അൽ-ജസീറയ്ക്ക് വേണ്ടി ഗാസയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന പലസ്തീനി മാധ്യമപ്രവർത്തക മരാം ഹുമൈദ് എഴുതുന്ന ഡയറി കുറിപ്പുകൾ. പരിഭാഷ- നിഖിൽ വർഗീസ്
രാത്രികളിലെ ബോംബാക്രമണങ്ങൾ
2023 ഒക്ടോബർ 9
ഇസ്രായേൽ ഗാസക്ക് മേൽ നടത്തുന്ന അക്രമങ്ങളുടെ മൂന്നാം രാത്രിയാണ് ഇന്ന്. ഗാസയ്ക്ക് സാധാരണമായ ഒരു യുദ്ധ രാത്രി. പൊതു ഇടങ്ങളിൽ തല മറയ്ക്കുന്ന സ്ത്രീകൾ അതൊന്നുകൂടി ഉറപ്പാക്കി എങ്ങനെയും രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിൽ നിന്നു, ഓരോ കുടുംബംങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒത്തുചേർന്നു, ജനങ്ങൾ ടെലിവിഷനിലൂടെ വാർത്തകൾ ശ്രദ്ധിച്ചു. അടുത്തതായി എന്തെല്ലാം സംഭവിക്കാം എന്നതിനെക്കുറിച്ചുള്ള നിലയ്ക്കാത്ത ചർച്ചകളും വാദപ്രതിവാദങ്ങളും.
ഏറ്റവും അസഹനീയമായ കാര്യം, വ്യോമാക്രണമകളുടെ പേടിപ്പെടുത്തുന്ന ശബ്ദമാണ്. ഗാസയിലെ മുൻകാല സംഘർഷങ്ങളിലും യുദ്ധങ്ങളിലും ആളുകൾ രാത്രികളെ വളരെ അധികം വെറുത്തിരുന്നു. രാത്രികളിലാണ് ആക്രമണം ശക്തമാകുക എന്നതിനാലാണത്. ബോംബാക്രമണത്തിന്റെ ഭീകര ശബ്ദങ്ങൾ കഴിഞ്ഞ രണ്ട‌് രാത്രികളിലായി ഒഴിഞ്ഞിട്ടില്ല. തങ്ങൾ ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനമായി മാറുമെന്നും, വീടുകൾ സ്‌ഫോടനത്തിൽ കുലുങ്ങുമെന്നുമുള്ള ഭയത്തിലാണ് എല്ലാവരും.
യുദ്ധമുള്ള രാത്രികൾ തളർച്ചയുണ്ടാക്കുന്നതാണ്. എല്ലാ പ്രവൃത്തികളും അതീവ ശ്രദ്ധയോടെ വേണം ചെയ്യാൻ. കുളിക്കുന്നതും, ബാത്‌റൂം ഉപയോഗിക്കുന്നതും വലിയ വെല്ലുവിളി ആയി മാറുന്നു. ഇതിൽ ഏതെങ്കിലും ഒന്നിൽ ഏർപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് ഓടി രക്ഷപ്പെടാൻ പ്രയാസമാണ്. അതിനാൽ ഞങ്ങൾ വ്യോമാക്രമണത്തിൽ ഒരു ഇടവേള ഉണ്ടാകുന്നതുവരെ ഈ കാര്യങ്ങൾ ചെയ്യാൻ കാത്തു നിൽക്കും.
ഓരോ സംഘട്ടനത്തിലും നമ്മൾ പറയും, “ഇത്തവണ ഇത് വ്യത്യസ്തമാണ്” എന്ന്. എന്നാൽ ഇത്തവണ ഇത് വ്യത്യസ്തമായി തന്നെ അനുഭവപ്പെടുന്നു.
അപ്രതീക്ഷിതമായ ഹമാസ് ആക്രമണം നടന്ന പ്രഭാതത്തിൽ, റോക്കറ്റുകളുടെ ശബ്ദം കേട്ട് ഭയന്ന് വിറച്ചാണ് ഞാൻ ഉണർന്നത്. തുടർച്ചയായി റോക്കറ്റുകൾ തൊടുത്തുവിട്ടതിന്റെ പുക കണ്ട് ഞാൻ ജനാലയ്ക്കരികിലേക്ക് ഓടി. ഞാൻ വളരെയധികം ആശ്ചര്യപ്പെട്ടിരുന്നു. “ആ കാണുന്നവ ഞങ്ങളുടേതാണ്”, ഗാസയിൽ നിന്നും തൊടുത്തുവിടുന്ന റോക്കറ്റുകളെ ‘ഞങ്ങളുടേത്’ എന്നാണ് ഞങ്ങൾ വിശേഷിപ്പിക്കാറുള്ളത്. അവ ‘അവരുടേതല്ല’, ആ രീതിയിലാണ് ഞങ്ങൾ ഇസ്രായേലി ബോംബിംഗിനെ പരാമർശിക്കുന്നത്.
‘ഞങ്ങളുടേത്’ (ഗാസയിൽ നിന്നും വിക്ഷേപിച്ച റോക്കറ്റുകൾ) അക്രമിച്ചുകൊണ്ടിരിക്കുന്നു. ഫോൺ വിളികൾ, വാട്സ്ആപ് സന്ദേശങ്ങൾ എന്നിവ അവസാനിക്കാതെ തുടരുന്നു. എല്ലാവരും എന്താണു സംഭവിക്കുന്നതെന്ന് പരസ്പരം ചോദിക്കുന്നു. ആർക്കും ഒരു ധാരണയുമില്ല.
ഞാൻ അൽ-ജസീറ ഇംഗ്ലീഷ് ഓൺലൈനിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകയാണ്. ഞാൻ രണ്ടു മക്കളുടെ അമ്മ കൂടിയാണ്. അതിലൊരാൾക്ക് രണ്ട് മാസം മാത്രമേ പ്രായമായിട്ടുള്ളൂ. എനിക്ക് ആശയക്കുഴപ്പം വർധിച്ചപ്പോൾ, ഞാൻ കുട്ടികളുടെ വസ്ത്രങ്ങളും ഞങ്ങളുടെ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡുകളും ഒരു ബാഗിലാക്കി. സംഘർഷം ഉണ്ടാകുമ്പോഴെല്ലാം ഇങ്ങനെ ചെയ്യുന്ന ശീലം ഞാൻ ഉണ്ടാക്കിയെടുത്തിരുന്നു. ഭർത്താവിനൊപ്പമുള്ള പിരിമുറുക്കം നിറഞ്ഞ ഒരു ചെറിയ ചർച്ചക്ക് ശേഷം ഗാസയിലെ തന്നെ സുരക്ഷിതമായ സ്ഥലത്തുള്ള, ഞങ്ങളുടെ മാതാപിതാക്കളുടെ വീട്ടിൽ അഭയം തേടാൻ തീരുമാനിച്ചു. ലഗേജുമായി അയൽക്കാരും സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകുന്നത് തെരുവിൽ ഞങ്ങൾ കണ്ടു. ഞാൻ എന്റെ കുടുംബത്തെ മാതാപിതാക്കളുടെ സ്ഥലത്ത് ഇറക്കിവിട്ട ശേഷം ഹെൽമറ്റും ഫ്ലാക്ക് ജാക്കറ്റും അടങ്ങുന്ന സുരക്ഷാ കിറ്റുമായി അൽ ജസീറ ഓഫീസിലേക്ക് പോയി. സഹപത്രപ്രവർത്തകരും അവരുടെ സുരക്ഷാ കിറ്റുകളുമായി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് ഞാൻ കണ്ടു. അത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയി, ഈ ദിവസം എന്താണ് സംഭവിക്കുക എന്ന് ഞാൻ ആലോചിച്ചു.
ഞാൻ ലിഫ്റ്റ് വഴി ഞങ്ങളുടെ ഓഫീസിനുള്ളിൽ എത്തിയപ്പോൾ അൽ ജസീറയിലെ പ്രൊഡ്യൂസർമാരും, ക്യാമറ ഓപ്പറേറ്റർമാരും ഓഫീസിൽ സജീവമാണ്. ഗാസയുടെ അതിർത്തിയിൽ പുകയെരിയുന്നത് എനിക്ക് ജനാലയിലൂടെ കാണാമായിരുന്നു. ദോഹ ആസ്ഥാനമായ ന്യൂസ് ഡസ്കിന് വേണ്ടി റിപ്പോർട്ട് ചെയ്തുകൊണ്ട് ഞാൻ ജോലി ആരംഭിച്ചു. ഓരോ പുതിയ വാർത്തകളിലും ഞങ്ങളെല്ലാവരും അമ്പരപ്പിലും ഭയത്തിലും ശ്വാസം മുട്ടി. വാർത്ത കണ്ടുകൊണ്ടിരിക്കെ, ഇസ്രായേൽ നടത്താൻ പോകുന്ന പ്രതികരണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. അത് എത്രത്തോളം അക്രമാസക്തവും അപകടകരവുമായിരിക്കും? എന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും, പ്രത്യേകിച്ച് തന്റെ ആദ്യ യുദ്ധത്തിലൂടെ ജീവിക്കാൻ പോകുന്ന എന്റെ രണ്ട് മാസം പ്രായമുള്ള മകനെക്കുറിച്ചും ഞാൻ ചിന്തിച്ചു. തുടർച്ചയായി ഞാൻ വീട്ടിലേക്ക് വിളിക്കുകയും, അവരെപ്പറ്റി അന്വേഷിക്കുകയും ചെയ്തു.
നീണ്ടതും, ഭയാനകവുമായ ഒരു രാത്രിയുടെ തുടക്കം
കാറോടിച്ചുകൊണ്ട് വീട്ടിലേക്കുള്ള മടക്കമാണ് എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ യാത്ര. മാതാപിതാക്കളുടെ അടുത്തേക്ക് 15 മിനുട്ട് ദൂരമേയുള്ളുവെങ്കിലും ഈ യാത്രയിൽ ദൂരം കൂടുതലുള്ള പോലെ തോന്നി. തെരുവുകൾ വിജനമായിരുന്നു, കടകൾ അടഞ്ഞു കിടക്കുന്നു, സ്ഫോടനത്തിന്റെ ശബ്ദം മാത്രമേ എങ്ങും കേൾക്കാനുള്ളൂ. വഴിയിലുടനീളം, ഗാസയിലെ മുൻകാല യുദ്ധങ്ങളുടെ ആദ്യ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്ന ബേക്കറികൾക്ക് മുന്നിലെ നീണ്ടനിര ഞാൻ കണ്ടു.
മാതാപിതാക്കളുടെ അടുത്തെത്തിയപ്പോൾ എനിക്ക് ആശ്വാസം തോന്നി. ‘സന്തോഷകരമായ സംഘർഷങ്ങൾ’ എന്നെ സ്വാഗതം ചെയ്തു. എന്റെ എട്ടു വയസുകാരി പെൺകുട്ടി എന്നെ കെട്ടിപ്പിടിക്കാനായി ഓടിയെത്തി. ഭർത്താവും എന്നെ സ്വീകരിക്കാനായി ഇളയ കുട്ടിയോട് ‘അമ്മ തിരിച്ചു വന്നു’ എന്ന് പറഞ്ഞുകൊണ്ട് വന്നു. എന്റെ മാതാപിതാക്കൾ ചിരിച്ചുകൊണ്ട് ഞാൻ വർഷങ്ങൾക്ക് ശേഷമെത്തുന്നപോലെ എന്നെ സ്വാഗതം ചെയ്തു. ഗാസയിൽ യുദ്ധ സമയത്ത് വീട്ടിലിലേക്കു തിരിച്ചെത്തുക എന്നുള്ളത് ഒരിക്കലും ഉറപ്പില്ലാത്ത കാര്യമായതിനാലാണ് അവർ ഇങ്ങനെ പെരുമാറിയത്.
ഞാൻ കുഞ്ഞിനെ എടുത്തു, ഞങ്ങൾ അത്താഴത്തിനിരിക്കുകയും അന്നത്തെ ദിവസത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴേക്കും ഇസ്രയേലിന്റെ ബോംബാക്രമണം തുടങ്ങി. സ്ഫോടനങ്ങളുടെ ശബ്ദം നീണ്ടതും ഭയാനകവുമായ ഒരു രാത്രിയുടെ തുടക്കം പ്രഖ്യാപിച്ചു. വിളറിയ മുഖത്തോടെ, ഞാനും എന്റെ കുടുംബവും പരസ്പരം പുഞ്ചിരിച്ചുകൊണ്ട് സംഘർഷ കാലത്തെ പതിവ് പ്രയോഗമായി മാറിയ ആ വാചകം പറഞ്ഞു; ‘പാർട്ടി തുടങ്ങാം’.
വീടുകൾ തകർക്കുന്ന മിസൈലുകൾ
2023 ഒക്ടോബർ 10
ഗാസയിൽ തുടർച്ചയായി ബോംബിംഗ് നടന്നതിന്റെ മൂന്നാം ദിനം. ഞങ്ങളെല്ലാവരും മാതാപിതാക്കളുടെ വീട്ടിൽ തന്നെ തങ്ങി. ഞാനും എന്റെ കൈക്കുഞ്ഞും, സഹോദരികളും, സഹോദരന്മാരും, മരുമക്കളും, മാതാപിതാക്കളും ഞങ്ങളുടെ നഗരങ്ങൾ ബോംബ് ചെയ്യപ്പെടുന്നതിന്റെയും ഞങ്ങളുടെ ജനങ്ങൾ ഉൻമൂലനം ചെയ്യപ്പെടുന്നതിന്റെയും ശബ്ദങ്ങൾ കേട്ട് ഇരുട്ടിൽ ഒതുങ്ങിക്കൂടി. ഒടുവിൽ ക്ഷീണം കാരണം ഞങ്ങൾ ഉറങ്ങാൻ കിടന്നു, കാര്യങ്ങൾ ശാന്തമായതുകൊണ്ടല്ല.
ചിത്രം വരച്ചും, കളിച്ചും, പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ പടക്കങ്ങളുടേതാണെന്ന് പറഞ്ഞും മൂത്ത കുട്ടികളുടെ കൂടെ ഞാൻ മണിക്കൂറുകൾ ചെലവഴിച്ചു. അവർ ഞങ്ങൾ പറഞ്ഞത് വിശ്വസിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ചെറുതായി വിതുമ്പികൊണ്ട് എന്റെ കുട്ടി ക്ഷീണിതമായ ഉറക്കത്തിലേക്ക് കടന്നു. ഓരോ സ്ഫോടനങ്ങളിലും അലറിവിളിച്ചുകൊണ്ട് അവൾ ഞെട്ടി എണീറ്റു. ഞങ്ങൾ പുറത്തുപോയപ്പോൾ ഇസ്രായേലിന്റെ മിസൈൽ പതിച്ച്, ഞങ്ങളുടെ സ്വന്തം വീട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായതിനെ തുടർന്ന് ഞാൻ അവനെ എന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുവന്നതാണ്. എന്റെ ഭർത്താവും മകളും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു.
ഞാൻ കണ്ണടച്ചതും അരമണിക്കൂറിനുള്ളിൽ ഭയപ്പെടുത്തുന്ന ഒരു ശബ്ദം കേട്ട് ഉണർന്നു. അധികം ചിന്തിക്കാതെ തന്നെ ഞാൻ കുട്ടിയെ വേഗം എടുത്തു. എത്രയും വേഗം പുറത്തേയ്ക്കിറങ്ങണമെന്ന് എന്റെ ശരീരം തിരിച്ചറിയുന്നുണ്ടായിരുന്നു. എല്ലാവരും അതുപോലെ തന്നെ പുറത്തിറങ്ങി. ഞങ്ങളെല്ലാവരും ഓടുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ പൊടിയും, വെടിമരുന്നിന്റെ മണവും ചേർന്ന് വായു കട്ടിയുള്ളതും അസഹനീയവുമായി മാറി. ഞങ്ങൾക്ക് ഒന്നും കാണാൻ കഴിയുമായിരുന്നില്ല. ഞങ്ങളുടെ കണ്ണിൽ പൊടിയും, അവശിഷ്ടങ്ങളും, ഞെട്ടലും മാത്രമായിരുന്നു.
ഞങ്ങൾ ഇതുവരെ അനുഭവിച്ച സ്ഫോടനങ്ങളെക്കാളും വളരെ അടുത്തായിരുന്നു ഇത്. ചെവിയിലെ മുഴക്കം ഞങ്ങളുടെ കണ്ണുകളിൽ പ്രതിധ്വനിക്കുന്നതായി തോന്നി. അത് എത്രത്തോളം അടുത്തായിരുന്നു? ആരുടെ വീടാണ് തകർക്കപ്പെട്ടത്? തെരുവിലിലുടെ ഇടർച്ചയോടെ നടന്ന ഞങ്ങൾ ഞങ്ങളുടെ അയൽക്കാർ ഓടുന്ന ദിശയിലേക്ക് നോക്കി. തകർന്ന കെട്ടിടം എന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള ഒരു നാല് നില അപ്പാർട്ട്മെന്റ് ആയിരുന്നു. ഞങ്ങൾ തകർന്ന ഇഷ്ടിക കഷ്ണങ്ങൾ റോഡിൽ കണ്ടു. എന്നാൽ വേഗത്തിൽ വീട്ടിലേക്ക് മടങ്ങാൻ പോലീസ് ഞങ്ങളോട് ആവശ്യപ്പെട്ടു. അത് അക്രമത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പാണോ അതോ, യഥാർത്ഥ അക്രമമാണോ എന്ന് അവർക്ക് ഉറപ്പില്ലായിരുന്നു.
അതൊരു മുന്നറിയിപ്പ് മിസൈൽ ആണെങ്കിൽ ഏകദേശം 15 മിനിറ്റിനുള്ളിൽ കൂടുതൽ വിനാശകരമായ ഒരു വലിയ മിസൈൽ അതേ വീട്ടിലേക്ക് പതിക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യും. തകർന്ന കെട്ടിടത്തിൽ നിന്ന് ഓടിപ്പോയ കുടുംബങ്ങളെ തെരുവിന് എതിർവശത്തുള്ള അയൽക്കാർ കൈകളാൽ ചേർത്തുപിടിച്ച് അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. എന്റെ കുടുംബം വീണ്ടും അകത്തേക്ക് കയറി താഴത്തെ നിലയിൽ ഒത്തുകൂടി. ഞങ്ങൾ നിശബ്ദമായി പരസ്പരം നോക്കി, ചില കണ്ണുകൾ ഈറനണിഞ്ഞു. ഞങ്ങളുടെ ഞെരമ്പുകൾ വരിഞ്ഞു മുറുകി. ശരീരത്തിനുള്ളിൽ അവ നിലവിളിക്കുന്നതായി എനിക്ക് തോന്നി. ഒരു ആക്രമണം കൂടി അവിടെ സംഭവിക്കുമോ?
ഞങ്ങൾ ആംബുലൻസുകളുടെ ശബ്ദം കേട്ടു. ആർക്കാണ് പരിക്ക് പറ്റിയത്? ഇതിനേക്കാൾ വലിയ ഒരു മിസൈൽ ലോകത്തെവിടെയും ഉണ്ടാകുക എന്നത് എങ്ങനെയാണ് സാധ്യമാവുക, ഞാൻ ആശ്ചര്യപ്പെട്ടു. ഇത്രയും ഭയാനകമായ ഒന്ന് മനുഷ്യൻ എന്തിന് സഹിക്കണം? മതിയായ സമയം കടന്നുപോയി, വീട്ടിലെ പൊടി അൽപ്പം അടങ്ങി. ആളുകൾ പുറത്തേക്ക് ഓടുന്നത് കേട്ട് ഞങ്ങൾ പുറത്തിറങ്ങാൻ തീരുമാനിച്ചു. തെരുവിൽ തകർന്നുവീണ കെട്ടിടത്തിനടുത്ത് ഒരു ഡസനോളം ആളുകൾ ഒത്തുകൂടിയിരിക്കുന്നു, സ്തബ്ധരായ വീട്ടുകാർ തങ്ങളുടെ വീട്, ചരിത്രം, ഓർമ്മകൾ, കിടക്കകൾ എന്നിവക്കെല്ലാം പകരമായി മാറിയ അവശിഷ്ടങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. എല്ലാം നഷ്ടമായിരിക്കുന്നു.
ഞങ്ങൾ വീടിനകത്തേക്ക് തിരിച്ചുപോയി. ഞങ്ങൾക്ക് പുറത്ത് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാൽ ഞങ്ങൾ പൊടി മൂടിയ ഞങ്ങളുടെ വീടും, സാധനങ്ങളും നോക്കുന്നതിനായി മടങ്ങി. ഞങ്ങൾ സുരക്ഷിതരാണോ എന്നറിയാൻ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിരവധി ഫോൺ കോളുകളും, സന്ദേശങ്ങളും വരാൻ തുടങ്ങിയിരുന്നു. എന്റെ സഹോദരി പരിഹാസത്തോടെ പറഞ്ഞു: ‘നമ്മളാണ് ഇന്നത്തെ വാർത്ത’. അവളെന്നും ബ്ലാക്ക് ഹ്യൂമറിന് പേരുകേട്ടവളാണ്.
സംസാരിക്കാനാകാതെ, എന്റെ കുഞ്ഞിനെയുമെടുത്ത് ഞാൻ അടുത്തുള്ള സോഫയിലേക്ക് വെള്ളത്തിൽ മുങ്ങിയെന്നോണം കിടന്നു. അത്ഭുതമെന്ന് പറയട്ടെ അവൻ ആ രാത്രി മുഴുവൻ ഉറങ്ങി. വലിയ ശബ്ദങ്ങൾ കേട്ടിട്ടും അവൻ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാത്തതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഉണർന്നിരിക്കുന്ന കുട്ടികൾ വിളറിയ മുഖത്തെ വിടർന്ന കണ്ണുകളാൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സഹോദരരുടെ മക്കളിൽ നാല് പേർ നാല് വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. അവർ അവരുടെ അമ്മമാരെ നോക്കിയിരിക്കുന്നു. ഞങ്ങൾ എല്ലാവരും അവർക്കുണ്ടായ മാനസിക ആഘാതങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ നിസ്സഹായരായിരുന്നു എന്നെനിക്കറിയാം. രാത്രി മുഴുവനും ഉണ്ടായിരുന്ന ബോംബ് സ്ഫോടനത്തിന്റെ ശബ്ദങ്ങൾ ഇപ്പോഴും തുടരുന്നു.
ഇതിപ്പോൾ സാധാരണമായിരിക്കുന്നു. സ്ഫോടനങ്ങൾക്ക് ഒരു ഇടവേള വരുമ്പോൾ എന്റെ മനസ് അടുത്ത ബോംബിനായി കാത്തിരിക്കുന്ന പോലെ തോന്നി. രാവും പകലും വീടുകൾ കുലുങ്ങുകയും, ജീവനുകൾ തകർക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു, ഭയത്തിനും ഭ്രാന്തിനും അപ്പുറം.
ഗാസയിൽ ഇപ്പോൾ ഒരു ഭവനവും സുരക്ഷിതമല്ല.
2023 ഒക്ടോബർ 11
ഇത് എഴുതുമ്പോൾ ഞങ്ങൾ ഈ അവസ്ഥയിൽ നിന്നും ജീവനോടെ രക്ഷപ്പെടുമെന്ന് എനിക്ക് വിശ്വാസമില്ല. കഴിഞ്ഞ നാല് രാത്രികളിൽ നിർത്താതെ തുടരുന്ന ബോംബാക്രമണത്തിന്റെ ശബ്ദം കേട്ടാണ് ബുധനാഴ്ച തുടർച്ചയില്ലാത്ത ഉറക്കത്തിൽ നിന്നും ഞാൻ ഉണർന്നത്. ഓരോ ദിവസവും ഞങ്ങൾ ഉറക്കമെഴുന്നേൽക്കുന്നത് ഓരോ വീട്ടിലാണ്. എന്നാൽ എന്നും ഒരേ ഗന്ധത്തിലേക്കും, ശബ്ദത്തിലേക്കുമാണ് ഞങ്ങൾ എഴുന്നേൽക്കുന്നത്. സ്‌ഫോടനത്തിന്റെ ആദ്യ രാത്രിയിൽ തന്നെ ഞങ്ങളുടെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അതിനാൽ ഞങ്ങൾ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിത്താമസിച്ചു. ചൊവ്വാഴ്ച മാതാപിതാക്കളുടെ വീടിന് ഒരു വീട് അപ്പുറമുള്ള കെട്ടിടത്തിന് മേലെ മിസൈൽ പതിച്ചതിനാൽ ആ വീടും താമസയോഗ്യമല്ലാത്തതായി. അങ്ങനെ ഞങ്ങൾ എന്റെ ഭർത്താവിന്റെ വീട്ടിലെത്തി. ഇപ്പോൾ ഞങ്ങൾ 40 പേർ ഇവിടെയുണ്ട്. ഓരോ ആക്രമണത്തിലും മിസൈലുകൾ ഞങ്ങളെ പിന്തുടരുന്നതായും കൂടുതൽ അടുത്തേക്ക് വരുന്നതായും തോന്നുന്നു. ഓടിയൊളിക്കാനുള്ള ഇടങ്ങൾ കുറയുകയും ചെയ്യുന്നു.
ഞാൻ സൂര്യോദയത്തിനു മുമ്പുള്ള ഫജ്ർ നമസ്കരിച്ചതിന് ശേഷം ഉറക്കത്തിലുള്ള എന്റെ രണ്ട് മാസം പ്രായമുള്ള മകന്റെ അരികിൽ കിടന്നു. വെടിമരുന്നിന്റെ ഗന്ധവും, പുകയും വായുവിൽ ഇപ്പോഴും നിറഞ്ഞുനില്ക്കുന്നതിനാൽ എന്റെ കുട്ടിയുടെ മുടിയുടെയും ശരീരത്തിന്റെയും ഗന്ധം എനിക്ക് ലഭിക്കുന്നില്ല. കുറച്ച് നിമിഷങ്ങൾക്ക് ശേഷമാണ് ജനാല പൊട്ടിത്തെറിച്ച് ചില്ലു കഷണങ്ങൾ ഞങ്ങളെ മൂടിയത്. ഞാൻ അവന്റെ കുഞ്ഞുമേനി പൊതിഞ്ഞ് ചേർത്ത് പിടിച്ചു. അവനെയുമെടുത്ത് ഓടുമ്പോഴെല്ലാം ഞാൻ എന്റെ എട്ടു വയസുകാരി പെൺകുട്ടിയെ ഓർത്ത് കരയുകയായിരുന്നു.
“ബനിയാസ്…..! ബനിയാസ് എവിടെയാണ് ? ഞാൻ എല്ലാവരോടും അപേക്ഷിച്ചുകൊണ്ടു ചോദിച്ചു. ഞങ്ങളെല്ലാവരും ഞങ്ങളുടെ കുട്ടികളെ അന്വേഷിച്ചുകൊണ്ടിരുന്നു, ഈ രൂക്ഷമായ കോലാഹലങ്ങൾക്കിടയിൽ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെയും. ഞാൻ എന്റെ കുട്ടിയെ കണ്ടപ്പോൾ അവൾ കരയുകയും വിറക്കുകയുമായിരുന്നു. ഞാനും ഭർത്താവും അവളെ കെട്ടിപിടിച്ചു, സാധിക്കുന്നിടത്തോളം അവളെ സ്വാന്തനപ്പെടുത്താൻ ശ്രമിച്ചു, ചെറിയ ആശ്വാസം മാത്രമേ ഇതവൾക്ക് നൽകൂ എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ.
നഗരം കുലുങ്ങിക്കൊണ്ടിരുന്നു. ആവശ്യമെങ്കിൽ രക്ഷപ്പെടാൻ എളുപ്പമായതിനാൽ ഞങ്ങൾ താഴത്തെ നിലയിലേക്ക് ഓടി. എന്നാൽ അപ്പോഴേക്കും ബോംബാക്രമണം നിലച്ചു. ഞങ്ങൾ താമസിക്കുന്നതിന് മീറ്ററുകൾക്കപ്പുറത്ത് വ്യോമാക്രമണം ഒരു വീടിനെ നിലം പരിശാക്കിയിരിക്കുന്നു. സാധാരണഗതിയിൽ ഒരു ചെറിയ ആക്രമണം നടത്തി മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് വലിയ ബോംബിംഗ് നടത്തുക. എന്നാൽ ഇവിടെ മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഭാഗ്യവശാൽ മിസൈൽ പതിച്ചപ്പോൾ ആ വീട്ടുകാർ അതിനുള്ളിലുണ്ടായിരുന്നില്ല.
മുമ്പ് എന്റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നപ്പോൾ, സമീപത്തുള്ള കെട്ടിടത്തിൽ ഷെല്ലിംഗ് നടക്കുമ്പോൾ അടുത്ത ആളുകളോട് സുരക്ഷിതരാകാനുള്ള അയൽക്കാരുടെ മുന്നറിയിപ്പുകൾക്കും കരച്ചിലുകൾക്കുമിടയിൽ ഞങ്ങൾ താഴത്തെ നിലയിലേക്ക് ഓടും. രണ്ടാമത്തെ വലിയ ഷെല്ലിംഗിനായി കാത്തിരിക്കുന്ന നിമിഷങ്ങൾ സഹിക്കാൻ കഴിയാത്തതാണ്. ഞാൻ എന്റെ കുഞ്ഞിനെ മുറുകെ പിടിച്ച് അവന്റെ മുഖം എന്റെ നെഞ്ചിലേക്ക് ചേർത്തുവച്ചു. അങ്ങനെ സ്ഫോടനങ്ങളിൽ നിന്നുള്ള പൊടിയിൽ നിന്നും പുകയിൽ നിന്നും അവനെ മറയ്ക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി.
മണിക്കൂറുകൾ കഴിഞ്ഞു. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരം ഒരു വലിയ മിസൈൽ പതിച്ച് ഞങ്ങളുടെ കെട്ടിടം തകർന്നു. പൊട്ടുന്ന ഗ്ലാസിന്റെയും വസ്തുക്കളുടെയും ശബ്ദത്തിനിടയിലും ഞങ്ങളുടെ നിലവിളികൾ വായുവിൽ നിറഞ്ഞുനിന്നു. പൊടി അടങ്ങിയതിന് ഏകദേശം 10 മിനിറ്റ് കഴിഞ്ഞ് ഞങ്ങൾ എന്റെ മാതാപിതാക്കളുടെ വീടിന്റെ മുൻവാതിലും ജനലുകളും തകർന്നതായും ഫർണിച്ചറുകളെല്ലാം അവശിഷ്ടങ്ങൾ കൊണ്ട് മൂടപ്പെട്ടതായും കണ്ടു. ഞങ്ങൾ വേഗം ഞങ്ങളുടെ സാധനങ്ങൾ പായ്ക്ക് ചെയ്ത് പുറത്തേക്ക് പോയി.
എന്റെ മാതാപിതാക്കളുടെ വീട് സുരക്ഷിതമായിരിക്കുമെന്ന് ഞാൻ കരുതി. എന്റെ ഭർത്താവിന്റെ വീടും സുരക്ഷിതമായിരിക്കുമെന്ന് ഞാൻ കരുതി.
ഞങ്ങൾ ഇനി എവിടേക്കു പോകും? ഗാസയിൽ ഇപ്പോൾ ഒരു ഭവനവും സുരക്ഷിതമല്ല.
അവസാനിക്കാത്ത സ്ഫോടനങ്ങൾ
2023 ഒക്ടോബർ 12
കഴിഞ്ഞ രാത്രി കാര്യങ്ങൾ കുറച്ച് മണിക്കൂറിലേക്ക് ശാന്തമായിരുന്നു. നിരന്തരമായ വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിയതായി തോന്നുന്നു. ആശങ്കയോടെയെങ്കിലും ഞങ്ങൾക്ക് ഒരു ആശ്വാസം തോന്നി.
ഒരു ചെറിയ വെടിനിർത്തൽ വന്നതായിരിക്കാം എന്ന് ഞങ്ങൾ കരുതി. പക്ഷേ ഞങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ഇത് സ്ഥിരീകരിക്കാൻ കഴിയുമായിരുന്നില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു കസിൻ ഇന്റർനെറ്റ് സിഗ്നൽ തേടിപ്പിടിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു, “അൽ-ഖസ്സാം ഒരു അമ്മയെയും മകനെയും വിട്ടയച്ചിരിക്കുന്നു”.
അത് ഞങ്ങളുടെ പ്രതീക്ഷകളെയും വളർത്തി. ഹമാസിന്റെ സായുധ സേന ഒരു ബന്ദിയെയും അവളുടെ കുട്ടികളെയും ഇസ്രായേലികൾക്ക് നൽകിയാൽ ചിലപ്പോൾ ഈ നിരന്തരമായ ആക്രമണങ്ങൾക്ക് ഒരു വിരാമം വന്നേക്കാം. ഞങ്ങളെല്ലാവരും വാർത്ത കാണുന്നതിനായി അവന്റെ അടുത്തേക്ക് തിടുക്കത്തിൽ ചെന്നു. കണക്ടിവിറ്റി അപ്പോഴും മോശമായിരുന്നു. അതിനാൽ ആരോ പഴയൊരു റേഡിയോ എടുത്ത് അതിന്റെ ഡയലുകൾ ഞങ്ങൾക്ക് ഏതെങ്കിലും റേഡിയോ സ്റ്റേഷൻ കിട്ടുന്നതുവരെ കറക്കി. എന്നാൽ റേഡിയോയിലും ബന്ദി മോചനത്തിന് അപ്പുറം കാര്യമായി വാർത്തകൾ ഒന്നും തന്നെ ഇല്ലായിരുന്നു.
യുദ്ധം ഉടനെ അവസാനിക്കുമെന്നോ, ഒരു വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടുവെന്നോ കരുതി അമ്മമാർ നെടുവീർപ്പിടുകയും ചെറിയ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ആ വാർത്ത കണ്ടതിനു ശേഷം ഞങ്ങൾക്കുണ്ടായ ഉർജ്ജത്തിൽനിന്നും ഞങ്ങൾ അമ്മമാർ കുട്ടികളെ ഉറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഞങ്ങൾ തറയിൽ വിരികൾ വിരിച്ചു. ഞങ്ങൾക്ക് വളരെ അടുത്ത് ഒരു ബോംബ് പതിച്ചാൽ ജനാലയുടെ ചില്ലുകൾ പൊട്ടിത്തെറിച്ച് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കാതിരിക്കാൻ അവർ ജനാലകളിൽ നിന്നും ദൂരത്തിലാണെന്ന് ഞങ്ങൾ ഉറപ്പുവരുത്തി. അപകടം സംഭവിക്കുന്നതിലും നല്ലത് ജാഗ്രതയാണ്.
കുട്ടികൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഞങ്ങൾ അവരിൽ നിന്ന് അൽപ്പം അകലെ ഇരുന്ന് സംസാരിച്ചു. ഞങ്ങളെല്ലാവരുടെയും തലയിൽ, ഈ ശാന്തത ഒരു വെടിനിർത്താലാണോ അതോ കൊടുംകാറ്റിന് മുൻപുള്ള ശാന്തതയാണോ എന്നുള്ള ചിന്തയായിരുന്നു. ‘ഞാനിത് ഇഷ്ടപ്പെടുന്നില്ല’, ഞങ്ങളുടെ ചുറ്റുമുള്ള ‘പിരിമുറുക്കം നിറഞ്ഞ ശാന്തത’യെക്കുറിച്ച് എന്റെ സഹോദരി പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഞാൻ ഇന്റർനെറ്റ് കണക്ട് ചെയ്യാൻ ശ്രമിച്ചു. ഈ സമ്മർദത്തെ ലഘൂകരിക്കാനെന്നോണം ‘നമുക്ക് ഒരു കാപ്പി കുടിക്കാം’ എന്ന് എന്റെഅനിയത്തി പെട്ടെന്ന് പറഞ്ഞു. ഞങ്ങൾ അടുക്കളയിലേക്ക് പോകാൻ എഴുന്നേറ്റു. ഞാൻ അവളുടെ പിന്നാലെ പോകുകയും കാപ്പി തിളയ്ക്കുന്ന വരെ അവളോടൊപ്പം നിൽക്കുകയും ചെയ്തു. അവൾ കാപ്പി രണ്ട് കപ്പിലേക്കു പകർന്നപ്പോഴേക്കും എല്ലാവർക്കും കൊടുക്കുന്നതിനായി ഞാൻ എന്റെ ബാഗിൽ ഒരു ബിസ്കറ്റിനായി പരതി.
ഒന്നോ രണ്ടോ വായ കാപ്പി കുടിച്ചപ്പോഴേക്കും ഒരു വലിയ സ്ഫോടനം സംഭവിച്ചു, അതിനെ തുടർന്ന് രണ്ടാമതും, മൂന്നാമതും സ്ഫോടനങ്ങൾ ഉണ്ടായി. ‘ആക്രമണം വീണ്ടും തുടങ്ങിയിരിക്കുന്നു’ സഹോദരി പറഞ്ഞു. കപ്പ് മേശയിലേക്കു വലിച്ചെറിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ നോക്കുന്നതിനായി തിരക്ക് കൂട്ടി. അവൾക്ക് നിരാശയും, ഭയവും ബാധിച്ച പോലെ തോന്നി. വീട് വളരെ ശക്തമായി കുലുങ്ങുന്നതിനാൽ കുട്ടികൾ ഉറങ്ങുന്നിടത്തേക്ക് നടക്കാൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു. ജനാലകൾ പൊട്ടി വീണ് വീട്ടിൽ ചില്ലുകൾ നിറയുമെന്ന ആശങ്ക സഹിക്കാനാവാത്തതായിരുന്നു, അതിനാൽ എന്റെ ഭർത്താവിനോട് എല്ലാ ജനാലകളും ശ്രദ്ധിക്കാൻ ഞാൻ പറഞ്ഞു.
അടുത്ത കുറച്ച് മണിക്കൂറുകൾ ഞങ്ങൾ മുഴുവനായും ഇരുട്ടിലായിരുന്നു. അതിനിടെ സ്ഫോടനത്തിന്റെ മുഴക്കം കൂടുതൽ ഉച്ചത്തിലാകുന്നതായി തോന്നി. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ബോംബുകൾ എവിടെയാണ് പൊട്ടുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഇന്റർനെറ്റും വൈദ്യുതി തടസവും വ്യാപകമായിരുന്നുവെന്ന് ഞാൻ കരുതുന്നു. കാരണം ഞങ്ങൾക്ക് ഇന്റർനെറ്റ് ലഭിച്ചപ്പോൾ പോലും മെസേജിംഗ് ഗ്രൂപ്പുകളിൽ പുതിയ അപ്ഡേറ്റുകളോ, പുതിയ വാർത്തകളോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒടുവിൽ, വടക്കുപടിഞ്ഞാറൻ ഗാസയിലെ അൽ-കറാമ, അൽ-മഖോസി, അൽ-മുഖാബറത് എന്നീ മൂന്ന് സിവിൽ പ്രദേശങ്ങളിൽ ബോംബിംഗ് നടന്നതായി ഞങ്ങൾ അറിഞ്ഞു. രാത്രിയിലെ ശേഷിച്ച സമയങ്ങളിലും, ഇന്ന് രാവിലെ വരെയും ബോംബിംഗ് നിർത്താതെ തുടർന്നു. അത് വളരെ അക്രമാസക്തവും തീവ്രവുമായിരുന്നു. ബോംബ് പതിച്ചത് ഞങ്ങളുടെ വീടിന് മുകളിലാണെന്ന് ഞാൻ പലപ്പോഴും കരുതി. എന്റെ കുഞ്ഞ് ഉറങ്ങുന്നിടത്തേക്ക് ഓടാൻ ഞാൻ ഒന്നിലധികം തവണ ചാടി എഴുന്നേറ്റു, അവനെ എടുത്ത് ഓടാൻ തയ്യാറായിക്കൊണ്ട്”.