2007 ഒക്ടോബർ 20ലെ ഒരു സായാഹ്നം, ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് ഗാന്ധിനഗറിൽ സി.എൻ.എൻ-ഐ.ബി.എൻ ചാനൽ കരൺ ഥാപ്പറിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഡെവിൾസ് അഡ്വക്കേറ്റ്’ എന്ന പ്രത്യേക അഭിമുഖ പരിപാടി നടക്കുന്നു. അന്നത്തെ അതിഥി നരേന്ദ്ര മോദിയാണ്. മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സമയത്താണ് അഭിമുഖം നടക്കുന്നത്. ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഥാപ്പറുടെ അഭിമുഖം ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്. ചോദ്യങ്ങളിൽ നിന്ന് സമർഥമായി മോദി ഒഴിഞ്ഞുമാറുന്നത് വ്യക്തമായി കാണാം. പക്ഷേ, കരൺ ഥാപ്പർ വിട്ടില്ല. ആദ്യ ചോദ്യത്തിന് ഉപചോദ്യവും മറുചോദ്യവും ചോദിച്ച് അദ്ദേഹം മോദിയെ ഗുജറാത്ത് കലാപത്തിലേക്ക് തന്നെ കൊണ്ടുപോകാൻ ശ്രമിച്ചു. ഏകദേശം രണ്ട് മിനുറ്റ് 45 സെക്കൻഡ് പിന്നിട്ടപ്പോൾ മോദി അൽപം വെള്ളം ചോദിക്കുകയും കുറച്ച് സമയം വിശ്രമം ആവശ്യപ്പെടുകയും ചെയ്തു. ‘അപ്നെ ദോസ്തി ബനി രഹേ’ (നമ്മുടെ സൗഹൃദം നിലനിൽക്കട്ടെ) എന്നുപറഞ്ഞ് മോദി പതിയെ അതിഥി സീറ്റിൽ നിന്ന് എഴുന്നേറ്റു. പലതും പറഞ്ഞ് മോദിയെ അഭിമുഖത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കരൺ ഥാപ്പർ ശ്രമിക്കുന്നുണ്ട്. പക്ഷേ, മോദി വഴങ്ങിയില്ല. (ചെറുതാണെങ്കിലും ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള ഈ ഇന്റർവ്യൂ സി.എൻ.എൻ-ഐ.ബി.എൻ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.) പിന്നീട് ഒരു മണിക്കൂറോളം കരൺ ഥാപ്പറുമായി കുശലം പറയുകയും ചായയും മധുരവും ഗുജറാത്തി ദോക്ലയും നൽകുകയും ചെയ്ത് വിരുന്നൂട്ടിയതിന് ശേഷമാണ് അദ്ദേഹത്തെ മോദി യാത്രയാക്കുന്നത്. കരൺ ഥാപ്പറുടെ ‘ഡെവിൾസ് അഡ്വക്കേറ്റ്’ എന്ന പുസ്തകത്തിൽ ഈ സംഭവം വിശദമായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.
2007ലെ കരൺ ഥാപ്പറുടെ അഭിമുഖം മുതൽ തുടങ്ങിയതാണ് നരേന്ദ്ര മോദിയുടെ ‘മീഡിയാഫോബിയ’, മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കാനുള്ള ഭയം. മൻകീബാത്തിലൂടെയും പ്രസംഗങ്ങളിലൂടെയും നിരന്തരം ഏകപക്ഷീയമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മോദി മാധ്യമപ്രവർത്തകരെ നേരിട്ട് കാണാനോ വാർത്താ സമ്മേളനം വിളിക്കാനോ അവരുടെ ചോദ്യങ്ങളെ നേരിടാനോ തയ്യാറാകുന്നില്ല എന്നത് അദ്ദേഹത്തിനെതിരെ കാലങ്ങളായി നിലനിൽക്കുന്ന ആരോപണമാണ്. ആ ആരോപണത്തോടും അദ്ദേഹം പ്രതികരിക്കാറില്ല. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത നരേന്ദ്ര മോദിയുടെ സ്വഭാവത്തിൽ അടുത്തിടെ വലിയൊരു മാറ്റമുണ്ടായാതായി കാണാം. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെമ്പാടുമുള്ള മാധ്യമങ്ങൾക്ക് ഓടിനടന്ന് ഇന്റർവ്യൂ കൊടുക്കുന്ന പ്രധാനമന്ത്രിയെയാണ് കാണാൻ കഴിഞ്ഞത്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ച് 2024 ൽ മാത്രം 82 അഭിമുഖങ്ങളാണ് പ്രധാനമന്ത്രി നൽകിയത്. എല്ലാം മാർച്ച് 31നും മെയ് 31നും ഇടയിൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നത് മാർച്ച് 16നാണെന്ന് ഓർക്കണം. കേവലം രണ്ട് മാസത്തിനിടയിൽ (60 ദിവസം) 82 ഇന്റർവ്യൂ. ഇന്ത്യയിലെ മിക്ക ഭാഷകളിലെയും പ്രമുഖ മാധ്യമങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ‘ഗോദി മീഡിയ’ (സർക്കാറിന്റെ മടിയിലിരിക്കുന്ന മീഡിയ) കളുടെ എണ്ണം വർധിച്ചു വരുന്നുവെന്ന ചർച്ച നിലനിൽക്കെ ഈ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, 2014ൽ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയുള്ള കാലയളവിൽ മോദി നടത്തിയ അഭിമുഖങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്തുകയാണ് കേരളീയം. പ്രത്യേകിച്ചും, 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യയിലെ മാധ്യമങ്ങൾക്ക് നരേന്ദ്ര മോദി നൽകിയ അഭിമുഖങ്ങളുടെ സ്വഭാവവും അതിലൂടെ സംഘപരിവാർ രാഷ്ട്രീയത്തിനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടകൾക്കും ലഭിച്ച സ്വീകാര്യതയുമാണ് പരിശോധിക്കുന്നത്.
മാധ്യമങ്ങളിലെ നരേന്ദ്ര മോദി
2014 മെയ് 16നാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലേറുന്നു. ആ വർഷം ഒരു മാധ്യമങ്ങൾക്കും കാര്യമായി മുഖം കൊടുക്കാത്ത മോദി വിദേശ വാർത്താ ചാനലായ സി.എൻ.എന്നിന്റെ ഫരീദ് സക്കരിയ്യക്ക് മാത്രമാണ് ഇന്റർവ്യൂ നൽകുന്നത്. പ്രധാനമന്ത്രിയായ ശേഷം ആ വർഷം ആകെ ഒരു ഇന്റർവ്യൂ. ഭരണത്തിലേറി പത്ത് മാസങ്ങൾക്ക് ശേഷം 2015 ഏപ്രിൽ 9നാണ് ഒരു ഇന്ത്യൻ മാധ്യമത്തിന് മുന്നിലേക്ക് മോദിയെത്തുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ സഞ്ജോയ് നാരായണനും ശിശിർ ഗുപ്തയുമാണ് അഭിമുഖം നടത്തുന്നത്. 2015ൽ വിദേശ ചാനലുകൾക്കും വാർത്താ ഏജൻസികൾക്കും നൽകിയതടക്കം ആകെ നടത്തിയത് 11 അഭിമുഖങ്ങൾ. അധികാരത്തിലേറി രണ്ട് വർഷങ്ങൾക്ക് ശേഷം 2016 ജൂൺ 27നാണ് പ്രധാനമന്ത്രി ഒരു ഇന്ത്യൻ ടെലിവിഷൻ ന്യൂസ് ചാനലിന് മുന്നിലേക്ക് അഭിമുഖത്തിനായി എത്തുന്നത്. അതാകട്ടെ ടൈംസ് നൗവിൽ അർണബ് ഗോസ്വാമിയോടൊപ്പവും. 2016ൽ ആകെ നാല് തവണയും 2017ൽ ഒരു തവണയും (അതുതന്നെ ഇസ്രായേൽ മീഡിയയായ ഇസ്രായേൽ ഹയോം) 2018ൽ നാല് തവണയും മാത്രമാണ് നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുന്നുള്ളൂ. എന്നാൽ നേരത്തേ സൂചിപ്പിച്ചതുപോലെ 2024ൽ സംഭവിച്ച ഉൾവിളി 2019ലും തെരഞ്ഞെടുപ്പ് അടുത്തതോടെ മോദിക്ക് ഉണ്ടാകുന്നുണ്ട്. 17ാം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് 2019. 28 അഭിമുഖങ്ങളാണ് ആ വർഷം മോദി നൽകുന്നത്. അതിൽ 20 എണ്ണവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന മാർച്ച് 10നും അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19നും ഇടയിലാണ് നടക്കുന്നത്. എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ലക്ഷ്യം മാത്രം മുന്നിൽ വെച്ച് നടന്ന അഭിമുഖങ്ങൾ.
2020ലും 2021ലും കാര്യമായി മാധ്യമങ്ങളെ കാണാൻ പ്രധാനമന്ത്രിക്ക് 'സമയം' കിട്ടിയില്ലാ എന്നാണ് തോന്നുന്നത്. 2020ൽ ഇക്കണോമിക്സ് ടൈംസിനും 2021ൽ ഓപ്പൺ മാഗസിനും മാത്രമാണ് അഭിമുഖം നൽകുന്നത്. 2022ൽ അഞ്ച് മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിക്കുന്നുണ്ട്. 2023ൽ നിക്കീ ഏഷ്യ, യോമിയോരി ജപ്പാൻ, ദ ആസ്ട്രേലിയൻ, ലസ് എക്കോസ്, ഫിനാൻഷ്യൽ ടൈംസ്, അൽ ഇത്തിഹാദ്, പി.ടി.ഐ അടക്കം 11 മാധ്യമങ്ങളിലാണ് മോദി മുഖം കാണിക്കുന്നത്. മിക്കവയും വിദേശ യാത്രകൾക്കിടയിൽ വിദേശ മാധ്യമങ്ങൾക്ക് നൽകിയവയാണെന്ന് ചുരുക്കം. ബിസിനസ് ടുഡെക്കും ഇന്ത്യാ ടുഡെക്കും ദൈനിക് ജാഗരണും മാത്രമാണ് 2023ൽ പ്രധാനമന്ത്രി ഇന്ത്യയിൽ മുഖം നൽകിയത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതു മുതൽ ഓരോ വർഷവും നൽകിയ അഭിമുഖങ്ങളിൽ മിക്ക വർഷവും ദൈനിക് ജാഗരൺ ഇടം നേടുന്നുണ്ട്. 2024ലും ഇത് ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. 2024ൽ ഓരോ ഘട്ട തെരഞ്ഞെടുപ്പുകളെയും പ്രത്യേകം നിരീക്ഷിച്ച്, ആ ഘട്ടങ്ങളിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന സംസ്ഥാനങ്ങൾക്കനുസരിച്ച് അഭിമുഖങ്ങളെ ക്രമീകരിക്കുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ പി.ആർ വർക്ക് മുന്നോട്ടുപോയി എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വളരെ ആസൂത്രിതമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ, മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്. ഓരോ ഘട്ടത്തിലും അത് എങ്ങനെയാണ് നടന്നതെന്ന് പരിശോധിക്കാം.
ഒന്നാം ഘട്ടം
ഏപ്രിൽ 19നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ബൂത്തിലേക്ക് പോയത്. തമിഴ്നാട് (39/39), രാജസ്ഥാൻ (12/25), ഉത്തരാഖണ്ഡ് (5/5), വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ് (2/2), അസ്സാം (5/14), മണിപ്പൂർ (2/2), മേഘാലയ (2/2), മിസ്സോറാം (1/1), നാഘാലാന്റ് (1/1), ത്രിപുര (1/2), സിക്കിം (1/1) എന്നിവയാണ് കൂടുതൽ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളെ പ്രത്യേകിച്ചും ബാക്കി വരുന്ന പത്ത് സംസ്ഥാനങ്ങളെ പൊതുവായും ലക്ഷ്യം വെച്ചായിരുന്നു ഈ ഘട്ടത്തിൽ നടന്ന പ്രധാനമന്ത്രിയുടെ അഭിമുഖങ്ങൾ. മാർച്ച് 31നും ഏപ്രിൽ 19നും ഇടയിൽ 9 അഭിമുഖങ്ങളാണ് മോദി നൽകിയത്. ദിനതന്തിയും ദിനമലറും ഈ കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിലെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 24 മണിക്കൂർ ന്യൂസ് ചാനലാണ് ദിനതന്തി. ഇവരുടെ യൂട്യൂബ് ചാനലിന് 10 മില്യൺ സബ്സ്ക്രൈബേഴ്സുമുണ്ട്. ദിനമലറാകട്ടെ, തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള പത്രങ്ങളിലൊന്നാണ്. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ 2023ലെ കണക്കനുസരിച്ച് പത്ത് സിറ്റികളിൽ നിന്നായി ഏഴ് ലക്ഷത്തോളം കോപ്പികൾ തമിഴ്നാട്ടിൽ ഇവർ വിതരണം ചെയ്യുന്നു. പത്രത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2 മില്യണിലധികം ഇ-പേപ്പർ സബ്സ്ക്രൈബേഴ്സും ഇവർക്കുണ്ട്. തീവ്ര വലതുപക്ഷ അജണ്ടകൾ സമൂഹത്തിലേക്ക് എത്തിക്കാൻ ദിനമലർ നിരന്തരമായി ശ്രമിക്കുന്നെന്ന് പറയുന്ന വിശദമായ റിപ്പോർട്ട് കോബ്റ പോസ്റ്റ് എന്ന വെബ്സൈറ്റ് മുമ്പ് പുറത്തുവിട്ടിരുന്നു.
ഇതേ സമയത്താണ് രാജസ്ഥാൻ പത്രികക്ക് മോദി അഭിമുഖം നൽകുന്നത്. ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് രാജസ്ഥാൻ പത്രിക. 2023 ഏപ്രിലിലെ കണക്കനുസരിച്ച് ഇന്ത്യയിലൊട്ടാകെ 13 ലക്ഷം കോപ്പികളാണ് പത്രം വിതരണം ചെയ്യുന്നത്. പ്രധാനമായും രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന പത്രത്തിന് ഡൽഹി, ഛത്തീസ്ഗഢ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും എഡിഷനുകളുണ്ട്. അസാം ട്രൈബ്യൂണിനും ഈ കാലയളവിൽ മോദി പ്രത്യേകം അഭിമുഖം നൽകുന്നുണ്ട്. അസാമിലെ ദിബ്രുഗഡ്, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ഇംഗ്ലീഷ് പത്രമാണ് അസാം ട്രൈബ്യൂൺ. നിലവിൽ ഏഴ് ലക്ഷത്തിലധികം കോപ്പികളും 30 ലക്ഷത്തിലേറെ വായനക്കാരുമുള്ള അസാം ട്രൈബ്യൂൺ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമാണ്. ഈ കാലയളവിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസാം, മണിപ്പൂർ, മേഘാലയ, മിസ്സോറാം, നാഘാലാന്റ്, ത്രിപുര, സിക്കിം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
ഏഴ് ഘട്ടങ്ങളിലും ഹിന്ദി ബെൽറ്റിനെ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രാദേശിക മാധ്യമങ്ങൾക്ക് പുറമെ ഹിന്ദിയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന മാധ്യമങ്ങളെ പ്രത്യേകം ഫോക്കസ് ചെയ്യാനും മോദി ശ്രമിക്കുന്നുണ്ട്. ഒന്നാം ഘട്ടത്തിൽ അമർ ഉജാല, ഹിന്ദുസ്ഥാൻ, ദൈനിക് ജാഗരൺ എന്നിവർക്കും മോദി പ്രത്യേകം അഭിമുഖങ്ങൾ അനുവദിക്കുന്നതായി കാണാം. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 180 ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന, ഹിന്ദി ഭാഷയിൽ 22 എഡിഷനുകളിലായി പുറത്തിറങ്ങുന്ന ദിനപത്രമാണ് അമർ ഉജാല. 60 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ Amarujala.com എന്ന പോർട്ടൽ പിന്തുടരുന്നത്. അമർ ഉജാലയുടെ 70 ശതമാനം വായനക്കാരും ഉത്തർപ്രദേശിലാണ്. അതിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ഛണ്ഡീഗഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലും ഇത് വിതരണം ചെയ്യപ്പെടുന്നു. ഹിന്ദി ബെൽറ്റിൽ മാത്രം 21 എഡിഷനുകളിലായി വ്യാപിച്ച് കിടക്കുന്ന ഹിന്ദി പത്രമാണ് ഹിന്ദുസ്ഥാൻ. 2011ലെ ഇന്ത്യൻ റീഡർഷിപ്പ് സർവെ (ഐ.ആർ.എസ്) പ്രകാരം ബീഹാറിൽ മാത്രം 5 മില്യൺ വായനക്കാരാണ് ഹിന്ദുസ്ഥാന്റെ മൂലധനം. ദൈനിക് ജാഗരണാണ് മൂന്നാമത്തെ പ്രധാന പത്രം. ഇന്ത്യയിലെ ലീഡിംഗ് ന്യൂസ് പേപ്പർ. യു.പിയിലെ കാൺപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദൈനിക് ജാഗരൺ സർക്കുലേഷനിൽ ഇന്ത്യയിൽ ഒന്നാമതാണ്. ഐ.ആർ.എസ് പ്രകാരം ഏഴ് കോടിയോളം വായനക്കാരാണ് ഇന്ത്യയിലാകെ ദൈനിക് ജാഗരണുള്ളത്. 32 എഡിഷനുകളിലും 200 സബ് എഡിഷനുകളിലുമായി 11 സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ദൈനിക് ജാഗരണിന്റെ വായനാ ലോകം. ഒന്നാം ഘട്ടത്തിൽ ആകെയുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ ഈ മൂന്ന് പത്രങ്ങളും വിതരണം ചെയ്യപ്പെടുന്നുണ്ട്.
രണ്ടാം ഘട്ടം
ഏപ്രിൽ 26നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 13 സംസ്ഥാനങ്ങളിലായി 88 മണ്ഡങ്ങളാണ് ഈ ഘട്ടത്തിൽ ബൂത്തിലേക്ക് പോയത്. ഒന്നാം ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേക്ക് കേവലം ഏഴ് ദിവസത്തിന്റെ മാത്രം ദൂരം. എട്ടാം ദിവസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നു. രാജസ്ഥാന് (13/25) പുറമെ കേരളവും (20/20) കർണാടകയുമാണ് (14/28) രണ്ടാംഘട്ടത്തിൽ കൂടുതൽ പേരെ ലോക്സഭയിലേക്ക് അയയ്ക്കാൻ ഒരുങ്ങുന്നത്. സ്വാഭാവികമായും കേരളത്തെയും കർണാടകയെയുമാണ് ഈ ഘട്ടത്തിൽ മോദി ടീം ഫോക്കസ് ചെയ്തത്. മാതൃഭൂമിയും ഏഷ്യാനെറ്റ് ന്യൂസും ഈ സമയത്താണ് അഭിമുഖം എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും. ഒന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള പത്രങ്ങളിലൊന്ന്. മറ്റൊന്ന് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ചാനലുകളിലൊന്ന്. മാതൃഭൂമിക്കായി മോദിയെ ഇന്റവ്യൂ ചെയ്യുന്നത് പത്രത്തിന്റെ എഡിറ്റർ മനോജ് കെ ദാസാണ്. എഷ്യാനെറ്റിന് വേണ്ടി എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറും. ഏഷ്യാനെറ്റിന്റെ ഇന്റർവ്യൂ അവരുടെ കന്നഡ ചാനൽ സുവർണ്ണ ന്യൂസിന് വേണ്ടി കൂടിയുള്ളതായിരുന്നു. ഏഷ്യാനെറ്റ് സുവർണ്ണ ന്യൂസിന്റെ എഡിറ്റർ അജിത് ഹനമാക്കനവറാണ് അഭിമുഖത്തിൽ പങ്കുചേർന്നത്. (ഇന്ത്യയിലെ മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്നതിനായി പാകിസ്ഥാൻ പതാകയുടെ ഗ്രാഫിക്സ് ഉപയോഗിച്ചതിന് കേസ് നേരിടുന്ന മാധ്യമ പ്രവർത്തകനാണ് അജിത് ഹനമാക്കനവർ). രണ്ടാമതായി ഈ കാലയളവിൽ മോദിക്ക് മുന്നിലെത്തുന്ന പ്രധാന മാധ്യമം വിജയവാണിയാണ്. കന്നട ഭാഷയിൽ കർണാടകയിൽ വിതരണം ചെയ്യുന്ന പത്രമാണ് വിജയവാണി. കർണാടകയിൽ 30 ജില്ലകളിൽ 28 ജില്ലകളിലും സർക്കുലേഷനുള്ള പത്രം. പത്ത് എഡിഷനുകളിലായി പുറത്തിറങ്ങുന്ന പത്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 262 ശതമാനം വളർച്ചയാണ് കൈവരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മൂന്ന്, നാല് ഘട്ടങ്ങൾ
മെയ് 7, 13 തീയതികളിലാണ് 18ാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന്, നാല് ഘട്ടങ്ങൾ നടക്കുന്നത്. രണ്ട് ഘട്ടങ്ങളിൽ 16 സംസ്ഥാനങ്ങളിലായി 190 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ബൂത്തിലെത്തിയത്. രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലാം ഘട്ടം നടക്കുന്ന മെയ് 13ലേക്ക് ആകെയുള്ളത് 17 ദിവസം. പക്ഷേ, തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വ്യഗ്രതയിൽ ഇക്കാലയളവിൽ മോദി നൽകിയത് 27 അഭിമുഖങ്ങൾ. മെയ് 5ന് മാത്രം വിവിധ ഭാഷയിൽ പുറത്തിറങ്ങുന്ന എട്ട് മാധ്യമങ്ങൾക്കാണ് നരേന്ദ്ര മോദി അഭിമുഖത്തിനായി സമയം നൽകിയത്. മെയ് 12ന് അഞ്ചും മെയ് 13ന് നാലും മാധ്യമങ്ങൾക്ക് മുമ്പിൽ അഭിമുഖത്തിനായി മോദി ഓടിയെത്തി.
തെരഞ്ഞെടുപ്പിൽ ഏറെ പ്രധാന്യമുള്ള ഘട്ടങ്ങളായിരുന്നു മൂന്ന്, നാല് ഘട്ടങ്ങൾ. മേൽ സൂചിപ്പിച്ച പോലെ 190 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇക്കാലയളവിൽ വോട്ടെടുപ്പ് നടന്നത്. പ്രത്യേകിച്ചും ഗുജറാത്ത് (26/26), ആന്ധ്രാപ്രദേശ് (25/25), തെലങ്കാന (17/17), പശ്ചിമ ബംഗാൾ (12/42), കർണാടക (14/28), മധ്യപ്രദേശ് (17/29), മഹാരാഷ്ട്ര (22/48) എന്നീ സംസ്ഥാനങ്ങളിൽ നിർണായക ജനവിധി നടക്കുന്ന ഘട്ടം. ഈ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു പ്രധാനമായും മോദി ടീമിന്റെ ഓപ്പറേഷൻ. ഗുജറാത്ത് മോദിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം നടന്ന ഇടം കൂടിയാണ്. സ്വാഭാവികമായും കുറച്ചധികം ശ്രദ്ധ ഗുജറാത്തിന്റെ കാര്യത്തിൽ കൊടുത്തതായും കാണാം. ദേശീയ വാർത്താ ചാനലുകൾക്ക് പുറമെ ഗുജറാത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന കച്ച് മിത്ര, ഫുൽചബ്, സന്ദേശ്, ദിവ്യഭാസ്കർ, ഗുജറാത്ത് സമാചാർ എന്നിവർക്കെല്ലാം ഇക്കാലയളവിൽ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. ജന്മഭൂമി മീഡിയാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭൂജിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി ഭാഷാ ദിനപത്രമാണ് കച്ച് മിത്ര. രാജ്കോട്ടിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി ദിനപത്രമാണ് ഫുൽചബ്. ഇന്ത്യൻ റീഡർഷിപ്പ് സർവെ പ്രകാരം ഗുജറാത്തിൽ ഏറ്റവും കൂടുതൽ വായിക്കുന്ന രണ്ടാമത്തെ പത്രമാണ് അഹമദാബാദിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സന്ദേശ്. ഇന്ത്യയിൽ ഗുജറാത്തി ഭാഷയിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള പത്രമാണ് ഗുജറാത്തി സമാചാർ. 9 എഡിഷനുകളിലായി അഞ്ച് ലക്ഷത്തിലേറെ കോപ്പികൾ വിതരണം ചെയ്യുന്ന ഏറ്റവും സർക്കുലേഷനുള്ള ഗുജറാത്ത് ദിനപത്രങ്ങളിലൊന്നാണ് ദിവ്യഭാസ്കർ. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പാണ് ഇവയ്ക്കെല്ലാം അഭിമുഖങ്ങൾ നൽകുന്നത്.
നാലാം ഘട്ടത്തിലാണ് 25 സീറ്റുള്ള ആന്ധ്രാപ്രദേശും 17 സീറ്റുള്ള തെലങ്കാനയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അതുവരെ തെലുങ്ക് ഭാഷയിലുള്ള ഒരു മാധ്യമത്തെയും നേരിൽ കാണാതിരുന്ന മോദി ഇക്കാലയളവിൽ ടി.വി 9 നെറ്റ്വവർക്ക്, ഈനാട്, എൻ.ടി.വി തെലുങ്ക് എന്നീ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെലുങ്ക് ഭാഷയിലുള്ള 24 മണിക്കൂർ വാർത്താ ചാനലാണ് ടി.വി 9 നെറ്റ്വവർക്ക്, എൻ.ടി.വി തെലുങ്ക് എന്നിവ. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള തെലുങ്ക് ഭാഷാ ദിനപത്രമാണ് ഈനാട്. 14 ലക്ഷത്തോളം കോപ്പികളാണ് ഈനാട് വിതരണം ചെയ്യുന്നത്.
ഈ രണ്ട് ഘട്ടങ്ങളിലായി മഹാരാഷ്ട്രയിലെ 22 മണ്ഡലങ്ങൾ തെരഞ്ഞെടുപ്പിനൊരുങ്ങിയതിനാൽ മഹാരാഷ്ട്രയെയും തങ്ങളുടെ ലിസ്റ്റിൽ പി.ആർ ടീം ഉൾപ്പെടുത്തി. ഈ അവസരത്തിലാണ് മറാത്തി ഭാഷയിൽ പുറത്തിറങ്ങുന്ന സാകൽ ദിനപത്രത്തിനെയും ലോക്മത് മീഡിയാ ഗ്രൂപ്പിനെയും മോദി ടീം ക്ഷണിക്കുന്നത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള രണ്ട് പത്രങ്ങളാണ് സാകലും ലോക്മതും. മഹാരാഷ്ട്രയിൽ മാത്രം പത്ത് ലക്ഷത്തിലേറെ സർക്കുലേഷൻ സാകലിനുണ്ട്. ആറ് ലക്ഷത്തിലേറെയാണ് ലോക്മത് ദിനപത്രത്തിന്റെ സർക്കുലേഷൻ. ലോക്മത് ഗ്രൂപ്പിന്റെ തന്നെ ഭാഗമായി നടക്കുന്ന ന്യൂസ് 18 ലോക്മത് മഹാരാഷ്ട്രയിൽ നല്ല കാഴ്ചക്കാരുള്ള ന്യൂസ് ചാനലുകളിലൊന്നാണ്. പശ്ചിമ ബംഗാളിലെ പ്രധാന മണ്ഡലങ്ങൾ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതിനാൽ ആനന്ദ ബസാർ പത്രികക്ക് മുന്നിലേക്കും ഇന്റർവ്യൂവിനായി മോദി ടീം എത്തുന്നുണ്ട്. ബംഗാളി ഭാഷയിൽ പ്രസിദ്ധികരിക്കുന്ന ദിനപത്രമാണ് ആനന്ദബസാർ പത്രിക. എട്ട് ലക്ഷത്തിലേറെ കോപ്പികളാണ് പത്രം വിതരണം ചെയ്യുന്നത്.
ഇവയ്ക്കു പുറമെ നാലാം ഘട്ടത്തിന് മുമ്പായി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 നെറ്റ് വർക്ക് (18 സംസ്ഥാനങ്ങളിലായി പ്രാദേശിക ഭാഷകളിൽ വ്യാപിച്ചു കിടക്കുന്ന വലിയ ടെലിവിഷൻ ശൃംഖലയാണ് ന്യൂസ് 18), അകില ന്യൂസ് (ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഗുജറാത്തി ന്യൂസ് പോർട്ടൽ), ടൈംസ് നൗ, ദൈനിക് ജാഗരൺ, റിപ്പബ്ലിക് ടി.വി, എ.ബി.പി ന്യൂസ്, ഹിന്ദുസ്ഥാൻ, ഹിന്ദുസ്ഥാൻ ടൈംസ്, എൻ.ഡി.ടി.വി, ദൈനിക് ഭാസ്കർ (ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകളിൽ 13 സംസ്ഥാനങ്ങളിലായി 65 എഡിഷനുകൾ), ഇന്ത്യാ ടി.വി, ആജ്തക് എന്നിവക്കെല്ലാം ഇക്കാലയളവിൽ മോദി അഭിമുഖം നൽകുന്നുണ്ട്.
അഞ്ച്, ആറ് ഘട്ടങ്ങൾ
107 മണ്ഡലങ്ങളാണ് ഈ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എട്ട് സംസ്ഥാനങ്ങളിലായി 49 മണ്ഡലങ്ങൾ അഞ്ചാം ഘട്ടത്തിലും 58 മണ്ഡലങ്ങൾ ആറാം ഘട്ടത്തിലും. മെയ് 25നായിരുന്നു ആറാം ഘട്ട വോട്ടെടുപ്പ് നടന്നത്. നാലാം ഘട്ട വോട്ടെടുപ്പ് മുതൽ ആറാം ഘട്ട വോട്ടെടുപ്പിലേക്ക് ആകെയുണ്ടായിരുന്നത് 12 ദിവസം. ഈ കാലയളവിൽ മോദി നൽകിയത് 28 അഭിമുഖങ്ങൾ.
അതുവരെ കാര്യമായി ചിത്രത്തിലുണ്ടാകാതിരുന്ന ഒഡീഷയും (11/21) ഡൽഹിയും(7/7) ഹരിയാനയുമാണ് (10/10) ഈ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച പുതിയ സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളെ പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളെ (ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, യു.പി, ബംഗാൾ) പൊതുവെയും ലക്ഷ്യം വെച്ചുള്ള അഭിമുഖ നാടകങ്ങളാണ് ആ സമയത്ത് അരങ്ങേറിയത്. ഒ.ടി.വി (ഒഡീഷ ടെലിവിഷൻ) ന്യൂസിനും സമ്പദ് ദിനപത്രത്തിനും മോദി അഭിമുഖം നൽകിയത് ഈ ഘട്ടത്തിലാണ്. ഭുവനേശ്വർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒ.ടി.വി ന്യൂസ് ഒഡീഷയിൽ വലിയ പ്രചാരമുള്ള ന്യൂസ് ചാനലുകളിലൊന്നാണ്. സമ്പദ് ദിനപത്രത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. 2017ലെ ഇന്ത്യൻ റീഡർഷിപ്പ് സർവെ പ്രകാരം ഒഡീഷയിൽ രണ്ടാമതുള്ള പത്രത്തിനെ ബഹുദൂരം പിന്നിലാക്കി ഏറ്റവും കൂടുതൽ വായനക്കാരുമായി ഒന്നാമതാണ് സമ്പദ് ദിനപത്രത്തിന്റെ സ്ഥാനം. പ്രഭാത് ഖബർ ദിനപത്രത്തിനെയും ഈ ഘട്ടത്തിലാണ് മോദി അഭിമുഖത്തിനായി ക്ഷണിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സർക്കുലേഷനുള്ള ഈ ഹിന്ദി പത്രം ഒഡീഷയിലെ ചില ഭാഗങ്ങളിലും വിതരണം ചെയ്യപ്പെടുന്നുണ്ട്. ഈ നാല് സംസ്ഥാനങ്ങളും ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചവയാണ്. മഹാരാഷ്ട്രയിൽ ചില മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നതിനാൽ പുദാരി ദിനപത്രവും ഈ ഘട്ടത്തിൽ തന്നെയാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. മഹാരാഷ്ട്ര, ഗോവ, കർണാടക എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ജനപ്രിയ മറാത്തി ദിനപത്രമാണ് പുദാരി. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള മൂന്നാമത്തെ പത്രവും പുദാരിയാണ്.
ഡൽഹിയിൽ ആകെയുള്ള ഏഴ് മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ 28 മണ്ഡലങ്ങളിലുമെല്ലാം തെരഞ്ഞെടുപ്പ് നടന്നത് ഈ ഘട്ടങ്ങളിലാണ്. യു.പിയും ഡൽഹിയും തൂത്തുവാരണമെന്നതായിരുന്നല്ലോ ബി.ജെ.പി ലക്ഷ്യം. ഈ ലക്ഷ്യത്തിനെ സാധൂകരിക്കുന്ന രീതിയിലാണ് അഭിമുഖങ്ങൾ പി.ആർ ടീം ക്രമീകരിച്ചത്. ഏറ്റവും കൂടുതൽ ദേശീയ ചാനലുകൾ ലിസ്റ്റിൽ വരുന്നത് ഈ ഘട്ടത്തിലാണ്. മെയ് 14ന് വാരണാസിയിൽ പ്രചാരണം നടത്തുന്നതിനിടയിലാണ് ആജ്തക്, ഇന്ത്യാ ടി.വി, ന്യൂസ് 18 (18 സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്നു) എന്നിവയ്ക്ക് മോദി അഭിമുഖങ്ങൾ നൽകിയത്. ഇതിന് പുറമെ എ.ബി.പി ന്യൂസ്, ടി.വി 9 നെറ്റ്വർക്ക്, ആജ്തക്, എൻ.ഡി.ടി.വി, അമർ ഉജാല, ഡി.ഡി ന്യൂസ്, പി.ടി.ഐ, ഭാരത് 24, ന്യൂസ് 24, ന്യൂസ് എക്സ്, എക്കോണമിക്സ് ടൈംസ്, നവഭാരത് ടൈംസ്, പഞ്ചാബ് കേസരി (പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ എഡിഷനുകളുള്ള ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന പ്രമുഖ പത്രമാണ് പഞ്ചാബ് കേസരി), ദ ന്യൂ ഇന്ത്യൻ, ഇൻഡ്യാ ടി.വി, സ്റ്റേറ്റ്സ്മാൻ എന്നിവയെല്ലാം ഈ ഘട്ടത്തിൽ മോദി അഭിമുഖം നൽകിയവയാണ്. ന്യൂസ് 18, ഡി.ഡി ന്യൂസ്, ഇൻഡ്യാ ടി.വി എന്നീ ചാനലുകളെ ഒന്നിലേറെ തവണ ഈ ഘട്ടത്തിൽ തന്നെ അഭിമുഖത്തിനായി വിളിച്ചുവരുത്തുന്നുണ്ട്.
ഏഴാം ഘട്ടം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലായി 57 ലോക്സഭാ മണ്ഡലങ്ങളാണ് ബൂത്തിലേക്ക് എത്തിയത്. ആറാം ഘട്ടം മെയ് 25ന് കഴിഞ്ഞതിന് ശേഷം ഏഴാം ഘട്ടം നടന്ന ജൂൺ ഒന്നിലേക്ക് ഉണ്ടായിരുന്നത് കേവലം ആറ് ദിവസം മാത്രം. ഈ ആറ് ദിവസത്തിനിടയിൽ മാത്രം പ്രധാനമന്ത്രി നൽകിയത് 14 അഭിമുഖങ്ങൾ. മെയ് 27നും 28നും മാത്രം ആറ് വീതം അഭിമുഖങ്ങളാണ് മോദി നൽകിയത്. മറ്റു ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി പഞ്ചാബ് (13/13) തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത് ഈ ഘട്ടത്തിലാണ്. കർഷകർക്കിടയിലുണ്ടായിരുന്ന ശക്തമായ ബി.ജെ.പി വിരുദ്ധ വികാരവും ഇതുമൂലം പാർട്ടി സ്ഥാനാർഥികൾക്കും താരപ്രചാരകർക്കും കർഷകർ ഏർപ്പെടുത്തിയ വിലക്കും നമ്മൾ വായിച്ചതാണ്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ട് തന്നെ കുറച്ചധികം ശ്രദ്ധ പഞ്ചാബിന് നൽകിയിട്ടുമുണ്ട്. ദ ട്രൈബ്യൂൺ, ദൈനിക് ജാഗരൺ, പഞ്ചാബ് കേസരി, ജഗ്ബനി, ഹിന്ദ് സമാചാർ, അജിത് സമാചാർ എന്നിവയ്ക്കെല്ലാം ഒന്നു രണ്ട് ദിവസങ്ങൾക്കിടയിലാണ് മോദി മാരത്തൺ ഇന്റർവ്യൂ നൽകിയത്. ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഇന്ത്യൻ-ഇംഗ്ലീഷ് ദിനപത്രമാണ് ദ ട്രൈബ്യൂൺ. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഛണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിന് ഏറ്റവും കൂടുതൽ വായനക്കാരുള്ളത്. ജഗ്ബനിയും അജിത് സമാചാറും പഞ്ചാബി ഭാഷയിൽ പ്രസിദ്ധികരിക്കുന്ന പത്രമാണ്. ജലന്ധർ കേന്ദ്രീകരിച്ചാണ് അജിത് സമാചാർ പ്രവർത്തിക്കുന്നത്. മുംബൈയിൽ ഏറെ പ്രചാരമുള്ള ഉറുദു പത്രങ്ങളിലൊന്നാണ് ഹിന്ദ് സമാചാർ. പഞ്ചാബിലെ ജലന്ധർ, അമ്പാല എന്നിവിടങ്ങളിലും ഇത് പ്രിന്റ് ചെയ്യുന്നുണ്ട്. ആറാം ഘട്ടത്തിൽ പഞ്ചാബ് കേസരിക്ക് നൽകിയതുപോലെ ഏഴാം ഘട്ടത്തിന് മുമ്പ് വീണ്ടും പഞ്ചാബ് കേസരിയെ അഭിമുഖത്തിനായി മോദി ടീം വിളിച്ചുവരുത്തുന്നുണ്ട്. 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദൈനിക് ജാഗരൺ വിതരണം ചെയ്യപ്പെടുന്ന ഒരു സംസ്ഥാനം പഞ്ചാബാണ് എന്നതും ശ്രദ്ധേയം. ഈ മാധ്യമങ്ങൾക്കു പുറമെ നവോദയാ ടൈംസ്, എ.എൻ.ഐ, ന്യൂസ് നാഷൻ, എ.ബി.പി ന്യൂസ്, സി.എൻ.എൻ, റിപ്പബ്ലിക് ബംഗ്ല, ഓപൺ മാഗസിൻ, ഹിന്ദുസ്ഥാൻ എന്നിവയ്ക്കും ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുള്ള ആറ് ദിവസത്തിനിടയിൽ മോദി അഭിമുഖങ്ങൾ നൽകി. ഇതിൽ ഏറെ ശ്രദ്ധേയമായ ഒരു കാര്യം ദേശീയ, പ്രാദേശിക വാർത്താ ചാനലുകൾക്ക് പുറമെ നാൽപ്പതോളം ദിനപത്രങ്ങൾക്കും മോദി ഇക്കാലയളവിൽ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട് എന്നതാണ്. അതെല്ലാം ഏതെങ്കിലും വിധത്തിൽ വായനയിൽ മുന്നിൽ നിൽക്കുന്നവയുമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു വാർത്താസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അങ്ങനെയൊരാളാണ് 2024 തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള 60 ദിവസങ്ങൾക്കിടയിൽ മാത്രം 82 അഭിമുഖങ്ങൾ നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ നേരത്തെ നിശ്ചയിച്ച് തയ്യാറാക്കിയ പ്രചാരണ പരിപാടി എന്ന് മാത്രമേ ഈ മാരത്തൺ ഇന്റർവ്യൂകളെ വിശേഷിപ്പിക്കാനാകൂ. പ്രധാനമായും അതത് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈ അഭിമുഖങ്ങളിൽ ഒരു മാധ്യമപ്രവർത്തകർ പോലും ഉപചോദ്യങ്ങൾ ചോദിച്ചതായി കാണുന്നില്ല. കേന്ദ്ര സർക്കാർ മറുപടി പറയേണ്ട നിരവധി പ്രശ്നങ്ങൾ രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും അത്തരം ഒരു ചോദ്യം പോലും പ്രധാനമന്ത്രിയോട് ചോദിക്കാതെയാണ് ഈ അഭിമുഖങ്ങളെല്ലാം അവസാനിച്ചിട്ടുള്ളത്. നരേന്ദ്ര മോദിയുടെ വെബ് സൈറ്റ് ആയ narendramodi.in ൽ ഈ അഭിമുഖങ്ങളുടെ പൂർണ്ണമായ ഇംഗ്ലീഷ് ട്രാൻസ്ക്രിപ്ഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലൂടെ കടന്നുപോയാൽ ഈ അഭിമുഖങ്ങളുടെ നിലവാരമില്ലായ്മയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അത് എങ്ങനെയാണ് ബി.ജെ.പിക്ക് ഉപകാരപ്പെട്ടതെന്നും വ്യക്തമാകും. മോദിക്ക് മുന്നിൽ കൂപ്പുകൈകളോടെയിരുന്ന്, ആ ദീർഘഭാഷണം ശ്രദ്ധയോടെ കേൾക്കുന്ന മാധ്യമപ്രവർത്തകരെ മിക്ക അഭിമുഖങ്ങളിലും കാണാം. 'ഗോദി മീഡിയ'യുടെ വ്യാപ്തി രാജ്യത്ത് എത്രത്തോളം വർദ്ധിച്ചിട്ടുണ്ട് എന്ന് ഈ അഭിമുഖങ്ങൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമായി പരിഗണിക്കാവുന്ന ഈ 'പ്രചാരണ'ത്തിന് കൂട്ടുനിന്ന മാധ്യമങ്ങളുടെ നിലപാടും ചോദ്യംചെയ്യപ്പെടേണ്ടതാണ്.
മലയാളം മാധ്യമങ്ങൾക്ക് നരേന്ദ്ര മോദി നൽകിയ അഭിമുഖങ്ങളെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ നടത്തിയ പ്രതികരണം.