Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


‘‘കേൾക്കുക എന്നത് ശ്രമകരമായ ഒരു കലയാണ് ‘
– ഇഗോർ സ്ട്രാവിൻസ്കി.
“I asked to the almond tree:
‘Speak to me of God’
And the almond tree
Blossomed.”
“ഞാൻ ബദാം മരത്തോട് ചോദിച്ചു :
‘ദൈവത്തെക്കുറിച്ച് എന്നോട് പറയൂ’
അപ്പോൾ ബദാം മരം
പൂത്തുലഞ്ഞു.”
കസാൻദ്സാക്കിസിന്റെ ഏറെ പ്രസിദ്ധമായ ഈ കവിതാശകലത്തിന്റെ കാൽപ്പനിക സൗന്ദര്യത്തെ തച്ചുടക്കുന്ന രണ്ടു വരികളോടെയാണ് കെ.ആർ രമേഷിന്റെ ‘സ്ട്രീമർ’ എന്ന നാടകം ആരംഭിച്ചത്.
‘ഞാൻ പൂവിനോട് മനുഷ്യനെപ്പറ്റി ചോദിച്ചു:
പൂവ് അപ്പോൾ തണ്ടൊടിഞ്ഞു വീണു’
നാടകത്തിന്റെ കേന്ദ്രത്തിലേക്ക് പ്രേക്ഷകർക്ക് പ്രവേശനം സാദ്ധ്യമാക്കുന്ന ശക്തമായ വരികളായിരുന്നു അത്. അതിനാൽ നാടകത്തിന്റെ പ്രമേയം തുടക്കത്തിലെതന്നെ സുവ്യക്തമായിരുന്നു. പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടതിൽ ഏറ്റവും പൊളിറ്റിക്കൽ ആയ ചിന്ത ഉയർത്തിയ നാടകമാണ് ‘സ്ട്രീമർ’ .
ഈ നാടകം സമകാലികമായ രാഷ്ട്രീയ സംഭവഗതികളെ ഓർമ്മയിലേക്ക് എത്തിക്കാൻ സഹായകമായി എന്നു പറയുന്നത് അതിനെ കുറച്ചുകാണിക്കലാണ്. സാർവ്വകാലികമായ ഒരു പ്രമേയമാണ് അവതരിപ്പിക്കപ്പെട്ടത്. സാർവലൗകികവും സാർവകാലികവുമായ ഒരു പ്രമേയം പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന ഈ നാടകത്തിന് പിറകിലുള്ള പ്രതിഭാവിലാസത്തെ അത്ഭുതാദരങ്ങളോടെയല്ലാതെ ഓർക്കാനാകില്ല.
വളരെ വിശാലമായിരുന്നു വേദി. ഒരേയൊരു നടൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാടകം തീരുന്നതുവരെ ഒരിടത്തേക്കും നീങ്ങാതെ നടൻ നിന്ന നിൽപ്പിൽതന്നെ തുടർന്നു. റിപ്പബ്ലിക് ദിനപരേഡുകളിൾ കേന്ദ്ര സ്ഥാനത്തുനിന്ന് ആയിരക്കണക്കിന് പട്ടാളക്കാർക്ക് മൈതാനം മുഴുവൻ കേൾക്കത്തക്ക ശബ്ദത്തിൽ വലിയ അലർച്ചയോടെ, അച്ചടക്കത്തോടെ നിരയൊപ്പിച്ച് ചലിക്കാൻ നിർദ്ദേശം കൊടുക്കുന്ന കമാൻഡർ-ഇൻ-ചീഫ് ആണ് അയാൾ. അയാളുടെ കഴുത്തിൽ ഒരു മെഡൽ ഉണ്ട്. അത് വെളിച്ചം തട്ടി തിളങ്ങി കൊണ്ടിരിക്കുന്നുണ്ട്. വെളിച്ചത്തെ ഉപയോഗിച്ചത് പ്രധാനമായും അതിനു മാത്രമായിരുന്നു എന്നും പറയാം. മറ്റൊരു ശക്തമായ പ്രോപ്പർട്ടി വിശാലമായ സ്റ്റേജിലെ വിജനതയായിരുന്നു.


നാടകം തുടങ്ങുമ്പോൾ മുതൽ അവസാനിക്കുന്നതുവരെ കമാൻഡർ-ഇൻ-ചീഫ് ചലനരഹിതനാണ്. അതേസമയം മറ്റുള്ളവരെ ചലിപ്പിക്കാനുള്ള കമാൻഡുകൾ അയാളുടെ വായിൽ നിന്ന് ഉച്ചൈസ്തരം മുഴങ്ങുന്നുണ്ട്. നിരവധി ബറ്റാലിയനുകൾ ആയുധങ്ങളുമായി അയാളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തലങ്ങും വിലങ്ങും മാർച്ച് പാസ്റ്റ് നടത്തുന്നത് നമുക്ക് മനസ്സിൽ കാണാം. അപ്പോൾ, അയാൾ നിൽക്കുന്നത് വിജനതയിൽ അല്ല. അങ്ങിനെ ആലോചിക്കുമ്പോൾ, നാടകത്തിൽ പ്രോപ്പർട്ടികളും അഭിനേതാക്കളും അനവധിയാണ്. വിജനതയിൽ കാണപ്പെടുമ്പോൾ തന്നെ അയാൾ ആയിരങ്ങൾക്ക് നടുവിലാണെന്നതിനേക്കാൾ, ചലിക്കാൻ നിർദ്ദേശം കൊടുക്കുന്ന അയാൾ ചലനസ്വാതന്ത്ര്യമില്ലാത്തവനാണെന്നതിനേക്കാൾ , വലിയ വൈരുദ്ധ്യം വരാനിരിക്കുന്നതേയുള്ളൂ.
അണികളെ അറ്റൻഷൻ ആക്കാൻ വേണ്ടിയുള്ള കമാന്റിന്റെ, ‘pareeeeeed…..’ എന്ന ആദ്യ വാക്ക് അലർച്ചയോടെ നീട്ടി വിളിക്കുമ്പോൾ അതിൽ കരച്ചിലിന്റെ ഒരു കണിക കടന്നു കൂടുന്നു. അത് കൂടിക്കൂടി വന്ന് ഒരു നീണ്ട അലറിക്കരച്ചിലായി രൂപാന്തരപ്പെടുന്നു. സർവ്വസൈന്യാധിപൻ കരയുന്നു. കൊല്ലിനും കൊലയ്ക്കും ഓർഡർ കൊടുക്കാൻമാത്രം ശക്തനായ കമാൻഡർ-ഇൻ- ചീഫ് കരയുന്നു. അതിൽ പരം വൈരുദ്ധ്യം എന്തുണ്ട് !
(ചാർലി ചാപ്ലിന്റെ മോഡേൺടൈംസിന്റെ ഓപ്പണിങ് സീൻ ഓർക്കാതിരിക്കാൻ പറ്റില്ല. ഏകദേശം ഒരു പരേഡിൽ എന്നപോലെ ഒരു കൂട്ടം ആടുകൾ തിക്കിത്തിരക്കി ഇടയന്റെ നിർദ്ദേശാനുസരണം അച്ചടക്കത്തോടെ നടക്കുന്നതും തുടർന്ന് തൊഴിലാളികളുടെ സമാനമായ ചലനവും ആണല്ലോ അതിൽ സമീകരിച്ചു കാണിച്ചിരിക്കുന്നത്. മനുഷ്യനെ മൃഗത്തെപ്പോലെ കൈകാര്യം ചെയ്യുന്ന ഒരു വ്യവസ്ഥയെയാണ് ചാപ്ലിൻ കൈകാര്യം ചെയ്യുന്നത്. ഒരു പരേഡിനിടയിൽ ഒരു കൂട്ടം തടവുപുള്ളികൾ ഒരു വശത്തേക്ക് മാർച്ച് ചെയ്യുമ്പോൾ, കമാന്റിങ് തെറ്റായി ശ്രവിച്ച ചാപ്ലിന്റെ കഥാപാത്രം എതിർ ദിശയിലേക്ക് ഒറ്റയ്ക്ക് ലെഫ്റ്റ് -റൈറ്റ് അടിച്ചു നീങ്ങുന്നത് തിയ്യറ്ററിൽ പൊട്ടിച്ചിരി ഉണ്ടാക്കിയ രംഗമാണ്. അത്തരം ഒരു റിബൽ ചിന്തയിൽ നിന്നു തന്നെയായിരിക്കണം കമാൻഡിങ്ങിൽ ഉൾചേർന്നു കിടക്കുന്ന വിലാപത്തിന്റെ സ്വരത്തെ സംവിധായകന് ഇഴ പിരിച്ചെടുക്കാൻ സാധിച്ചത്.)
കമാന്റിങ്ങിൽ വന്നുഭവിച്ച കരച്ചിലിന്റെ ഈണത്തെപ്രതി, അയാൾ, കമാൻഡർ-ഇൻ-ചീഫുമാരുടെ അന്താരാഷ്ട്ര കോടതിയിൽ (അങ്ങിനെയൊന്ന് ഉണ്ടെങ്കിൽ) വിചാരണ നേരിടുകയാണ്. വിചാരണയ്ക്കിടയിലും അയാളുടെ കമാന്റിങ്ങിൽ കരച്ചിൽ വിടാതെ പിടികൂടിയിരിക്കുകയാണ്. അയാൾക്ക് ആകെ ചെയ്യാനുള്ള പ്രതിവിധി തന്റെ തൂവാല വായിൽ കുത്തിക്കയറ്റി കരച്ചിലിന്റെ ശക്തി കുറയ്ക്കുക മാത്രമാണ്.


കമാന്റിങ് കരച്ചിലായി മാറുന്നതിന്റെ കാരണം, അയാളിൽ മനുഷ്യത്വം ഉണരുന്നു എന്നതുകൊണ്ടാണെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്. അതുതന്നെയാണ് അന്താരാഷ്ട്ര കോടതിക്കും വലിയ തലവേദനയാകുന്നത്. സർവ്വം സംഹരിക്കാൻ ശക്തനായ ഒരു കമാൻഡർ -ഇൻ- ചീഫിൽ മനുഷ്യത്വം ഉണർന്നു എന്ന അതികഠിനമായ കുറ്റത്തിന്റെ വിചാരണയ്ക്കായിട്ടാണ് അന്താരാഷ്ട്ര സർവ്വസൈന്യാധിപകോടതി അയാളെ വിളിച്ചു വരുത്തി വിചാരണ ചെയ്യുന്നത്. വിചാരണയ്ക്കിടയിൽ നടക്കുന്ന ഓരോ നീണ്ട കരച്ചിലും പ്രേക്ഷകരെ ഓരോ ലോകത്തേക്ക് എത്തിക്കുന്നു. അയാളുടെ അതിക്രമങ്ങളിൽ ജീവിതം തകർന്നു പോയ ആയിരക്കണക്കിന് മനുഷ്യരുടെ വിലാപങ്ങളും ആ കരച്ചിലിൽ അന്തർലീനമാണ്. അതുകൊണ്ട് കൂടിയാണ് അതിന് ഇത്ര മുഴക്കം. സർവ്വസൈന്യാധിപനും ഒരർത്ഥത്തിൽ ഏകാകിയാണ്. ഏതോ വങ്കൻ ഭരണാധികാരിക്ക് വേണ്ടി സഹജീവികളെ സംഹരിക്കാൻ നിയോഗിക്കപ്പെട്ടവൻ ആണ് അയാൾ.
ചുറ്റും നടക്കുന്ന കൂട്ടക്കുരുതികളും പലായനങ്ങളും യുദ്ധക്കശാപ്പുകളും അയാളുടെ കരച്ചിലിൽ നിന്നും തെളിഞ്ഞു കിട്ടും. വിശന്ന ഹിംസ്രമൃഗങ്ങൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കപ്പെടുന്ന അടിമയുടേതിനു സമാനമായ അവസ്ഥയാണോ ഒരു സർവ്വസൈന്യാധിപനും ഉള്ളത്? കൊളോസിയത്തിലെ അരീനയാണോ രാമനിലയം വളപ്പിലെ തകർന്ന കെട്ടിടത്തിനടുത്തുള്ള ഈ നാടകവേദി? ഒരു സർവ്വസൈന്യാധിപനു പോലും കൊല്ലാനും കൊല്ലപ്പെടാനും അല്ലാതെ മറ്റു രക്ഷാ മാർഗങ്ങൾ ഇല്ലേ ? ഇരകളെ സൃഷ്ടിക്കുന്ന അയാൾ സ്വയം ഒരു ഇരയല്ലേ…അയാളുടെ കഴുത്തിൽ കിടക്കുന്ന മെഡലിന്റെ തിളക്കം വെറും പുറംപൂച്ചു മാത്രമല്ലേ….


തടവുപുള്ളികളെ ഭേദ്യം ചെയ്യാനായി നിയോഗിക്കപ്പെട്ട ഒരു രാജകിങ്കരന്റെ മാനസിക സംഘർഷങ്ങളെ ആനന്ദ് ‘ആറാമത്തെ വിരൽ’ എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. തന്റെ സിംഹാസനത്തിന് ഭാവിയിൽ ഭീഷണി ഉയർത്തിയേക്കാവുന്ന സ്വന്തം സഹോദരനെ തടവിലാക്കുന്ന ഭരണാധികാരി അയാളുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിക്കാൻ ഉത്തരവിടുന്നു. കൈകൾ ബന്ധിക്കപ്പെട്ട തടവുപുള്ളിയുടെ നെഞ്ചിൽ കയറിയിരുന്ന്, ഭടൻ, ഓരോ കണ്ണിലും ഇരുമ്പ് സൂചി അൻപത് തവണ വീതം കുത്തിയിറക്കി രാജകല്പന നടപ്പാക്കുന്നു .ഇരയുടെ കണ്ണിൽ നിന്നും ചീറ്റുന്ന ചോരയും ചലവും കൊണ്ട് ഭടന്റെ മുഖം വിവർണ്ണമാകുന്നു. കൃത്യത്തിനു ശേഷം അന്തഃക്ഷോഭം സഹിക്കാനാകാതെ ഭടൻ കുതിരപ്പുറത്ത് കയറി ഒരു ഗ്രാമത്തിലേക്ക് പാഞ്ഞുപോവുകയാണ്. അവിടെ ഒരു വഴിയോരത്തിരുന്ന് അയാൾ ഛർദ്ദിക്കുന്നു. അതുവഴി വന്ന ഒരു വൃദ്ധ അയാളോട് എന്തിനാണ് ഛർദ്ദിക്കുന്നത് എന്ന് ചോദിക്കുന്നു. അയാളുടെ ഹൃദയഭേദകമായ മറുപടി ആനന്ദ് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് :
“ഞാൻ എനിക്കുവേണ്ടിയല്ല ഛർദ്ദിക്കുന്നത്, അമ്മേ…, ഞാൻ ഛർദ്ദിക്കുന്നത് മറ്റാർക്കോ വേണ്ടിയാണ്….”
ആനന്ദിന്റെ ഛർദ്ദിക്കുന്ന ഭടനോട് സാദൃശ്യമുള്ളതു തന്നെയാണ് കരയുന്ന കമാൻഡർ- ഇൻ- ചീഫും. താൻ ചെയ്യുന്ന കാര്യത്തിൽ സത്യത്തിന്റെ ബലമുണ്ട് എന്ന ആത്മവിശ്വാസമുള്ള ഒരു നടനു മാത്രമേ, ഒറ്റയാനും ചലനരഹിതനുമായ ‘സ്ട്രീമറിലെ’ കഥാപാത്രത്തെ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. ബെൻസൺ മാത്യു എന്ന നടൻ അത് ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. സത്യത്തിന്റെ കണികയുള്ള ചിന്തയിൽ കലാംശം ഉൾച്ചേർന്നു കിടക്കുന്നു. സത്യത്തിന്റെ ജ്വലനമാണ് ഈ നാടകത്തെ ഉടനീളം നിലനിർത്തുന്നത്. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക’ എന്ന പ്രബോധനം കല തന്നെയാണ്. അത് വിളിച്ചു പറഞ്ഞ കുന്നിൻപുറം അരങ്ങുമാണ്.


‘നീ തന്നെയാണ് നിന്റെ വെളിച്ചം’ എന്ന വാചകം, അരയാൽ തലപ്പുകൾ കുടചൂടിയ അരങ്ങുതറയിൽ വെച്ച് ശിഷ്യനായ ആനന്ദൻ കേട്ടതും കലാവിഷ്കാരം തന്നെയായിരുന്നു.’ എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞയാൾക്ക് ഒരു നീണ്ട വടി മാത്രമേ പ്രോപ്പർട്ടിയായി ഉണ്ടായിരുന്നുള്ളൂ. ഇതിനെക്കാൾ വലിയ കലാവിഷ്കാരങ്ങൾ ഒന്നും പുറത്തു നടന്നിട്ടില്ല. ഈ സത്യകഥനങ്ങൾ നടത്തിയ പ്രവാചകർക്ക് അവരുടേതായ കോസ്റ്റ്യൂമും ഉണ്ടായിരുന്നു. ലാളിത്യത്തിന്റെ ഇതേ മാർഗ്ഗത്തിലൂടെ തന്നെയാണ് ആശയത്തിന്റെ സ്ഫുലിങ്ഗങ്ങൾ പറത്തിക്കൊണ്ട് ഈ നാടകവും നീങ്ങുന്നത്. മേൽസ്ഥായിയിലുള്ള അലർച്ചയിൽ നിന്ന് കീഴ്സ്ഥായിയിൽ കിടന്നു പിടയുന്ന ഒരു നിലവിളിയെ അഴിച്ചെടുക്കാൻ സിദ്ധിയുള്ള കാതുകൾ , ബുദ്ധ പ്രതിമകളിൽ കാണുന്ന വലിയ കാതുകൾക്ക് സദൃശമാണ് എന്നതിൽ സംശയമില്ല. ശബ്ദങ്ങൾക്കടിയിൽ ആണ്ടു കിടക്കുന്ന ജീവിതസത്യങ്ങളെ കണ്ടെടുക്കുന്ന കാതുകൾക്ക് നിപുണശ്രോത്രങ്ങൾ എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. ബുദ്ധൻ അങ്ങനെ ഒരാളായിരുന്നു. കേൾക്കുന്ന ആൾ ആയതുകൊണ്ടാണ് ശില്പികൾ ബുദ്ധ പ്രതിമകൾക്ക് നീണ്ട കാതുകൾ കൊടുത്തിട്ടുള്ളത്.
ഒരു പൂവിനോട് മനുഷ്യനെ പറ്റി ചോദിച്ചാൽ, അത് തണ്ട് ഒടിഞ്ഞു വീഴാൻ കാരണമാകരുത് എന്നതായിരിക്കണം ഈ നാടകകൃത്ത് കാണുന്ന സ്വപ്നം. അതുതന്നെയാണ് ലോകത്തിന്റെ ഏതു കോണിലും അവതരിപ്പിക്കപ്പെടാൻ ഈ നാടകത്തെ പ്രാപ്തമാക്കുന്നത്.
നാടകം കണ്ട ദിവസത്തെക്കാൾ, പിറ്റേന്നും അതിന്റെ പിറ്റേന്നും ഒക്കെയാണ് നാടകം വളർന്ന് തിടം വെച്ചുകൊണ്ടിരുന്നത്. നാടകത്തിന് ഏറ്റവും പറ്റിയ വേദി, മനുഷ്യമനസ്സ് എന്ന പ്രതലമാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിച്ചു കാണിച്ചതിന്, കെ.ആർ രമേഷിന് ഒരു പൂച്ചെണ്ട്.
SCREAMER
Direction: K R Ramesh
Scale Media, Pathanamthitta
Actor: Benson Mathew
Light: Anoop

