ജീവിതാനുഭവങ്ങൾ പ്രതിരോധമായി പൊറാട്ട്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പൊറാട്ട് നാടകം, അല്ലെങ്കിൽ പൊറാട്ടുകളി കേരളത്തിലെ പാലക്കാട് ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളിൽ ഉദ്ഭവിച്ച ഒരു ജനകീയ ആക്ഷേപഹാസ്യ നാടകകലാരൂപമാണ്. ഏകദേശം നൂറ്റിയെഴുപത് വർഷങ്ങൾക്ക് മുൻപ്, ചരിത്രപരമായി ‘അസ്പൃശ്യർ’ എന്ന് മുദ്രകുത്തപ്പെട്ട പാണർ സമൂഹം രൂപപ്പെടുത്തിയ ഈ കലാരൂപം, ചെറുമ, ചക്കിലിയാർ, കുറവർ, മണ്ണാൻ, മണ്ണാത്തി, തൊട്ടിയൻ, ചക്കിലിച്ചി തുടങ്ങി അയിത്തം കല്പിക്കപ്പെട്ട സമൂഹങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളെയാണ് വേദിയിലേക്കെത്തിക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശം നിഷേധിക്കപ്പെട്ട ഒരു ജനത, അവരുടെ ഭാഷയിലൂടെയും, ജീവിതാനുഭവങ്ങളിലൂടെയും പരിഹാസവും പാട്ടും ചേർത്ത് സൃഷ്ടിച്ച ഒരു സാംസ്കാരിക പ്രതിരോധമായാണ് പൊറാട്ടിനെ വായിക്കേണ്ടത്. ഈ അർത്ഥത്തിൽ, സാധാരണ മനുഷ്യരുടെ ഭാഷയും ശരീരചേഷ്ടയും അനുഭവലോകവും തന്നെയാണ് പൊറാട്ട് നാടകത്തിന്റെ ആത്മാവ്.

ക്ഷേത്രപരിസരങ്ങളിലേക്കും അവിടെ നിലനിന്നിരുന്ന കലാപ്രവർത്തനങ്ങളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾ, ക്ഷേത്രത്തിന് പുറത്തുള്ള ഇടങ്ങളിലായിരുന്നു സ്വന്തം കലാരൂപങ്ങൾ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നത്. ‘പുറം’ (പുറത്ത്) എന്നതും ‘ആട്ടം/കളി’ എന്നതും ചേർന്നാണ് ‘പൊറാട്ട്’ എന്ന ആശയം രൂപപ്പെടുന്നത്. ക്ഷേത്രപരിസരങ്ങളിൽ നിന്ന് പുറത്താക്കി നിർത്തപ്പെട്ടതിനാൽ ‘പുറംജനം’ എന്ന നിലയിൽ തിരിച്ചറിയപ്പെട്ട ഒരു സമൂഹത്തിന്റെ പ്രകടനമായാണ് പൊറാട്ട് ഉദ്ഭവിക്കുന്നത്; സാധാരണയായി ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ, ക്ഷേത്രത്തിന് പുറത്തുള്ള കാവുകളിലും തുറസ്സായ ഇടങ്ങളിലുമാണ് ഈ കലാരൂപം അരങ്ങേറുന്നത്.

നാടകശൈലിയിലും അവതരണഘടനയിലും, പൊറാട്ട് നാടകം തമിഴ് ജനകീയ നാടകപാരമ്പര്യങ്ങളായ തെരുക്കൂത്തുമായി അടുത്ത ബന്ധം പുലർത്തുന്നു. വേദി നിർമ്മിതി, സംഗീതസംഘടന, പാട്ടും സംഭാഷണവും തമ്മിലുള്ള ഇടകലർച്ച, സാറ്റിറിക്കൽ അവതരണം എന്നിവയിൽ ഇരുകലാരൂപങ്ങളും സാമ്യമുള്ളവയാണ്. പ്രത്യേകിച്ച്, പൊറാട്ടിലെ ‘ചോദ്യക്കാരൻ’ എന്ന കഥാപാത്രത്തിനും തെരുക്കൂത്തിലെ ‘കട്ടിയക്കാരൻ’ എന്ന കഥാപാത്രത്തിനും ഉള്ള സ്ഥാനസാമ്യം ശ്രദ്ധേയമാണ്. സമൂഹത്തോട് ചോദ്യങ്ങൾ ഉയർത്തുകയും അധികാരങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന ഈ കഥാപാത്രങ്ങൾ , സംസാരിക്കാനുള്ള അവകാശം നിയന്ത്രിക്കപ്പെടുന്ന സാമൂഹിക സാഹചര്യങ്ങളിൽ, ആരാണ് സംസാരിക്കേണ്ടത് എന്നും എന്താണ് പറയാൻ കഴിയുന്നത് എന്നും ചോദ്യം ചെയ്യുന്ന ജനകീയ വിമർശനത്തിന്റെ ശബ്ദമാണ്.

പൊറാട്ട് നാടകം. കടപ്പാട്:fb

മണ്ണൂർ ചന്ദ്രൻ എന്ന പ്രശസ്ത പൊറാട്ട് കലാകാൻ പങ്കുവെക്കുന്ന വാചികചരിത്രങ്ങൾ പരിശോധിച്ചാൽ, പൊറാട്ടിന്റെ ഉദ്ഭവത്തെക്കുറിച്ച് ഔദ്യോഗിക രേഖകളിൽ ഇടം ലഭിക്കാത്ത ഒരു സാമൂഹിക ഓർമ്മയെ മുന്നോട്ടുകൊണ്ടുവരുന്നതായി കാണാം. തലമുറകളിലൂടെ വായ്മൊഴിയായി കൈമാറപ്പെട്ട ഈ കഥകളിൽ, പൊറാട്ട് പാണർ സമൂഹത്തിന്റെ കലാരൂപമായിത്തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്, പാലക്കാട് ജില്ലയിലെ കുഴൽമന്ദം പല്ലഞ്ചാത്തന്നൂർ നിന്നുള്ള രണ്ട് പാണർ രാരുവും കന്നിയും മുള വെട്ടാൻ കാട്ടിലേക്ക് പോകുന്നതോടെയാണ് ഈ കഥ ആരംഭിക്കുന്നത്. രാത്രിയായതോടെ കാട്ടുമൃഗങ്ങൾ സഞ്ചരിക്കാൻ തുടങ്ങി, രക്ഷപ്പെടാനുള്ള മാർഗമായി അവിടെ കിടന്നിരുന്ന ഉണക്കവെറുക് ഉപയോഗിച്ച് കല്ലിടിച്ച് തീ കൊളുത്തുകയും, (‘പൊലപ്പു കത്തിക്കൽ’ എന്നറിയപ്പെടുന്ന ഈ പ്രവൃത്തി പിന്നീട് ആചാരസ്മരണയായി നിലനിൽക്കുകയും ചെയ്യുന്നു). തുടർന്ന്, കന്നി ഒരു വള്ളിയെടുത്ത് നൃത്തം ചെയ്യുകയും, അർദ്ധരാത്രിയിലെ പാട്ടും കൊട്ടും കേട്ട് കാട്ടുമൃഗങ്ങൾ പോലും നൃത്തത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തതായി വായ്മൊഴി പറയുന്നു. അന്നവർ, “കാട്ടാനാ ഒരു കരടീ… പുലിയേ ഒരു ചെന്നായേ …ആ കൂട്ടങ്ങളെ …” എന്ന് പാടി സ്തുതിച്ചപ്പോൾ മൃഗങ്ങളുടെ കൂട്ടത്തിനിടയിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടതായും, ഇനി ഈ കാട്ടിലേക്ക് വരേണ്ടതില്ലെന്നും, കല്ലും കരുവും മണ്ണും മറയും ഉള്ളേടത്ത് ഇതാവർത്തിച്ചാൽ ഈ ആട്ടത്തിലൂടെ ഭക്ഷണം ലഭിക്കുമെന്നും സ്ത്രീ അനുഗ്രഹം നൽകിയതായും കഥയുണ്ട്. ഈ വായ്മൊഴി, പൊറാട്ടിന്റെ തുടക്കം ദൈവിക ആജ്ഞയിലോ എഴുത്ത് പുരാണങ്ങളിലോ അല്ല, മറിച്ച് ശബ്ദം, ശരീരം, പ്രകൃതി, അതിജീവനം എന്നിവ ചേർന്ന അനുഭവലോകത്തിലാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു. മണ്ണൂർ പ്രദേശത്തെ കാവുകളിൽ അരങ്ങേറുന്ന പൊറാട്ട് ഏഴുവട്ടം കളി, പഞ്ചനാടകം, ഭാരതം കഥ, പാങ്കളി, വള്ളിയാർത്തെ കളി, പെൺകളി വട്ടം തുടങ്ങിയ പേരുകളിൽ ഈ വായ്മൊഴി പാരമ്പര്യത്തിന്റെ തുടർച്ചകളായി ഇന്നും നിലനിൽക്കുന്നു. കാലക്രമേണ, ആദ്യം കാട്ടിൽ അതിജീവനത്തിനായി രൂപപ്പെട്ട ഈ ശബ്ദ നൃത്തരൂപം പുലർച്ചെ വരെ നീളുന്ന ഒരു പൊറാട്ട് കളിയായി രൂപം കൊണ്ടു. ഡോ. ബി.ആർ അംബേദ്‌കർ വ്യക്തമാക്കിയതുപോലെ, മതവും ആരാധനയും സാമൂഹിക അധികാരത്തിന്റെ ഭാഗമാകുമ്പോൾ, ചില ദൈവസങ്കൽപ്പങ്ങൾ ‘അനുമതിയില്ലാത്തവ’യായി മാറ്റപ്പെടുകയും, അവയെ ആരാധിച്ച ജനതകൾ ഒരേസമയം സമൂഹത്തിന്റെ അതിരുകളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. പൊറാട്ടിൽ സ്തുതിക്കപ്പെടുന്ന കാളി, കൂളി, മൂക്കൻ ചാത്തൻ തുടങ്ങിയ പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ, അത്തരമൊരു അധികാരക്രമത്തിന് പുറത്തുനിന്നുള്ള ആത്മീയ ലോകങ്ങളുടെയും സാമൂഹിക ഓർമ്മകളുടെയും പ്രതിനിധികളാണ്.

മണ്ണൂർ ചന്ദ്രൻ

പൊറാട്ടുകളി പല ‘പൊറാട്ടുകൾ’ ചേർന്നാണ് രൂപപ്പെടുന്നത്. ഓരോ അവർണ്ണ സമൂഹത്തിനും പ്രത്യേകം പൊറാട്ടുകൾ ഉണ്ട്; ഇവ ചേർന്നാണ് ഒരു പൂർണ പ്രകടനം. സാധാരണയായി പത്ത് മുതൽ പതിനൊന്ന് വരെ പൊറാട്ടുകൾ ഉൾക്കൊള്ളുന്ന ഒരു അവതരണത്തിൽ, ഓരോ ഭാഗവും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളും. എന്നാൽ, എഴുതി നിശ്ചയിച്ച സ്ക്രിപ്റ്റുകളോ കർശന നിയമങ്ങളോ ഇല്ലാത്ത ഈ കലാരൂപം, കലാകാരന്റെ തത്സമയ സൃഷ്ടിപരമായ കഴിവിനെയും സാമൂഹ്യബോധത്തെയും ആശ്രയിച്ചാണ് വികസിക്കുന്നത്. അതിനാൽ, ഒരു പൊറാട്ട് മണിക്കൂറുകളോളം നീളുകയും, പ്രകടനങ്ങൾ രാത്രി മുഴുവൻ പുലർച്ചെ വരെ തുടരുകയും ചെയ്യാറുണ്ട്. പൊറാട്ടിന്റെ ഉള്ളടക്കം മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. സ്വന്തം ഭൂമിയല്ലാത്ത വയലുകളിൽ പകലും രാത്രിയും വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരും, ചെറുതായ വരുമാനത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരുമായ മനുഷ്യരുടെ അനുഭവങ്ങളാണ് ഇതിന്റെ ആധാരം. ദാരിദ്ര്യം, തൊഴിലിടങ്ങളിലെ അനീതി, കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ, വേർപാടുകളും പുനഃസംഗമങ്ങളും ഇവയെല്ലാം പരിഹാസത്തിന്റെ ഭാഷയിൽ, എന്നാൽ കടുത്ത യാഥാർത്ഥ്യബോധത്തോടെ, വേദിയിൽ അവതരിപ്പിക്കപ്പെടുന്നു. മുഖ്യധാരാ ചരിത്രത്തിലും പുരാണങ്ങളിലും ഇടം ലഭിക്കാത്ത മനുഷ്യരുടെ ജീവിതകഥകളാണ് ഇവിടെ വേദിയിലേക്കെത്തുന്നത്. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ, സാമൂഹിക മാറ്റങ്ങൾ, കുടിയേറ്റം, തൊഴിലില്ലായ്മ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയും പൊറാട്ടിന്റെ ഉള്ളടക്കമാകുന്നു. മലമ്പുഴ അണക്കെട്ടിന്റെ നിർമ്മാണകാലത്ത് അതുമായി ബന്ധപ്പെട്ട പാട്ടുകൾ പൊറാട്ടിൽ ഉൾപ്പെടുത്തിയതായും, 2018–19 ലെ പ്രളയകാലത്തെ അനുഭവങ്ങൾ വേദിയിൽ അവതരിപ്പിച്ചതായും പൊറാട്ടു കലാകാരനായ കൃഷ്ണൻ പങ്കുവെക്കുന്നുണ്ട്. ഇതുവഴി, പൊറാട്ട് ഒരു പാരമ്പര്യകല മാത്രമല്ല, കാലത്തോടൊപ്പം മാറി പ്രതികരിക്കുന്ന ഒരു കലാരൂപമാണെന്നും വ്യക്തമാക്കുന്നു.

പൊറാട്ടിലെ കഥകൾ പലപ്പോഴും തൊഴിലാളി സമൂഹങ്ങളെ ചുറ്റിപ്പറ്റിയാണ്. മണ്ണാൻ, മണ്ണാത്തി, ചെറുമൻ,ചെറുമി, ചക്കിലിയൻ ചക്കിലിച്ചി, തൊട്ടിയൻ, തൊട്ടിച്ചി തുടങ്ങിയ അവതരണങ്ങൾ ഓരോ സമൂഹത്തിന്റെയും തൊഴിൽ, അപമാനം, പ്രതിരോധം എന്നിവയെ അവതരിപ്പിക്കുന്നു. ദേവദാസികൾ തഞ്ചാവൂരിൽ നിന്ന് എത്തുന്നവരായി, പൂക്കാരികൾ തിരുപ്പത്തൂരിൽ നിന്ന് വരുന്നവരായി, ചക്കിലിയാർ ശിവകാശിയിൽ നിന്ന് ജോലി തേടി കുടിയേറിയവരായി അവതരിപ്പിക്കപ്പെടുന്നു. ഈ കുടിയേറ്റ കഥാപാത്രങ്ങളിലൂടെ, കേരളവും തമിഴ്നാടും പങ്കിടുന്ന മറക്കപ്പെട്ട ചരിത്രബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും പൊറാട്ട് തുറന്നുകാട്ടുന്നു. പൊറാട്ടിലെ ഓരോ കഥാപാത്രവും സ്വന്തം സമൂഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ ഉത്ഭവകഥകൾ, തൊഴിൽ, ദൈനംദിന പ്രതിസന്ധികൾ, വിശപ്പും അപമാനവും അതിജീവനവും.

പൊറാട്ട് നാടകം. കടപ്പാട്:avittamvinod.

പൊറാട്ടിലെ സംഭാഷണങ്ങൾ പലപ്പോഴും പാളികളുള്ളവയാണ്; പുറമേ ലളിതമായോ നർമ്മപൂർണമായോ തോന്നുന്ന വാക്കുകൾക്കുള്ളിൽ തന്നെ അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അനുഭവങ്ങളെ ദ്വിതീയാർത്ഥങ്ങളിലൂടെയും സൂചനകളിലൂടെയും പ്രകടമാക്കുന്ന ഒരു പ്രതിരോധഭാഷ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അവതരണങ്ങളിലും കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന ‘ചോദ്യക്കാരൻ’ എന്ന കഥാപാത്രം, സമൂഹത്തോട് ചോദ്യങ്ങൾ ഉയർത്തിയും പരിഹാസത്തിലൂടെ സത്യങ്ങൾ തുറന്നുകാട്ടിയും, പൊറാട്ട് നാടകത്തിന്റെ വിമർശനാത്മക സ്വഭാവത്തെ ശക്തിപ്പെടുത്തുന്നു.

പൊറാട്ടിലെ ഏറ്റവും ശക്തമായ പ്രതിരോധ നിമിഷങ്ങളിലൊന്ന് ചക്കിലിയൻ, ചക്കിലിച്ചി പൊറാട്ടിലൂടെയാണ് രൂപപ്പെടുന്നത്. ചെരുപ്പ് തുന്നുന്ന തൊഴിൽ ചെയ്യുന്നതിനാലും മാംസാഹാരം ഭക്ഷിക്കുന്നതിനാലും ‘അയിത്തക്കാരൻ’ എന്ന് മുദ്രകുത്തപ്പെട്ട ചക്കിലിയന്റെ ജീവിതമാണ് ഇവിടെ വേദിയിലേക്കെത്തുന്നത്. മണ്ണൂർ ചന്ദ്രൻ ആശാൻ വ്യക്തമാക്കുന്നത് അനുസരിച്ച്, ഈ പൊറാട്ടിലെ ഒരു നിർണായക സംഭാഷണം ചോദ്യക്കാരനും ചക്കിലിയനും തമ്മിലാണ് നടക്കുന്നത്.

“നീ ചത്ത മാട്, പുളത്ത മാട് തിങ്കപ്പെട്ട ചക്കിലിയാൻ അല്ലവ ? അതക്ക് താനേ അയിത്തം ഇറുക്കുത്” (ചത്ത മാടിന്റെയും പുലത്ത മാടിന്റെയും ഇറച്ചി തിന്നുന്ന ചക്കിലിയനല്ലേ നീ, അതുകൊണ്ടല്ലേ അയിത്തം?)

എന്ന ചോദ്യത്തിലൂടെയാണ് സാമൂഹിക വിവേചനത്തിന്റെ പച്ചയായ യാഥാർഥ്യത്തെ വേദിയിൽ തുറന്നുകാണിക്കുന്ന ചോദ്യക്കാരൻ വേദിയിലേക്ക് എത്തുന്നത്. ചക്കിലിയൻ അതിന് നേരിട്ട് മറുപടി നൽകുന്നു:

“മാട്ടുക്ക് എന്ന സാമി അയിത്തം ഇരുക്ക് ?
നീങ്ക പാലൈ കുടിക്കിരത്, നാങ്ക പിണത്തെ തിങ്കിരത്
അത്ക്ക് എന്ന സാമി അയിത്തം ഇറുക്കുത് …”

തുടർന്ന് ‘തീണ്ടൽ’ എന്ന ആശയം തന്നെ ചോദ്യം ചെയ്യുന്ന വരികൾ എത്തുന്നു:

“തീണ്ടൽ, തീണ്ടൽ ….
തീണ്ടിയാൽ കറുക്കുമോ, വെളുക്കുമോ, ചുവക്കുമോ?
തീണ്ടലുടെ വിവരം അത് ചൊല്ലിത്തര വേണമേ.”

ഇവിടെ ചക്കിലിയൻ ഉന്നയിക്കുന്നത്, അയിത്തം മനുഷ്യർക്ക് മാത്രമേ ബാധകമാകുന്നുള്ളൂ എന്ന വൈരുദ്ധ്യമാണ്. മാടിന്റെ ഇറച്ചി തിന്നുന്നവൻ അയിത്തക്കാരനാകുമ്പോൾ, അതേ മാടിന്റെ തോൽ, കൊമ്പ്, അസ്ഥി എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വാദ്യോപകരണങ്ങളും പാത്രങ്ങളും പരിശുദ്ധമായി കണക്കാക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന സംഭാഷങ്ങൾ തുടർന്ന് ഉയരുന്നു.

“നാൻ തിങ്‌ങ്കും മാടല്ലോ തമ്പുരാനേ,
അന്ത ബ്രഹ്മദേവർ പടൈത്ത മാടു എമ്പുരാനേ.”

ഈ വരികളിലൂടെ, താൻ ഭക്ഷിക്കുന്ന മാടും ബ്രഹ്മദേവൻ സൃഷ്ടിച്ചതാണെങ്കിൽ അതിനെ ഭക്ഷിക്കുന്നതുകൊണ്ട് ഒരാൾ എങ്ങനെ അയിത്തക്കാരനാകുന്നു എന്ന ശക്തമായ രാഷ്ട്രീയ ചോദ്യമാണ് ചക്കിലിയൻ ഉയർത്തുന്നത്. ഇതോടെ, ‘തീണ്ടൽ’ എന്ന ആശയത്തെയും, ശുദ്ധമായത്, അശുദ്ധമായത് എന്ന ബ്രാഹ്മണ്യ സംസ്കൃതവൽക്കരണാധിഷ്ഠിത വർഗ്ഗീയവൽക്കരണങ്ങളെയും, അവയിൽ നിന്നു രൂപപ്പെട്ട ജാതീയതയെയും, അതിന്റെ ഭാഗമായി നിലനിൽക്കുന്ന തൊട്ടുതീണ്ടായ്മയും അസമത്വങ്ങളെയും പൊറാട്ട് ചോദ്യം ചെയ്യുന്നു.

പൊറാട്ട് നാടകം. കടപ്പാട്:fb

തോലിൽ നിന്നുണ്ടാക്കുന്ന ചെരുപ്പുകളും മറ്റ് വസ്തുക്കളും പൊതുസമൂഹം ‘സ്വാഭാവികമായി’ ഉപയോഗിക്കുമ്പോൾ, അതേ തൊഴിൽ ചെയ്യുന്ന മനുഷ്യരുടെ ശരീരങ്ങളിലാണ് അയിത്തം അടയാളപ്പെടുത്തപ്പെടുന്നത്. ശരീരങ്ങളാണ് അശുദ്ധമാക്കപ്പെടുന്നത്; എന്നാൽ തൊഴിലും അതിന്റെ ഉൽപ്പന്നങ്ങളും അതേ സമൂഹം അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യമാണ് ചക്കിലിയൻ–ചക്കിലിച്ചി പൊറാട്ടിലെ താഴെക്കാണുന്ന വരികൾ ശക്തമായി ചൂണ്ടിക്കാട്ടുന്നത്:

“പോത്തിറച്ചി തിങ്കരത് നാങ്കളേയ സാമി,
പോത്തിനോട് തോൽ അല്ലവോ പാതമൊടു തക്കിരത്.”

ഇവിടെ, അയിത്തം സാമൂഹികമായി നിർമ്മിക്കപ്പെട്ട ഒരു നിയന്ത്രണ സംവിധാനമാണെന്ന സത്യം തുറന്നുകാട്ടപ്പെടുന്നു. മിഷേൽ ഫൂക്കോ ചൂണ്ടിക്കാട്ടുന്നതുപോലെ, അധികാരം നിയമങ്ങളിലൂടെയോ ശിക്ഷകളിലൂടെയോ മാത്രം പ്രവർത്തിക്കുന്നില്ല; ശരീരങ്ങളെ നിയന്ത്രിക്കുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്ന ദിനചര്യയിൽ ആവർത്തിച്ചു നടപ്പിലാക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെയാണ് അത് പ്രവർത്തിക്കുന്നത്. “ജാതി ഒരു മതിലോ വേലിയോ അല്ല; അത് ഒരു ചിന്താശീലമാണ്” എന്ന അംബേദ്കറുടെ നിരീക്ഷണം ഓർമ്മിപ്പിക്കുന്നതുപോലെ, ജാതിയെ ഇല്ലാതാക്കുക എന്നത് മൗനത്തിലൂടെ സാധ്യമല്ല. ഭാഷയിലും സംസ്കാരത്തിലും ശരീരങ്ങളിലും അത് പ്രവർത്തിക്കുന്നിടത്തോളം, അവയെ തുറന്നുകാട്ടിയും ചോദ്യം ചെയ്തുമാത്രമേ ജാതിയെ തകർക്കാൻ കഴിയൂ. പൊറാട്ട് ഈ അധികാര പ്രവർത്തനത്തെ ശരീരത്തിന്റെ അനുഭവങ്ങളിൽ നിന്നുതന്നെ ചോദ്യം ചെയ്യുന്നു. അതേസമയം, പീറെ ബോർഡ്യൂ ചൂണ്ടിക്കാട്ടുന്നതുപോലെ, ‘ശുദ്ധി’, ‘രുചി’, ‘സഭ്യത’ തുടങ്ങിയ ആശയങ്ങൾ സമൂഹത്തിൽ വെറും വ്യക്തിപരമായ ഇഷ്ടങ്ങളല്ല; അവ അംഗീകാരം, മാന്യത, അധികാരം എന്നിവ ലഭിക്കാൻ സഹായിക്കുന്ന ഒരു സാമൂഹിക മൂലധനമായി പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി, ചില ജീവിതരീതികളും ഭാഷകളും ഭക്ഷണശീലങ്ങളും ‘മോശം’ അല്ലെങ്കിൽ ‘താഴ്ന്നത്’ എന്ന നിലയിൽ അപമാനിക്കപ്പെടുമ്പോൾ, അതേ സമയം മറ്റുചില ജീവിതരീതികൾ ‘സ്വാഭാവികം’, ‘മാന്യമായത്’ എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നു.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, ജാതിയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങളും മരണങ്ങളും നമ്മെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന സമയത്ത്, ഈ പൊറാട്ട് സംഭാഷണങ്ങൾ തീണ്ടാപ്പാട് അകലെ മാറ്റി നിർത്തപ്പെട്ട, റദ്ദ് ചെയ്യപ്പെട്ട, ചൂഷണങ്ങൾക്ക് ഇരയാക്കപ്പെട്ട ജനങ്ങളുടെ ജീവിത സത്യങ്ങളെ, ചരിത്ര യാഥാർഥ്യങ്ങളെ കാണികളുടെ പൊതുബോധത്തിലേക്ക് ഒരു ചോദ്യമായി എറിഞ്ഞു കൊടുക്കുന്നു. പൊറാട്ട് പരിഹാസത്തിലൂടെയും പാട്ടിലൂടെയും അവതരിപ്പിക്കപ്പെടുന്ന വെറും സറ്റയറല്ല; ബ്രാഹ്മണിക്കൽ ആശയാധിപത്യത്തിന്റെ അടിത്തറകളെ തന്നെ ചോദ്യം ചെയ്യുന്ന ഒരു സാംസ്കാരിക പ്രസ്ഥാനമാണ്. അതുവഴി, പൊറാട്ട് അതിന്റെ വേദിയെ ഒരു കലാപ്രകടനമായി മാത്രമല്ല, അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ പ്രതിരോധത്തിന്റെ ഇടമായി മാറ്റുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തും പൊറാട്ട് വെറും വിനോദപ്രകടനമായി മാത്രമല്ല, കൊളോണിയൽ അധിനിവേശത്തിനെതിരെ ഒരു മാധ്യമമായി പ്രവർത്തിച്ചിരുന്നുവെന്ന് മണ്ണൂർ ചന്ദ്രൻ ആശാൻ ഓർക്കുന്നു. സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളോട് അനുബന്ധിച്ച്, പാണർ കലാകാരന്മാർ പൊറാട്ടുകളിൽ പാടാൻ വേണ്ടി പ്രത്യേക വരികൾ രചിച്ചിരുന്നുവെന്നും, അവയിലൂടെ കൊളോണിയൽ അധികാരത്തെയും സാമൂഹിക അനീതികളെയും പരോക്ഷമായി ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ബ്രാഹ്മണിക്കൽ ‘ഉന്നതകലാ’ സൗന്ദര്യബോധം പൊറാട്ടിനെ ദീർഘകാലം ‘താഴ്ന്ന കല’യായി മാറ്റിനിർത്തി. സംസ്കൃതീകരിച്ച ഭാഷയും ശുദ്ധിയെന്ന ആശയവും സാമൂഹിക അംഗീകാരം നേടുമ്പോൾ, പൊറാട്ടിന്റെ കൊളോക്കിയൽ ഭാഷയും ശരീരാധിഷ്ഠിതമായ അവതരണശൈലിയും സാംസ്കാരികം അല്ലാത്തത് എന്നും ‘അശ്ലീലം’ എന്നും മുദ്രകുത്തപ്പെട്ടു. ഇതിന്റെ ഫലമായി, പൊറാട്ട് അവതരിപ്പിക്കുന്നതും കാണുന്നതും തന്നെ ലജ്ജാകരമാണെന്ന ധാരണ രൂപപ്പെട്ടു; ഉന്നതജാതി സമൂഹങ്ങൾ ഈ കലാരൂപത്തിൽ നിന്ന് അകലം പാലിച്ചതോടെ, അത് സ്വാഭാവികമായി പുറന്തള്ളപ്പെട്ടു. ഇവിടെ പ്രവർത്തിക്കുന്നത് കലയുടെ ഗുണനിലവാരം അല്ല, മറിച്ച് സാമൂഹിക അംഗീകാരവും അധികാരവും, ജാതീയതയും, വിവേചനവും ചേർന്ന ഒരു സാംസ്കാരിക മൂലധനമാണ്. അത് ചില കലാരൂപങ്ങൾക്ക് വേദിയും മാന്യതയും വിഭവങ്ങളും നൽകുമ്പോൾ, മറ്റുള്ളവയെ അദൃശ്യവത്കരിക്കുന്നു.

“You must not only discard the Shastras, you must deny their authority, as did Buddha and Nanak. You must have courage to tell the Hindus that what is wrong with them is their religion—the religion which has produced in them this notion of the sacredness of Caste. Will you show that courage?”
― Dr. B.R Ambedkar, Annihilation of Caste

കഥകളിയും സമകാലീന നൃത്തങ്ങളും ‘ക്ലാസിക്കൽ’ എന്ന നിലയിൽ അംഗീകാരം നേടുമ്പോൾ, പൊറാട്ട് കലാകാരന്മാർ അവരുടെ കലയെ ന്യായീകരിക്കേണ്ടിവരുന്ന അവസ്ഥയിലാണ്. സമൂഹം നൽകുന്ന സാമൂഹിക അംഗീകാരം, ബന്ധങ്ങൾ, സ്ഥാപനപിന്തുണ എന്നിവയാണ് ചില കലാരൂപങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തുന്നത്; അവ ഇല്ലാത്തതുകൊണ്ടാണ് പൊറാട്ട് പോലുള്ള കലകൾ അവഗണിക്കപ്പെടുന്നത്. ഈ സമ്മർദ്ദത്തിനടിയിൽ, ഇന്നത്തെ അവതരണങ്ങളിൽ പൊറാട്ടിന്റെ ഭാഷയും ശൈലിയും ‘സഭ്യമായ’ രൂപത്തിലേക്ക് മാറ്റപ്പെടുന്നു, ദ്വിതീയാർത്ഥങ്ങളും കഠിനമായ പരിഹാസങ്ങളും ഒഴിവാക്കപ്പെടുന്നു. എന്നാൽ ഈ ‘സഭ്യവത്കരണം’, ഒരു സ്വതന്ത്ര പരിണാമമല്ല; മുഖ്യധാരാ സൗന്ദര്യബോധത്തിൽ പൊരുത്തപ്പെടേണ്ടിവരുന്ന കലാകാരന്മാരുടെ വേദനയും, സ്വന്തം പാരമ്പര്യത്തിൽ നിന്ന് അകറ്റപ്പെടുന്ന അവസ്ഥയുമാണ് അത് വെളിപ്പെടുത്തുന്നത്. ഇങ്ങനെ, സാമൂഹിക മൂലധനം കൈവശമുള്ള കലകൾ മുന്നേറുമ്പോൾ, അതില്ലാത്ത കലകൾ പതുക്കെ അപ്രത്യക്ഷമാകുന്നു.

പൊറാട്ട് നാടകാവതരണവും കാണികളും. കടപ്പാട്:ShajiMullookkaaran

പൊറാട്ട് കലാകാരന്മാർക്ക് ഈ കലാരൂപം മാത്രം അല്ല ഉപജീവനം. മണി ആശാൻ ഒരു ബ്യൂട്ടീഷ്യനാണ്; മറ്റ് കലാകാരന്മാർ വിവിധ തൊഴിൽ മേഖലകളിലാണ്. ഉത്സവകാലങ്ങളിലാണ് അവർ പൊറാട്ടിലേക്ക് തിരിയുന്നത്. ഇവർക്ക് ലഭിക്കുന്ന പ്രതിഫലം, കഥകളി പോലുള്ള ‘ക്ലാസിക്കൽ’ കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. സാമ്പത്തിക സുരക്ഷയുടെ അഭാവം, പുതുതലമുറയെ ഈ കലാരൂപത്തിൽ നിന്ന് അകറ്റുന്ന ഒരു പ്രധാന കാരണമാണ്.

ഗവേഷക ഹരിത വിജയകുമാരൻ കൃഷ്ണൻ ആശാനുമായി നടത്തിയ ഇന്റർവ്യൂവിൽ രേഖപ്പെടുത്തുന്നത് പ്രകാരം, സാമൂഹിക അപകീർത്തിയും സമ്മർദ്ദങ്ങളും നിലനിൽക്കുമ്പോഴും, പൊറാട്ടുകളിയെ നിലനിറുത്താനുള്ള ശ്രമങ്ങളിൽ കൊല്ലങ്കോട് സ്വദേശിയായ കൃഷ്ണൻ എന്ന കലാകാരൻ തുടരുന്നു. ദീർഘകാലം സ്ത്രീസാന്നിധ്യം ഇല്ലാതിരുന്ന ഒരു കലാരൂപത്തിലേക്ക് പെൺകുട്ടികളെ പരിശീലിപ്പിച്ച് കൊണ്ടുവരികയും ചെയ്യുന്നു. ‘അസ്പൃശ്യ’ സമൂഹങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ഈ കലാരൂപത്തിലേക്ക് കുട്ടികളെ അയക്കാൻ കുടുംബങ്ങൾ ഇന്നും മടിക്കുന്നു. ഈഴവ സമുദായത്തിൽ നിന്നുള്ളയാളായതിനാൽ, കൃഷ്ണൻ ആശാൻ പൊറാട്ടിൽ ഏർപ്പെട്ടത് കുടുംബത്തിൽ നിന്ന് പത്ത് വർഷം മറച്ചുവെക്കേണ്ടിവന്നതും, അതിന്റെ പേരിൽ ഭാര്യ വിട്ടുപോയ അനുഭവവും, ഈ കലാരൂപം ചുമത്തപ്പെട്ടിരുന്ന സാമൂഹിക അപകീർത്തിയുടെ ആഴം വ്യക്തമാക്കുന്നു.

പൊറാട്ട് വെറും ഭൂതകാലത്തെ പറഞ്ഞുപോകുന്ന ഒരു കലാരൂപമല്ല; ജാതിയും അധികാരവും, ബ്രാഹ്മണിക്കൽ മേല്കോയ്മയും സൃഷ്ടിച്ച മൗനങ്ങളെ ചോദ്യം ചെയ്ത്, ഓർമ്മയെ തന്നെ രാഷ്ട്രീയ പ്രതിരോധമായി മാറ്റുന്ന ഒരു സാംസ്കാരിക ഇടപെടലാണ്. പൊറാട്ട് ഒരു കലാപ്രകടനത്തിലേറെ, പ്രതിരോധത്തിന്റെ സാംസ്കാരിക പ്രയോഗമാണ്. പാട്ടിലും പരിഹാസത്തിലും സംഭാഷണങ്ങളിലും, ജാതിയധിഷ്ഠിതമായ അസമത്വങ്ങളെയും സാമൂഹിക വിവേചനങ്ങളെയും പൊറാട്ട് വായിക്കുകയും പുനഃരചന ചെയ്യുകയും ചെയ്യുന്നു. പൊറാട്ട് അധികാരത്തിന്റെ ഭാഷയെ തകർക്കുന്നു; സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുതന്നെ ഉയരുന്ന ഒരു പ്രതിരോധമായി അത് ജീവിക്കുന്നു. പൊറാട്ട് പറയുന്ന കഥകൾക്ക് വേദി അനിവാര്യമാണ്. അവ മറച്ചുവെക്കപ്പെടാനോ, മുഖ്യധാരാ സൗന്ദര്യബോധത്തിന് അനുസരിച്ച് ‘പരിഷ്കരിക്കപ്പെടാനോ’ ഉള്ളതല്ല. സ്വന്തം ഭാഷയിലും ശരീരത്തിലും അനുഭവങ്ങളിലും നിന്ന് ഉയരുന്ന ഈ ശബ്ദങ്ങൾ, അവയുടെ മൂർച്ചയും അസ്വസ്ഥതയും നഷ്ടപ്പെടുത്താതെ നിലനിൽക്കുമ്പോഴാണ്, പൊറാട്ട് അധികാരത്തിന്റെ ഭാഷയെ തകർക്കുന്ന ഒരു നിലപാടായി, പ്രതിരോധമായി നിലനിൽക്കുന്നത്.

“Religion, social status, and property are all sources of power and authority which one man has, to control the liberty of another”
― Dr. B.R. Ambedkar, Annihilation of Caste

References
Ambedkar, B. R. (1936). Annihilation of caste.
Bourdieu, P. (1984). Distinction: A social critique of the judgement of taste (R. Nice, Trans.). Harvard University Press.
Chandran, M. [Mannoor Chandran]. (n.d.). Porattu nadakam | Porattu Nadakam Mannur Chandran [Video]. YouTube.
https://youtu.be/19crIwCWoPA
Foucault, M. (1977). Discipline and punish: The birth of the prison (A. Sheridan, Trans.). Pantheon Books.
Literatures of resistance: Voices of the marginalised. (2019). International Journal of Research in Social Sciences, 9(5).

Sahapedia. (n.d.). Porattukali: Defying language and ‘high art’.
https://www.sahapedia.org/porattukali-defying-language-high-art
Sahapedia. (n.d.). Porattukali: A performance art of Kerala’s Dalit community.
https://www.sahapedia.org/porattukali-performance-art-keralas-dalit-community
Sahapedia. (n.d.). Conversation with Krishnan: Porattukali suffers due to neglect and taboos.
http://www.sahapedia.org/conversation-krishnan-porattukali-suffers-due-neglect-and-taboos

Also Read

9 minutes read January 29, 2026 1:35 pm