മനുഷ്യവിരുദ്ധമല്ല എന്റെ കഥകൾ

2022ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് സാഹിത്യത്തെയും പരിസ്ഥിതിയെയും അതിജീവന സമരങ്ങളെയും കുറിച്ച് കേരളീയവുമായി സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിനാണ് ഓടക്കുഴൽ പുരസ്കാരം. ഓക്സിജൻ കിറ്റിനുവേണ്ടി മനുഷ്യർക്ക് ക്യൂ നിൽക്കേണ്ടിവരുന്ന കാലത്തെക്കുറിച്ച് 2015ൽ എഴുതിയ ‘പ്രാണവായു’ എന്ന കഥ ശ്വാസ സിലിണ്ടറുകൾക്കായി ഓടിക്കിതച്ച കോവിഡ് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള എഴുത്തുകാരുടെ ഉത്കണഠകൾ കത്തിച്ചുകളയേണ്ടതാണെന്ന് പറയുന്ന കാലത്ത് അംബികാസുതൻ മാഷുമായി ഒരു ദീർഘ സംഭാഷണം.

‘പ്രാണവായു’ എന്ന കഥാസമാഹാരത്തിന് ഓടക്കുഴൽ അവർഡ് ലഭിക്കുമ്പോൾ ഓക്സിജൻ കുപ്പികളും, ഓക്സിജൻ പാർലറുകളും നമുക്ക് അതിശയോക്തിയല്ലാതായി കഴിഞ്ഞിരിക്കുന്നു. അത് കേരളത്തിന്റെ കൂടി യാഥാർഥ്യമായിത്തീരും എന്ന് മാഷ് ഭയപ്പെടുന്നുണ്ടോ ?

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ ഞാൻ എഴുതിയിട്ടുള്ള നിരവധിയായ പരിസ്ഥിതി കഥകളിൽ നിന്നും നിന്നും തെരഞ്ഞെടുത്ത 12 കഥകളാണ് ‘പ്രാണവായു’ എന്ന സമാഹാരത്തിലുള്ളത്. 2015 ലാണ് പ്രാണവായു എന്ന കഥ എഴുതിയത്. ചങ്ങനാശ്ശേരി എസ്.എൻ കോളേജിൽ പരിസ്ഥിതിയും സാഹിത്യവും എന്ന ഒരു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന സമയത്ത് പെട്ടെന്ന് മനസ്സിലേക്ക് മിന്നൽ പോലെ വന്ന ഒരു ആശയം ഞാൻ അപ്പോൾ തന്നെ പറയുകയായിരുന്നു. പത്തുവർഷം മുമ്പ്, അതായത് 2015 ന് പത്തുവർഷം മുമ്പ് കടയിൽ പോയി വെള്ളം വാങ്ങണം എന്ന് പറഞ്ഞാൽ ആളുകൾ ചിരിക്കും. വെള്ളം ഇഷ്ടം പോലെ ഉണ്ട്, മലിനീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ ഇന്ന് ആരും ചിരിക്കാതെ കടകളിൽ പോയി കുപ്പിവെള്ളം വാങ്ങിക്കുന്നു. പത്തു വർഷം കഴിഞ്ഞാൽ ഇതുപോലെ ക്യൂ നിന്ന് ഓക്സിജൻ കുപ്പി വാങ്ങേണ്ടി വരുമോ എന്ന് പറഞ്ഞാൽ നിങ്ങൾ ചിരിക്കുമോ എന്നു ഞാൻ ചോദിച്ചുപോയി. പ്രസംഗം അവസാനിപ്പിച്ച് അതൊരു അസ്ഥാനത്തുള്ള ചോദ്യമായോ എന്ന ചിന്തയോടെ വല്ലാത്ത ഒരു അസ്വാസ്ഥ്യത്തോടെ ഞാൻ ഇരിക്കുകയാണ്. അങ്ങനെ ഒരു കാലം വരുമോ, ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്ന് അപ്പോൾ തോന്നുന്നുണ്ട്. കാരണം കഥ, മുൻകരുതലോ മുന്നറിയിപ്പോ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരിക്കലും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെയാണ് ഇങ്ങനെയുള്ള കഥകൾ ഞാൻ എഴുതിയിട്ടുള്ളത്. ഓടിക്കളിക്കുന്ന കുഞ്ഞിനോട് ശ്രദ്ധിക്ക് കാലുമുട്ടും, തലമുട്ടും എന്നൊക്കെ അമ്മ പറയും പോലെ. അതങ്ങനെ സംഭവിക്കാൻ വേണ്ടിയല്ല. ഈ കഥ എഴുതി കഴിഞ്ഞപ്പോഴും അങ്ങനെ സംഭവിക്കും എന്ന് തോന്നിയിട്ടില്. പലരും എന്നെ പരിഹസിക്കുകയും ചെയ്തു. ഏത് വെള്ളരിക്കാ പട്ടണത്തിലാണ് താങ്കൾ ജീവിക്കുന്നത്, ഓക്സിജൻ കിറ്റിനു വേണ്ടി ആളുകൾ ക്യൂ നിൽക്കുകയോ? പക്ഷെ മൂന്നാല് വർഷം കഴിഞ്ഞപ്പോഴേക്കും ദില്ലി മലിനീകരണ കാലത്ത്, ഓക്സിജൻ കിറ്റുകൾ കിട്ടാതെ വന്നപ്പോൾ പല ഫ്ലേവറുകളിൽ ഓക്സിജൻ കുപ്പികൾ ലഭ്യമാണ് എന്ന വാർത്തകൾ വന്നപ്പോൾ ഈ കഥ വൈറൽ ആവുകയും ചെയ്തു. സമകാലിക സംഭവങ്ങളോട് കോറിലേറ്റ് ചെയ്തുകൊണ്ട് വായനക്കാർ തന്നെയാണ് അത് വൈറലാക്കിയത്. പിന്നീട് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലും ഓക്സിജൻ പ്രശ്നം വന്നപ്പോൾ ഈ കഥ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ച് വായനക്കാർ തന്നെയാണ് അത് പ്രചരിപ്പിച്ചത്, അല്ലാതെ ഒരു എഴുത്തുകാരൻ വിചാരിച്ചാൽ കഥ വായിപ്പിക്കാൻ കഴിയുമോ. ആ സമയത്ത് ഈ കഥ വന്നുചേരാത്ത വാട്സാപ്പ് ഗ്രൂപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് പലരും പറഞ്ഞത്. ഇനിയൊരിക്കലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നാണ് എനിക്ക് പ്രാർത്ഥനയോടെ പറയാനുള്ളത്.

പ്രാണവായു
ഓക്സിജൻ കുപ്പികൾ

ഒരു സാഹിത്യകാരൻ എന്ന നിലക്ക് മാഷിന്റെ പ്രമേയങ്ങളിൽ മുഖ്യമായും പാരിസ്ഥിതികമായ വിഷയങ്ങൾ കടന്നുവരുന്നു. പ്രതിരോധത്തിന്റെ മാധ്യമമായി സാഹിത്യത്തെ ഉപയോഗപ്പെടുത്തുന്നത് സർഗാത്മക സാഹിത്യത്തെ പരിമിതിപ്പെടുത്തുന്നുണ്ടോ? പാരിസ്ഥിതികമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് കഥാകൃത്തുക്കളും കവികളും ഒക്കെയാണോ? ഇത്തരം ഒരു വിഷയം കൃത്യമായ വിവരങ്ങളോടെ അവതരിപ്പിക്കുവാൻ ലേഖനങ്ങളിലൂടെയും മറ്റും സാധ്യമാണ് എന്നിരിക്കെ മാഷ് എന്തുകൊണ്ട് സർഗാത്മക സാഹിത്യം തെരഞ്ഞെടുക്കുന്നു?

സർഗാത്മക സാഹിത്യത്തെ പ്രതിരോധത്തിന്റെ ഒരു വലിയ മാർഗമായി മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. പരിമിതി എന്ന ഒരു വിഷയം വരുന്നില്ലല്ലോ. ഇപ്പോൾ എൻഡോസൾഫാൻ വിഷയത്തിൽ ‘എൻമകജെ’ എന്ന നോവൽ എഴുതുമ്പോൾ അതിൽ ധാരാളം രാസ വിഷവുമായി ബന്ധപ്പെട്ട സയൻസും മറ്റു കാര്യങ്ങളുമൊക്കെ പറഞ്ഞിട്ടുണ്ട്. അത് വായനക്ക് തടസ്സമാകുമോ എന്ന് പോലും ഞാൻ ആശങ്കപ്പെട്ടിട്ടുണ്ട്. അങ്ങനെയല്ലല്ലോ സംഭവിച്ചത്. അതിന് കുറഞ്ഞ കാലംകൊണ്ട് 25 പതിപ്പുകൾ വന്നു.
പല ഭാഷകളിലേക്കും തർജ്ജമ വന്നു. അവിടെ ഒരു പരിമിതി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് കഥാകൃത്തുക്കൾ ആണോ കവികൾ ആണോ എന്ന് ചോദിച്ചാൽ അങ്ങനെയാണെങ്കിൽ നമ്മൾ കുഞ്ഞിരാമൻ നായരുടെയും ബഷീറിന്റെയും, മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാർ ഇവർ ആണെന്ന് കരുതുന്നു ഞാൻ, ഇവരുടെ രചനകൾ മുഴുവൻ റദ്ദുചെയ്യേണ്ടി വരില്ലെ? എഴുത്തുകാരന് സമൂഹത്തോട് വലിയ കടപ്പാടുണ്ട്. സമൂഹത്തിൽ സംഭവിക്കുകയും സംഭവിക്കാനിരിക്കുകയും ചെയ്യുന്ന അപകടങ്ങളെക്കുറിച്ച് ക്രാന്ത ദർശിത്വത്തോടെ മുൻകണ്ട് എഴുതിയവരാണ് നമ്മുടെ വലിയ എഴുത്തുകാർ. ആ വഴിയിൽ സഞ്ചരിക്കാൻ ആണ് ഞാൻ ശ്രമിച്ചിട്ടുള്ളത്, എന്റെ എളിയ നിലയിൽ. എന്തിന് ഇത്തരം വിഷയങ്ങൾ പറയാൻ സർഗാത്മക സാഹിത്യത്തെ തെരഞ്ഞെടുക്കുന്നു എന്ന് ചോദിച്ചാൽ, അത് വായനക്കാരിൽ കുറേക്കൂടി ശക്തമായും വൈകാരികമായും വായനക്കാരിൽ എത്തിക്കാൻ സർഗ്ഗാത്മക സാഹിത്യത്തിന് കഴിയും. ഇപ്പോൾ എഴുപതോളം ലേഖനങ്ങൾ എൻഡോസൾഫാൻ വിഷയത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. അതിൽ 33 ലേഖനങ്ങൾ സമാഹരിച്ച് ‘എൻഡോസൾഫാൻ നിലവിളികൾ അവസാനിക്കുന്നില്ല’ എന്ന പേരിൽ ഡി.സി ബുക്സ് ഒരു നാലഞ്ചു കൊല്ലം മുമ്പ് പുസ്തകമായി ഇറക്കിയിട്ടുണ്ട്. ആ ലേഖനങ്ങൾ നൽകാത്ത ഒരു ഇംപാക്ട് എൻമകജെ എന്ന നോവൽ നൽകിയിട്ടുണ്ട്. എൻമകജെ ഞാൻ എഴുതിയ നോവൽ അല്ല, എന്നെ എഴുതിച്ച നോവലാണ്. അതൊരു നോവൽ ആണ് എന്നുപോലും ഞാൻ പറയില്ല. അതൊരു നോവലാണ്, നൊന്തതിന്റെ കഥയാണ്.

എൻമകജെ

കാരണം ദന്തഗോപുരവാസിയായ ഒരു എഴുത്തുകാരനായിരുന്നില്ല ഞാൻ. ഞാൻ ഈ ദുരിതം ബാധിച്ച പത്ത് പന്ത്രണ്ട് ഗ്രാമങ്ങളിലൂടെ ഒരുപാടു തവണ അലഞ്ഞ ഒരു മനുഷ്യനാണ്. നൂറുകണക്കിന് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് നടയിൽ നടന്ന സമരങ്ങളിലെല്ലാം, ഇടതുപക്ഷം ഭരിക്കുമ്പോഴും വലതു പക്ഷം ഭരിക്കുമ്പോഴും നടന്ന സമരങ്ങളിലെല്ലാം അവിടെ ആ തറയിൽ ഇരുന്നിട്ടുണ്ട്. എനിക്ക് നേരിട്ട് അറിയാവുന്നതാണ് ഈ ദുരന്തം. ദുരന്ത ബാധിതരായ കുഞ്ഞുങ്ങളെ, കവിതയെ പോലെയുള്ള, സുജിത്തിനെ പോലെയുള്ള, കലേഷിനെ പോലെയുള്ള, ഫാത്തിമയെ പോലെയുള്ള, സിനാനെ പോലെയുള്ള, ശീലാവതിയെ പോലെയുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെ എനിക്ക് നേരിട്ട് അറിയാം. കുറെ കുഞ്ഞുങ്ങൾ മരിച്ചുപോയി. ഇപ്പോഴും അരജീവനുമായി ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ കുറേയുണ്ട്. ഇന്ന് രാവിലെ തന്നെ ഞാൻ രണ്ടു കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ വിളിക്കുകയുണ്ടായി. ഒരു കുഞ്ഞിന്റെ അമ്മയെയും, ഒരു കുഞ്ഞിന്റെ അച്ഛനെയും. രണ്ടുപേരും മംഗലാപുരത്തെ ചികിത്സ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും ട്യൂബിലൂടെ ആണ് അല്പം വെള്ളം കോരി കൊടുക്കുന്നത്. അങ്ങനെ മരിച്ചു പോകുന്ന കുഞ്ഞുങ്ങളെ കാണേണ്ടി വന്നിട്ടുണ്ട്. ശ്രീധരയുടെ മരണമൊക്കെ ഉണ്ടായ സമയത്ത് എനിക്കുണ്ടായ അസ്വാസ്ഥ്യം പറയാൻ പറ്റില്ല. എത്രയോ രാത്രികൾ എനിക്ക് ഉറങ്ങാൻ പറ്റാതെ വന്നിട്ടുണ്ട്. അതിൽനിന്നാണ് ‘എൻമകജെ’ എന്ന നോവൽ പിറക്കുന്നത്. അത് 2009 ൽ എഴുതി പ്രസിദ്ധീകരിച്ച ശേഷം വേണമെങ്കിൽ എനിക്ക് ആ വിഷയം മറക്കുകയും അടുത്ത നോവലിലേക്ക് കടക്കുകയും ചെയ്യാമായിരുന്നു. ആ നോവൽ എഴുതി പ്രഖ്യാപിച്ചത് ഇനി ഒരിക്കലും നോവൽ എഴുതില്ല എന്നാണ്. പത്തു വർഷം പിന്നെ ഞാൻ നോവലിലേക്ക് പോയില്ല. രണ്ടു വിഷയങ്ങൾ എഴുതാനുണ്ടായിരുന്നു, എന്നാലും ഞാൻ നോവലിലേക്ക് പോയില്ല. ഈ നോവൽ എഴുതിയതിന് പൈസ കിട്ടുകയാണെങ്കിൽ അതുമുഴുവൻ രോഗബാധിതർക്ക് കൊടുക്കും എന്ന് ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു. അതും എനിക്കു പാലിക്കാനായി.

ദുരിതബാധിതരായ ഈ സമൂഹത്തെ കണ്ടിട്ടുള്ള വലിയ അസ്വാസ്ഥ്യമാണ് എന്നെ നിരവധിയായ സമരങ്ങളിലേക്ക് നടത്തിക്കൊണ്ടിരുന്നത്. എൻമകജെ എന്ന നോവൽ എഴുതിയതിനു ശേഷം ആ ഗ്രാമത്തിൽ തന്നെ ഞാൻ നൂറിലേറെ തവണ പോയിട്ടുണ്ട്. അതുകൊണ്ട് അതെനിക്ക് ഒരു വിഷയം മാത്രമായിരുന്നില്ല. വലിയ വേവലാതി കൂടിയായിരുന്നു. ഈ കുഞ്ഞുങ്ങളുടെ അവസ്ഥ, ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാത്ത ഒരുപാട് കുടുംബങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ, 28 വയസ്സായ മകളെ അത്രകാലം നോക്കിയിട്ട് പിന്നെ തുടരാൻ കഴിയാതെ അവളെ ഞെക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുന്ന അമ്മയുടെ ജീവിതം. പറഞ്ഞാൽ തീരില്ല, അതിപ്പൊ പറയുന്നില്ല. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ 22 വർഷം കടന്നുപോയ ഒരാളാണ് ഞാൻ.

പ്രകൃതിയെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനില്ലെന്നും, പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടല്ലാതെ മനുഷ്യപുരോഗതിയും വികസനവും സാധ്യമല്ലെന്നും വിശ്വസിക്കുന്നവരും വാദിക്കുന്നവരും ഏറെയാണ്. എന്നാൽ തുടർച്ചയായ പ്രളയങ്ങളെ നമ്മൾ അഭിമുഖീകരിക്കുന്നു. എന്നിട്ടും കേരളം ഒരു പരിസ്ഥിതി സൗഹാർദ്ദ പ്രദേശമാണെന്ന് കാണിക്കുന്ന കണക്കുകൾ പുറത്തുവരുന്നു. യാഥാർഥ്യത്തിന്റെയും കണക്കുകളുടെയും ഈ വൈരുധ്യത്തെ മാഷ് എങ്ങനെയാണ് വിലയിരുത്തുന്നത് ?

പ്രകൃതിയെ ആശ്രയിച്ചുകൊണ്ടും ഉപജീവിച്ചുകൊണ്ടും തന്നെയാണ് മനുഷ്യൻ മുന്നോട്ടുപോകുന്നത്. ഈ ആശ്രയിക്കലിന് ഒരു പരിധിയുണ്ട്. വർഷങ്ങൾക്കു മുമ്പ് കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ രണ്ടു വരികൾ എനിക്ക് ഓർമ്മ വരുന്നു ‘ഒരു കളി പന്തോ പാവയോ ഭൂമി, അതിരുണ്ടവൾതൻ ക്ഷമയ്ക്കും’. കടമ്മനിട്ട ഇങ്ങനെ എഴുതുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് ഞങ്ങടെ ഉത്തരദേശത്തിലെ കാസർകോട് ജില്ലയിലുളള തെയ്യങ്ങളിൽ പ്രധാനപ്പെട്ട തെയ്യം, തൊണ്ടച്ചൻ തെയ്യം വയനാട്ടുകുലവൻ തെയ്യം എന്നും പറയും, ഈഴവ സമുദായത്തിലെ കുലദൈവം കൂടിയാണ് തൊണ്ടച്ചൻ തെയ്യം. ഈ തെയ്യം തന്റെ ഉരിയാട്ടത്തിൽ പറയുന്ന ഒരു വാക്യം ഉണ്ട്. അരിഞ്ഞു കുടിക്കല്ലേ… കറന്നു കുടിക്കേ… കറന്നു കുടിച്ചോളൂ, പക്ഷേ അരിഞ്ഞു കുടിക്കരുത്. പാൽ ഒന്നിച്ചു കിട്ടുമെന്ന് പറഞ്ഞു അരിഞ്ഞു കുടിച്ചാൽ എന്തായിരിക്കും സ്ഥിതി.

തൊണ്ടച്ചൻ തെയ്യം കടപ്പാട്: theyyamkerala.in

കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ നടക്കുന്ന അധികൃതമായിട്ടും അനധികൃതമായിട്ടുള്ള ഒരുപാട് ക്വാറികൾ ഇത്തരത്തിലുള്ള അരിഞ്ഞിടലുകളാണ്. ഗാന്ധി ഈ വിഷയം പറഞ്ഞിട്ടുണ്ട്, പ്രകൃതിയിൽ നമുക്ക് വേണ്ടതെല്ലാം ഉണ്ട് പക്ഷേ നമ്മുടെ അത്യാർത്തിക്കുള്ളതില്ല. ഇതുതന്നെയാണ് പരിസ്ഥിതി പ്രവർത്തകരും പറയുന്നത്. പ്രളയങ്ങൾ വരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. ആവർത്തിച്ചാവാർത്തിച്ച് പ്രളയങ്ങളും ചുഴലി കാറ്റുകളും ഉരുൾപൊട്ടലുകളും ഒക്കെ വരുമ്പോൾ ഈ പറയുന്ന ഡാറ്റകളും നിരത്തിവെച്ചാൽ എല്ലാം മുങ്ങി പോവുകയോ, ഒഴുകി പോവുകയോ ചെയ്യുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. ഡാറ്റകൾ ഒക്കെ നമുക്കറിയാം, പലപ്പോഴും മുതലാളിത്ത താൽപര്യങ്ങൾക്ക് വേണ്ടി കൃത്രിമമായിട്ട് നിർമ്മിക്കപ്പെടുന്ന കണക്കുകളാണവ.

സാഹിത്യത്തിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും വർഷങ്ങളായി എൻഡോസൾഫാൻ ദുരിതബാധിതർക്കായി മാഷ് ഇടപെടുന്നുണ്ടല്ലോ. ഈ പ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങൾ എന്തെല്ലാമാണ്? ഇന്നും പരിഹരിക്കപ്പെടാത്ത വെല്ലുവിളികൾ എന്തെല്ലാമാണ്?

പരിസ്ഥിതി അവബോധം കുട്ടിക്കാലം മുതൽ പലരീതികളിൽ എന്നിൽ തലപൊക്കിയതായി എനിക്ക് തോന്നിയിട്ടുണ്ട്. അതാദ്യം എഴുത്തിൽ കാര്യമായി പ്രത്യക്ഷപ്പെടുന്നത് കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് എഴുതിയ ‘കണ്ണ് രോഗം’ എന്ന കഥയിലൂടെയാണ്. മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ ആണ് 1986 ൽ ആ കഥ വരുന്നത്. കാര്യവട്ടം ക്യാമ്പസിൽ ഒരുപാട് ഏക്കർ സ്ഥലത്ത് അക്കേഷ്യ വളരുന്ന ഘട്ടമാണ്, അക്കേഷ്യ നടാൻ പാടില്ല എന്നും ഫലവൃക്ഷമാണ് നടേണ്ടതെന്നു പറയുന്ന ഈ കഥയാണ് 36 വർഷം മുൻപ് എഴുതിയത്. അവസാനം അങ്ങനെ വാദിക്കുന്ന ചെറുപ്പക്കാരനെ മുറിയിൽ പൂട്ടിയിട്ട സന്ദർഭത്തിൽ ഈ ചെറുപ്പക്കാരൻ കഥാന്ത്യത്തിൽ കാണുന്നത് അക്കേഷ്യ തൈകൾ കയറ്റിയ ലോറികൾ കേരളത്തിലെ നാടുകളിലേക്കും കാടുകളിലേക്കും പോകുന്ന കാഴ്ചയാണ്.

ഇന്ന് നമുക്കറിയാം കേരളത്തിലെ നാടുകളിലും കാടുകളിലും ഒക്കെ അക്കേഷ്യ നിറഞ്ഞിരിക്കുന്നു. മാത്രമല്ല ഈ അടുത്ത കാലത്ത്, ഇതേ കാര്യവട്ടം ക്യാമ്പസിൽ നമ്മുടെ മുഖ്യമന്ത്രി അകേഷ്യ നിർമാർജ്ജന യജ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യുകയുണ്ടായി. അക്കേഷ്യ മുഴുവൻ മുറിച്ചുമാറ്റി ഫലവൃക്ഷങ്ങൾ നടന്ന പദ്ധതിയാണിത്. ഈ കാര്യം തന്നെയാണ് 36 കൊല്ലം മുമ്പ് ഞാൻ കഥയിൽ പറഞ്ഞത്. അന്ന് എന്നെ ഒരുപാട് പേർ പരിഹസിച്ചു. കഥ വെറും കാല്പനിക വ്യാമോഹമാണ് എന്നൊക്കെ പരിഹസിക്കുന്നവർക്ക് ഈ ഒരു കഥ തന്നെ ഉത്തരം ആയിട്ട് പറയാൻ കഴിയും. ഇങ്ങനെയുള്ള കഥകൾ എഴുതുന്നത് ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി തന്നെയാണ്.

എൻഡോസൾഫാൻ വിഷയം വരുമ്പോൾ എഴുത്തിനെക്കാൾ പ്രകടമായി സമരരംഗത്ത് മറ്റുള്ളവരുടെ കൂടെ സഞ്ചരിച്ച ഒരാളാണ് ഞാൻ. നൂറുകണക്കിന് സമരങ്ങൾ സംഘടിപ്പിക്കാനും കൂടെനിക്കാനും സാധിച്ചിട്ടുണ്ട്. അത് ഈ പ്രദേശങ്ങളിലെ വളരെ പാവപ്പെട്ടവരായ മനുഷ്യർ അനുഭവിക്കുന്ന വേദനാജനകമായ പ്രശ്നങ്ങളെ നേരിട്ട് കണ്ടതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രതിഫലനങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സമരങ്ങൾ മാത്രമല്ല. ഒരുപാട് ആശ്വാസങ്ങളും ഇവർക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ധാരാളമുണ്ട്. നൂറുകണക്കിന് കുഞ്ഞുങ്ങൾ ഇപ്പോഴും അരജീവനും ആയിട്ട് കിടക്കുന്നുണ്ട്. അവർക്ക് മതിയായ ചികിത്സ കാസർഗോഡിൽ ലഭ്യമല്ല. 2013 തറക്കല്ലിട്ട മെഡിക്കൽ കോളേജ് പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ഒരു പ്രൈമറി ഹെൽത്ത് സെന്ററിലെ സൗകര്യങ്ങൾ മാത്രമെയുള്ളൂ. അതുകൊണ്ടാണ് എയിംസ് കാസർഗോഡിന് അനുവദിക്കണം എന്ന് പറഞ്ഞ് കുറെ സമരങ്ങൾ കാസർഗോഡും തിരവന്തപുരത്തും ഒക്കെ നടന്നത്. ആ എയിംസ് കോഴിക്കോടിന് നൽകും എന്നാണ് അറിയാൻ സാധിക്കുന്നത്. കോഴിക്കോട് മൂന്നു മെഡിക്കൽ കോളേജുകൾ ഉണ്ടെന്നും പത്തിലധികം സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ ഉണ്ടെന്നും നമുക്കറിയാം. എന്നാൽ കാസർഗോട് അങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നും ഇല്ല. വയ്യാത്ത കുഞ്ഞുങ്ങളെയും എടുത്തിട്ട് മംഗലാപുരത്തേക്കും കോഴിക്കോട്ടേക്കും ഒക്കെ വളരെ പാവപ്പെട്ട മനുഷ്യർ പരക്കം പായുന്നതിന്റെ അനുഭവങ്ങൾക്ക് ഒരുപാട് തവണ ദൃക്സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്.

എൻഡോസൾഫാൻ ബാധിതയായ കുഞ്ഞ്. കടപ്പാട്: cseindia.org

ഇന്നും ലിസ്റ്റിൽ പെടാത്ത കുഞ്ഞുങ്ങളുണ്ട്. പുനരധിവാസ ഗ്രാമം എന്നുള്ളത് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി നിൽക്കുന്നു. ബഡ് സ്കൂളുകളുടെ ശോചനീയാവസ്ഥ പലവിധത്തിൽ തുടരുന്നുണ്ട്. വിദഗ്ദ ചികിത്സ കിട്ടാതെ ഒരുപാട് കുഞ്ഞുങ്ങൾ മരിച്ചു പോയിട്ടുണ്ട്. അടുത്ത കാലത്ത് മരിച്ചുപോയ ശ്രീധര. എൻമകജെ ഗ്രാമത്തിന്റെ തൊട്ടടുത്ത അതിർത്തിയിലുള്ള പുത്തൂർ ടൗണിൽ നിന്നും ചികിത്സിച്ച് മടക്കി കൊണ്ടുവന്ന് വീട്ടിൽ കയറിട്ട് കിടത്തുകയായിരുന്നു. കുഞ്ഞ് എന്ന് പറഞ്ഞുകൂടാ, മുപ്പത്തഞ്ച് വയസ്സുണ്ട്. കിടപ്പിലാണ്, കൈകാലുകൾ വലിച്ച് ജനലിലും വാതിലിലും പിടിച്ചുകെട്ടിയിരിക്കുകയാണ്. കയറൊന്ന് അയഞ്ഞു പോയാൽ വേദനകൊണ്ട് നിലവിളിക്കും. അങ്ങനെ ഒരു കയറു ചികിത്സയാണ് ആ കുഞ്ഞിനു മരിക്കുന്ന സമയത്ത് കിട്ടിയത്. ഇങ്ങനെ വലിയ പ്രയാസങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഭരണകൂടത്തിന്റെ ഒരു വലിയ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്.

കാസർഗോഡ് ഇന്ന് മലയാള സാഹിത്യത്തിലും സിനിമയിലും എല്ലാം അടയാളപ്പെട്ടു കഴിഞ്ഞു. എന്നാൽ മാഷ് എഴുതിത്തുടങ്ങുന്ന കാലത്ത് സ്ഥിതി മറ്റൊന്നായിരുന്നല്ലോ. പി കുഞ്ഞിരാമൻ നായരെ പോലെ ഒരു മഹാകവിക്ക് ജന്മം നൽകിയ നാടാണ്. എങ്കിലും കാസർഗോഡിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെ സാഹിത്യത്തിൽ കൊണ്ടുവന്നതിൽ അംബികാസുതൻ മാഷ്ക്കാണ് വലിയ പങ്കുള്ളത്. ഇന്ന് കാസർഗോഡിന്റെ സാഹിത്യ പശ്ചാത്തലത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ എന്തെല്ലാമാണ് ?

കാസറഗോഡ് പിറന്ന കവിയാണെങ്കിലും പി കുഞ്ഞിരാമൻ നായർ, സമസ്തകേരളം പി.ഒ എന്നാണല്ലോ അറിയപ്പെട്ടത്. സമസ്തലോകത്തിന്റെയും കവിയായിത്തീരുന്ന പ്രമേയങ്ങളാണ് പി അവതരിപ്പിച്ചത് എന്ന് നമുക്കറിയാം. കാസർഗോഡിന്റെ പ്രാദേശിക വിഷയങ്ങളോ, പ്രാദേശിക ഭാഷയോ പി കുഞ്ഞിരാമൻ നായർ തന്റെ കൃതികളിൽ ആവിഷ്കരിച്ചിട്ടില്ല. തെയ്യമോ പൊലിയന്ത്രമോ അതുപോലുള്ള വിശേഷങ്ങളോ ഒന്നും പിയുടെ കൃതികളിൽ അങ്ങനെ വന്നിട്ടില്ല. കഥയിലും നോവലിലും 1960 കൾതൊട്ട് ബാലകൃഷ്ണൻ മാങ്ങാടാണ് കാസറഗോഡിന്റെ പ്രാദേശിക വിഷയങ്ങൾ ശക്തമായി ആദ്യം കൊണ്ടുവരുന്നത്.

ബാലകൃഷ്ണൻ മാങ്ങാട്

കാസർഗോഡിന്റെ നാട്ടുഭാഷ, ആധുനികരായ എഴുത്തുകാർ കത്തിനിൽക്കുന്ന സമയത്ത്, കാസറഗോഡ് ഭാഷ വളരെ നികൃഷ്ടമാണ്, നാലാള് കൂടുന്ന സമയത്ത് പറയാൻ പറ്റാത്ത ഭാഷയാണ് എന്നു കരുതിയിരുന്ന കാലം മുതൽ ബാലകൃഷ്ണൻ മാങ്ങാട് നാട്ടു പ്രമേയങ്ങളും ഭാഷയും സധൈര്യം ഉപയോഗിച്ചു. ആ ഒരു വഴിക്കാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാരെല്ലാം പിന്നീട് നടന്നത്. മലയാളത്തിൽ വളരെ ശക്തരായ കുറെ എഴുത്തുകാർ കാസർകോട് ജില്ലയിൽ നിന്നുണ്ട്. ഇപ്പോൾ പെട്ടെന്ന് പറയാൻ തോന്നുന്ന പുസ്തകം പ്രശാന്തിന്റെ ‘പൊനം’ എന്ന പുസ്തകമാണ്. അതിശക്തമായ നോവലാണ്. കാട് ഇങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ല മറ്റൊരു കൃതിയിലും. ഭാഷയും വളരെ ശക്തമായി വരുന്നു.

പൊനം കവർ

സിനിമയിലും നമുക്കറിയാം തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ പോയി കേസ് കൊട് പോലുള്ള സിനിമകളിൽ കാസർഗോഡ് ഭാഷ ശക്തമായി, ചേതോഹരമായി ആവിഷ്കരിക്കപ്പെട്ടത് നമ്മൾ കണ്ടിട്ടുണ്ട്.

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ നിശബ്ദമായ പങ്കുവഹിച്ചവരാണല്ലോ ആദിവാസി വിഭാഗങ്ങളും തീരദേശജനതയും. എന്നാൽ ഇവർ നേരിടുന്ന പാരിസ്ഥിതിക-അതിജീന പ്രശ്നങ്ങളെ അടയാളപ്പെടുത്താനും ചർച്ച ചെയ്യാനും മലയാളത്തിലെ പരിസ്ഥിതി സാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ടോ ?

കേരളത്തിലെ ആദിവാസി വിഭാഗങ്ങളും തീരദേശ ജനതയും അനുഭവിക്കുന്ന പാരിസ്ഥിതികമായ പ്രശ്നങ്ങൾ സാഹിത്യത്തിൽ വേണ്ടവിധത്തിൽ അടയാളപ്പെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സുകുമാരൻ ചാലിഗദ്ധയെയും, അശോകൻ മറയൂരിനെയും പോലെയുള്ള പുതിയ കവികൾ കാട് ജീവിതത്തെ ശക്തമായി അടയാളപ്പെടുത്തിയവരാണ്. ഡി അനിൽ കുമാറിനെ പോലെയുള്ള പുതിയ കവികൾ കടൽ ജീവിതത്തെ ശക്തമായി അവതരിപ്പിക്കുന്നുണ്ട്. സുഗതകുമാരിയെ പോലെയുള്ള കവികളുടെ പശ്ചിമഘട്ടം പോലെയുള്ള കവിതകളിൽ പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പി വത്സലയുടെ പല കൃതികളിലും, ചുവന്ന ചൂണ്ടുവിരൽ പോലെയുള്ള കഥകളിലുമൊക്കെ ഇതുപോലെ പാരിസ്ഥിതികമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കെ.ജെ ബേബിയുടെയും നാരായന്റെയുമൊക്കെ കൃതികളും ആദിവാസി ജീവിതങ്ങളെ ആവിഷ്കരിച്ചിട്ടുണ്ട്.

അശോകൻ മറയൂർ
സുകുമാരൻ ചാലിഗദ്ധ
ഡി അനിൽ കുമാർ

ഒരു അധ്യാപകൻ അല്ലെങ്കിൽ അക്കാദമിക്ക് എന്ന നിലയിലും മാഷിന്റെ പ്രവർത്തനങ്ങൾ പല നിലകളിൽ അടയാളപ്പെട്ടിട്ടുണ്ട്. മാഷ് എഡിറ്റ് ചെയ്ത പുസ്തകങ്ങളിലൂടെയും വിദ്യാർത്ഥികളിലൂടെയും അവരുടെ കോളേജ് മാഗസിനുകളിലൂടെയുമെല്ലാം. ഔദ്യോഗിക ജീവിതത്തിൽ നിന്നും മാഷ് വിരമിച്ചെങ്കിലും ഈ അക്കാദമിക്ക് പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കാൻ സാധ്യമാണോ ?

ഏതാണ്ട് മുപ്പത്തിമൂന്ന് വർഷം കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകൻ ആയിരുന്നു. 2019 ൽ അവിടെ നിന്നും പിരിഞ്ഞു. അവിടെ തുടക്കം മുതലേ സാഹിത്യവേദി എന്ന സംഘം രൂപീകരിക്കുകയും നിരവധി സാഹിത്യ പ്രവർത്തനങ്ങൾ നടത്തുകയും കാഞ്ഞങ്ങാട് കാവ്യോത്സവം പോലെയുള്ള, നാട്ടരങ്ങ് പാഠശാലകൾ പോലെയുള്ള ചെറുകഥാ ശില്പശാലകൾ, കവിതാ ശില്പശാലകൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടത്തിക്കൊണ്ട് കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു ക്യാമ്പസ് ആയി മാറിയിരുന്നു. സാഹിത്യവേദി കുറച്ചുകഴിഞ്ഞപ്പോൾ സാമൂഹ്യവേദി എന്ന നിലയിലേക്ക് മാറുകയും എൻഡോസൾഫാൻ വിരുദ്ധ സമരങ്ങളിൽ ഒക്കെ പങ്കെടുക്കുകയും ചെയ്തു. ഈ സാഹിത്യവേദിയുടെ കീഴിലാണ് എൻഡോസൾഫാൻ ഭവനപദ്ധതി രൂപീകരിച്ച് വീടുകൾ കെട്ടികൊടുത്തത്. അങ്ങനെ വിദ്യാർഥികളെ വലിയൊരു സാമൂഹിക ബോധത്തിലേക്ക് എത്തിക്കാൻ സാഹിത്യവേദിയിലൂടെ ശ്രമിച്ചിട്ടുണ്ട്. അതുപോലെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും, വിദ്യാർഥികൾ ഒരുമിച്ചിരുന്ന് നോവൽ എഴുതുക, അങ്ങനെയുള്ള സംരംഭങ്ങൾ, മലയാളത്തിലെ ആദ്യത്തെ നാട്ടു ഭാഷാനിഘണ്ടു 2003-04 കാലത്ത് ‘പൊഞ്ഞാറ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിർ’ എന്ന വളരെ ശ്രദ്ധേയമായ ഒരു കോളേജ് മാഗസിൻ ഞാൻ സ്റ്റാഫ് എഡിറ്റർ ആയി വന്നിരുന്നു.

പൊഞ്ഞാറ്

ആ കോളേജ് മാഗസിന്റെ പ്രധാനപ്പെട്ട ഭാഗം എൻഡോസൾഫാൻ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളും കണ്ടെത്തിയ നടുക്കുന്ന അനുഭവ സത്യങ്ങളും വിശദീകരിക്കുന്ന ഫീച്ചറുകളായിരുന്നു. അന്ന് വളരെ വ്യാപകമായി ഈ വിഷയം അച്ചടിയിൽ വന്നിട്ടില്ല. ആ സമയത്താണ് ഒരു കോളേജ് മാഗസിൻ അതു ചെയ്യാൻ ധൈര്യം കാണിച്ചത്. അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് വിരാമം വന്നിട്ടില്ല. കോളേജുമായി ബന്ധപ്പെട്ട് ചെറിയ രീതിയിൽ ഒക്കെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്.

ജപ്പാനീസ് വിശേഷങ്ങളുടെ പുസ്തകം ‘യോക്കോസോ’ എന്ന യാത്രാവിവരണത്തിൽ ജപ്പാനിലെ വനസംരക്ഷണത്തെ കുറിച്ചും മറ്റും മാഷ് വിശദീകരിക്കുന്നുണ്ടല്ലോ. എന്നാൽ വ്യാവസായികവത്കരണത്തിന്റെ പ്രത്യാഘാതമായി വൻതോതിൽ വായുമലിനീകരിക്കപ്പെട്ട, ഒരു അണുബോംബിന്റെ ദുരിതങ്ങളിലൂടെ കടന്നുപോയിട്ടും ആണവനിലയങ്ങളെ ആശ്രയിക്കുന്ന ഒരിടം കൂടിയാണല്ലോ ജപ്പാൻ. കോവിഡിനും എത്രയോ മുമ്പ് മാസ്ക് അവിടെ ഒരു ശീലമല്ലേ? ജപ്പാനെ ഒരു പരിസ്ഥിതി സൗഹൃദരാഷ്ട്രമെന്ന് വിശേഷിപ്പിക്കാനാവുമോ?

ആണവ വിസ്ഫോടനം ജപ്പാനെ വലിയ പാഠം പഠിപ്പിച്ചു. വലിയ മാറ്റമുണ്ടായി. വിശദമായി ഞാൻ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. സുനാമി കാലത്ത് ആണവ നിലയം തകർന്നിട്ടുണ്ടായ റേഡിയേഷൻ പ്രശ്നങ്ങളും മറ്റും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. പുസ്തകത്തിൽ ഞാൻ ഊന്നിയത് ജപ്പാനിൽ കണ്ടിട്ടുള്ള കുറെ കാര്യങ്ങളാണ്. അവരുടെ വിനയം ,ക്ഷമ, പെരുമാറ്റം, സത്യസന്ധത, അത് കുട്ടികാലത്ത് തന്നെ സ്കൂളുകളിലും വീടുകളിലും കുഞ്ഞുങ്ങളെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. ശബ്ദമലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലം ജപ്പാനാണ്. ഒരു സൈക്കിൾ പോലും ബെല്ലടിക്കില്ല. വാഹനങ്ങൾ ഹോൺ മുഴക്കുന്നത് കേട്ടിട്ടേയില്ല. തിങ്ങി നിറഞ്ഞ വാഹനങ്ങളിൽ പോലും മൊബൈൽ റിങ്ങ് ചെയ്യില്ല. ആ രീതിയിലാണ് കാര്യങ്ങൾ. അവിടെ സത്യസന്ധതയെ സംബന്ധിക്കുന്ന ഒരുപാട് കഥകൾ ഞാൻ കേട്ടു. ആ കാര്യങ്ങളാണ് ഞാൻ വിവരിച്ചത്.

യോക്കൊസോ കവർ

കോവിഡിന് തൊട്ടുമുമ്പാണ് ഞങ്ങൾ അവിടെ ചെന്നത്. അവിടെ പലരും മാസ്ക് ധരിച്ച് നടക്കുന്നത് കണ്ടിട്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു, എന്തുകൊണ്ടാണെന്ന്. അപ്പോൾ അവരിൽ പലരും പറഞ്ഞത് ജലദോഷം ഉള്ളവരോ മറ്റെന്തെങ്കിലും അസുഖമുള്ളവരൊ മറ്റുള്ളവർക്ക് വരാതിരിക്കാൻ വേണ്ടി എടുക്കുന്ന മുൻകരുതലാണ് എന്ന്. അവർ ഒരു ടോയ്ലറ്റ് ഉപയോഗിച്ചാൽ പോലും കഴുകി വൃത്തിയാക്കിയെ പോവുകയുള്ളൂ. നമ്മളെ പോലെയല്ല, അങ്ങനെ ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. അത് വളരെ വിശദമായി ഞാനീ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

പരിസ്ഥിതി പ്രവർത്തകർ നാഗരികതയ്ക്ക് എതിരാണോ? വ്യാവസായ പുരോഗതിയെ ഭയക്കുന്നുണ്ടോ? വ്യാവസായിക പുരോഗതിയിലൂടെ അല്ലാതെ ഇനി ഇവിടെ വാസം സാധ്യമാണോ? പരിസ്ഥിതി പ്രവർത്തകർ എന്തുകൊണ്ടാണ് വികസന വിരുദ്ധരാവുന്നത് ?

പരിസ്ഥിതി പ്രവർത്തകർ വികസനവിരുദ്ധരാണ് എന്നൊരു മുദ്രാവാക്യം തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് അങ്ങേയറ്റം തെറ്റാണ്. അടിസ്ഥാന വികസനങ്ങൾ എപ്പോഴും ആവശ്യമാണ്. അതിനെതിരെ പരിസ്ഥിതി പ്രവർത്തകർ സമരം ചെയ്യാറില്ല. ദേശീയപാത വികസനം നടക്കുന്നു. ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ചു മാറ്റപ്പെട്ടത്, നൂറുകണക്കിന് കുന്നുകളാണ് ഇടിച്ചുനിരത്തപ്പെട്ടത്. പക്ഷെ ഈ ദേശീയപാത വികസനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ സമരങ്ങൾ ഒന്നും നടത്തിയിട്ടില്ല. കീഴാറ്റൂർ സമരം എന്നു പറയുന്നത് വേറെ ഒരു സംഗതിയാണ്. ആ സമരത്തിൽ ഞാൻ നേരിട്ട് പങ്കെടുത്തിട്ടില്ല. വികസനത്തിന്റെ കാഴ്ചപ്പാടിൽ ഈ ഒരു ദേശീയപാത എന്നത് നമ്മുടെ അടിസ്ഥാന ആവശ്യമാണ്. ഏറ്റവും ഉപകാരപ്രദമായ ഒന്നാണ്, ആവശ്യമുള്ള ഒന്നാണ്. പരിസ്ഥിതി വിനാശം ഉണ്ടാകുന്നുണ്ടെങ്കിൽ പോലും മനുഷ്യന് ആത്യന്തികമായി ആവശ്യമുള്ള ഒന്നാണ്. അത് എതിർക്കപ്പെടേണ്ട ഒന്നല്ല. എന്നാൽ മറ്റൊരുദാഹരണം പറയാം, കാസർഗോട്ടെ എൻഡോസൾഫാൻ പ്രയോഗം. 12,000 ഏക്കർ പ്രദേശത്ത് കാട് വെട്ടിത്തെളിച്ചിട്ട് കശുമാവ് നട്ടിട്ട് 25 കൊല്ലത്തോളം എൻഡോസൾഫാൻ എന്ന മാരക രാസകീടനാശിനി തളിച്ച് ആയിരക്കണക്കിന് മനുഷ്യരെ നിത്യദുരിതത്തിലാക്കി. എൻഡോസൾഫാൻ എന്ന കീടനാശിനി പ്രയോഗം കൊണ്ട് എന്ത് ലാഭമാണ് സർക്കാർ ഉണ്ടാക്കിയത്? കശുവണ്ടി കൊടുത്തയച്ച് ഡോളർ നേടാം എന്ന സ്വപ്നം സഫലമായോ? എന്തു ലാഭം കിട്ടി? ഇത്രയും കാലം ഈ കശുമാവ് മുഴുവൻ വെട്ടിമാറ്റി റബ്ബർ നട്ടിട്ട് എന്ത് കിട്ടി? പ്ലാച്ചിമട പോലുള്ള വികസന സങ്കൽപ്പങ്ങൾ എന്തിനാണ്? വിഴിഞ്ഞം അടക്കമുള്ള പലയിടങ്ങളിൽ നിന്നും കുടിയിറക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റും അവസ്ഥ എന്താണ്? ഇതൊക്കെ ചോദിക്കുന്നത് വികസന വിരുദ്ധരാണ് എന്നു മുദ്രകുത്തുന്നത് ശരിയായ നടപടിയല്ല.

‘പരിസ്ഥിതി തീവ്രവാദികൾ’ എന്ന് ആക്ഷേപിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തകരെ മനുഷ്യവിരുദ്ധരായി മുദ്രകുത്തുന്ന തരത്തിലുള്ള, അപമാനവീകരിക്കുന്ന പദപ്രയോഗങ്ങളും പ്രകോപനപരമായ പരിഹാസങ്ങളും നിരുത്സാഹപ്പെടുത്തുകയോ, ആത്മവീര്യം കെടുത്തുകയോ ചെയ്തിട്ടുണ്ടോ ?

വീരാൻകുട്ടിക്കും, റഫീക്ക് അഹമ്മദിനും, മാധവൻ പുറച്ചേരിക്കും എനിക്കും ഒക്കെ എതിരായിട്ട് പരിഹാസങ്ങൾ മാത്രമല്ല, ഭീകരമായ തെറികൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. തെറിയെന്നുള്ളത് സംവാദത്തെ അസാധ്യമാക്കുന്ന ഒന്നാണ്, ജനാധിപത്യവിരുദ്ധമാണ്. പിന്നെ അവിടെ സംവാദത്തിന് സ്പേസ് ഇല്ല. സംവാദങ്ങൾ അവസാനിപ്പിക്കുന്ന ഒരു സ്ഥലത്തു നിന്നാണ് തെറി തുടങ്ങുന്നത്. യുക്തിഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റാതിരിക്കുമ്പോഴാണ് തെറികൾ വരുന്നത്. ആശയസംവാദങ്ങൾ ആവശ്യമാണ്. വീരാൻകുട്ടിയുടെ കവിതകളും മറ്റുള്ളവരുടെ രചനകളും ശക്തമായി ആർക്കും വിമർശിക്കാം, തള്ളിക്കളയാം. പക്ഷെ കത്തിച്ചതുകൊണ്ട് എന്ത് കാര്യം? വീരാൻകുട്ടിയുടെ കവിത വായിച്ചിട്ടാണ് കാട്ടിൽ നിന്നും മൃഗങ്ങൾ ഇറങ്ങി വന്ന് പാവപ്പെട്ട കർഷകരുടെ കൃഷി നശിപ്പിക്കുന്നതും ആളുകളെ കൊല്ലുന്നതും എന്നു തോന്നും വാസ്തവത്തിൽ ഇവരുടെ വാദമുഖം കേട്ടാൽ. മലയോര കർഷകർ അനുഭവിക്കുന്ന വലിയ പച്ചയായ യാഥാർത്ഥ്യങ്ങൾ ഉണ്ട്. അവർക്ക് സംരക്ഷണം കൊടുക്കേണ്ടത് കവികളാണോ, വനംവകുപ്പും സർക്കാരും അല്ലേ? കവികളുടെ മേൽ, എഴുത്തുകാരുടെ മേൽ കുറ്റം ചാർത്തിക്കൊണ്ട് പുസ്തകങ്ങൾ കത്തിക്കുന്നത് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിട്ടേ എനിക്ക് തോന്നുന്നുള്ളു.

വീരാൻകുട്ടി

ഇത് എഴുത്തുകാരുടെ ആത്മവീര്യം ഒന്നും കെടുത്തിക്കളയുന്നില്ല. അതേയളവിൽ തെറി പറയാൻ ശീലിച്ചിട്ടില്ലാത്തവരായതുകൊണ്ട് ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. എൻഡോസൾഫാൻ വിഷയത്തിൽ ഇടപെടുന്ന സമയത്ത് പലതവണ പോലീസ് കേസിൽ പെട്ടിട്ടുണ്ട്. ഹൈവേ പിക്കറ്റ് ചെയ്തതിനും കലക്ടറേറ്റ് വളഞ്ഞതിനുമൊക്കെ. പലപ്പോഴും ഭീഷണികൾ ഉണ്ടായിട്ടുണ്ട്. പക്ഷെ എൻഡോസൾഫാൻ വിരുദ്ധസമരം ഒരിക്കലും നിർത്തി പോയിട്ടില്ല . അതുകൊണ്ട് എഴുത്തുകാർ ഭയന്ന് പിന്മാറി പോയിട്ടൊന്നുമില്ല. പക്ഷേ ഈ തെറികൾ സംവാദത്തെ അസാധ്യമാക്കും.

എൻഡോസൾഫാൻ വിഷപ്രയോഗത്തിലൂടെയല്ല കാസർഗോഡെ കുട്ടികൾ അടക്കമുള്ളവർ രോഗബാധിതരായത് എന്ന് അഭിപ്രയപ്പെടന്നവരുണ്ട്. എൻഡോസൾഫാൻ പ്രയോഗിക്കപ്പെട്ട മറ്റിടങ്ങളിൽ ഒന്നും ഇത്തരത്തിൽ രോഗബാധയുണ്ടായിട്ടില്ല എന്ന് അവർ അവകാശപ്പെടുന്നു. എൻഡോസൾഫാൻ ഇരകൾക്കായി പ്രവർത്തിക്കുന്ന മാഷിന് ഈ വാദത്തോടുള്ള പ്രതികരണമെന്താണ്?

എൻഡോസൾഫാൻ എന്ന രാസവിഷം ജൈവവ്യവസ്ഥയെ ഏതൊക്കെ തരത്തിൽ ബാധിക്കുന്നു എന്നുള്ളതിന് ആയിരക്കണക്കിന് പഠനങ്ങൾ ലഭ്യമാണ്. 2011 ൽ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ‘എൻഡോസൾഫാൻ കേരള ഹിസ്റ്ററി’ എന്ന സർക്കാരിന്റെ പുസ്തകം പബ്ലിഷ് ചെയ്തിരുന്നു. ജനീവ ഉച്ചകോടി നടക്കുമ്പോൾ അദ്ദേഹം ഒരു ദിവസം സെക്രട്ടറിയേറ്റിന് മുമ്പിൽ റോഡിൽ ഉപവസിച്ചു. അന്നു ഞാൻ അവിടെ ചെന്നിരുന്നു. അദ്ദേഹം ആ പുസ്തകം പ്രകാശിപ്പിക്കുന്ന സമയത്ത് അത് ഏറ്റുവാങ്ങിയത് ഞാനാണ്. ആ പുസ്തകം എൻറെ കയ്യിൽ ഉണ്ട്. അതിൽ തന്നെ 200 ഓളം ലിങ്കുകൾ കൊടുത്തിട്ടുണ്ട്, എൻഡോസൾഫാൻ ശരീരത്തിന്റെ ഏതൊക്കെ വ്യവസ്ഥകളെ ബാധിക്കുന്ന എന്ന തരത്തിലുള്ള ശാസ്ത്രീയമായ പഠനങ്ങളുടെ ലിങ്കുകൾ. നൂറിലധികം രാജ്യങ്ങളിൽ എൻഡോസൾഫാൻ നിരോധിച്ചത് വെറുതെയാണോ. ലോകത്തിൽ പലയിടത്തും ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്, അതിന്റെ ധാരാളം റിപ്പോർട്ടുകൾ ലഭ്യമാണല്ലോ. വികസിത രാജ്യങ്ങളിൽ സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് തളിക്കുന്നതുകൊണ്ടും ജനങ്ങൾ തിങ്ങിപ്പാർക്കാത്ത സ്ഥലങ്ങളായതുകൊണ്ടും ദുരന്തങ്ങളുടെ അളവ് കുറവാണ്. എന്നാലും കുറേ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കാസറഗോഡ് ഇതൊന്നും പാലിക്കാതെ, ഒരിക്കലും തളിക്കാൻ പാടില്ലാത്ത വെള്ളക്കെട്ടുള്ള കാസർഗോട്ടെ 14 നദികളും നൂറുകണക്കിന് ഉപ നദികളും ഉള്ള ഒരു പ്രദേശത്ത്, ഇത്ര ഉയരത്തിൽ നിന്നു വേണം ഇന്ന സമയത്തു വേണം, കിണറുകളും ജലാശയങ്ങളും മൂടണം എന്നുള്ള എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് നടത്തിയതുകൊണ്ടാണ് കാസർഗോഡ് ഇത്രമാത്രം വിഷയം രൂക്ഷമായത്.

അംബികാസുതൻ മാങ്ങാട് എൻഡോസൾഫാൻ സമരത്തിൽ

കാസർഗോടിനോട് ചേർന്നുനിൽക്കുന്ന കർണാടക സംസ്ഥാനത്തിൽ, സൗത്ത് കർണ്ണാടകത്തിൽ 300 ഓളം വില്ലേജുകളിലുള്ള കശുമാവ് തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചിട്ടുണ്ട്. അവിടെ ഈ പ്രദേശത്ത് ഇതിനേക്കാൾ മാരകമായി രോഗം ബാധിക്കുകയും ആയിരക്കണക്കിനാളുകൾ നിത്യദുരിതത്തിലേക്ക് പോയിട്ടുമുണ്ട്. കൈകാലുകൾ വളരാത്ത, തലവലുതായ ഒരുപാട് കുഞ്ഞുങ്ങൾ. കസ്തൂർബാ മെഡിക്കൽ കോളേജിലെ ഡോക്ടർ രവീന്ദ്രനാഥ് ഷാൻബോഗ് എന്ന ഫാർമക്കോളജി അധ്യക്ഷൻ അദ്ദേഹം ഈ പ്രദേശങ്ങളിൽ പോയി നീണ്ട പഠനങ്ങൾ നടത്തി. അതിന്റെ റിപ്പോർട്ട് ഞാൻ കാസർഗോഡ് വച്ച് കണ്ടിരുന്നു. കാസർഗോഡിന്റെ തൊട്ടടുത്ത് കർണാടകത്തിലും ഇതേ ദുരന്തം ആവർത്തിച്ചിട്ടുണ്ട്. എന്നിട്ടാണ് പറയുന്നത് ലോകത്തിൽ വേറെ എവിടെയും ഇല്ല എന്ന്. കണക്കുകൾ കൊണ്ട് വന്നിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഡാറ്റ.. ഡാറ്റ എന്നു പറഞ്ഞിട്ട്. പക്ഷേ അനുഭവം എന്നു പറയുന്ന ഒരു വലിയ സത്യമുണ്ട്. ഈ വിഷം തളിക്കുന്ന സന്ദർഭത്തിൽ ധാരാളം ജീവജാലങ്ങൾ ചത്തു കിടക്കുന്നത് കണ്ടതിന്റെ റിപ്പോർട്ടുകൾ ധാരാളമുണ്ട്. അതുപോലെ ഒരു ജീവി തന്നെയാണ് മനുഷ്യൻ. മനുഷ്യനെ അത് ബാധിക്കില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ഡോ. രവീന്ദ്രനാഥ് ഷാൻബോഗ്, എൻഡോസൾഫാൻ വിഷമല്ല എന്നു പറയുന്നവരോട് പണ്ടേ പറഞ്ഞ ഒരു കാര്യമാണ് എനിക്കിപ്പോഴും പറയാനുള്ളത്. ‘എൻഡോസൾഫാൻ വിഷമല്ല എന്ന് പറയുന്നവർ തന്റെ ക്ലിനിക്കിലേക്ക് വരൂ കാസർഗോടെ ആളുകളുടെ രക്തത്തിലുള്ള അളവിൽ എൻഡോസൾഫാൻ ഞാൻ നിങ്ങളുടെ വീട്ടിലെ ആളുകൾക്ക് കുത്തിവെച്ച് തരാം. താമസിയാതെ വീട്ടിൽ റിസൾട്ട് ഉണ്ടാകും’ എന്ന് അദ്ദേഹം വെല്ലുവിളിച്ചിട്ടുണ്ട്.

ഡോ.രവീന്ദ്രനാഥ് ഷാൻബോഗ്

എൻഡോസൾഫാൻ വിഷമല്ല എന്ന് പറയുന്ന ഒരാളും പോയിട്ടില്ലല്ലോ ഇത്രകാലമായിട്ടും, 10 കൊല്ലമായിട്ടും. എൻഡോസൾഫാൻ വിഷമല്ലെങ്കിൽ രവീന്ദ്രനാഥ് ഷാൻബോഗിന്റെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാകുകയാണ് വേണ്ടത്.

വീരാൻകുട്ടി മാഷുടെ കവിതകൾ കത്തിച്ചവർ അംബികാസുതൻ മാങ്ങാടിന്റെ ഉൾപ്പെടെ പരിസ്ഥിതി സാഹിത്യം കത്തിക്കേണ്ടതാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. അംബേദ്ക്കർ മനുസ്മൃതി കത്തിച്ചതിനോട് പോലും ഇതിനെ താരതമ്യപ്പെടുത്തുന്നു. അഭിപ്രായ വ്യത്യാസം ഉള്ളവർക്ക് ആശയസംവാദം സാധ്യമാകാത്ത ഒരിടമായി കേരളം പരിണമിക്കുന്നത് മാഷെ ആശങ്കപ്പെടുത്തുന്നുണ്ടോ?

വീരാൻ കുട്ടിയുടെ കവിത കത്തിച്ചു എന്നുള്ളത് വീരാൻകുട്ടിയുടെ കവിതകൾ ധാരാളം വായിക്കാനുള്ള ഒരു സാധ്യത കൂടി തുറക്കുകയാണ് ചെയ്തത് എന്ന് കരുതുന്ന ഒരാളാണ് ഞാൻ. എന്റെ പുസ്തകം കത്തിച്ചു കഴിഞ്ഞാലും കൂടുതൽ ആളുകൾ എന്റെ കൃതികൾ വായിച്ചു നോക്കും. അങ്ങനെ നോക്കിയിട്ട് അവർ വിലയിരുത്തട്ടെ. കാമ്പില്ലാത്ത രചനകൾ ആണെങ്കിൽ കാലം തള്ളിക്കളയുമല്ലോ, കത്തിക്കണ്ട കാര്യമൊന്നുമില്ല. അതുകൊണ്ട് അതിൽ വലിയ ആശങ്കയൊന്നുമില്ല. പക്ഷെ ഇതിനെ അംബേദ്കർ മനുസ്മൃതി കത്തിച്ചതിനോട് ഒക്കെ ഉപമിക്കുന്നതു കേട്ടാൽ ചിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ. നൂറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽ തന്നെ ബൗദ്ധ-ജൈന വൈജ്ഞാനിക ഗ്രന്ഥങ്ങൾ ആയിരക്കണക്കിന് കത്തിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ഇത്തരം താളിയോലഗ്രന്ഥങ്ങൾ കത്തിക്കുന്നതിന് പ്രത്യേക അടുപ്പുണ്ടായിരുന്നു. അങ്ങനെ ഒരു കാലം കേരളത്തിലുണ്ടായിരുന്നു, ആ കാലം തിരിച്ചു വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയ പാർട്ടികൾ കൂടി ഉത്തരവാദിത്വമാണ്.

എനിക്ക് ഓർമ്മ വരുന്നത് 2013 ൽ ‘നീരാളിയൻ’ എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം എന്ന് പറയുന്നത് എം.എ ബേബി സഖാവിന്റെ ഒരു ഫോൺ വിളിയാണ്. അദ്ദേഹത്തിന് എന്നെ നേരിട്ട് അറിയാത്തതുകൊണ്ട് അദ്ദേഹം മാതൃഭൂമിയിൽ നിന്നും എന്റെ നമ്പർ സംഘടിപ്പിച്ചാണ് എന്നെ വിളിക്കുന്നത്. അദ്ദേഹമാണ് എന്ന് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. ഗ്ലോബൽ വാമിം​ഗിനെ കുറിച്ച് ഇന്ത്യൻ ഭാഷകളിൽ തന്നെ ഉണ്ടായ ആദ്യത്തെ കഥയാണിത്. അതേക്കുറിച്ച് ദീർഘമായി സംസാരിച്ചു. ഗംഭീര കഥയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകഴിഞ്ഞാണ് രണ്ടു മത്സ്യങ്ങൾ വരുന്നത് 2014 ൽ. രണ്ടു മത്സ്യങ്ങൾ വന്നപ്പോഴും അദ്ദേഹം എന്നെ വിളിച്ചു. വളരെ ഇഷ്ടപ്പെട്ട കഥയാണ് എന്ന് പറഞ്ഞു. അദ്ദേഹം എന്റെ രണ്ടുമൂന്ന് കഥകളുടെ പി.ഡി.എഫ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് വായിക്കാൻ കൊടുക്കാൻ വേണ്ടിയിട്ടാണ്. അങ്ങനെ ഞാൻ മൂന്നാല് കഥകളുടെ പി.ഡി.എഫ് അയച്ചു കൊടുത്തു. അതുപോലെ തന്നെ തോക്ക് എന്ന കഥ, പരിസ്ഥിതി കഥയാണ്. അതു വായിച്ചിട്ട് അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയി വിശ്വം എന്നെ വിളിച്ചത് ഓർക്കുന്നു. മികച്ച കഥയാണ് എന്ന് പറഞ്ഞത് ഓർമ്മയുണ്ട്. മാത്രമല്ല അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥ വായിച്ചതിനെ സംബന്ധിച്ച് ഒരു കത്തെഴുതി. ഇങ്ങനെ വളരെ അംഗീകരിക്കപ്പെട്ട കഥകൾ പെട്ടെന്നെങ്ങനെയാണ് മനുഷ്യവിരുദ്ധമാവുന്നത്. എന്റെ കഥകൾ ഒരിക്കലും മനുഷ്യവിരുദ്ധമല്ല. മനുഷ്യനുവേണ്ടി എഴുതപ്പെട്ട കഥകളാണ്. മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടി എഴുതപ്പെട്ട കഥകളാണ്. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ നിലനിൽക്കണം, ആമകളുടെ ആവാസവ്യവസ്ഥ നിലനിൽക്കണം എന്നൊക്കെ പറയുന്നത് അത് മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകൾ നിലനിൽക്കണം എന്ന് പറയാൻ വേണ്ടിയിട്ടാണ്. ഇതര ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നിലനിന്നാൽ മാത്രമേ മനുഷ്യനും നിലനിൽപ്പുള്ളൂ, അതു പറയാൻ വേണ്ടിയിട്ടാണ്.

നീരാളിയൻ
രണ്ടു മത്സ്യങ്ങൾ

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികൾ നമ്മൾ കൂടുതൽ അനുഭവിക്കാൻ പോകുന്നതേയുള്ളൂ. പുസ്തകങ്ങൾ കത്തിച്ചതുകൊണ്ട് കാര്യമൊന്നുമില്ല, ധാരാളം ആശയസംവാദങ്ങൾ നടക്കട്ടെ. വയനാട്ടു കുലവൻ മുതൽ സിയാറ്റിൻ മൂപ്പൻ ഇതേകാര്യം ആണല്ലോ പറയുന്നത്, ഈ ഭൂമി നമ്മുടേതല്ല നാം ഭൂമിയുടേതാണ്. ഈ ആശയമാണ് ഞാൻ എന്റെ എല്ലാ രചനകളിലും എഴുതുന്നത്. ഗാന്ധിയും, എംഗൽസും, മാർക്സും, ശ്രീനാരായണഗുരുവും, കുഞ്ഞിരാമൻ നായരും, ബഷീറും, സുഗതകുമാരിയും കടമ്മനിട്ടയും പോലെയുള്ള ഒരുപാട് പേർ, ഇവരൊക്കെ നട്ടുനനച്ചു വളർത്തിയ പരിസ്ഥിതി ബോധത്തിന്റെ തണലിലിരുന്നാണ് ഞാൻ എഴുതുന്നത്. അതുകൊണ്ട് എന്റെ പുസ്തകങ്ങളൊ വീരാൻകുട്ടിയുടെ പുസ്തകങ്ങളൊ കത്തിക്കുമ്പോൾ ഇവരുടെ പുസ്തകങ്ങളാണ് കത്തുക. ഇവരുടെ ആശയങ്ങൾക്കാണ് തീ പിടിക്കുക.

എഴുത്തിന്റെ അമ്പത് വർഷങ്ങൾ

അംബികാസുതൻ മാങ്ങാട് കടപ്പാട്: നബീൻ ഒടയഞ്ചാൽ

1974 ൽ കാസർഗോഡ് ടൗൺ യു.പി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആണ് ‘ജീവിതപ്രശ്നങ്ങൾ’ എന്ന ആദ്യത്തെ കഥ സ്കൂളിലെ കൈയെഴുത്തു മാസികയിൽ പ്രകാശനം ചെയുന്നത്. ആ വർഷം നോക്കിക്കഴിഞ്ഞാൽ ഇത് അംബികാസുതൻ മാങ്ങാടിന്റെ എഴുത്തിന്റെ അമ്പതാം വർഷമാണ്. ‘ജീവിതപ്രശ്നങ്ങൾ’ എന്ന ഈ കഥ പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പൊള്ളിയ ഒരു വിരൽ’ എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ‘തടവ്’ എന്ന കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നു. അതാണ് അച്ചടിച്ച ആദ്യ കഥ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 9, 2023 8:03 pm