കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതിനെ തുടർന്ന് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ ശബരിമലയ്ക്കടുത്തായി അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നതിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് കേരള സർക്കാർ. പരിസ്ഥിതി മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള അംഗീകാരത്തിന് അപേക്ഷിക്കുന്നതിന് മുന്നോടിയായി കേരളം നടത്തേണ്ടിയിരുന്ന സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ടും 2023 മെയ് മാസം പുറത്തുവന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റ് നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ കരട് പുറത്തുവന്നതോടെ ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്ന തദ്ദേശീയരായ ജനങ്ങൾ പലതരം ആശങ്കകൾ ഉന്നയിച്ച് തുടങ്ങിയിരിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എരുമേലി, മണിമല പഞ്ചായത്തുകളിൽ സ്ഥലമേറ്റെടുക്കൽ ബാധിക്കുന്ന വ്യക്തികളെ കേൾക്കുന്നതിനായി നടന്ന പൊതുതെളിവെടുപ്പിൽ അത്തരം ആശങ്കകൾ വ്യാപകമായി ഉന്നയിക്കപ്പെടുകയുണ്ടായി. ഹാരിസൺസ് മലയാളം പ്ലാന്റേഷൻ നിയമവിരുദ്ധമായി കൈവശം വച്ചിരുന്നതായി സർക്കാർ കണ്ടെത്തിയതും അവർ അനധികൃതമായി ബിലീവേഴ്സ് ചർച്ചിന് വിൽപ്പന നടത്തിയതുമായ ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി മുഖ്യമായും ഏറ്റെടുക്കേണ്ടത് എന്നതും പ്രതിസന്ധിയായി തുടരുകയാണ്. ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടർ നൽകിയ കേസിന്റെ വാദം പാലാ സബ്കോടതിയിൽ തുടരുമ്പോഴാണ് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പണം കെട്ടിവച്ച് സർക്കാർ ഈ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ 1,039.8 ഹെക്ടർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റ് പരിധിയിലും 123.53 ഹെക്ടർ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ വിവിധ വ്യക്തികളുടെ ഭൂമിയുമാണ്. കരട് റിപ്പോർട്ട് പ്രകാരം പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നത് 285 വീടുകളെയും 358 ഭൂവുടമകളെയുമാണ് നേരിട്ട് ബാധിക്കുക. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ മാത്രം വിമാനത്താവള റൺവേ ഒതുങ്ങി നിൽക്കില്ല എന്നത് പഠനത്തിൽ കണ്ടെത്തിയതുകൊണ്ടാണ് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടി വരുന്നതെന്നും ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളിൽ മാത്രം റൺവേ നിർമ്മിച്ചാൽ റൺവേയുടെ ഒരു ഭാഗം വനപ്രദേശത്തേക്ക് എത്തുമെന്നും ഇത് വിമാനത്താവള നിർമ്മാണത്തിനും ഭാവി വികസനത്തിനും തടസ്സമാകുമെന്നുമാണ് സർക്കാർ നിയമിച്ച കൺസൾട്ടൻസിയായ ലൂയി ബഗ്ർ കമ്പനിയുടെ അഭിപ്രായം. അങ്ങനെയാണ് ആദ്യം ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം ഒതുങ്ങുമെന്ന് കരുതിയ പദ്ധതി ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
“ഞങ്ങളുടെ കുടുംബം വർഷങ്ങളായി ഇവിടെ താമസിക്കുന്നതാണ്. 60 കൊല്ലത്തിൽ കൂടുതലായി കാണും. പെട്ടെന്ന് ഇറങ്ങിപോകണം എന്ന് പറഞ്ഞാൽ… എന്റെ പപ്പാ, പപ്പാടെ അമ്മ, അവരുടെ അമ്മ എല്ലാം ഈ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. എന്റെ അമ്മ ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ട്. നമ്മൾ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ നമുക്ക് ജീവിക്കാനുള്ള എന്തെങ്കിലും കിട്ടണം. പദ്ധതിക്ക് എതിരെന്ന് പറയാൻ പറ്റില്ല. വികസനം വരുന്നതല്ലേ? പക്ഷേ ഞങ്ങക്ക് ജീവിക്കാൻ എന്തേലും കിട്ടണ്ടേ?” ചെറുവള്ളി എസ്റ്റേറ്റിലെ ലയത്തിൽ താമസക്കാരനായ ജ്യോതിഷ് ചോദിക്കുന്നു.
“സാമൂഹികാഘാത പഠനം നടത്തിയവർ കുറേ ചോദ്യങ്ങൾ ചോദിച്ച് പോയതേയുള്ളൂ. എത്ര ഭൂമി പോകുമെന്നോ, എത്ര തുക കിട്ടുമോയെന്നോ പറഞ്ഞിരുന്നില്ല. ഇതിനെക്കുറിച്ച് ആളുകൾക്ക് മനസിലാക്കി കൊടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും മുൻകൈ എടുത്തിട്ടില്ല.” എരുമേലി അഞ്ചാം വാർഡിൽ താമസിക്കുന്ന സുബിച്ചൻ പറയുന്നു. “നമ്മളന്ന് കരുതിയത് സ്ഥലമെടുക്കുന്നത് ചെറുവള്ളി എസ്റ്റേറ്റിൽ ഒതുങ്ങും എന്നാണ്. പഠനം നടത്തിയവർ പദ്ധതി വരുന്നതിൽ താൽപ്പര്യമുണ്ടോ എന്നുള്ളത് കുറേ ചോദ്യങ്ങൾക്കിടയിൽ ചോദിച്ചുപോയതേയുള്ളൂ. ചെറുവള്ളി എസ്റ്റേറ്റിൽ മാത്രമാണ് പദ്ധതിക്കായി സ്ഥലം എടുക്കുന്നതെന്നും, വിമാനത്താവളം വരുന്നതിൽ താൽപ്പര്യമുണ്ടോ എന്നുമാണ് ആ ചോദ്യമെന്ന് എല്ലാവരും കരുതി. ആദ്യ കാലഘട്ടങ്ങളിൽ നമ്മൾ കുറേ ആളുകൾ വിമാനത്താവളത്തിന് അനുകൂലമായി സംസാരിച്ചിരുന്നു. കാരണം ഞാനടക്കമുള്ള പലരും തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. നമ്മുടെ സ്ഥലത്തിന് ഭയങ്കരമായ വില കിട്ടുമെന്ന് കരുതി. നമ്മുടെ സ്ഥലത്തിന്റെ വിലയേക്കാൾ മൂന്ന് ഇരട്ടി വില കിട്ടും എന്നാണ് വിചാരിച്ചത്. പിന്നീടാണ് പറയുന്നത് താരിഫ് വിലയുടെ ഒന്നര ഇരട്ടിയാണ് കിട്ടുന്നതെന്ന്. നിലവിൽ ഒന്നര-രണ്ട് ലക്ഷം രൂപ വിലയുണ്ട് ഇവിടെ ഒരു സെന്റിന്. ആധാരത്തിൽ രണ്ടര സെന്റിന് താരിഫ് വില 40,000- 50,000 ഒക്കയേ വരൂ. ഇതിന്റെ വ്യത്യാസം ആർക്കും അറിയില്ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ മൂന്നിലൊന്ന് വില പോലും കിട്ടില്ല.” എന്നും സുബിച്ചൻ പരാതിപ്പെട്ടു.
ഇവിടെയുള്ള ഭൂരിഭാഗം ആളുകളും തലമുറകളായി ഇവിടെ താമസിക്കുന്ന, റബ്ബർ കർഷകരായ സാധാരണക്കാരാണെന്നും ഭൂമി നഷ്ടമായാൽ എങ്ങനെ ജീവിക്കുമെന്നും സുബിച്ചന് ആശങ്കയുണ്ട്. പൂർവ്വികരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത പള്ളികൾ പോലും വിട്ടുകൊടുക്കുന്നതിൽ മാനസിക പ്രയാസമുണ്ടെന്നും അറുന്നൂറ് കുടുംബങ്ങളോളം പുതിയ സ്ഥലം വാങ്ങി താമസമാക്കുക എന്നത് പ്രായോഗികമാണോ എന്നും സുബിച്ചൻ ചോദിക്കുന്നു.
എസ്റ്റേറ്റിനകത്ത് തന്നെ ഉണ്ട് ആവശ്യത്തിന് സ്ഥലം. വെളിയിൽ നിന്നെടുക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് എരുമേലി പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസക്കാരനായ അതുൽ ചോദിക്കുന്നത്. “ഞങ്ങൾ പറയുന്നത് എഴുതിയെടുക്കാൻ ആദ്യം കുറച്ചുപേർ വന്നിരുന്നു. അന്ന് വിമാനത്താവളം വരുന്നതിന് എതിരാണോയെന്ന് ചോദിച്ചു. നമ്മൾ ഇല്ലെന്ന് പറഞ്ഞു. അധികം ആളുകളും അങ്ങനെ തന്നെയാണ് പറഞ്ഞത്. ഞങ്ങൾ എസ്റ്റേറ്റിന്റെ സ്ഥലം ആയിരിക്കുമെന്നാണ് കരുതിയത്. വികസനത്തിനൊന്നും എതിരല്ല. എന്നാൽ ഞങ്ങളന്ന് പദ്ധതിക്ക് അനുകൂലമാണ് എന്ന് പറഞ്ഞത് സ്ഥലമൊഴിയാൻ സമ്മതമാണെന്ന രീതിയിലാണ് അവർ എഴുതിവച്ചിരിക്കുന്നത്. ഞങ്ങളോടങ്ങനെ വിശദമായ സംസാരിച്ചിട്ടില്ല. ഇവിടെയുള്ള 90 ശതമാനത്തിലധികം പേരും കൃഷിക്കാരാണ്. ഞങ്ങൾക്ക് ഈ കൃഷിഭൂമി വിട്ട് പോകുക ബുദ്ധിമുട്ടാണ്.” അതുൽ പറയുന്നു.
സാമൂഹിക ആഘാത പഠന റിപ്പോർട്ട് പറയുന്ന പ്രകാരം, ചെറുവള്ളി എസ്റ്റേറ്റിലെ 2,21,432 റബർ മരങ്ങളും 81,345 റബർ തൈകളും വെട്ടിമാറ്റേണ്ടിവരും. എസ്റ്റേറ്റിന് പുറത്തു സ്വകാര്യ വ്യക്തികളുടെ 31,313 റബർ മരങ്ങളും വെട്ടേണ്ടി വരും. എസ്റ്റേറ്റിനുള്ളിൽ 64 ഹെക്ടർ സ്ഥലത്തെ പൈനാപ്പിൾ കൃഷിയെയും എസ്റ്റേറ്റിന് പുറത്ത് 11620 മൂട് പൈനാപ്പിളിനെയും ബാധിക്കും. എസ്റ്റേറ്റിനുള്ളിൽ 1200 തേക്കും 200 ആഞ്ഞിലിയും എസ്റ്റേറ്റിന് പുറത്ത് 2552 തേക്കും 2744 ആഞ്ഞിലിയും വെട്ടിമാറ്റേണ്ടിവരുമെന്ന് കരട് റിപ്പോർട്ട് പറയുന്നു. ജനങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന നാണ്യവിളകളും ഫലവൃക്ഷങ്ങളും വ്യാപകമായി വെട്ടിമാറ്റേണ്ടിവരുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
“മണിമലയാറിന്റെ പ്രധാന കൈത്തോടാണ് കാരിത്തോട്. അവിടെ ഒരു അമ്പലമുണ്ട്. അതിൽ അഞ്ചുകുഴി എന്നൊരു സ്ഥലമുണ്ട്. അഞ്ച് കുഴികൾ പ്രകൃതിദത്തമായി ഉണ്ടായതാണ്. അതിന്റെ ഒക്കെ മുകളിൽ കൂടിയാണ് വിമാനത്താവളം വരുന്നത്. അതിനെപ്പറ്റി ഒന്നും പഠനത്തിൽ പറയുന്നില്ല. മണിമല പഞ്ചായത്തിലെ പാലത്തിനങ്കൽ നീർത്തടം ഇത് വഴി നശിക്കാൻ സാധ്യതയുണ്ട്. ഇതുപോലെ ഒരുപാട് ചെറിയ തോടുകളും കൈത്തോടുകളുമൊക്കെയുണ്ട്. അതിനെപ്പറ്റി ഒന്നും ഇവർ സൂചിപ്പിക്കുന്നേ ഇല്ല. ചോദ്യം ചോദിക്കുമ്പോൾ പദ്ധതിയോട് അനുകൂലമാണോയെന്ന് മാത്രം ചോദിക്കും. തോട്ടത്തിനകത്ത് വരുന്നതിന് അനുകൂലമെന്ന് ആളുകൾ പറഞ്ഞതെല്ലാം റിപ്പോർട്ടിൽ തെറ്റായി വന്നിട്ടുണ്ട്. അത് തിരുത്താൻ പറഞ്ഞിട്ടുണ്ട്. സെന്റിനൊക്കെ നല്ല വില കിട്ടുമെന്ന് ഇവിടെ കള്ള പ്രചരണം നടക്കുന്നുണ്ട്. തോട്ടത്തിനകത്ത് വിമാനത്താവളം വരുന്നതിൽ എതിർപ്പില്ല. എരുമേലിയിൽ ഒരു എയർപോർട്ട് വരുമ്പോൾ എരുമേലി നിവാസികൾക്ക് ഒരു പ്രയോജനവും കിട്ടുന്നില്ല. നമ്മളൊക്കെ കുടിയിറക്കപ്പെടുകയാണ്. ഇതിന്റെ പാക്കേജോ കാര്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. പൊതുവിൽ നിലനിൽക്കുന്ന പാക്കേജ് വെച്ച് ഇവിടെ നിന്ന് ഇറക്കപ്പെട്ടാൽ ജീവിക്കാൻ പറ്റില്ല. ഞങ്ങളൊരു ആക്ഷൻ കൗൺസിലൊക്കെ രൂപീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ഞങ്ങൾ കേസ് കൊടുത്തിട്ടുണ്ട്.” എരുമേലി സ്വദേശി മനോജ് തോമസ് പറയുന്നു. സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന 300 കുടുംബങ്ങളെ കേൾക്കുന്നതിന് വേണ്ടി ജൂൺ 12ന് എരുമേലി റോട്ടറി ഹാളിലും, ജൂൺ 13ന് മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിങ് നടത്തിയിരുന്നു. സാമൂഹിക ആഘാത പഠനത്തിന്റെ പാളിച്ചകൾ ആ പബ്ലിക്ക് ഹിയറിങ്ങിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്നും മനോജ് തോമസ് പറഞ്ഞു.
“ജീവിക്കാനുള്ള സാഹചര്യങ്ങളെല്ലാം പ്രതികൂലമായിട്ടാണ് നിക്കുന്നത്. രണ്ട് മൂന്ന് തലമുറക്ക് മുകളിലായി ഞങ്ങൾ എസ്റ്റേറ്റിലാണ് താമസം. മുൻപ് താൽക്കാലിക ജോലിയുണ്ടായിരുന്നു അവിടെ. അമ്മ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. 30 കൊല്ലമായി അവിടെയാണ് ജോലി ചെയ്യുന്നത്. അച്ഛൻ 38 കൊല്ലത്തോളം ജോലി ചെയ്തോണ്ടിരുന്നതാണ്. വിമാനത്താവളത്തെ ഞങ്ങൾ സ്വാഗതം ചെയ്തതാണ്. നമുക്ക് ജോലി നഷ്ടപ്പെടുമ്പോൾ മുന്നോട്ടുള്ള കാര്യങ്ങൾക്കായി ഒരു പാക്കേജോ മറ്റോ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായാൽ പ്രശനമില്ല, അനുകൂലമായി തന്നെ നിൽക്കും. ഇവിടെയുള്ള തൊഴിലാളികൾക്ക് 58 വയസ് വരെ എങ്കിലും സ്ഥിരവരുമാനമുള്ളതാണ്. അപ്പോൾ നമ്മുടെ ഭാവിയും കൂടി പരിഗണിച്ചാണെങ്കിൽ നമുക്ക് സന്തോഷം.” ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരനായ ഷിനു പറയുന്നു.
എരുമേലിയിൽ ഒരു ഇന്റർ നാഷ്ണൽ എയർപോർട്ടിന് സാധ്യതയില്ല എന്നാണ് എരുമേലി സ്വദേശിയും റിട്ടേർഡ് അധ്യാപകനുമായ ജയിംസ് പറയുന്നത്. “അയ്യപ്പ ഭക്തൻമാർ വരുന്നത് സീസണിൽ മാത്രമാണ്. ഡിസംബർ-ജനുവരി, മലയാള മാസം ഒന്നാം തീയതി… ഇങ്ങനെ കുറച്ച് ദിവസം മാത്രമാണ്. വരുന്ന അയപ്പന്മാർ കൂടുതലും സാധാരണക്കാരാണ്. വിദേശത്ത് നിന്ന് അയ്യപ്പൻമാർ വന്നെന്ന് ഇരിക്കും. അവർ കോടീശ്വരന്മാരാണ്. അവർക്ക് പെട്ടെന്ന് വന്ന് പോകാനാണെങ്കിൽ ഡൊമസ്റ്റിക് എയർപോർട്ട് പോരെ. ഇത്രയും പൈസ ചിലവാക്കി ആളുകളെ കുടിയൊഴിപ്പിച്ച് ഇന്റർ നാഷ്ണൽ എയർപോർട്ടിന്റെ ആവശ്യമുണ്ടോ?” ജയിംസ് ചോദിക്കുന്നു.
“ഇങ്ങനെയുള്ള ഒരു സ്ഥലത്ത് എയർപോർട്ട് ഉണ്ടാക്കുന്നത് ശരിയല്ല. ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന് പറയുന്നത് ഒരു കൺസ്ട്രക്ഷനോ മറ്റ് ബിൽഡിങ്ങുകളോ ഒന്നും ഇല്ലാത്ത സ്ഥലത്തായിരിക്കണം. പുതുതായി ഒരു സ്ഥലം ഏറ്റെടുത്താണ് അങ്ങനെ ഒരു ഗ്രീൻ ഫീൽഡ് എയർപോർട്ട് നിർമ്മിക്കേണ്ടത്. ഇവിടെ അങ്ങനെ അല്ല. ഇവിടെ കുന്നുകളും പൊക്കം കൂടിയ സ്ഥലങ്ങളും തോടുകളും ധാരാളം ഉണ്ട്. ഈ പദ്ധതി പ്രകൃതിക്ക് വളരെ അധികം ദോഷം ചെയ്യും. ഇവിടെയുള്ള സസ്തനികൾ, വൃക്ഷങ്ങൾ, ഉരഗങ്ങൾ, ദേശാടനക്കിളികൾക്കൊക്കെ നാശം സംഭവിക്കും. റൺവേക്ക് വേണ്ടിയിട്ടാണ് ഞങ്ങടെ ഭാഗങ്ങൾ എടുക്കുന്നത് എന്ന് പറയുന്നു. മനുഷ്യവാസം ഇല്ലാത്ത ഭാഗങ്ങളിലേക്ക് അത് മാറ്റിക്കൂടെ? ഈ തോട്ടം തന്നെ 3000 ഏക്കറിന് മുകളിലുണ്ട്. ഈ പാവപ്പെട്ട കർഷകരുടെ സ്ഥലം ഏറ്റെടുക്കുന്നത് എന്തിനാണ്? പ്രകൃതിയെ ചൂഷണം ചെയ്യാതെ, അധികമാളുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കുകയാണ് വേണ്ടത്.” ജയിംസ് ചൂണ്ടിക്കാണിക്കുന്നു. ചെറുവള്ളി എസ്റ്റേറ്റ് കേസിൽ ഉൾപ്പെട്ട സ്ഥലമാണെന്നും എയർപോർട്ട് നിർമ്മിക്കണമെങ്കിൽ കേസുകൾ ഇല്ലാത്ത സ്ഥലം വേണമെന്ന നിബന്ധനയുള്ളതല്ലേ എന്നും അദ്ദേഹം സംശയം ഉന്നയിച്ചു.
ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടേതാണെന്ന് കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചും സർക്കാർ ഭൂമിയാണെന്ന് സർക്കാർ രേഖകളും വ്യക്തമാക്കുന്ന തർക്കഭൂമിയാണ്. ഹാരിസൺ മലയാളം എന്ന വിദേശ കമ്പനി ബിനാമി ഇടപാടിലൂടെ ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തിൽപ്പരം ഏക്കർ ഭൂമി കൈവശപ്പെടുത്തിയിരുന്നു. ഇതിൽ പലതും നിയമ വിരുദ്ധമായി മുറിച്ച് വിൽപന നടത്തുകയും ചെയ്തു. ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം 2016 സെപ്റ്റംബർ 24ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് രാജ്യത്ത് വിദേശ കമ്പനികൾ കൈവശം വച്ച് കൊണ്ടിരുന്ന തോട്ടങ്ങൾ ഉൾപ്പടെയുള്ള ഭൂമികളുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം അതാത് സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിഷിപ്തമാക്കുന്ന ഇന്ത്യൻ ഇന്റിപെന്റന്റ് ആക്ടിനെ അട്ടിമറിച്ചു കൊണ്ടായിരുന്നു ഈ വിൽപ്പന. 2005 ലാണ് ഹാരിസൺസ് മലയാളം കൈവശം വച്ചിരുന്ന ചെറുവള്ളിയിലെ 2263 ഏക്കർ ഭൂമി ബിലീവേഴ്സ് ചർച്ചിന് വിറ്റത്. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി വിറ്റതെന്ന് വിജിലൻസ് ഡി.വൈ.എസ്.പിയായിരുന്ന നന്ദനൻ പിള്ള അന്വേഷണത്തിൽ കണ്ടെത്തുകയും ഹാരിസൺസിന് ഭൂമി കൈമാറ്റം ചെയ്യാൻ അവകാശമില്ലെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. 2008ൽ തഹസിൽദാർ പോക്കുവരവ് റദ്ദ് ചെയ്തു. സ്പെഷ്യൽ ഓഫീസറായിരുന്ന രാജമാണിക്യം നൽകിയ റിപ്പോർട്ട് പ്രകാരം വിവിധ ജില്ലകളിൽ ഹാരിസൺസ് കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുക്കുന്നതിന് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾക്കെതിരെ തോട്ടം കൈവശം വച്ചിരിക്കുന്ന കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയും ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദ് ചെയ്യുകയുമായിരുന്നു. സ്‌പെഷ്യൽ ഓഫീസർക്ക് ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണെന്ന് തെളിയിക്കാനുള്ള അധികാരമില്ല എന്ന് പറഞ്ഞാണ് രാജമാണിക്യത്തിന്റെ കണ്ടെത്തലുകൾ കോടതി റദ്ദ് ചെയ്തത്. എന്നാൽ ഹാരിസൺ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഭൂമിയിൽ ഉടമസ്ഥതയുള്ളതായി കോടതി കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തിലുണ്ട്. ഈ വസ്തുത നിലനിൽക്കെ ഹാരിസൺസ് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റ് വില കെട്ടിവച്ച് ഏറ്റെടുക്കാനുള്ള മുൻ എൽ.ഡി.എഫ് സർക്കാറിന്റെ നിർദ്ദേശത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സർക്കാർ ഭൂമിയാണെന്ന് സർക്കാർ ഉറപ്പിച്ച് പറയുന്ന ഭൂമി എന്തിന് പണം നൽകി ഏറ്റെടുക്കണമെന്ന് ചോദ്യം ബിലീവേഴ്സ് ചർച്ചുൾപ്പെടെ അന്ന് ഉന്നയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക എന്നായിരുന്നു അന്നത്തെ സർക്കാർ തീരുമാനം. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മുൻതൂക്കം സർക്കാരിനായിട്ടും ഭൂമി നിയമപരമായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ബിലീവേഴ്സ് ചർച്ചിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഒത്തുകളിക്കുകയാണെന്ന് ഹാരിസൺസ് ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർന്നിട്ടുള്ള പൊതുപ്രവർത്തകർ ആരോപിക്കുന്നു.
“നിയമവിരുദ്ധമായി ലക്ഷക്കണക്കിന് ഏക്കർ ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ഹാരിസൺസ് മലയാളം, ടാറ്റ തുടങ്ങിയ തോട്ടം കുത്തകളെ സഹായിക്കുന്നതിനായുള്ള ഗൂഡാലോചനാപരമായ നീക്കമാണ് ചെറുവള്ളി എസ്റ്റേറ്റ് ഭൂമി വില കെട്ടി ഏറ്റെടുത്ത് വിമാനത്താവളം നിർമ്മിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൻ്റെ പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.” കേസിൽ കക്ഷി ചേർന്നിട്ടുള്ള സി.പി.എം (എം.എൽ) റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.പി കുഞ്ഞിക്കണാരൻ ആരോപിക്കുന്നത്.
“ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സർക്കാറിൽ നിക്ഷിപ്തമായിരിക്കേണ്ട ലക്ഷക്കണക്കിന്ന് ഏക്കർ ഭൂമിയുണ്ട്. ഇതിൽപ്പെട്ടതാണ് ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ നിയമവിരുദ്ധമായി ഗോസ്പൽ ഫൗണ്ടേഷൻ ഓഫ് ഏഷ്യക്ക് കൈമാറ്റം ചെയ്ത 2263 ഏക്കർ ഭൂമി. ഹാരിസൺസ് നടത്തിയിട്ടുള്ള ഭൂമി തിരിമറി, കള്ള രേഖ ചമയ്ക്കൽ, വിദേശ നാണയ വിനിമയ നിയമ ലംഘനം, ഭരണഘടനാ ലംഘനം തുടങ്ങി നിരവധി കുറ്റങ്ങളുടെ പേരിൽ ക്രൈംബ്രാഞ്ച്, വിജിലൻസ്, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ നിരവധി ഏജൻസികളുടെ അന്വേഷണം നേരിടുന്ന ഭൂമിയിൽപ്പെടുന്നതാണിത്. സർക്കാർ ഭൂമി കയ്യേറ്റം, ഗൂഡാലോചന, സർക്കാരിന് 100 കോടിയിൽപരം രൂപയുടെ നഷ്ടമുണ്ടാക്കൽ തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് 2263 ഏക്കർ സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന ഗോസ്പെൽ മേധാവി കെ.പി യോഹന്നാൻ. 1906 ലെ ലണ്ടൻ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് വിദേശത്ത് മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട, ഇന്ത്യൻ കമ്പനീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഹാരിസൺസ് മലയാളം കമ്പനി വ്യാജ ആധാരങ്ങൾ ചമച്ചുകൊണ്ടാണ് 2005ൽ യോഹാന്നാന് ചെറുവള്ളി എസ്റ്റേറ്റ് വിറ്റത്. ഇങ്ങനെ നിരവധി കാരണങ്ങളാൽ സർക്കാരിനും ജനങ്ങൾക്കും അവകാശപ്പെട്ട ഭൂമി തട്ടിയെടുത്ത രാജ്യദ്രോഹ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം വില കെട്ടി വച്ച് ആ ഭൂമി ഏറ്റെടുക്കുന്നത് തീർത്തും എതിർക്കപ്പെടേണ്ടതാണ്.” എന്നും എം.പി കുഞ്ഞിക്കണാരൻ അഭിപ്രായപ്പെട്ടു.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് വിലയിരുത്താൻ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. എം.ജി സർവകലാശാലാ സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസി. പ്രഫസർ ഡോ. എം.വി. ബിജുലാൽ ആണ് സമിതി ചെയർമാൻ. ഇനിയും പല തലങ്ങളിലുള്ള അനുമതികൾ വേണ്ടതുണ്ടെങ്കിലും വിമാനത്താവളം ചെറുവള്ളിയിൽ തന്നെ നിർമ്മിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് എൽ.ഡി.എഫ് സർക്കാർ. എന്നാൽ ജനങ്ങളുടെ ആശങ്കകൾക്കുള്ള മറുപടികളും ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.