2013 ആഗസ്ത് 20, വെടിയേറ്റ് മരിച്ച നരേന്ദ്ര ദാഭോൽക്കറുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നു. ചിന്തകൾക്ക് തെളിച്ചം നൽകിയ ആ മനുഷ്യനെ അവസാന നോക്ക് കാണാൻ ആയിരങ്ങൾ ഒരുമിച്ചുകൂടിയിട്ടുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ആഭ്യന്തര മന്ത്രി ആർ.ആർ പാട്ടീലും എത്തിയിട്ടുണ്ട്. ആരും ഒന്നും സംസാരിക്കുന്നില്ല. എങ്ങും കണ്ണീരിൽ കുതിർന്ന നിശബ്ദത. പക്ഷേ, എൺപത്തിയൊന്നുകാരനായ ഗോവിന്ദ് പൻസാരെയുടെ വരവ് എല്ലാ നിശബ്ദതകളെയും ഭേദിച്ചു. ഒരേ ചിന്താധാരയിലുള്ള രണ്ട് മനുഷ്യർ. ഒരാൾ ചലനമറ്റ് കിടക്കുന്നു. പൻസാരെ പതിയെ ദാഭോൽക്കറുടെ മൃതദേഹത്തിനരികിലേക്ക് ചേർന്നുനിന്നു. പരിസരം മറന്ന്, കൊലപാതകത്തെ നിശിതമായി വിമർശിച്ച് അദ്ദേഹം ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പിറ്റേദിവസം ഇറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പൻസാരെ അവിടെ സംസാരിച്ച വാക്കുകൾ ഉദ്ദരിക്കുന്നുണ്ട്. “ദാഭോൽക്കറുടെ വധം ഒരു സൂചനയാണ്, അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിഭദ്രമായി പ്രവർത്തിക്കുന്നവരെയും തങ്ങളെ ചോദ്യം ചെയ്യുന്നവരെയും തീവ്രമതമൗലിക വാദികളും ഫാസിസ്റ്റുകളും ചേർന്ന് ഇല്ലായ്മ ചെയ്യുമെന്ന സൂചന.”
പൻസാരെയുടെ വാക്കുകൾ അറം പറ്റുന്നതായി. ഒന്നര വർഷത്തിന് ശേഷം, 2015 ഫെബ്രുവരി 16ന് പൻസാരെക്ക് നേരെയും വെടിയുതിർക്കപ്പെട്ടു. നാല് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. അതേ വർഷം ആഗസ്റ്റ് 30ന് കർണാടകയിലെ ദർവാഡയിൽ സമാന സാഹചര്യത്തിൽ ഒരാൾ കൂടി മരണപ്പെട്ടു, എം.എം കൽബുർഗി. രണ്ട് വർഷത്തിന് ശേഷം 2017 സെപ്തംബറിൽ കർണാടകയിലെ ബാംഗ്ലൂരിൽ വെച്ച് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷും വെടിയേറ്റ് മരിച്ചു. ഈ നാല് പേരുടെയും വധത്തിന് പിന്നിൽ തീവ്ര ഹിന്ദുത്വ പ്രസ്ഥാനമായ സനാതൻ സൻസ്തയ്ക്ക് നേരിട്ട് പങ്കുള്ളതായി തെളിയിക്കപ്പെട്ടു. ദാഭോൽക്കറെ വെടിവെച്ചുകൊന്ന കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതോടെ, ഇപ്പോൾ സനാതൻ സൻസ്ത വീണ്ടും ചർച്ചകളിലേക്ക് വന്നിരിക്കുന്നു. സനാതൻ സൻസ്ത എന്ന സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾ ആദ്യമായി പുറത്തുകൊണ്ടുവന്ന ഹേമന്ദ് കർക്കരെ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആരാണ് വധിച്ചതെന്ന ചോദ്യവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വീണ്ടും ഉയർന്നിരിക്കുന്നു. ദാഭോൽക്കർ കേസിലെ പ്രതികളുടെ ശിക്ഷ സനാതൻ സൻസ്തയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴിതുറക്കേണ്ടതാണ്.
അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ നരേന്ദ്ര ദാഭോൽക്കറെ വെടിവെച്ചുകൊന്ന കേസിൽ പൂണെയിലെ പ്രത്യേക യു.എ.പി.എ കോടതിയാണ് 2024 മെയ് 11ന് പ്രതികളായ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചത്. കൊലപാതകം നടന്ന് 11 വർഷങ്ങൾക്കു ശേഷമാണ് വിധി വരുന്നത്. വധത്തിൽ നേരിട്ട് പങ്കെടുത്തവരാണ് സച്ചിൻ അന്ദുരെയും ശരത് കലാസ്കറും. കുറ്റം ചുമത്തപ്പെട്ടിരുന്ന മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. സനാതൻ സൻസ്തയുടെ സജീവ പ്രവർത്തകരായിരുന്ന ഡോ. വീരേന്ദ്ര സിംഗ് താവ്ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. വിധിപ്രസ്താവം നടത്തി കോടതി നടത്തിയ നിരീക്ഷണം ദാഭോൽക്കർ വധവുമായി സനാതൻ സൻസ്തയുടെ പ്രവർത്തകർക്കുള്ള ബന്ധത്തിലേക്ക് നേരിട്ട് വിരൽചൂണ്ടുന്നുണ്ട്. “വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം അരങ്ങേറിയിരിക്കുന്നത്. അത് നടപ്പാക്കാൻ ആന്ദുരെയും കലാസ്കറും നിയോഗിക്കപ്പെട്ടുവെന്ന് മാത്രം. ഇവരുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം പരിശോധിച്ചാൽ തന്നെ ആസൂത്രകർ ഇവരല്ല എന്ന് വ്യക്തമാണ്. തിരശീലയ്ക്ക് പിറകിൽ മറ്റാരൊക്കെയോ ആണ് അത് നിയന്ത്രിച്ചത്. ആസൂത്രകരെ പുറത്തുകൊണ്ടുവരുന്നതിൽ പോലീസും സി.ബി.ഐയും ഒരുപോലെ പരാജയപ്പെട്ടു. അന്വേഷണത്തിലെ പരാജയമാണോ, അതോ അധികാര കേന്ദ്രത്തിലുള്ള ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടി രണ്ട് വിഭാഗവും മനഃപ്പൂർവം നിഷ്ക്രിയരായതാണോ എന്ന് ആത്മ പരിശോധന നടത്തുന്നത് നന്നാവും.” ശിക്ഷ വിധിച്ച് അഡീഷനൽ സെഷൻസ് ജഡ്ജ് പി.പി ജാദവ് നടത്തിയ നിരീക്ഷണം കുറച്ചുകൂടെ ഗൗരവമേറിയതാണ്.” നരേന്ദ്ര ദാഭോൽക്കർ വധത്തിൽ കുറ്റാരോപിതരായിരുന്ന വീരേന്ദ്ര സിംഗ് താവ്ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവർ ഈ വധത്തിൽ പല വിധേന ഇടപെട്ടുവെന്ന് തെളിയിക്കുന്ന നിരവധി സൂചനകൾ ലഭ്യമായിട്ടുണ്ട്. പക്ഷേ, അത്തരം സൂചനകളെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെടുകയാണുണ്ടായത്.”
ദാഭോൽക്കർ വധവും സനാതൻ സൻസ്തയും
2013 ആഗസ്ത് 20ന് ആണ് ദാഭോൽക്കർ വധിക്കപ്പെടുന്നത്. പ്രഭാതനടത്തത്തിനിടയിൽ പൂനെയിലെ ഓം കാരേശ്വർ പാലത്തിൽ വെച്ച് ബൈക്കിലെത്തിയ സംഘം ദാഭോൽക്കറെ വെടിവെച്ച് കൊല്ലുകയായിരുന്നു. രണ്ട് ദശാബ്ദത്തിലേറെക്കാലം മഹാരാഷ്ട്രയിലെ അന്ധവിശ്വാസ വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (MANS) തീവ്ര വലതുപക്ഷ സംഘങ്ങളെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചത്. ‘ഹിന്ദു വിരുദ്ധ’ ചാപ്പ കുത്തപ്പെടുകയും തീവ്രവലതുപക്ഷ സംഘങ്ങളിൽ നിന്ന് നിരന്തരമായ ഭീഷണികൾ അദ്ദേഹത്തിന് നേരിടേണ്ടിയും വന്നു.
2014ൽ കേസ് ഏറ്റെടുത്ത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തീവ്ര വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുടെ സജീവ പ്രവർത്തകൻ ഡോ. വിരേന്ദ്ര സിംഗ് തവ്ഡെയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. തവ്ഡെയുടെ കൂട്ടാളികളായ വിനയ് പവാർ, സാരംഗ് അഗോൾക്കർ എന്നിവരാണ് ദാഭോൽക്കറെ വെടിവച്ചത് എന്നായിരുന്നു സി.ബി.ഐയുടെ പ്രാഥമിക നിഗമനം. ഗൗരി ലങ്കേഷ് വധം അന്വേഷിച്ചിരുന്ന കർണാടക സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഷാർപ്പ് ഷൂട്ടറായ അമുൽ കാലെയെ പിടികൂടുന്നത്. അയാളിൽ നിന്നാണ് ശരത് കലാസ്കർ, സച്ചിൻ ആന്ദുരെ എന്നിവരെ 2018ൽ അറസ്റ്റ് ചെയ്യുന്നതിലേക്ക് സി.ബി.ഐ എത്തുന്നത്. ദാഭോൽക്കർ, പൻസാരെ വധങ്ങളിൽ തനിക്കുള്ള പങ്കിനെയും സനാതൻ സൻസ്ത എങ്ങനെയാണ് ഈ വധങ്ങളിൽ സ്വാധീനം ചെലുത്തിയത് എന്നും കലാസ്കർ അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിക്കുകയും ചെയ്യുന്നു. കലാസ്കറിന്റെ 14 പേജ് കുറ്റസമ്മത മൊഴി എൻ.ഡി.ടി.വി പുറത്തുവിട്ടിരുന്നു. ദാഭോൽക്കറിന്റെ കണ്ണിലും തലയിലുമായി രണ്ട് തവണ നിറയൊഴിച്ചു, ദാഭോൽക്കറിന്റെ വധത്തിന് മാസങ്ങൾക്ക് മുമ്പ് സനാതൻ സൻസ്തയുടെ പ്രവർത്തകർ തന്നെ സമീപിച്ച് ബോംബ് ഉണ്ടാക്കാനും ആയുധങ്ങൾ നിർമ്മിക്കാനും ആവശ്യമായ പരിശീലനം നൽകി. സൻസ്തയുടെ നേതാവ് വീരേന്ദ്ര സിംഗ് താവ്ഡെ തന്നെ സമീപിച്ച് ‘കുറച്ച് ചെകുത്താന്മാരെ കശാപ്പ് ചെയ്യണം’ എന്ന് ആഹ്വാനം ചെയ്തു തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കലാസ്കർ ഏറ്റുപറയുന്നുണ്ട്. “2016 ആഗസ്തിൽ ബെൽഗാമിൽ ഒരു മീറ്റിംഗ് നടന്നിരുന്നു. ഹിന്ദുയിസത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ പേരുകൾ അവിടെ ചോദിക്കപ്പെട്ടു. ഗൗരി ലങ്കേഷിന്റെ പേര് അന്നവിടെ ഉയർന്നു വന്നിരുന്നു. അങ്ങനെയാണ് അവർ വധിക്കപ്പെടുന്നത്.” കലാസ്കറിന്റെ ഈ പ്രസ്താവന ഗൗരിലങ്കേഷ് വധത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ്.
മഹാരാഷ്ട്രയിലും കർണാടകയിലും ശാഖകളുള്ള, ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് സനാതൻ സൻസ്ത. ഹിന്ദു രാഷ്ട്രനിർമാണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സംഘം. മഹാരാഷ്ട്രയിലും അയൽ സംസ്ഥാനങ്ങളിലും നടന്ന നിരവധി ബോബാക്രമണങ്ങൾക്ക് പിന്നിൽ സനാതൻ സൻസ്തയാണെന്ന് നിരവധി അന്വേഷണ സംഘങ്ങൾ പലതവണ കണ്ടെത്തുകയും സൻസതയെ നിരോധിക്കണമെന്ന് പലതവണ സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നരേന്ദ്ര ദാഭോൽക്കർ, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ, എം.എം കൽബുർഗി തുടങ്ങി തീവ്ര ഹിന്ദുത്വ സംഘങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്ന ആക്ടിവിസ്റ്റുകളുടെ വധങ്ങൾക്ക് പിറകിലെല്ലാം സനാതൻ സൻസ്തക്ക് വ്യക്തമായ പങ്കുണ്ട് എന്ന് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചാർജ് ഷീറ്റിൽ വ്യക്തമായി പറയുന്നുണ്ട്. സനാതൻ സൻസ്തയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഹിന്ദു ജനജാഗ്രതാ സമിതിയുടെ പൂനെ കൺവീനറായിരുന്ന അമോൽ കാലെയാണ് ഗൗരി ലങ്കേഷ് വധത്തിലെ പ്രധാന കുറ്റവാളി. ദാഭോൽക്കർ വധത്തിന് ശേഷം താവ്ഡെ, അമോൽ കാലെയുമായി തന്നെ പരിചയപ്പെടുത്തുന്നുണ്ടെന്ന് കലാസ്കർ സമ്മതിക്കുന്നുണ്ട്. ദാഭോൽക്കർ വധത്തിലും കാലെയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
പൻസാരെ വധത്തിന് പിന്നിലെ കാരണങ്ങൾ
മഹാരാഷ്ട്രയിലെ മുതിർന്ന സി.പി.ഐ നേതാവും ബുദ്ധിജീവിയുമായ ഗോവിന്ദ് പൻസാരെ തീവ്ര ഹിന്ദുത്വ സംഘങ്ങൾക്ക് എന്നും വലിയ അസ്വസ്ഥതയായിരുന്നു. 1988ൽ പൻസാരെ എഴുതിയ ‘Shivaji kon hote?’ (ആരായിരുന്നു ശിവജി) എന്ന പുസ്തകം അത്രയും കാലം വലതുപക്ഷ തീവ്ര സംഘങ്ങൾ ശിവജിയെക്കുറിച്ച് സൃഷ്ടിച്ചുവെച്ച മുഴുവൻ പ്രചരാവേലകളെയും പൊളിച്ചുകളയുന്ന ഒന്നായിരുന്നു. മറാത്തിയിലും ഇംഗ്ലീഷിലും മറ്റ് എട്ട് ഇന്ത്യൻ ഭാഷകളിലുമായി രണ്ട് ലക്ഷത്തിലേറെ കോപ്പികളാണ് പുസ്തകം വിറ്റുപോയത്. തീവ്ര ഹിന്ദുത്വ ശക്തികൾക്കെതിരെയുള്ള സന്ധിയില്ലാ സമരത്തിന്റെ ഭാഗമായി നിരവധി ഭീഷണികളാണ് അദ്ദേഹത്തെ തേടി വന്നിരുന്നത്. കൊലാപൂരിലെ ശിവജി യൂണിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഗാന്ധി ഘാതകൻ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദുമഹാസഭാ തീരുമാനത്തെ നിശിതമായി വിമർശിച്ച ബുദ്ധിജീവികളിൽ പ്രധാനിയായിരുന്നു പൻസാരെ.
പൻസാരെയുടെ വധവും കർക്കരെയുടെ മരണവും
പൻസാരെയുടെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പൻസാരെയുടെ ശിഷ്യനും പൂനെയിൽ പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനുമായ ഒരാൾ പറഞ്ഞതായി അനോഷ് മലോക്കർ ‘കാരവൻ’ മാഗസിനിൽ എഴുതിയ വിവരങ്ങളാണ് ഹേമന്ദ് കർക്കരെയുടെ കേസുമായി പൻസാരെയുടെ വധത്തിനുള്ള ബന്ധം തുറന്നുകാട്ടുന്നത്. “മുൻ മഹാരാഷ്ട്ര ഐ.ജിയായി വിരമിച്ച എസ്.എം മുശ്രിഫ് എഴുതിയ ‘Who Killed Karkare’ (കർക്കരയെ കൊന്നതാര്) എന്ന പുസ്തകത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്താൻ പൻസാരെ ക്ഷണിക്കപ്പെട്ടിരുന്നു. ശക്തമായി എതിർപ്പുകൾ ഉണ്ടായിട്ടും അദ്ദേഹം ആ ക്ഷണം അന്ന് സ്വീകരിച്ചിരുന്നു. വലിയ ജനക്കൂട്ടം തന്നെ പൻസാരെയുടെ പ്രഭാഷണം കേൾക്കാൻ അന്നവിടെ ഒരുമിച്ചുകൂടി. അതിനുശേഷം ‘ദാഭോൽക്കറുടെ അനുഭവമായിരിക്കും നിങ്ങൾക്കും’ എന്ന് ഭീഷണിപ്പെടുത്തുന്ന നിരവധി കത്തുകൾ അദ്ദേഹത്തിന് വന്നിരുന്നു.” (കാരവൻ). തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയെ തുറന്നുകാട്ടാൻ പൊതുപരിപാടി സംഘടിപ്പിക്കുന്നത് തടയിടാനാണ് പൻസാരെയെ വധിച്ചതെന്ന് കൊലാപൂർ കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കുന്നുണ്ട്. പൻസാരെ വധത്തിൽ സൻസ്ത അംഗം ഡോ. വീരേന്ദ്ര സിംഗ് താവ്ഡെക്ക് എതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് പറയുന്നത്. സനാതൻ സൻസ്തക്ക് പ്രചാരമുള്ള 140 പ്രദേശങ്ങളിൽ ‘കർക്കരെയെ കൊന്നതാര്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാനിരിക്കെയായിരുന്നു പൻസാരെയുടെ വധം.
കർക്കരയെ കൊന്നതാര് ? എന്തിന്?
മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചീഫ് ഹേമന്ത് കർക്കരെ അജ്മൽ കസബിന്റെ വെടിയേറ്റല്ല മരിച്ചത്, ആർ.എസ്.എസുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ വെടിവെച്ചത് എന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാറിന്റെ പരാമർശം പുതിയ സംവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഈ പരാമര്‍ശമുണ്ടാകുന്നത്. 26/11 മുംബൈ ഭീകരാക്രമണ കേസിൽ പ്രോസിക്യൂട്ടറായിരുന്ന, ഇപ്പോൾ നോർത്ത് സെൻട്രൽ മുംബൈയിലെ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ഉജ്വൽ നിഗത്തിന് അത് അറിയാമായിരുന്നെന്നും മനപ്പൂർവം ഈ വിവരം അദ്ദേഹം മറച്ചുവെക്കുകയായിരുന്നു എന്നും വഡേത്തിവാർ പറഞ്ഞു. വിവാദം ശക്തമായപ്പോൾ എസ്.എം മുശ്രിഫിന്റെ പുസ്തകത്തെ ഉദ്ദരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പറഞ്ഞ് അദ്ദേഹം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു. പക്ഷേ, കോൺഗ്രസ് നേതാവ് ശശി തരൂർ ഈ പരാമർശം ഏറ്റെടുക്കുകയും കാര്യക്ഷമമായ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവരുകയും ചെയ്തത് ‘കർക്കരെ വധം’ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അജ്മല്‍ കസബിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളല്ല കാര്‍ക്കരെയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തതെന്നും അത് ഒരു പൊലീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നും എസ്.എം മുഷ്‌രിഫ് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായി ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പിടിച്ചുകുലുക്കിയ മലേഗാവ്, മൊദാസ, മുബൈ ട്രെയിൻ സ്ഫോടനം, അഹമ്മദാബാദ്, മക്കാ മസ്ജിദ്, നന്ദേഡ്, അജ്മീർ ദർഗ, സംജോത എക്സ്പ്രസ് തുടങ്ങിയ ഭീകരാക്രമണങ്ങൾക്ക് പിറകിൽ തീവ്രഹിന്ദുത്വ സംഘടനകളാണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കർക്കറെ. സ്ഫോടനങ്ങളിൽ മുൻ ബി.ജെ.പി എം പി സാധ്വി പ്രഗ്യാസിംഗ്, കേണൽ ശ്രീകാന്ത് പുരോഹിത്, മേജർ രമേശ് ഉപാധ്യായ എന്നിവരുടെ പങ്കും അദ്ദേഹം പുറത്തുകൊണ്ടുവന്നു. സ്ഫോടനക്കേസുകളിൽ കേണൽ പുരോഹിത് അറസ്റ്റിലായതോടെ സൈന്യത്തിലെ പ്രമുഖരുമായുള്ള ഹിന്ദുത്വ സംഘടനകളുടെ ബന്ധം കൂടിയാണ് വെളിപ്പെട്ടത്. കർക്കരെ കൊല്ലപ്പെട്ടതിന് ശേഷം മലേഗാവ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി കാണാം. പിന്നീട് ഇന്ത്യ കണ്ടത് അന്വേഷണം കീഴ്മേൽ മറിയുന്ന കാഴ്ചയാണ്. 2011ൽ എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നതോടെ മലേഗാവ് കേസിൽ ഹേമന്ത് കർക്കറെ കണ്ടെത്തിയ കാര്യങ്ങൾ ഇരുട്ടറയിലായി. 2016ൽ എൻ.ഐ.എ സപ്ലിമെന്ററി ചാർജ് ഷീറ്റ് സമർപ്പിക്കുന്നു. 2008ലെ മഹാരാഷ്ട്ര എ.ടി.എസിന്റെ (Anti terrorist squad- ATS) അന്വേഷണത്തിൽ പിഴവുണ്ടായിരുന്നെന്നും പ്രഗ്യാസിംഗ് ടാക്കൂർ അടക്കമുള്ള ആറ് പേർ നിരപരാധികളാണെന്നുമായിരുന്നു അവരുടെ കണ്ടെത്തൽ.
2008ൽ നവി മുംബൈ, പൂനെയിലെ ഗഡ്കരി രംഗയാതന എന്നിവിടങ്ങളിലെ സിനിമാ തിയേറ്ററുകളിൽ നടന്ന സ്ഫോടനങ്ങൾ, അതിന് ശേഷം മഹാരാഷ്ട്രയിലും അയൽ സംസ്ഥാനങ്ങളിലുമായി നടന്ന് അഞ്ച് സ്ഫോടനങ്ങൾ എന്നിവയിലെല്ലാം സനാതൻ സൻസ്തയുടെ പങ്ക് എ.ടി.എസ് കണ്ടെത്തിയിരുന്നു. അതിന് മുന്നെ ഈ സ്ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ചില മുസ്ലീം സംഘടനകളുടെ മുകളിൽ പൊലീസ് കെട്ടിവയ്ക്കുകയും നിരവധി മുസ്ലീം യുവാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കർക്കരെ കേസ് ഏറ്റെടുത്ത ശേഷമാണ് സൻസ്തയുടെ പങ്കിലേക്ക് അന്വേഷണം എത്തുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 2008ൽ തന്നെ കർക്കറെയുടെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡ് സൻസ്തയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. സ്വാഭാവികമായും സൻസ്തയുടെ കണ്ണിലെ കരടായിരുന്നു ഹേമന്ത് കർക്കറെ എന്ന സമർത്ഥനായ ഉദ്യോഗസ്ഥൻ. 11 വർഷത്തിന് ശേഷം നരേന്ദ്ര ദാഭോൽക്കറുടെ വധത്തിൽ ശിക്ഷ വിധിക്കപ്പെട്ട രണ്ട് പേരും സൻസ്തയുമായി അടുത്ത ബന്ധമുള്ളവരാണ്. 2008ൽ സൻസ്തയെക്കെതിരെ കർക്കരെ ഉയർത്തിക്കൊണ്ടുവന്ന തെളിവുകൾക്ക് അടിവരയിടുന്ന നിരീക്ഷണങ്ങളാണ് ദാഭോൽക്കർ കേസിലെ വിധിപ്രസ്താവത്തിൽ കോടതി നടത്തിയിരിക്കുന്നത്. ഈ വിധിയുടെയും, ഹേമന്ദ് കർക്കറെയുടെ വധവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ ചർച്ചകളുടെയും പശ്ചാത്തലത്തിൽ സനാതൻ സൻസ്ത ഉൾപ്പെട്ട കേസുകളിലെല്ലാം പുനരന്വേഷണം നടത്താൻ ഭരണസംവിധാനങ്ങൾ തയ്യാറാകേണ്ടതുണ്ട്.