മഹാമാരിക്കിടയിൽ മറന്നുപോയ പ്ലാസ്റ്റിക് നിരോധനം

നഗരത്തിനിതെന്തു പറ്റി! ചിലയിടത്തു പുക, ചിലയിടത്തു ചാരം! ചിലയിടത്ത് കത്തിയെരിയൽ, മറ്റു ചിലയിടത്ത് കുന്നുകൂടൽ! എല്ലാം പ്ലാസ്റ്റിക്കാണ്. അന്ത്യശാസനങ്ങൾ പലതു കഴിഞ്ഞിട്ടും പ്ലാസ്റ്റിക് മാലിന്യം നാട്ടിലെങ്ങും നിറയുകയാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കൾ നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഒടുവിലത്തെ തീരുമാനവും എവിടെയും എത്തിയില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ തിരിഞ്ഞതും ലോക്ഡൗണിനെ തുടർന്ന് സൃഷ്ടിക്കപ്പെട്ട പുതിയ ജീവിത സാഹചര്യങ്ങളും പ്ലാസ്റ്റിക് പാഴുകളുടെ എണ്ണം പെരുക്കി. മഹാമാരിക്കാലം പ്ലാസ്റ്റിക് ചവറുകളുടെ മഹാപ്രവാഹത്തിനാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്.

നിരോധനത്തിന്റെ പുതിയ അധ്യായം

പ്ലാസ്റ്റിക് നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പലപ്പോഴായി തീരുമാനമെടുത്തിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് 2019 ഡിസംബറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനം വരുന്നത്. 2020 ജനുവരി ഒന്നുമുതൽ നിയന്ത്രണവും നിരോധനവും നിലവിൽ വരും എന്നായിരുന്നു അറിയിപ്പ്. കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപാദനവും വിതരണവും ഉപഭോഗവും പൂർണമായും നിരോധിക്കും. 300 മില്ലി ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികളും ശീതള പാനീയങ്ങളും നിരോധിക്കും. പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ, സ്പൂൺ, ക്യാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, മേശ വിരികൾ, തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച സാധനങ്ങൾ എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയിൽ വരും. ഉപയോഗ ശേഷം പ്ലാസ്റ്റിക് തിരികെയെടുക്കാമെന്ന് ഉറപ്പ് നൽകുന്നവരെ തൽക്കാലം നിരോധനത്തിൽ നിന്ന് ഒഴിവാക്കും. നിയമം ലംഘിക്കുന്നവർക്ക് പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കും. ആദ്യഘട്ടത്തിൽ 10,000 രൂപയാവും പിഴ. കുറ്റം ആവർത്തിച്ചാൽ 25,000 രൂപയും വീണ്ടും തുടർന്നാൽ 50,000 രൂപയും പിഴ ഒടുക്കണം. ഇതിന് ശേഷവും നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഇതായിരുന്നു സർക്കാർ തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിരോധനം നടപ്പാക്കാനും തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കാനുള്ള ശക്തമായ നടപടിയായാണ് സർക്കാരിന്റെ ഈ ഉദ്യമം വിലയിരുത്തപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങൾ ഉപയോഗിക്കാൻ ലൈസൻസ് നൽകിയിരുന്ന വസ്തുക്കൾ ഉൾപ്പെടെ നിരോധിക്കാൻ കേരളം തീരുമാനമെടുത്തു. അലുമിനിയം ഫോയിൽ എന്ന പേരിൽ വിപണിയിലുള്ള പാക്കറ്റുകൾ, ഡിസ്‌പോസിബിൾ പ്ലേറ്റ്, പേപ്പർ കപ്പ്, ടെട്രാപാക്കുകൾ എന്നിങ്ങനെയുള്ളവ റീസൈക്കിൾ അല്ലെങ്കിൽ റീയൂസ് ചെയ്യാം എന്ന് പരിഗണിച്ച് രാജ്യത്ത് ലൈസൻസ് നൽകിയിരുന്നു. വിദേശ രാജ്യങ്ങളിൽ പലരും നിരോധിച്ച ഇത്തരം വസ്തുക്കൾക്ക് ഇതിനാൽ ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതിയും അനുവദിച്ചിട്ടുണ്ട്. എന്നാൽ പല ഗ്രേഡിൽ പ്ലാസ്റ്റിക്ക് അടങ്ങിയ ഇത്തരത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാ വസ്തുക്കളും നിരോധിക്കാനായിരുന്നു കേരളം തീരുമാനിച്ചത്. “പേപ്പർ കപ്പ് എന്ന് പറഞ്ഞ് നമുക്ക് ഇന്ന് ലഭിക്കുന്ന കപ്പുകളിൽ പേപ്പറിന് മുകളിൽ പോളിഎത്തിലീൻ പേസ്റ്റ് ചെയ്യുന്നുണ്ട്. അതുപോലെ തന്നെയാണ് അലുമിനിയം ഫോയിലും. കാഴ്ചയിൽ അലുമിനിയം ഫോയിൽ ആണെന്ന് തോന്നുമെങ്കിലും പ്ലാസ്റ്റിക്കിന്റെ നാലാം അവാന്തര വിഭാഗമായ ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുവിൽ പെയിന്റ് ചെയ്ത് അത്തരം പാത്രങ്ങൾ ഉണ്ടാക്കുന്നതായും വ്യക്തമായിട്ടുണ്ട്. കബളിപ്പിക്കാൻ വിപണിയുണ്ടാക്കിയ തന്ത്രമാണിതെങ്കിലും, ഇന്ത്യയിൽ ഇതെല്ലാം ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട്. എന്നാൽ കേരളം അതെല്ലാം നിരോധിക്കാൻ തയ്യാറായി എന്നത് തന്നെ വളരെ മികച്ച മുന്നേറ്റമായിരുന്നു.” മാലിന്യസംസ്‌ക്കരണ മേഖലയിൽ വിദഗ്ദ്ധനായ ആർ. വേണുഗോപാൽ പറയുന്നു. എന്നാൽ കോവിഡിന്റെ പേരിൽ ഈ നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടു.

എല്ലാം മാറ്റിമറിച്ച കോവിഡ്

2020ലെ കണക്ക് പ്രകാരം കേരളത്തിലെ മൊത്തം മാലിന്യത്തിന്റെ 12.5 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. 8332 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളത്തിൽ സംസ്‌ക്കരിക്കാതെയുണ്ട് എന്നതായിരുന്നു കണക്ക്. എന്നാൽ കോവിഡിന് ശേഷം കേരളത്തിന്റെ അവസ്ഥ പേടിപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥരടക്കം സാക്ഷ്യപ്പെടുത്തുന്നു. ക്ലീൻ കേരള മാനേജിങ് ഡയറക്ടർ പി.കേശവൻ നായരുടെ പ്രതികരണം ഇങ്ങനെ: “2019 ഡിസംബറിലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കളുടെ നിരോധനം സർക്കാർ കൊണ്ടുവരുന്നത്. 2020 ജനുവരി ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നായിരുന്നു. ഇതിനായുള്ള നടപടികൾ വളരെ നന്നായി തന്നെ ആരംഭിച്ചതാണ്. എന്നാൽ കോവിഡ് വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കളാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതലായി ഉപയോഗിക്കപ്പെട്ടത്. ഏതെല്ലാം വസ്തുക്കളാണോ നിരോധിക്കപ്പെട്ടത്, അവയെല്ലാം ക്രമാതീതമായി ഉപയോഗിക്കേണ്ടതായി വന്നു. എന്നാൽ മഹാമാരിയെ നേരിടുന്ന ഈ അവസരത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനും കഴിയില്ല.”

കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഹോട്ടലുകളിലുൾപ്പെടെ ചില്ല്, സ്റ്റീൽ ഗ്ലാസ്സുകൾ ഉപയോഗിക്കാതെയായി. പകരം പേപ്പർ കപ്പുകൾ മാത്രമായി. ഭക്ഷണം പാഴ്‌സലായി മാത്രം നൽകാം എന്ന നിയന്ത്രണം വന്നതോടെ പ്ലാസ്റ്റിക് പേപ്പറുകളും കവറുകളും അമിതമായ തോതിൽ ഉപയോഗിക്കേണ്ടി വന്നു. സർക്കാർ നിയന്ത്രണത്തിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുൾപ്പെടെ പ്ലാസ്റ്റിക് പൊതികളിൽ ഭക്ഷണം എത്തിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ ഇതെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു എന്ന അഭിപ്രായവുമുണ്ട്. “കോവിഡ് ഇന്ന് അല്ലെങ്കിൽ നാളെ ഇല്ലാതായേക്കും. എന്നാൽ അതിനേക്കാൾ ദൂരവ്യാപകമായ വിപത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന ആലോചനയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ സർക്കാരിനോ മറ്റ് സംവിധാനങ്ങൾക്കോ പ്ലാസ്റ്റിക് ഉപയോഗം ഒരുപരധി വരെ എങ്കിലും തടയാമായിരുന്നു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്നത് പോലെ ഗ്ലാസ്സോ പ്ലേറ്റോ രോഗിക്ക് നൽകാവുന്നതാണ്. എന്നാൽ അക്കാര്യം പരിഗണിക്കുക പോലും ചെയ്യാതെ പ്ലാസ്റ്റിക് പൊതികൾ നിറയുകയാണ്. ഹോട്ടലുകളിലും മറ്റും ഇലകളിൽ ഭക്ഷണം പൊതിഞ്ഞു നൽകണമെന്ന തീരുമാനമുണ്ടായാൽ അതുവഴിയുണ്ടാവുന്ന മാലിന്യങ്ങളും ഏറെക്കുറെ തടഞ്ഞുനിർത്താം. ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോൾ മഹാമാരിക്കാലത്ത് ഇത്തരം കടംപിടുത്തങ്ങൾക്ക് കഴിയില്ല എന്നാണ് പലരും നൽകുന്ന മറുപടി. എന്നാൽ ഒരു മഹാമാരിയെ തുരത്താൻ മറ്റൊരു മഹാമാരി വരുത്തിവക്കുന്ന അവസ്ഥയാണ്.” വേണഗോപാൽ കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപകമായതിന് ശേഷം, അതിന് മുമ്പുണ്ടായിരുന്നതിൽ മൂന്നിരട്ടിയിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ കേരളത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവയുടെ ശേഖരണവും സംസ്‌ക്കരണവും എത്രത്തോളം നടക്കുന്നു എന്നതിൽ ഉദ്യോഗസ്ഥർ തന്നെ സംശയമുന്നയിക്കുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളും റീസൈക്കിൾ ചെയ്യാനാവാത്ത പ്ലാസ്റ്റിക്, ഹരിതകർമ്മ സേനയെ ഉപയോഗിച്ച് ശേഖരിക്കണം എന്നതായിരുന്നു സർക്കാർ തീരുമാനം. ഓരോ വീട്ടുകാരും സ്ഥാപനങ്ങളും നിശ്ചിതതുക പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി നൽകണം. ഇത്തരത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റിക്കവറി റിസോഴ്‌സ് ഫസിലിറ്റി ഉണ്ടാക്കി സൂക്ഷിക്കണം. ഇത് പിന്നീട് വൃത്തിയാക്കി, തരംതിരിച്ച് രണ്ട് മൂന്ന് മാസത്തിനുള്ളിൽ മെയിൻ റിക്കവറി റിസോഴ്‌സ് ഫസിലിറ്റിയിലേക്ക് മാറ്റും. മാലിന്യസംസ്‌ക്കരണത്തിന് കരാർ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ ഇവിടെ നിന്നും മാലിന്യം ശേഖരിക്കണം എന്നതാണ് വ്യവസ്ഥ. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും സർവീസ് പ്രൊവൈഡേഴ്‌സിനെ നിയമിക്കണം. പ്ലാസ്റ്റിക് ശേഖരിക്കുന്നയാൾക്ക് പ്രതിമാസം ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും ലഭ്യമാക്കണമെന്നും തീരുമാനമുണ്ടായി. യൂസർ ഫീ ആയി ലഭിക്കുന്ന തുകയിൽ പത്ത് ശതമാനം സർവീസ് പ്രൊവൈഡർമാർക്കും നൽകണം. മാലിന്യം നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാൽ അക്കാര്യം പരിശോധിച്ച് പരിഹരിക്കേണ്ടതും സെക്രട്ടറിയെ അറിയിക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. സെക്രട്ടറി എല്ലാ മാസവും മാലിന്യനീക്കവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. ഹരിതകേരളം, ശുചിത്വമിഷൻ, തദ്ദേശസ്ഥാപന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവർക്കാണ് മാലിന്യനിർമ്മാർജ്ജനത്തിന്റെ ചുമതല.

അൺക്ലീൻ കേരള

ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതകേരള മിഷൻ ഈ മൂന്ന് സംവിധാനങ്ങളും യോജിച്ചാണ് സംസ്ഥാനത്തെ മാലിന്യ നീക്കം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകർമ്മ സേന വഴി മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനി അത് ഏറ്റെടുക്കും. പ്ലാസ്റ്റിക്, ലെതർ, റബ്ബർ, ചില്ല്, ട്യൂബ് തുടങ്ങിയ ഹസാർഡസ് മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് ശേഖരിച്ച് ഓരോ തരത്തിൽ അത് സംസ്‌ക്കരിക്കരിക്കുന്നതിനായി നൽകുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നു. ഒടുവിലത്തെ കണക്ക് പ്രകാരം ക്ലീൻകേരള കമ്പനിക്ക് കീഴിൽ 164 റിസോഴ്‌സ് റിക്കവറി ഫസിലിറ്റികളും (രണ്ടാംഘട്ട പാഴ് വസ്തു ശേഖരണ സംഭരണ സംവിധാനം) ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭ, കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 15 ഗോഡൗണുകളും സ്ഥാപിച്ചു. എന്നാൽ 67.8 ശതമാനം തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് ക്ലീൻ കേരള കമ്പനിയുമായി മാലിന്യനിർമ്മാർജ്ജനത്തിന് കരാർ വച്ചിട്ടുള്ളത്. 701 തദ്ദേശസ്ഥാപനങ്ങൾ കരാറിൽ ഒപ്പിട്ടു. മറ്റ് തദ്ദേശ സ്ഥാപനങ്ങളെക്കൂടി ഇതിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേശവൻ നായർ പ്രതികരിച്ചു. 667 ഗ്രാമപഞ്ചായത്തുകളും കോർപ്പറേഷനുകളും നഗരസഭകളുമുൾപ്പെടെ 33 തദ്ദേശസ്ഥാപനങ്ങളും ഒരു ബ്ലോക്ക് പഞ്ചായത്തുമാണ് നിലിൽ ക്ലീൻ കേരള കമ്പനിയുമായി യോജിച്ച് പ്രവർത്തിക്കുന്നത്.

ഹരിതകർമ്മ സേനകൾ ഇല്ലാത്തയിടങ്ങളിൽ അത് രൂപീകരിച്ചും ഉള്ളയിടങ്ങളിൽ ശക്തിപ്പെടുത്തിയും പരിശീലനം നൽകി മാലിന്യ നിർമ്മാർജ്ജനം അതിവേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോവിഡ് വ്യാപനം. മറ്റ് മേഖലകളെയെല്ലാം കോവിഡ് പ്രതിസന്ധിയിലാക്കിയത് പോലെ മാലിന്യ നീക്കവും ഇതോടെ ഏറെക്കുറെ നിലച്ചു. ഹരിതകർമ്മ സേന മിക്ക തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തിക്കാതെയായി. എന്നാൽ പിന്നീട് ഇത് ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു എന്നും ശുചിത്വമിഷൻ, ഹരിതകേരളമിഷൻ, ക്ലീൻകേരള കമ്പനി അധികൃതർ പറയുന്നു. പിന്നീട് അഡീഷണൽ ചീഫ് സെക്രട്ടറി പ്രത്യേക താത്പര്യം എടുത്ത് മാലിന്യം നീക്കം ഊർജ്ജിതമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശം നൽകി. ക്ലീൻകേരള കമ്പനിയുമായി കരാർ ഒപ്പിടാത്ത തദ്ദേശ സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹരിതകർമ്മ സേനകൾ രൂപീകരിക്കണമെന്നുമുൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ ജില്ലാതലങ്ങളിലേക്ക് കൈമാറിയിരിക്കുകയാണ്.

ഹരിതകർമ്മ സേനയെ പുന:സംഘടിപ്പിച്ചും കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കിയും മാലിന്യനീക്കം ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേശവൻ നായർ പറയുന്നു. “കഴിഞ്ഞവർഷം മാർച്ചിൽ ലോക്കഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഏപ്രിൽ മാസത്തോടെ മാലിന്യംശേഖരിക്കൽ പൂർണ്ണമായും നിലച്ചു. എന്നാൽ 2020 മേയ് മാസത്തോടെ തന്നെ ഹരിതകർമ്മ സേനയെ സജീവമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പഞ്ചായത്തുകളിലേയും നഗരസഭകളിലേയും സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരത്തിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി നിശ്ചയിക്കപ്പെട്ടു. സംഭരണ സംവിധാനങ്ങൾ ഇതുവഴി മെച്ചപ്പെട്ടു. പലയിടങ്ങളിലും കെട്ടിക്കിടന്ന മാലിന്യങ്ങൾ തരംതിരിക്കാൻ വിഷമമായതുകൊണ്ട് നേരിട്ട് സിമന്റ് ഫാക്ടറികളിലേക്ക് കൈമാറി. മണ്ണും ചെളിയും നിറഞ്ഞ മാലിന്യങ്ങളും ആപൽക്കരമായ മാലിന്യങ്ങളും കൊച്ചി അമ്പലമുകളിലെ പൊതുമേഖലാ സ്ഥാപനത്തിലേക്ക് കൈമാറ്റംചെയ്യപ്പെട്ടു. അത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ 9600 ടൺ മാലിന്യം നീക്കം ചെയ്തു. ഹരിതകേരള മിഷനും ശുചിത്വമിഷനും ചേർന്ന് 15 ഇന മാനദണ്ഡങ്ങൾ ഉണ്ടാക്കി 20 പേരടങ്ങുന്ന സംഘങ്ങളായി തദ്ദേശസ്ഥാപനങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. 2020 ഒക്ടോബറിൽ 589 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വപദവി പ്രഖ്യാപിക്കപ്പെട്ടു.”

എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ ഹരിതകർമ്മ സേനയിലെ പലരും മാലിന്യ നീക്കത്തിനും സംഭരണത്തിനും വിമുഖത കാട്ടിയത് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായതായും അധികൃതർ പറയുന്നു. ബോധവൽക്കരണത്തിലൂടെയും പരിശീലനം നൽകിയും ഏഴ് തരം പ്ലാസ്റ്റിക് ഉൾപ്പെടെ നൂറോളം വസ്തുക്കൾ ഇനം തിരിച്ച് ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും ഹരിതകർമ്മ സേനയെ പ്രാപ്തമാക്കി. ഇതുവഴി കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ മാലിന്യനിർമ്മാർജ്ജന പദ്ധതിയിൽ മുന്നോട്ടുവന്നു എന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
മാലിന്യനീക്കം സംബന്ധിച്ച് ഉന്നതതലത്തിലും ജില്ലാതലത്തിലും യോഗങ്ങൾ ചേരുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ മാലിന്യം നിരത്തിലും ഒഴിഞ്ഞയിടങ്ങളിലും കുന്നുകൂടുന്നു എന്ന യാഥാർഥ്യം ഉദ്യോഗസ്ഥരും മറച്ചുവക്കുന്നില്ല. കോവിഡ് സാഹചര്യത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇരട്ടിച്ചതിനാൽ പൊതുജനങ്ങളുടേയും തദ്ദേശസ്ഥാപന അധികാരികളുടേയും സഹകരണത്തോടെ മാത്രമേ പ്രവർത്തനങ്ങൾ നടക്കൂ എന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.

നിയമത്തോടെ നിയമം, പക്ഷെ

ഒരു വശത്ത് കാര്യങ്ങൾ ഇങ്ങനെ പോകുമ്പോൾ നിയമങ്ങൾക്ക് മുകളിൽ നിയമങ്ങൾ കൊണ്ടുവന്ന് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. വർഷങ്ങളായി പല നിയമങ്ങളും ഉത്തരവുകളും നിലവിലുണ്ടെങ്കിലും ഒന്ന് പോലും പ്രാവർത്തികമാക്കാൻ കഴിയാതിരിക്കെ 2020ൽ പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2016ലെ നിയമം 2018ൽ പരിഷ്‌ക്കരിച്ചിരുന്നു. എന്നാൽ നിയമം അനുശാസിച്ചിരുന്ന എക്‌സറ്റൻഡഡ് പ്രൊഡ്യൂസർ റസ്‌പോൺസിബിലിറ്റി (ഇ.പി.ആർ) പോലും വേണ്ടരീതിയിൽ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. “2016ൽ ഇ.പി.ആർ നടപ്പാക്കുന്നത് സർക്കാർ പൊതുചർച്ചക്ക് വച്ചിരുന്നു. കോർപ്പറേറ്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ചർച്ചയിൽ ഇ.പി.ആറിന് ഒരു അതോറിറ്റി ഉണ്ടാവണമെന്ന തീരുമാനമുണ്ടായി. എല്ലാ കമ്പനികളും ആ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം, എത്ര പ്ലാസ്റ്റിക് എന്ന കണക്കും രേഖപ്പെടുത്തണം. ആ പ്ലാസ്റ്റിക് തിരികെയെടുക്കുന്നതിന് അതിനനുസൃതമായ പൈസയും നിശ്ചയിച്ച് അത് അതോറിറ്റിക്ക് നൽകണം-അത്രയുമായിരുന്നു തീരുമാനം. എന്നാൽ തദ്ദേശസ്ഥാപനങ്ങളിൽ പോലും രജിസ്റ്റർ ചെയ്യാത്തവരാണ് പല സംസ്ഥാനങ്ങളിലുമുള്ള കമ്പനികൾ. അവർ ഈ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നില്ല. മറ്റൊരുകാര്യം, ഇ.പി.ആർ വന്നാൽ കമ്പനികൾക്ക് പിടിവീഴും എന്നകാര്യം തീർച്ചയാണ്. അതുകൊണ്ടുതന്നെ സി.എസ്.ആർ ഫണ്ടിന്റെ പേരിൽ ഇ.പി.ആർ. നടപ്പിലാക്കി തടിയൂരാനുള്ള ശ്രമമാണ് കമ്പനികൾ നടത്തുന്നത്. ഇ.പി.ആർ. നിയമം പോലും നടപ്പാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ കമ്പനികൾ ഇ.പി.ആർ. നടപ്പാക്കുന്നത്? സാമൂഹിക സേവനം എന്ന പേരിൽ അവരുടെ തന്നെ പ്ലാസ്റ്റിക് ശേഖരിച്ച് ഇ.പി.ആർ നടപ്പാക്കുന്നു.” തണൽ പ്രോഗ്രാം ഡയറക്ടറും മലിനീകരണ നിയന്ത്രണ വിദ​ഗ്ധനുമായ ഷിബു കെ. നായർ പ്രതികരിച്ചു.

ഗ്രീൻ പ്രോട്ടോക്കോൾ രാഷ്ട്രീയപ്പാർട്ടികളുൾപ്പെടെ ഒരുപരിധിവരെ ഏവരും ഏറ്റെടുത്തു. തിരഞ്ഞെടുപ്പുവരെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും അവരവരുടെ മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേകം ബൈലോ ഉണ്ടാക്കാൻ നിർദ്ദേശമുണ്ടായെങ്കിലും അത് എവിടെയും എത്തിയില്ല. “ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനവും കോവിഡ് വന്നതോടെ ഇല്ലാതായി. ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കാനാണ് ആരോഗ്യവകുപ്പ് ഉൾപ്പെടെ നിർദ്ദേശിക്കുന്നത്. മറ്റെല്ലാ നിയമങ്ങളും അട്ടിമറിക്കപ്പെട്ടതോടെ എങ്ങുമെത്താത്ത തീരുമാനമായി അതും.” ഷിബു തുടർന്നു.

പൊതുജനാരോ​ഗ്യത്തിന്റെ കാര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അതീവ ഗുരുതരമായ വിപത്ത് തിരിച്ചറിഞ്ഞിട്ടും കോവിഡിന്റെ പേരിൽ അക്കാര്യം അവഗണിക്കുകയാണ് ഉദ്യോഗസ്ഥരും സർക്കാരും തദ്ദേശസ്ഥാപനങ്ങളും. നിയമം നോക്കിനിൽക്കെ കേരളം വീണ്ടും പ്ലാസ്റ്റിക് മാലിന്യത്തിൽ മുങ്ങുകയാണ്. പ്ലാസ്റ്റിക് കത്തിക്കൽ എന്ന വിവേകശൂന്യമായ ചെയ്തി കൂടി വ്യാപകമാകുന്നതോടെ മഹാമാരിയേക്കാൾ മാരകമായ ആരോ​ഗ്യപ്രതിസന്ധിയിലേക്ക് കേരളം നടന്നുനീങ്ങുകയാണെന്ന് നിസ്സംശയം പറയാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 20, 2021 5:45 pm