Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
അമ്മയുടെ മാല പണയം വച്ചാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശി സന്ദീപ് സതീഷ് ദുബായിലേക്ക് പറന്നത്. സേഫ്റ്റി മേഖലയില്‍ ജോലി കിട്ടിയതുകൊണ്ട് പെങ്ങളുടെ കല്യാണത്തിനെടുത്ത കടങ്ങള്‍ അടച്ചുതീര്‍ക്കാം, അടിത്തറ മാത്രം കെട്ടിയ വീടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാം… എന്നിങ്ങനെ നിരവധി സ്വപ്‌നങ്ങളായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തോടെ എല്ലാം തകിടം മറിഞ്ഞു. ഒമ്പത് മാസം ശമ്പളമില്ലാതെ ജോലി ചെയ്തു. ഒരു വഴിയുമില്ലാതെ വന്നിട്ടും അവിടെ തന്നെ പിടിച്ചുനിന്നു. ഒമ്പത് മാസത്തെ ശമ്പളത്തിന് പകരം നൂറ് ദിര്‍ഹം നല്‍കി ജോലി ചെയ്തിരുന്ന കമ്പനി കയ്യൊഴിഞ്ഞു. ഒടുക്കം നാട്ടിലേക്ക്. സമ്പാദ്യമായുണ്ടായിരുന്ന 1000 ദിര്‍ഹവും ചിലവായി. ടിക്കറ്റ് എടുത്ത് ഒരുവിധം നാട്ടിലെത്തി. നാട്ടിലെത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. എന്നാല്‍ ആവശ്യങ്ങള്‍ തികയ്ക്കാന്‍ മാത്രം വരുമാനമുള്ള ഒരു ജോലിയും സന്ദീപിന് ലഭിച്ചില്ല. “കണ്ടെയ്‌നര്‍ ലോറിയില്‍ ക്ലീനറായിട്ട് പോകും. അമ്മ കിഡ്‌നി രോഗിയാണ്. അതിന്റെ ചികിത്സാ ചെലവുണ്ട്. വീടിന്റെ ലോണ്‍, പെങ്ങളുടെ കല്യാണക്കടം… ഒന്നും തീര്‍ന്നിട്ടില്ല. വിദേശത്ത് പോയെങ്കിലും ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല. നോര്‍ക്ക സഹായം നല്‍കും എന്ന് പറഞ്ഞു. അതും കിട്ടിയില്ല” സന്ദീപ് പറഞ്ഞു.
കോവിഡ് കാലത്ത് കേരളത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണ് പ്രവാസികളുടെ മടങ്ങിവരവ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയവരും ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം തിരികെ മടങ്ങാനാവാതെ ജോലി നഷ്ടപ്പെട്ടവരുമടങ്ങുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതിനിധിയാണ് സന്ദീപ്. മടങ്ങിപ്പോവാനുള്ള ശ്രമത്തിലാണ് ചിലര്‍. അതിന് വഴിയില്ലാത്തവര്‍ നാട്ടില്‍ ജോലി തേടുന്നു. ചിലര്‍ക്ക് ചെറിയ ജോലികള്‍ ലഭിച്ചു. എന്നാല്‍ അതുപോലും കിട്ടാത്തവരാണ് നിരവധി. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളില്‍ മടങ്ങേണ്ടി വന്നത് എത്രപേര്‍ക്കാണ്? 14 ലക്ഷത്തിലധികം പേര്‍ക്കെന്ന് നോര്‍ക്ക റൂട്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇരുപത് ലക്ഷത്തിലധികം വരുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ പറയുന്നു. എത്രപേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നതിന് കൃത്യമായ രേഖകളില്ലെന്ന് നോര്‍ക്ക റൂട്‌സ് അധികൃതരും സമ്മതിക്കുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്, ‘മടങ്ങി വന്നവര്‍ എത്രപേരായാലും ആരുടേയും ജീവിതം നല്ല രീതിയിലായിരിക്കില്ല’ എന്ന്. ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നു. എന്നാല്‍ അതെല്ലാം പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മാത്രമാണെന്ന് മടങ്ങി വന്ന പ്രവാസി സമൂഹത്തിന്റെ ജീവിതം വ്യക്തമാക്കുന്നു. പുനരധിവാസ പ്രഖ്യാപനങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഏറെക്കുറെ പ്രഖ്യാപനങ്ങള്‍ മാത്രമാവുമ്പോള്‍ ജീവിക്കാനും ബാധ്യതകള്‍ തീര്‍ക്കാനുമായി എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് മടങ്ങി വന്നവർ.
“പണവും വിസയുമില്ലാത്ത പ്രവാസിയുടെ ജീവിതം പട്ടികള്‍ക്ക് തുല്യമാണ്.” വയനാട് സ്വദേശി വിനോദ് ശങ്കര്‍ പറയുന്നു. “സഹോദരിക്ക് സുഖമില്ലാതെ 14 ദിവസത്തെ ലീവിന് നാട്ടിലെത്തിയതാണ്. ഖത്തറില്‍ അത്യാവശ്യം തരക്കേടില്ലാത്ത ജോലിയായിരുന്നു. 2020 ഫെബ്രുവരി 23നാണ് നാട്ടിലെത്തിയത്. പിന്നീട് തിരികെ പോവാന്‍ കഴിഞ്ഞില്ല. അതോടെ വിസ ക്യാന്‍സല്‍ ആയി. പുതിയ ജോലി, വിസ ഒക്കെ അന്വേഷിച്ച് കുറേക്കാലം അലഞ്ഞു. ജോലിയില്ലാതെ നാട്ടില്‍ കഴിയേണ്ടിവന്നതോടെ കുടുംബം അവരുടെ വഴിക്ക് പോയി. പണമാണല്ലോ അടിസ്ഥാന പ്രശ്‌നം? പ്രവാസികളായ സുഹൃത്തുക്കളുടെയെല്ലാം സഹായം കൊണ്ടാണ് ഇപ്പോഴും ഇവിടെ പിടിച്ചുനില്‍ക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചാണ് 2008ല്‍ ഗള്‍ഫില്‍ പോവുന്നത്. ഗൾഫിലെ ജോലി പോയിട്ടും നാട്ടിൽ ഇതുവരെ ഒരു തൊഴിലു കണ്ടെത്താൻ കഴിഞ്ഞില്ല. ഇടക്ക് ലോറിയില്‍ ക്ലീനറായി പോവും. നാടിന്റെ പ്രധാന വരുമാനമായിരുന്നല്ലോ പ്രവാസികള്‍. എന്നിട്ടും അവര്‍ തിരികെ എത്തുമ്പോള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ല. മറ്റൊരു ജോലി കണ്ടെത്താനുള്ള സാഹചര്യമൊരുക്കി നല്‍കാനെങ്കിലും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ തുച്ഛമായ ഒരു തുക നല്‍കി കയ്യൊഴിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തെ ഇന്നത്തെ കേരളമാക്കിയ പ്രവാസികള്‍ ദുരിതത്തിന് മുകളില്‍ ദുരിതത്തിലുമാണ്”.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ പ്രതിരോധിക്കാനായി പല രാജ്യങ്ങളും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളെല്ലാം അതിര്‍ത്തികളടക്കുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. സാധാരണ ജോലികള്‍ ചെയ്തിരുന്ന പ്രവാസിയുടെ ദുരിതം അന്ന് തുടങ്ങിയതാണ്. ലേബര്‍ ക്യാമ്പുകളിലേക്കും ഷെയര്‍ റൂമുകളിലേക്കും ഭക്ഷണം പോലും വേണ്ടവിധം കഴിക്കാനില്ലാതെ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നവരാണ് പലരും. ജോലി നഷ്ടമായതോടെ പലര്‍ക്കും ഈ രാജ്യങ്ങളില്‍ പിടിച്ച് നില്‍ക്കാനായില്ല. ഒടുവിൽ മറ്റ് മാർഗങ്ങളില്ലാതെ ദാരിദ്ര്യത്തിന്റെയും ബാധ്യതകളുടേയും നടുവിലേക്ക് ഇവര്‍ മടങ്ങി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളീയ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സംവിധാനമാണ് നോര്‍ക്ക റൂട്‌സ് (NORKA-Non Resident Keralite Affairs). സര്‍വ്വ പ്രതീക്ഷകളും അവസാനിച്ച് നാട്ടിലേക്ക് മടങ്ങിയവരും, യാത്രാവിലക്കില്‍ കുരുങ്ങി വിസ കാലാവധി തീര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും എല്ലാം നോര്‍ക്കയിലാണ് പ്രതീക്ഷയര്‍പ്പിച്ചത്. മടങ്ങിയെത്തിയ, വിദേശത്തേക്ക് പോവാനാവാത്ത പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുന്നില്ല എന്ന പരാതിയാണ് ഭൂരിപക്ഷം പേരും ഉന്നയിക്കുന്നത്.
സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
നോര്‍ക്ക റൂട്‌സിന്റെ കണക്ക് പ്രകാരം 2020 മെയ് മുതല്‍ 2021 മെയ് വരെ കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ 13.67 ലക്ഷം പേരാണ്. മടങ്ങിവന്ന പ്രവാസികള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നോര്‍ക്ക റൂട്‌സ് അടുത്തകാലത്ത് പ്രഖ്യാപിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചവർക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ 18 ഇന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. പുനരധിവാസത്തിനായി വായ്പ പദ്ധതി, മരണാനന്തര ധനസഹായം, ചികിത്സാ സഹായം, പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായം, അംഗപരിമിതരുടെ പരിപാലനം എന്നിങ്ങനെ വിവിധ പദ്ധതികള്‍ ഉൾപ്പെടുന്നതാണ് ‘സാന്ത്വനം’.
“പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനായി സഹായം നല്‍കുന്നതിന് എന്‍ഡിപ്രേം എന്ന പദ്ധതിയുണ്ട്. വിവിധ ബാങ്കുകളുമായി സംസാരിച്ച് സ്വയം തൊഴില്‍ വായ്പകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ലഭിക്കുക. ഇതിന്റെ 15 മുതല്‍ 30 ശതമാനം വരെ കാപ്പിറ്റല്‍ സബ്‌സിഡി നോര്‍ക്ക റൂട്‌സ് നല്‍കും. പലിശ കൃത്യമായി അടക്കുന്നവര്‍ക്ക് നാല് ശതമാനം അധിക സബ്‌സിഡിയും ലഭ്യമാക്കും. കൃഷി, സേവന, നിര്‍മ്മാണ, വ്യാപാര, ഐ.ടി മേഖലകളിലെല്ലാം സംരംഭങ്ങള്‍ തുടങ്ങാം. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവാസി ഭദ്രക പേള്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും. കുടുംബശ്രീ വഴിയാണ് ഇത് നടപ്പാക്കുന്നത്.” നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. പലിശരഹിത വായ്പകള്‍ ബാങ്കുകള്‍ വഴി ലഭ്യമാക്കാനും വിദേശത്ത് സംരംഭങ്ങള്‍ നിര്‍ത്തിപോരേണ്ടി വന്നവര്‍ക്കായുള്ള അദാലത്ത് സംഘടിപ്പിക്കാനും നടപടികള്‍ എടുത്തതായി അദ്ദേഹം പറഞ്ഞു.
“നോര്‍ക്ക റൂട്‌സില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉണ്ട്. അത് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കി സെന്റര്‍ വഴി നിയമപരമായ സപ്പോര്‍ട്ട് ഉള്‍പ്പെടെ നല്‍കും. പ്രധാനമായും ഒരു ഡാറ്റ സെന്റര്‍ ഡാറ്റ സയന്റിസ്റ്റുകളെ നിയമിച്ച് രൂപീകരിക്കുക എന്നതും ആലോചനയിലുണ്ട്” ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതികളിലൂടെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരു പരിധിവരെ അതിന് കഴിയുന്നുണ്ടെന്ന് നോര്‍ക്ക റൂട്‌സ് അധികൃതര്‍ ആത്മവിശ്വാസം പങ്കുവച്ചു. 2020-21 വര്‍ഷത്തില്‍ 782 സംരംഭങ്ങളും 2021-22 വര്‍ഷത്തില്‍ 156 സംരംഭങ്ങളും പ്രവാസികള്‍ക്ക് തുടങ്ങാനായി എന്ന് നോര്‍ക്ക റൂട്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 5000 രൂപ വീതം ഒറ്റത്തവണ ധനസഹായം നല്‍കിയതായി അധികൃതര്‍ പറയുന്നു. 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം നല്‍കിയത്. ഇതിന് പുറമെ പെന്‍ഷന്‍ യഥാസമയം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതായും നോര്‍ക്ക പറയുന്നു.
പദ്ധതികള്‍ നിരവധി, പ്രയോജനമില്ല
“ബാങ്കിലേക്ക് ചെന്നാല്‍, ഈട് വേണം. തിരിച്ചടക്കാന്‍ കഴിവുണ്ടാവണം. സാമ്പത്തിക ഭദ്രത ഉണ്ടാവണം. ഇത്രയും ഉണ്ടെങ്കില്‍ പിന്നെ ബാങ്കിലേക്ക് വായ്പയ്ക്ക് വേണ്ടി ചെല്ലേണ്ട കാര്യമുണ്ടോ? 22 കൊല്ലം വിദേശത്ത് അധ്വാനിച്ചിട്ടാണ് വീട് വച്ചത്, മകളുടെ വിവാഹം നടത്തിയത്. അതിന്റെ തന്നെ വായ്പകള്‍ മുഴുവനായും കഴിഞ്ഞിട്ടില്ല. പിന്നെ ഈടിന് എന്താണ് കൊടുക്കുക? നോര്‍ക്ക ഒരുപാട് പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ അവിടേക്ക് വിളിച്ചാല്‍ എല്ലാം നിങ്ങള്‍ തന്നെ നോക്കണം എന്ന മറുപടിയാണ് കിട്ടുന്നത്. ബാങ്ക് ലോണ്‍ തന്നാല്‍ സബ്‌സിഡി തരാമെന്ന് പറയുന്നു. വായ്പയ്ക്ക് അപേക്ഷിച്ചാല്‍ തന്നെ എല്ലാ പ്രോസസ്സുകളും കഴിയുമ്പോള്‍ ഒന്നര രണ്ട് കൊല്ലം എടുത്താണ് പലര്‍ക്കും പൈസ കിട്ടിയിട്ടുള്ളത്”. കൊണ്ടോട്ടി സ്വദേശിയായ അബ്ദുറഹ്മാന്‍ പറയുന്നു. 22 വര്‍ഷം യു.എ.ഇയിലെ ഒരു കടയില്‍ തൊഴിലാളിയായി ജോലി ചെയ്തയാളാണ് അബ്ദു റഹ്മാന്‍. എന്നാല്‍ കോവിഡ് കാലത്ത് ഇദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു. തിരികെ എത്തി കയ്യിലുണ്ടായിരുന്ന പണമെല്ലാം മുടക്കി നാട്ടില്‍ ചെറിയ ചായക്കട തുടങ്ങി. എന്നാല്‍ അതും നഷ്ടത്തിലായതോടെ അബ്ദു റഹ്മാന്‍ ദുരിതത്തിലായി. 2020ല്‍ മടങ്ങിയെത്തിയ ഉടന്‍ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആദ്യം സമാശ്വാസമായി നല്‍കുന്ന അയ്യായിരം രൂപ പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. “രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ നാട്ടില്‍ വരുമ്പോള്‍ തന്നെ അതുവരെ കരുതിക്കൂട്ടി വച്ചിരുന്ന പൈസയെല്ലാം കഴിയും. എന്നാലും ജോളി ആയിട്ടുള്ള ലൈഫ് ആയിരുന്നു. അധ്വാനിച്ചാല്‍ ഉണ്ടാക്കാവുന്നതല്ലേ പൈസ എന്നായിരുന്നു വിചാരം. ചെറിയ ജോലികളെല്ലാം എടുത്ത് തട്ടിമുട്ടി പോവുകയാണ് ഇപ്പോൾ. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം, കുറച്ച് കടങ്ങള്‍, ലോണ്‍ അടവ് ഇതെല്ലാം എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. ഇനിയും ബിസിനസ് ചെയ്യാന്‍ കാഷ് ഇറക്കാന്‍ പേടിയാണ്. ബാങ്കില്‍ പോയി വേറെ ലോണ്‍ എടുത്താല്‍ ആ ഒരു കടം കൂടി വരുമല്ലോ എന്ന പേടിയുണ്ട്. ഇനി ഗള്‍ഫിലേക്ക് തിരിച്ച് പോവണമെങ്കില്‍ വിസ റിന്യൂവലിന് കുറേ പൈസ ചെലവാകും. അത് എന്റെ കയ്യിലില്ല. നോര്‍ക്കയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ എന്തെങ്കിലും സഹായങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷ ഇനി ഇല്ല. സത്യത്തില്‍ കാഷും ഇല്ല ലൈഫും ഇല്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുറഹ്മാന്റെ അതേ അഭിപ്രായമാണ് മടങ്ങിവന്ന പ്രവാസികളില്‍ പലരും പങ്കുവച്ചത്. നോര്‍ക്കയുടെ വായ്പാ പദ്ധതിയടക്കം നിരവധി വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ സാമ്പത്തിക ഭദ്രതയില്ലാത്ത പ്രവാസികള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരോ നോര്‍ക്കയോ ഇതേവരെ ഇടപെട്ടിട്ടില്ല. തങ്ങള്‍ക്ക് ഇതില്‍ ഇടപെടാനാവില്ല എന്ന നിലപാടാണ് നോര്‍ക്ക അധികൃതര്‍ പങ്കുവച്ചത്. സംരംഭങ്ങള്‍ക്ക് സബ്‌സിഡിയും പലിശയിളവുമാണ് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം. പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഈടില്ലാതെ ബാങ്കുകള്‍ അത് നല്‍കുന്നില്ല എന്ന് പ്രവാസികള്‍ പറയുന്നു. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള 20 മാസക്കാലത്തിനിടയില്‍ നോര്‍ക്കയുടെ വായ്പാ പദ്ധതി പ്രകാരം വായ്പയെടുത്തത് 940 പേര്‍ മാത്രമാണ്. ഈ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടോ, മടങ്ങിപ്പോവാന്‍ കഴിയാതെയോ കേരളത്തിലെത്തിയ പ്രവാസികളുടെ എണ്ണവും വായ്പയെടുത്തവരുടെ എണ്ണവും കണക്കാക്കിയാല്‍ പദ്ധതി പരാജയമാണെന്ന് മടങ്ങിവന്ന പ്രവാസികള്‍ പറയുന്നു. 14 ലക്ഷത്തോളം പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് എത്തുകയും, ഇക്കാലയളവില്‍ നാട്ടിലുണ്ടായിരുന്ന 2.9 ലക്ഷം പേരുടെ വിസ കാലാവധി കഴിഞ്ഞ് തിരിച്ചുപോക്ക് മുടങ്ങിയതായുമാണ് നോര്‍ക്കയുടെ കണക്ക്.
പുനരധിവാസം വായ്പാ പദ്ധതിയായി ഒതുങ്ങുന്നു
ഒന്നാം പിണറായി സര്‍ക്കാര്‍ അവസാന കാലഘട്ടത്തില്‍ പ്രവാസി ക്ഷേമ പെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ചത് വലിയ തോതില്‍ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതിന് സ്ഥിരീകരണം നടത്തിയില്ല. നിലവില്‍ 2000 രൂപയാണ് പ്രവാസി പെന്‍ഷനായി നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഇത് 3000 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു സര്‍ക്കുലറും സര്‍ക്കാര്‍ നോര്‍ക്കയ്ക്ക് കൈമാറിയിട്ടില്ല. പെന്‍ഷന്‍ വര്‍ധനവ് കാലോചിതമായി നടപ്പാക്കണമെന്നാണ് മടങ്ങിവന്നവരുടെ ആവശ്യം. രണ്ടായിരം സ്‌ക്വയര്‍ഫീറ്റിലധികം വരുന്ന വീടുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ഇത് ദുരിതമനുഭവിക്കുന്ന പ്രവാസിക്ക് തിരിച്ചടിയാണ്. പ്രവാസി പെന്‍ഷന്‍ നല്‍കുന്നതിലും സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് കൂടാതെ റേഷന്‍ കാര്‍ഡില്‍ വിദേശത്ത് ജോലി എന്നെഴുതിയതിനാല്‍ അതുവഴിയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഇതെല്ലാം മടങ്ങിവന്ന പ്രവാസിയ്ക്ക് തിരിച്ചടിയായി മാറുന്നു.
പ്രവാസി ക്ഷേമ സംഘടനയായ കെ.എം.സി.സി സൗദി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി പറയുന്നതിങ്ങനെ : ” ആധാരങ്ങള്‍, സാക്ഷികള്‍, സാമ്പത്തിക സ്ഥിതി വെളിപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ നൂറായിരം നൂലാമാലകള്‍ അധികൃതരും ബാങ്കും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. സത്യത്തില്‍ ഇതുവഴി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും പ്രവാസിക്ക് ലഭിക്കാത്ത അവസ്ഥയാണ്. പ്രവാസികള്‍ കയ്യിലുള്ള പൈസ കൊണ്ട് ചിലപ്പോള്‍ നല്ല വീടുണ്ടാക്കും. അത് ആഡംബരം ആയി കണക്കാക്കാനാവില്ല. പച്ചവെള്ളം മാത്രം കുടിച്ചായിരിക്കും ഓരോരുത്തരും ആ വീട് കെട്ടിയിട്ടുണ്ടാവുക. 2000 സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് ഒരിഞ്ച് കൂടിയാല്‍ പ്രവാസി പെന്‍ഷന് അര്‍ഹതയില്ല എന്നെഴുതും. വീടിന് ഗേറ്റോ മതിലോ ഉണ്ടെങ്കില്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുണ്ട്. കാര്‍ഡിന്റെ നിറം നോക്കി കൊടുക്കുന്ന റേഷന്‍ ആനുകൂല്യങ്ങള്‍ പോലും ഒരു പ്രവാസിക്ക് അന്യമാവുന്നു എന്നതാണ് സത്യം. കോവിഡ് മൂലം മരണപ്പെട്ട പ്രവാസിക്ക് 25,000 രൂപ കൊടുക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ കേരളത്തില്‍ മരിച്ച പ്രവാസിക്ക് മാത്രമേ അത് കിട്ടൂ. 1000 രൂപ ക്ഷേമനിധിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്. 5000 രൂപ ചിലര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ട്. നോര്‍ക്കയോ സര്‍ക്കാരോ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നതുകൊണ്ട് മാത്രം ഒന്നുമാവുന്നില്ല. പുനരധിവാസം എന്നത് വായ്പാ പദ്ധതിയായി മാത്രം ഒതുക്കാതെ മടങ്ങിവന്ന പ്രവാസികളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള പദ്ധതിയായി അതിനെ മാറ്റണം. നയതന്ത്രപരമായി ഇടപെട്ട് പരിഹരിക്കാവുന്ന വിഷയങ്ങളെ അങ്ങനെയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നവീകരണത്തിന്റെ ഭാഗമായോ പുതിയ നിയമങ്ങളുടെ പേരിലോ വിദേശത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നയതന്ത്രപരമായി ഇടപെടണം”.
വിദേശത്തെ ജോലി നഷ്ടമായി തിരിച്ചെത്തിയവരില്‍ ചിലരുടെ വിവാഹം മുടങ്ങി. കിടപ്പാടം പോലും പണയംവച്ചെടുത്ത ലോണ്‍ തിരിച്ചടക്കാത്തതിനാല്‍ ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ചിലര്‍ കൂലിത്തൊഴിലിലേക്കും തെരുവോര കച്ചവടത്തിലേക്കും തിരിഞ്ഞു. ചെറിയ സ്‌കൂട്ടര്‍ സംഘടിപ്പിച്ച് മീന്‍ കച്ചവടം തുടങ്ങിയവര്‍ വേറെ. നിരവധി പേരുടെ കുടുംബം ദാരിദ്ര്യത്തിലായി. പ്രവാസികളില്‍ നിന്ന് കേട്ട അനുഭവങ്ങള്‍ ഇങ്ങനെ തുടരുന്നു. 2013 ല്‍ ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണം കടുത്തതോടെ പ്രവാസികള്‍ ധാരാളമായി മടങ്ങിയെത്താന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അന്ന് മുതല്‍ സര്‍ക്കാര്‍ പ്രവാസി പുനരധിവാസം എന്ന വാക്ക് ഉപയോഗിക്കുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പുനരധിവാസം എന്നത് വായ്പാ സബ്‌സിഡിയിലോ പലിശയിളവിലോ ഒതുങ്ങിപ്പോവുന്നതിനെതിരെ പ്രവാസി സമൂഹത്തിന് കടുത്ത വിമര്‍ശനമുണ്ട്. സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പോലും ഇതേവരെ പ്രത്യേകിച്ച് സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തതുമില്ല. ഈ പ്രതിസന്ധി ഇങ്ങനെ തുടരുന്നതിനിടയിലാണ് കോവിഡ് മഹാമാരി ലക്ഷക്കണക്കിന് പ്രവാസികളെ ദുരിതത്തിലേക്ക് തള്ളിവിട്ടത്.
വേണ്ടത് സമഗ്ര പാക്കേജ്
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ആരംഭിച്ച ജോലി നഷ്ടപ്പെടലും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കലും ഇപ്പോഴും തുടരുകയാണ്. ലോക്ഡൗണിന് ശേഷം മിക്ക മേഖലകളിലും പ്രവര്‍ത്തനം പൂര്‍ണരീതിയില്‍ എത്തിയെങ്കിലും പലയിടങ്ങളിലും തൊഴിലാളികളോടുള്ള സമ്മര്‍ദ്ദ തന്ത്രം തുടരുകയാണെന്ന് പ്രവാസികളായവര്‍ പറയുന്നു. പല കമ്പനികളും സ്ഥാപനങ്ങളും ശമ്പളം പകുതിയോ അതിലധികമോ ആയി വെട്ടിക്കുറച്ചു. പുതുക്കി നിശ്ചയിക്കുന്ന കുറഞ്ഞ ശമ്പളത്തില്‍ തുടരാനാവുമെങ്കില്‍ ജോലിയില്‍ തുടരാം അല്ലെങ്കില്‍ പിരിഞ്ഞ് പോവാം എന്നതാണ് പലരുടേയും നിലപാട്. ചിലര്‍ ഇപ്പോഴും മാസങ്ങളായി ശമ്പളം ഇല്ലാതെയും ജോലിയില്‍ പിടിച്ചുനില്‍ക്കുന്നു. മറ്റു ചിലര്‍ ഈ സമ്മര്‍ദ്ദങ്ങളില്‍ പെട്ട് തിരികെ നാട്ടിലേക്കെത്തുന്നു. കുവൈറ്റ് പോലീസില്‍ ജോലി ചെയ്യുന്ന ഹബീബുള്ള ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. “മുമ്പ് മൂന്നും നാലും ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നവരുടെ വേതനം രണ്ട് ലക്ഷവും ഒന്നരലക്ഷവുമായി ചുരുക്കി വേണമെങ്കില്‍ ജോലിയില്‍ തുടരാം എന്നാണ് പറയുന്നത്. ചെറിയ ജോലികളില്‍ തുടരുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയവരുടെ അവസ്ഥ കണ്ടതുകൊണ്ട് ശമ്പളമില്ലെങ്കില്‍ കൂടി പലരും ഇവിടെ പിടിച്ചുനില്‍ക്കുകയാണ്. നാട്ടില്‍ പോവാന്‍ അവര്‍ക്ക് മാര്‍ഗമില്ല. പോയാല്‍ ജോലി കിട്ടില്ല. അതിനാല്‍ രണ്ടും കല്‍പ്പിച്ച് തുടരുന്നവരാണ് അധികവും. തുന്നല്‍ക്കാരായാലും ടാക്‌സി ഡ്രൈവേഴ്‌സ് ആയാലും ഹോട്ടല്‍ ജീവനക്കാരായാലും സ്‌കില്‍ഡ് ലേബേഴ്‌സാണ് പലരും. അവര്‍ക്ക് നാട്ടില്‍ സാധ്യതകള്‍ തുറന്ന് നല്‍കി കഴിവുകളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്”.
പുതിയ ജോലി സാധ്യതകള്‍ കണ്ടെത്തുന്നതിനായി ഒരു ലക്ഷം രൂപയെങ്കിലും പലിശ രഹിത വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാണ് പ്രവാസി ക്ഷേമ സംഘടനകളുടേയും മടങ്ങിവന്ന പ്രവാസികളുടേയും ആവശ്യം. മടങ്ങിവന്ന യോഗ്യരായ പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യമുണ്ട്. കരാര്‍ ജോലികളിലുള്‍പ്പെടെ മടങ്ങിവന്ന പ്രവാസികള്‍ക്ക് സംവരണം നല്‍കിയും ജോബ് ഫെസ്റ്റുകള്‍ സംഘടിപ്പിച്ചും പുതിയ സാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ തുറന്ന് നല്‍കിയാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നാണ് ഇവരുടെ അഭിപ്രായം. അതിനൊപ്പം പലതരം വായ്പകളെടുത്തവര്‍ക്ക് കോവിഡ് കാലത്തെ പലിശയെങ്കിലും ഒഴിവാക്കി തിരിച്ചടവിനുള്ള കാലാവധി നീട്ടി നല്‍കണമെന്നതും മടങ്ങിവന്നവരുടെ ആവശ്യമാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ മോറട്ടോറിയം അനുവദിച്ച ബാങ്കുകള്‍ പിന്നീട് പലിശയടവിന്റെ കാര്യത്തിലുള്‍പ്പെടെ കടുംപിടുത്തം കാട്ടുകയാണ്. വിസ കാലാവധി അവസാനിച്ച് തിരികെ പോവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തിരിച്ചടവ് വ്യവസ്ഥയിലെങ്കിലും സര്‍ക്കാര്‍ വായ്പയോ സഹായധനമോ ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രവാസികള്‍ക്ക് ലഭ്യമാക്കുന്ന സഹായ സംവിധാനങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെടുന്നു. “വളരെ സ്‌കില്‍ഡ് ആയ തൊഴിലാളികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയവരില്‍ പലരും. അവരെ റീ-സ്‌കില്‍ ചെയ്ത് മറ്റ് ജോലികളിലേക്കും തിരിച്ചുവിടാനുള്ള പ്ലാന്‍ വേണം. മടങ്ങിവന്നവര്‍ക്കായി യോഗങ്ങള്‍ വിളിച്ച് അവര്‍ക്കുള്ള സാധ്യതകള്‍ അന്വേഷിക്കാനും സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്‍കയ്യെടുക്കേണ്ടതുണ്ട്. പുനരധിവാസത്തിനായി മാത്രം പ്രത്യേകം ഒരു സമഗ്ര പദ്ധതിയും തയ്യാറാക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹായ പാക്കേജുകള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അത്തരം സഹായത്തേക്കാള്‍ തുടര്‍ന്ന് ജീവിക്കാനുള്ള വഴിയുണ്ടാക്കാന്‍ സഹായമായി നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്”.
ജീവിക്കാന്‍ പറ്റിയ, തങ്ങള്‍ കഴിവ് തെളിയിച്ച ജോലികള്‍ ചെയ്യാനുള്ള അവസരങ്ങളാണ് മടങ്ങിവന്ന പ്രവാസികള്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം സ്വദേശി അനസ് കണിയാപുരം പറയുന്നത് പോലെ “പലരും പല മേഖലകളില്‍ സ്‌കില്‍ഡ് ആണ്. കംപ്യൂട്ടർ വിദഗ്ധർ മുതൽ പ്ലംബർമാർ വരെയുണ്ട്. അവരുടെ കൂടി പങ്കാളിത്തം നമ്മുടെ സമൂഹത്തില്‍ ഉറപ്പ് വരുത്താന് കഴിയണം. കോവിഡ് വ്യാപനത്തിന്റെ പേരില്‍ ആളുകളെ ഭയപ്പെടുത്തി വീട്ടിലിരുത്തിയാല്‍ മാത്രം പോര. ഇന്നേവരെ നാടിന് വേണ്ടിക്കൂടി പണിയെടുത്ത പ്രവാസികള്‍ക്കുള്ള ജോലി കണ്ടെത്തേണ്ടതും സാധ്യതകള്‍ ഒരുക്കി നല്‍കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മെച്ചപ്പെട്ട ജീവിതം ആരുടേയും അവകാശമാണ്”.
നാട്ടില്‍ ജോലി ചെയ്ത് നല്ല ജീവിതം ജീവിക്കാനുള്ള, സ്ഥിരമായ വരുമാനമുള്ള ജോലി ചെയ്യാനുള്ള സാധ്യതകളാണ് തങ്ങള്‍ ചോദിക്കുന്നതെന്ന് പ്രവാസികള്‍ പറയുന്നു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റാന്‍ പ്രധാന പങ്കുവഹിച്ച പ്രവാസികള്‍ ഇന്ന് മുന്നോട്ടുപോവാന്‍ കഴിയാത്ത തരത്തില്‍ പ്രതിസന്ധിയിലാണ്. സഹതാപമല്ല പകരം സഹായമാണ്, അതും കേവലം ധനസഹായമല്ല, ജീവിതത്തില്‍ മുന്നേറാനുള്ള കൈത്താങ്ങാണ് തങ്ങള്‍ക്ക് വേണ്ടതെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.