തടവറയില്‍ രണ്ടരയാണ്ട്, സിദ്ദീഖ് കാപ്പന്‍ ജയിൽ അനുഭവങ്ങൾ എഴുതുന്നു. അധ്യായം ഏഴ്.
വര: നാസർ ബഷീർ
2020 ഒക്ടോബര്‍ അഞ്ചിന് മാണ്ഡ് ടോള്‍ പ്ലാസയില്‍ നിന്ന് ഞങ്ങളെ കസ്റ്റഡിയില്‍ എടുത്ത യു.പി പോലീസ്, ഞങ്ങളുടെ അറസ്റ്റ് വിവരം മറച്ചുവയ്ക്കുകയായിരുന്നു. രാജ്യത്തെ ഏതൊരു പൗരനേയും കസ്റ്റഡിയില്‍ എടുക്കുമ്പോഴോ അറസ്റ്റ് ചെയ്യുമ്പോഴോ പൊലീസ് പാലിക്കേണ്ട, സുപ്രീകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ മഥുര പോലീസ് തയ്യാറായില്ല. അറസ്റ്റ് ചെയ്ത വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം പോലീസ് തിരിച്ചറിയല്‍ രേഖ സഹിതം റെജിസ്റ്റര്‍ ചെയ്തിരിക്കണം. അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ കുടുംബാംഗമോ പ്രദേശത്തെ ആദരണീയ വ്യക്തിയെയോ സാക്ഷിയാക്കി അറസ്റ്റ് മെമ്മോ തയ്യാറാക്കണം, ഇതില്‍ അറസ്റ്റിലായ വ്യക്തിയുടെ പേരും ഒപ്പും ഉണ്ടായിരിക്കണം. അറസ്റ്റിലായ ആളുടെ ബന്ധുക്കളെയോ സുഹൃത്തിനെയോ അടുത്തറിയാവുന്ന ആളെയോ അറസ്റ്റിനെ കുറിച്ച് അറിയിക്കണം. അറസ്റ്റ് നടന്ന് 12 മണിക്കൂറിനുള്ളില്‍ ഈ വിവരം കൈമാറിയിരിക്കണം, തുടങ്ങിയ വ്യവസ്ഥകളാണ് സുപ്രീം കോടതി മാര്‍ഗരേഖയിലുള്ളത്. പരമോന്നത നീതിപീഠത്തിന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍ പറത്തിയാണ് യു.പി പോലീസ് ഞങ്ങളോട് പെരുമാറിയത്.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങളുള്ള ഉമ്മയുമായി സംസാരിക്കുന്നതിനും നാട്ടില്‍ വീടുപണി നടക്കുന്നതിനാലും എത്ര തിരക്കിലായാലും ദിവസവും പല തവണ ഞാന്‍ മുടങ്ങാതെ വീട്ടില്‍ വിളിക്കാറുണ്ടായിരുന്നു. ഒക്ടോബര്‍ അഞ്ചിന് വിളി കാണാതായതോടെ, ഞാന്‍ എന്തെങ്കിലും വാര്‍ത്തയുടെ തിരക്കിലായിരിക്കും എന്നാണ് ഭാര്യ റൈഹാന കരുതിയത്. ഉച്ച സമയം കഴിഞ്ഞിട്ടും വിളി വരാതായപ്പോള്‍ തിരിച്ച് വിളിച്ച് നോക്കി. ഫോണ്‍ എടുക്കുന്നില്ല. ഡല്‍ഹിക്ക് പുറത്ത് വല്ല ഇന്റര്‍വ്യൂവും ചെയ്യാന്‍ പോയതായിരിക്കും എന്ന് കരുതി അവര്‍ രാത്രി പത്തുമണി വരെ കാത്തിരുന്നു. പത്തു മണിക്ക് ശേഷവും വിളി ഇല്ലാതായപ്പോള്‍, ഡല്‍ഹിയില്‍ ഞാന്‍ താമസിച്ചിരുന്ന റൂമിലെ ലാന്‍ഡ് ഫോണിലേക്ക് ഭാര്യ തുടരെ തുടരെ വിളിച്ച് നോക്കി. പ്രതികരണം ഇല്ലാതായപ്പോള്‍, പ്രമേഹ രോഗിയായ എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നാണ് അവര്‍ കരുതിയത്. ഫെയ്സ് ബുക്കിലും വാട്ട്സാപ്പിലും ഞാന്‍ അവസാനമായി കയറിയത് എപ്പോഴാണെന്ന് നോക്കി ഉറപ്പുവരുത്തി. രാത്രി രണ്ടു മണിക്ക് വീട്ടില്‍ നിന്ന് അയച്ച വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഞാന്‍ കണ്ടതായിട്ടുള്ള ബ്ലു ടിക് കണ്ടെങ്കിലും മെസ്സേജിനോട് പ്രതികരിക്കാതായപ്പോള്‍ ഭാര്യയുടെ ഭയവും സങ്കടവും രോഷമായി മാറിയിരുന്നു. എന്നാല്‍ പിന്നീട് അയച്ച വാട്ട്സാപ്പ് മെസ്സേജുകള്‍ക്കൊന്നും ബ്ലു ടിക് വീണില്ല. ആയിടെ ഭാര്യയുടെ പഴയ മൊബൈല്‍ ഫോണ്‍ കേടായതിനാല്‍, മറ്റൊരു ഫോണാണ് അവര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ, ഡല്‍ഹിയിലുള്ള മാധ്യമ പ്രവര്‍ത്തകരായ എന്റെ സുഹൃത്തുക്കളുടെ ആരുടേയും ഫോണ്‍ നമ്പര്‍ അതില്‍ ഉണ്ടായിരുന്നില്ല.
ഒക്ടോബര്‍ അഞ്ചിന് രാത്രി, രോഗിയായ എന്റെ ഉമ്മയേയും പറക്കമുറ്റാത്ത മൂന്ന് മക്കളേയും ഒരു സങ്കടവും അറിയിക്കാതെ, എന്റെ ഭാര്യ തീ തിന്ന് തള്ളി നീക്കി. അപ്പോഴേക്കും ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എന്റെ അറസ്റ്റിനെ കുറിച്ചുള്ള ഫ്ലാഷ് ന്യൂസ് സ്ക്രോള്‍ ചെയ്യുന്ന കാര്യം എന്റെ സഹോദരന്‍ ഹംസ അറിഞ്ഞിരുന്നു. അദ്ദേഹം രാവിലെ വീട്ടിലേക്ക് വിളിച്ചെങ്കിലും റൈഹാനയെ അറസ്റ്റ് വിവരം അറിയിച്ചിരുന്നില്ല. വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ ഭാര്യ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. രാവിലെ എട്ടുമണിയായപ്പോള്‍, ഞങ്ങളുടെ വീടു പണി നോക്കി നടത്തിയിരുന്ന എന്റെ അര്‍ദ്ധ സഹോദരി ഹസീന താത്തയുടെ മകന്‍ സിദ്ദീഖിനെ വിളിച്ച് ഭാര്യ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവന്‍ റൈഹാനയെ സമാധാനിപ്പിച്ച് ഫോണ്‍ കട്ടാക്കി, നേരെ വീട്ടിലേക്ക് വന്ന് അറസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ വളരെ തന്മയത്വത്തേടെ അവളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരായ സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം വിളിച്ചുകൊണ്ടിരുന്നു, ഇത്തരം അറസ്റ്റുകള്‍ സാധാരണ നടക്കുന്നതാണെന്നും കാപ്പന്‍ ഉടന്‍ മോചിതനാവുമെന്നും അവര്‍ സമാശ്വസിപ്പിച്ചു. കാപ്പന്‍ ഉടന്‍ മോചിതനാവുമെന്ന വാര്‍ത്തകളായിരുന്നു പിന്നീട് ചാനലുകളില്‍ കണ്ടത്. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ കാപ്പനെ കൊണ്ടുവരാനായി മഥുരയിലേക്ക് പുറപ്പെട്ടു എന്ന വാര്‍ത്തയും കുടുംബത്തിന് ആശ്വാസമായിരുന്നു. എന്നാല്‍, അപ്പോഴേക്കും കാര്യങ്ങള്‍ വേറൊരു തലത്തിലേക്ക് മാറിയിരുന്നു.
ഇതേ തുടര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റും സുഹൃത്തുമായ മിജി പി ജോസ്, അഡ്വക്കേറ്റ് വില്‍സ് മാത്യൂസ് മുഖേന ഒക്ടോബര്‍ ആറിന് സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് ഫയല്‍ ചെയ്തു. ഒക്ടോബര്‍ 12ന് സുപ്രിംകോടതി കേസ് പരിഗണിച്ചു. നിയമപരമായി ചുരുങ്ങിയത് ഏഴു ദിവസത്തിനകം ഏറിയാല്‍ 15 ദിവസത്തിനകം തീരുമാനം എടുക്കേണ്ട ഹേബിയസ് കോര്‍പ്പസ് റിട്ടില്‍, എന്റെ കാര്യത്തില്‍, ഏഴു മാസമെടുത്തു. 2021 ഏപ്രില്‍ 28നാണ് പരമോന്നത നീതിപീഠം ഹേബിയസ് കോര്‍പ്പസില്‍ തീരുമാനം എടുത്തത്. കേസ് പരമാവധി നീട്ടി കൊണ്ടുപോവുക എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കൈക്കൊണ്ടത്. ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി ഹേബിയസ് കോര്‍പ്പസില്‍ തീരുമാനമെടുത്തത്. ഹേബിയസ് കോര്‍പ്പസ് എന്ന പദത്തിന് അര്‍ത്ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലടക്കപ്പെട്ട വ്യക്തിയെ വിട്ടുകിട്ടാന്‍ ഉപയോഗിക്കുന്ന റിട്ടാണിത്. തടവിലാക്കപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ക്കും അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ റിട്ട് ഹർജിയുമായി കോടതിയെ സമീപിക്കാം.
ഡല്‍ഹിയില്‍, സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നീട്ടി വലിച്ച് കൊണ്ടു പോകുന്ന സമയത്ത്, മഥുരയില്‍ ഞങ്ങള്‍ക്കെതിരായ കേസ് ലോക്കല്‍ പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിനും അവിടെ നിന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനും (എസ്.ടി.എഫ്) കൈമാറിയിരുന്നു. 2020 ഒക്ടോബര്‍ 23ന് കേസ് നോയ്ഡ എസ്.ടി.എഫ് ഏറ്റെടുത്തു. കേസ് എസ്.ടി.എഫ് ഏറ്റെടുത്ത വിവരമൊന്നും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല. പത്രത്തില്‍ നിങ്ങളെ കുറിച്ചുള്ള വാര്‍ത്തയുണ്ടായിരുന്നു, എന്നൊക്കെ ചില നമ്പര്‍ദാര്‍മാരും റൈറ്റര്‍മാരുമൊക്കെ പറഞ്ഞുള്ള അപൂര്‍ണമായ ചില വിവരങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ഞങ്ങളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനായി എസ്.ടി.എഫ്, മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചു. 2020 നവംബര്‍ മൂന്നിന് അപേക്ഷ പരിഗണിച്ച കോടതി, കേസ് നവംബര്‍ നാലിലേക്ക് മാറ്റി. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് എസ്.ടി.എഫ് ആവശ്യപ്പെട്ടത്. രണ്ടു ദിവസത്തെ, 48 മണിക്കൂര്‍, കസ്റ്റഡി അനുവദിച്ച് കൊണ്ട് സി.ജെ.എം അഞ്ചു രാജ്പുത് ഉത്തരവിട്ടു.
നവംബര്‍ അഞ്ചിന് വ്യാഴാഴ്ച വൈകുന്നേരം ഞങ്ങളെ മഥുര ജയിലില്‍ നിന്ന് നോയ്ഡയിലെ ഗൗതം ബുദ്ധ നഗറിലുള്ള എസ്.ടി.എഫ് ഓഫീസിലേക്ക് കൊണ്ടു പോവാനായി നോയ്ഡ എസ്.ടി.എഫിലെ ഡി.വൈ.എസ്.പി ആര്‍.കെ പാലിവാല്‍, സബ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ കുമാര്‍ എന്നിവര്‍ കോടതി ഉത്തരവുമായി ജയിലിലേക്ക് വന്നു. സ്കൂളിലെ ഇടുങ്ങിയ താല്‍ക്കാലിക തടവറയില്‍ നിന്ന് ജില്ലാ ജയിലിന്റെ വിശാലമായ തടവറയിലേക്ക് എത്തിയതിന്റെ ആശ്വാസവും ‘സ്വാതന്ത്ര്യവും’ അനുഭവിക്കുന്നതിനിടയിലാണ് കസ്റ്റഡി വാറന്റ് വരുന്നത്. ഡിപിടി ജയിലര്‍ സന്ദീപ് ശ്രിവാസ്തവയുടെ റൈറ്ററായ മാസ്റ്റര്‍ ജിയാണ് കോടതി ഉത്തരവിന്റെ പകര്‍പ്പുമായി മുലായജ ബാരക്കിലേക്ക് വന്നത്. എസ്.ടി.എഫിന്റെ കസ്റ്റഡി വാറന്റാണെന്നും നിങ്ങളെ നാലു പേരേയും രണ്ടു ദിവസത്തേക്ക് എസ്.ടി.എഫ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ടെന്നും മാസ്റ്റര്‍ ജി പറഞ്ഞു. പോലീസ് കസ്റ്റഡി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആശങ്ക വര്‍ധിച്ചു. യു.പി പോലീസ് കസ്റ്റഡി മര്‍ദ്ദനത്തിന് കുപ്രസിദ്ധരാണ്. എസ്.ടി.എഫ് കസ്റ്റഡിയില്‍ മര്‍ദ്ദനം സാധാരണ സംഭവമാണെന്നും മര്‍ദ്ദനത്തിനിടെ മരണം വരെ സംഭവിക്കാറുണ്ടെന്നും സഹ തടവുകാരില്‍ ചിലര്‍ പറഞ്ഞു. ഇല്ല്യാസ് ചാച്ച അടക്കമുള്ള ചില തടവുകാര്‍ ഞങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ നിരപരാധികളാണെന്നും ദൈവം നിങ്ങളെ കൈവിടില്ലെന്നും പറഞ്ഞ് അവര്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ജയിലില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകുന്നവരെ ജയിലിലെ ക്ലിനിക്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും, വൈദ്യപരിശോധന എന്ന് പറഞ്ഞാല്‍, ഷര്‍ട്ടും പാന്റ്സും അഴിച്ച് ക്ലിനിക്കിലെ ഡോക്ടറുടെ മുന്‍പില്‍ നില്‍ക്കുക എന്നതാണ്. അദ്ദേഹം ശരീരത്തില്‍ മുറിവൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തും, അതില്‍ തടവുകാരന്‍ പേരെഴുതി കൈയ്യടയാളം വെക്കണം.
ഞങ്ങള്‍ നാലു പേരുടേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി, വൈകുന്നേരം ആറു മണിയോടെ മാസ്റ്റര്‍ ജി ഞങ്ങളെ ജയില്‍ സൂപ്രണ്ടിന്റെയും ജയിലറുടേയും ഓഫീസിന്റെ മുന്‍വശത്തുള്ള ഇടനാഴിയിലേക്ക് കൊണ്ടുപോയി. അവിടെ ജയിലറും മറ്റു രണ്ടു പേരും ഞങ്ങളെയും പ്രതീക്ഷിച്ച് നില്‍ക്കുന്നു. അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഇരുനിറത്തിലുള്ള ഒരാളും നാല്‍പ്പത് പിന്നിട്ട മറ്റൊരാളുമാണ് ജയിലറോട് ഒപ്പം നില്‍ക്കുന്നത്. ജയിലറാണ് ഞങ്ങളോട് ആദ്യം സംസാരിച്ചത്. ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാണോ എന്നറിയില്ല, ജയിലര്‍ പറഞ്ഞു,
‘നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, ഇത് നോയ്ഡ എസ്.ടി.എഫ് ഉദ്യോഗസ്ഥരാണ്, ഇവര്‍ നിങ്ങളെ ഉപദ്രവിക്കില്ല. നല്ല ഉദ്യോഗസ്ഥരാണ്’
ജയിലര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന് തോന്നിക്കുന്നയാള്‍ ഞങ്ങളെ വെറുതെ നോക്കുകമാത്രം ചെയ്തു. ജയിലറുടെ സംസാരം കഴിഞ്ഞയുടനെ ചെറുപ്പക്കരനായ ഉദ്യോഗസ്ഥന്‍ പറഞ്ഞു,
‘ഞങ്ങള്‍ സി.ബി.ഐയെ പോലെ വളരെ പ്രൊഫഷണലാണ്, ചോദ്യം ചെയ്യുമ്പോള്‍ ശാരീരിക പീഢനങ്ങള്‍ നടത്തില്ല. നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.’
ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിക്കാതെ, ജയിലറും എസ്.ടി.എഫ് ഉദ്യോഗസ്ഥനും പറഞ്ഞത് കേട്ടുകൊണ്ട് മൗനികളായി നിന്നു. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രാത്രി ഇരുട്ടിയിരുന്നു. നവംബറിന്റെ തണുപ്പിലും ശരീരമാകെ ചൂടാണെനിക്ക് അനുഭവപ്പെട്ടത്. കമ്പിളിയോ പുതപ്പോ എടുക്കാന്‍ എസ്.ടി.എഫ് ഉദ്യോഗസ്ഥന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ പക്കല്‍ പുതപ്പോ കമ്പിളിയോ ഉണ്ടായിരുന്നില്ല. ബാരക്കിലുണ്ടായ മറ്റു തടവുകാരുടെ ബ്ലാങ്കറ്റിനടിയിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. അത്യാവശ്യം കുറച്ച് വസ്ത്രങ്ങള്‍ അത്തീക്കുറഹ്മാന്റെ അമ്മാവന്‍ ഇതിനോടകം എത്തിച്ചുകൊടുത്തിരുന്നു. അതില്‍ നിന്ന് ചിലതൊക്കെ ഞങ്ങള്‍ നാലു പേരും അവരവര്‍ക്ക് സൈസ് ഒക്കുന്നത് മാറി മാറി ധരിക്കുകയായിരുന്നു.
ജയിലില്‍ നിന്ന് എസ്‍.ടി.എഫിന്റെ കൂടെ പുറത്തിറങ്ങാന്‍ നേരത്ത് രണ്ടു പേരില്‍ ജൂനിയറായിട്ടുള്ള ഉദ്യോഗസ്ഥന്‍ ഞങ്ങളോട്, പുറത്ത് മാധ്യമ പ്രവര്‍ത്തകരുണ്ടെന്നും എന്തെങ്കിലും വസ്ത്രങ്ങള്‍കൊണ്ട് മുഖം മറക്കണമെന്നും ആവശ്യപ്പെട്ടു. എന്റെ കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരും അവരുടെ കയ്യിലുണ്ടായിരുന്ന ഏതൊക്കെയോ വസ്ത്രങ്ങള്‍ കൊണ്ട് മുഖം മറച്ചു. ഞാന്‍ മാത്രം മുഖം മറച്ചില്ല. മുഖം മറക്കാതെ ചാനല്‍ ക്യാമറകളെ അഭിമുഖീകരിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ പുറത്തിറങ്ങിയത്. ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന പോലീസ് വാഹനം ജയിലിന്റെ മെയിന്‍ ഗെയ്റ്റിനോട് അടുപ്പിച്ച് നിര്‍ത്തിയതിനാല്‍, ചാനല്‍ ക്യാമറകള്‍ക്ക് ഞങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായില്ല. ഞങ്ങള്‍ വാഹനത്തില്‍ കയറിയതിന് ശേഷവും ചാനല്‍ ക്യാമറകള്‍ ഞങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
എ.ബി.പി ന്യൂസ്, ആച് തക്, റിപ്പബ്ലിക്ക് ടിവി അടക്കമുള്ള ഹിന്ദി ചാനലുകളുടെ മാധ്യമ പ്രവര്‍ത്തകരും ഏതാനും യൂട്യൂബര്‍മാരുമാണ് അവിടെ എത്തിയിരുന്നത്. മൊബൈല്‍ ക്യാമറകളും ചാനല്‍ ക്യാമറകളും ഒരേ സമയം ലൈവ് സംപ്രേഷണം ചെയ്യുന്നതിനാല്‍, ഇടക്ക് ഉച്ചത്തില്‍ വരുന്ന ഹാത്രസ്, ആതംഗവാദി, കാപ്പന്‍, പത്രകാര്‍… തുടങ്ങിയ ഏതാനും വാക്കുകള്‍ മാത്രമെ എനിക്ക് കേള്‍ക്കാന്‍ സാധിച്ചുള്ളു. എന്നാല്‍, വാഹനത്തില്‍ എന്റെ അടുത്തിരുന്നിരുന്ന ഡ്രൈവര്‍ ആലം, വളരെ സങ്കടത്തോടെ പറഞ്ഞു, ‘സിദ്ദിഖ് ഭായ്, യേ ലോഗ് ഹമേ ആതംഗവാദി ബന്‍ഗയ ‘ – സിദ്ദിഖ് ഭായ്, ഇവര്‍ നമ്മേ തീവ്രവാദികളാക്കി… ആലമിന് അത് വലിയ ഷോക്കായിരുന്നു. അദ്ദേഹം വാഹനത്തില്‍ തല താഴ്ത്തി ഇരുന്നു. ആലമിന്റെ വലത്തെ കൈയ്യും എന്റെ ഇടത്തെ കൈയ്യും കൂട്ടിയാണ് കൈയ്യാമംവെച്ചിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാനുള്ള വിഫല ശ്രമങ്ങള്‍ നടത്തി. ഇന്ന് മോചിതനാവും നാളെ മോചിതനാവും എന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് ആലം. മയക്കു മരുന്ന്, ബലാത്സംഗം , കൊലപാതക കേസുകളില്‍ വരെ ജയിലില്‍ എത്തുന്നവര്‍ പെട്ടെന്ന് പെട്ടെന്ന് ജാമ്യത്തിലിറങ്ങി പോകുന്നത് കണ്ടുകൊണ്ടിരിക്കുന്ന ആലം കരുതിയത് ഞങ്ങളും പെട്ടെന്ന് പുറത്തിറങ്ങുമെന്നാണ്. എഴുത്തും വായനയും അറിയാത്ത ആലം കരുതിയതും നിരന്തരം പറയുകയും ചെയ്യാറ്,
’ഏക് സൗ ഇക്യാവന്‍ മേ ജല്‍ദിസെ ജല്‍ദി ജമാനത്ത് മില്‍ ജായേഗ.’
– സി.ആര്‍.പി.സി 151ല്‍ വളരെ പെട്ടെന്ന് ജാമ്യം കിട്ടും – (ഏക് സൗ ഇക്യവന്‍ എന്നു പറഞ്ഞാല്‍ നൂറ്റി അമ്പത്തി ഒന്ന് എന്നേ അര്‍ത്ഥമുള്ളൂ, എന്നാല്‍ ഹിന്ദിക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് ജയിലിനകത്ത് സി.ആര്‍.പി.സി 151നാണ് ഇങ്ങനെ പറയുന്നത്)
എസ്.ടി.എഫ് ഉദ്യോഗസ്ഥര്‍ ഞങ്ങളെയും കൊണ്ട് ഗൗതം ബുദ്ധ നഗര്‍ ലക്ഷ്യമാക്കി കുതിക്കുകയാണ്. ഞങ്ങള്‍ നാലു പേരും കൂടുതലായി ഒന്നും സംസാരിക്കുന്നില്ല. എല്ലാവരും പുറത്തേക്ക് കണ്ണും നട്ട് കാഴ്ചകളും കണ്ടിരിക്കുകയാണ്. അന്ന് വ്യാഴാഴ്ചയായതിനാല്‍ ഞങ്ങള്‍ വ്രതത്തിലായിരുന്നു. നോമ്പ് മുറിക്കേണ്ട സമയമായപ്പോള്‍ ഞങ്ങള്‍ എസ്.ടി.എഫ് ഉദ്യോഗസ്ഥരോട് അല്‍പം വെള്ളം ചോദിച്ചു. ടൗണ്‍ കഴിഞ്ഞ് ഒഴിഞ്ഞ പ്രദേശത്തെത്തിയിട്ട് വല്ല കടയും കണ്ടാല്‍ വെള്ളം വാങ്ങിച്ച് തരാമെന്ന് അവര്‍ പറഞ്ഞു. ട്രാഫിക് ജാം കാരണം മഥുര ടൗണ്‍ വിടാന്‍ തന്നെ ഒരു മണിക്കൂറില്‍ അധികം സമയമെടുത്തു, കുറേ ദൂരം സഞ്ചരിച്ചതിന് ശേഷം എസ്.ടി.എഫ് ഞങ്ങള്‍ക്ക് ഒരു കുപ്പി വെള്ളം വാങ്ങിതന്നു.
മഥുര ജില്ലാ അതിര്‍ത്തി വിട്ടതിന് ശേഷം ഞങ്ങളുടെ വാഹനം ഒരു റോഡരികില്‍ വിജനമായ പ്രദേശത്ത് നിര്‍ത്തി. നോയ്ഡ് എക്സ്പ്രസ് വേയുടെ സമീപത്താണ് വാഹനം നിര്‍ത്തിയിരിക്കുന്നതെന്ന് പുറത്തെ സൂചന ബോര്‍ഡുകളില്‍ നിന്ന് മനസ്സിലായി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വേറെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ ഞങ്ങള്‍ ഇരിക്കുന്ന വാഹനത്തിന് ചുറ്റും വന്ന് പാര്‍ക്ക് ചെയ്തു. അതില്‍ നിന്ന് കുറെപ്പേര്‍ പുറത്തിറങ്ങി, അവര്‍ കൂട്ടം കൂടി നിന്ന് പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു, ഞങ്ങള്‍ക്ക് ആശങ്ക വര്‍ധിച്ചു. ഞങ്ങള്‍ പരസ്പരം നോക്കി. കുറച്ച് സമയത്തെ നിശബ്ദത ഭേദിച്ച് കൊണ്ട്, അത്തീക്കുറഹ്മാന്‍ പറഞ്ഞു,
‘ഹിമ്മത്ത് രഖോ’ – ധൈര്യത്തില്‍ നില്‍ക്കൂ –
എല്ലാവരും അതു തന്നെ ആവര്‍ത്തിച്ചു. എന്തും നേരിടാനുള്ള ധൈര്യം സ്വയം സംഭരിക്കുകയായിരുന്നു ഞങ്ങള്‍. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ വാഹനത്തിന്റെ വാതില്‍ തുറക്കപ്പെട്ടു. ഞങ്ങളുടെ കൈവിലങ്ങുകള്‍ അഴിച്ച്, ഞങ്ങളെ രണ്ടുപേരെ വീതം ഓരോ വാഹനത്തിലേക്ക് മാറ്റി കയറ്റി. ഇക്കുറി ഞാനും അത്തീക്കുറഹ്മാനുമാണ് ഒരു വണ്ടിയില്‍. മസൂദും ആലമും മറ്റൊരു വണ്ടിയിലും. രണ്ടു വാഹനവും എസ്.യു.വി (സ്പോര്‍ട്സ് യൂടിലിറ്റി വെഹിക്കിള്‍) വാഹനങ്ങളായിരുന്നു. മുന്നിലെ സീറ്റില്‍ ഡ്രൈവറും മറ്റൊരാളും, പിറകിലെ സീറ്റില്‍ ഞങ്ങള്‍ രണ്ടു പേരെ കൂടാതെ, രണ്ടു ഡോറുകളുടെയും വശത്ത് രണ്ടു പേരും ഞങ്ങളുടെ പിറകിലെ സീറ്റില്‍ രണ്ട് ആയുധധാരികളും. പിറകിലെ സീറ്റിലിരിക്കുന്ന തോക്കുധാരികളായ രണ്ടുപേരും കറുത്ത യൂണിഫോം ധരിച്ചിരിക്കുന്നു. രണ്ടാളുടേയും യൂണിഫോമില്‍ പേര് പ്രദര്‍ശിപ്പിച്ചിട്ടില്ല. ഏത് സേനയുടെ ഭാഗമാണെന്ന ചിഹ്നവും ധരിച്ചിരുന്നില്ല. ബാക്കി ഡ്രൈവറടക്കം നാലുപേരും സിവില്‍ ഡ്രസ്സിലാണ്. നാലുപേരുടേയും അരയില്‍ തോക്കുകളുണ്ട്. ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അകമ്പടിയായി മുന്‍പിലും പിറകിലുമായി കുറെ ജിപ്സി വാഹനങ്ങളും. അതില്‍ എല്ലാം കറുത്ത യൂണിഫോം ധാരികളും സിവില്‍ ഡ്രസ്സിലുള്ള ഏതാനും പേരുമാണ് ഉണ്ടായിരുന്നത്. വാഹനങ്ങള്‍ അമിത സ്പീഡിലാണ് പോകുന്നത്. അപ്പോഴേക്കും മരണം അടക്കം എന്തും നേരിടാനുള്ള മാനസികാവസ്ഥയിലേക്ക് മാറിയിരുന്നു ഞങ്ങള്‍. ഒന്നുകില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടേക്കാം അല്ലെങ്കില്‍ വെടിയേറ്റ് മരിക്കാം. ഏതിനും മനസ്സിനെ പാകപ്പെടുത്തി, ദൈവ നാമം ജപിച്ച് കൊണ്ട് വാഹനത്തില്‍ ഇരുന്നു.
മഥുര ജയിലില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട തടവുകാരന്റെ സഹോദരന്‍ പറഞ്ഞ വിവരങ്ങളും മഥുര ജില്ലാ ജയിലിലെ ഡെപ്യൂട്ടി ജയിലര്‍ക്ക് നേരേ വെടിവെപ്പുണ്ടായ വാര്‍ത്തയും എല്ലാം ഇതിനോടകം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ യാത്രയില്‍ മരണത്തില്‍ കുറഞ്ഞ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഭയത്തിന്റെ പാരമ്യത നിര്‍ഭയത്വമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഈ യാത്രയിലാണ്. നോയ്ഡ എക്സ്പ്രസ് വേയിലൂടെ എത്ര സ്പീഡില്‍ ഓടിയിട്ടും ഞങ്ങളുടെ വാഹനം ഗൗതം ബുദ്ധ നഗറിലെ എസ്.ടി.എഫ് ആസ്ഥാനത്ത് എത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു എന്റെ ചിന്ത മുഴുവന്‍. ഗൗതം ബുദ്ധ നഗറില്‍ നിന്ന് ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലേക്ക് 47 കിലോ മീറ്ററിനടത്തെ ദൂരമുള്ളു.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഡല്‍ഹിയില്‍ ജീവിച്ചുവരുന്ന എനിക്ക് നോയ്ഡയും ഗൗതം ബുദ്ധ നഗറും കാളിന്ദി കുഞ്ചും എല്ലാം നല്ല പോലെ പരിചയമുള്ള പ്രദേശങ്ങളാണ്. ഈ യാത്രയില്‍ പലതും ഞാന്‍ ചിന്തിച്ച് കൂട്ടി. ചിന്തകള്‍ കാടു കയറുമ്പോള്‍ ഞാന്‍ കൂടുതല്‍ ദൈവ സ്മരണയിലായി കഴിച്ചുകൂട്ടും. ഞങ്ങളുടെ വാഹന വ്യൂഹം കുറെ മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ യാത്ര ചെയ്തിരുന്ന കാറിന്റെ മുന്‍സീറ്റിലിരുന്നയാള്‍ എന്നോട്, പേരും നാടും എല്ലാം ചോദിച്ചു. ഞാന്‍ എല്ലാം പറഞ്ഞു കൊടുത്തു. വളരെ മാന്യമായാണ് അദ്ദേഹം സംസാരിച്ചത്. കുശലാന്വേഷണങ്ങള്‍ക്കിടെ, അദ്ദേഹം, മുന്‍പ് ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ വന്നിട്ടുണ്ടെന്നും അവിടുത്തെ ജനങ്ങള്‍ വളരെ നല്ലവരാണെന്നുമൊക്കെ പറഞ്ഞു. കേരളത്തെയും മലപ്പുറം ജില്ലയേയും കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഈ സംസാരം എനിക്ക് ചെറിയൊരു ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു.
രാത്രി വളരെ വൈകിയാണ് ഞങ്ങളെ ഗൗതം ബുദ്ധ നഗറിലെ എസ്.ടി.എഫ് ആസ്ഥാനത്തെത്തിച്ചത്. ബഹു നിലക്കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു ഓഫീസിലാണ് ഞങ്ങളെ ഇരുത്തിയത്. ഞങ്ങള്‍ക്ക് ഇരിക്കാനായി മുഷിഞ്ഞ ഒരു ബ്ലാങ്കറ്റ് നിലത്ത് വിരിച്ചിരിക്കുന്നു. ഞങ്ങളുടെ കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്.ടി.എഫ്, ഡി.വൈ.എസ്.പി ആര്‍.കെ പാലിവാല്‍ വളരെ മാന്യമായാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളുടെ കൈയ്യാമം ഊരി മാറ്റാനും ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അദ്ദേഹം കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എസ്.ടി.എഫിലെ മറ്റൊരു ഡി.വൈ.എസ്.പിയായിരുന്ന വിനോദ് സിങ് സിറോഹിയും അവിടെ ഉണ്ടായിരുന്നു. അദ്ദേഹവും ഞങ്ങളുമായി സംസാരിച്ചു. അന്നു രാത്രി ഞങ്ങളെ ചോദ്യം ചെയ്തില്ല. പക്ഷേ, മേലുദ്യോഗസ്ഥര്‍ പോയതിന് ശേഷം ഞങ്ങളുടെ സുരക്ഷയ്ക്കായി നിര്‍ത്തിയ ശിപായിമാര്‍ വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളുടെ കൈയ്യാമം അഴിച്ചുമാറ്റാനോ ഭക്ഷണം നല്‍കാനോ ടോയ്ലറ്റില്‍ പോകാനോ അനുവദിച്ചില്ല. ടോയ്ലറ്റില്‍ പോകാന്‍ നിരന്തരം ആവശ്യപ്പെട്ടാല്‍ തെറി പറഞ്ഞുകൊണ്ടാണ് കൊണ്ടു പോകുക. എസ്.ടി.എഫ് ഓഫീസിനകത്തെ ടോയ്ലറ്റില്‍ പോകാന്‍ അനുവാദം ലഭിച്ചാല്‍ തന്നെ തോക്കേന്തിയ ഒരു ശിപായി ടോയ്ലറ്റ് വരെ വരും, വാതില്‍ അടക്കാതെ വേണം ടോയ്ലറ്റ് ഉപയോഗിക്കാന്‍, പാന്റിന്റെ അര ഭാഗം പിറകില്‍ നിന്ന് ശിപായി മുറുകെ പിടിച്ചിട്ടുണ്ടാവും. ഉത്തര്‍ പ്രദേശ് പോലീസ് കൂടുതലും വായ തുറക്കുന്നത് തംബാക്കു ചവച്ച് തുപ്പാനും തെറി പറയാനുമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ‘മാദര്‍ ചൂത്ത് ‘,’ ബഹന്‍ ചൂത്ത്’, ‘ബഹന്‍ കി ലണ്ഢ് ‘,… (ഇതിനെയൊന്നും മലയാളീകരിക്കുന്നില്ല) തുടങ്ങിയ സ്ത്രീ വിരുദ്ധമായ തെറികള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടുണ്ട്. (തുടരും)