മോദി സർക്കാർ അധികാരത്തിലെത്തിയത് മുതലുള്ള ഒമ്പത് വർഷക്കാലം (2014-2023) അച്ചടി മാധ്യമങ്ങളിലെ സർക്കാർ പരസ്യങ്ങൾക്കായി ചിലവഴിച്ചത് 2,300 കോടിയിലധികം രൂപ. അതായത് ഒരു ദിവസം ചിലവാക്കിയത് 71 ലക്ഷം രൂപ. ഇക്കൂട്ടത്തിൽ കൂടുതൽ പരസ്യത്തുക ലഭിച്ച പത്രങ്ങളുടെ വിവരം പരിശോധിച്ചാൽ പ്രമുഖ ദിനപത്രങ്ങൾക്ക് പുറമെ സ്വന്തം ജില്ലകളിൽപ്പോലും അറിയപ്പെടാത്ത ചെറിയ ന്യൂസ് പേപ്പറുകൾ ഈ പട്ടികയിൽ ഉൾപ്പെട്ടതായി മനസിലാക്കാൻ സാധിക്കും. അച്ചടി പരസ്യങ്ങൾക്കായുള്ള സർക്കാരിന്റെ മാനദണ്ഡങ്ങൾ പോലും പാലിക്കാത്തവയാണ് ഈ പ്രാദേശിക പത്രങ്ങൾ. കഴിഞ്ഞ ഒൻപത് വർഷത്തെ ആകെ പരസ്യച്ചെലവിന്റെ 50 ശതമാനത്തിലധികം, അതായത് ഏകദേശം 1,300 കോടി രൂപയോളം 10 പത്രസ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. 5,169 ൽ അധികം പരസ്യ സ്വീകർത്താക്കളുടെ പട്ടികയിൽ നൂറുകണക്കിന് ചെറിയ പത്രസ്ഥാപനങ്ങൾ ഉണ്ടായിരുന്നതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ന്യൂസ്‌ലോൺഡ്രി എന്ന വെബ് പോർട്ടലാണ് ഈ കണക്കുകളും രേഖകളും ഉൾപ്പെടുന്ന എക്സ്ക്ലൂസീവ് റിപ്പോർട്ട് 2023 മെയ് 31ന് പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് പത്രങ്ങളെ അധികരിച്ചാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അച്ചടി മാധ്യമങ്ങൾക്കുള്ള പരസ്യനയം അനുസരിച്ച്, 2,000 നും 25,000 നും ഇടയിൽ സർക്കുലേഷൻ ഉള്ളവയാണ് ചെറിയ പത്രങ്ങൾ. ഉള്ളടക്കങ്ങളിൽ പകർപ്പ് (കോപ്പി) പാടില്ല, എഡിറ്റോറിയലുകൾ നിർബന്ധമായും ഉണ്ടാകണം, എല്ലാ ലേഖനങ്ങൾക്കും ശരിയായ കടപ്പാട്/ക്രെഡിറ്റ് വേണം എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നവായാകണം ഇവ. എന്നാൽ കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ പരസ്യ തുക നൽകിയ അച്ചടി മാധ്യമങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനത്തുള്ള ഗുജറാത്ത് വൈഭവ്, 31-ാം സ്ഥാനത്തുള്ള ജാഗരൂക് ടൈംസ് എന്നിവ ഈ മാനദണ്ഡങ്ങളിൽ പലതും പാലിക്കുന്നില്ല. രേഖകൾ പ്രകാരം, അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 30 വർഷം പഴക്കമുള്ള ഹിന്ദി ദിനപത്രമായ ഗുജറാത്ത് വൈഭവിന് 2014-15 സാമ്പത്തിക വർഷം മുതൽ 2023 ഫെബ്രുവരി ഒന്ന് വരെയുള്ള കാലയളവിൽ 13.93 കോടി രൂപ പരസ്യത്തിനായി ലഭിച്ചു. രാജസ്ഥാനിലെ സിരോഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 15 വർഷം പഴക്കമുള്ള ഹിന്ദി പത്രമായ ജാഗരൂക് ടൈംസിന് 12.38 കോടി രൂപയാണ് ലഭിച്ചത്. ഈ ഒമ്പത് വർഷ കാലയളവിൽ 8.54 കോടി രൂപയിലധികം പരസ്യതുക സർക്കാരിൽ നിന്ന് ലഭിച്ച് 45-ാം സ്ഥാനത്തുള്ള മധ്യപ്രദേശ് ദിനപത്രം പ്രദേശ് ടുഡേയും മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പത്രമാണ്. രാജസ്ഥാനിലെ വ്യവസായി ഗോവിന്ദ് പുരോഹിതിന്റേതാണ് ജാഗരൂക് ടൈംസ്. മറ്റൊരു വ്യവസായിയായ മനീഷ് വിദെയുടെ ഉടമസ്ഥതയിലുള്ളതാണ് ഗുജറാത്ത് വൈഭവ്. ദൈനിക് ഭാസ്‌കറിന്റെ മുൻ ലേഖകൻ ഹൃദയേഷ് ദീക്ഷിത് ആണ് 13 വർഷം പഴക്കമുള്ള പ്രദേശ് ടുഡേയുടെ ഉടമ.
ഗുജറാത്ത് ടൈംസ്, സന്ദേശ്, ദിവ്യ ഭാസ്‌കർ തുടങ്ങിയ ഗുജറാത്തിലെ പ്രമുഖ പത്രങ്ങളേക്കാൾ കൂടുതൽ പരസ്യത്തുക ഗുജറാത്ത് വൈഭവിന് കേന്ദ്ര സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 2022-23 ൽ സന്ദേശിന് 1.45 കോടി രൂപയുടേയും ഗുജറാത്ത് ടൈംസിന് 1.17 കോടി രൂപയുടേയും ദിവ്യ ഭാസ്‌കറിന് 81 ലക്ഷം രൂപയുടേയും പരസ്യങ്ങൾ ലഭിച്ചപ്പോൾ ഗുജറാത്ത് വൈഭവിന് 1.51 കോടി രൂപയുടെ സർക്കാർ പരസ്യങ്ങളാണ് ലഭിച്ചത്. എന്നാൽ എന്താണ് ഗുജറാത്ത് വൈഭവ് എന്ന ഈ പത്രം ചെയ്തുകൊണ്ടിരിക്കുന്നത്? ന്യൂസ്‌ലോൺഡ്രി ഇത് വ്യക്തമാക്കുന്നതിനായി ഒരു പരിശോധന നടത്തി. മെയ് 1നും മെയ് 6നും ഇടയിൽ അഞ്ച് ദിവസങ്ങളിലെ ഗുജറാത്ത് വൈഭവ് ഇ-പേപ്പർ പരിശോധിച്ചപ്പോൾ മറ്റ് പേപ്പറുകളിൽ നിന്നും പോർട്ടലുകളിൽ നിന്നും പകർത്തിയാണ് എഡിറ്റോറിയലുകൾ പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാവുകയുണ്ടായി. ഹിന്ദി ദിനപത്രമായ നയാ ഇന്ത്യയുടെ വാർത്തകളാണ് ഗുജറാത്ത് വൈഭവ് കൂടുതലും പകർത്തി പ്രസിദ്ധീകരിക്കുന്നത്.
മെയ് 5 ന് ഗുജറാത്ത് വൈഭവ് ഒരു സ്പെഷ്യൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, “from poisonous snake to vishkanya” എന്ന തലക്കെട്ടോടെ. ഒരു ദിവസം മുമ്പ് നയാ ഇന്ത്യയിൽ ഓംപ്രകാശ് മേത്ത എഴുതിയ റിപ്പോർട്ടിന്റെ കോപ്പി ആണിതെന്ന് ന്യൂസ്‌ലോൺഡ്രി കണ്ടെത്തി. ഓംപ്രകാശ് മേത്തക്കോ, നയാ ഇന്ത്യക്കോ കടപ്പാട് വച്ചിട്ടില്ല. അതേ ദിവസം, അതേ പേജിൽ, ‘IIT engineer-turned-criminal in love with bar dancer’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടും അനുബന്ധ ഫോട്ടോകളും നയാ ഇന്ത്യയുടെ കോപ്പി ആയിരുന്നു.
ഒമ്പത് വർഷത്തിനിടെ ഏറ്റവും കൂടുതൽ പരസ്യ പണം ലഭിച്ച അച്ചടി സ്ഥാപനങ്ങളുടെ പട്ടികയിൽ ഗുജറാത്ത് വൈഭവിനേക്കാൾ വളരെ താഴെ, 108-ാം സ്ഥാനത്താണ് നയാ ഇന്ത്യ. ഏകദേശം 1.45 കോടി രൂപയാണ് നയാ ഇന്ത്യക്ക് ഈ കാലയളവിൽ പരസ്യ തുകയായി സർക്കാരിൽ നിന്ന് ലഭിച്ചത്. കോപ്പി മോഷ്ടിക്കുന്ന പത്രത്തിന് വാർത്ത യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ച പത്രത്തേക്കാൾ ഇരട്ടി പരസ്യതുക ലഭിക്കുന്നു.
“ഗുജറാത്ത് വൈഭവുമായി തന്റെ പത്രത്തിന് യാതൊരു ബന്ധവുമില്ല. പല പത്രങ്ങളും തങ്ങളുടെ വാർത്തകൾ പകർത്തുന്നുണ്ട്. ചിലർ കടപ്പാട് നൽകുന്നു, ചിലർ നൽകുന്നില്ല. എഡിറ്റോറിയലുകൾ പകർത്തുന്നത് ധാർമ്മികമായും നിയമപരമായും തെറ്റാണ്.” എന്നാണ് നയാ ഇന്ത്യ ന്യൂസ് എഡിറ്റർ അജിത് ദ്വിവേദി ന്യൂസ് ലോൺട്രിയോട് പ്രതികരിച്ചത്. ഒരിക്കൽ താൻ എഴുതിയ ഒരു ലേഖനം അനുമതിയില്ലാതെ ഗുജറാത്ത് വൈഭവ് പ്രസിദ്ധീകരിച്ചുവെന്നും മുമ്പും ഇത്തരത്തിൽ തങ്ങളുടെ വാർത്തകൾ അനുമതിയില്ലാതെ പകർത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഹിന്ദി ട്രിബ്യൂൺ എഡിറ്റർ നരേഷ് കൗശലും പറയുന്നു. എന്നാൽ അത്തരത്തിൽ മറ്റ് പത്രങ്ങളുടെ വാർത്തകൾ പകർത്തിയതായി അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് ഗുജറാത്ത് വൈഭവ് എഡിറ്റർ അവധേഷ് കുമാർ പ്രതികരിച്ചത്.
ഗുജറാത്ത് വൈഭവിന് സമാനമായി ജാഗരൂക് ടൈംസും അതിന്റെ ഭൂരിഭാഗം വാർത്തകളും മറ്റ് പത്രങ്ങളിൽ നിന്ന് പകർത്തുകയാണ് ചെയ്യുന്നത്. കൂടാതെ പുറമെ നിന്നും വരുന്ന പ്രസ് റിലീസുകളെ മാത്രം ആശ്രയിച്ചും വാർത്തകൾ തയ്യാറാക്കുന്നു. ഏപ്രിൽ മാസത്തെ പകുതിയിലധികം എഡിറ്റോറിയലുകളും മറ്റ് പത്രങ്ങളിൽ നിന്ന് എടുത്തവയാണ് എന്ന് ന്യൂസ് ലോൺഡ്രി കണ്ടെത്തി. രാജസ്ഥാനിലെ ബി.ജെ.പി നേതാക്കളായ നാരായണ് പുരോഹിതിന്റെയും അർജുൻ പുരോഹിതിന്റെയും സഹോദരനായ ഗോവിന്ദ് പുരോഹിതാണ് ജാഗരൂക് ടൈംസ് ഉടമ. നാരായൺ പുരോഹിതിനെക്കുറിച്ചുള്ള വാർത്തകൾ വലിയ തലക്കെട്ടോടെ ജാഗരൂക് ടൈംസ് പതിവായി പ്രസിദ്ധീകരിക്കാറുണ്ട്. കേന്ദ്രസർക്കാർ മാത്രമല്ല രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരും ഈ പത്രത്തിൽ പരസ്യങ്ങൾ നൽകാറുണ്ട്.
ഏപ്രിൽ മാസം ജീവനക്കാർ കുറവായത് കൊണ്ടുണ്ടായ പ്രതിസന്ധി മൂലം ചില പേജുകൾ കൈകാര്യം ചെയ്യാൻ ഒരു ഏജൻസിക്ക് ചുമതല നൽകിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഗോവിന്ദ് പുരോഹിതിന്റെ മകനും പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫുമായ ഹേമൽ പുരോഹിതിന്റെ പ്രതികരണം.
ഗുജറാത്ത് വൈഭവിനെയും ജാഗരൂക് ടൈംസിനെയും അപേക്ഷിച്ച് പ്രദേശ് ടുഡേ മധ്യപ്രദേശിലെ ഏറെ വായനക്കാരുള്ള സായാഹ്ന പത്രമാണ്. എന്നാൽ പ്രദേശ് ടുഡേയും മറ്റ് പത്രങ്ങളുടെ വാർത്തകൾ കോപ്പി ചെയ്യുക പതിവാണ്. പ്രഭാത് ഖബർ, ഹിന്ദുസ്ഥാൻ, എ.ബി.പി ന്യൂസ് എന്നിവയിലെ വാർത്തകൾ എഡിറ്റോറിയൽ പേജിൽ തന്നെ കോപ്പി ചെയ്തിട്ടുണ്ട്. എന്നാൽ കോപ്പി ചെയ്യപ്പെട്ട ഉള്ളടക്കങ്ങളെ പറ്റി അറിവില്ലെന്നാണ് പ്രദേശ് ടുഡേയുടെ ഡയറക്ടർ സതീശ് പിംപിൾ പ്രതികരിച്ചത്.
പത്രങ്ങൾക്ക് പരസ്യങ്ങൾ നൽകുന്ന സർക്കാർ സംവിധാനമായ ഡി.എ.വി.പി (Directorate of Advertising and Visual Publicity) യുടെ കണക്കനുസരിച്ച്, ഗുജറാത്ത് വൈഭവ്, ജഗ്രുക് ടൈംസ് എന്നിവയുടെ സർക്കുലേഷൻ 25,000-ത്തിന് മുകളിലാണ്. എന്നാൽ ഈ പത്രങ്ങളുടെ സർക്കുലേഷൻ 25,000 കുറവാണെന്നാണ് ഗുജറാത്തിലെയും രാജസ്ഥാനിലെയും നിരവധി പത്രപ്രവർത്തകർ ആരോപിക്കുന്നത്. ജാഗ്രൂക് ടൈംസും ഗുജറാത്ത് വൈഭവും സർക്കുലേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവരുടെ അപേക്ഷയ്ക്ക് 2019 മുതൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും സംസ്ഥാന പി.ഐ.ബി അധികാരികളുടെ അനുമതി ലഭിച്ചിട്ടില്ല.
ഗുജറാത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അപൂർവ്വ ഹിന്ദി പത്രമാണ് ഗുജറാത്ത് വൈഭവ് എന്നും ഹിന്ദി പത്രങ്ങൾ അധികമാളുകൾ വായിക്കാറില്ലെന്നും, ഗുജറാത്ത് വൈഭവ് പ്രത്യേകിച്ചും വായിക്കാറില്ലെന്നും ഗുജാറിത്തിൽ നിന്നുള്ള സോഴ്സുകളെ അധികരിച്ച് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് പറയുന്നു. അതേസമയം, ഈ പത്രത്തിന് നരേന്ദ്ര മോദി സർക്കാരിൽ നിന്ന് പരസ്യങ്ങൾ തുടർച്ചയായി ലഭിച്ചു. 2014-2015ൽ 1.13 കോടി രൂപയും 2015-16ൽ 1.46 കോടി രൂപയും 2016-2017ൽ 1.57 കോടി രൂപയും 2017-2018ൽ 2.86 കോടി രൂപയും 2017-2018ൽ 2.35 കോടി രൂപയും 2018-2019ൽ 2.35 കോടി രൂപയും 12049 കോടി രൂപയും പരസ്യങ്ങൾക്കായി ലഭിച്ചു. 2020-2021-ൽ 1.18 കോടി, 2021-2022-ൽ 94.5 ലക്ഷം, ഈ വർഷം ഫെബ്രുവരി വരെ 1.29 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
ജാഗരൂക് ടൈംസ് പരമാവധി 600 കോപ്പികളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് അച്ചടി മാധ്യമത്തിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള മുതിർന്ന പത്രപ്രവർത്തകനെ അധികരിച്ച് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് മുതൽ ഏഴ് വരെ ആളുകൾ മാത്രമാണ് ഈ പത്രത്തിൽ പ്രവർത്തിക്കുന്നതെന്നും അവർ വാർത്തകൾ കോപ്പി-പേസ്റ്റ് ചെയ്ത് പത്രമുണ്ടാക്കുകയാണെന്നും പേര് വെളിപ്പെടുത്താത്ത മുതിർന്ന മാധ്യമപ്രവർത്തകൻ പറയുന്നു. അതേസമയം, പത്രത്തിന് കേന്ദ്രത്തിൽ നിന്നും തുടർച്ചയായി പരസ്യങ്ങൾ കിട്ടിക്കൊണ്ടേയിരിക്കുന്നു. 2014-2015ൽ 55.3 ലക്ഷം രൂപയും 2015-2016ൽ 1.07 കോടി രൂപയും 2016-17ൽ 1.74 കോടി രൂപയും 2017-2018ൽ 3.54 കോടി രൂപയും 2017-2018ൽ 2.3 കോടി രൂപയും 201918ൽ 2.3 കോടി രൂപയും 201918ൽ 2.3 കോടി രൂപയും ലഭിച്ചു. 2019-2020-ൽ കോടി, 2020-2021-ൽ 68.9 ലക്ഷം, 2021-2022-ൽ 68 ലക്ഷം, ഈ വർഷം ഫെബ്രുവരി വരെ 47.4 ലക്ഷം രൂപ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശിക പത്രപ്രവർത്തകർക്ക് പോലും പരിചിതമല്ലാത്ത ബിഹാർ ആസ്ഥാനമായുള്ള മീഡിയ ദർശൻ എന്ന പത്രത്തിനും 1.67 കോടി രൂപയ്ക്ക് മുകളിൽ ഒമ്പത് വർഷത്തിനിടെ ലഭിച്ചതായി രേഖകൾ പറയുന്നു.
2020-ൽ നിലവിൽ വന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം ഒരു എട്ടംഗ ഉപദേശക സമിതിയാണ് സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നതിനുള്ള അച്ചടി മാധ്യമങ്ങളുടെ അപേക്ഷ പരിഗണിക്കുന്നത്. മന്ത്രാലയം നാമനിർദ്ദേശം ചെയ്യുന്ന ചെറുകിട, ഇടത്തരം, വൻകിട പത്രങ്ങളിൽ നിന്നുള്ള അഞ്ച് ഔദ്യോഗിക അംഗങ്ങളും മന്ത്രാലയത്തിന്റെ പ്രതിനിധിയുമാണ് ഈ ഉപദേശക സമിതിയിൽ ഉള്ളത്. സർക്കുലേഷൻ, RNI രജിസ്ട്രേഷൻ, സത്യസന്ധമായ ഉള്ളടക്കം എന്നിവ ഉൾപ്പെടെ നിരവധി യോഗ്യതാ മാനദണ്ഡങ്ങൾ വച്ചാണ് അപേക്ഷയിൽ തീരുമാനമെടുക്കുന്നത്. ന്യൂസ് ലോൺഡ്രി ഈ സമിതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.
മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും കേന്ദ്ര സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്നത്. അതിൽ പൊതുതാത്പര്യമുള്ള പരസ്യങ്ങളെക്കാൾ കൂടുതൽ സർക്കാർ പദ്ധതികളുടെ പ്രചാരണമാണ് ഉണ്ടാകാറുള്ളത്. ആ കോടികൾ തട്ടിയെടുക്കുന്നതിനായി മാത്രം, ഒരു പ്രചാരവുമില്ലാത്ത, വാർത്തകൾ കോപ്പി ചെയ്ത് പുറത്തിറക്കുന്ന ചില മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന ഗൗരവമുള്ള പ്രശ്നത്തെയാണ് ന്യൂസ് ലോൺഡ്രിയുടെ റിപ്പോർട്ട് തുറന്നുകാണിക്കുന്നത്. പരസ്യദാതാവ് എന്ന സ്ഥാനം മാധ്യമ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന കേന്ദ്രസർക്കാരിന്റെ ഈ അഴിമതിക്ക് പിന്നിലെ സ്വാധീനം തെളിയിക്കപ്പെടേണ്ടതുതന്നെയാണ്.