വിത്തും വൈവിധ്യവും കാത്തുവച്ച വയലുകൾ

തദ്ദേശീയ വിത്ത് വൈവിധ്യം സംരക്ഷിക്കുന്നതിനായി കിഴക്കൻ ഇന്ത്യയിലെ പരമ്പരാഗത കർഷകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ഡോ. ദെബൽ ദേബ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പൂർവ്വ വിദ്യാർത്ഥിയും യു.എസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ മുൻ ഫുൾബ്രൈറ്റ് സ്കോളറുമായിരുന്ന ദെബൽ ദേബ് 1990-കളുടെ മധ്യത്തിൽ ബംഗാളിലെ നാമാവശേഷമായിക്കൊണ്ടിരുന്ന നെല്ലിനങ്ങളുടെ ഡോക്യുമെന്റേഷന്റെ പ്രാധാന്യം തന്റെ സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്ഥാപിച്ച ഒഡീഷയിലെ ബസുധ (Basudha), പാരിസ്ഥിതിക വാസ്തുവിദ്യയും പരമ്പരാഗത കൃഷിരീതികളെക്കുറിച്ചുള്ള ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന 1.7 ഏക്കർ വരുന്ന കൃഷിയിടമാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനം കർഷകർക്കായി വ്രിഹി (Vrihi) എന്ന പേരിൽ ആരംഭിച്ച ആദ്യത്തെ സർക്കാരിതര നെൽവിത്ത് ബാങ്ക് ആണ്. ഇതിലൂടെ 1400 ലധികം നെൽവിത്തുകൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. കൂടാതെ നാടൻ നെല്ലിനങ്ങളുടെ വാണിജ്യേതര വിനിമയം പ്രോത്സാഹിപ്പിക്കുകയും നാടൻവിത്ത് കൃഷി ചെയ്യുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു. ഇതിന്റെ പേരിൽ മൊൺസാന്റോ പോലുള്ള വൻകിട കമ്പനികളിൽ നിന്നും പലതരം ഭീഷണികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അഗ്രോ ഇക്കോളജിയെക്കുറിച്ചും നാടൻവിത്ത് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. ദെബൽ ദേബ് ഈ അഭിമുഖത്തിന്റെ ഒന്നാം ഭാഗത്ത് സംസാരിക്കുന്നു.

എന്താണ് അഗ്രോ ഇക്കോളജി (Agro Ecology)? പലപ്പോഴും ആളുകൾ അഗ്രോ ഇക്കോളജിയെന്നും ഓർഗാനിക് ഫാർമിംഗ്, നാച്ചുറൽ ഫാമിങ് എന്നൊക്കെ ഒരേ സമയം ഉപയോഗിക്കുന്നത് കാണാം. അഗ്രോ ഇക്കോളജി മറ്റുള്ള രീതികളിൽ നിന്നും എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് വിശദീകരിക്കാമോ?

അടിസ്ഥാനപരമായി ഇക്കോളജിയെന്ന ശാസ്ത്രത്തിന്റെ കാർഷിക മേഖലയിലുള്ള പ്രയോഗമാണ് അഗ്രോ ഇക്കോളജി. ജനകീയ പ്രസ്ഥാനങ്ങൾ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല ഇക്കോളജി എന്ന് ഞാൻ പറഞ്ഞത്. അത് ജീവജാലങ്ങൾ എങ്ങനെയാണ് ഒരു ആവാസ വ്യവസ്ഥയിൽ പരസ്പര ആശ്രിതത്തോടെ കഴിയുന്നതെന്നും അവയ്ക്കിടയിൽ നിലനിൽക്കുന്ന ബന്ധം എങ്ങനെ ഉള്ളതാണെന്നും പ്രതിപാദിക്കുന്ന ശാസ്ത്രം എന്ന നിലയിലാണ് . ഭക്ഷ്യശൃംഖല ഒരു ഉദാഹരണമാണ്. അതിന്റെ പ്രവർത്തനം, ജീവന്റെ നിയമങ്ങൾ, സ്ഥിരത എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. നിങ്ങൾ എങ്ങനെ സുസ്ഥിരതയെ, ചെടികളുടെ തനതു സ്വഭാവത്തിലേക്ക് തിരിച്ചു വരാനുള്ള കഴിവിനെ (Resilience) അളക്കും, തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാനപരമായി അത് ജൈവവൈവിധ്യത്തിലും അവയ്ക്കിടയിൽ നിലനിൽക്കുന്ന ബന്ധത്തിലും ഊന്നിയുള്ളതാണ്. ഓർഗാനിക് ഫാമിങ് എന്നു പറയുന്നത് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണ്. എന്നാൽ ഈ കൃഷി രീതിയിൽ ജൈവ വളങ്ങളോടൊപ്പം ഹൈബ്രീഡ് ഇനങ്ങളും ബി ടി കോട്ടൺ പോലുള്ളവയും ഉപയോഗിക്കാൻ കഴിയും. നാച്ചുറൽ ഫാമിങ് (Natural Farming) എന്നത് ഒരു വിരുദ്ധോക്തിയാണ്. ഒരു കൃഷി രീതിക്കും നാച്ചുറൽ എന്ന് അവകാശപ്പെടാൻ കഴിയില്ല. വിത്തുകൾ മുതൽ കാർഷിക ഉപകരണങ്ങൾ വരെ മനുഷ്യ നിർമ്മിതമാണ്. കൃഷി പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലാണ്. അഗ്രോ ഇക്കോളജിയും ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുതന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ അഗ്രോ ഇക്കോളജിയിൽ ഒന്നാമതായി വിളകളെപ്പോലെ വിളകളല്ലാത്തവയെയും മറ്റ് ജീവജാലങ്ങളിലെ വൈവിധ്യത്തെയും പരിഗണിക്കുന്നുണ്ട്. മാത്രവുമല്ല ഈ വൈവിധ്യത്തെ വർധിപ്പിക്കാൻ ആണ് അഗ്രോ ഇക്കോളജി ശ്രമിക്കുന്നത്. അതുപോലെ പ്രധാനമാണ് ജനിതക വൈവിദ്ധ്യം നെല്ല്, ഗോതമ്പു, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, തുടങ്ങിയ ഓരോ വിളയിനത്തിലും പരമാവധി വൈവിധ്യം നിലനിർത്തണം. മൂന്നാമതായി കൃഷിയിടത്തിൽ ആർക്കിടെക്ച്ചറൽ വൈവിധ്യവും നിലനിർത്തണം. ചെറുതും വലുതുമായ ചെടികൾ, വള്ളിച്ചെടികൾ, നിലത്തു പടരുന്നവ തുടങ്ങിയ പലതരം ചെടികൾ ഒരു കൃഷിയിടത്തിൽ ഉറപ്പുവരുത്തണം. അതുകൊണ്ടു തന്നെ കള പറിക്കൽ, കളനാശിനി പ്രയോഗം, എന്നിവയ്ക്ക് പ്രസക്തിയില്ല. എന്നാൽ കളകളെ നിയന്ത്രിക്കുന്ന രീതി ഉണ്ടാകും. അതായത് കള ഉൽമൂലനത്തിനു പകരം കളനിയന്ത്രണമാണ് ചെയ്യുക. കാരണം പ്രാണികൾക്കും മറ്റു ജീവികൾക്കും ഒരു ആവാസവ്യവസ്ഥയിൽ വിവിധ പങ്കുവഹിക്കാനുണ്ട് എന്നത് പ്രധാനമാണ്. ആ അർത്ഥത്തിൽ അഗ്രോ ഇക്കോളജി ഒരു സിസ്റ്റത്തെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ ചെടികളുടെ തനതു സ്വഭാവത്തിലേക്ക് തിരിച്ചു വരാനുള്ള കഴിവിനെ (Resilience) ശക്തിപ്പെടുത്താനും കഴിയും. കൂടാതെ അഗ്രോ ഇക്കോളജി ഒരു ശാസ്ത്രീയ രീതി മാത്രമല്ല ഒരു മൂവ്മെന്റ് കൂടിയാണ്. ഒരു ഫിലോസഫി കൂടിയാണ്.

അഗ്രോ ഇക്കോളജിയെന്നത് ഒറ്റപ്പെട്ട ഒരു കൃഷിരീതിയല്ല, അതിനു വിവിധ ഘടകങ്ങളുടെ സമഗ്രമായ പിന്തുണ ആവശ്യമാണെന്നർത്ഥം. ഏതു തരത്തിലുള്ള സമ്പദ്‌വ്യവസ്ഥയാണ് അഗ്രോ ഇക്കോളജിയുടെ നിലനിൽപ്പിനാവശ്യമായിട്ടുള്ളത്?

അഗ്രോ ഇക്കോളജിയെന്നത് ഒരു സമ്പദ്‌വ്യവസ്ഥ കൂടിയാണ്. അതുകൊണ്ടാണ് അത് കമ്മ്യൂണിറ്റി തലത്തിൽ നടക്കുന്ന ഒരു പ്രവർത്തനമാണെന്നു ഞാൻ പറഞ്ഞത്. അതിനു വേറൊരു സമ്പദ്‌വ്യവസ്ഥയുടെ സഹായമാവശ്യമില്ല. പുറത്തു നിന്നും മനുഷ്യാധ്വാനം, വിത്തുകൾ, വളങ്ങൾ എന്നിവ അഗ്രോ ഇക്കോളജിക്ക്‌ ആവശ്യമില്ല. പണത്തിന്റെ ആവശ്യത്തിന് ബാങ്ക് ലോൺ അവിടെ സ്വീകരിക്കപ്പെടുന്നില്ല. അങ്ങനെയുള്ള സ്വതന്ത്ര സമ്പദ്ഘടനയാണ് അതിനുള്ളത്. ഒരു കമ്മ്യൂണിറ്റിയുടെ പങ്കാളിത്തം ഇല്ലാതെ അഗ്രോ ഇക്കോളജി പ്രാവർത്തികമാവില്ല. ഇതിന്റെ ഒരു പ്രാവർത്തിക രൂപമാണ് കർഷകർ വിത്തുകൾ പങ്കിടുന്ന സീഡ് ബാങ്കുകൾ. കാർഷിക ഉപകരണങ്ങളുടെ ഉപയോഗവും അറിവിന്റെ പങ്കുവയ്ക്കലുമൊക്കെ കമ്മ്യൂണിറ്റി തലത്തിലാണ്. കുറെ വർഷങ്ങൾക്കു മുൻപ് മനുഷ്യാധ്വാനവും പങ്കുവയ്ക്കപ്പെടുകയായിരുന്നു എന്ന് കാണാം . ഒരു കൃഷിയിടത്തിലെ പ്രയോഗ രീതി എന്ന നിലയിൽ മാത്രം അഗ്രോ ഇക്കോളജിക്ക്‌ നിലനിൽപ്പില്ല. ലാഭമുണ്ടാക്കലല്ല അഗ്രോ ഇക്കോളജിയുടെ പ്രാഥമിക പരിഗണന. ഒരു സമൂഹത്തിന്റെ സുസ്ഥിര നിലനിൽപ്പും ആ സമൂഹം ബാഹ്യശക്തികളെ ആശ്രയിക്കാതെ നിലനിൽക്കുന്നതുമാണ് പ്രഥമ പരിഗണ. സന്നദ്ധ സംഘടനളുടെ മൈക്രോ ക്രെഡിറ്റ്, സർക്കാർ സഹായം, കമ്പനികളുടെ വിത്ത് വിതരണം, അവരുടെ വളങ്ങളും കീടനാശിനികളും ഒന്നും തന്നെ അവിടെ ആശ്രയിക്കുന്നില്ല. അതുകൊണ്ടാണ് കമ്മ്യൂണിറ്റി തല പ്രവർത്തനം ആവശ്യമായി വരുന്നത്. ഈ മോഡൽ ക്യൂബയിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അത് മെക്സിക്കോ പോലുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. ക്യൂബയിൽ ഇത് നഗരങ്ങളിൽ കൂടി വിജയകരമായിരുന്നു. അവിടെയൊക്കെ നല്ല ഉൽപ്പാദനവും സാധ്യമായി. ഓർഗാനിക് കൃഷിയിലെ കാര്യങ്ങൾ ഉപയോഗിക്കുമ്പോഴും അഗ്രോ ഇക്കോളജി അതിനും അപ്പുറമാണ്. നൂറ്റാണ്ടുകളായി ഇവിടെ പ്രാദേശിക തലത്തിൽ രൂപപ്പെടുത്തിയെടുത്ത ജലസേചന രീതികൾ നിലനിന്നിരുന്നു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൻമെന്റ് (CSE) ഇതുമായി ബന്ധപ്പെട്ട ഒരു നല്ല പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് അതാത് കമ്മ്യൂണിറ്റികളിൽ തന്നെ ഉണ്ടാക്കിയ ഉപകരണങ്ങളും സംവിധാനങ്ങളുമായിരുന്നു ഉപയോഗിച്ചതെന്ന് കാണാൻ കഴിയും. എന്നാൽ ഈ സംവിധാങ്ങളൊക്കെ നമ്മൾ ഇല്ലാതാക്കുകയും മറക്കുകയും ചെയ്തു. അഗ്രോ ഇക്കോളജി ഇപ്പോൾ കണ്ടുപിടിച്ച ഒന്നല്ല. നൂറ്റാണ്ടുകളായി ലോകത്ത് നിലനിന്നിരുന്നതാണ് എന്നാണു ഞാൻ പറഞ്ഞുവരുന്നത്.

ഡോ. ദെബൽ ദേബ്. കടപ്പാട് : www.livemint.com

വർഷങ്ങളായുള്ള മനുഷ്യ ഇടപെടലുകളുടെ ഭാഗമായി ഭൂവിനിയോഗത്തിൽ മാറ്റം വന്നിട്ടുണ്ടല്ലോ. പഴയ ഭൂപ്രകൃതിയല്ല (Landscape) ഇപ്പോൾ നിലവിലുള്ളത്. ഒരു ചെറിയ കർഷകന്റെ കൃഷിഭൂമിക്കടുത്തു ജലം ലഭ്യമല്ലെന്ന് വരുമ്പോൾ അയാൾക്ക് അകലെ നിന്നും വെള്ളം തന്റെ കൃഷിയിടത്തിൽ എത്തിക്കാൻ പമ്പുസെറ്റ് പോലുള്ള സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരില്ലേ? അല്ലെങ്കിൽ അഗ്രോ ഇക്കോളജി ഒരു ചെറിയ കൃഷിസ്ഥലത്ത് സാധ്യമല്ലെന്ന് പറയേണ്ടി വരില്ലേ?

ചെറിയ കൃഷി സ്ഥലത്തും അഗ്രോ ഇക്കോളജി വിജയകരമായി ചെയ്യാൻ കഴിയും. പുറത്തുനിന്നുള്ള ഉപകരണങ്ങൾ, പമ്പ്സെറ്റ്, വാണിജ്യ ഇന്ധങ്ങൾ ഒന്നുമില്ലാതെയാണ് ഞങ്ങൾ ഇരുപത്തിയഞ്ചു വർഷത്തിലേറെയായി ഒറീസയിലെ ബസുധയിൽ കൃഷി ചെയ്യുന്നത്. പ്രാദേശികമായി വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന കാർഷിക ഉപകരണങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഒരു ചെറിയ കൃഷിയിടത്തിലാണെങ്കിലും അഗ്രോ ഇക്കോളജി വളരെ വിജയകരമായി നടത്താൻ കഴിയും. ഒരു പമ്പുസെറ്റോ, ട്രാക്ടറോ ഒരു കമ്മ്യൂണിറ്റിയിൽ ഉണ്ടാക്കുന്നില്ല, മാത്രവുമല്ല അത് പ്രവർത്തിപ്പിക്കാൻ പുറത്തുനിന്നുള്ള ഇന്ധനം ആവശ്യമാണ് താനും. അങ്ങനെ വരുമ്പോൾ കമ്മ്യൂണിറ്റിയുടെ പങ്കു ഇല്ലാതാവുകയാണ് ചെയ്യുന്നത്. കൂടാതെ ഭക്ഷ്യ സുരക്ഷയിൽ ഏറ്റവും വലിയ പങ്കു വഹിക്കാൻ കഴിയുക ചെറിയ തോതിലുള്ള കൃഷിക്കാണ്. അതിന്റെ പ്രാധാന്യം മനസിലാക്കിയാണ് UNFAO (Food and Agriculture Organization of the United Nations) കുറച്ചു വർഷങ്ങൾക്കു മുൻപ് ഇന്റർനാഷണൽ ഇയർ ഓഫ് ഫാമിലി ഫാർമിംഗ് കൊണ്ടാടിയത്. International Assessment of Agricultural Science & Technology for Development (IAASTD) ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറിയ കൃഷി സ്ഥലത്തു ജലസേചനം നടത്തി തന്നെ എന്തിനാണ് കൃഷി ചെയ്യാൻ പോകുന്നത്? അവിടെ ജലം കുറഞ്ഞ അളവിൽ ആവശ്യമുള്ള ഇനങ്ങൾ കൃഷി ചെയ്യാമല്ലോ. ജലം കൂടുതൽ ആവശ്യമുള്ള നെല്ലിനങ്ങൾ, കരിമ്പ് തുടങ്ങിയവ എല്ലായിടത്തും കൃഷിചെയ്യണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്? അവിടെ ചെറുധാന്യങ്ങൾ (Millets), തുടങ്ങിയവ ചെയ്തു കൂടെ? കുറച്ചു ജലം ആവശ്യമുള്ള എത്രയോ പച്ചക്കറിയിനങ്ങൾ ഉണ്ട്. ആധുനിക കൃഷിരീതികൾ വരുന്നതിനുമുമ്പ് നൂറ്റാണ്ടുകളായി മനുഷ്യർ ഇങ്ങനെയാണ് കൃഷി ചെയ്തിരുന്നത്. അല്ലാതെ വൻതോതിൽ ജലസേചനം നടത്തിയും ഭൂഗർഭജലം വരെ ചൂഷണം ചെയ്‌തുമല്ല. മാത്രവുമല്ല പ്രാദേശികമായി ഉണ്ടാക്കുന്ന പണി ആയുധങ്ങൾ അവർ ഉപയോഗിക്കുകയും ചെയ്തിരുന്നു. അഗ്രോ ഇക്കോളജി പണി ആയുധങ്ങൾക്കും യന്ത്രവൽക്കരണത്തിനും എതിരല്ല. അതിനുമേൽ കമ്മ്യൂണിറ്റിക്കു നിയന്ത്രണം ഉണ്ടാവാണമെന്നതാണ് പ്രധാനം.

താങ്കൾ പറഞ്ഞുവരുന്നത് ഫുക്കുവോക്കയുടെ കൃഷി രീതിയുമായി അടുത്ത ബന്ധമുള്ള ഒന്നല്ലേ?

അതെ, ഫുക്കുവോക്കയുമായി ഇതിനു അടുത്ത ബന്ധമുണ്ട്. എന്നാൽ ഫുക്കുവോക്കയുടെ രീതി എല്ലായിടത്തും അതെ രീതിയിൽ പ്രായോഗികമല്ല. വരണ്ട ഉഷ്ണമേഖലാ പ്രദേശത്തു മണ്ണിളക്കാതെ കൃഷി ചെയ്യാൻ ബുദ്ധിമുട്ടാകും. അല്ലെങ്കിൽ നല്ല അളവിൽ പുത (Mulch) ഇടേണ്ടിവരും. അത് അത്ര എളുപ്പമല്ല. പക്ഷെ പുറത്തുനിന്നുള്ള വിഭവങ്ങൾ ഉപയോഗിക്കാതിരുന്ന കാര്യത്തിൽ ഫുക്കുവോക്കയുടെ രീതിയുമായി ഒത്തുപോകുന്നതാണ്. അഗ്രോ ഇക്കോളജി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരസ്പര ആശ്രിതത്വത്തിൽ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ കൂടിയാണ്.

അതുപോലെ ഇതിന് ഗഹനപരിസ്ഥിതിവാദവുമായി (Deep Ecology) ഒരു ബന്ധമില്ലേ?

അങ്ങനെ പറയാൻ കഴിയില്ല. ഡീപ് ഇക്കോളജി നിങ്ങളുടെ ജീവന് ഭീഷണിയാകുന്ന അണുക്കളെ വരെ നിലനിർത്തുന്ന ഒന്നാണ്. അങ്ങനെ വരുമ്പോൾ മലേറിയ വന്നാലും ഒരുതരത്തിലുള്ള മരുന്നും കഴിക്കരുതെന്ന് വരും. കാരണം മലേറിയയ്ക്കു കാരണമായ അണുക്കളും ജീവിതത്തിന്റെ ഭാഗമാണെന്നു കരുതേണ്ടി വരും. അഗ്രോ ഇക്കോളജിയിൽ കീടങ്ങളെ ഉൻമൂലനം ചെയ്യുന്നില്ല എങ്കിലും നിയന്ത്രിക്കുന്നുണ്ടല്ലോ.

വിവിധയിനം നെൽ വിത്തുകൾ. കടപ്പാട്: www.localfutures.org

അതായത് ഏകവിള സമ്പ്രദായം അത് ജൈവകൃഷിയായാലും സുസ്ഥിരകൃഷി രീതിയല്ലേ?

ഏകവിള ചെയ്യുമ്പോൾ ഇക്കോളജിയുടെ അടിസ്ഥാനതത്വങ്ങൾ പാലിക്കപ്പെടുന്നില്ല. ഇക്കോളജി കൂടുതൽ സങ്കീർണ്ണമാവുമ്പോഴാണ് പ്രതികൂല കാലാവസ്ഥയെ നേരിട്ട് ചെടികൾക്ക് തനതു സ്വഭാവത്തിലേക്ക് തിരിച്ചു വരാനുള്ള കഴിവ് കൂടുന്നത്. അല്ലാത്ത പക്ഷം ആ സംവിധാനം എപ്പോൾ വേണമെങ്കിലും തകർച്ചയെ നേരിടാം. ഒരു കീടാക്രമണം മതി മുഴുവൻ കൃഷിയുമില്ലാതാവാൻ. ജൈവകൃഷിയിൽ ജൈവവസ്തുക്കൾ ഉപയോഗിച്ചുള്ള കൃഷിക്കു മാത്രമേ ഊന്നൽ നൽകുന്നുള്ളൂ. അതുകൊണ്ടു മാത്രം ചെടികളുടെ പ്രതിരോധശേഷി വികസിക്കുകയില്ല. നാച്ചുറൽ ഫാമിങ്, സീറോബഡ്ജറ്റ് ഫാമിങ്, ഓർഗാനിക് ഫാമിങ് തുടങ്ങിയ പല പേരുകളിൽ ചെയ്തുവരുന്ന പല കർഷകരും ഫിലിപ്പൈൻസിൽ നിന്നും ആഫ്രിക്കയിൽ നിന്നുപോലും ഇറക്കുമതി ചെയ്യുന്ന വെർമി കമ്പോസ്റ്റ്, മൈക്രോബ്സ് തുടങ്ങിയവ ഉപയോഗിക്കുന്നത് കാണാം. അതാത് പ്രദേശത്തുള്ള സൂക്ഷ്മാണുക്കളെപ്പറ്റിയും ജൈവവൈവിധ്യത്തെപ്പറ്റിയും അറിയാതെയാണ് ഇങ്ങനെ ഇറക്കുമതി ചെയ്തവ ഉപയോഗിക്കുന്നത്. വെർമി കമ്പോസ്റ്റ് ഇന്ന് വലിയ വ്യവസായം തന്നെയാണ്.

സാധാരണ രീതിയിൽ നെല്ല് ഏകവിളയായിട്ടാണ് കൃഷിചെയ്തു വരുന്നത്. അഗ്രോ ഇക്കോളജിയിൽ ആകുമ്പോൾ മറ്റു വിളകളും ചേർന്നാണോ നെല്ല് കൃഷി ചെയ്യുക?

അതെ, നെല്ല് വ്യാപകമായി ഏകവിളയായിട്ടാണ് കൃഷി ചെയ്തു വരുന്നത് . മാത്രവുമല്ല കള എന്ന പേരിൽ ഒരുപാട് ജൈവ വൈവിധ്യത്തെ അത് ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ടു നെൽപ്പാടങ്ങളിൽ സാധാരണയായി നെൽച്ചെടികൾ മാത്രമേ കാണുകയുള്ളൂ. ഇത് അഗ്രോ ഇക്കോളജി തത്വങ്ങൾക്ക് എതിരാണ്. വിളകല്ലാത്തവയും പ്രധാനം തന്നെയാണ്. ബസുധയിൽ വന്നാൽ നിങ്ങൾക്ക് നെല്ലിന്റെ കൂടെ പലയിനം പയറുവർഗങ്ങൾ, പച്ചക്കറികൾ, ചെറുധാന്യങ്ങൾ, ചോളം തുടങ്ങിയവ കൃഷി ചെയ്യുന്നത് കാണാം. മാത്രവുമല്ല കളകൾ എന്ന പേരിൽ നമ്മൾ പറച്ചുകളയുന്നതിൽ പലതും വിവിധതരം വിളകൾ തന്നെയാണ്.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയിൽ നിന്നും അഗ്രോ ഇക്കോളജിയിലേക്കു മാറുമ്പോൾ പാലിച്ചിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയാമോ?

ആദ്യം അത് ചെയ്യാനുള്ള മാനസികാവസ്ഥയും വിശ്വാസവുമാണ് ആവശ്യം. നൂറ്റാണ്ടുകളായി മനുഷ്യർ ചെയ്തു വന്നിരുന്ന ഒരു രീതിയിലുള്ള ബോധ്യം വളരെ പ്രധാനമാണ്. ഹരിതവിപ്ലവമാണ് പുറത്തു നിന്നുള്ള വസ്തുക്കളുടെ ഉപയോഗവും ഏകവിളയും പ്രചാരത്തിലാക്കിയത്. ഏകദേശം പതിനായിരം വർഷത്തോളം ഒരു ജനതയുടെ ഭക്ഷ്യാവശ്യങ്ങൾ പരമ്പരാഗത രീതിയിൽ പൂർത്തീകരിച്ചു വന്നു. ഇത് ഒരു ഉട്ടോപ്യൻ ആശയമല്ലെന്നുള്ള ബോധ്യത്തോടെ ആ അറിവുകൾ നേടുകയാണ് പിന്നീട് വേണ്ടത്. ബാഹ്യ ഇടപെടലുകളും വിഭവങ്ങളും ഇതിലില്ലെന്നാണു പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്. ജൈവവൈവിധ്യമാണ് നിലനിൽപ്പിന്റെ അടിസ്ഥാനമെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. സ്വയംപര്യാപ്തത എന്നത് മുഖ്യലക്ഷ്യമായി എടുത്താൽ ഒരു സമൂഹത്തിനു അഗ്രോ ഇക്കോളജിയിലേക്ക് നടന്നു നീങ്ങാവുന്നതേയുള്ളൂ. രാസവളങ്ങൾ ഉപയോഗിക്കാതെയുള്ള ജൈവകൃഷി അതിലേക്കുള്ള ഒരു തുടക്കം മാത്രമാണ്. ജൈവകൃഷിയിൽ അവസാനിക്കാതെ അഗ്രോ ഇക്കോളജിയിലേക്കു നടന്നു നീങ്ങിയാലേ നമുക്ക് ഇന്ന് നേരിടുന്ന പ്രശ്ങ്ങളിൽ നിന്നും മുക്തിയുള്ളൂ.

പരമ്പരാഗത വിത്തുകളുടെ പരിശുദ്ധി (Crop Purity) നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അതെങ്ങനെ ചെയ്യാമെന്നും വിശദീകരിക്കാമോ?

ഒരു വിത്തിന്റെ സംരക്ഷണവും (Conservation) കാത്തുസൂക്ഷിക്കലും (Preservation) രണ്ടും വ്യത്യസ്തമാണെന്ന് മനസിലാക്കണം. നിങ്ങൾക്ക് ഒരു മ്യൂസിയത്തിൽ നൂറുകണക്കിന് വിത്തുകൾ സൂക്ഷിക്കാൻ പറ്റും. വിത്തുകൾക്കു ജീവൻ വയ്ക്കുകയും അത് പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുമ്പോഴാണ് സംരക്ഷണം നടക്കുന്നത്. എല്ലാവർഷവും ഞങ്ങളുടെ കൃഷിയിടത്തിൽ 1400 ലധികം നെൽ വിത്തിനങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ഓരോ വർഷവും കൃഷി ചെയ്യുമ്പോൾ പ്രകൃതിയിൽ ഓരോയിനത്തിന്റെയും സ്വാഭാവിക പരിണാമവും നടക്കുന്നുണ്ട്. ഓരോ സമയത്തും ഉണ്ടാവുന്ന കീടങ്ങളോടും സൂക്ഷമജീവികളോടും കാലാവസ്ഥയോടും ഇണങ്ങി മാറിവരുന്ന പരിതഃസ്ഥിതികൾക്കു അനുസൃതമായി അതിനു നിലനിൽക്കാൻ കഴിയുന്നു. എല്ലാവർഷവും കൃഷി ചെയ്താൽ മാത്രമേ ഈ പരിണാമ പ്രക്രിയ നടക്കുകയും പ്രതിരോധശേഷി വർധിക്കുകയുമുള്ളൂ. ഇങ്ങനെ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പല ഗുണങ്ങളും കാലാന്തരത്തിൽ നഷ്ടമാകും. അതുകൊണ്ടാണ് ഗന്ധമില്ലാത്ത ബസ്മതി അരി മാർക്കറ്റിൽ കിട്ടുന്നത്. ഇതുപോലെ ചില നെല്ലിനങ്ങളിലെ മൂർച്ചയേറിയ രോമങ്ങൾ കാലക്രമേണ ഇല്ലാതാവുന്നത് കാണാം. ജനിതക മാറ്റം വഴിയുണ്ടാകുന്ന ഇത്തരം ബാഹ്യമാറ്റങ്ങൾ നമുക്ക് പെട്ടെന്ന് മനസിലാകും. എന്നാൽ ഒരിനത്തിന്റെ വെള്ളപ്പൊക്കത്തെയും വരൾച്ചയെയും രോഗങ്ങളെയും പ്രതിരോധിക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു അതിന്റെ തനതു സ്വഭാവത്തിലേക്ക് തിരിച്ചുവരാനുമുള്ള കഴിവുകൾ ഇല്ലാതാവുന്നത് ബാഹ്യമായി നോക്കിയാൽ മാത്രം മനസ്സിലാവുകയില്ല. അതുകൊണ്ടാണ് ജനറ്റിക് പരിശുദ്ധി നിലനിർത്തേണ്ടത് ആവശ്യമായി വരുന്നത്. സസ്യങ്ങളിൽ മാത്രമല്ല മൃഗങ്ങളിലും ഇത് പ്രധാനമാണ്. സാധാരണ കരുതുന്നത് നെല്ലിനങ്ങളുടെ Cross Polination നിരക്ക് രണ്ടു ശതമാനമേ ഉള്ളൂ എന്നത് ശരിയല്ല. നെല്ലിനങ്ങൾക്കു Cross Polination 82% വരെയും ഇത് ചിലപ്പോൾ 100% വരെയും ആകാം. ഇതുകൂടാതെ വിളവെടുപ്പ് സമയത്തു വിവിധ ഇനങ്ങൾ ഒന്നിച്ചു കലരാനുള്ള (Physical Mixing) സാധ്യതകളും ധാരാളമാണ്. ഒരിക്കൽ തമിഴ്നാട്ടിൽ നിന്ന് നവര എന്ന പേരിൽ കൊണ്ടുവന്ന അഞ്ചു ഇനങ്ങളിൽ ഒന്നിനുമാത്രമേ നവരയുടെ ഗുണങ്ങൾ ഉണ്ടായിരുന്നുള്ളൂ. നിറവും ബാഹ്യസ്വഭാവവും വച്ച് മാത്രം ഒരിനത്തെ വിലയിരുത്താൻ പറ്റില്ല. അൻപത്തിയാറോളം സ്വഭാവ സവിശേഷതകൾ പരിശോധിച്ചാണ് നമ്മൾ ഒരു അരിയുടെ പരിശുദ്ധി നിർണ്ണയിക്കുന്നത്. അല്ലാതെ വെറും നിറം, വലുപ്പം എന്നിവ മാത്രം ആശ്രയിച്ചല്ല. മറ്റൊരു കാര്യം അരിയുടെ ഗുണങ്ങൾ മത്രമല്ല, ചെടിയുടെയും ഭൗതിക സ്വഭാവങ്ങളും ഇതുപോലെ മാറുന്നുണ്ട്. പഴയകാല കൃഷിക്കാർ വിത്തുകളുടെ ജനിതക പരിശുദ്ധി നിലനിർത്താനുള്ള പ്രാവീണ്യം ഉള്ളവരായിരുന്നു. അവരിൽ നിന്നാണ് ഞാൻ കാര്യങ്ങൾ പഠിച്ചത്. ഇന്ന് വിത്തിനായി സീഡ് കോർപറേഷനെ ആശ്രയിക്കുന്ന പുതുതലമുറയ്ക്ക് ഈ അറിവുകൾ നഷ്ടമായിരിക്കുന്നു . ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്.

ഒരു കൃഷിയിടത്തിൽ രണ്ടു കർഷകർ രണ്ടു വ്യത്യസ്തയിനങ്ങൾ കൃഷി ചെയ്യുമ്പോൾ ഒരു കർഷകന് ഒരു ഇനത്തിന്റെ ജനിതകശുദ്ധി കാത്തു സൂക്ഷിക്കാൻ കഴിയുമോ ?

ഒരേ കൃഷിയിടത്തിൽ തന്നെ വിത്ത് സംരക്ഷണം സാധ്യമാണ്. വ്യത്യസ്ത ഇനങ്ങളുടെ പൂവിടുന്ന സമയം വ്യത്യസ്തമായാൽ Cross Polination ഒഴിവാക്കാവുന്നതാണ്. കുറഞ്ഞത് ഏഴു ദിവസത്തെ ഇടവേള ഉണ്ടായാൽ മതി. ഇനി ഇടവേളകൾ കുറയുന്ന പക്ഷം രണ്ടു വിളകൾക്കിടയിൽ ഒരു മറയുണ്ടാക്കി Cross Polination തടയയാവുന്നതാണ്. വേറെയും ഒട്ടനവധി രീതികളുണ്ട്. വിത്ത് സംരക്ഷണം ഏറെ ഉത്തരവാദിത്തങ്ങൾ ഉള്ളതും ഏറെ അധ്വാനവും സമയവും ആവശ്യമുള്ളതുമാണ്. ജനിതകശുദ്ധി കാത്തു സൂക്ഷിക്കുന്നതിനെക്കുറിച്ചും അത് കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ എഴുതിയ ഡോക്യുമെന്റ് ആർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

അഗ്രോ ഇക്കോളജി പറയുന്നത് ക്രോസ് പോളിനേഷനിലൂടെ പുതിയ ഒരിനമുണ്ടായി വരുന്നത് വേണ്ടയെന്നാണോ?

അങ്ങനെയല്ല. ഞാൻ തന്നെ എട്ട് പുതിയ ഇനം നെൽവിത്തുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് സൗജനയായി കർഷകർക്ക് വിതരണം ചെയ്തിട്ടുമുണ്ട്. ഞാൻ അതിന്റെ അവകാശത്തിനായി രജിസ്റ്റർ ചെയ്തിട്ടൊന്നുമില്ല. അങ്ങനെയുള്ള വിത്തുകൾ പ്രധിരോധ ശേഷിയുള്ളവയാണെന്നു ഉറപ്പാക്കിയാൽ മതി. അതിനു അവ വളരുന്ന സാഹചര്യം ജൈവവൈവിധ്യമുള്ളതായിരിക്കണം. അതായത് അവിടെ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ചെടികൾക്ക് തനതു സ്വഭാവത്തിലേക്ക് തിരിച്ചു വരാനുള്ള കഴിവിനെ വളർത്തുന്ന സാഹചര്യം ഉണ്ടായിരിക്കണം. അതിനു ജൈവവൈവിധ്യം ആവശ്യമാണ്. അപ്പോൾ അവയുടെ പ്രതിരോധശേഷിയും വർധിക്കും.

ദെബൽ ദേബ് കർഷകർക്കൊപ്പം. കടപ്പാട്: cintdis.org

നെൽകൃഷിക്ക് കിട്ടുന്ന അമിതപ്രാധാന്യം കാരണം ചെറുധാന്യങ്ങൾ (Millets), ചോളം , വിവിധയിനം ധാന്യങ്ങൾ (Cerals), ചേമ്പ് വർഗ്ഗങ്ങൾ, കാച്ചിലുകൾ, ഇലക്കറികൾ തുടങ്ങിയവയുടെ കൃഷിക്ക് പ്രാധാന്യം ലഭിക്കാതെ പോകുന്നതായി തോന്നിയിട്ടുണ്ടോ?

തീർച്ചയായും ഉണ്ട്. ഇത് പരിഹരിക്കാൻ അഗ്രോ ഇക്കോളജിക്ക്‌ കഴിയും. ഓരോ വിളകളുടെ ഇനങ്ങളുടെ വൈവിധ്യവും അതുപോലെ പ്രധാനമാണ്. ഈ വൈവിധ്യം മാത്രമേ നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുള്ളൂ. നമ്മൾ ഇന്ന് ഒരേയിനം തക്കാളികളും പച്ചക്കറികളും ധാന്യങ്ങളുമാണ് കഴിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് വൈവിധ്യമുള്ള ഇനങ്ങളാണ് ഓരോ കാലത്തു കർഷകർ ബോധപൂർവ്വവും അല്ലാതെയും വികസിപ്പിച്ചെടുത്തത്. അല്ലാതെ സ്വാഭാവികമായി ഉണ്ടായി വന്നതല്ല ഇന്ന് കാണുന്ന വിളകൾ. ഇങ്ങനെ മനുഷ്യ ഇടപെടലുകളിലൂടെ വികസിച്ചു വന്ന കൃഷിയെ പ്രകൃതികൃഷി എന്ന് വിളിക്കാൻ പറ്റില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞത് ഇതുകൊണ്ടൊക്കെയാണ്. ഈ വൈവിധ്യമാണ് നമുക്കാവശ്യമുള്ള പല പോഷകങ്ങളും നൽകിക്കൊണ്ടിരുന്നത്. ഏക വിളകളിലേക്കു ലോകം തിരിഞ്ഞതോടെ ഈ വൈവിധ്യം അവഗണിക്കപ്പെട്ടു. ആരോഗ്യം അപകടത്തിലുമായി. പക്ഷേ വിപണി വളർച്ച നേടുകയും ചെയ്തു.

പരമ്പരാഗത അറിവുകളെ പലപ്പോഴും ശാസ്ത്രീയമല്ലെന്നതിന്റെ പേരിൽ മുഖ്യധാര സമൂഹം അവഗണിക്കുന്നതായിട്ടാണ് കാണുന്നത്. മനുഷ്യർ നൂറ്റാണ്ടുകളിലൂടെ നേടിയ അറിവിനെ ലബോറട്ടറിയിൽ നടക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന മനോഭാവം പല അറിവുകളെയും ഇല്ലാതാക്കുകയും പകരം അറിവിൻെറ കുത്തകവൽക്കരണം കൊണ്ടുവരികയും ചെയ്യുന്ന സാഹചര്യവുമില്ലേ?

തീർച്ചയായും ഉണ്ട്. കുട്ടികളുടെ ടെക്സ്റ്റ് ബുക്കുകളിൽ നമുക്കിത്രയും വൈവിധ്യമുള്ള വിളകളുണ്ടെന്നോ അത് പരിപാലിക്കപ്പെടേണ്ടതാണെന്നോ ഉള്ള വിവരങ്ങൾ കാണുകയില്ല. വലിയൊരു അറിവിന്റെ കലവറയാണ് ശാസ്ത്രീയതയുടെ പേരിൽ തമസ്ക്കരിക്കപ്പെടുന്നത്. ശാസ്ത്രം എന്നാൽ ലബോറട്ടറികളിൽ മാത്രം നടക്കുന്ന അറിവിന്റെ ഉൽപ്പാദനമെന്നാണു പൊതുധാരണ. കൂടാതെ അവിടെയുള്ളവർ മാത്രമാണ് അറിവ് കൈകാര്യം ചെയ്യുന്നതെന്നും മണ്ണിൽ പണിയെടുക്കുന്ന കർഷകർ അടക്കമുള്ള മനുഷ്യർക്ക് അറിവിന്റെ ഉൽപ്പാദനവുമായോ കൈമാറ്റവുമായോ യാതൊരു ബന്ധവുമില്ലെന്ന് നാം കുട്ടികളെ തന്നെ പഠിപ്പിക്കുന്നു. ശാസ്ത്രം അറിവ് നേടാനുള്ള ഒരു പ്രക്രിയ മാത്രമാണെന്ന കാര്യം പോലും അവർ മറന്നുപോകുന്നു. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ കുറച്ചുകൂടി വ്യത്യസ്തമായ നിലപാട് ഉള്ളതായി കാണാം. അവിടെ സാധാരണ മനുഷ്യരുടെ അറിവുകളെ കൂടി പരിഗണിക്കപ്പെടുന്നതായി കണ്ടുവരുന്നു. ലാബിൽ തെളിഞ്ഞാൽ മാത്രമേ ഒരു കാര്യം അറിവായി സ്വീകരിക്കൂ എന്ന മനോഭാവം നമ്മുടെ രാജ്യത്തെയപേക്ഷിച്ചു അവിടെ കുറവുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെ കൃഷിക്കാരുടെയൊക്കെ അറിവുകൾ പ്രസിദ്ധീകരിക്കുന്ന ജേർണലുകൾ കണ്ടിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രസമൂഹം അത്തരം കാര്യങ്ങൾക്കു പ്രോത്സാഹനം നൽകാറില്ല. അതുകൊണ്ടു തന്നെ ലാബിൽ വികസിപ്പിച്ച ബി ടി വിത്തുകൾ ശാസ്ത്രീയവും കർഷകർ പരിപാലിച്ച പരമ്പരാഗത വിത്തുകൾ അശാസ്ത്രീയുമാണെന്ന് സമൂഹം പഠിച്ചുവയ്ക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read