കൊച്ചിന്‍ കാര്‍ണിവലിന് മുന്നോടിയായി നെറ്റ് വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയേറ്റര്‍ ആക്ടിവിസ്റ്റ്സ് കേരള അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തിനെതിരെ ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും, പൊലീസും കൈക്കൊണ്ട നിരോധന നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരായ രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിലും ശക്തമാകുന്നതിന് തെളിവായി മാറുന്നു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം സെക്രട്ടറി വി ശിവകുമാര്‍ കമ്മത്ത് നല്‍കിയ പരാതിയിലാണ് നാടകത്തിന്റെ തിരക്കഥ പരിശോധിച്ച ശേഷം നിരോധന ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഗവർണർ എന്ന പദവിയുമായി ഒരു ബന്ധവുമില്ലാത്ത, ജർമൻ എഴുത്തുകാരനായ ഫെഡറിക് ഷില്ലറുടെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ രചനയായിരുന്നിട്ടും ‘ഗവർണർ’ എന്ന വാക്ക് ഒഴിവാക്കിക്കൊണ്ട് നാടകം അവതരിപ്പിച്ചാൽ മതി എന്നായിരുന്നു ബി.ജെ.പിയുടെ പരാതിയെ തുടർന്ന് അധികാരികളുടെ നിർദേശം.
“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരള മന്ത്രിസഭയും കേരള ഗവര്‍ണറും തമ്മിലുള്ള നിലവിലെ പ്രശ്‌നങ്ങളും അതിനോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിവരുന്ന പ്രതിഷേധങ്ങളും താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. താങ്കള്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ കീഴില്‍ ഇത്തരത്തില്‍ കേരളത്തിന്റെ ഗവര്‍ണറെ അപമാനിച്ചുകൊണ്ടുള്ള പരിപാടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് വലിയ ഗൂഢാലോചന ആയാണ് ഞങ്ങള്‍ സംശയിക്കുന്നത്.” പരാതിക്കാരന്‍ ആരോപിക്കുന്നു.
നാടകം നടത്താന്‍ തീരുമാനിച്ച കൊച്ചിന്‍ കാര്‍ണിവലിന്റെ ചരിത്രവും രാജ്യവിരുദ്ധമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാര്‍ണിവലിനോടനുബന്ധിച്ച് രാജ്യവിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള പരിപാടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം അയച്ച കത്തില്‍ 2022 പുതുവര്‍ഷാഘോഷ സമയത്ത് പ്രധാനമന്ത്രിയുടെ മുഖഛായയില്‍ പാപ്പാഞ്ഞിയെ നിര്‍മ്മിച്ചതും പ്രശ്‌നങ്ങളെ തുടര്‍ന്ന് കാര്‍ണിവല്‍ കമ്മിറ്റി അത് ഒഴിവാക്കിയതും പരാമര്‍ശിച്ചിട്ടുണ്ട്. കമ്മിറ്റിയിലെ രാജ്യദ്രോഹികളുടെ ഇടപെടല്‍ ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഇതോടൊപ്പം, രാജ്യവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനായി കാര്‍ണിവലിനോടനുബന്ധിച്ച എല്ലാ പരിപാടികള്‍ക്കും മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഉള്ളടക്കം ഉള്‍പ്പെടെ ശ്രദ്ധിക്കാമെന്ന് കാര്‍ണിവല്‍ ചെയര്‍മാന്‍ ഉറപ്പ് നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
2023 ഡിസംബർ 29ന് ഫോര്‍ട്ട് കൊച്ചി പൊലീസ്, നാടകം അവതരിപ്പിക്കുന്ന നാടകസംഘമായ കാപ്പിരി കൊട്ടകയുടെ പ്രസിഡന്റ് പി.എ ബോസിന് അയച്ച അറിയിപ്പ് ഇങ്ങനെയാണ്, “ഗവര്‍ണറും തൊപ്പിയും എന്ന പേരിലുള്ള നാടകം ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികളെ അവഹേളിക്കുന്ന തരത്തില്‍ ഉള്ളതാണെന്ന് തോന്നുന്ന വിധത്തില്‍ ആയതിനാല്‍ ഈ നാടകം അവതരിപ്പിക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് താങ്കളെ തര്യപ്പെടുത്തുന്നു”. ‘ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികളെ അവഹേളിക്കുന്ന തരത്തില്‍ ഉള്ളതാണെന്ന് തോന്നുന്ന വിധത്തില്‍ ആയതിനാല്‍’ എന്നു പറയുന്നതല്ലാതെ ഈ നാടകം ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികളെ അവഹേളിക്കുന്നത് ആണ് എന്ന തീര്‍പ്പില്‍ പൊലീസും എത്തിയിട്ടില്ല. നാടകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയെ മുഖവിലയ്‌ക്കെടുക്കുക മാത്രമാണ് ചെയ്തത് എന്നാണിത് വ്യക്തമാക്കുന്നത്. എന്നാൽ ഈ നാടകത്തിന്റെ ഉള്ളടക്കത്തിന് പരാതിയുമായി ഒരു ബന്ധവുമില്ല. എന്താണ് ഉള്ളടക്കമെന്നും കൊച്ചിന്‍ കാര്‍ണിവലിന് ഈ നാടകം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും സംവിധായകന്‍ സുരേഷ് കൂവപ്പാടം വിശദമാക്കി.
“17ാം നൂറ്റാണ്ടില്‍ ഫ്രെഡറിക് ഷില്ലര്‍ എഴുതിയ ജര്‍മ്മന്‍ കൃതിയാണ് വില്യം ടെല്‍. ലൈബ്രറി അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ഞാന്‍. എന്റെ പ്രീഡിഗ്രി കാലഘട്ടത്തില്‍, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആ പുസ്തകം വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഈ തോന്നലില്‍ ഞാനതിന്റെ വണ്‍ലൈന്‍ ഉണ്ടാക്കി. പിന്നീട് അതില്‍ നിന്ന് മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകമുണ്ടാക്കി. അന്ന് കലോത്സവ നാടകമത്സരങ്ങളിലൊക്കെ അവതരിപ്പിക്കാനായി ഉണ്ടാക്കിയ സ്‌ക്രിപ്റ്റ് ആണ് ‘ഗവര്‍ണറും തൊപ്പിയും’. നാടക് എന്ന ഓള്‍ ഇന്ത്യ സംഘടനയുണ്ട്, അതിന് കൊച്ചിയില്‍ ഒരു ശാഖയുണ്ട്. അവരുടെ തന്നെ കാപ്പിരി കൊട്ടക എന്ന ട്രൂപ്പിന് വേണ്ടി ഈ നാടകം കളിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഈ നാടകം ഞാന്‍ സംവിധാനം ചെയ്തു. പതിനൊന്നോളം പേരുണ്ട് അതില്‍. തോപ്പുംപടി ചുള്ളിക്കല്‍ ആണ് ഈ നാടകം ആദ്യമായി കളിച്ചത്.
രണ്ടാമത്തെ സ്റ്റേജ് കാര്‍ണിവലുമായി ബന്ധപ്പെട്ട് കളിക്കാന്‍ അനുവാദം തന്നു. ഡിസംബർ 29ന് വൈകിട്ട് ആറരയ്ക്ക് കളിക്കാനായിരുന്നു പ്ലാന്‍. ഞങ്ങളിതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. പന്ത്രണ്ട് മണിയോടെയാണ് ഇങ്ങനെയൊരു പരാതി കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞ് സബ് കലക്ടര്‍ വിളിക്കുന്നത്. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. സബ് കലക്ടര്‍ ചോദിച്ചു, എന്താണ് ഈ ഗവര്‍ണറും തൊപ്പിയും? അതൊരു ജര്‍മ്മന്‍ കൃതിയാണ്, അതിന്റെ ചെറിയൊരു ഭാഗമെടുത്താണ് ഞങ്ങളീ നാടകം ചെയ്തത് എന്ന് പറഞ്ഞു. രാഷ്ട്രീയപരമായി പ്രശ്‌നമുണ്ട് അതുകൊണ്ട് അത് കളിക്കാന്‍ കഴിയില്ല എന്ന് സബ് കലക്ടര്‍ പറഞ്ഞു. ഗവര്‍ണറും തൊപ്പിയും എന്നുള്ള ടൈറ്റില്‍ മാറ്റണം, എന്നാല്‍ കളിക്കാം എന്ന് പറഞ്ഞു. നാടകത്തില്‍ എവിടെയെങ്കിലും ഗവര്‍ണര്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ എടുത്തു കളയണം. എന്നിട്ടുവേണം നിങ്ങളീ നാടകം കളിക്കാന്‍ ഇല്ലെങ്കില്‍ നിരോധിക്കും എന്നും പറഞ്ഞു. ഞങ്ങള്‍ പറ്റില്ല എന്ന് പറഞ്ഞു. ഇവിടെ തിരിച്ചുവന്ന് സംഘാടകരെ ഒക്കെ കണ്ടപ്പോള്‍ നമുക്ക് പ്രതിഷേധമായി ചെയ്യണം എന്ന് പറഞ്ഞു. നാടകം കളിക്കാന്‍ പറ്റില്ല കാരണം ഗവര്‍ണര്‍ എന്ന വാക്ക് അതിനകത്ത് ഒരുപാട് വരുന്നുണ്ട്. എന്നാൽ ഇവിടെ, കേരളവുമായോ ഇന്ത്യയുമായോ ഒരു ബന്ധവുമില്ലാത്ത നാടകമാണ് ഞാന്‍ എഴുതിയത്. ഇവിടത്തെ ഗവര്‍ണറുമായി ഒരു ബന്ധവുമില്ല, ഷില്ലറുടെ കൃതിയിലുള്ള കഥാപാത്രങ്ങളുടെ പേരാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇനിയൊരു പ്രശ്‌നം ഉണ്ടാവണ്ടല്ലോ എന്നോര്‍ത്ത് ഞങ്ങളാ നാടകം നിര്‍ത്തിവെച്ചു. നാടകം ഞങ്ങള്‍ എന്തായാലും കളിക്കും. നിരോധിച്ചവർ നാടകം കണ്ടിട്ടില്ല. പോരാത്തതിന് ഈ സ്‌ക്രിപ്റ്റ് ഞാന്‍ അവിടെ കൊണ്ടുപോയി കൊടുത്തിട്ട് അവരത് വായിച്ച് അതിനകത്ത് മാറ്റാനുള്ളത് അടിവരയിട്ടു. ഗവര്‍ണര്‍ എന്നതിന് താഴെ മുഴുവന്‍ അടിവരയിട്ടാണ് തന്നത്. ഞാന്‍ എഴുതിയിരിക്കുന്ന സ്‌ക്രിപ്റ്റില്‍ നിന്ന് ഈ പറയുന്ന കാര്യങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ പിന്നെ ആ സ്‌ക്രിപ്റ്റ് ഒന്നിനും കൊള്ളുകയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ശരിയല്ലല്ലോ.
യൂറോപ്പില്‍ ഈ നാടകം ഇപ്പോഴും കളിക്കുന്നുണ്ട്. ഓപറ ആയിരുന്നു അത്. ഈ നാടകത്തില്‍ ഇവിടുത്തെ വസ്ത്രങ്ങളൊന്നുമല്ല ഉപയോഗിച്ചിട്ടുള്ളത്. ഷേക്സ്പിയര്‍ നാടകത്തിലെ ചമയമാണ് നമ്മളിതില്‍ ഉപയോഗിച്ചിട്ടുള്ളത്. ജര്‍മനിയിലെ ഗവര്‍ണര്‍ അവിടെയുള്ള അടിമകളെ ദ്രോഹിച്ച്, പേടിപ്പിച്ച്, വല്ലാതെ ഭയപ്പെടുത്തിയാണ് കഴിയുന്നത്. ഇദ്ദേഹത്തെ ബഹുമാനിക്കുന്നത് പോലെ ഇദ്ദേഹത്തിന്റെ തൊപ്പിയെയും വണങ്ങണം. ഇദ്ദേഹം അവിടത്തെ ഒരു പട്ടണത്തില്‍ കൊണ്ടുപോയി ഇയാളുടെ തൊപ്പി അവിടെ തൂക്കിയിട്ടു. ഇത് ഗവര്‍ണറുടെ തൊപ്പിയാണ്, ഇതുവഴി പോകുന്നവര്‍ തൊപ്പിയെ വണങ്ങി വേണം പോകാന്‍ എന്ന്. ആ തൊപ്പിയെ വണങ്ങാത്തവരെ നിയോഗിച്ചിരിക്കുന്ന കാവല്‍ക്കാര്‍ പിടികൂടി ഗവര്‍ണറുടെ അടുക്കലെത്തിക്കും. ഗവര്‍ണര്‍ അതിനുള്ള കടുത്ത ശിക്ഷ കൊടുക്കും. ഇതിനെ എതിര്‍ത്തുകൊണ്ട് വില്യം ടെല്‍ എന്ന ആ സാധാരണക്കാരനായ മനുഷ്യന്‍ ഇതിനെതിരെ പ്രതികരിക്കുന്നു. അതിനാൽ അദ്ദേഹത്തെ വകവരുത്തുകയും ചെയ്യുന്നു. ഇതല്ലാതെ മറ്റൊന്നും ആ നാടകത്തില്‍ ഇല്ല. ഗവര്‍ണറും തൊപ്പിയും എന്ന വാക്ക് വന്നതാണ് പരാതി നല്‍കിയ ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്. ഈ നാടകം എന്തായാലും കളിക്കാന്‍ തന്നെയാണ് നാടക് തീരുമാനിച്ചിരിക്കുന്നതും കാപ്പിരി കൊട്ടക തീരുമാനിച്ചിരിക്കുന്നതും.” സുരേഷ് കൂവപ്പാടം പറയുന്നു.
“നാടക് സംഘടനയുടെ കൊച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാപ്പിരി കൊട്ടക തയ്യാറാക്കിയ നാടകമാണ് ഗവര്‍ണറും തൊപ്പിയും. ഈ നാടകത്തില്‍ ഗവര്‍ണര്‍ എന്ന വാക്കുള്ളതിനാല്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് ആര്‍ഡിഓ നിരോധന ഉത്തരവ് നല്‍കിയത്. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി ഡിസംബര്‍ 29ന് പള്ളത്ത് രാമന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കാന്‍ ഇരിക്കവേയാണ് അന്നേദിവസം രാവിലെ സൂചന നോട്ടീസുകള്‍ ഒന്നുമില്ലാതെ, നാടകം കാണാതെ, കിട്ടിയ പരാതിയെ വസ്തുതാപരമായി പരിശോധിക്കുക പോലും ചെയ്യാതെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നാടകത്തെ നിരോധിച്ചത്.” നാടക് സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 31ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരിനെയോ മറ്റ് ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവരെയോ പരാമര്‍ശിക്കുന്ന തരത്തിലുള്ളതോ, അനുകരണമോ, വേഷവിധാനങ്ങളോ, സംസാരരീതിയോ നാടകത്തില്‍ ഒരിടത്തും ഉണ്ടാകുവാന്‍ പാടില്ല എന്നാണ് ആര്‍.ഡി.ഒ പുറപ്പെടുവിച്ച നിരോധന നോട്ടീസ് പറയുന്നത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും നാടക് സംഘടന വിലയിരുത്തി. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിന്നുകൊണ്ട് നാടകത്തെയും കലയെയും ഒട്ടും മനസ്സിലാക്കാതെ തന്റെ അധികാരം ഉപയോഗിച്ച് ഫാസിസ്റ്റ് തീരുമാനം അടിച്ചേല്‍പിച്ച സബ് കലക്ടറുടെ നടപടി ജനാധിപത്യവിരുദ്ധവും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(എ)യുടെ നഗ്നമായ ലംഘനവും ആണ്. ജര്‍മന്‍ നാടകകൃത്ത് ഫ്രെഡറിക് ഷില്ലർ 1804ല്‍ എഴുതിയ വില്യം ടെല്‍ എന്ന നാടകത്തിന്റെ മലയാള അവതരണമാണ് ഈ നാടകം എന്ന യാഥാര്‍ത്ഥ്യം പോലും തിരിച്ചറിയാതെ കേരള ഗവര്‍ണറുടെ സമകാലിക രാഷ്ട്രീയ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ നാടകം നിരോധിക്കാന്‍ ആര്‍.ഡി.ഒ കാണിച്ച ധൃതി രാഷ്ട്രീയ വിധേയത്വം മാത്രമാണെന്നും നാടക് പറയുന്നു.
നാടകം എല്ലാ കാലത്തും സാമൂഹ്യ അസമത്വത്തിനും അനീതിക്കും എതിരെ തുറന്ന പോരാട്ടം നടത്തുന്ന കലാമാധ്യമം ആയതുകൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ നാടകം നിരോധിക്കാം എന്ന തോന്നല്‍ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് സംഘടന. “നാടകത്തിനും നാടക പ്രവര്‍ത്തകര്‍ക്കും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ അവതരണ സ്വാതന്ത്ര്യം ഉണ്ടായേ മതിയാകു. അതിന് വേണ്ടി നിലകൊള്ളുക എന്നത് നാടക പ്രവര്‍ത്തകരുടെയും നാടിന്റെയും ഉത്തരവാദിത്തമാണ്. അത് നാടക കലയുടെ അതിജീവനം കൂടിയാണ്.” നാടകം നിരോധിച്ച ആര്‍.ഡി.ഒയുടെ അധികാര ദുര്‍വിനിയോഗത്തെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ നാടക് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ജെ ശൈലജയും പ്രസിഡന്റ് രഘൂത്തമനും വിശദമാക്കി.