ഭൂമി, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദലിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 2022 നവംബർ 21ന് കോട്ടയത്ത് നടത്തിയ അവകാശ പ്രഖ്യാപന സംഗമമായ ‘പ്രതിധ്വനി’യുടെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. ഭൂരഹിതർക്ക് ഭൂമി കിട്ടാതെ പോയതിന് കാരണമായ അട്ടിമറികളുടെ ചരിത്രം വിശദമാക്കുന്ന, കേരളീയം പ്രസിദ്ധീകരിച്ച ‘ഹാരിസൺസ് രേഖയില്ലാത്ത ജന്മി’ (ആർ സുനിൽ) എന്ന പുസ്തകം വെളിപ്പെടുത്തിയ വസ്തുതകൾ ഭൂഅവകാശ സമരങ്ങൾ ഏറ്റെടുക്കുന്നു.
ഭൂപരിഷ്‌കരണ നിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നാണ് പൊതുവിൽ മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ വിശ്വാസം. 1970 ൽ ഭൂപരിഷ്‌കരണ നിയമം പാസാക്കുകയും മിച്ചഭൂമി ഏറ്റെടുത്ത് വിതരണം നടത്തുകയും ചെയ്തതോടെ കേരളത്തിലെ ഭൂപ്രശ്‌നം അവസാനിച്ചുവെന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട്. എന്നാൽ ഇന്ന് മുഖ്യധാര രാഷ്ട്രീയക്കാരും പൊതുസമൂഹവും ഭൂരഹിതരെക്കുറിച്ച് സംസാരിക്കാറില്ല. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനത്തിൽ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് ദലിതരും ആദിവാസികളും അടക്കമുള്ള ഭൂരഹിതർ കുടുങ്ങിക്കിടന്നു. മിച്ചഭൂമി വിതരണത്തിന്റെ ഗുണഫലം ലഭിച്ചതാകട്ടെ മറ്റു സമൂഹങ്ങൾക്കും. ഭൂപരിഷ്‌കരണത്തിലൂടെ മണ്ണിൽ പണിയെടുക്കുന്ന ദലിതർക്ക് ഭൂമി ലഭിച്ചില്ലെന്ന് 1990കളോടെ തിരിച്ചറിഞ്ഞു തുടങ്ങിയത്.
പട്ടിണിമരണം നേരിട്ട വയനാട്ടിലെ ആദിവാസികളാണ് ഭൂമിക്കുവേണ്ടി ആദ്യമായി സമരരംഗത്ത് വന്നത്. സെക്രട്ടേറിയറ്റിന്റെ മുന്നിൽ 2001ൽ കുടിൽകെട്ടി ആദിവാസികൾ സമരം നടത്തി. സർക്കാർ നൽകിയ ഉറപ്പ് പാലിക്കാതെ വന്നപ്പോൾ മുത്തങ്ങയിൽ കുടിൽകെട്ടി. അത് പൊലീസ് ഭീകരതയിലാണ് അവസാനിച്ചത്. തുടർന്ന് ചെങ്ങറയിൽ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ഭൂമിപിടിച്ചെടുത്ത് സമരം തുടങ്ങി. സമരം അവസാനിപ്പിക്കാൻ സർക്കാർ പാക്കേജ് ഉണ്ടാക്കിയെങ്കിലും ഇന്നും ചെങ്ങറക്കാർക്ക് ഭൂമിക്ക് രേഖയില്ല. പിന്നീട് കെ.പി.എം.എസ് അടക്കമുള്ള ദലിത് സംഘടനകൾ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാലത്ത് സർക്കാർ (ഇടതു-വലതുപക്ഷ ഭേദമില്ലാതെ) ചോദിച്ചത് വിതരണം ചെയ്യാൻ കേരളത്തിൽ ഭൂമിയെവിടെയെന്നാണ്. അവർക്കുള്ള ആദ്യ മറുപടിയായിരുന്നു റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. ഹാരിസൺസ് കമ്പനി 75,000 ഏക്കറോളം തോട്ടം ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് റിട്ട. ജസ്റ്റിസ് എൽ. മനോഹരൻ, ഡോ. സജിത് ബാബു, ഐ.ജി. ശ്രീജിത്, ഡിവൈ.എസ്.പി എൻ. നന്ദനൻ പിള്ള, ഡോ. എം.ജി രാജമാണിക്യം എന്നിവർ നടത്തിയ അന്വേഷണങ്ങളിൽ വിദേശ കമ്പനികൾ കൈവശം വെച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം തെറ്റാണെന്ന് ഒരു കോടതിയും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല. ഭൂരാഹിത്യം പരിഹരിക്കുന്നതിന് കേരളത്തിലെ കാർഷികമേഖലയുടെ വികാസത്തിന് സർക്കാരിന്റെ മുന്നിലുള്ള ഒറ്റമൂലിയാണ് വിദേശ തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമനിർമ്മാണം.
വർഗ മേധാവിത്വത്തെക്കുറിച്ച് ചിന്തിച്ചിരുന്ന രാഷ്ട്രീയ ബുദ്ധിജീവികൾ മറച്ചുവെച്ച വിദേശ തോട്ടം ഭൂമിയെ സംബന്ധിച്ച സത്യങ്ങൾ മലയാളികളോട് വെളിപ്പെടുത്തിയത് റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത.പി ഹരനും മുൻ സ്‌പെഷ്യൽ ഗവ.പ്ലീഡർ സുശീല ആർ. ഭട്ടുമാണ് (ഇവരുവരും മലയാളികളല്ല). കേരളത്തിലെ നിയമസഭയിൽ 1970 കൾ വരെ വിദേശ തോട്ടം ദേശസാത്കണത്തെക്കുറിച്ചുള്ള നടന്ന ചർച്ചകളോ ഇ.എം.എസും സി അച്യുതമേനോനും എഴുതിയ ലേഖനങ്ങളോ ഇവരും വായിച്ചിട്ടില്ലെന്നതാണ് വസ്തുത.
പാട്ടഭൂമി വിൽക്കാൻ വിദേശകമ്പനിക്ക് അവകാശമുണ്ടോയെന്ന ചെറുവള്ളി എസ്റ്റേറ്റ് വിൽപ്പനയിൽ മാധ്യമ പ്രവർത്തകർ ഉയർത്തിയ ചോദ്യം ചരിത്രത്തിലെ വഴിത്തിരിവായായിരുന്നു. ഹാരിസൺസ് ഭൂമി സംബന്ധിച്ച അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. അത് ഭൂരഹിതർക്ക് അനുഗ്രഹമായി. നിവേദിതക്ക് പകരം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിച്ചുവെങ്കിൽ ഒരു പക്ഷെ ഹാരിസൺസ് കേസ് അന്നേ കുഴിച്ചുമൂടിയേനെ. നിവേദിതയാകട്ടെ ഹാരിസൺസ് ഭൂമി സംബന്ധിച്ച പ്രമാണ രേഖകളെല്ലാം പരിശോധിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി ഭരണാധികാരികൾ വിദേശകമ്പനികൾക്കും പൗരന്മാർക്കും തദ്ദേശീയർക്ക് കർശന വ്യവസ്ഥകളോടെ പാട്ടമായും ഗ്രാന്റായും നൽകിയ ഭൂമിയിലും സ്വകാര്യ പാട്ടഭൂമിയിലും യാതൊരു ഉടമസ്ഥതയും സ്ഥാപിക്കാതെ 1984 നിലവിൽ വന്ന ഹാരിസൺസ് മലയാളം ലിമിറ്റഡ് (ഇന്ത്യ)1985, 2004, 2005 വർഷങ്ങളിൽ ആയിരക്കണക്കിന് ഏക്കർ വിൽപ്പന നടത്തിയതായി കണ്ടെത്തി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഹാരിസൺസ് കമ്പനിയും അവരിൽ നിന്നും ഭൂമി നേടിയവരും കൂടി 76,769 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് ഉന്നതാധികാര സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. കേരള ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള സീലിംഗ് കേസുമായി ബന്ധപ്പെട്ട് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡിൽ സമർപ്പിച്ച രേഖകൾ പ്രകാരം ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ളത് 59,623 ഏക്കർ ഭൂമി മാത്രം. എന്നാൽ, കമ്പനി ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കിയിട്ടുള്ള ആധാരങ്ങളിലും കരാർ ഉടമ്പടികളിലും 74,500.31 ഏക്കർ ഭൂമി ഉൾപ്പെട്ടിട്ടുളളതായി കണ്ടെത്തി. തിരുവിതാംകൂർ രാജാവ് നൽകിയ 1923ലെ പാട്ടരേഖകൾ മാത്രമേ ഹാരിസൺസിന്റെ കൈവശമുള്ളുവെന്ന യാഥാർഥ്യം കേരളം അറിഞ്ഞത് റിപ്പോർട്ടിലൂടെയാണ്.
ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പരിശോധിച്ച് സർക്കാരിന് നിയമോപദേശം നൽകുന്നതിനായി ചുമതലപ്പെടുത്തിയത് റിട്ട. ജസ്റ്റിസ് എൽ മനോഹരൻ കമ്മീഷനെയാണ്. ഭൂപരിഷ്‌കരണ നിയമം, സർക്കാർ ഉടമ്പടികളിലെ വ്യവസ്ഥകൾ എന്നിവ ലംഘിച്ച് അനധികൃതമായി ഹാരിസൺ കമ്പനിയും മറ്റുള്ളവരും യാതൊരുവിധ ഉടമസ്ഥതയും കൂടാതെ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്ന സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാമെന്ന് കമ്മീഷൻ സർക്കാരിന് നിയമോപദേശം നൽകി.
തുടർന്ന് ഹാരിസൺസ് കമ്പനിയും അവരിൽനിന്നും ഭൂമി നേടിയ മറ്റുള്ളവരും കൈവശം വയ്ക്കുന്ന റവന്യൂ രേഖകൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് മുൻ അസി. ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. ഡി. സജിത് ബാബുവിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം സമർപ്പിച്ച റിപ്പോർട്ടിൽ റവന്യൂ രേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അടിവരയിട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഭൂപരിഷ്‌കരണ നിയമ പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഭൂമി അനധികൃതമായി ഈ കമ്പനിയും മറ്റുള്ളവരും കൈവശം വയ്ക്കുന്നുണ്ടെന്നും ഇംഗ്ലീഷ് കമ്പനികളുടെയും പൗരന്മാരുടെയും പേരുകളിൽ തണ്ടപ്പേർ പിടിപ്പിച്ച് കമ്പനികൾ ഭൂനികുതി അടക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിലെ തോട്ടം ഭൂമിയുടെ ഉടമസ്ഥത ഭൂപടം മാറ്റി വരയ്ക്കാൻ ശ്രമിച്ച മെറ്റൊരാൾ മുൻ സ്‌പെഷ്യൽ സർക്കാർ പ്ലീഡർ സുശീല ആർ.ഭട്ട് ആണ്. സത്യസന്ധമായി നിയമ പോരാട്ടം നടത്തിയതിന് മാതൃകയാണവർ. വിദേശ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി സംബന്ധിച്ച് നിലനിന്ന വിശ്വാസത്തെയും ചരിത്രത്തെയും തകർക്കുന്ന വാദമുഖങ്ങളാണ് കോടതിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലം. കോടതി വ്യവഹാരത്തിലൂടെ അവർ ഏറെ മുന്നോട്ടുപോയപ്പോൾ മുൻ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് അതിനെല്ലാം തടയിടാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ വാദത്തെ പ്രമാണരേഖകളും തെളിവുകളും നിരത്തി പ്രതിരോധിക്കാനും ഭട്ടിന് കഴിഞ്ഞുവെങ്കിലും ഇടതു സർക്കാർ അധികാരത്തിലെത്തിയതോടെ ഹാരിസൺസിന്റെ കണ്ണിലെ കരടായിരുന്ന ഭട്ടിനെ ഗവ.പ്ലിഡർ സ്ഥാനത്ത് നീക്കം ചെയ്തു.
രാജമാണിക്യത്തിന്റെ വരവ്
നിവേദിത, ഡോ.സജിത് ബാബു, മുൻ ഐ.ജി എസ് ശ്രീജിത് എന്നിവർ സർക്കാരിന് നൽകിയ റിപ്പോർട്ടുകൾക്ക് പിന്നാലെ യു.ഡി.എഫ് സർക്കാർ രാജമാണിക്യത്തെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചു. 2013ലെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ 1957 ലെ ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസൺസ് മലയാളം ലിമിറ്റഡും അവരിൽ നിന്നും ഭൂമി നേടിയവരും അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനാണ് എം.ജി രാജമാണിക്യത്തെ സംസ്ഥാന സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്. 2013 ഫെബ്രുവരി 28ലെയും 2013 ഏപ്രിൽ 25ലെയും സർക്കാർ ഉത്തരവുകൾ പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അതേസമയം, മനുഷ്യാവകാശ കമ്മീഷൻ 2015 സെപ്റ്റംബർ ഏഴിന് മറ്റൊരു ഉത്തരവ് നൽകി. അതനുസരിച്ച് സംസ്ഥാനത്ത് ബ്രിട്ടീഷ് കമ്പനികളും പൗരന്മാരും 1947ന് മുമ്പ് കൈവശം വച്ചതും ഉപേക്ഷിച്ചു പോയമായ ഭൂമി നിയമാനുസൃതമല്ലാതെ കൈയേറി നിലവിൽ കൈവശം വച്ചിരിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും എതിരെ ഭൂസംരക്ഷണ നിയമം വകുപ്പ് 15 പ്രകാരം നടപടി സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഹാരിസൺസും ചെറുവള്ളിയും അടക്കമുള്ളവർ ഹൈക്കോടതിയിൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, കോടതി അത് റദ്ദാക്കാൻ തയ്യാറായില്ല. കോടതി നിർദേശമനുസരിച്ചാണ് രാജമാണിക്യം നിയമ നടപടികളുമായി മുന്നോട്ടുപോയത്. ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെല്ലാം വളരെ സൂക്ഷ്മതയോടെ നിയമം പാലിച്ചും സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചുമാണ് സ്വീകരിച്ചത്. നിയമലംഘനമോ സ്വാഭാവിക നീതിയുടെ ലംഘനമോ ഇവിടെ ഉണ്ടായിട്ടില്ല. ഹാരിസൺസ് അടക്കമുള്ളവർ കൊല്ലം, പത്തനംതിട്ട, ജില്ലകളിലായി കൈവശംവച്ചിരിക്കുന്ന 38,170 ഏക്കർ തോട്ടം ഭൂമി സർക്കാർ ഭൂമിയാണെന്ന് പ്രഖ്യാപിച്ച് 1957 ലെ കേരള ഭൂസംരക്ഷണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷ്യൽ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റെടുക്കാൻ നിർദ്ദേശിച്ച സർക്കാർ ഭൂമിയിൽ ചെറുവള്ളി എസ്റ്റേറ്റും (കെ.പി യോഹന്നാന് വിറ്റ ഭൂമി) ഉൾപ്പെട്ടു. 2015 മെയ് 28നാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് രാജമാണിക്യം ഉത്തരവ് നൽകിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് 167 പേജുള്ള ഉത്തരവ് തയ്യാറാക്കിയത്. കൈവശക്കാർക്ക് ഭൂമിയിൽ ഒരുശതമാനം പോലും അവകാശമില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. കൈവശക്കാർ ഭൂമി ഒഴിയണം, ഈ ഭൂമിയിലുള്ള ചമയങ്ങളും ജംഗമ വസ്തുക്കളും സർക്കാരിന്റെതായി കണ്ടുകെട്ടിയാണ് ഉത്തരവിറക്കിയത്. 2013 മുതൽ 2016വരെ ഈ വിലക്കുണ്ടായിരുന്നു. രാജമാണിക്യം എടുത്ത നടപടി സംബന്ധിച്ച് സിങ്കിൾ ബഞ്ചിലെ ജസ്റ്റിസ് പി.വി ആശയുടെ വിശദമായൊരു വിധി വന്നിരുന്നു. ഇത് സർക്കാർ ഭൂമിയാണ്. എല്ലാ നടപടികളും നിയമപരമായി നടത്താമെന്നും സർക്കാർ ഭൂമിയെന്ന നിലയിൽ കൈയേറ്റക്കാരാണിവർ എന്നായിരുന്നു സിങ്കിൾ ബഞ്ച് വിധി. അത് സർക്കാർ വാദത്തിന് അനുകൂലമായിരുന്നു. ആ സിങ്കിൽ ബഞ്ച് വിധിയിൽ വേറെ കുറെ നിയമപ്രശ്‌നങ്ങൾ ഉണ്ടെന്നും 60 വർഷമായി ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ കൈയിൽ വേറെ വിധികളുണ്ടെന്നും അതിന്റെ പ്രത്യാഘാതം കൂടി പഠിക്കണമെന്നും ചൂണ്ടിക്കാട്ടി ഡിവിഷൻ ബഞ്ചിലേക്ക് കേസ് റഫർ ചെയ്തു.
ഇക്കാലയളിവിലാണ് ഇടതു സർക്കാർ അധികാരത്തിൽ വന്നത്. പുതിയ സർക്കാർ കേസ് നടത്തുന്നതിന്റെ തീവ്രത കുറച്ചു. അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) ഓഫിസ് ഗൗരവമില്ലാതെ കേസ് കൈകാര്യം ചെയ്തു. ആർക്കും കേസ് നടത്തുന്നതിൽ താൽപര്യമില്ലെന്ന അവസ്ഥയുണ്ടായി. നിയമവകുപ്പിന്റെ റിപ്പോർട്ടുകളെല്ലാം സർക്കാർ താൽപര്യത്തിന് എതിരായിരുന്നു. ഇത്രയും വിധികളുണ്ടായിട്ടും സർക്കാർ എടുത്ത നടപടികൾ ശരിയല്ലെന്നായിരുന്നു നിയമവകുപ്പ് ചൂണ്ടിക്കാണിച്ചത്. സർക്കാർ നടപടിക്കെതിരെ നിയമസെക്രട്ടറി നിരവധി റിപ്പോർട്ടുകളെഴുതി. സർക്കാർ താൽപ്പര്യം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ കൈയേറ്റക്കാരുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന കാഴ്ച കേരളം കണ്ടതാണ്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ (എസ്.എൽ.പി) നൽകി. സുപ്രീംകോടതി ഒരു വാക്യത്തിലാണ് എസ്.എൽ.പി തള്ളിയത്. അതിനൊരു കാരണവും പറഞ്ഞിട്ടില്ല. അതിൽ പല നിയമനടപടികളും സർക്കാരിന് സ്വീകരിക്കാമായിരുന്നു. എസ്.എൽ.പി തളളിയാലും ഹൈക്കോടതിയിൽ റിവ്യൂ നിലനിൽക്കുമായിരുന്നുവെങ്കിലും അത് പരിശോധിക്കപ്പെട്ടില്ല. നിയമസെക്രട്ടറി റിവ്യൂ നൽകേണ്ടെന്ന് റവന്യൂവകുപ്പിന് കത്തെഴുതിയതോടെ കേസുമായി മുന്നോട്ടുപോകണ്ട എന്ന നിലപാടിലായിരുന്നു സർക്കാർ സ്വീകരിച്ചത്. ഇത്രയും സങ്കീർണമായ പ്രശ്‌നങ്ങളുള്ളതു കൊണ്ട് ഈ ഭൂമികൾ നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കാമെന്ന് രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും പിന്നീടൊരു നടപടിയുണ്ടായില്ല.
കോടതിവിധി വന്നുവെങ്കിലും സർക്കാർ നടപടി സ്വീകരിച്ചില്ല . സർക്കാർ വകുപ്പുകൾ 2019 വരെ പരസ്പരം കത്തെഴുതി സമയം തള്ളിനീക്കി. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നെങ്കിലും സിവിൽ കോടതിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മുൻ നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് റവന്യൂ വകുപ്പിന് ആദ്യം നൽകിയ നിയമോപദേശം. ഈ കേസിൽ റിവ്യൂ ഹർജിക്ക് ഒരു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സിവിൽ കോടതിയിൽ പോകുന്നതിന് ഉത്തരവിറക്കുന്നതിന് കാലതാമസം നേരിട്ടു. അത് ഹാരി സൺസ് അടക്കമുള്ളവർക്ക് അനുഗ്രഹമായി. റവന്യൂ വകുപ്പ് വ്യക്തമായ മറുപടി നൽകിയതോടെ സിവിൽ കോടതിയിൽ കേസ് നൽകാൻ തീരുമാനിച്ചു. തുടർന്ന്, ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നോ അവരുടെ മുൻഗാമികളിൽ നിന്നോ ഭൂമി നേടിയ വരോ കൈവശം വച്ചിരിക്കുന്നതോ സമാനമായ നിലയിൽ മറ്റു വിദേശ കമ്പനികളോ വ്യക്തികളോ കൈവശം വച്ചിരുന്നതും സ്വാതന്ത്ര്യാനന്തരം നിലവിലെ കൈവശക്കാർക്ക് സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നിയമം മൂലം നിലവിലെ കൈവശക്കാർക്ക് കൈമാറ്റം ചെയ്യാത്ത മുഴുവൻ ഭൂമിയിലും സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്യാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഈ നടപടിയിലൂടെ ഉടമസ്ഥത സ്ഥാപിക്കേണ്ടത് ഏകദേശം അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമിയിലാണ്. ഈ ഭൂമി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ അധികാര പരിധിയിൽ വരുന്ന സിവിൽ കോടതികളിലാണ് സർക്കാരിന് വേണ്ടി കേസുകൾ ഫയൽ ചെയ്യാൻ 2019 ജൂൺ ആറിന് ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കേണ്ടത് കലക്ടർമാരാണ്. ഉത്തരവ് പ്രകാരം കൊല്ലം, പത്ത നംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ 31,334 ഏക്കർ തോട്ടം ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കോടതിയിൽ എട്ട് ടൈറ്റിൽ കേസുകൾ നിലവിൽ ഫയൽ ചെയ്തു. റവന്യൂ വകുപ്പ് നിർദേശം നൽകിയത് 68 കേസ് സിവിൽകോടതിയിൽ നൽകാനാണ്. ഉത്തരവിറങ്ങി മൂന്ന് വർഷം കൊണ്ട് എട്ട് കേസാണ് സിവിൽകോടതിയിൽ എത്തിയത്. പല ജില്ല കളിലും സമാനമായ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഇക്കാര്യത്തിൽ സർക്കാരിനുവേണ്ടി ശക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി ചെറുവള്ളി എസ്റ്റേറ്റിനെതിരെ (അയന ചാരിറ്റബിൾ സൊസൈറ്റി-ഗോസ്‌പെൽ ഫോർ ഏഷ്യ എന്ന പേര് മാറ്റി-2263 ഏക്കർ) പാലാ സബ് കോടതിയിൽ (ഒ.എസ് 172/2020) ഫയൽ ചെയ്തു. കൊല്ലം, പുനലൂർ റിയ റിസോർട്ട് (206 ഏക്കർ)പുനലൂർ കോടതി, കോന്നി ഹാരിസൺസ് (9293 ഏക്കർ)- പത്തനതിട്ട, ഇടുക്കി കോട്ടയം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ (7373 ഏക്കർ)- കട്ടപ്പന, കൊല്ലം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ (7373ഏക്കർ)-പുനലൂർ, കൊല്ലം പുനലൂർ ഹാരിസൺസ് (7588 ഏക്കർ)-പുനലൂർ, കൊല്ലം തെന്മല പ്രിയ പ്ലാന്റേഷൻസ് (492ഏക്കർ) പുനലൂർ, കോട്ടയം ഹാരിസൺസ്(1416 ഏക്ക ർ)-പാല എന്നീ കോടതികളിൽ ആകെ 31,334 ഏക്കർ ഭൂമിയുടെ എട്ട് കേസ് നൽകി. 60 കേസുകൾ ഇപ്പോഴും ഫയലുകളിൽ കിടക്കുകയാണ്.
വിദേശ തോട്ടം ഭൂമിയെ സംബന്ധിച്ച് ചരിത്രമറിയുന്നവർക്ക് ആശയക്കുഴപ്പമില്ല. കാരണം 2004 ലെ അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തലുകളും 2007 ലെ അന്വേഷണ റിപ്പോർട്ടുകളും ചെറുവള്ളി ഭൂമി കൈവശം വെച്ചിരിക്കുന്നവർക്കെതിരെ നടത്തിയ നിയമയുദ്ധങ്ങളും, കൈവശക്കാർക്കെതിരായ വിജിലൻസ് അന്വേഷണങ്ങൾ, അതിൻ്റെ മേൽ ഫയൽ ചെയ്ത ക്രിമിനൽ കേസുകൾ, മറ്റു ഹൈക്കോടതി വിധികൾ ഇവയെല്ലാം നമ്മുക്ക് മുന്നിലുണ്ട്. ഈ വിലപ്പെട്ട രേഖകളെല്ലാം തള്ളിക്കളഞ്ഞ് സർക്കാരിന് മുന്നോട്ടുപോകാനാവില്ല.
നിയമനിർമ്മാണത്തിന് തടസം ആരാണ് ?
ഭൂസരംക്ഷണ നിയമത്തിൽ ചില വകുപ്പുകളിൽ (സർക്കാർ ഭൂമിയുടെ നിർവചനത്തിൽ) ഭേദഗതി വരുത്തിയാൽ വിദേശകമ്പനികൾ അനധി കൃതമായി കൈവശം വെച്ചിരിക്കുന്നതും അവർ കൈമാറ്റം ചെയ്തതുമായ അഞ്ച് ലക്ഷം ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് സ്‌പെഷ്യൽ ഓഫീസർ നൽകിയ റിപ്പോർട്ടിന് മേൽ അന്നത്തെ മന്ത്രി ഇ ചന്ദ്രശേഖരൻ അഞ്ചു വർഷം ഒന്നും ചെയ്തില്ല. 2018 ഏപ്രിൽ 11 ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ ഹാരിസൺസും മറ്റു കമ്പനികളും കൈവശം വച്ചിരിക്കുന്ന ഭൂമിയിലെ കുറെ ഭാഗം ഗ്രാന്റ് ആയി നൽകിയതാണെന്ന് നിരീക്ഷിച്ചിരുന്നു. അങ്ങനെ നൽകിയ ഭൂമിയാണെങ്കിൽ അതിന്റെ ഉടമസ്ഥൻ കേരള ഗ്രാന്റുകളും പാട്ടങ്ങളും അവകാശ പരിഷ്‌കരണം നിയമപ്ര കാരം സർക്കാരാണ്. ആ ഭൂമിയെ സംബന്ധിച്ച കാര്യങ്ങൾ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കലക്ടർമാർക്ക് അധികാരമുണ്ട്. ഗ്രാന്റ് ഇനത്തിൽ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കാമെന്ന് ഇ.ചന്ദ്രശേഖരൻ ലാൻഡ് റവന്യൂ കമ്മീഷണർക്കും ലാൻഡ് ബോർഡ് സെക്രട്ടറിക്കും കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. 1947ന് മുമ്പ് വിദേശകമ്പനികൾ കൈവശം വെച്ചിരുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തുന്നതിന് നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് റവന്യൂ മന്ത്രി കെ. രാജന്റെ മറുപടി. ഈ ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നത് നിയമനിർമാണം നടത്തണമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1957ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയാണെന്ന് കെ.ആർ ഗൗരിയമ്മയും നിയമസഭയിൽ മറുപടി നൽകിയിരുന്നത് മന്ത്രി കെ. രാജൻ ഓർക്കുന്നത് നന്നായിരിക്കും. ഭൂരഹിതരുടെയും കീഴാളരുടെയും പക്ഷത്ത് നിന്ന് അവർക്കുവേണ്ടി നിയമ നിർമ്മാണം നടത്തുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ലോകം ഇന്ന് ചർച്ച ചെയ്യുന്നത് ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ്. കേരളവും ചിന്തിക്കേണ്ടത് ആ വഴിക്കാണ്. തമിഴ്‌നാട്ടിലും കർണാടകത്തിലും കൃഷി നടത്തുന്നത് കൃഷിവകുപ്പാണ്. കൃഷിക്കാരന് കൃഷി ചെയ്യാൻ ആവശ്യമായതെല്ലാം കൃഷിവകുപ്പ് നൽകുന്നു. വിപണിയിൽ പോലും കൃഷി ഓഫീസർമാർ നേരിട്ടിടപ്പെടുന്നു. കേരളത്തിലാകട്ടെ കൃഷിവകുപ്പിന്റെ പദ്ധതികളെല്ലാം കടലാസിലാണ്. നമുക്ക് ആവശ്യമുള്ള ഭക്ഷ്യവിഭവങ്ങൾ കൃഷി ചെയ്യുവാൻ കേരളത്തിൽ ഭൂമിയുണ്ട്. അതേസമയം മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമിയിൽ ഉടമസ്ഥതയില്ല. കാർഷിക ഉത്പാദനത്തിൽ വികസനം ഉണ്ടാകണമെങ്കിൽ കേരളത്തിലെ ഭൂബന്ധങ്ങളിൽ അടിസ്ഥാനപരമായി മാറ്റമുണ്ടാകണം. ഇക്കാര്യം തിരിച്ചറിഞ്ഞ എം.ജി രാജമാണിക്യത്തിന്റെ റിപ്പോർട്ട് ദലിത് സംഘടകൾ മുന്നോട്ടുവെച്ച സമഗ്ര ഭൂപരിഷ്‌കരണമെന്ന ആശയത്തിന് ശക്തമായ ഇന്ധനമായി. ഭൂരാഹിത്യം പരിഹരിക്കണമെങ്കിൽ സർവേ പോലും ചെയ്യാതെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് നിയമനിർമാണത്തിലൂടെ ഏറ്റടുക്കേണ്ടതുണ്ട്. നാമമാത്രമയ മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്താൽ ഭൂരാഹിത്യം പരിഹരിക്കാനാവില്ല.
പ്രളയദുരന്തത്തിനും കോവിഡിനും ശേഷം ധനപ്രതിസന്ധി നേരിടുന്ന കേരളീയ സമൂഹം ഒന്നടങ്കം സർക്കാരിനോട് ആവശ്യപ്പെടേണ്ടത് വിദേശ തോട്ടം ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ്. അത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. വിദേശതോട്ടം ഭൂമി നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കുക എന്നത് പട്ടികജാതി പട്ടികവർഗ സംഘടനകൾ ഉന്നയിക്കുന്ന പുതിയൊരു മുദ്രാവാക്യം അല്ല. പുതിയ ആവശ്യവുമല്ല. ആ മുദ്രാവാക്യത്തിന്റെ മാർഗദർശി ഇ.എം.എസ് ആയിരുന്നു.1950 കളിൽ ഇ.എം.എസും എൻ.സി ശേഖറും പിന്നീട് നിയമസഭയിൽ കെ.ആർ.ഗൗരിയമ്മയും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എ.കെ ബാലനും നിയമനിർമാണത്തിലൂടെ വിദേശ തോട്ടംഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളം രൂപംകൊണ്ട് ഏഴ് പതിറ്റാണ്ടിന് ശേഷവും പട്ടികജാതി കോളനികളിലെ തടവറകളിൽ കഴിയാൻ വിധിക്കപ്പെട്ട ജനത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ മുദ്രാവാക്യം നടപ്പാക്കണെന്നാണ് ആവശ്യപ്പെടുന്നത്. കേരള ഭൂമിക്കുമേലുള്ള കൊളോണിയൽ അടിമത്തം അവസാനിപ്പിക്കണം. അതിന് സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാകണം. 1950 കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനമായിരുന്നു ഈ മുദ്രാവാക്യം. ഏതാണ്ട് ആറര പതിറ്റാണ്ട് ഭരണം നടത്തിയിട്ടും നിയമനിർമ്മാണത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രകടനപത്രിയിലെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വിദേശ തോട്ടം ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കുമെന്നത്. അതിനാൽ യു.ഡി.എഫിന് ഈ ആവശ്യത്തെ നയപരമായി എതിർക്കാൻ കഴിയില്ല. പിണറായി വിജയൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ നിയമനിർമ്മാണത്തിലൂടെ ഈ ഭൂമി ഏറ്റെടുക്കേണ്ടതാണ്.