ദലിത് സ്ത്രീയുടെ അസ്വാഭാവിക മരണം മറച്ചുവയ്ക്കപ്പെട്ട നാൽപ്പത് ദിനങ്ങള്‍

“പൊടിമോളുടെ ഫോട്ടോയിൽ ഞങ്ങൾ മാലയൊന്നും ഇടാറില്ല. അവൾ ഇവിടെയൊക്കെ തന്നെയുണ്ടെന്ന് തന്നെയാണ് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നത്. ഇന്ന് നാല്പത് ആയതിന്റെ ചടങ്ങുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് പൂമാല ഇട്ടത്.” ഓറഞ്ച് നിറമുള്ള ചുമരിൽ തൂക്കിയിട്ട സംഗീതയുടെ സുന്ദരമായ ഫോട്ടോയിലേക്ക് നോക്കി സംഗീതയുടെ ചേച്ചി സജീന പറഞ്ഞു തുടങ്ങി. മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടെയും മണം ആ കുഞ്ഞു വീട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. 2022 ജൂലായ് 10ന് സം​ഗീതയുടെ വീട്ടിലേക്ക് എത്തുമ്പോൾ നാല്പതാം ദിവസത്തെ ചടങ്ങുകൾക്ക് എത്തിയ കുറച്ച് ബന്ധുക്കൾ ചുറ്റും കൂടി നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകളിൽ നിസഹായത നിറഞ്ഞുനിന്നു. 2022 ജൂൺ ഒന്നിനാണ് എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷന് സമീപമുള്ള പുറമ്പോക്കിലെ ആ രണ്ട് മുറി വീട്ടിൽ 22 വയസുകാരിയായ സംഗീത തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. മരണം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് സം​ഗീത നേരിട്ട യാതനകളുടെ ആഴം പുറംലോകം അറിയുന്നത്. ഭർതൃവീട്ടിൽ നേരിട്ട ജാതിവിവേചനവും സ്ത്രീധനപീഡനവും ആണ് മരണത്തിന് കാരണമെന്നും ഇക്കാര്യം ഉന്നയിച്ച് കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സം​​ഗീതയുടെ കുടുംബം വേദനയോടെ പറയുന്നു.

തൃശൂർ കുന്നംകുളം സ്വദേശിയായ സുമേഷും സംഗീതയും സോഷ്യൽ മീഡിയ വഴിയാണ് പരിചയത്തിലാകുന്നത്. പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹത്തിലേക്ക് നീളുകയുമായിരുന്നു. “ആദ്യം സുമേഷ് ഒറ്റയ്ക്കാണ് പെണ്ണ് ചോദിച്ച് വന്നത്. എനിക്ക് ഇഷ്ടമാണെന്നും ജാതിയോ പുറമ്പോക്കിലാണ് താമസമെന്നതോ ഒരു വിഷയമല്ല എന്നായിരുന്നു അവൻ അന്ന് പറഞ്ഞത്.” സംഗീതയുടെ ചേച്ചി സജീന ഓർമ്മിച്ചു.

സംഗീതയുടെ ചിത്രം വീടിന്റെ ചുമരില്‍

സ്ത്രീധനം എന്ന പ്രതി

“കല്യാണം ആലോചിക്കാൻ വീട്ടുകാർ വന്നപ്പോൾ തന്നെ സ്ത്രീധനമായി എന്ത് നൽകുമെന്ന് ഞങ്ങളോട് ചോദിച്ചിരുന്നു. സാമ്പത്തികമായി ഒന്നുമില്ലാന്ന് പറഞ്ഞപ്പോൾ ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചതാണെന്നും ഉള്ളത് പോലെ കൊടുത്താൽ മതിയെന്നും അവർ മറുപടി പറഞ്ഞു.” സംഗീതയുടെ മൂത്ത ചേച്ചി സലീന വിവരിച്ചു.

2020 ഏപ്രിലിലാണ് സംഗീതയുടെ വിവാ​ഹം നിശ്ചയിച്ചത്. ക്ഷണക്കത്ത് വരെ അച്ചടിച്ച ശേഷമാണ് കോവിഡ് മഹാമാരിയുടെ കടന്നുവരവ്. കോവിഡ് സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും വിവാഹ തീയതി മാറ്റാൻ സംഗീതയുടെ വീട്ടുകാരെ നിർബന്ധിതരാക്കി. “സുമേഷിന് കല്യാണത്തീയതി മാറ്റുന്നതിനോട് ആദ്യം യോജിപ്പില്ലായിരുന്നു. ആ സമയത്താണ് സംഗീതയ്ക്ക് മൂന്ന് പവന്റെ മാലയാണ് ഇടുന്നതെന്നും അതിനനുസരിച്ചുള്ള മാല തിരിച്ചും ഇട്ടു കൊടുക്കണമെന്ന് സുമേഷ് ആവശ്യപ്പെട്ടത്. ആ സമയത്ത് പെട്ടെന്ന് അത്രയും കാശ് അറേഞ്ച് ചെയ്യാൻ ഞങ്ങളെക്കൊണ്ട് പറ്റിയില്ല. കൊറോണ കാരണം വീട്ടിൽ ആരും പണിക്ക് പോകാത്ത സമയമായിരുന്നു. എന്നിട്ടും കടം മേടിച്ച് അവന് ഒന്നര പവന്റെ മാലയും അവൾക്ക് ഒരു പവന്റെ ചെയിനും അര പവന്റെ മോതിരവും ഞങ്ങൾ കൊടുത്തു.” സലീന പറഞ്ഞു. സംഗീതയുടെ അച്ഛന് ലോട്ടറി വിൽപ്പനയായിരുന്നു ജോലി. അമ്മ ഒരു ടെക്‌സ്റ്റയിൽസിൽ അലക്കാൻ പോകുമായിരുന്നു. ലോക്ഡൗൺ കടുത്തതോടെ ഇവർക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. സാമ്പത്തിക പ്രയാസങ്ങൾ വല്ലാതെ അലട്ടുന്നതിനിടയിലും വിവാഹത്തിന് വേണ്ട പണം സ്വരുക്കൂട്ടാൻ അവർ ഏറെ ശ്രമിച്ചു.

സലീന

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം എറണാകുളത്ത് തന്നെ ഒരു വാടക വീട്ടിലേക്ക് സംഗീതയും സുമേഷും താമസം മാറി. സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന സംഗീതയാണ് വാടകയും വീട്ടുചെലവുകളും നോക്കിയിരുന്നത്. അതിനിടയിൽ സുമേഷ് പാത്രപ്പണം (വധുവിന്റെ വീട്ടുകാർ വിവാഹശേഷം വാങ്ങി നൽകേണ്ടി വരുന്ന വീട്ടു സാധനങ്ങളെയോ പണത്തിനെയോ സൂചിപ്പിക്കുന്ന പ്രയോ​ഗം) വേണമെന്നും അത് കാശായി തന്നെ ലഭിക്കണമെന്നും സംഗീതയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. 35,000 രൂപയോളമാണ് അന്ന് അയാൾ ആവശ്യപ്പെട്ടത്. പെട്ടെന്ന് അത്രയും തുക സംഘടിപ്പിച്ച് കൊടുക്കാൻ കഴിയുമായിരുന്നില്ലെങ്കിലും സംഗീതയുടെ വീട്ടുകാർ ഉണ്ടായിരുന്ന കുറച്ച് സ്വർണം പണയം വെക്കുകയും വിൽക്കുകയും ചെയ്ത് അലമാരയും കിടക്കയും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും വാങ്ങി നൽകി. മകൾ സന്തോഷത്തോടെ ഇഷ്ടപ്പെട്ട ആളിനൊപ്പം ജീവിക്കണമെന്നതായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. കുറച്ചുനാൾ കഴിഞ്ഞതും സുമേഷിന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരം അവർ കുറച്ചുകൂടി വലിയ വീട്ടിലേക്ക് താമസം മാറി. ഈ സമയത്താണ് സംഗീത ഗർഭിണിയാകുന്നത്.

“എല്ലാ മാസവും സ്ത്രീധനത്തിന്റെ കാര്യം അവൻ ഓർമ്മിപ്പിക്കുമായിരുന്നു. നിങ്ങൾക്ക് അറിവില്ലേ, ബോധമില്ലേ എന്നൊക്കെ ചോദിക്കും. സ്ത്രീധനം കിട്ടിയിട്ട് അവളെ കൂട്ടിക്കൊണ്ട് പോയാൽ മതിയെന്നും അതുവരെ അവളിവിടെ നിൽക്കട്ടെയെന്നും സഹികെട്ട് ഒരു ദിവസം അമ്മ പറഞ്ഞു. നിങ്ങളുടെ മോൾ അങ്ങനെ നിൽക്കുമെങ്കിൽ നിങ്ങൾ നിർത്തിക്കോ എന്നാണ് അവൻ തിരിച്ച് പറഞ്ഞത്. അവളുടെ സ്‌നേഹം അവന് നന്നായി അറിയാമായിരുന്നു. തല്ലിയാലും കൊന്നാലും കൂടെ ജീവിക്കണമെന്നായിരുന്നു അവൾക്ക്.” സജീന ഓർമ്മിക്കുന്നു.

സംഗീതയുടെ വീടിന് മുന്നില്‍ അമ്മ ഷീബ

അഞ്ചാം മാസത്തിലെ വേദന

“കുഞ്ഞിന് വളർച്ച ഇല്ലാത്തതുകൊണ്ട് ഇടയ്ക്ക് ഇഞ്ചക്ഷൻ ചെയ്യണമായിരുന്നു. അതോടെ അവൾക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. വാടക കൊടുക്കാൻ പറ്റാത്ത സ്ഥിതിവന്നപ്പോ വീടൊഞ്ഞ് ഞങ്ങളു‍‌ടെ വീട്ടിലോട്ട് പോകാൻ സുമേഷിന്റെ അമ്മ അവളോട് പറഞ്ഞു. അലമാരയും ബെഡുമൊഴികെ ബാക്കി സകലതും വിറ്റിട്ടാണ് അവൻ വീടൊഴിഞ്ഞത്. ആ വർഷത്തെ ഓണം അവരുടെ വീട്ടിൽ ആഘോഷിക്കണമെന്ന് അവർ നിർബന്ധം പിടിച്ചു. ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ യാത്ര ചെയ്യേണ്ടെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അവർ വാശി കാണിച്ചു. അവരും പ്രസവിച്ചതാണ്. എന്നിട്ടും ​ഗർഭണിയായ അവളേം കൊണ്ട് വന്നേ പറ്റൂവെന്നായിരുന്നു അവരുടെ വാദം. സുമേഷ് ഞങ്ങളുടെ വാക്ക് കേൾക്കാതെ അവളേം കൊണ്ട് തൃശൂരേക്ക് പോയി. വീട്ടിലേക്ക് പോകുമ്പോൾ എല്ലാവർക്കും വസ്ത്രങ്ങളെടുത്ത് കൊടുക്കണമെന്ന് അവൻ ആവശ്യപ്പെട്ടു. ഞങ്ങൾ വസ്ത്രങ്ങളും പലഹാരങ്ങളും വാങ്ങി കൊടുത്തു. പലഹാരങ്ങളുടെ അളവ് കുറഞ്ഞുപോയെന്ന് പറഞ്ഞ് അവരത് തൊട്ടില്ല. അതൊക്കെ വലിച്ചെറിയുകയായിരുന്നു.” സജീന വിഷമത്തോടെ പറഞ്ഞു.

ഓണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് സുമേഷും സംഗീതയും തിരികെ എറണാകുളത്തേക്ക് എത്തുന്നത്. അഞ്ചാം മാസത്തെ സ്‌കാനിം​ഗിന്റെ ദിവസമായിരുന്നു അത്. സ്‌കാനിം​ഗിനായി സുമേഷും സംഗീതയും ഹോസ്പിറ്റലിലേക്ക് പോയി. ആ സ്‌കാനിം​ഗിലാണ് കുട്ടിക്ക് അനക്കമില്ലെന്നും വയറ്റിനുള്ളിൽ വെച്ച് തന്നെ കുട്ടി മരണപ്പെട്ടുവെന്നും അവർ അറിയുന്നത്. എത്രയും പെട്ടെന്ന് കുട്ടിയെ പുറത്തേക്ക് എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് കുട്ടിയെ പുറത്തെടുത്തു. “അതൊരു ആൺകുട്ടിയായിരുന്നു. കുട്ടിയെ അടക്കം ചെയ്യുന്ന കാര്യം അറിയിച്ചിട്ടു പോലും ആ വീട്ടിൽ നിന്ന് ആരും വന്നില്ല. അങ്ങോട്ട് കൊണ്ടുവരണ്ടെന്നും അവർ പറഞ്ഞു. പിന്നീട് എന്റെ അച്ഛനാണ് പച്ചാളം ശ്മശാനത്തിൽ കൊണ്ടുപോയി കുട്ടിയെ അടക്കം ചെയ്തത്. അവരുടെ വീട്ടിൽ നിന്ന് ഒരാൾ പോലും വന്നില്ല.” സജീന പറഞ്ഞു.

സജീന

കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് രണ്ട് ആഴ്ചയ്ക്ക് ശേഷം സുമേഷ് മേനകയിൽ ‘മിക്കി ടോയ്‌സ്’ എന്ന പേരിൽ ഒരു ടോയ് ഷോപ്പ് തുടങ്ങി. ആ സമയത്തും സംഗീതയുടെ അച്ഛനോട് സുമേഷ് കാശ് ആവശ്യപ്പെട്ടിരുന്നു. മകളുടെ ഭാവിയോർത്ത് 50,000 രൂപ വളരെ പ്രയാസപ്പെട്ട് അദ്ദേഹം സംഘടിപ്പിച്ച് നൽകി. കടയുടെ ഉദ്ഘാടനത്തിന് സുമേഷിന്റെ ബന്ധുക്കൾ എറണാകുളത്തേക്ക് എത്തിയിരുന്നു. സംഗീതയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററിനുള്ളിലുള്ള കടയിലേക്ക് വന്നിട്ടും സുമേഷിന്റെ വീട്ടുകാർ ആരും തന്നെ കുട്ടിയുടെ മരണശേഷം അവശയായിരുന്ന സംഗീതയെ കാണാനെത്തിയില്ല.

“കടയുടെ ഉദ്ഘാടനത്തിന്റെ തലേന്ന് രാത്രി പതിനൊന്ന് മണിക്ക് സുമേഷ് വീട്ടിലേക്ക് വന്ന് ഉറങ്ങിക്കിടന്ന സംഗീതയെ വലിച്ച് തറയിലിട്ടിട്ട് കുറെ തല്ലി. അപ്പോഴും അവൾക്ക് റെസ്റ്റ് വേണ്ട സമയമായിരുന്നു. എന്റെ വീട്ടുകാർ ഈ വീട്ടിന്റെ പടി കടന്നുവരാനുള്ള യോഗ്യത നിങ്ങൾക്കില്ല, എന്റെ ഒറ്റ നിർബന്ധത്തിലാണ് കല്യാണം നടന്നത് എന്നെല്ലാം പറഞ്ഞാണ് സുമേഷ് അവളെ തല്ലിയത്. വാടകവീട്ടിലും ഇവിടെയും വെച്ച് അവളെ അവൻ ഉപദ്രവിച്ചിട്ടുണ്ട്. ആദ്യമൊന്നും സ്ത്രീധനത്തിന്റെ പേരിലാണ് അതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നെപ്പിന്നെ മനസിലായി തുടങ്ങി. അപ്പോഴാണ് ഞങ്ങൾ എതിർക്കാൻ തുടങ്ങിയതും. ഞങ്ങൾക്കൊരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും അവൻ ചെയ്യില്ലായിരുന്നു. വയ്യാത്ത അച്ഛൻ എന്ത് ചോദിക്കാനാ.. മകളെ തല്ലരുതെന്നല്ലേ പറയാൻ കഴിയൂ.” സജീന പരിഭവപ്പെട്ടു.

വല്ലാത്ത ‘ജാതി’ മനുഷ്യർ

ഈഴവ സമുദായത്തിൽ നിന്നുള്ള സുമേഷ് പുലയ സമുദായത്തിൽ നിന്നും കല്യാണം കഴിക്കുന്നതിനോട് സുമേഷിന്റെ വീട്ടുകാർക്ക് ആദ്യമേ തന്നെ എതിർപ്പുകളുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അവർ അത് പ്രകടമാക്കുകയും ചെയ്തിരുന്നുവെന്നത് സംഗീതയുടെ വീട്ടുകാർ പറയുന്നതിൽ നിന്നും വ്യക്തം. “കല്യാണം കഴിഞ്ഞ് അവിടെ ചെന്ന ദിവസം തന്നെ ജാതിവിവേചനം കാണിച്ചു തുടങ്ങിയിരുന്നു. അതിന് സാക്ഷി ഞാനാണ്.” സജീന പറയുന്നു. കല്യാണം കഴിഞ്ഞ് സുമേഷിന്റെ വീട്ടിലേക്കുള്ള യാത്രയിൽ സംഗീതയോടൊപ്പം കൂടെ പോയത് രണ്ടാമത്തെ ചേച്ചി സജീനയാണ്. കല്യാണ വിരുന്നിന് വസ്ത്രം മാറാനായി മുറി ഉപയോഗിക്കുന്നതിൽ സുമേഷിന്റെ ജ്യേഷ്ഠ ഭാര്യ എതിർപ്പ് കാണിച്ചിരുന്നു. കല്യാണ വിരുന്നിന് പങ്കെടുക്കാനെത്തിയവർ ഇടപെട്ടിട്ടാണ് മുറിയിലേക്ക് കയറാൻ സമ്മതിച്ചതെന്ന് സജീന സാക്ഷ്യപ്പെടുത്തുന്നു. “സംഗീത അന്ന് ഉപയോഗിച്ച ചീർപ്പും ടർക്കിയും അവർ അറപ്പോടെ വലിച്ചെറിയുകയായിരുന്നു. കല്യാണവിരുന്നിന് പോയ ഞങ്ങളോട് അവിടുള്ളവർ സംസാരിക്കുക പോലും ചെയ്തില്ല.”

ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാകാൻ തുടങ്ങിയതെന്ന് സംഗീതയുടെ വീട്ടുകാർ വ്യക്തമാക്കുന്നു. അതിനെ തുടർന്നാണ് സുമേഷ് സംഗീതയിൽ നിന്ന് അകലുന്നത്. ഫോൺ വിളികൾ ഒഴിവാക്കാൻ തുടങ്ങിയതോടെ സംഗീതയുടെ മനസിൽ ഭീതിയുണ്ടായി. “എല്ലാ ശനിയാഴ്ചയും അവന്റെ വീട്ടിലേക്ക് അവർ പോകുമായിരുന്നു. അവൻ നിർബന്ധിപ്പിച്ചാണ് പലപ്പോഴും അവളെ കൊണ്ടുപോയിരുന്നത്. അവിടെ ചെന്ന് കഴിഞ്ഞാൽ അവൾക്ക് കസേരയിൽ ഇരിക്കാൻ പാടില്ല, വെള്ളം കുടിക്കാൻ പാടില്ല. ജാതിയുടെയും നിറത്തിന്റെയും കാര്യത്തിൽ വരെ ആ പെൺകുട്ടിയെ മാനസികമായി തളർത്തുമായിരുന്നു. പലതവണ ആ വീട്ടിൽ നിന്നിറക്കി വിട്ടിട്ടുമുണ്ട്.” അങ്ങനെ ഇറക്കിവിട്ട ഒരു ദിവസമാണ് സുമേഷ് സംഗീതയെ തിരികെ വിളിച്ചുകൊണ്ട് പോകാനായി വരുന്നത്. ഇനി കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പു നൽകി, മാപ്പ് പറഞ്ഞാണ് സംഗീതയെ കൂട്ടിക്കൊണ്ടു പോകുന്നത്. “പക്ഷേ പോകുന്ന വഴിയിൽ ട്രെയിനിൽ വെച്ച് അവളെ സുമേഷ് ഒരുപാട് തല്ലി. അവളത് ഞങ്ങളെ വിളിച്ചു പറഞ്ഞു. വീട്ടിൽ വെച്ച് പറഞ്ഞത് പോലെയല്ല, ഇനി എന്റെ വീട്ടിലെ അടിമയായിരിക്കും നീയെന്നാണ് അവൻ പറഞ്ഞത്. ചാഞ്ഞ് കിടക്കുന്ന മരമാണ് അവളെന്നും ആര് എന്ത് ചെയ്താലും നിന്ന് കൊണ്ടോളണമെന്നും അവൻ പറഞ്ഞു. പുലയന്റെ കുഞ്ഞ് വീട്ടിൽ വരാത്തത് നന്നായെന്നും കുഞ്ഞിനെ ഞങ്ങൾ കൊന്നതാണെന്നും അവർ പറയുന്നുണ്ടായിരുന്നു.” സജീന രോഷത്തോടെ പറഞ്ഞു.

സം​ഗീത ഉപേക്ഷിക്കപ്പെടുന്നു

ഒന്നര വർഷം കഴിഞ്ഞിട്ടും സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ പലതവണ വീട്ടിൽ നിന്നും ഇറക്കി വിടുകയും സംഗീത തിരികെ ചെല്ലുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സംഗീതയെ കൗൺസിലിം​ഗിന് കൊണ്ടുപോകണമെന്ന് പറഞ്ഞ് മാർച്ച് 24ന് സുമേഷ് സംഗീതയുടെ വീട്ടിൽ എത്തി. പക്ഷെ അവർ നേരെ പോയത് ഒരു വക്കീലിന്റെ അടുത്തേക്കാണ്. ഡിവോഴ്‌സിനുള്ള സമ്മതപത്രത്തിൽ ഒപ്പിടാൻ അവർ ആവശ്യപ്പെട്ടു. സംഗീത അതിന് സമ്മതിക്കാതെ കരഞ്ഞുകൊണ്ടിറങ്ങിപ്പോയി. സംഗീത അന്ന് നേരെ പോയത് സുമേഷിന്റെ വീട്ടിലേക്കാണ്. “അന്ന് രാത്രിയായിട്ടും അവളെ വീട്ടിൽ കയറ്റിയില്ല. എന്ത് കൊണ്ടുവന്നിട്ടാണ് വീട്ടിലേക്ക് കയറ്റേണ്ടതെന്ന് അമ്മായിയമ്മ ചോദിച്ചു. ഇന്ന് ഒരു ദിവസത്തേക്ക് അവളെ കയറ്റിക്കിടത്താൻ അമ്മ അവരോട് ഫോൺ ചെയ്ത് അപേക്ഷിച്ചു. നാളെ രാവിലെ ഞങ്ങൾ അവളെ തിരികെ വിളിച്ചുകൊണ്ടു വരാമെന്നും പറഞ്ഞു. എന്നിട്ടും അവർ കയറ്റിയില്ല. സഹികെട്ട് പോലീസ് സ്‌റ്റേഷനിൽ പോയി കാര്യം പറയാൻ അമ്മ അവളോട് പറഞ്ഞു.” സജീന വിശദമാക്കി

പൊലീസ് സ്‌റ്റേഷനിലെത്തിയിട്ടും പരാതിയായി കൊടുക്കാൻ സംഗീത തയ്യാറായിരുന്നില്ല. പോലീസ് കേസ് ഭാവി ജീവിതത്തെ ബാധിക്കുമെന്നായിരുന്നു സം​ഗീതയുടെ അഭിപ്രായം. പൊലീസുകാർ സുമേഷിന്റെ വീട്ടുകാരെ വിളിച്ചു വരുത്തിയെങ്കിലും അവർ സംഗീതയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തയാറായില്ല. “പൊലീസുകാരുടെ മുമ്പിൽ വെച്ച്, അവൾ വലിഞ്ഞുകയറി വന്നതാണെന്ന രീതിയിൽ അവർ സംസാരിച്ചപ്പോൾ പോലീസ് ദേഷ്യപ്പെട്ടു. നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചു. എനിക്ക് ഇനി ഇവളുടെ കൂടെ ജീവിക്കാൻ പറ്റില്ല, എനിക്ക് എന്റെ നിലയും വിലയും നോക്കണമെന്നൊക്കെയാണ് സുമേഷ് അന്ന് പറഞ്ഞത്. പ്രേമിച്ച സമയത്ത് നിനക്ക് നിലയും വിലയും ഓർമ്മ വന്നില്ലേന്ന് പോലീസ് ചോദിച്ചു. പോലീസുകാരുടെ നിർബന്ധപ്രകാരമാണ് അവൻ അന്ന് അവളേം കൂട്ടി പോയത്. അവിടെ വെള്ളമോ ഭക്ഷണമോ അവർ കൊടുത്തിരുന്നില്ല. പലപ്പോഴും എന്തെങ്കിലും വാങ്ങി കഴിക്കാൻ അച്ഛനെ വിളിച്ച് കാശ് ചോദിച്ചിട്ടുണ്ട്. നിങ്ങളുടെ മകൾ നിങ്ങടെ കൂടെ നിൽക്കട്ടെ എന്ന് പറഞ്ഞ് സുമേഷ് സംഗീതയെ വീണ്ടും വീട്ടിൽ കൊണ്ടാക്കി. അന്നു മുതൽ എന്നും അവന്റെ കടയിൽ പോയി അവൾ കാല് പിടിച്ചു കരയും. അതൊക്കെ അവന്റെ സി.സി.ടി.വിയിൽ ഉണ്ട്.”

ആ കൗൺസിലിം​ഗ് എന്തിനായിരുന്നു?

പൊലീസുകാരാണ് കൗൺസിലിങിന് പോകാൻ വീണ്ടും സുമേഷിനോടും സംഗീതയോടും നിർദ്ദേശിക്കുന്നത്. സുമേഷ് തന്നെ കൗൺസിലിം​​ഗിന് സിറ്റി ഹോസ്പിറ്റലിലെ സൈക്ക്യാട്രിസ്റ്റുമായി അപ്പോയിൻമെന്റ് എടുത്തു. പക്ഷെ അവിടെ ചെന്നപ്പോൾ സംഗീതയെയും അമ്മയെയും മാത്രമാണ് ഡോക്ടറിന്റെ മുറിയിലേക്ക് പറഞ്ഞയച്ചത്. “എന്നോട് ആ ഡോക്ടർ സംഗീതയ്ക്ക് വാശിയുണ്ടോ എന്ന് ചോദിച്ചു. ചെറുപ്പത്തിൽ വാശിയുണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ അതിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് ഡോക്ടർ മരുന്ന് എഴുതിത്തന്നു. ആ മരുന്ന് വാങ്ങിയത് സുമേഷാണ്. കൗൺസിലിം​ഗിന് ആയിരുന്നെങ്കിൽ അവരോട് രണ്ട് പേരോടുമായിരുന്നില്ലേ ഡോക്ടർ സംസാരിക്കേണ്ടിയിരുന്നത്?” സംഗീതയുടെ അമ്മ ഷീബ സംശയത്തോടെ ചോദിക്കുന്നു.

സംഗീതയും സുമേഷും വിവാഹദിവസം

“ഇതു കഴിച്ചാൽ എന്നെ കൊണ്ടുപോകാമെന്നാണ് സുമേഷേട്ടൻ പറയുന്നതെന്ന് പറഞ്ഞ് സന്തോഷവതിയായിരുന്നു അവൾ. നിന്നെ മാനസികരോഗിയാക്കി കോടതിയിൽ നിന്ന് ഡിവോഴ്‌സ് വാങ്ങാനുള്ള പരിപാടിയാണെന്ന് ഞാൻ പറഞ്ഞതുകൊണ്ട് അവൾ ആ മരുന്നൊന്നും കഴിച്ചില്ല. അവളുടെ കരച്ചിൽ കാണാൻ വയ്യാത്തത് കൊണ്ട് ഞാനും അച്ഛനും അമ്മയും ബ്രോഡ് വേയിൽ വെച്ച് അവനെ കാണാൻ പോയി. നിനക്ക് തരാനുള്ള സ്ത്രീധനം ഒരു ലക്ഷം രൂപയും പത്ത് പവനും കുറച്ച് കുറച്ചായി തരാമെന്ന് അച്ഛൻ അവനോട് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞത് നിങ്ങളുടെ മകൾ എന്റെ കുടുംബത്തിന് വേസ്റ്റാണ് എന്നാണ്. ഞങ്ങൾ കുടുംബക്കാരുടെ ഒന്നടങ്കം തീരുമാനം അവളെ ഉപേക്ഷിക്കാനാണെന്ന് അന്ന് അവൻ പറഞ്ഞു. മെയ് 31ന് രാത്രിയും സംഗീത സുമേഷിനെ കാണാൻ കടയിൽ പോയിരുന്നു. അവൻ വീണ്ടും അവളെ അവിടുന്ന് ആട്ടിയിറക്കി. സങ്കടം സഹിക്കാൻ വയ്യാതെ അവൾ സെൻട്രൽ സ്‌റ്റേഷനിൽ പോയി എനിക്കെന്റെ ഭർത്താവിന്റെ കൂടെ ജീവിക്കണമെന്നും പറഞ്ഞ് പരാതിപ്പെട്ടു. ഒന്നാം തീയതി പോലീസ് സ്‌റ്റേഷനിലേക്ക് സുമേഷും സംഗീതയും വീട്ടുകാരും എത്തണമെന്ന് പോലീസ് പറഞ്ഞു.” സജീന ഓർമ്മിച്ചു.

ആത്മഹത്യയിലെ സംശയങ്ങൾ

ജൂൺ ഒന്നിന് രാവിലെ സംഗീതയുടെ ചേച്ചി സജീനയ്ക്ക് ശ്വാസം മുട്ടൽ അധികമായി ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. അച്ഛനും അമ്മയും സജീനയോടൊപ്പം ആശുപത്രിയിൽ പോകൂ എന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നും പറഞ്ഞാണ് സംഗീത സുമേഷിനൊപ്പം പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നത്. പിന്നീട് സംഗീതയുടെ വീട്ടുകാർ കാണുന്നത് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന സംഗീതയുടെ മൃതശരീരത്തെയാണ്.

“സംഗീത വീട് തുറക്കുന്നില്ല, ഫോണെടുക്കുന്നില്ലെന്ന് പറഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീടുകളിൽ നിന്ന് ഞങ്ങൾക്ക് ഫോണുകാളുകൾ വരാൻ തുടങ്ങി. പോലീസ് സ്‌റ്റേഷനിൽ വെച്ച് സുമേഷ് അവളെ വേണ്ടെന്ന് പറഞ്ഞു കാണുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അതിന്റെ വിഷമത്തിൽ കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയിക്കാണുമെന്നാണ് ആദ്യം കരുതിയത്. അടുക്കള വാതിൽ ചവിട്ടി തുറന്ന് ചേച്ചി വന്നു നോക്കുമ്പോഴാണ് കൊച്ച് റൂമിൽ തൂങ്ങിനിൽക്കുന്നത് കാണുന്നത്. അവളുടെ കാലുകൾ നിലത്തു മുട്ടിയിട്ടുണ്ടായിരുന്നു.” സജീന പറഞ്ഞു.

സംഗീതയുടെ മരണത്തെക്കുറിച്ച് നിരവധി സംശയങ്ങൾ വീട്ടുകാർ ഉന്നയിക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് പൊലീസ് സ്‌റ്റേഷനിൽ നിന്ന് തിരികെ വരുമ്പോൾ സംഗീതയോടൊപ്പം ഭർത്താവ് സുമേഷ് ഉണ്ടായിരുന്നുവെന്നത്. “തൊട്ടടുത്ത വീട്ടിൽ ഒരു ബെർത് ഡേ പാർട്ടി നടക്കുകയായിരുന്നു. സുമേഷും സംഗീതയും വീട്ടിലേക്ക് വരുന്നത് അവിടുത്തെ ചേട്ടൻ കണ്ടതാണ്. പിന്നീട് ഇവിടെ എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.” സജീന നിസഹായതയോടെ പറയുന്നു.

സംഗീത ആത്മഹത്യാ ഭീഷണി മുഴക്കി മുറിയിൽ കയറി കതകടച്ച കാര്യം തൊട്ടടുത്ത വീടുകളിൽ പറയാതെ ദൂരെയുള്ള ബന്ധുവിന്റെ വീട്ടിൽ പോയി എന്തിനാണ് സുമേഷ് പറഞ്ഞിട്ടുണ്ടാകുക? എന്തുകൊണ്ട് മുറി തുറക്കാൻ ശ്രമിച്ചില്ല? ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല? സുമേഷിന്റെയും വീട്ടുകാരുടെയും ഫോണുകൾ ഒരുമിച്ച് എങ്ങനെ സ്വിച്ച്ഡ് ഓഫായി? സജീനയുടെ ഉള്ളിലെ ചോദ്യങ്ങൾ തീരുന്നില്ലായിരുന്നു. സംഗീതയുടെ മൃതദേഹം കണ്ടയുടൻ സജീന നേരെ പോയത് സുമേഷിന്റെ കടയിലേക്കാണ്. കടയിൽ ആരും തന്നെയുണ്ടായിരുന്നില്ല.

പൊലീസിന്റെ അനാസ്ഥ

2022 ജൂൺ രണ്ടാം തീയതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ സി.ഐക്ക് സംഗീതയുടെ അച്ഛൻ സജീവൻ പരാതി നൽകി. 174 ആക്ടാണ് പോലീസ് ചാർജ് ചെയ്തത്. (ആത്മഹത്യ, അസ്വാഭാവിക മരണം തുടങ്ങിയ കേസുകളിൽ പോലീസും മജിസ്‌ട്രേറ്റും പാലിക്കേണ്ട നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന നിയമ വ്യവസ്ഥയാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 174-ാം വകുപ്പ്). സംഗീത ഭർത്താവായ സുമേഷിൽ നിന്നും സുമേഷിന്റെ വീട്ടുകാരിൽ നിന്നും ഏൽക്കേണ്ടി വന്ന ശാരീരിക-മാനസിക പീഡനങ്ങൾ വിശദമാക്കി വീട്ടുകാർ മൊഴി കൊടുത്തിട്ടും സംഗീതയുടെ മരണം ആത്മഹത്യയിൽ ഒതുക്കാനായിരുന്നു പോലീസ് ശ്രമം.

“ഞങ്ങൾ ആരെ കാണണം, എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സാഹചര്യമായിരുന്നു. അപ്പോഴാണ് അഡ്വക്കേറ്റ് മായ കൃഷ്ണനെ കണ്ട് സംസാരിക്കുന്നത്. മായാ മാഡം വന്നതിന് ശേഷമാണ് കേസിനെ ഗൗരവമായി പോലീസ് എടുക്കാൻ തുടങ്ങിയത്. എന്നാലും മതിയായ തെളിവുകളില്ല എന്നായിരുന്നു പോലീസിന്റെ ന്യായം.” സജീന പറയുന്നു.

അഡ്വ. മായാ കൃഷ്ണൻ

“എന്റെ അടുത്ത് വരുമ്പോൾ കേസ് 174 ആക്ടിലായിരുന്നു. ഇടപെടലിന് ശേഷമാണ് 304 ബി, എസ്.സി-എസ്ടി അട്രോസിറ്റി ആക്ട് തുടങ്ങിയവ ചേർക്കപ്പെട്ടത്.” അഡ്വ. മായാ കൃഷ്ണൻ വിവരിച്ചു. “174 ആക്ട് ആയിരുന്നപ്പോൾ തന്നെ മുൻകൂർ ജാമ്യം പ്രതി തേടിയിരുന്നു. പക്ഷെ കോടതി അറസ്റ്റ് ചെയ്യരുതെന്ന് പറയാത്ത പക്ഷം പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാവുന്നതാണ്. അറസ്റ്റ് ചെയ്ത് തെളിവെടുക്കേണ്ടത് പൊലീസിന്റെ പണിയാണ്. അത് അവർ ചെയ്യണം. ജീവിക്കാൻ വേണ്ടിയിട്ടാണ് അവൾ അത്രയും സഹിച്ചത്. പക്ഷേ മരിച്ച് 40 ദിവസമായിട്ടും അവനെ അറസ്റ്റ് ചെയ്തില്ല. ജാമ്യം കിട്ടാനുളള വഴികൾ പൊലീസ് തന്നെ ഒരുക്കിക്കൊടുക്കുകയാണ്. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് സംഗീതയുടെ വീട്ടുകാർ ചോദിക്കുമ്പോൾ മൂക്കിന്റെ തുമ്പത്തല്ലല്ലോ അവൻ എന്നാണ് പോലീസ് തിരിച്ച് ചോദിക്കുന്നത്.”

ജാമ്യാപേക്ഷയിൽ സംഗീത മാനസികരോഗിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ആശുപത്രികളിൽ കൊണ്ടുപോയെന്ന രേഖകളുണ്ടെന്ന് അവർ വാദിക്കുന്നുമുണ്ട്. “20 വയസിലാണ് അവളെ കല്യാണം കഴിപ്പിക്കുന്നത്. ഇതുവരെ അങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. മാനസികാരോഗ്യ പ്രശ്‌നമുണ്ടായിരുന്നങ്കിൽ എന്തുകൊണ്ട് വീട്ടുകാരായ ഞങ്ങളോട് അവർ പറഞ്ഞില്ല. അവളും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഞങ്ങളെല്ലാം അമ്മയോട് പറയാറുണ്ട്. ആത്മഹത്യാ ഭീഷണി നടത്തിയെന്നൊക്കെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്ന് ആരും എന്താ അന്വേഷിക്കാത്തത്?” സജീന പറയുന്നു.

പൊതുസമൂഹത്തിന്റെ മൗനം

“നാല്പത് ദിവസങ്ങൾക്ക് ശേഷമാണ് കേരളം ഈ വാർത്ത അറിയുന്നത്. ഒരു ദലിത് സ്ത്രീയുടെ പ്രിവിലേജ് ഇല്ലായ്മയാണ് കേരളത്തിന്റെ ഈ നിശബ്ദതയിലൂടെ വ്യക്തമാകുന്നത്. ഒരു നായർ സ്ത്രീയായ വിസ്മയയുടെ മരണത്തിന് കിട്ടിയ ശ്രദ്ധയൊന്നും മാധ്യമങ്ങളിൽ നിന്ന് സംഗീതയ്ക്ക് കിട്ടാതെ പോകുന്നതിന് പിന്നിൽ ജാതി തന്നെയാണെന്നാണ് ഞാൻ മനസിലാക്കുന്നത്.” ​ഗവേഷകയായ ദീപ പി. മോഹൻ പ്രതികരിച്ചു.

ദീപ പി. മോഹൻ

സംഗീതയുടെ വീട്ടുകാർ നടത്തിയ പത്രസമ്മേളനത്തിന് ശേഷമാണ് മാധ്യമങ്ങൾ ഈ വിഷയം ശ്രദ്ധിക്കുന്നത്. ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഒന്നും പിന്തുണ നൽകിയിട്ടില്ല എന്ന് സംഗീതയുടെ കുടുംബം പറയുന്നു. ഈ വാർത്ത അത്ര സെൻസേഷണലല്ല എന്ന് പോലും ചില മാധ്യമങ്ങൾ മറുപടി നൽകിയതായി മകളെ നഷ്ടപ്പെട്ട ആ അച്ഛൻ വേദനയോടെ പറഞ്ഞു.

സംഗീതയ്ക്കും കുടുംബത്തിനും ഉറപ്പായും നീതി ലഭിക്കേണ്ടതുണ്ട്. സുമേഷ് അടക്കമുള്ള പ്രതികൾ തീർച്ചയായും നിയമത്തിന്റെ മുന്നിലെത്തണം. 163 സെന്റീമീറ്റർ ഉയരമുള്ള സംഗീത ആ കുഞ്ഞുവീട്ടിൽ തൂങ്ങിമരിച്ചത് എങ്ങനെ എന്ന സംശയം തെളിയിക്കപ്പെടണം. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള മരണങ്ങൾ ആവർത്തിക്കപ്പെടുന്നതിന് പരിഹാരം കണ്ടെത്താൻ ഇനിയും സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല എന്ന് ഒരു പെൺകുട്ടിയുടെ ജീവൻ കൂടി ഓർമ്മപ്പെടുത്തുന്നു. ഒപ്പം, കേരള സമൂഹത്തിൽ ആഴത്തിൽ വേരുറച്ച ജാതിവിവേചനത്തിന്റെ ജീർണ്ണതകളെ ഈ അനുഭവം വീണ്ടും പുറത്തേക്ക് കൊണ്ടുവരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 12, 2022 4:28 pm