ക്വിയർ രക്തസാക്ഷികൾ

ക്വിയർ മനുഷ്യരെ അപരരായി മാത്രം കണ്ടിരുന്ന ഒരു ഭൂവിഭാഗമായിരുന്നു/ആണ് കേരളം. ദൃശ്യതയിലും സ്വീകാര്യതയിലും ചെറുതായി മാറ്റം വന്നത് കഴിഞ്ഞ ഒരു പത്ത് വർഷങ്ങൾക്കിപ്പുറമാണ്. 2009 ൽ ദൽഹി ഹൈക്കോടതി ഐ.പി.സി 377 റദ്ദാക്കിയത് കേരളത്തിലെ ക്വിയർ ദൃശ്യത വർധിപ്പിക്കുകയും ക്വിയർ അവകാശ പ്രവർത്തനങ്ങൾക്ക് വേഗത നൽകുകയും ചെയ്തിരുന്നു. നാളിതുവരെ കേരളത്തിൽ സംഭവിച്ചതും പൊതു സമൂഹം അറിയാത്തതുമായ ക്വിയർ വ്യക്തികളുടെ വ്യത്യസ്ത സ്വഭാവങ്ങളിലുള്ള രക്തസാക്ഷിത്വങ്ങളെ അടയാളപ്പെടുത്തുകയാണിവിടെ. ആത്മഹത്യകൾ മാത്രമല്ല, കൊലപാതകങ്ങൾ, അസ്വാഭാവിക മരണങ്ങൾ, പൊടുന്നനെ സംഭവിച്ച മരണങ്ങൾ തുടങ്ങി കഴിഞ്ഞ രണ്ട് ദശകത്തിൽ നൂറിലധികം ക്വിയർ രക്തസാക്ഷികൾ നമുക്കുണ്ടായിട്ടുണ്ട്. കേരളത്തിൽ വർദ്ധിച്ചു വരുന്ന ക്വിയർ ആത്മഹത്യകൾ പോലും കൃത്യമായി അഭിസംബോധന ചെയ്യാത്ത സാഹചര്യത്തിൽ ഇതൊരു ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി നാം കാണേണ്ടതുണ്ട്. ക്വിയർ അസ്തിത്വം തുറന്ന് പറഞ്ഞ വ്യക്തികളുടെയും തുറന്ന് പറയാത്തവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടും ഈ ശ്രമം പ്രാധാന്യം അർഹിക്കുന്നുണ്ട്.

കേരളത്തിലെ ക്വിയർ-സ്വവർഗ്ഗ ആത്മഹത്യകളിൽ ആദ്യമായി ഒരു വസ്തുതാ പഠനം നടത്തിയ സഹയാത്രികയുടെ റിപ്പോർട്ടിനെ അധികരിച്ചുകൊണ്ട് ഡോ. രേഷ്മാ ഭരദ്വാജ് എഴുതിയ ‘മിഥ്യകൾക്കപ്പുറം സ്വവർഗ്ഗ ലൈംഗികത കേരളത്തിൽ’ എന്ന പുസ്തകത്തിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ ധാരണകളിൽ നിന്നും 2024ൽ കേരള സമൂഹം മുന്നേറിയോ എന്നത് പ്രസക്തമായ ചോദ്യമാണ്, ഈ ചോദ്യം ‘നിങ്ങൾ’ ഓരോരുത്തരോടുമാണ്? നാളിതുവരെ കേരളത്തിൽ നടന്ന ക്വിയർ മരണങ്ങളിൽ നിങ്ങൾക്കും-കേരള സമൂഹത്തിനും-പങ്കുണ്ട്, നിഷേധിക്കാനാകാത്ത സംഭാവനയുണ്ട്. ഞങ്ങളുടെ മരണം നിങ്ങളുടെ തെറ്റിദ്ധാരണകളിൽ നിന്നും അകാരണമായ ഭീതിയിൽ നിന്നും പീഡനങ്ങളിൽ നിന്നും ഉണ്ടായതാണ്, ഞങ്ങളെ സമൂഹം കൊല്ലുന്നതാണ്.

മിഥ്യകൾക്കപ്പുറം സ്വവർഗ്ഗ ലൈംഗികത കേരളത്തിൽ

നിർഭാഗ്യവശാൽ ക്വിയർ വ്യക്തികളുടെ മരണങ്ങൾ ആഘോഷിക്കുന്ന ‘സാംസ്കാരിക ഔന്നത്യം’ പേറുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന വസ്തുത മറക്കരുത്. നേരിട്ടും കുടുംബത്തിലും പൊതു ഇടത്തും സൈബർ ഇടങ്ങളിലും ഒറ്റക്കും കൂട്ടമായും ക്വീയർ വ്യക്തികളെ ആക്രമിച്ച് ഇല്ലാതാക്കാൻ ‘പ്രത്യേകം പരിശീലനവും വൈദഗ്ധ്യവും സിദ്ധിച്ച’ സ്കിൽഫുൾ സമൂഹമാണ് മലയാളികളുടേത്, അഭിമാനിക്കൂ; നിങ്ങളുടെ സാമർഥ്യം കൊണ്ട് മനുഷ്യർ ജീവൻ വെടിയുന്നതിൽ. ചരിത്രം ഞങ്ങളോട്-ക്വിയർ മനുഷ്യരോടും, അവരുടെ കുടുംബങ്ങളോടും- കാട്ടിയ അനീതികൾക്ക് മാപ്പ് പറയണം എന്ന ബഹുമാനപെട്ട സുപ്രീംകോടതി വിധിയുടെ സത്ത പോലും ഉൾകൊള്ളാൻ വൈമനസ്യമുള്ള പ്രബുദ്ധ കേരളവും വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനമുള്ള മലയാളികളും.

ഓർമ്മകളിൽ പ്രവീൺ

പ്രവീൺ നാഥ് എന്ന പേര് ഒരു ക്വിയർ വ്യക്തിയുടെ അസ്തിത്വത്തിന് കല്പിച്ചുനൽകിയ പേര് മാത്രം ആയിരുന്നില്ല. മറിച്ച് അവമതിപ്പുകളും ഒഴിവാക്കലുകളും വെറുപ്പും തെറിച്ചിരുന്ന സമൂഹത്തോട് കലാപം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രാതിനിധ്യത്തിന്റെ പേരും കൂടിയായിരുന്നു. വിടപറഞ്ഞ് ഒരു വർഷം തികയുമ്പോഴും പ്രവീണിന്റെ സാന്നിധ്യവും അദ്ദേഹം നടത്തിയ പോരാട്ടവും ഇന്നും ജ്വലിച്ച് നിൽക്കുകയാണ്. കേരത്തിലെ ഒരു ക്വിയർ സമുദായാംഗം എന്നതിനുമപ്പുറം പോരാട്ടത്തിന്റെ കൊടി പിടിച്ച സൗമ്യനായ ചെറുപ്പക്കാരൻകൂടിയായിരുന്നു പ്രവീൺ.

ജീവിതം തന്നെ പോരാട്ടമാക്കിയ ക്വിയർ വ്യക്തികൾക്ക് അനുദിനം നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ സിസ്-ഹെറ്ററോ വ്യക്തികളുടെ കണ്ണിലും മനസിലും അനുതാപത്തോടെ സ്വീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ക്വിയർ മനുഷ്യരെ അംഗീകരിക്കാൻ സാധിക്കാതെ അവർ പരാജയപ്പെട്ടു എന്ന് ഉറപ്പിച്ചുപറയാൻ സാധിക്കും. ക്വിയർ അസ്തിത്വങ്ങളോട് കാലാകാലങ്ങളിൽ വെച്ചുപൊറുപ്പിച്ച വെറുപ്പ് പെരുക്കികൂട്ടി വികൃതമാക്കിയ മനസുകളിൽ വൃണം പടർന്നതും അവർ അറിയുന്നില്ല എന്നതാണ് വാസ്തവം.

പ്രവീൺ നാഥ്

പ്രവീൺ തന്റെ സ്വത്വ പ്രതിസന്ധികളിൽ നിന്നും പുറത്ത് വന്ന് ആത്മാഭിമാനത്തോടെ ജീവിക്കാൻ ആരംഭിച്ച നാളുമുതൽ നേരിട്ട് പരിചയം ഉള്ളതിനാൽ തന്നെ അദ്ദേഹം കടന്നുപോയ കെട്ട നേരങ്ങളും ഏറെക്കുറെ അസ്വസ്ഥപെടുത്തുന്നവയുമാണ്. സമൂഹം പടർത്തുന്ന ഭീതികൾക്കപ്പുറം (phobia) സ്വസമുദായത്തിലെ അന്യവൽക്കരണം കൂടി നേരിടേണ്ടി വരുന്ന ക്വിയർ വ്യക്തി അനുഭവിക്കുന്ന ദ്വന്ദപ്രതിസന്ധി ഇനി ഒരാളും അനുഭവിക്കേണ്ടി വരരുത് എന്നത് മാത്രമാണ് ആഗ്രഹം.

ക്വിയർ വ്യക്തികളുടെ ജീവിതകാലങ്ങൾക്ക് വിവിധ ഘട്ടങ്ങൾ ഉണ്ടായിരിക്കും. സ്വയം മനസിലാക്കി അസ്തിത്വം അംഗീകരിക്കുന്ന ആദ്യ ഘട്ടവും, കുടുംബം, സമൂഹം, പ്രിയപ്പെട്ടവർ എന്നിവരുടെ അംഗീകാരം നേടുന്ന അടുത്ത ഘട്ടവും, മനസിനൊപ്പം ട്രാൻസ് വ്യക്തികൾ നടത്തുന്ന ശരീരം പരിവർത്തനം ചെയ്യുന്ന ഘട്ടം, തുടർന്ന് സ്വഭിമാനത്തോടെ ജീവിക്കാൻ നടത്തുന്ന തുടർ ഘട്ടവും ഇങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ക്വീയർ ജീവിതത്തെ ഒരുക്കിയെടുക്കേണ്ടതുണ്ട്. പ്രവീൺ തന്റെ അസ്തിത്വം മനസിലാക്കി അമ്മയുടെയും കുടുംബത്തിന്റെയും അംഗീകാരം നേടിയ സന്തോഷകരമായ ഘട്ടത്തിൽ നടത്തിയ പ്രസ്താവനകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം നേടിയ ഒരാളുടെ ആനന്ദം കണ്ടെത്താൻ സാധിക്കുന്നതാണ്. ഓരോ ക്വിയർ വ്യക്തിക്കും തന്റെ കുടുംബം നൽകുന്ന അംഗീകാരം അത്രത്തോളം പ്രാധാന്യം ഉള്ളതും ആത്മവിശ്വാസം പകരുന്നതുമാണ്. നിർഭാഗ്യവശാൽ എല്ലാ ക്വിയർ മനുഷ്യർക്കും കുടുംബത്തിന്റെ അംഗീകാരം ലഭിക്കുക എന്നത് നിലവിൽ സാധ്യമല്ലാത്ത ഒന്നായും തുടരാറുണ്ട്. തനിക്ക് ലഭിച്ച കുടുംബ അംഗീകാരത്തിന്റെയും ക്വിയർ സമൂഹത്തിന്റെയും ഊർജത്തിൽ നിന്നാണ് പ്രവീൺ തന്റെ കരിയർ വികസിപ്പിച്ചതും ചുറ്റുമുള്ള ഏവരെയും അത്ഭുതപ്പെടുത്തിയതും.

അത്യധികം കഠിനാധ്വാനത്തോടെ ഇന്ത്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബോഡിബിൽഡർ ആയി സ്വയം പരിവർത്തനം ചെയ്യുന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തുകൊണ്ട് വിജയം നേടുകയായിരുന്നു പ്രവീൺ ചെയ്തത്. ക്വിയർ സഹോദരങ്ങൾക്ക് മാതൃകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന അത്ര പരിചിതമല്ലാത്ത ഒരു മുൻ നടത്തം ആയിരുന്നു അത്. തന്റെ കോളേജ് ജീവിതം അവസാനിച്ചു എന്ന് തോന്നിയ ഇടത്തുനിന്നും കേരള സർക്കാരിന്റെ ട്രാൻസ്ജെൻഡർ സ്കോളർഷിപ്പോടെ എറണാകുളം മഹാരാജാസിൽ പഠനം ആരംഭിക്കുകയും, ‘സഹയാത്രിക’ എന്ന ക്വിയർ അവകാശ സംഘടനയിൽ ജീവനക്കാരൻ ആകുകയും ചെയ്തുകൊണ്ട് പ്രവീൺ മാതൃക ആയികൊണ്ടേയിരുന്നു.

പ്രവീൺ നാഥും അമ്മ വത്സലയും

ഇതിനിടയിൽ തന്നെ ശ്രീജിത്ത് സുന്ദരം സംവിധാനം ചെയ്ത ‘പറയാൻ മറന്ന കഥകൾ’ എന്ന, ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിത കഥ പറഞ്ഞ നാടകത്തിലും അഭിനയിച്ചിരുന്നു. കേരളത്തിലെ ക്വിയർ ആഘോഷവേദികളിൽ പ്രവീണിന്റെ നൃത്തം ഇല്ലാത്ത വേദികളും ചുരുക്കും ആയിരുന്നു. ഒരു ക്വിയർ വ്യക്തി എത്രത്തോളം പ്രതിഭാസമ്പന്നനായിരുന്നു എന്നതിന്റെ ഉത്തമോദാഹരണം ആയി അദ്ദേഹം നിറഞ്ഞുനിന്നു.

2023 ലെ വാലെന്റൈൻസ് ദിനത്തിലാണ് പ്രണയസാഫല്യം പോലെ പ്രവീണിന്റെ വിവാഹം നടന്നത്, എന്നാൽ കുടുംബം എന്ന വ്യവസ്ഥാപിത അധികാര ഘടനയിൽ ക്വീയർ വ്യക്തികൾ തങ്ങളെ തന്നെ സ്ഥാപിക്കുമ്പോൾ സിസ്-ഹെറ്ററോ ശീലങ്ങളെ, :മാതൃകകളെ’ അനുകരിക്കാതെ ഇരിക്കുന്നതാകും ഉത്തമമെന്ന് വേദനയോടെ അവൻ ഓർമിപ്പിക്കുന്നു. വിവാഹം, കുടുംബം, തുടർ ജീവിതം എന്നിവ പരസ്പര ബഹുമാനത്തോടൊപ്പം ക്വിയർനെസ്സ്കൂടി (Queerness) അംഗീകരിക്കുന്ന മാനസിക പക്വതയും പങ്കാളികൾ പ്രകടിപ്പിക്കേണ്ടതുണ്ട്. പ്രവീൺ തന്നെ വെളുപ്പെടുത്തിയ ഗാർഹിക പീഡനവിവരങ്ങൾ ഏവരെയും ഞെട്ടിക്കുന്നതും ക്വിയർ മനുഷ്യർക്കിടയിൽ തന്നെ പരിവർത്തനവും അവബോധവും ലഭിക്കേണ്ട ചില വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ, കാഴ്പാടുകളിലെ വിഭിന്നത, അനുഭവം, പരിസരം, അറിവ്, കാര്യനിർവഹണ ശേഷി, സ്വയം മനസിലാക്കൽ എന്നിങ്ങനെ നൈപുണികൾ വ്യക്തികൾക്ക് വ്യത്യസ്തമായിട്ടാകും ഉണ്ടാകുക, പങ്കാളികൾ അവ പരസ്പരം യോജിപ്പോടെ പ്രവർത്തികമാക്കുകയായിരുന്നു ചെയ്യേണ്ടതും. നിർഭാഗ്യവശാൽ അത് പ്രവീണിന്റെ ജീവിതത്തിൽ വിപരീതമായി ഫലിച്ചു എന്ന് വേണം അനുമാനിക്കാൻ.

മിസ്റ്റർ കേരള പുര്സ്ക്കാരവുമായി പ്രവീൺ നാഥ്

ക്വിയർ സമൂഹത്തിനിടയിൽ തന്നെ അസ്തിത്വ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത വ്യക്തികളും ഉണ്ടെന്നത് വസ്തുതയാണ്. പ്രത്യേകിച്ച് ജെൻഡർ വാർപ്പ് മാതൃകകളെ അതേപോലെ പിൻപറ്റുവാൻ നിർബന്ധിക്കുന്ന ശീലങ്ങളും പുരുഷാധികാര പ്രവണതകളെ, ബൈനറി സങ്കൽപ്പങ്ങളെ പിൻപറ്റുന്ന ക്വീയർ വ്യക്തികളും ഉണ്ടെന്നത് മറച്ചുവെക്കേണ്ട യഥാർഥ്യമല്ല. എന്നാൽ പ്രവീണിന്റെ സ്വകാര്യ കുടുംബ ജീവിതത്തെ സോഷ്യൽ മീഡിയയും-നവ മാധ്യമങ്ങളും കൈകാര്യം ചെയ്ത രീതിയും അങ്ങേയറ്റം മോശമായിട്ടായിരുന്നു. ഒരു ഘട്ടത്തിൽ പ്രവീൺ നേരിട്ട് അഭ്യർത്ഥിക്കുകകൂടി ചെയ്തിട്ടും സൈബർ ആക്രമണം അവസാനിപ്പിക്കുവാൻ അവർ ശ്രമിച്ചില്ല.

പ്രവീണിന്റെ വ്യക്തിപ്രഭാവവും സവിശേഷതയും ഈ അതിക്രമങ്ങൾക്ക് ആക്കം കൂട്ടി എന്ന് വേണം അനുമാനിക്കാൻ, അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനവും സുഹൃത്തുക്കളും അടക്കം സുഖകരമല്ലാത്ത ബന്ധം തുടരുന്നതിന്റെ അപകടം പല തവണ ബോധ്യപ്പെടുത്തി എങ്കിലും ആത്മാർത്ഥതയും, തന്റെ ഒരു തീരുമാനവും തെറ്റായ സന്ദേശം നൽകരുതെന്ന നിർബന്ധ ബുദ്ധിയും കൂടുതൽ വഷളായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. ക്വിയർ വ്യക്തികളുടെ സ്നേഹ ബന്ധം പലപ്പോഴും ഇതേ ഫോർമുലയിൽ പ്രവർത്തിക്കുന്നത് കണ്ടിട്ടുമുണ്ട്. ഒരേസമയം അങ്ങേയറ്റം വേദനിപ്പിക്കുന്നതിനും അതോടൊപ്പം സ്നേഹിക്കുന്നതിനും വൈകാരിക വിക്ഷോഭങ്ങൾക്ക് പാത്രമാകാനും ക്വിയർ ബന്ധങ്ങൾക്ക് സാധിക്കും. അത്രത്തോളം സ്റ്റിഗ്മ നിറഞ്ഞ അനുഭവങ്ങൾ അവരെ ഇവ്വിധം കണ്ടീഷൻ ചെയ്തിട്ടുണ്ട്. ക്വിയർ ബന്ധങ്ങൾക്കിടയിലെ വൈകാരിക ചൂഷണവും ഉറപ്പായും ചർച്ചയാകുകയും സമൂഹത്തിലെ തെറ്റായ പ്രവണതകളെ പകർത്തുന്ന രീതികൾ ക്വിയർ സമൂഹം അവസാനിപ്പിക്കുകയും വേണം എന്നിതിനും തർക്കമില്ല. സ്വയമേ വേദനകളെ സ്വംശീകരിച്ചുകൊണ്ട് അവയെ ഇല്ലാതാക്കാനുള്ള സവിശേഷമായ കഴിവ് ക്വിയർ വ്യക്തികൾ പ്രകടിപ്പിക്കുന്നത്- സ്വയം ഉരുകാൻ നിർബന്ധിതരാകുന്നത്- കൂടുതൽ അപകടകരമായ അവസ്ഥകളാണ് സൃഷ്ടിക്കുന്നത്.

പ്രവീൺ തന്റെ സാമൂഹ്യമാധ്യമം വഴി അവസാനമായി അഭ്യർത്ഥിച്ചതും, അദ്ദേഹത്തെ ഉപദ്രവിക്കരുത് എന്നാണ്. നിർഭാഗ്യവശാൽ-മനഃപൂർവം-ക്വിയർ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരസ്യപെടുത്തി വാർത്ത ചമയ്ക്കുന്ന അത്യന്താധുനിക മാധ്യമപ്രവർത്തനത്തിന്റെ അനീതിയുടെ ഇര കൂടിയാണ് പ്രവീൺ. അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ചില തകരകളായ വർഗീയ സംഘടനകളും, നവ മാധ്യമങ്ങളും നടത്തിയ ശ്രമങ്ങൾ കാണാതെ പോകരുത്.

ക്വിയർ മനുഷ്യർക്കിടയിൽ പെട്ടെന്നൊരു ദിവസം കേൾക്കുന്ന ആത്മഹത്യാവാർത്താ ‘സാധാരണം’ എന്ന നിലയിലേക്ക് മാറുന്നു എന്നതാണ് അതീവ ദാരുണമായ അവസ്ഥ. മൈനോറിറ്റി സ്ട്രെസ്സ് അഥവാ ‘ന്യൂനപക്ഷ ക്ലേശം’ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഏതൊരു നേർത്ത മാനസികാവസ്ഥയുള്ള വ്യക്തിയും പ്രശ്ന പരിഹാരം എന്ന നിലയിൽ ആദ്യം ആലോചിക്കുന്ന മാർഗങ്ങളിൽ പ്രഥമ പരിഗണന തന്നെത്തന്നെ ഇല്ലാതാക്കി പ്രശ്നത്തെ അവസാനിപ്പിക്കുക എന്നതാണ്. ഡേവിഡ് ക്ളോൻസ്കി, അലക്സിസ് മെയ് എന്നിവരുടെ ആത്മഹത്യാ പഠനങ്ങളിലെ പ്രധാന മുന്നറിയിപ്പായി ത്രീ സ്റ്റെപ്പ് തിയറി വെളിപ്പെടുത്തുന്നത് ഒരു വ്യക്തി സ്വമരണം തിരഞ്ഞെടുക്കുന്ന അവസ്ഥ സൃഷ്ടിക്കുന്ന ഘടകങ്ങളെ വെളിപ്പെടുത്തിക്കൊണ്ടാണ്. വേദന, നിരാശ, ഇവയെ ബന്ധിപ്പിക്കുന്ന ഘടകങ്ങൾ, ആത്മഹത്യ ചെയ്യാനുള്ള ശേഷി എന്നിവ. എന്നാൽ സിസ് വ്യക്തികളിൽ നടത്തിയ ഈ പഠനം ക്വിയർ സാഹചര്യത്തിലേക്ക് ആരോപിക്കുമ്പോൾ, സമൂഹം ഏല്പിക്കുന്ന നോർമൽ-സാധാരണം എന്ന അതിഭാവുകത്വം ഒരു ഉൾപ്രേരകമായി വർത്തിക്കുകയും ഈ ഘടകങ്ങളെ ക്വിയർ മനുഷ്യരിലും ആക്ടിവേറ്റ് ചെയ്യിക്കാം എന്ന അനുമാനത്തിൽ എത്തിച്ചേരാവുന്നതാണ്. നിലവിൽ ക്വിയർ മനുഷ്യർ അനുഭവിക്കുന്ന അതിമാനസിക സമ്മർദ്ദവും പരാജയ ഭീതിയും ഈ അവസ്ഥകളെ കൂടുതൽ മോശപെടുത്തുകയും ചെയ്യുന്നുണ്ട്.

പ്രവീൺ നൽകിയ ഊർജവും പിന്തുണയും കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന, സ്വന്തം അസ്തിത്വം മനസിലാക്കിയ അനേകം മനുഷ്യർ അവന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും ഒപ്പം വേദനിക്കുന്നുണ്ട്. ഒരുപക്ഷേ തന്റെ ജീവിതത്തെ കുറിച്ച് ഒരു നിമിഷം ആശങ്കകൊണ്ട് ജീവിതം വേണോ വേണ്ടയോ എന്ന വിഷമവൃത്തത്തിൽ നിൽകുമ്പോൾ ലഭിക്കാതെപോയ ആ കൈ, നമ്മുടെ ആരുടെയെങ്കിലും ആകാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read