

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മുങ്ങിയ കപ്പലും തീരാ നഷ്ടങ്ങളും – 1
“ഒരു കപ്പല് മുങ്ങിയിട്ടൊണ്ട്, കണ്ടെയ്നർ തീരത്തൊക്കെ അടിയും, അത് ആരും തൊട്ടൂടാ എന്നൊക്കെയുള്ള വിവരം എന്റെ മരുമോൻ പറഞ്ഞാണ് ഞാനറിയുന്നത്. അപ്പോ ഞങ്ങക്കൊരു ഭീതിയുണ്ടായിരുന്നു, പിറ്റേന്ന് അയലത്ത് വീട്ടിലെ അമ്മ ഓടി വന്നെന്നെ വിളിച്ചു, ഡേയ് മേരി കണ്ടെയ്നർ വന്ന് നമ്മുടെ തീരത്ത് കെടക്കുന്നെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ കേട്ട പാതി കേൾക്കാത്ത പാതി ഓടി അവിടെ ചെന്നു. എന്റെ ജീവിത്തിൽ ഞാനിങ്ങനൊരു കണ്ടെയ്നർ കണ്ടിട്ടില്ല. ഇവിടെയൊരു പുലിമുട്ടുണ്ട്. ആ പുലിമുട്ടിൽ കണ്ടെയ്നർ തട്ടി തട്ടി നിക്കുവാണ്. പുലിമുട്ടിലിടിച്ച് ഇതെവിടെങ്കിലും ഒന്ന് പൊത്താൽ… ഇതിനകത്തിരിക്കുന്നത് എന്തൊക്കെയാണെന്ന് നമുക്കറയത്തില്ല. എന്തോ സംഭവിക്കുമെന്ന് പേടിച്ച് ഞങ്ങളിങ്ങനെ പ്രാർത്ഥിച്ചു, ദൈവമേ ഇത് ഒന്നും സംഭവിക്കാതെ തീരത്തോട്ട് കേറണേന്ന്. ആറര മണിക്ക് ചെന്ന ഞാൻ ഒമ്പത് മണി വരെ അവിടെ തന്നെ നിന്നു. ഇതെന്താകും എങ്ങനെയാകുമെന്ന ആകാംക്ഷയോടെയാണ് നിന്നത്. കണ്ടെയ്നറിനകത്ത് അപകടകരമായ കാര്യങ്ങളാണെന്നാണ് പറഞ്ഞ് കേട്ടത്, രാത്രി എന്തോ സംഭവിക്കുമെന്നൊക്കെ പേടിയുണ്ടായിരുന്നു.” എം.എസ്.സി എൽസ 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കൊല്ലം ജില്ലയിലെ ശക്തികുളങ്ങര തീരത്ത് കണ്ടെയ്നർ അടിഞ്ഞ ദിവസത്തെ അനുഭവം തീരദേശവാസിയായ മേരി ജയിംസ് ഭീതിയോടെയാണ് വിവരിച്ചത്. കേരള തീരത്തുണ്ടായ കപ്പലപകടവും തുടർന്ന് തീരത്തടിഞ്ഞ കണ്ടെയ്നറുകളും കടലിന്റെ ആവാസവ്യവസ്ഥയേയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തേയും സംബന്ധിച്ചുള്ള നിരവധി ആശങ്കകൾക്ക് വഴി തുറന്നിരിക്കുകയാണ്. ആളുകൾ മത്സ്യം വാങ്ങാൻ ഭയപ്പെട്ടതോടെ കടൽ മീനുകൾക്ക് വിപണിയിൽ വില കുറഞ്ഞതും മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. കാലാവസ്ഥാ മാറ്റവും തീര ശോഷണവും മൂലം വലയുന്ന കടലോര ഗ്രാമങ്ങളെ കപ്പലപകടവും കണ്ടെയ്നറുകളും തീരാ നഷ്ടങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.


വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പൽ 2025 മേയ് 24നാണ് കൊച്ചി പുറം കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നത്. കൊച്ചിയിലേക്ക് ചരക്കുമായി വന്ന എം.എസ്.സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി മുങ്ങിയത്. കപ്പലിലെ 24 ജീവനക്കാരെയും തീരസേനയും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിൽ വീഴുകയും തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലേക്ക് അടിയുകയും ചെയ്തു.


ആകെ 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 284 എണ്ണം ഡോക്കിൽ ആയിരുന്നു. 44 കണ്ടെയ്നറുകളാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്ക് പരിധിയിലെത്തിയത്. കേരളതീരത്ത് ഇതുവരെ 59 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 25 എണ്ണം ഭാഗികമായി നശിക്കുകയോ നമ്പർ വ്യക്തമാകാതിരിക്കുകയോ ചെയ്തതിനാൽ ഒരേ കണ്ടെയ്നറുകൾ തന്നെയാണോ എന്ന് വ്യക്തമല്ല. കൊല്ലം ജില്ലയിൽ തകർന്നതും തകരാത്തതുമായ 45 കണ്ടെയ്നറുകളാണ് അടിഞ്ഞത്. ആലപ്പുഴ ജില്ലയിൽ രണ്ടും, തിരുവനന്തപുരം ജില്ലയിൽ പന്ത്രണ്ടും എന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.
ഇതിനിടെ, മെയ് 29 ന് തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യന്നതിനായി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോൾ തീപിടുത്തമുണ്ടായതും ശക്തികുളങ്ങര തീരത്തെ ആധിയിലാക്കി. “പിറ്റേന്ന് രണ്ട് ദിവസം കഴിഞ്ഞപ്പെഴെങ്ങാനമാണ് ഈ സാധനം ഇവിടെ തീപിടിക്കുന്നത്. അപ്പോ ആൾക്കാരെല്ലാം പറഞ്ഞ് ഇതിനകത്തിരുന്ന കെമിക്കലെന്തോ കത്തി രാജ്യം നശിക്കാൻ പോകുന്നെന്നാണ്. പക്ഷേ, കുഴപ്പമൊന്നും സംഭവിച്ചില്ല. ഫയർ എൻജിനൊക്കെ വന്ന് തീ അണച്ച് പിന്നെ വേണ്ടുന്ന കാര്യങ്ങൾ അവര് തന്നെ ചെയ്തു.” കടലോര ഗ്രാമത്തിൽ ജനിച്ച് വളർന്ന മധ്യവയസ് പിന്നിട്ട മേരിയുടെ സംസാരത്തിലുടനീളം ഇത്രയും കാലം നേരിട്ടിട്ടില്ലാത്ത പുതിയൊരു വെല്ലുവിളിയുടെ ആശങ്കളുണ്ടായിരുന്നു. എന്നാൽ ആദ്യം ഭയമുണ്ടായിരുന്നെന്നും കണ്ടെയ്നറെല്ലാം എടുത്തുമാറ്റിയതുകൊണ്ട് ഇപ്പോൾ പേടിയില്ലെന്നും മേരി പറയുന്നു.
മെയ് 24 ന് വൈകുന്നേരം തന്നെ കപ്പലപകടം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അപായ സൂചന മാധ്യമങ്ങൾ നൽകിയിരുന്നു. കണ്ടെയ്നറുകൾ തീരത്തെത്താൻ സാധ്യതയുണ്ടെന്നും അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറിനുള്ളിലെന്നും ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്നമായിരുന്നു മുന്നറിയിപ്പ്. കേരളത്തിലെ തീരങ്ങളിലെല്ലാം ഈ അറിയിപ്പ് ആശങ്കയുളവാക്കിയെങ്കിലും അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ അത് അനിവാര്യമായിരുന്നു.
മേരിയുടെ വീട്ടിൽ നിന്നുമിറങ്ങി കണ്ടെയ്നർ അടിഞ്ഞ തീരത്തേക്ക് അധികം നടക്കാനുണ്ടായിരുന്നില്ല. കടലുകയറാതിരിക്കാൻ ആ തീരത്താകെ പാറകളടുക്കിയിട്ടുണ്ട്. ഇടവക പള്ളിയുടെ മുന്നിലുള്ള ആ പാറകളില്ലാത്ത തുറന്ന തീരത്താണ് കൂടുതൽ കണ്ടെയ്നറുകൾ അടിഞ്ഞത്. തകര ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ടെങ്കിലും പുതിയ പള്ളി പണിയുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവിടെ പുരോഗമിക്കുന്നത് കാണാം.
“എട്ടരയൊക്കെ ആകുമ്പോഴേക്കാ എനിക്ക് ജോലിക്ക് വരണ്ടത്. ഞാനിവിടെ വന്നപ്പോ പെട്ടെന്ന് ആരെയും കണ്ടില്ല. എന്ത് പറ്റിയെന്ന് കൂടെയുള്ളവരെ വിളിച്ചു ചോദിച്ചു? അപ്പോ പറഞ്ഞു കപ്പൽ മറിഞ്ഞിട്ട് കണ്ടെയ്നർ ഇവിടെ വന്നെന്ന്. അപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഞാനറിയുന്നത്. അവിടെ തെങ്ങിൽ കെട്ടി വെച്ചേക്കുവായിരുന്നു. ആദ്യം ഒരെണ്ണം മാത്രമേ ഇവിടെ വന്നിട്ടുള്ളായിരുന്നു. ഇതിനകത്ത് മൊത്തം കെമിക്കലാണ്, വെള്ളവുമായി റിയാക്ട് ചെയ്താൽ പൊട്ടി തെറിക്കും എന്നൊക്കെയാണ് പറഞ്ഞുകേട്ടത്. എല്ലാർക്കും പേടിയുണ്ടായിരുന്നു. തീ പിടിച്ച ദിവസം ഞാനിവിടെ ഇരിക്കുമ്പോഴാണ് തീ പിടിക്കുന്നത്, ഇവിടെ പള്ളിപ്പണികൾ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ പറഞ്ഞു പുക വരുന്നു എന്ന്. ആദ്യം എല്ലാരും വിചാരിച്ചത് കെമിക്കൽ ആണെന്നാണ്. പിന്നെയാണ് കാര്യം അറിയുന്നത്.” പ്രദേശവാസിയും പള്ളി നിർമ്മാണ പ്രവർത്തനങ്ങളുടെ സൈറ്റ് എൻജിനയറുമായ റെനറ്റ അനുഭവങ്ങൾ പങ്കിട്ടു. തകർന്ന കണ്ടെയ്നറിൽ നിന്ന് കരയ്ക്കടിഞ്ഞ പഞ്ഞിക്കെട്ട് അടക്കമുള്ള മാലിന്യങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ വൃത്തിയാക്കി ചാക്കിലാക്കി വെച്ചിട്ടുണ്ടെന്നും തീരത്ത് ഇപ്പോഴും ഇടയ്ക്ക് പഞ്ഞി കെട്ടുകളടിയാറുണ്ടെന്നും റെനറ്റ കേരളീയത്തോട് പറഞ്ഞു.


കടലിന്നഭിമുഖമായി നിൽക്കുന്ന ക്രിസ്തുവിന്റെ പ്രതിമയ്ക്ക് സമീപമുള്ള തെങ്ങുകൾക്ക് ചുറ്റും കണ്ടെയ്നറിൽ നിന്ന് കരക്കടിഞ്ഞ മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക്ക് ചാക്കുകൾ അപ്പോഴും ഇരിക്കുന്നുണ്ടായിരുന്നു. തിരയടിക്കുന്ന ഭാഗത്തങ്ങിങ്ങായി പഞ്ഞിക്കെട്ടുകൾ ചിതറി കിടക്കുന്നുമുണ്ട്. തീരത്തെ സിമന്റ് ബഞ്ചിലിരുന്ന നാട്ടുകാരാണ് ആ ദിവസത്തെ അനുഭവങ്ങൾ പിന്നീട് വിവരിച്ചത്. അന്നേ ദിവസം കണ്ടെയ്നർ കെട്ടാൻ സഹായിച്ച ടെറിയും സേവ്യറും അക്കൂട്ടത്തിലുണ്ടായിരുന്നു.
“ആദ്യം മൂന്ന് കണ്ടെയ്നർ ഇവിടെ ഒഴുകി വന്നു. വന്നപ്പോ പൊലീസുകാർ അടിപ്പിച്ചില്ല ഞങ്ങളെ. തൊട്ടൂടാ അകലെ നിക്കാൻ പറഞ്ഞൂ. ഞങ്ങൾ പറഞ്ഞൂ, സാറേ തൊടാൻ അതിനകത്തൊന്നുമില്ലാ, അത് കാലിയാ, ഇത് കെട്ടിയില്ലെങ്കിൽ പാറപുറത്തൊക്കെ വന്നിടിച്ച് കേറി നാശമാകും. അപ്പൊ റോപ്പ് കൊണ്ട് വരാമെങ്കിൽ കെട്ടാന്ന് ഞങ്ങള് പറഞ്ഞു. ആദ്യം റോപ്പ് കൊണ്ട് വന്നത് ഇച്ചിരി നേർമ്മ റോപ്പായിരുന്നു. ഞാൻ പറഞ്ഞു ഈ റോപ്പില് നിക്കത്തില്ല കനമൊള്ള റോപ്പ് കൊണ്ട് വരാൻ പറഞ്ഞു. അങ്ങനെ രണ്ട് പേരെറങ്ങി ദോ ഇല്ല തെങ്ങിൽ കൊണ്ട് കെട്ടി നിർത്തി.” സമീപത്തുള്ള തെങ്ങ് ചൂണ്ടിക്കാട്ടി ടെറി പറഞ്ഞു.


“സോഡിയാക്ക് ഒരണ്ണം ഇവിടെ ഒഴുകി വന്നിരുന്നു, ഈ ഷിപ്പിനകത്ത് എന്തേലും കംപ്ലയിന്റാകുമ്പോ അവര് രക്ഷപെടാൻ വേണ്ടിയുള്ള സ്പീഡ് ബോട്ടാണീ സോഡിയാക്ക്. അതിവിടെ ഒഴുകി വന്നിരുന്നു. ഞങ്ങൾ കെട്ടാമെന്ന് പറഞ്ഞപ്പോ പൊലീസ് കെട്ടണ്ട പോട്ടെന്ന് പറഞ്ഞു. അങ്ങനെ അതീ കല്ലിൽ ഇടിച്ച് പൊളിഞ്ഞു പോയി. ആദ്യത്തെ കണ്ടെയ്നർ തെങ്ങിൽ കൊണ്ട് കെട്ടി നിർത്തിയ ശേഷം പിന്നെ ഒഴുകി വന്ന എല്ലാം ഇതിൽ തട്ടി തട്ടി നിന്നു. ഒമ്പത് കണ്ടെെയ്നറുണ്ടായിരുന്നു.” ഒപ്പം ഉണ്ടായിരുന്ന സേവ്യർ കൂട്ടിച്ചേർത്തു.
കടലിൽ പണിക്ക് പോയപ്പോൾ കണ്ടെയ്നറിൽ നിന്ന് പുറത്ത് പോയ സ്പോഞ്ച് (ഫോം) വലയിൽ കേറിയത് വലിയ ബുദ്ധിമുട്ടായെന്നും ട്രോളിംങ്ങ് നിരോധനം കഴിഞ്ഞ് ബോട്ട് പോയിതുടങ്ങിയിട്ടേ ഇത് എങ്ങനെ കടൽപ്പണിയെ ബാധിക്കുമെന്ന് അറിയാൻ സാധിക്കുവെന്നും അവർ കൂട്ടിച്ചേർത്തു. അപകടരമായ വസ്തുക്കളാകും എന്ന് ജാഗ്രത നിർദേശമുണ്ടായിരുന്നതുകൊണ്ട് കണ്ടെയ്നർ കെട്ടിവലിക്കാൻ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടി ഇപ്രകാരമായിരുന്നു. “ഭയമൊന്നുമില്ല, ഞങ്ങൾ കടലിൽ പോകുന്നവർക്കെന്ത് ഭയം, ഞങ്ങള് പത്ത് പൈസയും വാങ്ങിച്ചിട്ടില്ല, പിടിച്ചുകെട്ടി കൊടുത്തു, കെട്ടി കഴിഞ്ഞ് നമ്മളെ ആരെയും ഇങ്ങോട്ട് കയറ്റിയില്ല, ഇവിടെ മൊത്തം പൊലീസ് എന്നെഴുതിയ ടേപ്പ് കെട്ടി.” എന്ന് ചെറുചിരിയോടെ പറഞ്ഞുകൊണ്ട് അവർ നടന്നുനീങ്ങി.
അവിടെയുണ്ടായിരുന്ന മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ആ തീരത്തേക്കാണ് കടലിലൂടെ കണ്ടെയ്നറുകൾ ഒഴുകിയെത്തിയത്. അതോടെ പൊലീസും പട്ടാളവും ഫയർഫോഴ്സുമെത്തി അതിർത്തി തീർത്ത് അവരെ തീരത്ത് നിന്നും അകറ്റി.


തീരത്ത് തന്നെ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു പ്രദേശവാസിയായ ജോർജ് അലോഷ്യസ്. വർഷങ്ങൾക്ക് മുമ്പ് കടൽപ്പണിക്ക് പോയികൊണ്ടിരുന്ന കാലത്ത് കപ്പലുകളെ മുഖാമുഖം കണ്ടിരുന്ന അനുഭവങ്ങളായിരുന്നു ജോർജ് അലോഷ്യസിന് പറയാനുണ്ടായിരുന്നത്. തീരക്കടലിനോട് ചേർന്ന് സഞ്ചരിക്കുന്ന കപ്പലുകൾ മത്സ്യത്തൊഴിലാളികൾക്ക് എന്നും ഭീഷണിയായിരുന്നു എന്ന് ജോർജ് അലോഷ്യസ് ഓർമ്മിക്കുന്നു.
“ഞാൻ കടലിൽ പോകുന്ന ആ കാലഘട്ടത്തിൽ കരയ്ക്കടുത്തുകൂടെ കപ്പൽ പോകുമായിരുന്നു. നോർവേക്കാർ തന്ന ചെറിയ ബോട്ടിൽ ഗിൽനെറ്റിനായിരുന്നു ഞാൻ പണിക്ക് പോയത്. ഗിൽനെറ്റ് എന്ന് പറഞ്ഞാ രാത്രി കാലത്താണ് പണി. ട്രോളിങ് പകലും. അന്ന് കപ്പലിൽ തട്ടി ഗിൽനെറ്റ് ബോട്ട് മറിഞ്ഞ് പോയിട്ടുണ്ട്. ഞങ്ങളീ ഗിൽനെറ്റ് നീട്ടി നിക്കുമ്പോ കപ്പല് വന്നീ വലയുടെ പുറത്തൂടെ കേറി പോയി പല പല ആളുകൾക്കും ഒരുപാട് വലകളൊക്കെ പോയിട്ടുണ്ട്, ആളും പോയിട്ടുണ്ട്. അന്ന് കപ്പലിന്റെ പേരോ നമ്പരോ പോലും ഒന്നും കിട്ടത്തില്ല. പേടി ഉള്ളത് കൊണ്ട് ഇവിടെയുള്ള പലരും രാത്രി കാലങ്ങളിൽ ഗിൽനെറ്റിന് അന്ന് വരാറില്ലായിരുന്നു. മണിയപ്പനെന്ന പയ്യൻ 14-16 വയസേ ഉണ്ടായിരുന്നുള്ളൂ, കപ്പലിടിച്ച് ബോട്ടും പോയി ആളും പോയി. ഉദ്ദേശം 48 വർഷമാവും, അതിനൊക്കെ ശേഷം പിന്നെ ട്രോളിംഗ് ബോട്ട് കടലിൽ താന്നപ്പോ നഷ്ടപരിഹാരം കിട്ടി, പിന്നെ വെടിവെയ്പ്പ് നടന്നപ്പോ കിട്ടിയല്ലോ, അത് ഞാൻ ലേലം ചെയ്ത ബോട്ടാണ്.”
അപകടമുണ്ടാക്കിയ നഷ്ടങ്ങൾ
“ഈ കപ്പൽ താന്നതിന് ശേഷം എന്റെ ബോട്ട് കടലിൽ പോയപ്പോൾ എന്തോ സാധനം ഒഴുകി വന്ന് പ്രൊപ്പല്ലറിൽ അടിച്ചിട്ട് പ്രൊപ്പല്ലറിന്റെ ഒരു ലീഫ് ഒടിഞ്ഞു പോയി. പിന്നെ വീണ്ടും കര വന്ന് പുതിയ പ്രൊപ്ലല്ലറിട്ടിട്ട് വീണ്ടും പണിക്ക് പോയി. പണിക്ക് പോയപ്പോ ഗിയർ കംപ്ലയിന്റായി, അങ്ങനെ ഞങ്ങടെ ആ ദിവസത്തെ ജോലി മൊത്തം നഷ്ടപ്പെട്ട്. രണ്ട് ബോട്ടിൽ പഞ്ഞി കയറി വല നഷ്ടപ്പെട്ട്. ഒരു ബോട്ടിൽ തന്നെ 25 ലക്ഷം രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. വേറൊരു ബോട്ടിൽ അഞ്ചാറ് ലക്ഷം രൂപയുടെ നഷ്ടം. പത്ത് പതിനഞ്ച് ജോലിക്കാരും ആൾക്കാരും ഒക്കെ ആയിട്ടാണ് കടലി പോയിട്ട് വരുന്നത്. ഡീസല് കടമാണ്, ഒരു ദിവസം 500 രൂപ ബാറ്റയാണ് ഒരാൾക്ക് കൊടുക്കേണ്ടത്. പിന്നെ ഈ വല മൊത്തം മാറ്റുമ്പോ വലക്കും അതിന്റെ പണിക്കൂലിക്കുമെല്ലാം കൂടി 75,000 രൂപ ഒരു വലക്ക് നഷ്ടം സംഭവിക്കും. അങ്ങനെ ഒരുപാട് നഷ്ടങ്ങൾ എന്റെ ഒരു ബോട്ടിനെ സംബന്ധിച്ചുണ്ടായി. ഒരുപാട് ബോട്ടുകൾക്ക് ഇവിടെ ഇങ്ങനെ സംഭവിച്ചു. റോപ്പ് പൊട്ടി പോയിട്ടുണ്ട്, നമ്മുടെ തന്നെ ഒരു ബോട്ടിനകത്ത് റോപ്പ് എല്ലാം കൂടി പൊട്ടി. പഞ്ഞി കയറിയാ പിന്നെ ആ വല വലിക്കാൻ പറ്റത്തില്ല, ചരക്ക് കേറത്തില്ല, വല തുറന്ന് നിക്കത്തില്ല, കടലില് വല വലിക്കുമ്പോ ഈ പഞ്ഞി കയറിയിട്ട് വല കണ്ണി അടഞ്ഞുപോകുവാ… അടഞ്ഞുപോകുന്നത് കൊണ്ട് അതിനകത്ത് പിന്നെ മത്സ്യം പെടത്തില്ല. പഞ്ഞി നമുക്ക് പിച്ചി മാറ്റാൻ പറ്റുന്ന കണ്ടീഷനിൽ അല്ല. ഓരോ കണ്ണിയിലും ഇങ്ങനെ വന്നിട്ട് പൊതിഞ്ഞ് പൊതിഞ്ഞിരിക്കുവാ. അങ്ങനെയൊക്കെ വൻ നഷ്ടത്തിലാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്.” ബോട്ട് ഓണറായ ശക്തികുളങ്ങര സ്വദേശി ജോസഫ് മോറിസ് കണ്ടെയനർ കരക്കടിഞ്ഞത് മൂലം ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് വിവരിച്ചു.


കേരള തീരത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന ട്രോളിങ്ങ് നിരോധനം ആരംഭിക്കാനിരിക്കെയാണ് കപ്പൽ മുങ്ങി തീരങ്ങളിലേക്ക് കണ്ടെയ്നറുകളെത്തുന്നത്. ട്രോളിങ്ങ് നിരോധനം അവസാനിച്ച് യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പണിക്ക് പോയി തുടങ്ങുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമോയെന്ന ആധിയും ജോസഫ് മോറിസിന്റെ വാക്കുകളിലുണ്ടായിരുന്നു. ട്രോളിങ്ങ് നിരോധനം പിൻവലിച്ച ശേഷമുള്ള മത്സ്യബന്ധം അവർ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ്. “കടലിൽ മത്സ്യം വളരെ കുറവാണ്. ഈ ലാസ്റ്റ് ഒന്നോ രണ്ടോ ആഴ്ചയിൽ മീൻ എന്തേലും കിട്ടാൻ തുടങ്ങിയ സമയത്താണ് ഈ കപ്പൽ താന്നതും ബാൻ വന്നതും പണിക്ക് പോയപ്പോ ഇത്രയും നഷ്ടം സംഭവിച്ചതും. അപ്പോ ഇനിയും നമ്മൾ 52 ദിവസം കഴിഞ്ഞ് ട്രോളിങ് നിരോധനം തീർന്ന് കടലിൽ പോകുന്ന സമയത്തും ആശങ്കയോട് കൂടിയേ പോകാൻ പറ്റത്തൊളൂ. അതിന് മുൻപ് സർക്കാരിന്റ ഭാഗത്ത് നിന്ന് വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കൾ എടുത്ത് മാറ്റാനുള്ള സംവിധാനമുണ്ടായാലേ ഫിഷിങ്ങ് നടത്താൻ പറ്റത്തൊള്ളൂ. കപ്പല് കത്തിയ ബേപ്പൂരും ഇവിടെ നിന്നും ബോട്ട് പോയി മത്സ്യബന്ധനം നടത്തുന്ന സ്ഥലാമാണ്. വെള്ളത്തിനടിയിലെ സാധനങ്ങൾ കണ്ടെത്തി മാറ്റേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. മാറ്റിയില്ലെങ്കിൽ വീണ്ടും അർധ പട്ടിണിയിലേക്ക് മത്സ്യ തൊഴലാളികൾ പോകത്തേയുള്ളൂ. ട്രോളിംഗ് നിരോധനം കഴിഞ്ഞ് പോകുന്ന സമയം എന്തെലും പ്രതീക്ഷുള്ള സമയമാണ്. എന്തെങ്കിലും കിട്ടേണ്ട സമയം. അത് കഴിഞ്ഞിട്ട് പോകുമ്പോ എങ്ങനെയാകുമെന്ന് ആശങ്കയിലാണിപ്പോ മത്സ്യത്തൊഴിലാളികൾ.” മുങ്ങിയ കപ്പൽ അവിടെ നിന്നും എടുത്തുമാറ്റി തടസ്സങ്ങളില്ലാതെ മത്സ്യബന്ധനം നടത്താനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്ന ആവശ്യമാണ് ജോസഫ് മോറിസ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.


ആലപ്പുഴയിലും കഴിഞ്ഞ രണ്ടാഴ്കളിലായി നിരവധി വള്ളങ്ങൾക്ക് കപ്പൽ അപകടത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ചതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ കേരളീയത്തോട് പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് ഇപ്പോൾ പ്രതിസന്ധിയുണ്ടായത്.
“ട്രോളിങ്ങ് ബാനിന് മുമ്പ് തന്നെ കൊല്ലം, ആലപ്പുഴ, എറുണാകുളം ജില്ലകളിലെ ട്രോളിങ്ങ് ബോട്ടുകളുടെ ഒരുപാട് വല പോയിരുന്നു. ഇപ്പോൾ ജൂൺ 25 മുതൽ ജൂലൈ ഒന്ന് വരെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നാൽപ്പതോളം വള്ളങ്ങളിലെ വലകൾ ഭാഗികമായി നഷ്ടപ്പെട്ടു. എറണാകുളത്ത് 10-15 ഓളം വള്ളങ്ങളിൽ വല പോയി. എങ്ങനെ വന്നാലും ഒരു വള്ളത്തിന് അഞ്ച് ലക്ഷം രൂപക്കധികം നഷ്ടമുണ്ട്. ആലപ്പുഴ പടിഞ്ഞാട് വെച്ചാണിത് സംഭവിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നൊരു വള്ളം ഓടി എത്തണമെങ്കിൽ തന്നെ നാലഞ്ച് മണിക്കൂർ ഓട്ടം ഉണ്ട്. നല്ലൊരു എമൗണ്ട് ഡീസൽ കത്തിച്ചാണ് അവരിവിടെ വന്നത്. അന്ന് നല്ല മത്സ്യ കൊയ്ത്തുണ്ടായിരുന്നു, നാരൻ ചെമ്മീന്റെ പുലപ്പ് കണ്ടടിച്ച വള്ളങ്ങള് വരെയുണ്ട്. അതായത് ലക്ഷ കണക്കിന് രൂപ ക്യാച്ച് കിട്ടേണ്ടയാണ്. വലയറ്റ് പോകുകയാണ് ചെയ്തത്. അന്നത്തെ മത്സ്യബന്ധനത്തിലൂടെ കിട്ടേണ്ട എമൗണ്ട് ഉണ്ടല്ലോ, അത് നഷ്ടമായി, വല നഷ്ടമായി, ഇന്ധന നഷ്ടമുണ്ടായി. പിന്നെ ഇനി വല വാങ്ങിച്ചിട്ട് ഒരാഴ്ച കഴിഞ്ഞൊക്കെയാവും മിക്കവർക്കും പോകാൻ പറ്റുക. വലിയ നഷ്ടമാണ്, പത്ത് ലക്ഷം സംഭവിച്ചവരുണ്ട്, അതിൽ കുറവ് സംഭവിച്ചവരുണ്ട്. അവറേജ് അഞ്ച് ലക്ഷം രൂപ ഇത്രയും വള്ളങ്ങൾക്ക് നഷ്ടമായി. രണ്ട് ദിവസം മുന്നേയും രണ്ട് വള്ളങ്ങൾക്ക് നഷ്ടമുണ്ടായി. ഏറ്റവും കൂടുതൽ മീൻ ഇപ്പോ നിക്കുന്നത് കപ്പല് മുങ്ങിയതിന്റെ കിഴക്ക് വശത്തുള്ള ആ മേഖലയിലാണ്. കണ്ടെയ്നറുകൾ അടിയിൽ ഇപ്പോഴും ഒഴുകി നടക്കുന്നുണ്ട്, ഗവൺമെന്റ് പറഞ്ഞ പൊസിഷൻ നമുക്കറിയാം. അവിടെ നിന്ന് അതിന്റെ ലോക്കിങ്ങ് സിസ്റ്റം കടലിന്റെ സമ്മർദ്ദം മൂലം വിട്ട് കടലിൽ വ്യാപകമായി ഒഴുകി കിടപ്പുണ്ട്.”
മത്സ്യത്തൊഴിലാളികൾ അമ്പലപ്പുഴയിലും പിന്നീട് ഫോർട്ട് കൊച്ചിയിലും നേരിട്ട് പരാതി കൊടുത്തെങ്കിലും തീരദേശ പൊലീസ് രസീപ്റ്റ് കൊടുത്തിട്ടില്ല എന്നും പിന്നീട് പൊലീസിന് പരാതി കിട്ടിയില്ലെന്ന് വേണമെങ്കിൽ പറയാം എന്നും ജാക്സൺ പൊള്ളയിൽ ആരോപിക്കുന്നു
പ്ലാസ്റ്റിക്ക് പെല്ലറ്റ് നിറഞ്ഞ തിരയും തീരവും
“പ്ലാസ്റ്റിക് പതയായിരുന്നു, ഫസ്റ്റ് ടൈം ആണ് ഞാനിത് കാണുന്നത്. കടലിലെ തിരമാലയിൽ ശബ്ദത്തോട് കൂടിയാണ് വളരെ കട്ടിക്കിങ്ങനെ അടിച്ചുകയറിക്കൊണ്ടിരിക്കുന്നത്. എന്റെ വീടിന്റെ പരിസരം വരെയൊക്കെ ഈ സാധനം കടന്നുവന്നു. എടുത്ത് നോക്കിയപ്പോ പ്ലാസ്റ്റിക്കാണെന്ന് മനസിലായി, പിന്നീട് ബാഗുകൾ വരാൻ തുടങ്ങി. പൊട്ടിയതും പൊട്ടാത്തതുമായിട്ടുള്ള പ്ലാസ്റ്റിക് പെല്ലറ്റിന്റെ ബാഗുകൾ വരുന്നു. ബാഗിന് പുറത്ത് നോക്കിയപ്പോ പോളി എത്തിലീൻ എന്നാ എഴുതി വെച്ചിരുക്കുന്നത്. ഈ തീരം മൊത്തം വെള്ള പത പോലെ അതിങ്ങനെ നിറഞ്ഞു കിടക്കുന്ന സാഹചര്യം ആയിരുന്നു. ഞങ്ങടെ തീരത്ത് മെത്ത പോലെ ഇതിങ്ങനെ കിടക്കുവായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് പെട്ടെന്ന് കാറ്റും മഴയും ശക്തമായി. കാറ്റിന്റെ ശക്തി കാരണം പെല്ലറ്റ്സ് മണ്ണിനടിയിലേക്ക് പോകുകയും മേൽ മണ്ണ് വന്ന് ഇതിനെ മൂടുകയും ചെയ്തു. നേരത്തെ ഉണ്ടായതിന്റെ അത്ര രൂക്ഷത ഇപ്പോ കാണാൻ പറ്റില്ല. തുമ്പ സ്വദേശിയും ആക്ടിവിസ്റ്റുമായ ജാക്സൺ കണ്ടെയ്നറും പ്ലാസ്റ്റിക്കും ആദ്യം കണ്ട ദിവസങ്ങളിലെ അനുഭവങ്ങളാണ് പങ്കുവെച്ചത്. ഇപ്പോഴും ആ തീരത്താകെ വെള്ള നിറത്തിലുള്ള ചെറിയ തരികൾ പരന്ന് കിടക്കുന്നത് വ്യക്തമായി കാണാമായിരുന്നു. തുമ്പയിൽ മാത്രമല്ല, തിരുവന്തപുരം ജില്ലയിലെ കടലോര ഗ്രാമങ്ങളിലെല്ലാം കണ്ടെയ്നറിൽ നിന്നും പുറത്ത് പോയ പ്ലാസ്റ്റിക്ക് പെല്ലറ്റുകൾ/നർഡിൽസ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. (മൈക്രോപ്ലാസ്റ്റിക് രൂപത്തിൽ നർഡിൽസ് എന്നറിയപ്പെടുന്ന ഈ പെല്ലറ്റുകൾ വിവിധ തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന വസ്തുവാണ്).


“ഒരു ബാഗിൽ തന്നെ 25 കിലോഗ്രാം പെല്ലറ്റ്സാണ് ഏകദേശം ഉണ്ടായിരുന്നത്, പല രാജ്യങ്ങളിൽ നിന്നുള്ള രണ്ട് സൈസിലുള്ള മോഡ്യൂൾസുണ്ട് ഇതിനകത്ത്. ഇതെല്ലാം ഒരേ ആവശ്യത്തിന് വേണ്ടിയിട്ടുള്ള സാധനമാണെന്നും അപകടകാരിയല്ലാത്ത സാധനമാണെന്നും മനസിലായതുകൊണ്ട് നമുക്ക് സമാഹരിക്കാൻ പറ്റുന്ന മാക്സിമം ബാഗ് എടുത്തു വെച്ചു. പൊലീസ് ഇത് തൊടാൻ സമ്മതിച്ചില്ല. തീരത്തൂടെ ബാഗ് ഒഴുകി നടന്നാൽ ഇത് പൊട്ടി പോകാൻ സാധ്യതയുണ്ട്. ബാഗ് പൊട്ടിക്കഴിഞ്ഞാ ഒരു ബാഗിലുള്ള 25 കിലോയും കടലിൽ കിടക്കുമെന്നും കടലിലെ ആവാസ വ്യവസ്ഥയേയും തീരത്തിന്റെ ആവാസ വ്യവസ്ഥയേയും ബാധിക്കുമെന്നും പൊലീസിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുമ്പയുടെ പ്രദേശത്ത് പല സ്ഥലങ്ങളിലായിട്ട് മത്സ്യതൊഴിലാളികൾ ഇത് സമാഹരിച്ചുവെച്ചിട്ടുണ്ട്. കണ്ടെയ്നർ പൊട്ടിയിട്ടുള്ള ഫോം ഉണ്ടായിരുന്നു, കണ്ടെയ്നറിന്റെ മെറ്റൽ പീസസ് ഉണ്ടായിരുന്നു, കോട്ടൺ ബണ്ടിലുകൾ ഉണ്ടായിരുന്നു.” ജാക്സൺ തുടർന്നു.
മാലിന്യ നീക്കം ഫലപ്രദമോ?
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ആപ്തമിത്ര/സിവിൽ ഡിഫൻസ് വൊളന്റിയേഴ്‌സ് സംഘമായിരുന്നു കൊല്ലം ജില്ലയിൽ കണ്ടെയ്നറിൽ നിന്ന് കരയ്ക്കെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നേതൃത്വം നൽകിയത്. എന്നാൽ പ്ലാസ്റ്റിക് പെല്ലറ്റുകൾ നിറഞ്ഞ തിരുവനന്തപുരത്തെ തീരങ്ങളിൽ നിന്നും അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും ആ ശ്രമങ്ങൾ ഫലപ്രദമല്ല എന്നാണ് ജാക്സണിന്റെ അഭിപ്രായം.
“സർക്കാർ എല്ലാം ക്ലീൻ ചെയ്തുവെന്നാണ് പറയുന്നത്. വിദേശികളെ കൊണ്ട് വന്നൊക്കെ ഫോട്ടോയും വീഡിയോയും എടുക്കാനുള്ള ചില കോപ്രായങ്ങൾ കാണിച്ചിട്ടാണ് ഇത് ക്ലീൻ ചെയ്തെന്നാണ് പറയുന്നത്. ക്ലീൻ ആയതല്ല നല്ലൊരു ശതമാനം കടല് വലിച്ച് മറ്റൊരു ഭാഗത്തേക്ക് കൊണ്ട് പോയതാണ്, മറ്റൊന്ന് മഴയും കാറ്റും കാരണം മണ്ണിന്റെ അടിയിലേക്ക് അരയടി പോയിട്ടുണ്ട്. ക്ലീൻ ചെയ്തെടുക്കുക എന്ന് പറയുമ്പോ വളരെ ദുർഘടമാണ്, സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല. അദാനിയുടെ കീഴിൽ വന്ന മെർക്ക് എന്ന കമ്പനിക്കാർ ആരെയോ കാണിക്കാൻ കുറച്ച് ആളുകളെയൊക്കെ കൊണ്ട് വന്നിട്ട് കവറുകൾ ധരിച്ച് ഹൈലി പ്രഫഷണലിസത്തോടെ ക്ലീനപ്പ് പ്രോഗ്രം നടത്തി. അവര് ചെയ്തതെന്താന്ന് വെച്ചാ പൈപ്പിൽ നെറ്റ് കെട്ടി, രണ്ട് ടൈപ്പ് നെറ്റ്- ഒരു ചെറിയ നെറ്റും വലുതും. എന്നിട്ട് കൈ കൊണ്ടും ചപ്പലു കൊണ്ടും ഒക്കെ മണ്ണ് വാരി അതിലിട്ട് അരിച്ചു. എവിടെ സാധനം ഉണ്ടെന്ന് തോന്നന്നോ അവിടുന്ന് മാത്രമാണ് മണ്ണ് എടുത്ത് രണ്ട് പേര് നിന്ന് മാവ് അരിക്കുന്ന പോലെ അരിച്ചത്. ആദ്യത്തെ തട്ടിൽ വീഴുന്ന ചവർ അവിടെ തന്നെ കളയുന്നു, രണ്ടാമത്തെ തട്ടിലെ പെല്ലറ്റ്സ് ഒരു സ്ഥലത്ത് കൂട്ടി ചാക്കിലോട്ട് ആക്കുന്നു. മുഴുവൻ എരിയയിലും എന്തെലും മെഷനറി ഉപയോഗിച്ചാൽ മാത്രമേ ഇത് ഇവിടെ നിന്ന് നീക്കം ചെയ്യാൻ സാധിക്കൂ.”


ഗ്രീൻ പ്രോട്ടോക്കോൾ ഫോളോ ചെയ്യുന്ന പല ഏജൻസികളും ഇവിടുത്തെ യതാർത്ഥ ക്ലീനിങ്ങ് പ്രോഗ്രാമൊന്നും പ്രോപ്പറായി പരിശോധിക്കാതെ നല്ല തരത്തിലുള്ള ഫണ്ട് പ്രൊവൈഡ് ചെയ്യുന്നുണ്ട്. ഈ ഫണ്ടൊക്കെ വക മാറ്റിയോ അതല്ലെങ്കിൽ ആരുടെയോ പോക്കറ്റിലാകുന്ന ചെല പ്രവർത്തനങ്ങൾ ഇവിടെ നടക്കപ്പെടുന്നു എന്നുള്ളത് ഞങ്ങൾ ദൃസാക്ഷികളാണ്. കേരള ഗവൺമെന്റ് 1000 രൂപയും 6 കിലോ അരിയും ഒക്കെ പ്രഖ്യാപിച്ചിട്ടുണ്ട് മത്സ്യത്തൊഴിലാളികൾക്ക് ഈ ദുരന്തത്തിനുള്ള പ്രതിവിധിയിതാണോ? എന്നും ജാക്സൺ ചോദിക്കുന്നു.
“ഞാനും എന്റെ കുടുംബവും വീട് കഴിഞ്ഞ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സ്ഥലമാണ് കടലിന്റെ തീരം, കുഞ്ഞുങ്ങൾ കളിക്കുന്ന, ഞങ്ങൾ കിടന്നുറങ്ങുന്ന സ്ഥലം, രാത്രി ഭക്ഷണം വീട്ടിനകത്തിരുന്നല്ല കഴിക്കുന്നത്, വലിയ വലിയ ഗ്രൂപ്പായി കടലിന്റെ തീരത്തിരിക്കുക, സൊറ പറയുക, കളിക്കുക, അവിടെ തന്നെ ഭക്ഷണം കഴിച്ചിട്ട് കിടക്കുക, ഇതെല്ലാം തീരത്തോട് ചേർന്ന് വലിയൊരു കൾച്ചറാണ് ഞങ്ങക്ക്. ആ ഇടമാണ് ഇങ്ങനെ പ്ലാസ്റ്റിക് നിറഞ്ഞ് കിടക്കുന്നത്, ഒരു ദിവസം കൊണ്ടിത് ഇവിടെ നിന്ന് പോകില്ല, കുറേ വർഷം ഈ പ്ലാസ്റ്റിക്ക് ഈ തീരത്ത് കേറുകയും ഇറങ്ങുകയും ചെയ്യും.” കടലോരത്ത് ജീവിക്കുന്നവരെ സംബന്ധിച്ച് തീരമെത്ര പ്രധാനമാണെന്ന് ജാക്സന്റെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു.


തുമ്പ പള്ളിക്ക് പുറകിലുള്ള മനോഹരമായ തീരത്തുള്ള ജാക്സന്റെ വീട്ടിൽ നിന്നും തീരത്തുകൂടെ തിരിച്ച് നടക്കുമ്പോൾ പലഭാഗങ്ങളിലായി അടുക്കി വെച്ചിരിക്കുന്ന പൊട്ടിയതും പൊട്ടാത്തതുമായി പ്ലാസ്റ്റിക്ക് പെല്ലറ്റ് ചാക്കുകൾ കാണാമായിരുന്നു. കടപ്പുറത്തെ പൂഴി മണ്ണിൽ പരന്ന് കിടക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റുകളിൽ ചവിട്ടാതെ നടക്കാൻ പറ്റുമായിരുന്നില്ല. കടലിലേക്ക് നോക്കി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് – തിര തീരത്തവശേഷിപ്പിച്ച പ്ലാസ്റ്റിക് പെല്ലറ്റുകൾ ഒരുകൂട്ടം പ്രാവുകളും കാക്കയും കൊത്തികഴിക്കുന്നു.
(തുടരും)