മധു: ചരിത്രം കണക്ക് ചോദിക്കാതെ പോയ ഒരനുഭവം കൂടി

ഏതൊരു ആധുനിക സമൂഹത്തിന്റെയും അടിസ്ഥാന ശിലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നീതി. അത്‌ ഒരേസമയം സമൂഹത്തിന്റെ പ്രവർത്തനങ്ങളും, ഉത്പന്നവുമായി നിൽക്കുന്ന ഒന്നാണ്. അതിനാൽ തന്നെ നീതി എന്നത് സ്വാതന്ത്ര്യത്തിന്റെയും, തുല്യതയുടെയും സഹോദര്യത്തിന്റെയും മറ്റൊരു പേരുകൂടിയായാണ് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നത്. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച മധു എന്ന ചെറുപ്പക്കാരനെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി വിധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, നീതി ലഭ്യമായി എന്ന് വലിയ നിലയിൽ നാടെങ്ങും ആഘോഷിക്കപ്പെടുമ്പോൾ നീതിയുടെ മേല്പറഞ്ഞ സ്വഭാവങ്ങൾ ഒക്കെത്തന്നെയും റദ്ദ് ചെയ്യപ്പെട്ടു എന്നാണ് തോന്നുന്നത്. സംസ്ഥാനം ആകെ ഉറ്റുനോക്കിയ കേസിലെ പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്ന സാഹചര്യത്തെ മുൻനിർത്തി അത്തരം ഒരഭിപ്രായം വരുന്നതിൽ എന്താണ് പ്രശ്നമെന്ന് സ്വഭാവികമായി തോന്നാമെങ്കിലും അതിൽ കാര്യപ്രസക്തമായ ചില കാര്യങ്ങൾ വിട്ടുപോവുന്നുണ്ട്. ഏറ്റവും പ്രധാനമായി, ‘നീതി’ എന്നത് ഇന്ത്യൻ സമൂഹത്തിൽ ഏത് വിധേന മനസ്സിലാക്കപ്പെടണം എന്ന കാര്യം. അതുകൊണ്ട് തന്നെ ഈ കേസിൽ ആൾക്കൂട്ടകൊല നടത്തിയ 14 പ്രതികളെ കുറ്റക്കാരായി കണ്ടെത്തുമ്പോഴും മധു എന്ന വ്യക്തിക്കോ, മധു പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനോ നീതി ലഭിച്ചു എന്ന് പറയാൻ കഴിയില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ സാമൂഹ്യസാഹചര്യത്തിൽ നിയമസംവിധാനം ശിക്ഷ വിധിച്ചു എന്നതിലൂടെ സമഗ്രമായ ഒരു നീതി ലഭിച്ചതായോ, പൂർണ്ണ നീതിയാണ് നടപ്പിലായത് എന്നോ പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

വിധി പറഞ്ഞശേഷം കോടതി മുറിക്ക് പുറത്തേക്ക് വരുന്ന പ്രതികൾ. കടപ്പാട്:indianexpress

നമ്മുടെ സാമൂഹിക സാഹചര്യത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ വിവിധങ്ങളായ തട്ടുകളിലാണല്ലോ നിലനിൽക്കുന്നത്. ഈ തട്ടുകളാവട്ടെ വളരെ കൃത്യമായി ഒരു മേൽകീഴ് വ്യവസ്ഥയിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ നീതിയെക്കുറിച്ചുള്ള ഒരു വ്യക്തത ഈ വ്യവസ്ഥയിൽ നിർണ്ണയിക്കാൻ പറ്റുന്നത്, നീതി ലഭിക്കേണ്ട, നീതി ആവശ്യമുള്ള വ്യക്തിയുടെ/വിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക സ്ഥിതിയെ പരിശോധിച്ച് കൊണ്ട് മാത്രമായിരിക്കും. എന്തിനോടുള്ള നീതിയൊക്കെയാണ് ഈ കേസിൽ പരിഗണിക്കേണ്ടത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പൊതുജന വികാരത്തിന്റെ നീതിബോധത്തെ തൃപ്തിപ്പെടുത്തുമായിരിക്കാം പ്രതികൾ കുറ്റക്കാരാണ് എന്ന കോടതി വിലയിരുത്തൽ. എന്നാൽ കുറ്റകൃത്യത്തിലേക്ക് നയിച്ച ജാതി ബോധത്തിനും ക്രൂര ബോധത്തിനും എതിരായ നീതി നടപ്പിലായിട്ടില്ല, അല്ലെങ്കിൽ അത്തരമൊരു വശം തിരിച്ചറിയപ്പെട്ടിട്ടില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം. നീതിയെപ്പറ്റിയുള്ള ചർച്ചകൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കോടതി വ്യവഹാരങ്ങളുടെ പരിധിയിൽ മാത്രം കണ്ടെത്തപ്പെടുന്ന സാഹചര്യം സ്വാതന്ത്ര്യാനന്തരം നിലനിൽക്കുന്നുണ്ട്. ഇതൊരു തരത്തിൽ ജനാധിപത്യത്തെ സവർണ്ണ കവചങ്ങൾ ആക്കി മാറ്റുന്ന രാഷ്ട്രീയത്തിന്റെ ഇടപെടൽ കൂടിയാണ്. സമൂഹത്തെ നവീകരിക്കേണ്ട ആവശ്യം ഇല്ലെന്നും, നിയമ ഇടപെടൽ മാത്രം മതിയെന്നും പറയാതെ പറയുകയാണ് ഇതിലൂടെ.

മധുവിൽ നിന്ന് ഖൈർലാഞ്ചിയിലേക്ക് ഉള്ള ദൂരം

മധു മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം മധുവിനെ പിടികൂടിയത്. പ്രതികൾ മധുവിൻ്റെ ഉടുമുണ്ട് ഊരി, കൈകൾ ചേർത്തുകെട്ടി ചിണ്ടക്കി ഊരിൽ നിന്നു മുക്കാലിയിലേക്ക് കള്ളനെന്ന് വിളിച്ചാവർത്തിച്ചും മർദ്ദിച്ചുമാണ് നടത്തിച്ചത്. കള്ളനെന്ന ആർപ്പുവിളികൾക്കും, ക്രൂര മർദ്ദനങ്ങൾക്കുമിടയിൽ ജീവൻ്റെ തുടിപ്പറ്റുപോയ മകൻ്റെ നോവ് പേറിയാണ് അമ്മ മല്ലി നിയമപോരാട്ടത്തിന് ഇറങ്ങിയത്. ആരംഭഘട്ടത്തിൽ നിർണ്ണായകവും, വ്യക്തവുമായ തെളിവുകളുണ്ടായിരുന്ന കേസ് അതിന്റെ പര്യവസാനത്തിൽ എത്തിയപ്പോൾ കേവലം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലനിന്നത്. ക്യാമറ, വീഡിയോ ദൃശ്യങ്ങളിലൂടെ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ ഉറപ്പ് വരുത്തിയ 9 സാക്ഷികൾ കൂറുമാറിയിരിക്കുന്ന സാഹചര്യമാണ് കേസിന്റെ നാൾവഴികളിൽ കേരളം കണ്ടത്. അങ്ങനെ അത്‌ കേസിന്റെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ പിന്നോട്ടടിക്കുകയും, കേസിൽ ചാർത്തപ്പെടുന്ന വകുപ്പുകളിൽ സുപ്രധാനമായ ഐ.പി.സി 302, 300 വകുപ്പുകൾ (കൊലപാതകം, കൊലപാതകത്തിനുള്ള ശിക്ഷ) ഇല്ലാതെവരികയും ചെയ്തു. മാധ്യമങ്ങളിലൂടെ ഒരു രാജ്യവും അതിന്റെ നീതിന്യായ സംവിധാനങ്ങളും മുഴുവൻ ഈ കേസിനാസ്‌പദമായ സംഭവങ്ങൾ കണ്ടിട്ടും, മർദ്ദനത്തെക്കുറിച്ച് മെഡിക്കൽ റെക്കോർഡ്സ് പുറത്തുവന്നിട്ടും എന്തുകൊണ്ടായിരിക്കും ഇത്തരത്തിൽ കേസിനുള്ളിൽ കൃതൃമത്വം നടന്നത്. അല്ലെങ്കിൽ എല്ലാവരും നേരിൽ കണ്ടെന്ന് പ്രതികൾക്കും, സാക്ഷികൾക്കും വ്യക്തമായി അറിയാമായിരുന്നിട്ടും കൂറ് മാറാൻ എങ്ങനെയാവും ഇവർക്ക് ധൈര്യം ഉണ്ടായത്. ഇത് വളരെ കൃത്യമായി രാജ്യത്തെ ജാതിവ്യവസ്ഥ നൽകുന്ന ഒരുതരം ധൈര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതാവട്ടെ ക്രിമിനൽ ജാതികളുടെ (സവർണ്ണ ജാതികൾ) അധികാരപ്രവർത്തനങ്ങളെ അംഗീകരിക്കുന്നതും ന്യായീകരിക്കുന്നതുമായ നിലയിലുള്ള ഒരു പൊതുബോധമായി കൂടി നിലനിർത്തപ്പെടുന്നുമുണ്ട്.

കോടതി മുറിക്ക് മുന്നിൽ മധുവിന്റെ അമ്മയും സഹോദരിയും. കടപ്പാട്:thehindu

രാജ്യത്ത് ജാതികൊലപാതകങ്ങൾ/ജാതി ആൾക്കൂട്ടകൊലപാതകങ്ങൾ സംഭവിക്കുമ്പോൾ നീതിന്യായവ്യവസ്ഥയുടെ ഇടപെടലിൽ കൃത്യമായി നടക്കുന്ന ഒരു തരം കൃത്രിമത്വം/ഇരട്ടത്താപ്പ് ഈ കേസിലും കാണാം. Modi and Godhra: The Fiction of Fact Finding (2014) എന്ന പുസ്തകത്തിൽ മനോജ്‌ മിട്ട, സിവിൽ വയലൻസ് ഉൾപ്പെടുന്ന കേസിൽ ജുഡീഷ്യറിയുടെ ഇത്തരം ഇടപെടലുകളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കീഴക്കോടതി ആദ്യം കേസ് ദുർബലമാക്കുകയും കടുത്ത ശിക്ഷ നൽകുകയും, മേൽക്കോടതി പിന്നീട് ശിക്ഷ ഇളവ് ചെയ്യുകയും ചെയ്യുന്ന രീതി. ഖൈർലാഞ്ചി കേസിനെ പരിശോധിക്കുമ്പോൾ നമുക്ക് ഇക്കാര്യം വ്യക്തമാവും. ഖൈർലാഞ്ചി കേസിൽ കീഴ്ക്കോടതിയ്ക്ക് മുൻപാകെ പ്രതികളെ സമർപ്പിച്ചപ്പോൾ സുപ്രധാന വകുപ്പുകൾ (എസ്. സി, എസ്. ടി വകുപ്പുൾപ്പടെ) ഒഴിവാക്കിയാണ് ഹാജരാക്കിയത്. കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുകയും എന്നാൽ മേൽക്കോടതിയിൽ ഇതിനെതിരെ ഹർജി പോയപ്പോൾ കീഴക്കോടതിയിൽ സമർപ്പിക്കപ്പെട്ട വകുപ്പുകളെ മുൻനിർത്തി കോടതി ശിക്ഷ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തു.

മധു കേസിലെ ‘മനപ്പൂർവമല്ലാത്ത നരഹത്യ’ എന്ന കോടതിയുടെ കണ്ടെത്തൽ സമാനമായി മനസ്സിലാക്കാൻ പറ്റുമെന്നാണ് തോന്നുന്നത് . അതോടൊപ്പം സാക്ഷികളുടെ കൂറുമാറ്റവും കേസിനെ മേൽത്തട്ടിലേക്ക് പോവുംതോറും ഇല്ലാതാക്കാൻ സഹായകമാവുന്നതാണ്. മരിച്ചത് മനപ്പൂർവമല്ലെങ്കിലും, മരിച്ചാലും സാരമില്ല എന്ന നിലയിലെ പ്രതികളുടെ ആക്രമണം തന്നെയാണ് മരണകാരണം. അതിന് പുറകിൽ പ്രവർത്തിക്കുന്നത് പ്രതികളുടെ ജാതിബോധവും അതിൽനിന്നുണ്ടായ ക്രൂരതയുമാണ്. അതിനെ തിരിച്ചറിഞ്ഞുണ്ടായ കുറ്റനിർണയം അല്ലല്ലോ ഇപ്പോൾ നടന്നത്. മറിച്ച് ഒരു കള്ളനെ പിടിക്കുമ്പോൾ വളരെ സാധാരണമായി ചെയ്ത ഒരു അതിരുകടന്ന പ്രതികരണം എന്ന നിലയിലാണ് കോടതി ഇതിനെ മനസ്സിലാക്കിയത്. രാജ്യത്തിന്റെ ജാതീയതയുടെ നേർസാക്ഷ്യത്തിന്റെ ഗൗരവം തന്നെ ഈ ഒരൊറ്റ പരാമർശത്തിൽ ഇല്ലാതായി എന്നതാണ് യാഥാർഥ്യം.

മധുവിനെ മർദ്ദിക്കുന്ന ആൾക്കൂട്ടം

മധു എന്ന പ്രതിനിധാനം

മധു കേവലം ഒരു വ്യക്തിയല്ല മറിച്ചൊരു പ്രതിനിധാനമാണ്. സാമ്പത്തിക-സാമൂഹിക പരാധീനതകൾ പരിഗണിക്കപ്പെടാത്ത, അദൃശ്യമാക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധാനം. അതുകൊണ്ട് തന്നെയാണ് കേസിന്റെ നീതിയെ പറ്റി ചർച്ചകൾ ഉണ്ടായിവന്നിട്ടുപോലും ഭക്ഷണത്തിനായി മോഷ്ടിക്കേണ്ടിവരുന്ന ഒരു വ്യക്തി എങ്ങനെ സിസ്റ്റത്തിൽ ഉണ്ടായെന്നോ, അയാളെ തല്ലിക്കൊല്ലാൻ എങ്ങനെ ഇക്കൂട്ടർക്ക് ധൈര്യം ഉണ്ടായി എന്നതോ ഇവിടെ അഭിസംബോധന ചെയ്യപ്പെടാത്തത്. കേരളത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ ഭീകരമായ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതില്ലെന്നും താത്കാലിക പ്രശ്നപരിഹാരമാണ് വേണ്ടതെന്നുമാണ് കാലങ്ങളായി നിയമസംവിധാനങ്ങൾ വിധികളിലൂടെ, ഇടപെടലുകളിലൂടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നടന്നത് നീതിയല്ല മറിച്ച് ഒരുതരം ഓർമപ്പെടുത്തൽ ആണ്. സമസ്തമേഖലകളിലും (തൊഴിൽ, വിദ്യാഭ്യാസം, ഭൂപ്രശ്നം) പിന്നോക്ക-ദലിത്-ആദിവാസി ജനതകൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെയും, മനഃപൂർവമല്ലെന്ന വിധി പ്രഖ്യാപനങ്ങളുടെയും ഓർമ്മപ്പെടുത്തൽ. ചരിത്രം കണക്കുചോദിക്കാതെ പോവുന്ന ഒരു അനുഭവം കൂടി രേഖകളിൽ. ആ ഓർമ്മപ്പെടുത്തലിനു വഴിയൊരുക്കിയവർക്ക്‌ സ്നേഹവും, മനഃപൂർവമല്ലാത്ത നരഹത്യയുടെ നീതിക്കാർക്ക് നല്ല നമസ്കാരവും മാത്രം നൽകാനെ തൽക്കാലം തരമുള്ളൂ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 20, 2023 4:17 pm