അരി സംപുഷ്ടീകരിച്ചല്ല പോഷക പ്രശ്നം പരിഹരിക്കേണ്ടത്

കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യസുരക്ഷയും സാംക്രമിക രോഗങ്ങളുമെല്ലാം മുന്‍പില്ലാത്തവിധം സാധാരണ ജനങ്ങളും ഭരണകര്‍ത്താക്കളും ഒരുമിച്ചിരുന്നും അല്ലാതെയും ചര്‍ച്ച ചെയ്യുകയും വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യേണ്ടുന്ന ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്. എക്കാലവും നമ്മള്‍ കണ്ടിട്ടുള്ള ഒരു കാര്യം എപ്പോഴൊക്കെ മനുഷ്യര്‍ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ അപ്പോഴൊക്കെ മനുഷ്യരെ സഹായിക്കാനെന്ന പേരില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വളര്‍ന്നുവരികയും ചെയ്തിട്ടുണ്ടെന്നതാണ്.  പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രാമീണ ജീവിതത്തെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്ന പി സായിനാഥ് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടുതന്നെ ‘എവരിവൺ ലൗസ് എ ​ഗുഡ് ‍ഡ്രോട്ട്’ എന്നാണല്ലോ. അതുപോലെതന്നെ ലോകമഹായുദ്ധങ്ങള്‍ ഉണ്ടാക്കിയ പ്രതിസന്ധികളിലൂടെ ഒട്ടേറെ രാസ വ്യവസായങ്ങള്‍ വളര്‍ന്നു വന്നതും നമ്മള്‍ കണ്ടതാണ്.  ഇപ്പോള്‍ ഇന്ന് മനുഷ്യരാശി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഒരുകൂട്ടം കുത്തക കമ്പനികള്‍ ലോകാരോഗ്യ സംഘടനയുടെയും ദേശീയ സര്‍ക്കാരുകളുടെയും ഉപദേശകരായി എത്തുന്നുണ്ട്. അവര്‍ നിര്‍ദ്ദേശിക്കുന്ന പലകാര്യങ്ങള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ യാതൊരു ചര്‍ച്ചയും സുതാര്യതയുമില്ലാതെ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്. അതിലൊന്നാണ് പോഷക ദാരിദ്ര്യം കുറക്കാനുള്ള നയപരിപാടികളില്‍ കൊണ്ടുവരുന്ന മാറ്റം. അതിലൊരു പ്രധാന ഇടപെടലാണ് ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍ അഥവാ ഭക്ഷണ സംപുഷ്ടീകരണം.

കടപ്പാട്: nutraingredients-asia.com

പോഷകാഹാരക്കുറവും അനീമിയയും വളരെയധികമുള്ള ഒരു രാജ്യമാണ് ഇന്ത്യ. അഞ്ച്  വയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതിയില്‍ അധികവും വിളര്‍ച്ച പ്രശ്‌നം നേരിടുന്നു.  ഗര്‍ഭിണികളില്‍ പകുതിയും അനീമിയ ബാധിതരാണ്.  ഇതിനുള്ള കാരണം കാലങ്ങളായി നമ്മുടെ ആരോഗ്യ സാമൂഹിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പോഷക മൂല്യങ്ങളുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയും അവ ലഭ്യമാക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഇതില്‍ പ്രധാനം. എന്നാല്‍ അതിനുവേണ്ട നടപടികളിലേക്ക് കൃത്യമായ ആസൂത്രണത്തോടെ നീങ്ങുന്നതിനു പകരം ഭക്ഷ്യ സംപുഷ്ടീകരണം എന്ന ആധുനികമെന്ന് തോന്നിക്കുന്ന ഒരു നയത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്.  2700 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്.

എന്താണ് ഭക്ഷണ സംപുഷ്ടീകരണം ?

വിളവെടുപ്പിനു ശേഷമുള്ള ഭക്ഷണങ്ങളില്‍ പ്രകൃതിദത്തമായി ലഭ്യമല്ലാത്ത രാസ/സിന്തറ്റിക് വിറ്റാമിനുകളും ധാതുക്കളും (അയേണ്‍, ഫോളിക് ആസിഡ്, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ ബി 12, എ, ഡി മുതലായവ) ചേര്‍ക്കുന്നതിനെ ഭക്ഷണ സംപുഷ്ടീകരണം എന്ന് പറയുന്നു. ജനിതക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ വഴി സസ്യയിനങ്ങളുടെ പ്രജനനത്തിലൂടെ സംപുഷ്ടീകരിക്കുന്നതിനെ ബയോ ഫോര്‍ട്ടിഫിക്കേഷന്‍ എന്ന് വിളിക്കുന്നു.

കുട്ടികളില്‍ അനീമിയ പോലുള്ള പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അവസ്ഥ കൂടുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് എല്ലാവര്‍ക്കും അറിയാം. മാത്രവുമല്ല, ഗൗരവമേറിയതും ശാസ്ത്രീയവും സുരക്ഷിതവും സുസ്ഥിരവുമായ ഇടപെടലുകളിലൂടെ ഇത്തരം പോഷകാഹാരക്കുറവ് ഗവണ്‍മെന്റുകള്‍ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.

ഇന്ത്യയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധി എന്ന നിലയിൽ, നമ്മുടെ മുഖ്യ ആഹാരത്തില്‍ (അരി, ഗോതമ്പ്, എണ്ണ, ഉപ്പ്, പാല്‍) സംപുഷ്ടീകരണം പ്രോത്സാഹിപ്പിക്കാന്‍ സർക്കാർ നടപടി തുടങ്ങിയിരിക്കുകയാണ്. ഭക്ഷ്യ എണ്ണയും പാലും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയാല്‍ ശക്തിപ്പെടുത്തുന്നു. ഇരുമ്പും അയോഡിനും ഉപയോഗിച്ച് ഉപ്പ് ശക്തിപ്പെടുത്തുന്നു. സര്‍ക്കാര്‍ ഭക്ഷ്യ പദ്ധതികളെ (പി.ഡി.എസ്, ഐ.സി.ഡി.എസ്, എം.ഡി.എം.എസ്) ആശ്രയിക്കുന്ന ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും അരി സംപുഷ്ടീകരണം നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ സൂചന നല്‍കി കഴിഞ്ഞു. അതിലൂടെ സര്‍ക്കാര്‍ ഭക്ഷ്യ പദ്ധതികളിലെ ഭക്ഷ്യ വസ്തുക്കള്‍ കൃത്രിമമായി ശക്തിപ്പെടുത്തുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത്തരം വലിയ തോതിലുള്ള, നിര്‍ബന്ധിത സംപുഷ്ടീകരണം ഗുരുതരമായ ആശങ്കകള്‍ ഉളവാക്കുന്നു.

കടപ്പാട്: indiatoday.in

എന്തുകൊണ്ട് പോഷകാഹാര പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല?

– പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം ഭക്ഷ്യ സംപുഷ്ടീകരണമാണെന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല. പ്രാഥമിക പഠനങ്ങള്‍ സൂക്ഷമ പരിശോധനക്കോ വിദഗ്ദ്ധ അവലോകനത്തിനോ ഇതുവരെ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല.

– ഭക്ഷ്യ സംപുഷ്ടീകരണം നടപ്പിലാക്കുകയാണെങ്കില്‍ ന്യൂട്രിയന്റ്‌സ് ലഭിക്കുന്നതിനായി സംപുഷ്ടീകരിച്ച ധാന്യങ്ങളെ മാത്രം ആശ്രയിക്കേണ്ടിവരുകയും അവ പ്രമേഹം, രക്താതി സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് രോ​ഗം വർധിക്കാൻ കാരണമാകുന്നു. ഭക്ഷ്യ സംപുഷ്ടീകരണം ഭക്ഷണത്തെ വിഷമമയമാക്കുന്നു. ഇവയുടെ അമിത ഉപയോഗം സിക്കിള്‍ സെല്‍ അനീമിയ, താലിസീമിയ തുടങ്ങിയ മാരകരോഗാവസ്ഥ അധികരിക്കുന്നതിനിടയാകുന്നു.

– ഭക്ഷ്യ സംപുഷ്ടീകരണം കോര്‍പ്പറേറ്റ് നിയന്ത്രിതമാകും, ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്ന സമീപനം വളരും.

– ഭക്ഷ്യ സംപുഷ്ടീകരണം പ്രാദേശിക ചെറുകിട സംരംഭങ്ങളെയും നിര്‍മ്മാതാക്കളെയും അപകടത്തിലാക്കും.

– ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയരൂപീകരണം നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി മുന്നോട്ട് കൊണ്ടുപോകുന്നു. അതേസമയം സര്‍ക്കാര്‍ ഭക്ഷ്യ പദ്ധതികളെ ആശ്രയിക്കുന്ന രാജ്യത്തെ ദരിദ്രരെ ഇത് അറിയിച്ചിട്ടില്ല. അവരുമായി കൂടിയാലോചിച്ചിട്ടില്ല. അവരുടെ നിയമപരമായ അവകാശമായ ഭക്ഷണം പോലെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ അവരുടെ മുന്‍കൂര്‍ അറിവുള്ള സമ്മതം പ്രധാനമല്ലെന്ന് വരുന്നു.

– സുസ്ഥിരവും നീതിയുക്തവും കമ്മ്യൂണിറ്റി നിയന്ത്രിതവും, പ്രകൃതിദത്തവുമായ ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാര്‍ന്ന പ്രാദേശിക പരിഹാരങ്ങള്‍ നിലനില്‍ക്കേ മതിയായ പിന്തുണയില്ലാത്ത അപകടസാധ്യതകള്‍ ഉള്ള അരി സംപുഷ്ടീകരണം നടപ്പിലാക്കേണ്ടതില്ല.

സമൂഹത്തിന് ദോഷകരമായ കോര്‍പ്പറേറ്റ് നിയന്ത്രിത പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുമ്പോള്‍, വൈവിധ്യമാര്‍ന്ന പ്രാദേശികവും പ്രകൃതിദത്തവുമായ പരിഹാരങ്ങള്‍ അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ വൈവിധ്യമാര്‍ന്ന പരിഹാരങ്ങള്‍ പ്രാഥമികമായി ഭക്ഷണ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും പോഷകാഹാരകുറവ് ബാധിതരായവര്‍ക്ക് മതിയായ കലോറി നല്‍കുന്നതിനെ പറ്റിയുമാണ് പറയുന്നത്. മൈക്രോ ന്യൂട്രിയന്റ് ഫോര്‍മുല ഉപയോഗിച്ച് ഒരു മൈക്രോ ന്യൂട്രിയന്റ് ഭക്ഷണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് എത്രത്തോളം ഗുണകരമാണെന്നതിനെ പറ്റി വിദഗ്ദ്ധരുടെ ഇടയില്‍തന്നെ വിരുദ്ധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുകയാണ്. അതിന് സമഗ്രമായ പഠനം ആവശ്യമാണ്. ഉദാഹരണത്തിന്, ഹീമോഗ്ലോബിന്‍ സംശ്ലേഷണം നടക്കണമെങ്കില്‍, അതിന് ആവശ്യമായ എന്‍സൈമുകള്‍, ഗുണമേന്മയുള്ള പ്രോട്ടീനുകള്‍, മറ്റ് വിറ്റാമിനുകള്‍, അയണ്‍ എന്നിവ ആവശ്യമാണ്. ഭക്ഷണത്തില്‍ കൂടുതല്‍ അയണ്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ അയണ്‍ ശരീരം ആഗിരണം ചെയ്യില്ല, മറിച്ച് അവ ശരീരത്തില്‍ ഫെറിറ്റിന്റെ അളവ് കൂട്ടുകമാത്രമാണ് ചെയ്യുന്നത് എന്ന് ലഭ്യമായ എല്ലാ തെളിവുകളില്‍ നിന്നും വ്യക്തമാണ്. ശരീരം ഇത്തരത്തില്‍ ഇരുമ്പിനെ ശേഖരിച്ച് വയ്ക്കുന്നത് വളരെ അപകടകരമാണ്. സർക്കാരിന്റെ അരി സംപുഷ്ടീകരണ നയം പോളിഷ് ചെയ്ത വെള്ള അരിയെ മിക്ക പോഷകങ്ങള്‍ക്കും ആശ്രയിക്കേണ്ട പ്രധാന ഭക്ഷണമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ഇടുങ്ങിയ ജനിതക അടിത്തറയില്‍ നിന്ന് പിറവിയെടുക്കുന്ന വെളുത്ത അരി, എല്ലാത്തിനും അനുയോജ്യമായ ഒരു പരിഹാരമായി വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘ഇന്ത്യന്‍ ഭക്ഷണക്രമത്തിന്റെ ധാന്യവല്‍ക്കരണം’ എന്ന് വിളിക്കപ്പെടുന്ന അരി പോലുള്ള ധാന്യങ്ങളുടെ അമിതമായ ഉപഭോഗം യഥാര്‍ത്ഥത്തില്‍ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്.  അമിതമായ കാര്‍ബോഹൈഡ്രേറ്റ് ഇന്‍സുലിന്‍ പ്രതിരോധത്തെ കുറയ്ക്കുകയും അതിന്റെ ഫലമായി, ശരീരത്തില്‍ വലിയ തോതില്‍ പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ അപകടസാധ്യത കൂടിയ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. മറുവശത്ത്, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍, തിന, മില്ലറ്റുകള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പോഷകഗുണമുള്ള പരമ്പരാഗത അരി ഇനങ്ങള്‍, പകുതി പോളിഷ് ചെയ്തതോ അല്ലെങ്കില്‍ പോളിഷ് ചെയ്യാത്തതോ ആയ അരി, പോഷകങ്ങള്‍ സംരക്ഷിക്കാന്‍ പരമ്പരാഗതമായി സംസ്‌കരിച്ച പ്രധാന ധാന്യങ്ങള്‍, പ്രാദേശിക (കൃഷി ചെയ്യാത്ത) പച്ചിലകള്‍, വൈവിധ്യമാര്‍ന്ന വനവിഭവങ്ങള്‍, ദശലക്ഷക്കണക്കിന് അടുക്കളത്തോട്ടങ്ങളില്‍ നിന്നും പ്രാദേശികമായി നടത്തുന്ന മറ്റ് ശ്രമങ്ങളില്‍ നിന്നും ലഭിക്കുന്ന മറ്റ് വസ്തുക്കളും ഇത്തരമൊരു നയത്താല്‍ അവഗണിക്കപ്പെടാനുള്ള സാധ്യത കൂടാനും ഇടയുണ്ട്.

കോര്‍പ്പറേറ്റ് നിയന്ത്രിത വ്യവസായം

ഭക്ഷ്യ സംപുഷ്ടീകരണത്തിനുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ ആഗോള വിതരണം നിയന്ത്രിക്കുന്നത് കുത്തക വ്യവസായമാണ്.  ഇത്തരത്തില്‍ സംപുഷ്ടീകരണത്തിനുള്ള മൈക്രോ ന്യൂട്രിയന്റുകള്‍ ഭൂരിഭാഗവും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടാത്തതിനാല്‍ ഇന്ത്യക്ക് ഈ മൈക്രോ ന്യൂട്രിയന്റുകള്‍ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ പേരിലുള്ള ഇത്തരം ഇറക്കുമതി-ആശ്രിത സമീപനത്താല്‍, നമ്മുടെ ഭക്ഷണ ശൃംഖല കൂടുതല്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലാകുകയും സമൂഹങ്ങളുടെ കൈകളില്‍ നിന്നും പ്രാദേശിക സര്‍ക്കാറുകളുടെ കൈകളില്‍ നിന്നും ഭക്ഷ്യ സുരക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.

കടപ്പാട്: bbc.com

ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല

മറ്റു രാജ്യങ്ങളില്‍ പൊതുവിതരണ കേന്ദ്രം വഴി ഇത്തരത്തിലുള്ള സംപുഷ്ടീകരിച്ച ഭക്ഷണം വിതരണം ചെയ്യ്തിട്ടുണ്ട്.  അവ ഭക്ഷിച്ചതിനാല്‍ അവരുടെ പോഷകാഹാര കുറവ് ക്രമീകരിക്കപ്പെട്ടു എന്നതിനുള്ള യാതൊരു പഠനങ്ങളും നടന്നിട്ടില്ല.  ഇത് ഫലപ്രദമാണെന്ന് ഇതുവരെ അതിനാല്‍  തെളിയിക്കപ്പെട്ടിട്ടില്ല.  ഇത്തരത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍, ഭക്ഷണ പദാര്‍ത്ഥത്തില്‍ ഇരുമ്പ് അമിത അളവില്‍ സംപുഷ്ടീകരിക്കുന്നതിനോട് ഗുരുതരമായ ആശങ്കയുണ്ട്. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചില്ലെങ്കില്‍ അത് വളരെ വിഷലിപ്തമായേക്കാം. സിക്കിള്‍ സെല്‍ അനീമിയ, താലിസീമിയ, മറ്റ് ഹീമോഗ്ലോബിനോപ്പതികള്‍, അല്ലെങ്കില്‍ മലേറിയ, ക്ഷയം പോലുള്ള അണുബാധകള്‍ ഉള്ളവര്‍ക്ക്, ഇരുമ്പ് നല്‍കിയാല്‍ അവരുടെ ആരോഗ്യം വഷളായേക്കാം. അതായത് ഇരുമ്പിന്റെ വിരുദ്ധ സൂചനകള്‍ ഉള്ള പൗരന്മാര്‍ക്ക് ഇരുമ്പ് സംപുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നത് അപകടസാധ്യത കൂട്ടുന്നു. ഇത്തരത്തില്‍ ഒറ്റമൂലി ഉപയോഗിക്കുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ദോഷവശങ്ങളെക്കുറിച്ച് പഠിക്കാതെയാണ് സംപുഷ്ടീകരിച്ച അരി നല്‍കുന്നത്.  വയനാട്ടിലെ സാമൂഹിക- പാരിസ്ഥിതിക പ്രവര്‍ത്തകര്‍ ഈ ആശങ്ക പങ്കുവെക്കുകയും സര്‍ക്കാരിന്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ഭക്ഷ്യ സുരക്ഷ അതോറിറ്റി ഈ ഗുരുതരമായ അപകടസാധ്യത തിരിച്ചറിയുന്നു, എന്നാല്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളുടെ അപകടസാധ്യതകളില്‍ നിന്ന് അത്തരം രോഗികളെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടവരാണിവര്‍.  എന്നാല്‍ നിയമപരമായ ചട്ടങ്ങള്‍ ഒന്നും തന്നെ ഇക്കാര്യത്തില്‍ ഉണ്ടാക്കിയിട്ടില്ല.

കൂടാതെ, ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ദ്ധിക്കുന്നത് (ഫെറിറ്റിന്‍ എന്ന് വിളിക്കപ്പെടുന്നു) സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹം, രക്താതിമര്‍ദ്ദം മുതലായവ.  ഇരുമ്പിന്റെ അളവ് ജനങ്ങളില്‍  നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും ഇല്ലാത്തതിനാല്‍, ഇരുമ്പിന്റെ സുരക്ഷിതമായ പരിധി കടക്കുമ്പോള്‍ അവ തടയാന്‍ ഒരു മാര്‍ഗവുമില്ല. മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് അവ കൂടാന്‍ സാധ്യതയുണ്ട്.  മലേറിയ സ്ഥിരമായി കാണപ്പെടുന്ന സ്ഥലങ്ങളിലെ ആളുകളില്‍ ഇത് ഭക്ഷിക്കുന്നതുമൂലം ഇരുമ്പിന്റെ അളവ് കൂടുകയും രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യുന്നു. അയണ്‍ സപ്ലിമെന്റുകള്‍ ദരിദ്രരായ ജനങ്ങളുടെ ഇടയില്‍ മലേറിയക്കുള്ള സാധ്യത ഉണ്ടാക്കുകയും, ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ആരോഗ്യ വിദഗ്ദ്ധര്‍ പലതവണയായി സര്‍ക്കാറിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പ്രാദേശിക ഉപജീവനത്തിന് ഭീഷണി

നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും അസംഘടിത മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുകയും സംസ്‌കരിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരാണ്. മെച്ചപ്പെട്ട സാങ്കേതികവിദ്യ കളിലൂടെയും സമ്പ്രദായങ്ങളിലൂടെയും അരി സംപുഷ്ടീകരിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യങ്ങളായ ജര്‍മ്മന്‍, ഫ്രഞ്ച്, ഡച്ച്, സ്വിസ്, മൈക്രോ ന്യൂട്രിയന്റ്, ഫുഡ് പ്രോസസിംഗ് മെഗാ കമ്പനികള്‍ എന്നിവയ്ക്ക് അരി സംപുഷ്ടീകരിച്ചാല്‍ അവര്‍ക്ക് അനുകൂലമായ വിപണികള്‍ സൃഷ്ടിക്കാവാന്‍ കഴിയും. ഇത്തരം സംപുഷ്ടീകരണത്തിലേക്കുള്ള ഏതൊരു നീക്കവും ധാര്‍മ്മികവും പാരിസ്ഥിതികവും ആരോഗ്യകരവുമായ ഭക്ഷ്യവിതരണം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഉപജീവനത്തിന് ഭീഷണിയാകും. ഇത് ചെറുകിട അരിമില്ലുകാര്‍ക്കും ഉപജീവനമാര്‍ഗ്ഗത്തിന് ഭീഷണിയാണ്.  കേരളത്തില്‍ സമീപകാലത്തായി സര്‍ക്കാറിന്റെ സഹായത്തോടെ തന്നെ പ്രാദേശിക അരിമില്ലുകള്‍ വളര്‍ന്നു വരുന്നുണ്ട്.  ഇത് പ്രാദേശിക ഭക്ഷ്യോല്‍പ്പാദനം ഉയര്‍ത്തുന്നതിനും ഭക്ഷ്യ അധിഷ്ഠിത പുതിയ സംരംഭങ്ങള്‍ വളരുന്നതിനും ഇടയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.  ഇതിനെയെല്ലാം സാവധാനത്തില്‍ ഇല്ലാതാക്കാന്‍ വികലമായ ഭക്ഷ്യ സുരക്ഷാ നയങ്ങളിലൂടെ സാധിക്കും. ഇത് യഥാര്‍ത്ഥ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്.

കടപ്പാട്: deccanherald

നയങ്ങളിലെ വൈരുദ്ധ്യങ്ങൾ

സർക്കാരിന്റെ അരി സംപുഷ്ടീകരിക്കാനുള്ള നീക്കത്തില്‍, വിദേശ കോര്‍പ്പറേറ്റ് ലോബികളുടെ സാന്നിധ്യം വ്യക്തമാണ്. ഭക്ഷ്യ സുരക്ഷാ അതോറിറ്റി പോലുള്ള റെഗുലേറ്ററി ബോഡികളില്‍ പോലും അരി സംപുഷ്ടീകരണത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദരിദ്രരായ പ്രാഥമിക പങ്കാളികളെ അറിയിക്കുകയോ കൂടിയാലോചിക്കുകയോ ചെയ്തിട്ടല്ല ഇവര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നു മാത്രമല്ല ഈ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആനുപാതികമല്ലാത്ത വലിയ സ്വാധീനം ചെലുത്തുന്നു. പ്രാഥമിക പഠനങ്ങളൊന്നും പരസ്യമാക്കിയിട്ടില്ല. വാസ്തവത്തില്‍, പൊതു വിലയിരുത്തലിനോ ചര്‍ച്ചയ്‌ക്കോ സൂക്ഷ്മപരിശോധനയ്ക്കോ കാത്തു നില്‍ക്കാതെയാണ് ഇത് നടപ്പാക്കുന്നത്.

മുകളില്‍ പറഞ്ഞിരിക്കുന്ന ആശങ്കകള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗവണ്‍മെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് തൃപ്തികരമോ ശാസ്ത്രീയമായി സ്വീകാര്യമോ ആയ പ്രതികരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ, രാജ്യത്തുടനീളമുള്ള നിരവധി ജില്ലകളിലെ എല്ലാ അങ്കണവാടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. വൈവിധ്യമാര്‍ന്ന ഭക്ഷണരീതികള്‍, പോഷകസമൃദ്ധമായി സംസ്‌കരിച്ച വസ്തുക്കള്‍, വിളകള്‍, കാര്‍ഷിക-പാരിസ്ഥിതികമായി (അഗ്രോ ഇക്കോളജി) വളര്‍ത്താന്‍ കഴിയുന്ന കര്‍ഷകരുടെ ഇനങ്ങള്‍ എന്നിങ്ങനെയുള്ള യഥാര്‍ത്ഥ ബദലുകളെ ഇത് ഒഴിവാക്കുമെന്ന് വ്യക്തമാണ്. പോഷകങ്ങളും മണ്ണിന്റെ ആരോഗ്യനിലയും ചെടിയുടെ പോഷക നിലയും അതുവഴി മനുഷ്യ പോഷണവും നിര്‍ണ്ണയിക്കുന്നു എന്നത് ഇന്ന് ശാസ്ത്രീയമായി തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതിനാല്‍ അരി സംപുഷ്ടീകരണം ജനങ്ങളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് എന്ന പ്രശ്‌നം പരിഹരിക്കാന്‍ സാധ്യതയില്ല- മറിച്ച് നമ്മുടെ ഭക്ഷ്യ സമ്പ്രദായം കോർപ്പറേറ്റുകൾ പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

8 minutes read December 2, 2022 2:50 pm