മാറ്റിമറിക്കപ്പെടുന്ന കാടുകള്‍

ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ വയനാട്ടിലെ മക്കിമലയിലെ മഴക്കാടുകളിലൂടെ നടക്കുകയുണ്ടായി. അവിടുത്തെ ഉയര്‍ന്ന മലകളുടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ചരിവുകളിലെല്ലാം വന്‍ മരങ്ങള്‍ നിറഞ്ഞ മഴക്കാടുകളാണ്. രണ്ടുപേര്‍ ചേര്‍ന്നു നിന്നു കൈകോര്‍ത്തു കെട്ടിപ്പിടിച്ചാല്‍ പോലും എത്താത്ത വലുപ്പമുള്ള വലിയ മരങ്ങള്‍. മലമ്പുന്നയും വെള്ള അകിലും മുള്ളന്‍ പാലിയുമെല്ലാം അതിന്റെ പരമാവധി വലുപ്പത്തിലും ഗാംഭീര്യത്തിലും തലയുയര്‍ത്തി നില്‍ക്കുന്ന കാടുകള്‍. വേനല്‍ ചൂട് ഏറ്റവും കൂടുതലുള്ള ദിവസങ്ങളായിരുന്നുവെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന ഹരിത വൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ ആ വെയിലെല്ലാം ഏറ്റുവാങ്ങുമ്പോള്‍, പുറമെയുള്ള ചൂടെത്രയെന്നറിയാതെ ഞങ്ങള്‍ ആ കാടിന്റെ ശീതളിമയില്‍ മരങ്ങള്‍ക്കിടയിലൂടെ സുഖമായി നടന്നു. ഒരു മരുഭൂമിയിലെവിടെയോ വീഴുന്ന അതേ വെയില്‍തന്നെ ആ സമയത്ത് ആ മഴക്കാടിനു മുകളിലും പതിക്കുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ആ കാടുകളോട് ബഹുമാനം തോന്നി. കുളിര്‍മ്മയുള്ള ആര്‍ദ്രമായ ആ കാടകം ഭൂമിയിലെ വൈവിധ്യമാര്‍ന്ന ഒട്ടനേകം ജീവികളെ ഈ കൊടും ചൂടിലും സംരക്ഷിച്ചു നിര്‍ത്തുന്നുവല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു മഴക്കാടിന്റെ മൂല്യം ശരിക്കും തിരിച്ചറിയാനാവുന്നത്. ഒരുപക്ഷെ വര്‍ഷത്തില്‍ 5000 മില്ലീമീറ്ററിലും കൂടുതല്‍ മഴ ലഭിക്കുന്ന കാടുകളായിരിക്കണം അത്. മഴ അത്രയേറെ ആര്‍ത്തു പെയ്യുന്ന ഒരു സ്ഥലമായിരുന്നിട്ടും അവിടെ കുത്തനെയുള്ള ചരിവുകളിലും, ഒരു തരി പോലും ഒലിച്ചുപോവാതെ, മണ്ണ്; കരിയിലപുതച്ചു ശാന്തമായി ഉറങ്ങുന്നു. കനം കൂടിയ കരിയിലപ്പുതപ്പിനടിയില്‍ ഒരു വേനല്‍ മഴയുടെ ഉണര്‍ത്തുപാട്ടും കാത്ത് ഉറങ്ങുന്നവരില്‍ എണ്ണമറ്റ മിന്നാമ്മിനുങ്ങുകളും മണ്ണട്ടകളും നിശാശലഭങ്ങളും തുടങ്ങി എത്രയെത്ര ജീവികള്‍ ഉണ്ടായിരിക്കുമെന്നോര്‍ത്തപ്പോള്‍ ആശ്ചര്യം തോന്നി.

മക്കിമലയുടെ പടിഞ്ഞാറന്‍ ചരിവിലെ മഴക്കാടുകള്‍. ഫോട്ടോ : പി.എ വിനയൻ

മക്കിമലയിലെ ഗ്രാമങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം പ്രായവും വലുപ്പവും കുറഞ്ഞ മരങ്ങളുള്ള നിത്യഹരിത വനങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്തെ മരങ്ങളുടെ തെരഞ്ഞുവെട്ടല്‍ (selection felling) ഉള്‍പ്പെടെയുള്ള മനുഷ്യ ഇടപെടലുകള്‍ കാരണമാവാം, ചരിവു കുറഞ്ഞയിടങ്ങളിലെല്ലാം വന്‍ മരങ്ങള്‍ അങ്ങിങ്ങു മാത്രമേ കാണാനുള്ളൂ. നടത്തത്തിനിടയില്‍ ഇടത്തരം വലുപ്പമുള്ള നിത്യഹരിത വൃക്ഷങ്ങള്‍ നിറഞ്ഞ കാടിനിടയില്‍ ഇലപൊഴിയും മരമായ ഒരു വെണ്‍തേക്ക് (Lagerstroemia microcarpa) മറ്റുമരങ്ങളേക്കാള്‍ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നു. എങ്ങനെയാവും ഈ മരം ഇവിടെ വന്നത് എന്ന് ഞങ്ങള്‍ ആലോചിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ പറഞ്ഞു. ”എന്റെ ചെറുപ്പത്തില്‍ ഇവിടെയെല്ലാം മുത്താറി കൃഷി ഉണ്ടായിരുന്നു. അന്ന് കാട് വെട്ടി കത്തിച്ച് കൃഷിയിറക്കുന്ന തുറന്ന സ്ഥലങ്ങളായിരുന്നു. കൃഷി നിര്‍ത്തിയപ്പോള്‍ കാടായി മാറിയ സ്ഥലമാണിതെല്ലാം”.  തുറന്ന കൃഷിഭൂമി ആയിരുന്ന ആ സ്ഥലത്ത് വേനല്ചൂടിനെയും തീയിനെയും  അതിജീവിച്ച് അന്ന് അവിടെ വളരാനായത് അത്തരം ഇലപൊഴിയും മരങ്ങള്‍ക്ക് മാത്രമായിരുന്നു. വയനാട്ടില്‍ ഇന്ന് നമ്മള്‍ കാണുന്ന അര്‍ദ്ധ നിത്യഹരിത വനങ്ങളെല്ലാം ഏതാണ്ടിങ്ങനെ തന്നെ രൂപപ്പെട്ടിട്ടുള്ളതാവാം.

മക്കിമലയിലെ മഴക്കാടിനകത്തെ ഒരു വെണ്‍തേക്ക് മരം. ഫോട്ടോ : പി.എ വിനയൻ

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ഏതാണ്ട് എല്ലാ വനപ്രദേശങ്ങളിലും പല പല പഠനങ്ങളുടെ ഭാഗമായി ഞാന്‍ നടക്കുകയുണ്ടായി. യാത്രകളിലെല്ലാം ഓരോ സ്ഥലങ്ങളിലെയും കാടുകളുടെ സ്വഭാവം നിരീക്ഷിച്ചു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പശ്ചിമഘട്ട മലകളുടെ പടിഞ്ഞാറന്‍ ചരിവുകളിലെ ഏതാണ്ട് 500-300 മീറ്ററിനു താഴേയ്ക്കുള്ള സ്ഥലങ്ങളിലെല്ലാം അര്‍ദ്ധ നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളുമാണ് കൂടുതലായും കാണുന്നത്. ഈയടുത്ത കാലത്ത് മഹാരാഷ്ട്രയില്‍ നടന്ന ചില പഠനങ്ങളില്‍, മനുഷ്യ ഇടപെടലുകള്‍ കൂടുതല്‍ ഉള്ള കാടുകളില്‍ ഇലപൊഴിയും മരങ്ങളുടെ തൈകളാണ് കൂടുതലായും വളരുന്നത് എന്ന് കണ്ടെത്തുകയുണ്ടായി. മഴക്കാടുകളിലെ നിത്യഹരിത സസ്യങ്ങള്‍ക്ക് തീയിനെ അതിജീവിക്കാനുള്ള കഴിവ് നന്നേ കുറവാണ്. എന്നാല്‍ ചൂടുള്ള പ്രദേശങ്ങളില്‍ വളര്‍ന്നു പരിണമിച്ചു വന്നിട്ടുള്ള, കട്ടികൂടിയ പുറം തൊലിയുള്ള, ഇലപൊഴിയും വൃക്ഷങ്ങള്‍ക്കും അവയുടെ തൈകള്‍ക്കും അതിനുള്ള  ശേഷി വളരേ കൂടുതലാണ്.  അതുകൊണ്ടുതന്നെ തുടര്‍ച്ചയായി തീ ഉണ്ടാവുന്ന സ്ഥലങ്ങളില്‍  ഇലപൊഴിയും കാടുകള്‍ വളരുന്നതിന് കാരണമാവുകയും ചെയ്യും.

കേരളത്തില്‍ ഇന്നു കാണുന്ന ഇലപൊഴിയും കാടുകളുടെ ഏറിയ പങ്കും രൂപപ്പെടാനുള്ള കാരണം മനുഷ്യന്റെ ദീര്‍ഘകാലത്തെ ഇടപെടലുകള്‍ തന്നെ ആയിരിക്കാം. കാരണം 2000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന ഭൂമധ്യരേഖ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ചരിവുകുറഞ്ഞ ആഴത്തില്‍ മണ്ണുള്ള സ്ഥലങ്ങളില്‍ സ്വാഭാവികമായി കാണപ്പെടേണ്ടുന്നത് മഴക്കാടുകളാണ്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ കേരളത്തിലെ സാമാന്യം നല്ല മഴ ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം മനുഷ്യ ഇടപെടലുകള്‍ ഇല്ലാതെ നിത്തിയാല്‍, വനങ്ങളില്‍  പ്രത്യേകിച്ചും കാട്ടുതീ ഇല്ലാതായാല്‍ നിത്യഹരിത സ്വഭാവമുള്ള വൃക്ഷങ്ങള്‍ കൂടുതലായി വളരേണ്ടതാണ്. കേരളത്തിലെ ധാരാളം കാവുകള്‍ ഇതിനു തെളിവായി നമുക്കു മുന്നിലുണ്ട്.

വയനാട് ജില്ലയുടെ കിഴക്കു ഭാഗം പ്രത്യേകിച്ചും വയനാട് വന്യജീവി സങ്കേതവും അതിനോട് ചേര്‍ന്ന് വരുന്ന കാടുകളും പൂര്‍ണ്ണമായും ഇലപൊഴിയും കാടുകളാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ശരാശരി വര്‍ഷപാതം 1787  മില്ലീമീറ്ററിനു മുകളിലാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള  പ്രദേശങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏറിയ പങ്കും 2000 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളായിരിക്കണം.

എന്തുകൊണ്ട് ഇത്രയേറെ മഴ ലഭിക്കുന്ന വയനാട്ടില്‍ ഇല പൊഴിയും കാടുകള്‍ കൂടുതലായി കാണപ്പെടുന്നു…? ഇതിനുത്തരം തരാവുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല. മാത്രവുമല്ല, വയനാടിന്റെ പരിസ്ഥിതി ചരിത്രം പോലും ശരിയായ വിധം പഠന വിധേയമായിട്ടില്ല. എന്നിരുന്നാലും വയനാടിന്റെ ചരിത്രത്തെക്കുറിച്ച്, നിലവിലുള്ള ധാരണകളുടെ വെളിച്ചത്തില്‍ അവിടെ ഇന്നു കാണുന്ന ജൈവ വൈവിധ്യത്തെ സൂക്ഷ്മതയോടെ വിശകലനം ചെയ്ത് കാടുകള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നമുക്ക് ഇതിനേക്കുറിച്ച് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാനാവും.

മക്കിമലയിലെ സ്ഥിരമായി കത്തിക്കാറുള്ള സ്വകാര്യഭൂമിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന വെണ്‍തേക്ക്‌. ഫോട്ടോ : പി.എ വിനയൻ

കുടിയേറ്റത്തിനും ബ്രിട്ടീഷ് ഭരണത്തിനും മുന്‍പുള്ള വയനാടിന്റെ പ്രധാന കൃഷികളെല്ലാം ഭക്ഷണത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു. നെല്ലും ചെറു ധാന്യങ്ങളും ചില കിഴങ്ങുവിളകളും ഒക്കെ ആയിരുന്നു ഇവിടെ പ്രധാനമായും  കൃഷി ചെയ്തിരുന്നത്. അതില്‍ തന്നെ നെല്കൃഷിക്കായിരുന്നു ഏറ്റവും കൂടുതല്‍ ഭൂമി ഉപയോഗിച്ചിരുന്നത്. നെല്കൃഷിക്കായി വയലുകലെയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കരഭൂമിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെറു ധാന്യങ്ങളും കരനെല്ലും കൃഷി ചെയ്തിരുന്നുള്ളൂ എന്ന് വേണം കരുതാന്‍. കാരണം, അത് വിപണിക്ക് വേണ്ടിയുള്ള കൃഷി ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ വളരെ ചെറിയൊരു ജനസംഖ്യയ്ക്ക് വേണ്ടി ഭക്ഷണം ഉല്പാദിപ്പിക്കാന്‍ ഏറെയൊന്നും കരഭൂമി ഉപയോഗിച്ചിട്ടുണ്ടാവുകയില്ല.

അക്കാലത്ത് കൃഷിഭൂമിയെ പരുവപ്പെടുത്തിയെടുക്കാന്‍ തീ വ്യാപകമായി ഉപയോഗിച്ച് വന്നു. വയനാട്ടില്‍ പുനം കൃഷിക്ക് (shifting cultivation) വേണ്ടി കാടുകള്‍ കത്തിക്കുന്നത് വ്യാപകമായിരുന്നു. എന്നിരുന്നാലും സ്ഥിരമായി ആളുകള്‍ താമസിച്ചിരുന്ന സ്ഥലങ്ങളോട് തൊട്ടടുത്തുള്ള പ്രദേശങ്ങള്‍ ആയിരിക്കണം അതിനായി കൂടുതലായും ഉപയോഗിച്ചിട്ടുണ്ടാവുക. അങ്ങിനെയായിരുന്നുവെങ്കില്‍ വയനാട്ടിലെ കാടുകളെ ശുഷ്‌കമാക്കുന്നതില്‍  പരമ്പരാഗത കൃഷിയും സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍.

വയനാട്ടിലെ സമതല പ്രദേശങ്ങളിലുള്ള കാടുകള്‍ ദീര്‍ഘകാലമായി മനുഷ്യര്‍ ഉപയോഗിച്ചു വരുന്നവയാണ്. ഈയിടെ വയനാടിന്റെ അൻപതുകളിലുള്ള ഒരു മാപ്പ് കാണുകയുണ്ടായി. അതില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, വളരേ കുറഞ്ഞ പ്രദേശത്തു മാത്രം ഒതുങ്ങുന്ന കൃഷിഭൂമികളും അവയ്ക്ക് ചുറ്റുമായി വിശാലമായ കാടുകളുമാണ് കാണുന്നത്. ഇത്തരത്തിലുള്ള ഓരോ ഗ്രാമങ്ങളില്‍ നിന്നും മറ്റു ഗ്രാമങ്ങളിലേക്കുള്ള സഞ്ചാര പാതകളെല്ലാം കാടുകളിലൂടെ കടന്നു പോകുന്നവയായിരുന്നിരിക്കണം. വയനാടിന്റെ കിഴക്കുള്ള ഡെക്കാന്‍ സമതലങ്ങളിലെ ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരായിരുന്നു ഇവിടുത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയ ജനത. അത്തരം ബന്ധങ്ങളെ സൂചിപ്പിക്കുന്ന പല ആചാരങ്ങളും വയനാട്ടില്‍ അങ്ങിങ്ങായി ഇന്നും നമുക്ക് കാണാനാവും. ഈയടുത്തകാലം വരെ ആളുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെയും മറ്റും ഇത്തരം കാട്ടുപാതകളിലൂടെ കൊണ്ടുവരാറുണ്ടായിരുന്നു. കാടിനകത്തു ചെലവഴിച്ചിരുന്ന സമയത്തെല്ലാം ആളുകള്‍ക്ക് വന്യമൃഗങ്ങള്‍ മൂലമുള്ള അപായ സാധ്യതകള്‍ ഇന്നത്തേതുപോലെ തന്നെ അന്നും ഉണ്ടായിരുന്നിരിക്കണം. വന്യമൃഗങ്ങളുള്ള കാട്ടിലൂടെ നടക്കുമ്പോള്‍ ശ്രദ്ധ ഒന്നു മാത്രമാണ് അതിജീവിക്കാനുള്ള മാര്‍ഗ്ഗം. അടഞ്ഞ കാടുകള്‍ കാഴ്ച്ചയെ മറയ്ക്കുന്നത് ജീവാപായത്തിനു തന്നെ കാരണമാവും. തീ ഉപയോഗിച്ചു തന്നെയാവണം ആളുകള്‍ അത്തരം ഭീഷണികളെയും മറികടന്നിട്ടുണ്ടാവുക. കാടുകളെ വര്‍ഷാവര്‍ഷം കത്തിക്കുന്നതിലൂടെ അടിക്കാടില്ലാത്ത തുറന്ന പ്രദേശങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അത് അവിടുത്തെ ജീവിതം സുഗമമാക്കുകയും. കാലിവളര്‍ത്തലിനും കൃഷിക്കും എല്ലാം സഹായകരമാവുകയും ചെയ്തിട്ടുണ്ടാവണം.

സ്വാതന്ത്ര്യാനന്തരം വയനാട്ടിലെ വനഭൂമിയില്‍ വന്ന മാറ്റം.

പല കാരണങ്ങളാല്‍ തുടര്‍ച്ചയായി ഉണ്ടായ കാട്ടുതീ, വയനാട്ടിലെ കാടുകളുടെ നിത്യഹരിത സ്വഭാവം മാറി ഇലപൊഴിയും കാടുകളായി മാറുന്നതിന് കാരണമായിട്ടുണ്ട്. വയനാട്ടിലെ പാക്കംകോട്ട ആദിവാസികളുടെ ഒരു വിശുദ്ധ സ്ഥലമാണ്. പാതിരി റിസര്‍വ്വ് വനത്തിലെ ഇലപൊഴിയും കാടുകള്‍ക്ക് നടുവില്‍ ഒരു തുണ്ട് നിത്യഹരിത വനം നമുക്കവിടെ കാണാം. അതൊരു വിശുദ്ധ വനമായി കണ്ടതുകൊണ്ടാവാം തീ കൊണ്ട് കാടിനെ മെരുക്കാനുള്ള ശ്രമങ്ങള്‍ അവിടെ വലുതായി നടന്നിട്ടുണ്ടാവില്ല.

വയനാട് വന്യജീവി സങ്കേതത്തിലെ ഇലപൊഴിയും കാടുകള്‍ക്ക് നടുവില്‍, ചില ചതുപ്പ് നിലങ്ങളോട് ചേര്‍ന്ന്, തീയില്‍ വെന്തുപോവാതെ ഒരു മഴക്കാടിന്റെ ബാക്കിപത്രങ്ങളെന്നപോലെ ചില സസ്യങ്ങളെയും ജീവികളെയും അങ്ങിങ്ങായി ഇന്നും കാട് കരുതി വച്ചിട്ടുണ്ട്. അപൂര്‍വ്വമായാണെങ്കിലും ആ കാടുകളില്‍  കാണുന്ന വനദേവത (Malabar Tree-nymph) ശലഭങ്ങളും, കാട്ടുനീലി (White-bellied Blue Flycatcher) പ്പക്ഷികളും ചാരത്തലയന്‍ ബുള്‍ബുളുകളും (Grey-headed Bulbul) ചതുപ്പുകളിലെ കൊല്ലിഞാവല്‍ (Syzygium stocksii) മരങ്ങളുമെല്ലാം ഒരു പക്ഷേ ഒരു മഴക്കാടിന്റെ തിരിച്ചുവരവിനു വേണ്ടിയാവാം അവിടെ കാത്തിരിക്കുന്നത്.

കാട്ടുതീ എന്ന് നമ്മള്‍ വിളിക്കുന്ന മനുഷ്യനിര്‍മ്മിതമായ തീ പശ്ചിമഘട്ടത്തിലെ കാടുകളില്‍ നിന്നും ഇല്ലാതാക്കുന്നതിന് ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല. കാടുകളോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ഭയത്തിന്റെയും പ്രതികാരത്തിന്റെയും സൗകര്യങ്ങളുടെയും ഒക്കെ ഭാഗമായി എല്ലാ വര്‍ഷവും കാട്ടുതീ പലയിടങ്ങളിലും ഉണ്ടാവാറുണ്ട്. നമ്മള്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് ഒരു കാട്ടുതീ  എങ്ങനെയാണോ ഉപകാരപ്രദമാകുന്നത് അതിനു സമാനമായ രീതിയില്‍ തന്നെയാണ് പുല്ലു തിന്നുന്ന വന്യമൃഗങ്ങള്‍ക്കും കാട്ടുതീ ഉപകാരമായി തീരുന്നത്. അതുകൊണ്ടുതന്നെയാണ് കാടിനോടു ചേര്‍ന്നു ജീവിക്കുന്ന, കാടിനെയും വന്യജീവികളെയും സ്‌നേഹിക്കുന്ന, ചില ആദിവാസികള്‍ ‘കാടു കത്തിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് നല്ലതാണ്’ എന്ന് വിശ്വസിക്കുന്നത്.

കാട്ടുതീ ഒരര്‍ഥത്തില്‍ അവയുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സഹായിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ കടുവകള്‍ ഉള്‍പ്പെടെയുള്ള മാംസാഹാരികളായ വന്യമൃഗങ്ങള്‍ക്കും കൂടുതല്‍ ഭക്ഷണം ഒരുക്കിക്കൊണ്ട് അവരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് യഥാര്‍ഥത്തില്‍ കാട്ടുതീ ചെയ്യുന്നത്. ഒരു വിഭാഗം സസ്യങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും കാട്ടുതീ ഗുണകരമായി തീരുകയാണെങ്കിലും മറുഭാഗത്ത് ജൈവവൈവിധ്യ സമ്പന്നമായ മഴക്കാടുകള്‍ക്ക് വളരാനുള്ള അവസരം നിഷേധിക്കുന്ന കാട്ടുതീ; യഥാര്‍ത്ഥത്തില്‍ പശ്ചിമ ഘട്ടം പോലെയുള്ള ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക ആരോഗ്യത്തെ അക്ഷരാര്‍ഥത്തില്‍ ക്ഷയിപ്പിക്കുകയാണ് ചെയ്യുന്നത്.

വയനാട്ടിലെ പാതിരി റിസര്‍വ് വനങ്ങളില്‍ നിന്നായിരിക്കാം ഒരുപക്ഷേ വനം വകുപ്പ് ഏറ്റവും അധികം മുളങ്കാടുകള്‍ തുടര്‍ച്ചയായി വെട്ടിമാറ്റിയിട്ടുണ്ടാവുക. ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂത്ത മുളങ്കാടുകള്‍ അവിടെ നിന്നും വെട്ടിയെടുത്തതിനു ശേഷം തുടര്‍ന്ന് ഏറെക്കാലമായി അത്തരം പ്രവര്‍ത്തികള്‍ അവിടെ നടക്കാറില്ല. അതുകൊണ്ടുതന്നെ പാതിരി റിസര്‍വിലൂടെ ഇന്ന് നടക്കുകയാണെങ്കില്‍ അവിടുത്തെ വലിയ ഇലപൊഴിയും വൃക്ഷങ്ങള്‍ക്കിടയിലൂടെയെല്ലാം നിത്യഹരിത സ്വഭാവമുള്ള അഗ്രഗാമി (pioneer)കളായ ധാരാളം വൃക്ഷതൈകള്‍ വളര്‍ന്നുവരുന്നതായി നമുക്ക് കാണാം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തീ കത്താതെ കിടക്കുന്ന കേരളത്തിലെ പല തേക്കുതോട്ടങ്ങളിലും ഇപ്പോള്‍ നിത്യഹരിത വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങി. പറമ്പിക്കുളത്തെ ചില തോട്ടങ്ങളില്‍ തേക്ക് മരങ്ങളെക്കാള്‍ ഉയരത്തില്‍ നിത്യഹരിത വൃക്ഷങ്ങള്‍ വളര്‍ന്ന് അതൊരു സ്വാഭാവിക വനമായി മാറിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വേനലില്‍ വയനാട് വന്യജീവി സങ്കേതത്തിലെ ഏറ്റവും കിഴക്കേയറ്റത്തുള്ള ഒരു വരണ്ട ഇലപൊഴിയും (dry deciduous) കാടിനുള്ളിലൂടെ  നടക്കുമ്പോള്‍ വഴിയരികില്‍ ഇടത്തരം വലുപ്പമുള്ള ഒരു എടല മരം (Olea dioica) നില്‍ക്കുന്നത് ശ്രദ്ധിച്ചിരുന്നു. നോക്കെത്തും ദൂരത്തിലെല്ലാം ഇലപൊഴിച്ചു നില്‍ക്കുന്ന മരങ്ങള്‍ മാത്രമുള്ള ആ കാട്ടില്‍ ഒരേയൊരു മരം മാത്രം നിറഞ്ഞ പച്ചപ്പോടെ നില്‍ക്കുന്നു. എടല ഒരു അഗ്രഗാമി സ്വഭാവമുള്ള നിത്യഹരിത വൃക്ഷമാണ്. വേനലിന്റെ അവസാനത്തോടെ അതില്‍ ആയിരമായിരം കായ്കളുണ്ടാവും. അത് അനേകം പക്ഷികള്‍ക്ക് ആഹാരമാവും. അതിന്റെ വിത്തുകള്‍ ആ പക്ഷികളുടെ കാഷ്ഠത്തോടൊപ്പം ആ ഇലപൊഴിയും കാടുകളില്‍ പലയിടങ്ങളിലായി മണ്ണില്‍ വീഴും. പിന്നാലെ മഴക്കാലം വരും. കൊങ്ങിണിക്കാടുകള്‍ (Lantana)ക്കിടയില്‍ നിന്നും ആ വിത്തുകളില്‍ ചിലതെങ്കിലും മുളച്ചു പൊങ്ങും. 1300 മില്ലീമീറ്ററില്‍ താഴെ മാത്രം മഴ ലഭിക്കുന്ന അവിടുത്തെ കടുത്ത വേനലിനെ പലതവണ അതിജീവിച്ച ആ എടലമരത്തിന്റെ അടുത്ത തലമുറകള്‍ക്കും ഒരുപക്ഷേ അതേ കഴിവുണ്ടായിരിക്കാം. മുളച്ചു വന്ന ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ ആരും ആ കാട് കത്തിച്ചില്ലെങ്കില്‍;  ഇനിയുമൊരു പത്ത് വര്‍ഷത്തിനു ശേഷം അതൊരു  മഴക്കാടായി മാറിയില്ലെങ്കിലും ഇനിയുമേറെ തണലുനൽകുന്ന, കൂടുതല്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് ആശ്രയമാകുന്ന ഒരു ആര്‍ദ്ര ഇലപൊഴിയും (moist deciduous) വനമായിയെങ്കിലും അതിന് മാറാന്‍ കഴിയുമെന്നാണ് ആ എടല മരം ഓര്‍മ്മിപ്പിക്കുന്നത്.

ആഗോള കാലാവസ്ഥാ പ്രതിസന്ധി വയനാടിന്റെ കാലാവസ്ഥയെയും സാമ്പത്തിക സ്ഥിതിയെയും തകിടം മറിക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍, ഒരുപക്ഷേ നമുക്കതിനെ മറികടക്കാനായില്ലെങ്കിലും, വരാനിരിക്കുന്ന വരണ്ട വേനലുകളെ ചെറുക്കാന്‍, വയനാടിന്റെ കിഴക്ക് ഭാഗത്ത്, കൂടുതല്‍ ഹരിതാഭമായ വൃക്ഷങ്ങളുള്ള ഒരു കാട് ഉണ്ടായേ മതിയാവൂ. ഡെക്കാനില്‍ നിന്നു വീശുന്ന വരണ്ട കിഴക്കന്‍ കാറ്റിനെ ആര്‍ദ്രതയുള്ള തണുത്ത കാറ്റാക്കി വയനാടിനെ അല്പം കൂടി തണുപ്പിക്കാന്‍ ആ കാടുകള്‍ക്ക് കഴിയും. ഒരിക്കല്‍ മനുഷ്യ ഇപെടലുകള്‍ ആ കാടുകളെയും അതിലെ പുഴകളെയും അരുവികളെയും കൂടുതല്‍ വരണ്ടാതാക്കിയെങ്കില്‍, വരും കാലത്ത് അതിനെ പുനരുജ്ജീവിപ്പിക്കാനും മനുഷ്യ പ്രവര്‍ത്തികള്‍ കൊണ്ട് സാധിക്കും.

വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് പ്രദേശത്തിന്റെ മാപ്പ്.

വയനാടിന്റെ ഇന്നത്തെ കാലാവസ്ഥയില്‍ കാടുകള്‍ക്ക് ഇനിയും ഹരിതാഭമാവാന്‍ കഴിയുമോ?  മനുഷ്യ പ്രവൃത്തികള്‍ക്ക് അതിന് സഹായിക്കാനാവുമോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മുകളില്‍ കൊടുത്തിരിക്കുന്ന, വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് എന്ന പ്രദേശത്തിന്റെ ഈ മാപ്പ്. സ്വകാര്യ ഭൂമികളില്‍ വേനലിലും സാമാന്യം നല്ല പച്ച ഇലച്ചാര്‍ത്തുള്ള കാര്‍ഷിക വിളകളെയും സംരക്ഷിത വനത്തിനകത്ത് ഇലപൊഴിക്കുന്നതും അധിനിവേശ സസ്യങ്ങള്‍ നിറഞ്ഞതും ശുഷ്‌കിച്ചതുമായ വനങ്ങളെയുമാണ് ഇതില്‍ നമുക്ക് കാണാനാവുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് കൂടുതല്‍ പച്ചപ്പ് തിരികെ കൊണ്ടുവരാനും കഴിയും എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഇത്. നാളിതുവരെ സ്വകാര്യ ഭൂമിക്ക് നമ്മള്‍ നല്‍കിയ കരുതല്‍ ഇന്ന് കാടുകള്‍ക്കും ആവശ്യമായി വന്നിരിക്കുകയാണ്. ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, തികച്ചും ശാസ്ത്രീയമായി പരിസ്ഥിതി പുനഃസ്ഥാപനത്തിന് വേണ്ടി തയ്യാറെടുക്കുന്നതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇവിടുത്തെ വന്യജീവി സംഘര്‍ഷവും നമ്മളെ അതുതന്നെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.

സ്വയം മുറിവുണക്കാന്‍ കഴിവുള്ള ഒന്നാണ് വന്യ പ്രകൃതി. അതുകൊണ്ടുതന്നെ ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങളെ വളരാന്‍ സഹായിക്കുകയും, വൈവിധ്യമാര്‍ന്ന ജൈവജാതികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയും, അവയുടെ വളര്‍ച്ചയ്ക്ക് വിഘാതമാവുന്ന എല്ലാ തരം മനുഷ്യ ഇടപെടലുകളും കുറച്ചു കൊണ്ടുവരികയുമാണ് ഇന്ന് കാലം ആവശ്യപ്പെടുന്ന വന സംരക്ഷണം. എകവിള തോട്ടങ്ങളാക്കി മാറ്റിയ കാടുകളെ സ്വാഭാവിക വനങ്ങളാക്കേണ്ടതിന്റെയും, കാട്ടുതീ ഇല്ലാതാക്കേണ്ടതിന്റെയും പ്രാധാന്യം; വരള്‍ച്ചയോടും വേനല്‍ച്ചൂടിനോടും ചേര്‍ത്തുവായിക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ വ്യക്തമാവുക.  

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 12, 2024 3:41 pm