അംബേദ്കർ ഉറപ്പിച്ച സംവരണത്തിലൂടെ നമുക്ക് മുന്നേറാൻ കഴിയണം

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ (എക്കണോമിക്കലി വീക്കർ സെക്ഷൻസ് – ഇ.ഡബ്ല്യൂ.എസ്) 10 ശതമാനം സംവരണം അനുവദിച്ച 103-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ഭരണഘടനാബഞ്ച്‌ ശരിവച്ചിരിക്കുന്നു. സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്ന ഭരണഘടനയുടെ 103-ാം ഭേദഗതി തുല്യതയുടെയും സാമൂഹ്യനീതിയുടെയും തത്വങ്ങളുടെ ലംഘനമാണെന്ന്‌ സുപ്രീംകോടതി ഭരണഘടനാബഞ്ച്‌ മുമ്പാകെ വാദിച്ച നിയമജ്ഞനും അക്കാദമിക്ക്‌ പണ്ഡിതനുമായ പ്രൊഫ. ജി. മോഹൻ ഗോപാലുമായി നടത്തിയ അഭിമുഖം.

ഡോ. ബി.ആർ അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു സമത്വമുറപ്പാക്കുക, സാമൂഹികനീതി കൈവരിക്കുക എന്നത്. ദുർബല ജനവിഭാഗങ്ങൾക്ക്‌ പ്രാതിനിധ്യത്തിനുള്ള ഉപകരണമാണ്‌ സംവരണം എന്ന ഭരണഘടനയുടെ അടിസ്ഥാന കാഴ്‌ചപ്പാടിനെ അട്ടിമറിക്കുകയും സാമ്പത്തിക അഭിവൃദ്ധിക്കുള്ള ഒരു പദ്ധതിയാക്കി സംവരണത്തെ മാറ്റുകയും ചെയ്യുന്ന ഭേദ​ഗതിയെ അം​ഗീകരിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഒരു പിന്നോട്ട് നടത്തമല്ലേ? എന്താണ് താങ്കളുടെ കാഴ്ച്ചപ്പാട്?

തീർച്ചയായിട്ടും അതെ. സവർണ്ണർക്ക് വേണ്ടി എസ്.ടി, എസ്‌.സി, ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വിധിന്യായം വായിച്ചാൽ നമ്മൾ ഉന്നയിച്ച വാദങ്ങൾ പ്രതിഫലിച്ചിട്ടുള്ളതായി കാണാം. ആനുകൂല്യങ്ങൾ ലഭിക്കുന്ന പിന്നോക്ക വിഭാഗക്കാർക്ക് മികച്ച അവസരം ലഭിക്കുന്നുവെന്ന തോന്നലാണ് 103-ാം ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഈ ഭേദഗതിയിൽ എസ്.സി, എസ്ടി, ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കണോമിക്കൽ വീക്കർ സെക്ഷന് വേണ്ടിയുള്ള റിസർവേഷനിൽ ഇക്കണോമിക്കലി വീക്കെസ്റ്റ് ആയുള്ള സെക്ഷനെ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ മറുഭാഗം അതിനെ ന്യായീകരിച്ചത്, എസ്.ടി/എസ്.സി/ഒ.ബി.സിക്ക് നിലവിൽ സംവരണമുണ്ടെന്നും സംവരണേതര സമുദായങ്ങൾക്കാണ് സംവരണം കൊടുക്കുന്നതെന്നും പറഞ്ഞാണ്. സംവരണേതര സമുദായങ്ങൾ എന്ന് പറയുമ്പോഴും സ്ത്രീകൾക്കും സ്‌പോർട്‌സ്‌മെൻസിനുമുള്ള സംവരണത്തിൽ അർഹതയുള്ള ആളുകൾക്ക് ഇ.ഡബ്ല്യൂ.എസ് സംവരണം ലഭിക്കുമല്ലോ. അപ്പോൾ അവർക്ക് ഇരട്ട സംവരണമാണ് ലഭ്യമാകുന്നത്. അവരെ എന്തിനാണ് സംവരണേതര സമുദായം എന്ന് പറയുന്നത്? അവർക്കും സംവരണമുണ്ടല്ലോ. റിസർവേഷനിൽ പ്രാതിനിധ്യം അമിതമായിട്ടുള്ള,ആൾക്കാർക്ക് പത്ത് ശതമാനം റിസർവേഷൻ വീണ്ടും കൊടുക്കുകയാണ്.

വിധി പറഞ്ഞ സുപ്രീംകോടതി ഭരണഘടനാ ബഞ്ച്. കടപ്പാട്: ദി ഹിന്ദു

എസ്.ടി/എസ്‌.സി, ഒ.ബി.സി സംവരണമെന്നത് പ്രാതിനിധ്യത്തിന് വേണ്ടിയാണ്. പ്രാതിനിധ്യം ഇല്ലാത്ത സമൂഹങ്ങൾക്കും സമുദായങ്ങൾക്കും പ്രാതിനിധ്യം കൊടുക്കാനാണ് റിസർവേഷൻ. ഒരു പ്രാതിനിധ്യ സ്റ്റേറ്റിന് വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ് റിസർവേഷൻ. അതാണ് നമ്മുടെ ലക്ഷ്യവും. എല്ലാ സാമൂഹിക വിഭാഗഭങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ഭരണകൂടം – അതാണ് ജനാധിപത്യത്തിന്റെ അടിത്തറ. അതിനുള്ള ഉപകരണമാണ് ആർട്ടിക്കിൾ 16(4) ൽ ഉള്ള റിസർവേഷൻ. എന്നാൽ, പ്രാതിനിധ്യ സ്റ്റേറ്റിനെ ചെറുക്കാൻ വേണ്ടിയുള്ള ഒരു ആന്റി റെപ്രസന്റേഷൻ സംവരണമാണ് ഇ.ഡബ്ല്യൂ.എസ്. അതിന്റെ ലക്ഷ്യം എസ്.ടി/എസ്.സി/ഒ.ബി.സിക്ക് ഭരണകൂടത്തിൽ പ്രാതിനിധ്യം കിട്ടരുത് എന്നതാണ്.

സാമൂഹികനീതിയുടെ അടിസ്ഥാനമെന്നത് ഒരു പ്രാതിനിധ്യ സ്റ്റേറ്റ് വേണമെന്നുള്ളതാണ്. സ്വയംഭരണം വേണം, സ്വരാജ് വേണം. സാമൂഹികനീതിയുടെ അടിസ്ഥാന തത്വം എല്ലാ സമുദായങ്ങൾക്കും ഭരണപങ്കാളിത്തം വേണമെന്നതാണ്. എക്‌സിക്യൂട്ടീവിലും ജ്യൂഡീഷ്യറിയിലും ലെജിസ്‌ളേച്ചറിലും, നിർണ്ണായകമായിട്ടുള്ള നിയമങ്ങളും നയങ്ങളും ഉണ്ടാക്കുന്ന ഈ ഇടങ്ങളിൽ പ്രാതിനിധ്യം ഉണ്ടാവണം. നമ്മൾ അതിനുവേണ്ടി ഇനിയും ശക്തമായിട്ട് പോരാടണം. സംവരണത്തിലൂടെ നമുക്കത് കിട്ടുമെന്നായിരുന്നു നമ്മുടെ വിശ്വാസം. പക്ഷെ പ്രാതിനിധ്യത്തിനെതിരെയും സംവരണത്തെ ഉപയോഗിക്കുകയാണ്. നമുക്ക് പുതിയ ശക്തമായ ഉപകരണങ്ങൾ ആലോചിച്ച്, വികസിപ്പിക്കേണ്ടി വരും. പ്രാതിനിധ്യമാണ് നമ്മുടെ ലക്ഷ്യം, അതിനുവേണ്ടി നമ്മൾ പോരാടിയേ മതിയാകൂ. സംവരണത്തെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണ്. അവർ ശരിക്കും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സംവരണത്തെ അല്ല, പ്രാതിനിധ്യത്തെയാണ്. അത് നേടിയെടുക്കാൻ നമ്മൾ പുതിയ മാർഗങ്ങൾ കണ്ടെത്തണം.

പ്രൊഫ. ജി. മോഹൻ ഗോപാൽ

താങ്കൾ ചൂണ്ടിക്കാട്ടിയതുപോലെയുള്ള ഒരു സംവരണ തത്വത്തിന്റെ കാര്യത്തിൽ പാർലമെന്റിലും ജുഡീഷ്യറിയിലുമുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണല്ലോ. അപ്പോൾ ഇ.ഡബ്ല്യൂ.എസ് ഭേദ​ഗതിക്കെതിരെ ഇനി എന്താണ് നമുക്ക് ചെയ്യാനാകുക ?

ജനകീയ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതികരിക്കണം. ജനങ്ങളുടെ അവബോധവും പൊതു സംവാദങ്ങളും ശക്തമാകണം. പാർലമെന്റിൽ നമുക്ക് പ്രാതിനിധ്യം കിട്ടുന്നില്ല, എക്‌സിക്യൂട്ടീവിൽ കിട്ടുന്നില്ല, ജുഡീഷ്യറിയുടെ അഭിപ്രായ രൂപീകരണ വേദികളിൽ അവസരം കിട്ടുന്നില്ല. നമുക്ക് ഇപ്പോഴും ലഭ്യമായിട്ടുള്ള ഇടം എന്ന് പറയുന്നത് കേസുകൾ ഫയൽ ചെയ്യുക, സർക്കാരിനെ നിരന്തരം ചോദ്യം ചെയ്ത് ഉത്തരം പറയിപ്പിക്കുക, നല്ല വാദങ്ങൾ നടത്തുക എന്നതെല്ലാമാണ്. കേസ് ഫയൽ ചെയ്ത്, വാദിച്ച്, ഇവരുടെ ഭാഗത്ത് ന്യായമില്ലെന്ന് നമ്മൾ വെളിപ്പെടുത്തണം. അത് സോഷ്യൽ മൂവ്‌മെന്റ്‌സിനെ സഹായിക്കും. ഫയൽ ചെയ്യുന്ന കേസുകളിൽ നമ്മൾ ജയിക്കില്ലായിരിക്കാം. ഇപ്പോൾ തന്നെ ഒരുപാട് കഷ്ടപ്പെട്ട് വാദിച്ചിട്ടാണ് രണ്ട് ജഡ്ജിമാരുടെ വിയോജിപ്പ് നമുക്ക് കിട്ടിയത്. അല്ലെങ്കിൽ ഈ വിധി അഞ്ചിൽ പൂജ്യമായി പോയെനെ. ആ വിജോയിച്ച വിധിന്യായങ്ങൾ നമ്മൾ പഠിക്കുകയും സോഷ്യൽ മൂവ്‌മെന്റ്‌സ് എല്ലാം അത് വായിച്ചിരിക്കുകയും അവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയുമാണ് വേണ്ടത്. ആ വിധിന്യായങ്ങളിലും വാദങ്ങളിലുമെല്ലാം ഒരുപാട് പുതിയ വിവരങ്ങളുണ്ട്. പാർലമെന്റിൽ നടക്കേണ്ട വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്. എല്ലാ രം​ഗത്തും എല്ലാ സാമൂഹിക വിഭാ​ഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുന്നതാകണം നമ്മുടെ ഭാവി. അതിന് വേണ്ടിയുള്ള ഡാറ്റയും ക്യാമ്പയിനും നമ്മൾ ഉണ്ടാക്കണം. കേരള സർക്കാരിൽ ഏതെല്ലാം സമുദായങ്ങൾക്ക് പ്രാതിനിധ്യമുണ്ട്, ഏതെല്ലാം സമുദായങ്ങൾക്ക് പ്രാതിനിധ്യമില്ല എന്ന ഡാറ്റ തയ്യാറാക്കണം. നമ്മൾ ഇനി നടത്തേണ്ടത് അത്തരം വിവരങ്ങളെ മുൻനിർത്തിയുള്ള വാദങ്ങളായിരിക്കണം. കേസുകൾ ഫയൽ ചെയ്യുന്നതിലൂടെ നമുക്ക് അതിനുള്ള അവസരങ്ങൾ കിട്ടും. അത്തരം വിവരങ്ങളും വാദങ്ങളും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞാൽ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തരാകും. അതിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. പ്രാതിനിധ്യ ഭരണകൂടമെന്ന ആവശ്യം തന്നെ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒന്നാണ്. അങ്ങനയുള്ള ഒരു മൂവ്‌മെന്റാണ് ഉയർന്നുവരേണ്ടത്. പ്രാതിനിധ്യ ഭരണകൂടമായി മാറുമ്പോൾ നമ്മുടെ രാജ്യം ഒരുപാട് നന്നാകും. നമ്മുടെ പ്രശ്‌നം, ചുരുക്കം ചിലർ ചേർന്ന് നടത്തുന്ന ഭരണമാണ് (oligarchy) ഇപ്പോഴുള്ളത് എന്നതാണ്. അതില്ലാതാകണം.

സുപ്രീംകോടതി വിധിയെ സ്വാ​ഗതം ചെയ്ത് താനെയിൽ നടന്ന ആഹ്ലാദ പ്രകടനം

103 -ാം ഭേദ​ഗതി പാർലമെന്റിൽ പാസായ ഉടൻ തന്നെ പല സംസ്ഥാനങ്ങളും ഇ.ഡബ്ല്യൂ.എസ് നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തി കേരളവും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നല്ലോ. ഇത് വലിയ അപകടത്തിലേക്കല്ലേ നീങ്ങുന്നത്?

ഇ.ഡബ്ല്യൂ.എസ് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സംവരണമല്ല, സവർണ്ണ സംവരണമാണ്. അമിത പ്രാതിനിധ്യമുള്ള ആൾക്കാർക്ക് വേണ്ടിയുള്ള സംവരണമാണ്. ഇത് നടപ്പിലാക്കുന്നതോടെ പ്രാതിനിധ്യ സ്റ്റേറ്റിൽ പലർക്കും ഇടം കുറയും. 66,664 രൂപ വരെ പ്രതിമാസ ശമ്പളമുള്ള ആൾക്കാർക്ക് വരെ സംവരണം ലഭിക്കും. സർക്കാരുകൾ ആ രീതിയിൽ നീങ്ങുന്നത് വലിയ അപകടമാണ്. Oligarchy ശക്തമായി നിലനിൽക്കുകയും അത് ജനാധിപത്യത്തെ ഇല്ലാതാക്കുകയും ചെയ്യും. സംവരണത്തിന് ദാരിദ്ര്യ നിർമ്മാർജ്ജനവുമായി യാതൊരു ബന്ധവുമില്ല. അതൊരു കപടവാദമാണ്. ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി റിസർവേഷനെക്കുറിച്ച് പറയുന്നത് ശരിയല്ല. ഒരു കമ്മ്യൂണിറ്റിയിലെ എല്ലാവരും ലക്ഷാധിപതികളാണെങ്കിൽ പോലും അവർക്കും പ്രാതിനിധ്യം വേണമെന്നതാണ് നീതി. പക്ഷെ ഇവിടെ സംവരണമെന്ന ഉപകരണത്തെ അവർ ദുരുപയോഗം ചെയ്യുകയാണ്.

സംവരണ ചട്ടങ്ങൾ നടപ്പാക്കാത്തതിനെതിരെ പൂന ഫിലീം ഇൻസ്റ്ററ്റ്യൂട്ട് വിദ്യാർഥികൾ 2022 ജൂലായിൽ നടത്തിയ പ്രതിഷേധം. കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്.

ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ജുഡീഷ്യറിയിലെ ജാതിയെ തുറന്നുകാണിക്കേണ്ടതും പ്രധാനമല്ലേ. ഇന്ത്യൻ ജുഡീഷ്യറിയിൽ വർഷങ്ങളായി നിലനിൽക്കുന്ന ജാതി മേധാവിത്വത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ പ്രാതിനിധ്യം എന്നത് പ്രശ്നമാണല്ലോ. എസ്‌.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷങ്ങൾക്ക് ജുഡീഷ്യറിയിൽ ഇന്നും പ്രാതിനിധ്യം കുറവാണല്ലോ?

ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ചില ജാതിക്കാർ മാത്രം ഭരിക്കാനായി ജനിക്കുന്നത് പോലെയാകരുത്. എല്ലാ ജാതിക്കാർക്കും എല്ലാ സാമൂഹിക വിഭാ​ഗങ്ങൾക്കും ഭരിക്കാനുള്ള അവസരം കിട്ടണം. ജുഡീഷ്യറിയിൽ അത് വളരെ അത്യാവശ്യമായി വേണം എന്നതിനുള്ള പ്രധാന തെളിവാണ് ഈ വിധി.

ഡോ. ബി.ആർ അംബേദ്കർ എല്ലാ സമൂഹങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനായി, സാമൂഹികനീതിയെ മുന്നിൽക്കണ്ട് ആർട്ടിക്കിൾ 16(4) ലൂടെ സംവരണം കൊണ്ടുവന്നു. ഇനി അതിനെ നമ്മളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. അതിനായി സംവരണത്തെ വിശദീകരിച്ച് ജനങ്ങളിലെത്തിക്കണം. സംവരണം എന്നതല്ല പ്രധാനം, മതിയായ പ്രാതിനിധ്യം ഉറപ്പാക്കലാണ് പ്രധാനം എന്നത് എല്ലാ പൗരരും തിരിച്ചറിയണം. അതിനുവേണ്ടി വോട്ടധികാരം ഉപയോഗിക്കണം. അതൊരു പ്രാതിനിധ്യത്തിന്റെ ഉപകരണമാണല്ലോ. ജഡ്ജിമാർ എങ്ങനെ വേണമെങ്കിലും തീരുമാനിക്കട്ടെ. പക്ഷെ നമ്മൾ കേസ് ഫയൽ ചെയ്ത് വാദിച്ചുകൊണ്ടിരിക്കണം. ജയിക്കാൻ വേണ്ടിയല്ല, നാരായണഗുരു പറഞ്ഞതു പോലെ അറിയാനും അറിയിക്കാനും വേണ്ടി.

(സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും പത്ത് ശതമാനം സംവരണവും ഏർപ്പെടുത്താൻ 2019 ജനുവരിയിലായിരുന്നു ഭരണഘടനയുടെ 103-ാം ഭേദഗതി കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്ത് നിരവധി ഹർജികൾ എത്തിയതോടെയാണ് സംവരണം 50 ശതമാനത്തിൽ അധികമാകാമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഭരണഘടനാബഞ്ച് പരി​ഗണിച്ചത്.)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read