Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വിവിധങ്ങളായ ഉപയോഗവും, കുറഞ്ഞ വിലയും, ഭാരക്കുറവും, ദീർഘകാലം കേടുവരാതിരിക്കാനുള്ള ശേഷിയുമാണ് ഇരുപതാം നൂറ്റാണ്ടിലെ നിർണ്ണായക കണ്ടുപിടിത്തമായി പ്ലാസ്റ്റിക്കിനെ മാറ്റിത്തീർക്കുന്നത്. ഇതര മാലിന്യങ്ങളെപ്പോലെ മണ്ണിൽ വിഘടിച്ച് പോവില്ലെന്നതാണ് പ്ലാസ്റ്റിക്കിന്റെ പ്രത്യേകതയും പ്രശ്നവും. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് ശരിയായി സംസ്ക്കരിക്കാത്തത് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ്. കഴിഞ്ഞ വർഷം മാത്രം മനുഷ്യരാശി 500 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ടാകും. അതിൽ വലിയൊരു പങ്ക്, ഏകദേശം 400 ദശലക്ഷം ടൺ പ്ലാസ്റ്റിക്കും മാലിന്യമായി മാറിയിട്ടുണ്ടാവും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത മൈക്രോ, നാനോ പ്ലാസ്റ്റിക് കണങ്ങൾ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖം കൂടിയാണ്.
ജർമ്മൻ രസതന്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഷോൺബൈൻ പരീക്ഷണങ്ങൾക്കിടെ അവിചാരിതമായി സെല്ലുലോസ് നൈട്രേറ്റ് കണ്ടെത്തുന്നതോടെയാണ് മനുഷ്യനിർമ്മിത പ്ലാസ്റ്റിക്കുകളുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് ഹെൻറി ബേക്ക്ലാന്റ്, ബെക്കലൈറ്റ് എന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ചതോടെയാണ് പ്ലാസ്റ്റിക് യുഗത്തിന് തുടക്കം കുറിക്കുന്നത്. മോണോമറുകൾ കൂടിച്ചേർന്ന് രൂപപ്പെട്ട ഭീമൻ പോളിമർ തന്മാത്രകളാണ് പ്ലാസ്റ്റിക്. താപം, മർദ്ദം എന്നിവ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്കിനെ ഇഷ്ടമുള്ള രൂപത്തിലാക്കിമാറ്റാനാവും. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പ്ലാസ്റ്റിക് എന്ന പേര് രൂപം കൊണ്ടത്. എളുപ്പത്തിൽ രൂപപ്പെടുത്താൻ കഴിയുന്ന മൃദുവായ വസ്തു എന്നാണ് പ്ലാസ്റ്റിക്കിൻ്റെ അർത്ഥം.


മനുഷ്യരെക്കൊല്ലുന്ന പ്ലാസ്റ്റിക്
World Wildlife Fund എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘടനയുടെ പഠനം പറയുന്നത് ആഴ്ചയിൽ ഒരു സാധാരണ വ്യക്തി ഏകദേശം അഞ്ച് ഗ്രാം പ്ലാസ്റ്റിക് അകത്താക്കുന്നുണ്ട് എന്നാണ്. അഞ്ച് മില്ലിമീറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് ശകലങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. പ്ലാസ്റ്റിക്ക് വരുത്തുന്ന വിപത്തുകളെക്കുറിച്ച് അവബോധമുള്ളവർക്ക് പോലും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകളെക്കുറിച്ച് വലിയ ധാരണയില്ല. സൗന്ദര്യ വർദ്ധക വസ്തുക്കൾ, വസ്ത്രം, ഭക്ഷണ വസ്തുക്കൾ പൊതിഞ്ഞെത്തുന്ന പാക്കേജുകൾ എന്നിവയിൽ നിന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ആവാസ വ്യവസ്ഥയിലെത്തുന്നത്. മൈക്രോ പ്ലാസ്റ്റിക്കുകൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും രോഗാണുക്കൾക്ക് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള വാഹകരായി വർത്തിച്ച് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. നാം പുറന്തള്ളുന്ന പ്ലാസ്‌റ്റിക് നാം കഴിക്കുന്ന മത്സ്യങ്ങളിലൂടെയും ചെടികളിലൂടെയും നമ്മുടെ ശരീരത്തിലേക്ക് മൈക്രോ പ്ലാസ്റ്റിക്കുകളുടെ രൂപത്തിൽ പ്രവേശിക്കുകയും അത് പെരുമാറ്റ വൈകല്യങ്ങൾ, ശ്വാസംമുട്ടൽ തുടങ്ങി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. മണ്ണിലൂടെ അരിച്ചെത്തുന്ന പ്ലാസ്റ്റിക് പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ധാന്യങ്ങളിലുടെയും ക്രമേണ നമ്മുടെ ശരീരത്തിൽ തന്നെ എത്തിച്ചേരുന്നു. ശരീരത്തിലെത്തുന്ന അതിസൂക്ഷ്‌മ പ്ലാസ്‌റ്റിക് കണികകൾ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ശ്വാസകോശാർബുദത്തിന് വരെ കാരണമാകുകയും ചെയ്യും.


തലച്ചോറിൽ അടിഞ്ഞുകൂടുന്ന ഇവ ന്യൂറോ ട്രാൻസ്മിറ്റർ സന്തുലിതാവസ്ഥ ഉൾപ്പെടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
മൈക്രോ പ്ലാസ്റ്റിക് സമ്പർക്കങ്ങൾ ഡിഎൻഎ കേടുപാടുകൾ വരുത്തുമെന്നും പ്രത്യുത്പാദന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനങ്ങളുണ്ട്. പ്ലാസ്റ്റിക് തുറന്ന സ്ഥലങ്ങളിൽ കത്തിക്കുമ്പോൾ അപൂർണ്ണമായ ജ്വലനം വഴി ധാരാളം വിഷവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുകയും അത് ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യും. മാസം തികയാതെയുള്ള പ്രസവം, ചാപിള്ളയായി ജനിക്കൽ, ജനന വൈകല്യങ്ങൾ എന്നിവയുടെ സാധ്യത ഇത് വർദ്ധിപ്പിക്കുമെന്നും ആരോഗ്യമേഖലയിൽ നടന്ന പഠനങ്ങൾ പറയുന്നു. 2021-ൽ, മലിനമായ കുടിവെള്ളം, കടൽ വിഭവങ്ങൾ, കല്ലുപ്പ് എന്നിവയുമായി സമ്പർക്കത്തിലുള്ള മനുഷ്യകോശങ്ങളെക്കുറിച്ച് നടത്തിയ പഠനം മൈക്രോ പ്ലാസ്റ്റിക്സുമായി സമ്പർക്കത്തിൽ വന്ന കോശങ്ങൾക്ക് സൈറ്റോ ടോക്സിസിറ്റി (കോശങ്ങളുടെ മരണം), അലർജി പ്രതിപ്രവർത്തനങ്ങൾ, ടിഷ്യു നശീകരണം എന്നിവ സംഭവിച്ചതായി പ്രസ്താവിക്കുന്നുണ്ട്. പ്ലാസ്റ്റിക്കുകളുടെ ഈടുനിൽപ്പും വഴക്കവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവായ താലെറ്റ്സ് (Phthalates) മനുഷ്യൻ്റെ ഹൃദയ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട ഹൃദ്യരോഗങ്ങളാൽ 2018 ൽ മാത്രം അമ്പത്തഞ്ച് വയസ്സിനും അറുപത്തിനാല് വയസ്സിനുമിടയിലുള്ള ഒരു ലക്ഷത്തിലേറെ പേർ മരണപ്പെട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൃദയത്തെക്കൂടാതെ പ്രത്യുൽപാദന പ്രശ്നങ്ങൾ, ആസ്ത്മ, കുട്ടിക്കാലത്തെ അമിത വണ്ണം, കാൻസർ എന്നിവക്ക് താലെറ്റ്സ് കാരണമാകും. ഇത് പുരുഷന്മാരിൽ ബീജങ്ങളുടെ കൗണ്ട്, ടെസ്റ്റോസ്റ്റിറോൺ അളവ് എന്നിവ കുറയ്ക്കും.
പ്ലാസ്റ്റിക് കഴിച്ച് മരിക്കുന്ന ജീവികൾ
ഈയടുത്ത് തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് മരുതമലയിൽ മൃതിയടഞ്ഞ ആനയുടെ കുടലിൽ നിന്ന് പ്ലാസ്റ്റിക്ക് ബാഗ് കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ വനംവകുപ്പ് സംസ്ഥാനത്തെ വനങ്ങളെല്ലാം പരിശോധിച്ചപ്പോൾ ഒരു ദിവസം കൊണ്ട് മാത്രം ശേഖരിച്ചത് 54.5 ടൺ പ്ലാസ്റ്റിക്ക് മാലിന്യമായിരുന്നു. ശ്രീലങ്കയിലെ അമ്പാര ജില്ലയിൽ അറുപത് ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ വലിയ മാലിന്യക്കൂമ്പാരമുണ്ട്. ആനകൾ കൂട്ടമായി അത് ഭക്ഷിക്കാനെത്താറുണ്ടായിരുന്നു. അത് കഴിച്ച് ആനകൾ പരിസരത്ത് വെച്ച് തന്നെ മരണപ്പെടുന്നത് സാധാരണയാണവിടെ. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇരുപതോളം ആനകളാണ് ശ്രീലങ്കയിൽ മാത്രം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ച കാരണം മരണപ്പെട്ടതെന്ന് കണക്കുകൾ പറയുന്നു. കൊളറാഡോയിലെ ടെല്ലൂറൈഡിൽ ഒരു കരടി നടക്കാൻ പ്രയാസപ്പെടുകയും വായിൽ നിന്ന് നുര പൊന്തുകയും ചെയ്തതിന് കാരണം പ്ലാസ്റ്റിക് മാലിന്യ ഭോജനമായിരുന്നു. ഗത്യന്തരമില്ലാതെ വന്യജീവി ഉദ്യോഗസ്ഥർ അതിനെ ദയാവധം ചെയ്യുകയാണുണ്ടായത്. കരടി, പക്ഷികൾ, മറ്റ് കരയിലെ മൃഗങ്ങൾ പ്ലാസ്റ്റിക് പ്രശ്നം കാരണം ശ്വാസംമുട്ടിയോ പട്ടിണി കിടന്നോ മരിക്കാനുള്ള സാധ്യതയേറെയാണ്. ഈ മരണങ്ങൾ മനുഷ്യന്റെ കൈകളാൽ നേരിട്ട് സംഭവിക്കുന്നതല്ലെങ്കിൽപ്പോലും അവ മനുഷ്യന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയാണ്.
വംശനാശഭീഷണി നേരിടുന്ന നീലത്തിമിംഗലങ്ങൾ പ്രതിദിനം ഏകദേശം 10 ദശലക്ഷം മൈക്രോ പ്ലാസ്റ്റിക് കഷ്ണങ്ങൾ അകത്താക്കുന്നുണ്ടെന്നാണ് നേച്ചർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. സമുദ്രത്തിലെ 80 ശതമാനം പ്ലാസ്റ്റിക്കും കരയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തിക്കഴിഞ്ഞാൽ, അത് വളരെ സാവധാനത്തിൽ വിഘടിക്കുകയും മൈക്രോ പ്ലാസ്റ്റിക്സ് എന്നറിയപ്പെടുന്ന ചെറിയ കഷ്ണങ്ങളായി വിഘടിക്കുകയും ചെയ്യുന്നു. ഇത് സമുദ്ര ഭക്ഷ്യശൃംഖലയിൽ പ്രവേശിച്ച് സമുദ്രജീവികൾക്ക് ദോഷകരമായി മാറും. കടലിലെ മത്സ്യങ്ങൾ, കടലാമകൾ, കടൽപക്ഷികൾ തുടങ്ങിയവ അനക്കവും നിറവും മറ്റും കണ്ട് പ്ലാസ്റ്റിക്കിനെ തങ്ങളുടെ ഭക്ഷണമായ പ്ലാങ്ക്ടണാണെന്ന്
തെറ്റുധരിച്ച് കഴിക്കും. പ്ലാസ്റ്റിക് അകത്ത് കടക്കുമ്പോൾ മൃദുവായ കലകളെ മുറിക്കുകയും ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. വിഴുങ്ങുന്ന പ്ലാസ്റ്റിക്കുകൾ പലപ്പോഴും വളരെ വലുതായതിനാൽ ജീവികളുടെ ദഹനവ്യവസ്ഥയിലൂടെ അതിന് കടന്നുപോകാനാവില്ല, മാത്രമല്ല ആമാശയത്തിലെ ആസിഡുകൾക്ക് അവയെ വിഘടിപ്പിക്കാനുമാവില്ല. അനന്തരം പ്ലാസ്റ്റിക്കുകൾ ജീവികളുടെ വയറ്റിൽ അടിഞ്ഞുകൂടുകയും അവ ഭക്ഷണം കഴിക്കുന്നത് നിർത്തുകയും പട്ടിണി കിടക്കുകയും ചെയ്യും. അത് കാരണം പലപ്പോഴും ആന്തരക്ഷതങ്ങളും പോഷകമില്ലായ്മയും ഉണ്ടാവുകയും ആ ജീവികൾ വിശന്ന് ചത്തുപോവുകയും ചെയ്യുന്നു. പരിസ്ഥിതി മലിനീകരണം കാരണം ഓരോ വർഷവും ഒരുലക്ഷത്തിലേറെ സമുദ്ര ജീവികൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


പ്ലാസ്റ്റിക് മാലിന്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാക്കി മാറ്റുന്നത് നൂറ്റാണ്ടുകളോളം നീളുന്ന വിഘടന കാലമാണ്. പ്ലാസ്റ്റിക്കുകളിൽ വിഘാടനത്തിന് വർഷങ്ങൾ മുതൽ നൂറ്റാണ്ടുകൾ വരെയെടുക്കുന്നവയുണ്ട്. അത്രയും വർഷം ഇവ മണ്ണിൽ കിടന്ന് ജൈവഘടകങ്ങൾ മണ്ണിലേക്ക് ലയിച്ചുചേരുന്നതിനെ തടയുകയും സൂക്ഷ്മജീവികളുടെ പ്രവർത്തനത്തെ മന്ദിപ്പിക്കുകയുമെല്ലാം ചെയ്യും. പ്രതിവർഷം എൺപത് ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലെത്തുന്നത്. മിനിറ്റിൽ ഒരു ട്രക്ക് വീതം എന്നാണ് കണക്ക്. 2050 ആവുമ്പോൾ ഇത് മിനിറ്റിൽ നാല് ട്രക്ക് ആയി വർദ്ധിക്കും. 2050 ആകുമ്പോഴേക്കും കടലിൽ മത്സ്യങ്ങളെക്കാൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതായത് ഇരുപത്തഞ്ച് വർഷത്തിനുള്ളിൽ സമുദ്രങ്ങൾ കുപ്പത്തൊട്ടിയായി മാറുമെന്ന് ചുരുക്കം.
പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുക (Reduce), കഴിയുന്നത്ര പുനരുപയോഗം സാധ്യമാക്കുക (Reuse), പുന:ചംക്രമണം (Recycle) നടത്തി വീണ്ടും ഉത്പന്നങ്ങളാക്കി മാറ്റുക എന്നീ മൂന്ന് മാർഗ്ഗങ്ങളാണ് നിലവിൽ പ്ലാസ്റ്റിക് നിയന്ത്രണത്തിന് മുന്നിലുള്ളത്. ആകെ ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൻ്റെ ഒമ്പത് ശതമാനം മാത്രമാണ് നിലവിൽ പുനഃചംക്രമണം ചെയ്യപ്പെടുന്നത്. പുനരുപയോഗം അസാധ്യമായ പ്ലാസ്റ്റിക്കുകളെ പൂർണ്ണമായും ഒഴിവാക്കി പുനരുപയോഗം സാധ്യമായ പ്ലാസ്റ്റിക്കുകൾ മാത്രം ഉപയോഗിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മാലിന്യസംസ്കരണ പ്ലാൻറുകൾ ആരംഭിക്കുകയും മാലിന്യസംഭരണത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക. ഫോസിൽ ഇന്ധനങ്ങളുടെ ബൈ-പ്രോഡക്ടുകളിൽ നിന്നാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഒരേസമയം ആഗോളതാപനത്തിനും പ്ലാസ്റ്റിക് രൂപീകരണത്തിനും കാരണമാവുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ലഘൂകരിക്കാനും പ്ലാസ്റ്റിക്കിന് ബദൽ സൃഷ്ടിക്കാനും കഴിയുക എന്നത് മാത്രമാണ് ഈ വിപത്തിൽ നിന്നുള്ള രക്ഷ.

