മോദി 3.0: പൊതുവിദ്യാഭ്യാസം വലിയ പ്രതിസന്ധിയിലാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി-യുവജന സമരത്തിൽ ഉയർന്നുവന്നത് നീറ്റ് പരീക്ഷാ ക്രമക്കേടും തൊഴിലില്ലായ്മയും മാത്രമായിരുന്നില്ല; രാജ്യത്തെ പൊതുവിദ്യാഭ്യാസം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി കൂടിയായിരുന്നു. ഡൽഹി സമരത്തിന് തൊട്ടുമുമ്പ് പുറത്തുവന്ന നീതി ആയോഗിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും റിപ്പോർട്ടുകൾ നൽകുന്ന ചിത്രവും ഒട്ടും ആശ്വാസകരമല്ല. വിദ്യാർത്ഥികളെ സ്കൂളുകളിൽ നിലനിർത്തുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും ഇന്ത്യ പിന്നാക്കം പോകുകയാണെന്ന് നീതി ആയോഗിന്റെ School Education System in India: Temporal Analysis and Policy Roadmap for Quality Enhancement റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2014–2024) രാജ്യത്ത് പൂട്ടിപ്പോയത് ഏകദേശം 94,000 സർക്കാർ സ്കൂളുകളാണ്. പ്രതിദിനം 25 സർക്കാർ സ്കൂളുകൾ വീതം ഇല്ലാതായി. സർക്കാൻ സ്കൂളുകളുടെ എണ്ണം 11.07 ലക്ഷത്തിൽ നിന്ന് 10.13 ലക്ഷമായി ചുരുങ്ങി.

സ്കൂളുകളുടെ എണ്ണം കുറഞ്ഞത് മാത്രമല്ല, പൊതുവിദ്യാഭ്യാസത്തിൽ നിന്ന് കുട്ടികളും അകലുകയാണ്. 2014-15 ൽ 26.95 കോടിയായിരുന്ന രാജ്യത്തെ ആകെ സ്കൂൾ പ്രവേശനം 2024-25 ൽ 24.69 കോടിയായി കുത്തനെ ഇടിഞ്ഞു — പത്ത് വർഷത്തിനിടെ 2.26 കോടി വിദ്യാർത്ഥികളുടെ കുറവ്. ജനനനിരക്കിലെ ഇടിവാണ് പ്രധാന കാരണമെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും, ഈ വലിയ വീഴ്ചയെ ആ ഒറ്റ കാരണം കൊണ്ട് പൂർണ്ണമായി ന്യായീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞപ്പോൾ പല സംസ്ഥാനങ്ങളും ചെയ്തത് സ്കൂളുകൾ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ആണ്. കുട്ടികളുടെ സമീപത്തേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിന് പകരം, കൂടുതൽ ദൂരം സഞ്ചരിച്ച് സ്കൂളിലെത്തേണ്ട അവസ്ഥയുണ്ടാക്കി. ഒറ്റക്കുട്ടിയാണ് പഠിക്കാനുള്ളതെങ്കിൽ പോലും ആ കുട്ടിക്ക് വേണ്ട സൗകര്യങ്ങൾ അവിടെ ഒരുക്കികൊടുക്കുകയല്ലേ ഒരു ജനാധിപത്യ സർക്കാരിന്റെ പ്രഥമ പരിഗണനയാകേണ്ടത്?

ഗ്രാമീണ മേഖലയിലെ ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടുമ്പോൾ അടുത്ത സ്കൂളിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നു. യാത്രാച്ചെലവും സമയവും സുരക്ഷിതത്വവും ആലോചിച്ച് നിരവധി കുടുംബങ്ങൾ കുട്ടികളുടെ പഠനം നിർത്തിവെക്കുന്നു. പെൺകുട്ടികളെയും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയുമാണ് ഇതിന്റെ ആഘാതം കൂടുതൽ ബാധിക്കുന്നത്. പ്രവർത്തനക്ഷമമായ ശുചിമുറികളും സുരക്ഷിത യാത്രാസൗകര്യങ്ങളും പോലുമില്ലാത്ത അവസ്ഥ പ്രശ്നം കൂടുതൽ വഷളാക്കുന്നു.

Representative Image

പിരമിഡായി ചുരുങ്ങുന്ന സ്കൂൾ വിദ്യാഭ്യാസം

ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ മറ്റൊരു ദൗർബല്യവും റിപ്പോർട്ട് തുറന്നുകാട്ടുന്നു. രാജ്യത്ത് 7.3 ലക്ഷം പ്രൈമറി സ്കൂളുകൾ ഉള്ളപ്പോൾ, സെക്കൻഡറി സ്കൂളുകൾ കേവലം 1.42 ലക്ഷം മാത്രമാണ്. ഹയർ സെക്കൻഡറി സ്കൂളുകളുടെ എണ്ണം ഇതിലും താഴോട്ട് പോകുന്നു. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ്, പത്താം ക്ലാസ് എന്നിവ കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് പുതിയ സ്കൂളുകൾ തേടിപ്പോകേണ്ട സാഹചര്യം വരുന്നത് അതുകൊണ്ടാണ്. രാജ്യത്തെ വെറും അഞ്ച് ശതമാനം സ്കൂളുകളിൽ മാത്രമാണ് ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ തുടർച്ചയായ പഠനസൗകര്യമുള്ളത്. ഈ ഘടനയെ നീതി ആയോഗ് തന്നെ ‘പിരമിഡ് മാതൃക’ എന്ന് വിശേഷിപ്പിക്കുന്നു. ഓരോ ഘട്ടത്തിലും സ്കൂൾ മാറേണ്ടി വരുന്നത് പഠനത്തിന്റെ തുടർച്ചയെ തടസ്സപ്പെടുത്തുകയും, ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളും ഒറ്റ അധ്യാപക വിദ്യാലയങ്ങളും

പൊതുവിദ്യാഭ്യാസത്തിലെ മറ്റൊരു വൈരുധ്യവും റിപ്പോർട്ടിലുണ്ട്. രാജ്യത്ത് 7,993 സ്കൂളുകളിൽ വിദ്യാർത്ഥികളില്ല, എന്നിട്ടും അവ രേഖകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായി തുടരുന്നു. മറുവശത്ത് 1.04 ലക്ഷത്തിലധികം സ്കൂളുകളിൽ ഏകദേശം 34 ലക്ഷം കുട്ടികൾ പഠിക്കുന്നത് ഒരൊറ്റ അധ്യാപകനെ മാത്രം ആശ്രയിച്ചാണ്. ഒരേ അധ്യാപകൻ പല ക്ലാസുകൾ കൈകാര്യം ചെയ്യുകയും ഓഫീസിലെ ഭരണപരമായ ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്നു.

ഇതിനൊപ്പം ആയിരക്കണക്കിന് അധ്യാപക-പ്രിൻസിപ്പൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ, സ്ഥിരം നിയമനങ്ങൾക്ക് പകരം കുറഞ്ഞ വേതനത്തിൽ പാരാ-ടീച്ചർമാരെ നിയമിക്കുകയാണ്. ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടുന്നത് ഒരു കെട്ടിടം ഇല്ലാതാകുന്നതല്ല; ഒരു പ്രദേശത്തെ കുട്ടികളുടെ അവസരങ്ങളാണ് അടഞ്ഞുപോകുന്നത്. രാജ്യത്തിന്റെ സാമൂഹിക വികസനത്തെയും ഭാവിയെയും ഇത് നേരിട്ട് ബാധിക്കുന്നു.

സർക്കാർ സ്കൂൾ ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമല്ല, സാമൂഹ്യനീതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന പൊതുസംവിധാനമാണത്. ആ സംവിധാനം ചുരുങ്ങുമ്പോൾ അസമത്വം കൂടുതൽ ശക്തമാകും. ഇന്ത്യ ഒരു വികസിത രാഷ്ട്രമാകണമെന്ന് പറയുമ്പോൾ അതിന്റെ അടിത്തറ ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമായിരിക്കണം. സ്കൂളുകൾ വെട്ടിച്ചുരുക്കുകയല്ല, ആവശ്യമുള്ളിടത്ത് പുതിയവ സ്ഥാപിക്കുകയും നിലവിലുള്ളവയെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.

Representative Image

ഹയർ സെക്കൻഡറിയിലെ പ്രതിസന്ധി

റിപ്പോർട്ട് പ്രകാരം പ്രൈമറി തലത്തിലെ പ്രവേശന നിരക്ക് 90.9 ശതമാനവും, അപ്പർ പ്രൈമറി തലത്തിൽ 90 ശതമാനത്തിലധികവുമാണ്. എന്നാൽ ഉയർന്ന ക്ലാസുകളിലേക്ക് കടക്കുമ്പോൾ സ്ഥിതി മാറുന്നു. സെക്കൻഡറി തലത്തിൽ പ്രവേശന നിരക്ക് 78.7 ശതമാനമായി കുറയുന്നു; ഹയർ സെക്കൻഡറിയിലെത്തുമ്പോൾ അത് 58.4 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. അതായത്, സ്കൂളിൽ പ്രവേശിക്കുന്ന ഓരോ പത്ത് കുട്ടികളിൽ നാല് പേരും പ്ലസ് ടു പൂർത്തിയാക്കുന്നതിന് മുമ്പ് പുറത്താകുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബത്തിന്റെ ഉപജീവനത്തിനായി നേരത്തേ തൊഴിൽ തേടേണ്ടിവരുന്നത്, സാമൂഹിക സമ്മർദ്ദങ്ങൾ, സമീപത്ത് ഹയർ സെക്കൻഡറി സ്കൂളുകളുടെ അഭാവം തുടങ്ങിയ ഘടകങ്ങളാണ് ഈ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം.

ഒഴിഞ്ഞുപോകുന്ന പിന്നാക്ക വിഭാഗങ്ങൾ

രാജ്യത്തെ സ്കൂളുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വിവരശേഖരമായ UDISE+ (Unified District Information System for Education Plus) 2025-26 റിപ്പോർട്ട് പൊതുവിദ്യാഭ്യാസത്തിലെ മറ്റൊരു നിർണായക മാറ്റം രേഖപ്പെടുത്തുന്നു. 2023-24 മുതൽ 2025-26 വരെയുള്ള രണ്ട് വർഷത്തിനിടെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം 12.75 കോടിയിൽ നിന്ന് 11.89 കോടിയായി കുറഞ്ഞു — രണ്ട് വർഷംകൊണ്ട് 86 ലക്ഷം വിദ്യാർത്ഥികളുടെ കുറവ്. അതേസമയം സ്വകാര്യ സ്കൂളുകളിലെ പ്രവേശനം 9 കോടിയിൽ നിന്ന് 9.89 കോടിയായി ഉയർന്നു (88 ലക്ഷം വിദ്യാർത്ഥികളുടെ വർധന).

സർക്കാർ സ്കൂളുകളിൽ നിന്ന് സ്വകാര്യ സ്കൂളുകളിലേക്ക് വലിയ തോതിലുള്ള മാറ്റമാണ് നടക്കുന്നത്. ഇത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുന്നു. വായ്പയെടുത്തും കടം വാങ്ങിയുമാണ് കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്, സെക്കൻഡറി സ്കൂളുകളിലെ ഇന്റഗ്രേറ്റഡ് സയൻസ് ലാബുകളുടെ എണ്ണം വർധിച്ചെങ്കിലും, അത്തരം സൗകര്യമുള്ള സ്കൂളുകളുടെ ശതമാനം 2024-25ലെ 57.1 ശതമാനത്തിൽ നിന്ന് 2025-26ൽ 54.6 ശതമാനമായി കുറഞ്ഞു. സൗകര്യങ്ങൾ എല്ലാ സ്കൂളുകളിലേക്കും എത്തുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

പൊതുവിദ്യാഭ്യാസത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങൾ ക്രമേണ അകലുന്നതും UDISE+ റിപ്പോർട്ടിലുണ്ട്. 2021-22ൽ 4.82 കോടി ആയിരുന്ന പട്ടികജാതി വിദ്യാർത്ഥികളുടെ എണ്ണം 2025-26ൽ 4.38 കോടിയായി കുറഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (OBC) വിദ്യാർത്ഥികളുടെ എണ്ണത്തിലും സമാനമായ ഇടിവുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ റാംപുകൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, പഠനസൗകര്യങ്ങൾ എന്നിവ ഇപ്പോഴും പല സ്കൂളുകളിലുമില്ല. ഔദ്യോഗിക കണക്കുകളിൽ ഡ്രോപ്പ്‌ ഔട്ട് നിരക്ക് കുറയുന്നുവെന്ന് പറയുമ്പോഴും, സർക്കാർ സ്കൂളുകളിൽ നിന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എവിടേക്കാണ് പോകുന്നത്? ഈ ചോദ്യത്തിന് ഉത്തരമില്ലാതെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ മനസ്സിലാക്കാനാവില്ല. ഒന്നാം ക്ലാസിൽ എത്ര കുട്ടികൾ ചേർന്നു എന്നതിലല്ല, എത്ര പേർ പ്ലസ് ടു വരെ പഠനം പൂർത്തിയാക്കി എന്നതിലാണ് വിദ്യാഭ്യാസ വിജയം അളക്കേണ്ടത്.

Representative Image

സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ

പൊതുവിദ്യാഭ്യാസം ദുർബലമാകുന്നതിനൊപ്പം, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സഹായമായിരുന്ന സ്കോളർഷിപ്പ് പദ്ധതികളിലും വലിയ വെട്ടിച്ചുരുക്കലുണ്ടായി. 2022-23 മുതൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള Pre-Matric Scholarship ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ നിർത്തലാക്കി, പദ്ധതി ഒമ്പതും പത്തും ക്ലാസുകളിലേക്ക് മാത്രമായി ചുരുക്കി. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE) സൗജന്യ വിദ്യാഭ്യാസം ലഭ്യമാണെന്നാണ് കേന്ദ്ര സർക്കാർ നൽകിയ വിശദീകരണം. എന്നാൽ ട്യൂഷൻ ഫീസ് മാത്രമല്ല വിദ്യാഭ്യാസച്ചെലവ്. പുസ്തകങ്ങൾ, യൂണിഫോം, യാത്ര, പഠനോപകരണങ്ങൾ, ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങി നിരവധി ചെലവുകൾ കുടുംബങ്ങൾ വഹിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഈ സഹായം നഷ്ടപ്പെടുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.

സമാനമായ രീതിയിൽ പട്ടികജാതി (SC) വിദ്യാർത്ഥികൾക്കുള്ള Pre-Matric Scholarship പദ്ധതിയും പ്രധാനമായും ഒമ്പതും പത്തും ക്ലാസുകളിലേക്ക് പരിമിതപ്പെടുത്തി. പ്രാഥമിക ഘട്ടത്തിൽ തന്നെ സാമ്പത്തിക പിന്തുണ കുറയുന്നത് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റുന്നു. സ്കൂൾ വിട്ടുപോകുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന് ഒരുവശത്ത് പ്രഖ്യാപിക്കുമ്പോഴാണ് പഠനം തുടരാൻ സഹായിക്കുന്ന പദ്ധതികൾ ചുരുക്കുന്നത്. പ്രവേശനം ഉറപ്പാക്കുന്നതുപോലെ തന്നെ പഠനത്തിൽ തുടരാനുള്ള സാമൂഹിക-സാമ്പത്തിക പിന്തുണ നൽകുന്നതും പൊതുവിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണ്.

വർദ്ധിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകൾ

ഇന്ത്യൻ വിദ്യാഭ്യാസരംഗം നേരിടുന്ന വേദനാജനകമായ പ്രതിസന്ധിയാണ് വിദ്യാർത്ഥി ആത്മഹത്യകളുടെ വർധന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) 2023-ലെ കണക്കുകൾ പ്രകാരം 13,044 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത് — പ്രതിദിനം ശരാശരി 36 പേർ! കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വിദ്യാർത്ഥി ആത്മഹത്യകളിൽ 65% വർധനയുണ്ടായി. ജനസംഖ്യാ വർധനയേക്കാൾ വേഗത്തിൽ ഈ എണ്ണം ഉയരുന്നത് വലിയ ആശങ്കയാണ്. ഓരോ വിദ്യാർത്ഥി ആത്മഹത്യയും വിദ്യാഭ്യാസ സംവിധാനത്തോടും സമൂഹത്തോടും ഉയരുന്ന ചോദ്യമാണ്. കുട്ടികളെ വിജയത്തിനായി മാത്രം തയ്യാറാക്കുന്ന സംവിധാനമല്ല, പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്ന അന്തരീക്ഷമാണ് രാജ്യത്തിന് വേണ്ടത്.

പൊള്ളയായ ഗുജറാത്ത് വികസന മാതൃക

സാമ്പത്തിക വളർച്ചയുടെ മാതൃകയായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിലെ വിദ്യാഭ്യാസ കണക്കുകൾ മറ്റൊരു ചിത്രമാണ് നൽകുന്നത്. സംസ്ഥാനത്ത് 1.15 കോടി വിദ്യാർത്ഥികൾ 53,425 സ്കൂളുകളിലായി പഠിക്കുന്നുണ്ടെങ്കിലും, പ്ലസ് ടു വരെ എത്തുന്നത് 54.5 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് (ആൺകുട്ടികളിൽ 53%, പെൺകുട്ടികളിൽ 56.2%). അതായത്, 45.5 ശതമാനം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പുറത്താകുന്നു. ഗുജറാത്തിലെ സെക്കൻഡറി തലത്തിലെ ഡ്രോപ്പ്‌ഔട്ട് നിരക്ക് 12.5 ശതമാനമാണ്. ദേശീയ ശരാശരി ഏഴ് ശതമാനം മാത്രമായിരിക്കുമ്പോഴാണിത്. മിഡിൽ സ്കൂൾ തലത്തിൽ നിലനിർത്തൽ നിരക്ക് 90.4 ശതമാനമായിട്ടും, അതിനുശേഷം വലിയ തോതിൽ കുട്ടികൾ പഠനം ഉപേക്ഷിക്കുന്നു. ദാരിദ്ര്യം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത, കുടിയേറ്റം, ഹയർ സെക്കൻഡറി സ്കൂളുകളുടെ അഭാവം, സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ഉയർന്ന ചെലവ്, ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ കുറവ് എന്നിവയാണ് ഇതിന് പിന്നിൽ. പഠനം പൂർത്തിയാക്കാത്തവർ പിന്നീട് അസംഘടിത തൊഴിൽ മേഖലയിലേക്കോ കുറഞ്ഞ വേതനമുള്ള ജോലികളിലേക്കോ നീങ്ങുന്നു.

അധ്യാപക വിന്യാസത്തിലും അസന്തുലിതാവസ്ഥ

വിദ്യാർത്ഥികളില്ലാത്ത 58 സ്കൂളുകളിൽ 74 അധ്യാപകരുള്ളപ്പോൾ, 2,335 സ്കൂളുകൾ ഒറ്റ അധ്യാപകനെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് (അവിടെ 80,000 ത്തിലധികം കുട്ടികൾ പഠിക്കുന്നു). സംസ്ഥാനത്തെ വിദ്യാർത്ഥി-അധ്യാപക അനുപാതം 29:1 ആണ്; ദേശീയ ശരാശരി 24:1 ആയിരിക്കുമ്പോഴാണിത്.

പഠന നിലവാരത്തിലെ ആശങ്ക

സ്കൂളുകളുടെ എണ്ണവും പ്രവേശനവും മാത്രമല്ല, പഠനത്തിന്റെ ഗുണനിലവാരവും താഴോട്ടാണ്. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം, 2014-ൽ എട്ടാം ക്ലാസിലെ 74.7% വിദ്യാർത്ഥികൾക്ക് രണ്ടാം ക്ലാസ്സിലെ പാഠഭാഗം വായിക്കാൻ കഴിയുമായിരുന്നെങ്കിൽ, 2024-ൽ അത് 71.1% ആയി കുറഞ്ഞു. ഗണിതം, ശാസ്ത്രം, ഭാഷാപഠനം എന്നിവയിലും അടിസ്ഥാനശേഷി കുറയുന്നു. ഇതാണ് രക്ഷിതാക്കളെ സ്വകാര്യ കൂടുതൽ തെരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുന്നത്. ഇംഗ്ലീഷ് മീഡിയം, തൊഴിൽസാധ്യത, കോച്ചിങ് സൗകര്യം എന്നിവ മാതാപിതാക്കളുടെ തീരുമാനത്തെ സ്വാധീനിക്കുന്നു.

എന്നാൽ സ്വകാര്യ സ്കൂളുകളിലേക്കുള്ള ഒഴുക്ക് മികച്ച പഠനഫലത്തിന്റെ ഉറപ്പല്ല. സ്വകാര്യ സ്ഥാപനങ്ങൾ മികച്ച നിലവാരം പുലർത്തുന്നുവെന്നതിന് തെളിവുകളില്ലെന്ന് റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. പല സ്വകാര്യ സ്കൂളുകളും അടിസ്ഥാന സൗകര്യങ്ങളിലും അധ്യാപക നിലവാരത്തിലും പരിമിതികളുള്ളവയാണ്. പരിഹാരം സ്വകാര്യവൽക്കരണമല്ല; പൊതുവിദ്യാലയങ്ങളിൽ ഗുണമേന്മയുള്ള പഠനവും അധ്യാപകരെയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ്.

ജിഡിപിയുടെ ആറ് ശതമാനം: നാല് പതിറ്റാണ്ട് പഴക്കമുള്ള വാഗ്ദാനം

വിദ്യാഭ്യാസത്തിനായി GDPയുടെ 6 ശതമാനം ചെലവഴിക്കണമെന്ന ശുപാർശ 1968-ലെ കോത്താരി കമ്മീഷനും 1986-ലെ ദേശീയ വിദ്യാഭ്യാസ നയവും മുന്നോട്ടുവെച്ചതാണ്. NEP 2020 അതും ആവർത്തിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയുടെ പൊതുവിദ്യാഭ്യാസ ചെലവ് ജിഡിപിയുടെ 4.06 ശതമാനത്തിൽ നിൽക്കുന്നു. നാല് പതിറ്റാണ്ടിലേറെയായുള്ള ലക്ഷ്യം ഇന്നും കടലാസിലാണ്.

കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളുടെ സമഗ്ര ശിക്ഷാ അഭിയാൻ (SSA) പദ്ധതികളിലെ കേന്ദ്രവിഹിതം വൈകുന്നത് വികസനത്തെ ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ നിക്ഷേപം കുറയുമ്പോൾ അധ്യാപക ഒഴിവുകളായും അപര്യാപ്തമായ ക്ലാസ് മുറികളായും ലാബ്-ലൈബ്രറികളുടെ കുറവായും ഒടുവിൽ കൊഴിഞ്ഞുപോക്കായും പുറത്തുവരുന്നു.

ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാർലമെന്ററി സമിതി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. PM POSHAN പദ്ധതിയുടെ പരിധി എട്ടാം ക്ലാസിൽ അവസാനിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും, കൗമാരക്കാരുടെ പോഷകാഹാര ആവശ്യങ്ങളും പെൺകുട്ടികളുടെ പഠനവും കണക്കിലെടുത്ത് പദ്ധതി പത്താം ക്ലാസ് വരെയും തുടർന്ന് പന്ത്രണ്ടാം ക്ലാസ് വരെയും വ്യാപിപ്പിക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നുവെങ്കിലും സർക്കാർ അത് നടപ്പിലാക്കിയിട്ടില്ല.

Representative Image

ബജറ്റ് ഉയരുന്നു; യഥാർത്ഥ നിക്ഷേപമോ?

കേന്ദ്ര സർക്കാർ ഓരോ വർഷവും വിദ്യാഭ്യാസ ബജറ്റ് വർധിപ്പിച്ചതായി അവകാശപ്പെടുന്നു. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് 2014-15ലെ ₹44,000 കോടിയിൽ നിന്ന് 2026-27ൽ ₹83,562 കോടിയായി ഉയർന്നിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഇത് വലിയ വർധനയാണ്. എന്നാൽ നാമമാത്ര ബജറ്റ് വർധനയും യഥാർത്ഥ നിക്ഷേപ വർധനയും ഒന്നല്ല. ഈ കാലയളവിൽ വിലക്കയറ്റം (Inflation) ഗണ്യമായി വർധിച്ചു. നിർമ്മാണ സാമഗ്രികൾ, വൈദ്യുതി, ഗതാഗതം, ഡിജിറ്റൽ ഉപകരണങ്ങൾ, അധ്യാപക വേതനം എന്നിവ ഉയർന്നതിനാൽ ബജറ്റ് ഇരട്ടിയായെങ്കിലും വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ശേഷി വർധിച്ചിട്ടില്ല. ഒരു സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനുള്ള ചെലവ് ഒരു ദശാബ്ദം മുമ്പത്തേക്കാൾ കൂടുതലാണ്. ബജറ്റ് കണക്കുകൾക്കപ്പുറം എത്ര സ്കൂളുകൾ മെച്ചപ്പെട്ടു, എത്ര അധ്യാപകരെ നിയമിച്ചു, എത്ര വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പഠനം ലഭിച്ചു എന്നതാണ് മാനദണ്ഡമാക്കേണ്ടത്.

PM-SHRI: മാതൃകാ സ്കൂളുകളുടെ രാഷ്ട്രീയം

ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് PM-SHRI (PM Schools for Rising India). 14,500 സർക്കാർ സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കുകയാണ് ലക്ഷ്യം. എന്നാൽ ലക്ഷക്കണക്കിന് സ്കൂളുകൾ അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വലയുമ്പോൾ, അതിൽ ചെറിയൊരു വിഭാഗത്തെ മാത്രം മാതൃകാ സ്കൂളുകളാക്കുന്നത് ഏതാനും “ഷോകേസ്” സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ്.

പദ്ധതിയുടെ ധനവിന്യാസവും ശ്രദ്ധിക്കേണ്ടതാണ്. ആദ്യഘട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും (60:40) ചെലവ് പങ്കിടുമെങ്കിലും, പദ്ധതി അവസാനിക്കുന്നതോടെ (2027 മാർച്ച്) തുടർ ബാധ്യത സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അതേസമയം ബ്രാൻഡിംഗും നിയന്ത്രണവും കേന്ദ്രത്തിന്റെ കയ്യിൽ തന്നെ നിൽക്കും. ഇത് ഫെഡറൽ സംവിധാനത്തിലും ധനസുസ്ഥിരതയിലും ചോദ്യങ്ങളുയർത്തുന്നു. എല്ലാ സർക്കാർ സ്കൂളുകളിലും മികച്ച സൗകര്യവും അധ്യാപകരും ഉറപ്പാക്കുന്ന സമീപനമാണ് പൊതുവിദ്യാഭ്യാസത്തിന് വേണ്ടത്.

ഡിജിറ്റൽ വിദ്യാഭ്യാസം: പ്രഖ്യാപനങ്ങളും യാഥാർത്ഥ്യവും

കോവിഡിനുശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ്, ഓൺലൈൻ പഠനം, ഡിജിറ്റൽ ക്ലാസ് മുറികൾ എന്നിവ വിദ്യാഭ്യാസ നയത്തിലെ പ്രധാന ചർച്ചകളായി. എന്നാൽ ഈ പ്രഖ്യാപനങ്ങൾ പ്രായോഗികമായിട്ടില്ല. ഗ്രാമീണ ഇന്ത്യയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഇന്നും ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ലഭ്യമല്ല. പല സർക്കാർ സ്കൂളുകളിലും കമ്പ്യൂട്ടർ ലാബുകളോ വൈദ്യുതി വിതരണമോ പോലുമില്ല. അടിസ്ഥാന സൗകര്യങ്ങളിലെ ഈ അസമത്വം നിലനിൽക്കുമ്പോൾ ഡിജിറ്റൽ വിദ്യാഭ്യാസം പുതിയ വിടവുകൾ സൃഷ്ടിക്കുകയേയുള്ളൂ.

വിദ്യാഭ്യാസത്തെ ചെലവായാണോ, നിക്ഷേപമായാണോ കാണുന്നത്?

സാമ്പത്തിക വളർച്ചയുടെയും സാമൂഹിക നീതിയുടെയും അടിത്തറ വിദ്യാഭ്യാസമാണ്. എന്നിട്ടും പൊതുചെലവിന്റെ കാര്യത്തിൽ വിദ്യാഭ്യാസത്തിന് അർഹിക്കുന്ന മുൻഗണന ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. റോഡുകളും വ്യവസായ ഇടനാഴികളും വികസനത്തിന്റെ ചിഹ്നങ്ങൾ ആകാം. പക്ഷേ ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ്. ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം ദുർബലമാകുമ്പോൾ അതിന്റെ ആഘാതം തലമുറകളോളം തുടരും. ഇത് സാമൂഹിക അസമത്വത്തെയും തൊഴിൽ സാധ്യതകളെയും ബാധിക്കുന്ന വിഷയമാണ്.

അതുകൊണ്ട് വിദ്യാഭ്യാസത്തെ കമ്പോളത്തിലെ ഒരു ചരക്കായല്ല, അവകാശമായി കാണുന്ന സമീപനത്തിലേക്ക് നയരൂപീകരണം മാറണം. സ്കൂൾ വിട്ടുപോകുന്ന ഓരോ കുട്ടിയും രാജ്യത്തിന്റെ മനുഷ്യവിഭവശേഷിക്കുണ്ടാകുന്ന നഷ്ടമാണ്. വാചാടോപങ്ങൾ കൊണ്ടല്ല, ഓരോ കുട്ടിക്കും ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം യാഥാർത്ഥ്യമാക്കാൻ സൃഷ്ടിക്കുന്ന അവസരങ്ങളാണ് സർക്കാരിന്റെ യഥാർത്ഥ മാനദണ്ഡം.

Also Read

9 minutes read August 1, 2026 2:13 pm