്കുന്നൂ ചിലർ ചേർത്തു പുണരുന്നു
എല്ലാവരോടും മറുപടിയായവൾ
വല്ലതും ചൊല്ലുന്നു, വന്നതിൽ നന്ദിയും.

എല്ലാവരും വിട്ടു പോകാൻ കൊതിക്കയാ –
ണുള്ളിലവൾ, സെമിത്തേരിയിൽ ചെല്ലുവാൻ
ആസ്പത്രിമുറിയിൽ മടങ്ങിയെത്താൻ, ഇല്ല –
യില്ലാവുകി,ല്ലറിയാമവൾക്കെങ്കിലും
പിന്നിലേക്കങ്ങനെ പോകാൻ കൊതിക്കുക –
യൊന്നേ പ്രതീക്ഷ, വിവാഹത്തിനും മുമ്പു
പിന്നിലായ്, ആദ്യത്തെയുമ്മയിലെത്തുവാൻ.

The Triumph of Achilles

താരാട്ട്

സ്നേഹിക്കുന്നവരെ മറുലോകത്തേക്കയക്കാൻ
എൻ്റെയമ്മ ഒരു വിദഗ്ദ്ധ.
ശാന്തമായ് പാടിയുറക്കുന്നു കൊച്ചു കുഞ്ഞുങ്ങളെ.
അച്ഛനെ അമ്മ എന്തു ചെയ്തെന്ന്
എനിക്കു പറയാൻ വയ്യ.
അതെന്തായിരുന്നാലും
ശരിയായിരുന്നു എന്നെനിക്കുറപ്പ്.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ – അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

The Seven Ages

കറങ്ങുന്ന ഗതിവേഗമാപിനികളെപ്പോലെ
അതിവേഗം ഞെളിപിരികൊണ്ടു നിശ്ചലമാകുന്നു
മരിക്കുന്നവർ.
പിന്നവ പറന്നകലുന്നു.
എൻ്റമ്മയുടെ കൈകളിൽ അനിയത്തി
കണികകളുടെ ഒരു മേഘമായിരുന്നു –
വേറിട്ട തരികളുടെ.
ഉറങ്ങുമൊരു കുഞ്ഞോ, മുഴുത്തികവിപ്പൊഴും.
അതാണു വ്യത്യാസം.

മരണം കാണുന്ന എൻ്റെയമ്മ
ആത്മാവിൻ്റെ തികവിനെപ്പറ്റി
ഒന്നും പറയുന്നില്ല.
അമ്മ ചേർത്തു പിടിച്ചു
ഒരു കുഞ്ഞിനെ, ഒരു വൃദ്ധനെ.
ഇരുട്ട് അവർക്കു ചുറ്റും കട്ടിയിൽ തഴച്ച്
ഒടുവിൽ മണ്ണായി മാറുന്നു.

ആത്മാവ്
മറ്റെല്ലാ പദാർത്ഥവും പോലെത്തന്നെ.
അതിനു സ്വതന്ത്രമാകാൻ കഴിയുമെന്നിരിക്കെ
പിന്നെന്തിനാണ്
ഉടവു പറ്റാതെ
ഒരൊറ്റ രൂപത്തോടു മാത്രം വിശ്വസ്തത പുലർത്തി
അതിരിക്കുന്നത്?

Louise Glück Poems 1962-2012

മഞ്ഞ്

ഡിസംബർ ഒടുവ്, അച്ഛനും ഞാനും
ന്യൂയോർക്കിൽ പോകുന്നു, സർക്കസ്സിന്.
കടുത്ത കാറ്റിൽ അച്ഛനെൻ്റെ
ചുമലുകൾ ചേർത്തു പിടിച്ചു.
റയിൽപ്പാതയിലെ സ്ലീപ്പറുകൾക്കുമേൽ
വെളുത്ത കടലാസു തുണ്ടുകൾ വീശിയടിച്ചു.

എന്നെ ചേർത്തു പിടിച്ച്
ഇതുപോലെ നിൽക്കാൻ
അച്ഛൻ ഇഷ്ടപ്പെട്ടു.
എന്നെക്കാണാനേ കഴിഞ്ഞില്ല, അച്ഛനപ്പോൾ.
അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.
കനത്ത മഞ്ഞ്
വീഴുകയായിരുന്നില്ല,
ഞങ്ങൾക്കു ചുറ്റും കറങ്ങുകയായിരുന്നു.

Averno

ചുവന്ന പോപ്പി

മഹത്തായ കാര്യം
ഒരു മനസ്സില്ലാത്തത്.
വികാരങ്ങൾ,
ഓ, അവയെനിക്കുണ്ട്. അവ
ഭരിച്ചിടുന്നെന്നെ.
എനിക്കു സ്വർഗ്ഗത്തി-
ലൊരു ദേവനുണ്ട്,
അവൻ്റെ പേർ സൂര്യൻ.
അവന്നു വേണ്ടി ഞാൻ
വിടർന്ന്, കാണിക്കും
എനിക്കു സ്വന്തമാം
ഹൃദയത്തിൻ തീയ്.
അവൻ്റെ സാന്നിദ്ധ്യം
കണക്കുള്ളാത്തീയ്.

Faithful and Virtuous Night

ഒരു ഹൃദയമില്ലെങ്കിൽ
പൊലിമകൊണ്ടെന്ത്?
എൻ്റെ സഹോദരങ്ങളേ,
വളരെ നാൾ മുമ്പ്,
മനുഷ്യരായ് നിങ്ങൾ
വരും മുമ്പ്, എന്നെപ്പോ-
ലിരുന്നില്ലേ നിങ്ങൾ?
ഒരിക്കൽ തന്നത്താൻ
വിടരുവാൻ നിങ്ങൾ
അനുവദിച്ചില്ലേ,
ഒരിക്കലും പിന്നെ
വിരിഞ്ഞിടാത്തവർ?
ഇതു സത്യം,
നിങ്ങൾ പറഞ്ഞപോൽത്തന്നെ
പറയുന്നിന്നു ഞാൻ.
പറയുന്നൂ,
ചിന്നിച്ചിതറിപ്പോകയാൽ.

Meadowlands 

അസ്തമയം

സൂര്യനസ്തമിക്കുന്ന അതേ സമയം
തോട്ടപ്പണിക്കാരൻ ഉണക്കിലകൾ കത്തിച്ചു.

ഈ തീയ്, ഇതൊന്നുമല്ല.
ചെറുത്, നിയന്ത്രിക്കാവുന്നത്.
ഒരേകാധിപതി നയിക്കുന്ന ഒരു കുടുംബം പോലെ.

ഇപ്പോൾ ഇതാളുമ്പോൾ
തോട്ടപ്പണിക്കാരൻ അപ്രത്യക്ഷനാകുന്നു.
റോട്ടിൽ നിന്ന്, അയാൾ അദൃശ്യൻ.

Winter Recipes from the Collective

സൂര്യനോട് ഒത്തു നോക്കിയാൽ
ഇവിടുത്തെ തീയെല്ലാം അല്പായുസ്സ്, അവിദഗ്ദ്ധം
ഇലകൾ തീരുമ്പോൾ അവ കെടുന്നു.
തോട്ടപ്പണിക്കാരനപ്പോൾ
വീണ്ടും പ്രത്യക്ഷപ്പെടുന്നു
ചാരം തൂത്തുവാരിക്കൊണ്ട്

എന്നാൽ മരണം യാഥാർത്ഥ്യമാണ്.
വന്ന കാര്യം ചെയ്തു തീർത്ത,
വയൽ തഴപ്പിച്ചു വളർത്തിയ,
ഭൂമിയെ കത്താൻ പ്രചോദിപ്പിച്ച സൂര്യൻ്റേതായാലും.

അതുകൊണ്ടതിനിപ്പോളസ്തമിക്കാം.

Vita Nova

സമൃദ്ധി

വേനലന്തികളിൽ ഒരു തണുത്ത കാറ്റു വീശുന്നു
ഗോതമ്പുചെടികളെ ഇളക്കിയുലച്ച്.
ഗോതമ്പു കുനിയുന്നു
വന്നണയുന്ന രാത്രിയിലേക്ക്
പീച്ചിലകൾ കിരുകിരുക്കുന്നു.

ഇരുട്ടിൽ ഒരു പയ്യൻ പാടം താണ്ടുന്നു.
ആദ്യമായ് അവനിന്നൊരു പെൺകുട്ടിയെ തൊട്ടു.
അതുകൊണ്ടവനൊരു പുരുഷനായ്
വീട്ടിലേക്കു നടക്കുന്നു.
ഒരു പുരുഷൻ്റെ വിശപ്പോടെ.

പഴം മെല്ലെ മൂത്തു വരുന്നു –
ഒറ്റമരത്തിൽ നിന്നു കിട്ടും
കൊട്ടക്കണക്കിന്.
എല്ലാ വർഷവും കുറേ ചീഞ്ഞുപോകും.
കുറച്ചാഴ്ച്ചത്തേക്ക്, ഇഷ്ടം പോലെ.
മുമ്പും പിമ്പും ഒന്നും കാണില്ല.

A Village Life

ഗോതമ്പു നിരകൾക്കിടയിൽ
നിങ്ങൾക്കെലികളെ കാണാം.
മിന്നിച്ചു പായുന്നു മണ്ണിലൂടെ
മീതെ ഗോതമ്പു പൊങ്ങി നിൽക്കുന്നെങ്കിലും
വേനൽക്കാറ്റടിക്കുംപോലെയിളക്കിക്കടയുന്നു.

പൂർണ്ണചന്ദ്രൻ.പാടത്തു നിന്നൊരു
വിചിത്രശബ്ദം, ഒരുപക്ഷേ കാറ്റാവാം.

എലിക്കു പക്ഷേ ഇത്
ഏതൊരു വേനൽ രാത്രി പോലെയുമൊരു രാത്രി.
പഴവും ധാന്യവും – സമൃദ്ധിയുടെ കാലം.
ആരും മരിക്കുന്നില്ല,
ആരും പോകുന്നില്ല വിശന്ന്.

ഗോതമ്പിന്നിരമ്പമല്ലാതെ
മറ്റൊരു ശബ്ദവുമില്ല.

അമേരിക്കൻ കവിയും എഴുത്തുകാരിയുമായ ലൂയിസ് ​ഗ്ലിക്ക് 1943 ൽ ന്യൂയോ‍ർക്കിൽ ജനിച്ചു. സാറാ ലോറൻസ് കോളേജിലും, കൊളമ്പിയ യൂണിവേഴ്സിറ്റിയിലും പഠനം നടത്തിയെങ്കിലും ബിരുദം നേടിയില്ല. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കവിത പഠിപ്പിച്ചിരുന്നു. 1968 ൽ ആദ്യ സമാഹാരം ഫസ്റ്റ്ബോൺ പ്രസിദ്ധീകരിച്ചു. ദ ഹൗസ് ഓഫ് മാർഷ്ലാൻ്റ് (1975), ഡിസെൻ്റിങ് ഫിഗർ (1980), ദ ട്രയംഫ് ഓഫ് അക്കിലസ് (1985), ആറാറത്ത് (1990), ദ വൈൽഡ് ഐറിസ് (1992), മെഡോലാൻ്റ്സ് (1996), വിറ്റ നോവ (1999), ദ സെവൻ ഏജസ് (2001), അവേർണോ (2006), എ വില്ലേജ് ലൈഫ് (2009) എന്നിവയാണ് കവിതാ സമാഹാരങ്ങൾ. 2003-04 കാലത്ത് അമേരിക്കയുടെ പോയറ്റ് ലൊറേറ്റ് പദവി അലങ്കരിച്ചു. 2020 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി. പുലിറ്റ്സർ സമ്മാനമുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ13 ന് എൺപതു വയസ്സിൽ അന്തരിച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 14, 2023 11:33 am