തടവറയില് രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന് ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം പത്ത്. വര: നാസർ ബഷീർ
ഞങ്ങളുടെ ‘ഭൂഖ് ഹഢ്താൽ’ വാർത്ത ജയിലിൽ പെട്ടെന്ന് തന്നെ പ്രചരിച്ചു. ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവരുന്ന തടവുകാർ മറ്റ് ബാരക്കുകളിലും ജയിൽ അധികൃതരിലും ഈ വിവരം എത്തിച്ചു. നമ്പർദാർമാരും റൈറ്റർമാരും വന്ന് ഞങ്ങളെ അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുകൊണ്ടേയിരുന്നു. ഞങ്ങളെ ആശുപത്രിയിലേക്ക് മാറ്റി, ബലപ്രയോഗത്തിലൂടെ ഭക്ഷണം കഴിപ്പിക്കുമെന്നും സമരവുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തെ മറ്റ് ഹൈസെക്യൂരിറ്റി ജയിലുകളിലേക്ക് ഞങ്ങളെ മാറ്റുമെന്നുള്ള ഭീഷണികളും ഞങ്ങൾക്ക് കിട്ടികൊണ്ടിരുന്നു. അവസാനം ജയിലർ തന്നെ നേരിട്ട് വന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഞങ്ങൾ ഒരൊറ്റ നിബന്ധന മാത്രമെ അദ്ദേഹത്തിന്റെ മുമ്പാകെ വച്ചിരുന്നുള്ളു. ഞങ്ങൾക്ക് മാന്യമായി മനുഷ്യന്മാർക്ക് നൽകുന്ന പോലെ ഭക്ഷണം നൽകണം, ഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് അൾഖഢ തുറക്കണം. അത് അദ്ദേഹം അംഗീകരിച്ചു. അതോടെ, ഭക്ഷണം വിതരണം ചെയ്യുന്ന സമയത്ത് അൾഗഢ തുറന്ന് ഭക്ഷണം സ്വീകരിക്കാനുള്ള അനുമതി ലഭിച്ചു.
ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കി ഞങ്ങളെ ഒമ്പതാം നമ്പർ ബാരക്കിലേക്ക് മാറ്റി. ആയിടെ, ജയിൽ സന്ദർശനത്തിനെത്തിയ ജയിൽ ഡി.ഐ.ജി ഞങ്ങളുടെ ബാരക്കും സന്ദർശിച്ചിരുന്നു. ജയിൽ സൂപ്രണ്ട്, ജയിലർ, ഡെപ്യൂട്ടി ജയിലർമാർ, ഹെഡ് ശിപായി, ശിപായിമാർ, നമ്പർദാർമാർ, പ്രധാനപ്പെട്ട റൈറ്റർമാർ എന്നിവരടങ്ങിയ ഒരു പടയോടൊപ്പമാണ് ഡി.ഐ.ജി ബാരക്കുകൾ സന്ദർശിക്കുന്നത്. ഞങ്ങളുടെ ബാരക്കിൽ വന്ന അദ്ദേഹം, ചില തടവുകാരോട് എല്ലാവരും ഏത് കേസിലാണ് ജയിലിൽ വന്നതെന്നും ചോദിച്ചറിയുന്നു. ജയിൽ സൂപ്രണ്ട് മുതൽ ബാരക്ക് റൈറ്റർവരെയുള്ളവരുടെ അകമ്പടിയോടെ ആയതിനാൽ പരാതികൾ ഒന്നും പറയാൻ തടവുകാർ ആരും മുതിരാറില്ല. ബാരക്കിനുള്ളിലൂടെ നടന്ന് ഡി.ഐ.ജി എന്റെ സമീപത്തുമെത്തി. എന്നോട് പേരു ചോദിച്ചു, ഞാൻ പേര് പറഞ്ഞു. അപ്പോൾ തന്നെ അദ്ദേഹം ഹാത്രസ് കേസിൽ അല്ലേ എന്ന് എന്നോട് തിരിച്ച് ചോദിച്ചു. ഞാൻ മറുപടി പറയുന്നതിന് മുൻപെ, സീനിയർ സൂപ്രണ്ട് എസ്.കെ മൈത്രേയ അതിന് മറുപടി പറഞ്ഞു. അപ്പോൾ, പത്രക്കാരനായ ഇദ്ദേഹത്തെ ഇവിടെ ക്രിമിനൽ കേസിൽ പ്രതികളായവരോടൊന്നിച്ച് താമസിപ്പിക്കരുതെന്ന് ഡി.ഐ.ജി, സൂപ്രണ്ടിന് നിർദേശം നൽകി. എന്നാൽ, ഈ ജയിലിൽ അതിനുള്ള സൗകര്യമില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.
മുലായജ ബാരക്കിൽ തടവിൽ താമസിക്കേണ്ട പതിനഞ്ച് ദിവസം പൂർത്തിയായതോടെ ഓരോ തടവുകാരേയും പക്കാ ബാരക്കുകളിലേക്ക് മാറ്റി തുടങ്ങി. ഞങ്ങളുടെ തൻഹായിയിലെ തടവ് (ഏകാന്ത തടവ്) പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഞങ്ങളോടൊപ്പം മുലായജ ബാരക്കിൽ കഴിഞ്ഞവരെ 15 ദിവസം പൂർത്തിയായതിനാൽ വിവിധ ബാരക്കുകളിലേക്ക് മാറ്റിയിരുന്നു. അഹാത്ത പണമായ 1500 രൂപ നൽകിയവരെ എല്ലാം വിവിധ ബാരക്കുകളിലേക്ക് മാറ്റി. പണം നൽകാൻ സാധിക്കാത്തവരെ പാക്ക്ശാല (അടുക്കള), ക്യാന്റീൻ, കമായി (കമായി എന്നാൽ സമ്പാദ്യം എന്നാണ് അർത്ഥം, ജയിലിൽ കമായി എന്നാൽ ഏതെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കുന്ന തടവുകാർ താമസിക്കുന്ന ബാരക്കാണ്), ഖേത്ഥ് (കൃഷിയിടം), എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെ താമസിപ്പിക്കുന്ന ബാരക്കുകളിലേക്കും മാറ്റി. ഞങ്ങളുടെ തൻഹായി വാസം അവസാനിച്ച ദിവസം ഒരു നമ്പർദാർ വന്ന് ഞങ്ങളോട് പറഞ്ഞു, ‘ആപ് ലോഗോം കൊ ബഡാ സാബ് കാ പേശി ഹേ…’ (നിങ്ങൾക്ക് വലിയ സാഹിബിന്റെ കൂടിക്കാഴ്ചയുണ്ട്), ‘ജൽദി തയ്യാർ കരോ’ (വേഗം തയ്യാറാവോ).
ജയിൽ അധികൃതരുടെ മുമ്പിൽ ഹാജരാക്കുന്നതിനാണ് പേശി എന്ന് പറയുന്നത്. തടവുകാരെ റിമാന്റ് നീട്ടുന്നതിന് കോടതി മുമ്പാകെ ഹാജരാക്കുന്നതിനും ‘പേശി’, ‘തലബി’, ‘താരീഖ്’ എന്നൊക്കെ പറയാറുണ്ട്. ജയിലിനകത്ത് ഏറ്റവും അധികം ഉപയോഗിക്കുകയും കേൾക്കുകയും ചെയ്യുന്ന വാക്കുകളാണ് പേശി, തലബി, താരീഖ്, അദാലത്ത്, മുലാഖാത്ത്, ജമാനത്ത് (ജാമ്യം), ജമാനത്തി (ജാമ്യക്കാരൻ), ഗിൻതി, തലാശി, പേരേദാർ, പേരോകാർ, സജ (ശിക്ഷ), ഫാസി (തൂക്കികൊല്ലൽ), ഉമൃഖേദ് (ആജീനാന്തം) തുടങ്ങിയവ. ഞങ്ങളെ കൂട്ടി കൊണ്ടുപോകാൻ വന്ന മുലയാജ റൈറ്റർ കാളിചരൺ, തൻഹായിയുടെ ഉത്തരവാദിത്തമുള്ള നമ്പർദാരെ കൊണ്ട് അൾഗഢ തുറപ്പിച്ച് ഞങ്ങളെയും കൂട്ടി സീനിയർ സൂപ്രണ്ട് എസ്.കെ മൈത്രേയയുടെ ഓഫീസിലേക്ക് വച്ചുപിടിച്ചു. ഞങ്ങളെ സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നിർത്തി കാളിചരൺ ഓഫീസിനകത്തേക്ക് കയറിപ്പോയി. അൽപ്പസമയം കഴിഞ്ഞ് ഞങ്ങളേ അകത്തേക്ക് വിളിച്ചു. അന്ന് അദ്യമായിട്ടാണ് ഞങ്ങൾ സൂപ്രണ്ടിന്റെ ഓഫീസിനകത്തേക്ക് കയറുന്നത്. ഓഫീസിനകത്ത്, സൂപ്രണ്ട് ഇരിക്കുന്നതിന് മുകളിലായി, ഓഫീസിന്റെ വാതിലിന് സമാന്തരമായ ചുമരിൽ മഹാത്മാ ഗാന്ധിയുടെയും ബി.ആർ അംബേദ്കറുടേയും ഫ്രെയിം ചെയ്ത രണ്ട് പടങ്ങൾ തൂങ്ങുന്നുണ്ടായിരുന്നു. ഞാൻ ആ പടത്തിലേക്ക് തന്നെ നോക്കിക്കൊണ്ടാണ് ഓഫീസിനകത്തേക്ക് കയറുന്നത്. ബാപ്പുവും ബാബാ സാഹിബും എനിക്ക് മുഖം തരാതെ നിൽക്കുന്നത് പോലെ എനിക്ക് തോന്നി. സൂപ്രണ്ടിന്റെ ചിരിച്ചുകൊണ്ടുള്ള, “ഇസ് മേ കോൻ ഹേ കപ്പൻ” എന്ന ചോദ്യം കേട്ടതോടെയാണ് എനിക്ക് സ്ഥലകാല ബോധം തിരിച്ച് കിട്ടിയത്. അതുവരെ ഞാൻ മഹാത്മജിയോടും ബാബാ സാഹിബിനോടും മനസ്സിൽ എന്തൊക്കെയോ സംവദിക്കുകയായിരുന്നു. സൂപ്രണ്ടിന്റെ ചോദ്യത്തിന് ഒന്ന് ചിരിച്ച് കാണിക്കേണ്ട ഉത്തരവാദിത്തമേ എനിക്കുണ്ടായിരുന്നുള്ളു. ബാക്കി എല്ലാം അതിനോടകം എന്റെ സഹ തടവുകാർ വിശദീകരിച്ച് കഴിഞ്ഞിരുന്നു.
ഞങ്ങൾ നാല് പേരുടേയും അഹാത്ത പണം ഇതിനോടകം തന്നെ മസൂദിന്റെ സഹോദരൻ വഴിയും അത്തീക്കുറഹ്മാന്റെ അമ്മാവൻ വഴിയും ആലമിന്റെ ഭാര്യ വഴിയുമൊക്കെ നൽകി കഴിഞ്ഞിരുന്നു. എല്ലാ ദിവസവും രാവിലെ ബാരക്ക് തുറന്നാൽ, തടവുകാരെ എല്ലാം ബാരക്കിന് പുറത്തിറക്കി ജോഡിയാക്കി നിർത്തി അഹാത്ത പണം നൽകാത്തവരേയും നൽകിയവരേയും വെവ്വേറെ ലൈനാക്കി നിർത്തുക പതിവായിരുന്നു. ഞങ്ങളുടെ പണം ഏറ്റവും അവസാനമാണ് അടച്ചിരുന്നത്. അതിനാൽ തന്നെ പണം നൽകാത്തവരുടെ ലൈനിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഞങ്ങൾ. അഹാത്ത പണം പിരിക്കാൻ ചുമതലപ്പെട്ട റൈറ്റർ കാളിചരൺ എന്നും ഞങ്ങളോട് പണം എന്താ അടക്കാത്തത്, പണം അടച്ചില്ലെങ്കിൽ പാക്ക്ശാലയിൽ റൊട്ടിക്ക് മാവ് കുഴക്കാൻ പോവേണ്ടി വരും, കൃഷിയിടത്തിൽ പണി എടുക്കാൻ പോവേണ്ടി വരും എന്ന് ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. അപ്പോൾ എല്ലാം ഞങ്ങൾ ഞങ്ങളുടെ നിസ്സാഹയാവസ്ഥ അദ്ദേഹത്തെ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു. ഞങ്ങൾക്ക് ഇതു വരെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഞങ്ങൾക്ക് ഇതുവരെ മുലാഖാത്ത് (കൂടിക്കാഴ്ച) വന്നിട്ടില്ലെന്നുമുള്ള സ്ഥിരം മറുപടി നൽകികൊണ്ടിരുന്നു. മഥുരാ ജയിലിലെ തടവുകാരെല്ലാം ഭയ ബഹുമാനത്തോടെ കണ്ടിരുന്ന കാളിചരൺ പക്ഷേ ഞങ്ങളോട് അനുഭാവ പൂർവ്വമാണ് പെരുമാറിയിരുന്നത്.
സൂപ്രണ്ടിന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ മുന്നിൽ നിരയായി നിൽക്കുകയാണ് ഞങ്ങൾ നാല് പേരും. എന്തിനാണ് അദ്ദേഹം ഞങ്ങളെ വിളിപ്പിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഇനി എന്താണ്, വല്ല പോലീസ് കസ്റ്റഡിയിലും വിടാനുള്ള കോടതി ഉത്തരവ് വല്ലതും വന്നിട്ടുണ്ടോ, അതോ ഞങ്ങളുടെ ബൂഖ് ഹഡ്ത്താൽ (പട്ടിണി സമരം) കാരണം ഞങ്ങളെ മറ്റു വല്ല ജയിലിലേക്കും മാറ്റാനുള്ള പദ്ധതിയാണോ തുടങ്ങിയ അശുഭ ചിന്തകളായിരുന്നു എന്റെ മനസ്സ് നിറയെ.
എല്ലാ അശുഭ ചിന്തകൾക്ക് ശേഷവും ഞാൻ എന്റെ മനസ്സിൽ എത്തിചേരുന്ന ഒരു തീരുമാനം – എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നതായിരിക്കും. എന്നിട്ട് ദൈവത്തിൽ ഭരമേൽപ്പിക്കും, മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കും, പ്രവാചകൻ മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ സമകാലികരും നേരിട്ട പ്രയാസങ്ങളോട് താരതമ്യം ചെയ്യാൻ ശ്രമിക്കും. അപ്പോൾ മനസ്സ് എന്നോട് പറയും, അവർ ദൈവത്തോട് ഏറ്റവും അടുത്ത ജനവിഭാഗമായിരുന്നു, പ്രവാചകന് ദൈവം നൽകിയ അമാനുഷിക കഴിവുകളുണ്ടായിരുന്നു. അത് 1400 വർഷം അപ്പുറത്തെ കാര്യമാണ്, ഞാൻ കേവലം ഒരു സാധാരണക്കാരൻ, ദൈവവുമായി അത്ര അടുപ്പമില്ലാത്തൻ, പണവും സ്വാധീനവും പ്രത്യേക സവിശേഷതകളും ഒന്നുമില്ലാത്തവൻ. അത്തരത്തിലുള്ള ഞാൻ ആണോ അവരുമായി താരതമ്യം ചെയ്ത് സ്വയം സമാധാനം അടയുന്നത്? നിരാശാ ചിന്തകളിൽ നിന്ന് രക്ഷപ്പെടാനായി ഞാൻ ദൈവീക സ്മരണകളിൽ കൂടുതൽ മുഴുകും. അതുകൊണ്ട് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ എന്ന് ചിന്തിക്കും.
ദുഷ്ട ചിന്തകൾ അലട്ടുമ്പോൾ, അതിൽ നിന്ന് രക്ഷപ്പെടാൻ ഓർക്കുന്ന മറ്റ് ചില മുഖങ്ങളുമുണ്ടായിയുരുന്നു. നെൽസൺ മണ്ടേല, ഭഗത് സിംഗ് എന്നിവരായിരുന്നു അതിൽ പ്രധാനികൾ. ഈ കേസിൽ എനിക്ക് ജാമ്യം കിട്ടുക എന്നത് പ്രയാസമാണ്. അങ്ങനെ എങ്കിൽ വർഷങ്ങളോളം വിചാരണാ തടവുകാരനായി തടവറയിൽ കഴിയേണ്ടി വരും, അത്തരം ചിന്തകൾ അലട്ടുമ്പോഴാണ് നെൽസൺ മണ്ടേലയെ കൂട്ടുപിടിക്കുക. നീണ്ട 27 വർഷം അദ്ദേഹം ജയിലിൽ കിടന്നു. അദ്ദേഹത്തിന് അത് സാധിച്ചെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂട എന്ന് ചിന്തിച്ച് മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും. ഇനി ഈ കേസിൽ ശിക്ഷിക്കപ്പെടുകയാണെങ്കിൽ പരമാവധി തൂക്കു കയർ. ചിന്ത അവിടെ എത്തുമ്പോൾ ആണ് 23ാം വയസ്സിൽ തൂക്കുകയർ ഏറ്റുവാങ്ങിയ ഭഗത് സിംഗിനെ ഓർക്കുകയും സ്വയം സമാശ്വസിക്കുകയും ചെയ്യൽ. കേവലം 23ാം വയസ്സിലാണ് ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടത്. എനിക്ക് ഇപ്പോൾ നാൽപ്പത് വയസ്സ് പൂർത്തിയായിരിക്കുന്നു. 23കാരനായ ഭഗത് സിംഗ് തൂക്കുകയറിലേക്ക് നടന്ന് നീങ്ങിയുട്ടുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്ന് ചിന്തിച്ച് സമാധാനിക്കും. മഥുര ജയിലിലെ ‘ഫാസി ഗൃഹ്’ (വധശിക്ഷ നടപ്പാക്കുന്ന സ്ഥലം) സ്ഥിതി ചെയ്യുന്നത് മഹിള ബാരക്കിലേക്കും(സ്ത്രീകളുടെ ബാരക്ക്) മുലാഖാത്ത് കക്ഷ(കൂടിക്കാഴ്ച മുറി)യിലേക്കും പോകുന്ന വഴിയിൽ, സൂപ്രണ്ടിന്റെ ഓഫീസിന് ഏകദേശം പിറകിലായിട്ടാണ്. അതുവഴി കടന്ന് പോകുമ്പോളെല്ലാം ഞാൻ അതിലേക്ക് നോക്കി മനസ്സിനെ പാകപ്പെടുത്താനും ചിലപ്പോൾ സഹ തടവുകാരോട് എന്നാണ് നമ്മളെ ആ റൂമിനുള്ളിലേക്ക് കൊണ്ടുപോവുക എന്ന് തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്യുമായിരുന്നു.
സൂപ്രണ്ടിന്റെ മുറിയിൽ, ഗാന്ധിജിയുടെയും അംബേദ്കറുടെയും പടത്തിന് അഭിമുഖമായി നിന്ന് ദുഷ്ട ചിന്തകൾ ചിന്തിച്ച് കൂട്ടുന്നതിനിടെ, സൂപ്രണ്ട് പറഞ്ഞു, “നിങ്ങളെ പക്കാ ബാരക്കിലേക്ക് മാറ്റുകയാണ്. നിങ്ങൾക്ക് ഏത് ബാരക്കിലേക്കാണ് പോവേണ്ടത്?” സാധാരണ നിലയിൽ തടവുകാരുടെ അഭിപ്രായം തേടാതെയാണ് അവരെ ബാരക്കിലേക്ക് മാറ്റുക. എന്നാൽ, ഞങ്ങളുടെ കാര്യത്തിൽ സൂപ്രണ്ട് ഞങ്ങളുടെ അഭിപ്രായം തേടി. ഞങ്ങൾക്ക് അതിനോടകം തന്നെ മഥുര ജയിലിലെ ഓരോ ബാരക്കിനെ കുറിച്ചും ബാരക്കിലെ റൈറ്റർമാരെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ കിട്ടിയിരുന്നു. മുലയാജ റൈറ്റർ കാളിചരൺ തടവിൽ കഴിയുന്ന ബാരക്ക് നമ്പർ 14 ആണ് മഥുര ജയിലിലെ വൃത്തിയും സുരക്ഷിതവുമായ ബാരക്ക് എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച വിവരം. അതുപ്രകാരം, സൂപ്രണ്ടിന്റെ ചോദ്യത്തിന് ഞങ്ങൾ, ബാരക്ക് നമ്പർ ചൗദ, പതിനാലാം നമ്പർ ബാരക്ക് എന്ന് മറുപടി പറഞ്ഞു. അപ്പോൾ, സൂപ്രണ്ട് കാളിചരണോട് അഭിപ്രായം ആരാഞ്ഞു, കാളിചരണും സമ്മതം അറിയച്ചതോടെ ഞങ്ങളെ പതിനാലാം നമ്പർ ബാരക്കിൽ അയയ്ക്കാൻ സൂപ്രണ്ട് നിർദേശം നൽകി. (തുടരും)