തടവിൽ അഭയം തേടുമ്പോൾ

പട്ടാമ്പി, പള്ളിപ്പുറം, പരുതൂർ എന്നിങ്ങനെ പേരുകളിലും പാട്ടുകളിലും പലഹാരങ്ങളിലും മനുഷ്യരിലും എല്ലാം ഈ സിനിമയിൽ ഒരു നാടുണ്ട്. അങ്ങനെ ഒരു നാട് കടന്നുവന്നതിനെക്കുറിച്ച് പറഞ്ഞ് തുടങ്ങാമോ?

എന്റെ സ്വദേശം പട്ടാമ്പിയാണ്. സിനിമ മുഴുവനായും ചിത്രീകരിച്ചിട്ടുള്ളത് പട്ടാമ്പി, പള്ളിപ്പുറം, പരുതൂ‍ർ ഭാഗങ്ങളിലാണ്. എനിക്ക് പരിചിതമായിട്ടുള്ള, അടുത്തുള്ള, അറിയുന്ന സ്ഥലങ്ങളാണിതെല്ലാം. മുമ്പ് രണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുള്ളതും ഈ സ്ഥലങ്ങളിൽ തന്നെയാണ്. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് കഴിഞ്ഞതിനുശേഷം ഞാൻ സ്ഥിരമായി അഭിനേതാക്കളുടെ അടുത്തെല്ലാം പോയി അവരുമായി സംസാരിച്ച് ഒരു പൊരുത്തമുണ്ടാക്കിയിരുന്നു. മാത്രമല്ല, ഈ സിനിമയുടെ ഒരു എക്സ്ട്രാ ലെയ‍ർ എന്ന പോലെ പാട്ടുകളും, മോണോആക്ടും എല്ലാം ഞാൻ ഈ നാട്ടിൽ കണ്ടതാണ്. അങ്ങനെ സിനിമയിൽ അത് ഉൾച്ചേർന്നതാണ്.

തടവിലാക്കപ്പെട്ട കുട്ടികൾ മുതൽ ആഭരണം വരെ തടവിന്റെ പല മാനങ്ങൾ സിനിമയിലുണ്ട്. തടവിന്റെ സുരക്ഷിതത്വത്തിനായി സ്വയം കീഴടങ്ങുന്നവളാണ് സിനിമയിലെ നായിക. ആത്യന്തികമായി മനുഷ്യജീവിതം ഒരു തടവറയാണെന്നാണോ? തടവറകളിൽ മാത്രമേ നമുക്ക് അഭയമുള്ളോ?

ഒട്ടും മുഴച്ചു നിൽക്കുന്ന രീതിയിൽ (ലൗഡ്) പ്രമേയത്തെ സിനിമയിൽ ആവിഷ്കരിച്ചിട്ടില്ല, അങ്ങനെയല്ല പറയാൻ ഉദ്ദേശിച്ചിട്ടുള്ളതും. ഗീത എന്ന കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളും ഉൾപ്പെടുന്ന ഒരു സിനിമയായിട്ടാണ് തടവ് വിചാരിച്ചതും ഈ ഒരു രീതിയിൽ ആഖ്യാനം ചെയ്തിട്ടുള്ളതും. അവ‍ർ ഓരോ മാ‍ർഗങ്ങൾ കാണുന്നു. അത് ശരി, തെറ്റ് എന്നുള്ളതല്ല. ഗീതയ്ക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണതെല്ലാം. അങ്ങനെയാണ് അതിനെ സമീപിച്ചിട്ടുള്ളതും.

തടവ് സിനിമയുടെ പോസ്റ്റർ

സിനിമയുടെ പ്രമേയം എന്നതുപോലെ തന്നെ സിനിമയുടെ ഫ്രെയിമുകളിലും തടവുണ്ട്. മിഡ് ഷോട്ടുകളിലും ക്ലോസുകളിലുമായി കഥാപാത്രങ്ങളും പരിസരങ്ങളും നിറഞ്ഞുനിൽക്കുന്ന തിരശ്ശീലയിൽ ഒരു വിദൂരദൃശ്യം പോലുമില്ല. സിനിമയുടെ ഈ ദൃശ്യഘടനയെ കുറിച്ചും സിനിമോട്ടോഗ്രാഫിയെ കുറിച്ചും പറയാമോ ?

സിനിമോട്ടോഗ്രാഫ‍ർ മൃദുൽ എസ് എന്റെ സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്ത് വന്നിട്ടുള്ള ആളുകളാണ്. ഈ സിനിമയുടെ കഥാതന്തു മുതൽ കൂടെയുള്ള ആളാണ് മൃദുൽ. സിനിമ മുഴുവനായും കണ്ണുകൾ കൊണ്ട് കാണുന്ന രീതിയിൽ ചിത്രീകരിക്കണം എന്ന രീതിയിലാണ് ഞങ്ങൾ മുന്നോട്ടുപോയത്. അതിൽ കൂടുതൽ വൈഡ് ഫ്രെയിം വേണ്ടെന്നായിരുന്നു തീരുമാനം. ശ്രദ്ധ പുറത്തോട്ട് പോകാതിരിക്കാൻ കൂടുതലും മിഡ് ഷോട്ടുകൾ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അത് കൃത്യമായ ഉദ്ദേശ്യത്തോടുകൂടി തന്നെ ചെയ്തതാണ്.

‘ഹു വാണ്ട്സ് ഫ്രീഡം?’ എന്ന ബഷീറിന്റെ മതിലുകളിലെ ചോദ്യത്തെ ഓർമിപ്പിക്കുന്നുണ്ട് സിനിമയിലെ നായികയായ ഗീതയുടെ ജീവിതം. ബഷീറിന്റെ തന്നെ ന്റുപ്പൂപ്പാക്കൊരാനെണ്ടാർന്ന് ഒരു മോണോആക്ട് ആയും സിനിമയിൽ കടന്നുവരുന്നു. ബഷീർ എങ്ങനെയെല്ലാമാണ് ഈ രചനയെ സ്വാധീനിച്ചിരിക്കുന്നത്?

ബഷീറിന്റെ നേരിട്ടുള്ള സ്വാധീനം ഈ സിനിമയെ കുറിച്ചുള്ള ആലോചനകളിൽ ഉണ്ടായിട്ടില്ല. ആ മേഖലയിൽ ഒക്കെ ഗീതയായി അഭിനയിച്ച ബീന ടീച്ചറിന്റെ സംഭാവനകൾ ഒരുപാടുണ്ടായിരുന്നു. ആ മോണോആക്ട് നിർദേശിച്ചതും ടീച്ചറായിരുന്നു. നിങ്ങൾ പറഞ്ഞ പോലെ ബഷീർ ഈ സിനിമയിൽ വരുന്നുണ്ടെങ്കിൽ അതിൽ സന്തോഷമുണ്ട്.

സിനിമയിൽ നിന്നുള്ള രം​ഗം

റിയലിസ്റ്റിക് എന്ന് ഇന്ന് പൊതുവേ പറയുന്ന ഒരു തൻമയത്വം സിനിമയിൽ ഉടനീളമുണ്ട്. എന്നാൽ ഒട്ടും അസ്വാഭാവികതയില്ലാത്ത ഒരാൾ തൊട്ടടുത്ത നിമിഷം ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതിന്റെ അനിശ്ചിതത്വം സിനിമയ്ക്ക് നാടകീയത നൽകുന്നുമുണ്ട്. ജീവിതത്തിന്റെ ചുഴികളെയും ചുഴലികളെയും സ്വാഭാവികമായി അവതരിപ്പിക്കുന്ന ആഖ്യാനം തിരക്കഥയിൽ രൂപപ്പെട്ടതെങ്ങനെയാണ് ?

ആദ്യ ഡ്രാഫ്റ്റ് ആയതിന് ശേഷം ഞാൻ അഭിനേതാക്കളുമായും, മുഖ്യ ക്രൂവുമായിട്ടും ഇരുന്നിരുന്നു. വളരെ ഓപ്പൺ ആയി തന്നെ ഞാൻ അവരുടെ നിർദേശങ്ങൾ എല്ലാം കേട്ട്, ആവശ്യമുള്ളത് ഉൾപ്പെടുത്തി, അല്ലാത്തവ കളഞ്ഞ്, തിരക്കഥയിൽ ഒരുപാട് തവണ വ‍ർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഒട്ടും മുഴച്ചു നിൽക്കരുതെന്ന് (ലൗഡ് ആവരുത്) നിർബന്ധമുണ്ടായിരുന്നു. പിന്നെ പടം കാണുമ്പോൾ ആളുകൾക്ക് മനസ്സിലാവുമല്ലോ. അതുകൊണ്ടുതന്നെ ആ രീതിയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തതും.

കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വിളിച്ചു പറയുന്നില്ല എന്നു മാത്രമല്ല വളരെ സൂക്ഷ്മമായി മാത്രമേ അത് വെളിപ്പെടുത്തുന്നുമുള്ളൂ. രണ്ട് വിവാഹങ്ങൾക്ക് ശേഷം കുടുംബത്തിന്റെ ഘടനയ്ക്ക് പുറത്ത് വന്ന ഒരു സ്ത്രീയുടെ സൗഹൃദത്തിന്റെ ഇടങ്ങൾ പ്രേക്ഷകരെ സ്പർശിക്കുകയും ചെയ്യുന്നു. ശാരീരികമായും മാനസികമായും എല്ലാ നിലകളിലും ഇത്രയേറെ വെല്ലുവിളികൾ നേരിടുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെയാണ് കണ്ടെടുത്തത് ? അത്തരത്തിലുള്ള ഒരു സ്ത്രീയെ ആവിഷ്കരിക്കുന്നതിന് പരിമിതികളുണ്ടായിരുന്നോ ?

ഈ കഥാതന്തു സിനിമയാക്കാം എന്നു ഞാൻ തീരുമാനിച്ചതിന് ശേഷം ഞാൻ സൃഷ്ടിച്ചെടുത്ത ലോകമാണ് ഈ അം​ഗനവാടി ടീച്ച‍റുടേത്. സ്വാഭാവികമായും അം​ഗനവാടി ടീച്ചർമാർ എല്ലാം സ്ത്രീകളാണ്. സ്ത്രീകളിലൂടെ മാത്രമേ ഈ സിനിമചെയ്യാനാവൂ. മാത്രമല്ല ഗീതയെ അവതരിപ്പിച്ച ബീന ടീച്ച‍ർ എന്റെ മുൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അവരിൽ നിന്നും പ്രചോദിതമായാണ് ഈ സിനിമ ചെയ്യാം എന്നു തീരുമാനിക്കുന്നതും. അതിനാൽ സ്വഭാവികമായും എനിക്ക് പരിമിതികൾ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഈ തിരക്കഥ തയ്യാറാക്കുന്നതിൽ ടീച്ചറുടെ വളരെയധികം ഇടപെടലുകളുണ്ടായിരുന്നു. ടീച്ച‍ർക്ക് സംശയങ്ങൾ ഒരുപാടുണ്ടായിരുന്നു. അതെല്ലാം വിശ്വസിപ്പിക്കാൻ വേണ്ടിയുള്ള മാറ്റങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഫാസിൽ റസാഖ്

വിപണി താത്പര്യങ്ങൾക്ക് പുറത്ത് നിർമ്മിക്കുന്ന ഒരു സിനിമ രൂപപ്പെടുക നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടായിരിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘തടവി’ന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടി പങ്കുവെക്കാമോ ?

കുറച്ച് ഫെസ്റ്റിവലുകൾക്കെല്ലാം സിനിമ കൊടുത്തിട്ടുണ്ട്. അതിന്റെ റിസൾട്ട് വരാൻ കാത്തിരിക്കുകയാണ്. ഐ.എഫ്.എഫ്.കെ കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ സാധ്യതകൾ ലഭിക്കും എന്ന് വിചാരിക്കുന്നു. ഒ.ടി.ടി പ്ലാറ്റുഫോമുകളിലെ പ്രദർശനത്തിനും ശ്രമിക്കുന്നുണ്ട്. പിന്നെ പൂർണ്ണമായും ഒരു ആ‍ർട്ട് ഹൗസ് സിനിമ എന്ന രീതിയിലല്ല ഈ സിനിമ എടുത്തിട്ടുള്ളത്. വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ആളുകൾ കാണണം, അഭിപ്രായങ്ങൾ അറിയണം അതോടൊപ്പം ഒ.ടി.ടി പോലെ ഒരു പ്ലാറ്റ് ഫോം ഈ സിനിമയ്ക്ക് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 10, 2023 3:56 pm